കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ഇലക്ടറല്‍ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്നും പദ്ധതി റദ്ദാക്കണമെന്നും സുപ്രീംകോടതി ഭരണഘടന ബഞ്ച്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇലക്ടറല്‍ ബോണ്ടുകളിലൂടെ ആരെല്ലാം സംഭാവന നല്‍കിയെന്നു രഹസ്യമാക്കാമെന്ന വ്യവസ്ഥ നിയമവിരുദ്ധമാണ്. അറിയാനുള്ള അവകാശം വോട്ടര്‍മാര്‍ക്കുണ്ട്. കള്ളപണം തടയാനുള്ള നടപടി എന്ന പേരില്‍ ആരംഭിച്ച ഈ പദ്ധതിയിലും കള്ളപ്പണമുണ്ടോയെന്നു പരിശോധിക്കണം. ഇലക്ട്രല്‍ ബോണ്ടിനായി കമ്പനി നിയമത്തില്‍ വരുത്തിയ ഭേദഗതിയും ഭരണഘടനാ വിരുദ്ധമാണ്. കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആര്‍. ഗവായ്, ജെ.ബി. പര്‍ദിവാല, മനോജ് മിശ്ര എന്നിവരുള്‍പ്പെടുന്ന ബെഞ്ചാണ് ഹര്‍ജികളില്‍ വിധി പറഞ്ഞത്. ഇലക്ടറല്‍ ബോണ്ട് വഴി കഴിഞ്ഞ വര്‍ഷം ബിജെപിക്കു ലഭിച്ചത് 1,300 കോടി രൂപയായിരുന്നു.

കിഫ്ബിയുടെ കടമെടുപ്പ് കേരള സര്‍ക്കാരിന്റെ ബാധ്യത വര്‍ധിപ്പിച്ചെന്നു സിഎജി റിപ്പോര്‍ട്ട്. കിഫ്ബിയുടെ വായ്പ സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യതയല്ലെന്ന വാദം തള്ളുന്ന റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചു. കിഫ്ബിക്കു സ്വന്തമായി വരുമാനം ഇല്ല. ബജറ്റ് വഴിയുള്ള വരുമാനത്തില്‍നിന്ന് കിഫ്ബി കടം തീര്‍ക്കുന്നതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യതതന്നെയാണെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറഞ്ഞു. പെന്‍ഷന്‍ കമ്പനിയുടെ 11,206.49 കോടി രൂപയുടെ കുടിശ്ശികയും സര്‍ക്കാരിന്റെ അധിക ബാധ്യതയാണ്. ബജറ്റിനു പുറത്തെ കടം വാങ്ങല്‍ വെളിപ്പെടുത്താതെ സര്‍ക്കാര്‍ ഉത്തരവാദിത്വങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറുകയാണ്. സാമ്പത്തിക സ്രോതസിനെ നിയമസഭയുടെ നിയന്ത്രണത്തിന് അതീതമാക്കിയെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു.

കടമെടുപ്പു പരിധി വര്‍ധിപ്പിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തില്‍ കേന്ദ്ര സര്‍ക്കാരുമായുള്ള ചര്‍ച്ച ഡല്‍ഹിയില്‍ ഇന്നു നാലിന്. വലിയ പ്രതീക്ഷയോടെയാണു ചര്‍ച്ചയില്‍ പങ്കെടുക്കുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സുപ്രീം കോടതിയുടെ നിര്‍ദേശാനുസരണമാണ് ചര്‍ച്ച.

*കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണ്‍*

കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണില്‍ ഇപ്പോള്‍ സ്വര്‍ണവിലയുടെ 90 ശതമാനവും വായ്പയായി ലഭിക്കുന്നു. ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. മാക്സിമം കയ്യില്‍ കിട്ടുമ്പോള്‍ മറ്റെവിടെ പോകാന്‍.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

സപ്ലൈകോ 13 ഇനം ധാന്യങ്ങളുടെ വില വര്‍ധിപ്പിച്ചതിനെതിരേ പ്രതിപക്ഷം പ്രതിഷേധവുമായി നിയമസഭയുടെ നടുത്തളത്തിലിറങ്ങി. നിയമസഭ സമ്മേളിക്കുമ്പോള്‍ സഭയെ അറിയിക്കാതെ വില കൂട്ടിയത് സഭയോടുള്ള അവഹേളനമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. വില കൂട്ടില്ലെന്നു വാഗ്ദാനം നല്‍കിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. വില വര്‍ദ്ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ പ്ലക്കാര്‍ഡുകളും ബാനറുമായി സഭയുടെ നടുത്തളത്തിലിറങ്ങി. ഭരണപക്ഷവും സീറ്റില്‍നിന്ന് എഴുന്നേറ്റതോടെ സഭയില്‍ ബഹളമായി. സ്പീക്കറുടെ ഇരിപ്പിടം മറച്ചുകൊണ്ട് വലിയ ബാനര്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ഇതിനിടെ ധന വിനിയോഗ ബില്ലും വോട്ട് ഓണ്‍ അക്കൗണ്ടും ചര്‍ച്ച കൂടാതെ പാസാക്കി. തുടര്‍ന്ന് നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞതായി സ്പീക്കര്‍ പ്രഖ്യാപിച്ചു.

ആലപ്പുഴയില്‍ നവകരേള യാത്രക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ മര്‍ദ്ദിച്ച സംഭവത്തില്‍ അടിയന്തരപ്രമേയ നോട്ടീസുമായി പ്രതിപക്ഷം. നോട്ടീസ് സ്പീക്കര്‍ തള്ളിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി. കോടതിയുടെ നിര്‍ദേശമനുസരിച്ച് പൊലീസ് കേസെടുത്തെങ്കിലും അന്വേഷണം അട്ടിമറിക്കുകയാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷം അടിയന്തര പ്രമേയനോട്ടീസ് നല്‍കിയത്. കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നു പറഞ്ഞാണ് സ്പീക്കര്‍ നോട്ടീസ് തള്ളിയത്.

നാലു പേരുടെ മരണത്തിനിടയാക്കിയ കുസാറ്റ് ദുരന്തത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സര്‍വകലാശാല റജിസ്ട്രാര്‍ ഹൈക്കോടതിയില്‍. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള പ്രിന്‍സിപ്പാലിന്റെ കത്ത് കിട്ടിയതിനു പിറകെ സെക്യൂരിറ്റി ഓഫീസര്‍ക്ക് കൈമാറിയിരുന്നു. സര്‍വകലാശാലയുടെ സുരക്ഷാ ജീവനക്കാരും സിവില്‍ പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതിന് ഇവര്‍ സഹായിച്ചിരുന്നെന്നും റജിസ്ട്രാര്‍ ഡോ .വി. മീര സത്യവാങ്മൂലത്തിലൂടെ അറിയിച്ചു.

സപ്ലൈകോ വില വര്‍ധിപ്പിച്ച 13 ഇനം സാധനങ്ങള്‍ വാങ്ങാന്‍ 680 രൂപയ്ക്കു പകരം ഇനി 940 രൂപ കൊടുക്കണം. 37.50 രൂപയുണ്ടായിരുന്ന അര കിലോ മുളകിന് ഇനി 82 രൂപ നല്‍കണം. തുവര പരിപ്പ് ഒരു കിലോക്ക് കൂടിയത് 46 രൂപ. വന്‍പയറിന് 31 രൂപയും വന്‍ കടലക്ക് 27 രൂപയും ഉഴുന്നിന് 29 രൂപയും ചെറുപയറിന് 19 രൂപയുമാണ് കൂടിയത്. ജയ അരിക്കു് നാലു രൂപയും കുറവക്കും മട്ടയ്ക്കും അഞ്ചു രൂപ വീതവും കൂടി. പച്ചരിക്കു മൂന്നു രൂപ വര്‍ധിപ്പിച്ചു. 13 ഇനം സാധനങ്ങളുടെ സബ്സിഡി 35 ശതമാനമാക്കി കുറച്ചുകൊണ്ടാണ് സര്‍ക്കാര്‍ വിലകൂട്ടിയത്.

*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ സ്‌പെഷ്യല്‍ ന്യൂ ഇയര്‍ കളക്ഷനും*

മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്‌പെഷ്യല്‍ ന്യൂ ഇയര്‍ കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

സപ്ലൈകോയില്‍ കാലോചിതമായി മാത്രമേ വില വര്‍ധിപ്പിച്ചിട്ടുള്ളൂവെന്ന് ഭക്ഷ്യ മന്ത്രി ജിആര്‍ അനില്‍. അഞ്ചു വര്‍ഷം മുമ്പായിരുന്നു എല്‍ഡിഎഫ് വാഗ്ദാനം. അതും കഴിഞ്ഞ് മൂന്നു വര്‍ഷം പിന്നിട്ടു. സാധനങ്ങളുടെ സ്റ്റോക്ക് ഉറപ്പുവരുത്തും. സബ്സിഡി 25 ശതമാനമാക്കാനായിരുന്നു നിര്‍ദേശം. അത് 35 ശതമാനമാക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചതെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.

തൃശൂര്‍ ഏത്തായിയില്‍ ഗവര്‍ണര്‍ക്കു നേരെ കരിങ്കൊടി കാണിച്ച 15 എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. ഏങ്ങണ്ടിയൂര്‍ സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ വേലായുധന്‍ പണിക്കശേരിയുടെ നവതി ആഘോഷത്തിന് എത്തിയപ്പോഴായിരുന്നു കരിങ്കൊടി കാണിച്ചത്. എസ്എഫ് ഐ പ്രവര്‍ത്തകരെ നാട്ടുകാര്‍ കൈയ്യേറ്റം ചെയ്തു. ബിജെപി പ്രവര്‍ത്തകരാണ് ‘രക്ഷാപ്രവര്‍ത്തനം’ നടത്തിയതെന്നും ആരോപണമുണ്ട്. ഇന്നലെ 57 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്. കൊല്ലമാണ് രണ്ടാം സ്ഥാനത്ത്. കാസര്‍കോട് ജില്ലയിലെ വലിയപറമ്പ് ഗ്രാമപഞ്ചായത്തിന് ഒന്നാം സ്ഥാനം. കാസര്‍കോട് ജില്ലയിലെത്തന്നെ നീലേശ്വരമാണ് മികച്ച ബ്ലോക്ക് പഞ്ചായത്ത്. ഗുരുവായൂരാണ് ഏറ്റവും മികച്ച മുനിസിപ്പാലിറ്റി. വടക്കാഞ്ചേരിക്കു രണ്ടാം സ്ഥാനം. മികച്ച കോര്‍പറേഷന്‍ തിരുവനന്തപുരമാണ്. മന്ത്രി എന്‍.ബി. രാജേഷാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

മലപ്പുറം തിരൂരില്‍ അക്ഷയ കേന്ദ്രത്തിലെ ആധാര്‍ യന്ത്രം ഹാക്ക് ചെയ്ത് വ്യാജ ആധാര്‍ കാര്‍ഡുകള്‍ നിര്‍മ്മിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം. അക്ഷയ കേന്ദ്രം അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ ക്രൈം വിഭാഗമാണ് അന്വേഷിക്കുന്നത്. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നടത്തിയ പരിശോധനയിലാണ് വ്യാജ ആധാര്‍ കാര്‍ഡുകള്‍ നിര്‍മ്മിച്ചതായി കണ്ടെത്തിയത്.

മുന്‍ ഡിജിപി സുധേഷ് കുമാറിന്റെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസില്‍ അഞ്ചര വര്‍ഷത്തിനു ശേഷം ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. പൊലീസ് ഡ്രൈവര്‍ ഗവാസ്‌ക്കറിനെയാണ് മുന്‍ ഡിജിപി സുധേഷ് കുമാറിന്റെ മകള്‍ സ്നിഗ്ധ മര്‍ദ്ദിച്ചത്. പൊലീസ് ഡ്രൈവര്‍ ജാതി അധിക്ഷേപം നടത്തിയെന്ന ഡിജിപിയുടെ മകളുടെ പരാതി പൊലീസ് എഴുതി തള്ളി.

മുഖ്യമന്ത്രിക്കെതിരേ ലേഖനമെഴുതി എന്ന പരാതിയില്‍ മറുവാക്ക് മാസിക എഡിറ്റര്‍ അംബികക്കെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് കസബ പൊലീസാണു കേസെടുത്തത്. സമൂഹത്തില്‍ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമം, അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണു കേസ്.

തൃപ്പൂണിത്തുറ പടക്ക സ്ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ പുതിയകാവ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ അഞ്ചുപേരെകൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഒളിവിലായിരുന്ന ഇവരെ അടിമാലിയില്‍ നിന്നാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം സ്ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ ദേവസ്വം പ്രസിഡന്റും സെക്രട്ടറിയും അടക്കം നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കണ്ണൂരിലെ കൊട്ടിയൂരില്‍നിന്നു പിടികൂടി ചത്ത കടുവ കുടുങ്ങിയതു കമ്പിവേലിയിലല്ല, കമ്പിക്കെണിയിലാണെന്ന് വനംവകുപ്പ്. സംഭവത്തില്‍ വനംവകുപ്പ് കേസെടുത്തു. കടുവയെ മയക്കുവെടി വച്ചശേഷം മൃഗശാലയിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് ചത്തത്.

അടൂര്‍ മുനിസിപ്പാലിറ്റി മുന്‍ ചെയര്‍മാനും കൗണ്‍സിലറുമായ ഡി സജിയെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. ജനപ്രതിനിധി ആയിരിക്കെ ശബരിമല സാനിറ്റൈസേഷന്‍ സൊസൈറ്റിക്കു സാധനങ്ങള്‍ വിതരണം ചെയ്യാനുള്ള കരാര്‍ ഏറ്റെടുത്തത് ഗുരുതര ചട്ടലംഘനമെന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ സാധന സാമഗ്രികള്‍ വിതരണം ചെയ്യാനുള്ള പര്‍ച്ചെസ് ഓര്‍ഡര്‍ മാത്രമാണ് ഏറ്റെടുത്തതെന്നാണ് ഡി സജിയുടെ വിശദീകരണം.

കുടിശിക ഒരു കോടി രൂപയായതോടെ ആലപ്പുഴയിലെ പൊലീസ് വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നത് പെട്രോള്‍ പമ്പ് ഉടമകള്‍ നിര്‍ത്തി. നവംബര്‍ മുതല്‍ ഒരു രൂപ പോലും പമ്പുടമകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നു പമ്പുടമകള്‍ കുറ്റപ്പെടുത്തി.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നേഴ്സിങ് അസിസ്റ്റന്റ് ജോലി വാഗ്ദാനം ചെയ്ത് തിരുവാര്‍പ്പ് സ്വദേശിനിയുടെ കയ്യില്‍ നിന്ന് അമ്പതിനായിരം രൂപ പണം തട്ടിയെടുത്തെന്ന കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല ചാലക്കുഴി സ്വദേശി സതീഷ് കുമാര്‍ ആണ് കോട്ടയം വെസ്റ്റ് പോലീസിന്റെ പിടിയിലായത്.

ചെന്നൈയില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥി ഹോസ്റ്റലില്‍ മരിച്ച നിലയില്‍. സ്റ്റാന്‍ലി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥി എറണാകുളം സ്വദേശി രഞ്ജിത് പോളാണ് മരിച്ചത്.

ഇടുക്കി ഉപ്പുതറയില്‍ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഉപ്പുതറ ഒന്‍പതേക്കര്‍ കോളനി കുളത്തിന്‍ കാലായില്‍ ശ്രീനിവാസന്റെ മകന്‍ അജിത് ആണ് മരിച്ചത്.

കര്‍ഷക സംഘടനകള്‍ നാളെ ബന്ത് പ്രഖ്യാപിച്ചിരിക്കേ, ഇന്നു വൈകുന്നേരം അഞ്ചിനു ചണ്ഡീഗഡില്‍ നടക്കുന്ന മന്ത്രിതല ചര്‍ച്ച നിര്‍ണായകമാകും. പോലീസ് അടച്ചിട്ട ഡല്‍ഹിയുടെ അതിര്‍ത്തികളില്‍നിന്നു കര്‍ഷകരെ തുരത്താന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ടിയര്‍ ഗ്യാസ് ഷെല്ലുകളെ നനഞ്ഞ ചാക്കുകള്‍ വിരിച്ചും നനഞ്ഞ ടവല്‍ മുഖത്തു കെട്ടിയുമാണ് കര്‍ഷകര്‍ നേരിട്ടത്. കണ്ണീര്‍വാതക ഷെല്ലുകളുമായി എത്തുന്ന ഡ്രോണുകളെ പട്ടം പറത്തി വീഴ്ത്തി. കണ്ണീര്‍ വാതക ഷെല്ലുകള്‍ നനഞ്ഞ ചാക്കുകൊണ്ട് മൂടി പോലീസിനെതിരേ തിരിച്ചെറിഞ്ഞു. വെള്ളം സ്പ്രേ ചെയ്യാന്‍ ടാങ്കറുകളും എത്തിച്ചിട്ടുണ്ട്. പോലീസ് റോഡില്‍ സ്ഥാപിച്ച കൂറ്റന്‍ സിമന്റ് ബാരിക്കേഡുകളില്‍ ചങ്ങല കെട്ടി ട്രാക്ടറുകള്‍ കെട്ടിവലിച്ച് മാറ്റിയിട്ടു. കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ പോലീസ് കോണ്‍ക്രീറ്റ് മിക്സിംഗ് യന്ത്രം ഉപയോഗിച്ചു കോണ്‍ക്രീറ്റു ചെയ്തതു തകര്‍ക്കാന്‍ ഗ്രാമങ്ങളില്‍നിന്ന് ജെസിബികള്‍ എത്തിക്കുമെന്ന് കര്‍ഷകര്‍. റോഡില്‍ കോണ്‍ക്രീറ്റില്‍ പാകിയ വലിയ മുള്ളാണികളെല്ലാം കര്‍ഷകര്‍ പിഴുതെടുത്തു. പതിനായിരക്കണക്കിനു കര്‍ഷകരാണ് ഭക്ഷണം അടക്കമുള്ള സന്നാഹങ്ങളുമായി സമരരംഗത്തുള്ളത്.

ഹൈഡ്രജന്‍ ഇന്ധനം ഉപയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി. ദേശീയ ഹരിത ഹൈഡ്രജന്‍ മിഷന്‍ന്റെ കീഴിലുള്ള ന്യൂ ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജി മന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. 2025-26 സാമ്പത്തിക വര്‍ഷം വരെ 496 കോടി രൂപയുടെ മൊത്തം ബജറ്റ് വിഹിതത്തോടെയാണ് പദ്ധതി നടപ്പാക്കുകയെന്ന് ന്യൂ റിന്യൂവബിള്‍ എനര്‍ജി മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

വിസ, മാസ്റ്റര്‍കാര്‍ഡ് ഉപയോഗിച്ചുള്ള ബിസിനസ് പേയ്‌മെന്റിനു റിസര്‍വ് ബാങ്കിന്റെ വിലക്ക്. കെവൈസി പാലിക്കുന്നതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ചാണ് കാര്‍ഡ് അടിസ്ഥാനമാക്കിയുള്ള വാണിജ്യ ഇടപാടുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ വിസയ്ക്കും മാസ്റ്റര്‍കാര്‍ഡിനും ആര്‍ബിഐ നിര്‍ദേശം നല്‍കിയത്.

രാജ്യസഭയിലേക്കു മല്‍സരിക്കാന്‍ നാമനിര്‍ദേശപത്രിക നല്‍കിയ സോണിയാഗാന്ധി നന്ദി പറഞ്ഞുകൊണ്ട് റായ്ബറേലി മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് കത്തെഴുതി. ആരോഗ്യപ്രശ്നങ്ങളും പ്രായാധിക്യവും മൂലം അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. റായ്ബറേലിയിലെ വോട്ടര്‍മാര്‍ എന്നും തന്റെകൂടെ നിന്നെന്നും തന്റെ എല്ലാ നേട്ടങ്ങള്‍ക്കും കാരണം റായ് ബറേലിയിലെ വോട്ടര്‍മാരാണെന്നും സോണിയ കത്തില്‍ പറയുന്നു. ഫിറോസ് ഗാന്ധിയേയും ഇന്ദിരാ ഗാന്ധിയേയും വിജയിപ്പിച്ച റായ്ബറേലിയുമായി തന്റെ കുടുംബത്തിന് ആത്മബന്ധമാണുള്ളതെന്നും കത്തില്‍ പറഞ്ഞു. സോണിയ ഗാന്ധി മത്സരിക്കാത്ത സാഹചര്യത്തില്‍ ഇവിടെ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.

ക്യാന്‍സറിനുള്ള വാക്സിന്‍ സജ്ജമായിവരികയാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. വാക്സിന്‍ രോഗികള്‍ക്ക് ഉടന്‍ ലഭ്യമാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഭാവി സാങ്കേതികവിദ്യകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന മോസ്‌കോ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു പുടിന്‍.

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ദിനം ചായക്കു പിരിയുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് എന്ന നിലയില്‍. യശസ്വി ജയ്സ്വാളിന്റേയും ശുഭ്മാന്‍ ഗില്ലിന്റേയും രജത് പട്ടിദാറിന്റേയും വിക്കറ്റുകള്‍ 33 റണ്‍സിനിടെ നഷ്ടപ്പെട്ട ഇന്ത്യയുടെ സ്‌കോര്‍ മാന്യമായ നിലയിലെത്തിച്ചത് ഇപ്പോള്‍ ക്രീസിലുള്ള 97 റണ്‍സെടുത്ത രോഹിത് ശര്‍മയുടേയും 68 റണ്‍സെടുത്ത രവീന്ദ്ര ജഡേജയുടെയും ഇന്നിംഗ്സുകളാണ്.

മുത്തൂറ്റ് ഫിനാന്‍സ് നടപ്പുവര്‍ഷത്തെ (2023-24) മൂന്നാംപാദമായ ഒക്ടോബര്‍-ഡിസംബറില്‍ 23 ശതമാനം കുതിപ്പോടെ 1,145 കോടി രൂപയുടെ സംയോജിത ലാഭം രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ ലാഭം 933 കോടി രൂപയായിരുന്നു. ഉപകമ്പനികളെ ഒഴിച്ചുള്ള മുത്തൂറ്റ് ഫിനാന്‍സിന്റെ മാത്രം ലാഭം 901 കോടി രൂപയില്‍ നിന്ന് 14 ശതമാനം ഉയര്‍ന്ന് 1,027 കോടി രൂപയുമായി. മുത്തൂറ്റ് ഫിനാന്‍സിന്റെ സംയോജിത വായ്പാ ആസ്തി 2023-24 ഡിസംബര്‍പാദ പ്രകാരം 79,493 കോടി രൂപയില്‍ നിന്ന് 82,773 കോടി രൂപയിലെത്തി. സംയോജിത വായ്പാ ആസ്തി 80,000 കോടിയും മുത്തൂറ്റ് ഫിനാന്‍സിന്റെ ഒറ്റയ്ക്കുള്ള വായ്പാ ആസ്തി 70,000 കോടി രൂപയും എന്ന നാഴികക്കല്ല് പിന്നിട്ടു. മുത്തൂറ്റ് ഫിനാന്‍സിന്റെ ഡിസംബറിലെ വായ്പാ ആസ്തി 23 ശതമാനം ഉയര്‍ന്ന് 13,541 കോടി രൂപയാണ്. സ്വര്‍ണ വായ്പാ ആസ്തി 22 ശതമാനം വര്‍ധിച്ച് 12,397 കോടി രൂപയിലുമെത്തി. മുത്തൂറ്റ് ഫിനാന്‍സിന്റെ ആകെ ശാഖകള്‍ കഴിഞ്ഞപാദത്തില്‍ 6,325 ആയി ഉയര്‍ന്നു. ഉപകമ്പനികളുടേത് ഉള്‍പ്പെടെ 156 പുതിയ ശാഖകളാണ് കഴിഞ്ഞപാദത്തില്‍ തുറന്നത്. ബെല്‍സ്റ്റാര്‍ മൈക്രോഫിനാന്‍സ്, മുത്തൂറ്റ് ഹോംഫിന്‍, മുത്തൂറ്റ് ഇന്‍ഷ്വറന്‍സ് ബ്രോക്കേഴ്‌സ്, മുത്തൂറ്റ് മണി, ഏഷ്യ അസറ്റ് ഫിനാന്‍സ് ലിമിറ്റഡ് തുടങ്ങിയ ഉപസ്ഥാപനങ്ങളാണ് മുത്തൂറ്റ് ഫിനാന്‍സിനുള്ളത്.

മാതൃ കമ്പനിയായ മെറ്റ, മെറ്റ എ.ഐ ലോഞ്ച് ചെയ്തതുമുതല്‍ ഇന്‍സ്റ്റാഗ്രാം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ ആപ്പില്‍ പരീക്ഷിച്ചുവരികയാണ്. ഇപ്പോഴിതാ, ജനപ്രിയ ഇമേജ് ഷെയറിങ് പ്ലാറ്റ്‌ഫോം ഒരു ‘എ.ഐ സന്ദേശമെഴുത്ത്’ സവിശേഷതയില്‍ പ്രവര്‍ത്തിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാം ഡയറക്ട് മെസേജുകളിലൂടെ അയക്കുന്ന സന്ദേശങ്ങള്‍ തിരുത്തിയെഴുതാനും പാരാഫ്രേസ് ചെയ്യാനും മെസ്സേജുകളില്‍ സ്റ്റൈലിസ്റ്റിക് മാറ്റങ്ങള്‍ വരുത്താനും ഇത് ഉപയോക്താക്കളെ അനുവദിക്കുമെന്ന് പറയപ്പെടുന്നു. അതുപോലെ ചിത്രങ്ങള്‍ക്കും വിഡിയോകള്‍ക്കും നല്‍കുന്ന കാപ്ഷനുകളും എ.ഐ ഉപയോഗിച്ച് എഴുതാന്‍ കഴിയും. അതേസമയം, മെറ്റയുടെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ത്രെഡ്സ് പുതിയ പോസ്റ്റ് സേവിങ് ഫീച്ചര്‍ പരീക്ഷിക്കാന്‍ തുടങ്ങിയിട്ടുണ്ട്, പിന്നീട് ആവശ്യാനുസരണം കാണുന്നതിനായി പോസ്റ്റുകള്‍ ബുക്ക്മാര്‍ക്ക് ചെയ്യാന്‍ സഹായിക്കും.

‘തില്ലു സ്‌ക്വയര്‍’ എന്ന പുതിയ തെലുങ്ക് ഗ്ലാമര്‍ ലുക്കില്‍ അനുപമ പരമേശ്വരന്‍. നടിയുടെ ലിപ്ലോക്ക് രംഗങ്ങള്‍ അടക്കം ട്രെയ്‌ലറിലുണ്ട്. അനുപമയുടെ ഏറ്റവും ഗ്ലാമറസ്സായ വേഷമാകും ഈ ചിത്രത്തിലേത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 2022ല്‍ പുറത്തിറങ്ങിയ ക്രൈം കോമഡി ചിത്രം ‘ഡിലെ തില്ലു’വിന്റെ രണ്ടാം ഭാഗമാണ് ഈ സിനിമ. മാലിക് റാം ആണ് സംവിധാനം. സിദ്ദു ജൊന്നാലഗഢ ആണ് നായകന്‍. സായി പ്രകാശ് ഛായാഗ്രഹണം. ചിത്രം മാര്‍ച്ച് 29ന് തിയറ്ററുകളിലെത്തും. അതേസമയം, വിമല്‍ കൃഷ്ണ ആയിരുന്നു ഡിജെ തില്ലു ചിത്രത്തിന്റെ സംവിധായകന്‍. 2022ല്‍ ഫെബ്രുവരിയില്‍ ആയിരുന്നു ഡിജെ തില്ലു റിലീസ് ചെയ്തത്. സിദ്ദു ജൊന്നാലഗഢ തന്നെയാണ് ഈ ചിത്രത്തിലും നാകനായത്. നേഹ ഷെട്ടി ആയിരുന്നു നായിക. ഡിസ്‌കോ ജോക്കി ആയിരുന്ന തില്ലുവിന്റെ കഥ ആയിരുന്നു ഈ ചിത്രത്തില്‍ പറഞ്ഞത്. അതേസമയം, ‘സൈറണ്‍’ എന്ന തമിഴ് ചിത്രമാണ് അനുപമയുടെതായി അണിയറയില്‍ ഒരുങ്ങികൊണ്ടിരിക്കുന്നത്.

ക്രയോണ്‍സ് പിക്ചേഴ്‌സിന്റെ ബാനറില്‍ അഭിജിത് അശോകന്‍ നിര്‍മിച്ച് തിരക്കഥ എഴുതി സംവിധാനം ചെയ്ത ‘ജനനം 1947 പ്രണയം തുടരുന്നു’ എന്ന സിനിമയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ ലോഞ്ച് നടന്നു. ഗോവിന്ദ് വസന്ത ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ഒരു വൃദ്ധസദനത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥ ആയതുകൊണ്ട് ആണ് തന്റെ സിനിമയുടെ ട്രെയിലര്‍ ലോഞ്ച് ചെയ്യുവാനായി ഗാന്ധിഭവന്‍ തിരഞ്ഞെടുക്കാന്‍ കാരണം എന്ന് ചിത്രത്തിന്റെ സംവിധായകന്‍ അഭിജിത് അശോകന്‍ പറഞ്ഞു. നിരവധി അംഗീകാരങ്ങള്‍ നേടിയ ചിത്രം ഉടന്‍ തിയേറ്ററുകളിലേക്കെത്തും. തിങ്ക് മ്യൂസിക് ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം കരസ്ഥമാക്കിയത്. 40 വര്‍ഷം ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയി മലയാള സിനിമയിലുള്ള കോഴിക്കോട് ജയരാജന്റെ ആദ്യ നായക വേഷം ആണ് ‘ജനനം 1947 പ്രണയം തുടരുന്നു’ എന്ന ചിത്രത്തില്‍. തമിഴിലെ പ്രശസ്ത നടിയും നര്‍ത്തകിയുമായ പത്മശ്രീ ലീല സാംസണ്‍ ആണ് ചിത്രത്തിലെ നായിക. അനു സിതാര, ദീപക് പറമ്പോള്‍, നോബി മാര്‍ക്കോസ്, ഇര്‍ഷാദ് അലി, പൗളി വത്സന്‍, നന്ദന്‍ ഉണ്ണി, അംബി നീനാസം, സജാത് ബറൈറ്റ് എന്നിവര്‍ ആണ് മറ്റു താരങ്ങള്‍.

സ്‌കോഡ ഓട്ടോ ഇന്ത്യയുടെ പുതിയ സ്ലാവിയ സ്‌റ്റൈല്‍ പ്രത്യേക എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള സെഡാനായ സ്ലാവിയയുടെ ഏറ്റവും ഉയര്‍ന്ന സ്‌റ്റൈല്‍ വേരിയന്റിന്റെ 500 വാഹനങ്ങളാണ് വിപണിയിലെത്തിക്കുന്നത്. രാജ്യത്തുടനീളമുള്ള 200ലേറെ വില്‍പ്പന കേന്ദ്രങ്ങളില്‍ ഇവ ലഭ്യമാക്കും. ഡ്യുവല്‍ ഡാഷ് ക്യാമറ, സ്റ്റിയറിങിലുള്‍പ്പെടെ പ്രത്യേക എഡിഷന്‍ ബാഡ്ജുകള്‍, ബ്ലാക്ക് നിറത്തിലുള്ള ബിപില്ലറുകള്‍, സ്ലാവിയ ബ്രാന്‍ഡഡ് സ്‌കഫ് പ്ലേറ്റ്, പുറത്തിറങ്ങുമ്പോള്‍ ബ്രാന്‍ഡ് ലോഗെ തെളിയുന്ന പഡ്ല്‍ ലാമ്പ് തുടങ്ങിയ ഫീച്ചറുകളും ഈ പരിമിത എണ്ണം കാറുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1.5 ടിഎസ്‌ഐ എഞ്ചിനൊപ്പം 7സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഈ പ്രത്യേക പതിപ്പില്‍ മാത്രമായി വരുന്നത്. കാന്‍ഡി വൈറ്റ്, ബ്രില്യന്റ് സില്‍വര്‍, ടൊര്‍ണാഡോ റെഡ് നിറഭേദങ്ങളില്‍ മാത്രമെ ലഭിക്കൂ. സ്ലാവിയ സ്‌റ്റൈല്‍ വേരിയന്റിന്റെ വിലയേക്കാള്‍ 30,000 രൂപ അധികം നല്‍കണം. സ്ലാവിയ മോഡലില്‍ ആറ് എയര്‍ ബാഗുകളുണ്ട്. 95 ശതമാനം ഘടകങ്ങളും ഇന്ത്യയില്‍ നിര്‍മ്മിച്ചതാണ്. നാലു വര്‍ഷം അല്ലെങ്കില്‍ ഒരു ലക്ഷം കിലോമീറ്റര്‍ ആണ് വാറന്റി. ഇത് 8 വര്‍ഷം അല്ലെങ്കില്‍ 1.5 ലക്ഷം കിലോമീറ്ററായി വര്‍ധിപ്പിക്കാനുള്ള ഒപ്ഷന്‍ അടക്കം നിരവധി സര്‍വീസ് പാക്കേജുകളും ലഭ്യമാണ്. 19,13,400 രൂപയാണ് സ്ലാവിയ സ്‌റ്റൈല്‍ എഡിഷന്റെ എക്‌സ്‌ഷോറൂം വില.

മുതിര്‍ന്നവര്‍ കാണാതെ പോകുന്ന കുട്ടിക്കണ്ണുകളിലെ കാഴ്ചകള്‍, അത്ഭുതം നിറഞ്ഞ മനസ്സുകളിലെ ആവലാതികള്‍, ചെറിയ ബുദ്ധികളിലെ ബലങ്ങള്‍. ഒരുപക്ഷേ നിങ്ങള്‍ വളര്‍ന്നു വന്ന അന്തരീക്ഷങ്ങള്‍ ഈ കഥകളില്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ടാകാം. അതല്ലെങ്കില്‍ നിങ്ങളുടെ കുട്ടികളെ കാണാനുള്ള പുതിയ വെളിച്ചങ്ങള്‍ നിങ്ങളെ തേടിവരാം. ഇതിലെ ഒന്‍പത് കഥകളിലും മനസ്സില്‍ തട്ടുന്ന എന്തോ ഒന്ന്… ആ അതെന്നെ. അതുണ്ട്. ‘മ്ലേച്ഛന്‍’. സച്ചിന്‍ദേവ്. ഗ്രീന്‍ ബുക്സ്. വില 162 രൂപ.

യോഗയ്‌ക്കൊപ്പം നടത്തവും ജോഗിങ്ങും ശീലമാക്കുന്നത് വിഷാദരോഗത്തെ മറികടക്കാന്‍ സഹായിക്കുമെന്ന് പുതിയ പഠനം. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ആഗോളതലത്തില്‍ ഏതാണ്ട് 300 ദശലക്ഷം ആളുകള്‍ വിഷാദ രോഗ ബാധിതരാണ്. സൈക്കോതെറാപ്പിക്കും മരുന്നുകള്‍ക്കും പുറമെ വ്യായാമവുമാണ് വിഷാദ രോഗത്തിന് പ്രധാന ചികിത്സയായി നിര്‍ദേശിക്കുന്നത്. എന്നാല്‍ ഏത് തരം വ്യായമം എന്നതിന് ഇപ്പോഴും അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നു. തീവ്രത കുറഞ്ഞ വ്യായാമമുറകള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനം നല്ലരീതിയില്‍ ചെയ്തു തീര്‍ക്കാനാകുമെന്ന് പഠനത്തില്‍ പറയുന്നു. ബ്രിട്ടീഷ് മെഡിക്കല്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിഷാദരോഗമുള്ള 14,170 പേരില്‍ 218 ട്രയലുകള്‍ ഗവേഷകര്‍ നടത്തി. ഓരോ ട്രയലും പ്രത്യേകം വിലയിരുത്തി. വ്യായമത്തിന്റെ തരം, തീവ്രത, ഘടന എന്നിവയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ട്രയലുകള്‍. നടത്തം സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ ഫലപ്രദമാണെന്ന് കണ്ടെത്തിയതായി പഠനം ചൂണ്ടികാണിക്കുന്നു. പലപ്പോഴും ക്ഷീണവും കുറഞ്ഞ ഊര്‍ജ്ജവും കാരണം വിഷാദരോഗകള്‍ക്ക് പതിവ് വ്യായാമം ഒരു വെല്ലുവിളിയാണെന്നാണ് മലാഗ സര്‍വകലാശാല ഗവേഷക ജുവാന്‍ ഏഞ്ചല്‍ ബെലോണ്‍ പറയുന്നു. പല രോഗികള്‍ക്കും വ്യായാമം ചെയ്യുന്നതിന് ശാരീരികമായോ മാനസികമായോ സാമൂഹികമായോ ആയ തടസ്സങ്ങളുണ്ടാകാമെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു. പഠനം വളരെ കുറഞ്ഞ സമയ പരിധിയെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നതിനാല്‍ കണ്ടെത്തലുകളില്‍ കൂടുതല്‍ പഠനം ആവശ്യമാണെന്ന് ഗവേഷകര്‍ ചൂണ്ടാകാട്ടി.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.03, പൗണ്ട് – 104.22, യൂറോ – 89.11, സ്വിസ് ഫ്രാങ്ക് – 93.99, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.95, ബഹറിന്‍ ദിനാര്‍ – 220.28, കുവൈത്ത് ദിനാര്‍ -269.45, ഒമാനി റിയാല്‍ – 215.70, സൗദി റിയാല്‍ – 22.14, യു.എ.ഇ ദിര്‍ഹം – 22.61, ഖത്തര്‍ റിയാല്‍ – 22.81, കനേഡിയന്‍ ഡോളര്‍ – 61.35.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *