◾ഖത്തറില്‍ വധശിക്ഷയ്ക്കു വിധിച്ചു തടവിലാക്കിയിരുന്ന മലയാളിയടക്കം എട്ടു മുന്‍ നാവിക സേന ഉദ്യോഗസ്ഥരെ മോചിപ്പിച്ചു. മലയാളിയായ രാഗേഷ് ഗോപകുമാര്‍ അടക്കം ഏഴു പേരും നാട്ടിലേക്കു മടങ്ങി. ഇന്ത്യന്‍ നാവിക സേനയിലെ ഉദ്യോഗസ്ഥരായിരുന്ന കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റന്‍ നവതേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ത്, നാവികന്‍ രാഗേഷ് ഗോപകുമാര്‍ എന്നിവരാണ് ഖത്തറിലെ ജയിലില്‍ കഴിഞ്ഞിരുന്നത്. ഇവരുടെ വധശിക്ഷ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഇടപെടലിനെത്തുടര്‍ന്നു റദ്ദാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇവര്‍ക്കു ഖത്തര്‍ കോടതി വധശിക്ഷ വിധിച്ചത്.
◾അന്തര്‍സംസ്ഥാന വന്യജീവി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേരള, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സമിതി രൂപീകരിക്കും. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. അഡീഷണല്‍ ചീഫ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി തലത്തിലാകും സമിതി. വയനാട്ടിലെ ജനപ്രതിനിധികളുമായി തിരുവനന്തപുരത്ത് മുഖ്യമന്ത്രി വ്യാഴാഴ്ച ചര്‍ച്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്.
◾മാനന്തവാടി പനച്ചിയില്‍ അജീഷിന്റെ ജീവനെടുത്ത കാട്ടാന കുറ്റിക്കാടുകളില്‍ ഒളിച്ച നിലയില്‍. ഇതുമൂലം മയക്കുവെടിവക്കാനാകാത്ത അവസ്ഥയാണ്. ആനയോളം ഉയരമുള്ള കുറ്റിക്കാടുകളും കൊങ്ങിണിക്കാടുകളും അടങ്ങുന്ന വനത്തിന്റെ ഭൂപ്രകൃതി മനസിലാക്കാന്‍ സാധിക്കാത്തതാണു മുഖ്യതടസം. കാട്ടിലൊളിച്ച ആനയെ കണ്ടെത്താനാകുന്നില്ലെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കോളര്‍ ധരിച്ച ആനയില്‍നിന്നു പലപ്പോഴും സിഗ്‌നല്‍ ലഭിക്കുന്നുമില്ല.
*കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണ്‍*
കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണില്‍ ഇപ്പോള്‍ സ്വര്‍ണവിലയുടെ 90 ശതമാനവും വായ്പയായി ലഭിക്കുന്നു. ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. മാക്സിമം കയ്യില്‍ കിട്ടുമ്പോള്‍ മറ്റെവിടെ പോകാന്‍.
*കൂടുതല്‍ വിവരങ്ങള്‍ക്ക് : ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*
◾വയനാട്ടില്‍ വീട്ടുമുറ്റത്ത് കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവം നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയനോട്ടീസ് അനുവദിക്കാത്തതിനെത്തടര്‍ന്ന് പ്രതിപക്ഷം വാക്കൗട്ട് നടത്തി. റോഡിയോ കോളറുള്ള ആനയായിട്ടും വനംവകുപ്പ് മുന്നറിയിപ്പു നല്‍കിയില്ല. ഒരാള്‍ കൊല്ലപ്പെട്ടത് ഗുരുതരമായ വീഴ്ചയാണ്. പ്രതിപക്ഷം കുറ്റപ്പെടുത്തി. വനം വകുപ്പ് വനം വന്യജീവി സംരക്ഷണത്തിനുള്ളതാണെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം വേണമെന്നും വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ഇത്തരം സംഭങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.
◾റേഷന്‍ കടകളില്‍ മോദി ചിത്രം വയ്ക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കും. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
◾മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ എക്‌സാലോജിക് വിവാദം സഭയില്‍ ഉന്നയിക്കാന്‍ ശ്രമിച്ച മാത്യു കുഴല്‍നാടന്റെ മൈക്ക് സ്പീക്കര്‍ ഓഫ് ചെയ്തു. വ്യക്തമായ രേഖകള്‍ ഇല്ലാതെയുള്ള ആരോപണം അനുവദിക്കില്ലെന്ന് സ്പീക്കര്‍ നിലപാട് എടുക്കുകയായിരുന്നു.
◾തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് കെ ബാബു നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. കെ ബാബുവിന്റെ വിജയം ചോദ്യം ചെയ്ത് എതിര്‍സ്ഥാനാര്‍ത്ഥിയും സിപിഎം നേതാവുമായ എം സ്വരാജ് നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്ന് കോടതി നിരീക്ഷിച്ചു. ഹൈക്കോടതി നടപടികള്‍ തുടരാമെന്ന് സുപ്രീംകോടതി അറിയിച്ചു. മതചിഹ്നങ്ങളുപയോഗിച്ച് വോട്ടുപിടിച്ചെന്ന് ചൂണ്ടിക്കാട്ടി കെ ബാബുവിനെതിരെ എം സ്വരാജ് നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്ന് കേരളാ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് കെ ബാബു സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.
*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ സ്‌പെഷ്യല്‍ ന്യൂ ഇയര്‍ കളക്ഷനും*
മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്‌പെഷ്യല്‍ ന്യൂ ഇയര്‍
കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രോത്സവത്തിന് എത്തിച്ച പടക്കശേഖരം പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. വിഷ്ണു എന്നയാളാണ് മരിച്ചത്. തീ പിടിത്തത്തില്‍ ഒരു സ്ത്രീയടക്കം ഏഴു പേര്‍ക്കു പരിക്കേറ്റു. പാലക്കാട്ടുനിന്ന് കൊണ്ടുവന്ന പടക്കങ്ങളാണ് വാഹനത്തില്‍നിന്ന് ഇറക്കുമ്പോള്‍ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തില്‍ സമീപത്തെ 45 വീടുകള്‍ക്കു കേടുപാടുകളുണ്ടായി.
◾തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രോത്സവത്തിനു വെടിക്കെട്ട് നടത്താന്‍ അമ്പലക്കമ്മിറ്റിക്ക് അനുമതി നല്‍കിയിരുന്നില്ലെന്ന് പൊലീസ്. ഇന്നലെ തെക്കുംപുറം വിഭാഗം സ്ഫോടകവസ്തുക്കള്‍ പൊട്ടിച്ചതും അതുമതി ഇല്ലാതെയായിരുന്നു. തെക്കുംപുറം എന്‍ എസ് എസ് കരയോഗം ഭാരവാഹികള്‍ക്കെതിരെ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. ഇന്നു വൈകുന്നേരം വടക്കുംപുറം കരയോഗത്തിന്റെ വെടിക്കെട്ടിനുള്ള സാധനങ്ങള്‍ ഇറക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്.
◾മാസപ്പടി കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് എസ്എഫ്ഐഒ. അന്വേഷണത്തെ കെഎസ്ഐഡിസി എതിര്‍ക്കുന്നത് എന്തിനാണെന്നു ചോദിച്ച കോടതി എക്സാലോജിക് കരാറില്‍ സിഎംആര്‍എല്ലിനോട് വിശദീകരണം തേടിയതിന്റെ രേഖ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടു. അന്വേഷണം നടക്കുന്നതാണ് അഭികാമ്യമെന്ന് ഹൈക്കോടതി വാക്കാല്‍ നിരീക്ഷിച്ചു.
◾തലശേരി മാഹി ബൈപ്പാസ് പണി പൂര്‍ത്തിയായി. മാഹി റെയില്‍വേ മേല്‍പ്പാലത്തിന്റേയും ടോള്‍ ബൂത്തിന്റേയും ജോലികള്‍ അവസാന ഘട്ടത്തിലാണ്. കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് മുതല്‍ കോഴിക്കോട് ജില്ലയിലെ അഴിയൂര്‍ വരെ 18.6 കിലോ മീറ്റര്‍ പാതയാണ്. 1977ല്‍ സ്ഥലമേറ്റെടുത്തു തുടങ്ങിയ പദ്ധതിയാണ് നാല് പതിറ്റാണ്ടിനുശേഷം പൂര്‍ത്തിയാക്കുന്നത്.
◾മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരായ എസ്എഫ്ഐഒ അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രിയിലേക്ക് ആരോപണം എത്തിക്കാനാണ് ബിജെപിയുടെ രാഷ്ട്രീയ നീക്കം. എസ്എഫ്ഐഒ അന്വേഷണം ആവശ്യപ്പെട്ട ഷോണ്‍ ജോര്‍ജ്ജിന്റെ നടപടി കൃത്യമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. ഗോവിന്ദന്‍ പറഞ്ഞു.
◾എറണാകുളത്തെ ബാറിലുണ്ടായ വെടിവയ്പില്‍ രണ്ടു പേര്‍ക്ക് പരുക്ക്. കത്രിക്കടവ് ഇടശേരി ബാറിനു മുന്നിലാണ് വെടിവയ്പുണ്ടായത്. പരിക്കേറ്റ ബാര്‍ ജീവനക്കാരായ സിജിന്‍, അഖില്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾ഉടുമ്പന്‍ചോലയില്‍ അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ പാറക്കല്‍ ഷീല മരിച്ചു. അയല്‍വാസിയായ ശശികുമാറിനെ നേരത്തെത്തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
◾തമിഴ്നാട് നിയമസഭയില്‍ നാടകീയ നീക്കങ്ങളുമായി ഗവര്‍ണര്‍ ആര്‍ എന്‍ രവി. ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം വായിക്കാന്‍ വിസമ്മതിച്ചതോടെ ഗവര്‍ണറെ സഭയില്‍ ഇരുത്തി സ്പീക്കര്‍ നയപ്രഖ്യാപന പ്രസംഗത്തിന്റെ തമിഴ് പരിഭാഷ വായിച്ചു. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചുള്ള സ്പീക്കറുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ ക്ഷുഭിതനായി ഗവര്‍ണര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. നയപ്രഖ്യാപന പ്രസംഗത്തിന്റെ തുടക്കത്തിലും അവസാനത്തിലും ദേശീയഗാനം വേണമെന്നു ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. നയപ്രഖ്യാപന പ്രസംഗത്തിന് മുമ്പ് സംസ്ഥാന ഗാനവും ശേഷം ദേശീയ ഗാനവും ആലപിക്കുന്ന പാരമ്പര്യം മാറ്റില്ലെന്നു സ്പീക്കര്‍ മറുപടി പറഞ്ഞു.
◾ബിഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് നേടുന്നതിനു മുന്നോടിയായി സ്പീക്കര്‍ അവധ് ബിഹാരി ചൗധരിയെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കി. ആര്‍ജെഡി നേതാവായ സ്പീക്കറെ നീക്കം ചെയ്യുന്നതിനെ പിന്തുണച്ച് 125 എംഎല്‍എമാര്‍ വോട്ട് ചെയ്തു. 112 എംഎല്‍എമാര്‍ സ്പീക്കറെ പിന്തുണച്ചു.
◾കര്‍ണാടക സര്‍ക്കാരിനെതിരായ പ്രതിഷേധറാലിക്കിടെ ഫ്രീഡം പാര്‍ക്കിലേക്കു പശുക്കളെ കൊണ്ടുവന്നതിന് ഒമ്പത് ബിജെപി നേതാക്കള്‍ക്കെതിരെ മൃഗപീഡന നിരോധന നിയമപ്രകാരം കേസെടുത്തു. ക്ഷീര കര്‍ഷകര്‍ക്കുള്ള സബ്‌സിഡി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നടത്തിയ പ്രതിഷേധ സമരത്തിലാണ് പശുക്കളെ കൊണ്ടുവന്നത്.
◾പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യന്‍ സര്‍ക്കാറും ഇടപെട്ടില്ലായിരുന്നെങ്കില്‍ ജയിലില്‍ കിടന്ന് മരിക്കുമായിരുന്നെന്ന് ഖത്തറിലെ ജയിലില്‍നിന്ന് മോചിതരായ മുന്‍ ഇന്ത്യന്‍ നാവിക സേന ഉദ്യോഗസ്ഥര്‍. സുരക്ഷിതമായി ഇന്ത്യയില്‍ തിരിച്ചെത്തിയതില്‍ അതിയായ സന്തോഷമുണ്ട്. വിഷയത്തില്‍ ഇടപെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി, ഖത്തര്‍ അമീര്‍ എന്നിവരോട് തീരാത്ത നന്ദിയുണ്ട്. അവര്‍ പറഞ്ഞു.
◾മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ കോണ്‍ഗ്രസില്‍നിന്ന് രാജിവച്ചു. ബിജെപിയില്‍ ചേരുമെന്നാണു റിപ്പോര്‍ട്ട്.
◾രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ യുഎഇയിലെത്തും. മോദിയെ വരവേല്‍ക്കാനായി വിപുലമായ ഒരുക്കങ്ങളാണ് പ്രവാസി സമൂഹം നടത്തുന്നത്. യുഎഇയിലെത്തുന്ന മോദി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവരുമായി ചര്‍ച്ച നടത്തും.
◾അമേരിക്കയിലെ ഹ്യൂസ്റ്റണില്‍ പള്ളിയിലുണ്ടായ വെടിവയ്പില്‍ രണ്ടു പേര്‍ക്ക് പരിക്ക്. അക്രമിയായ വനിതയെ പൊലീസ് വെടിവച്ചു കൊന്നു. ലേക്ക് വുഡ് പള്ളിയിലാണു വെടിവയ്പുണ്ടായത്. അഞ്ചു വയസുള്ള കുട്ടിക്കൊപ്പം വന്ന 35 കാരിയാണ് നിറയൊഴിച്ചത്.
◾നെതര്‍ലാന്‍ഡ്‌സില്‍ ക്രിസ്ത്യന്‍ ഡെമോക്രാറ്റ് പാര്‍ട്ടിയുടെ പ്രധാനമന്ത്രിയായിരുന്ന ഡ്രൈസ് വാന്‍ ആഗ്റ്റ് 93 ാം വയസില്‍ ഭാര്യയോടൊപ്പം ദയാവധത്തിനു വിധേയരായി. ഭാര്യ യുജെനി വാന്‍ അഗ്റ്റ്- ക്രെക്കെല്‍ബര്‍ഗിനും 93 വയസായിരുന്നു. ഡ്രൈസ് വാന്‍ ആഗ്റ്റ് 1977 മുതല്‍ 1982 വരെയാണു പ്രധാനമന്ത്രിയായി പ്രവര്‍ത്തിച്ചിരുന്നത്.
◾പാരിസ് ഒളിമ്പിക്‌സിലെ മെഡല്‍ പ്രതീക്ഷയായിരുന്നു കെനിയയുടെ മാരത്തണ്‍ താരം കെല്‍വിന്‍ കിപ്റ്റം കാറപകടത്തില്‍ മരിച്ചു. 24 വയസായിരുന്നു. കഴിഞ്ഞ വര്‍ഷം മാരത്തണില്‍ ലോക റെക്കോഡ് നേടിയ താരത്തിന് ശനിയാഴ്ചയാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന കോച്ചും മരിച്ചെന്ന് പോലിസ് അറിയിച്ചു.
◾ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഐവറി കോസ്റ്റിന് സ്വന്തം. കലാശക്കളിയില്‍ നൈജീരിയയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ഐവറികോസ്റ്റ് ആഫ്രിക്കന്‍ വന്‍കരയുടെ ചാമ്പ്യന്‍മാരായത്.
◾പാരിസ് ഒളിമ്പിക്സിന് യോഗ്യത നേടാന്‍ ബ്രസീലിനായില്ല. അര്‍ജന്റീനയോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റാണ് ബ്രസീല്‍ പുറത്തായത്.
◾ഫ്രാന്‍സിന് പിന്നാലെ യുപിഐ സേവനം ഇനി ശ്രീലങ്കയിലും മൗറീഷ്യസിലും. ഒരാഴ്ച മുന്‍പാണ് ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനമായ യുപിഐ ഫ്രാന്‍സില്‍ അവതരിപ്പിച്ചത്. ഇതോടൊപ്പം മൗറീഷ്യസില്‍ ഇന്ത്യയുടെ റുപേ കാര്‍ഡും അവതരിപ്പിക്കും. ശ്രീലങ്ക, മൗറീഷ്യസ് എന്നിവയുമായുള്ള ഇന്ത്യയുടെ ബന്ധം കണക്കിലെടുക്കുമ്പോള്‍, യുപിഐ സേവനം അവതരിപ്പിക്കുന്നത് രാജ്യങ്ങള്‍ തമ്മിലുള്ള ഡിജിറ്റല്‍ കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കാന്‍ സഹായകമാകും. കൂടാതെ ഇത് വലിയ വിഭാഗം ജനങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഈ രണ്ടു രാജ്യങ്ങളില്‍ പോകുന്ന ഇന്ത്യക്കാര്‍ക്കും ഇന്ത്യയില്‍ വരുന്ന മൗറീഷ്യസ് പൗരന്മാര്‍ക്കും യുപിഐ ഉപയോഗിച്ച് ഇടപാടുകള്‍ നടത്താന്‍ സാധിക്കും. റുപേ സേവനം വിപുലീകരിക്കുന്നതോടെ മൗറീഷ്യന്‍ ബാങ്കുകള്‍ക്ക് ഇടപാടുകാര്‍ക്ക് റുപേ കാര്‍ഡുകള്‍ നല്‍കാന്‍ സാധിക്കും. ഇന്ത്യയിലും മൗറീഷ്യസിലും താമസിക്കുന്നവര്‍ക്ക് ഇത് ഏറെ പ്രയോജനം ചെയ്യും. ഫെബ്രുവരി രണ്ടിനാണ് ഫ്രാന്‍സില്‍ യുപിഐ സേവനം ആരംഭിച്ചത്.
◾വാട്‌സ്ആപ്പില്‍ നിന്ന് മറ്റ് ആപ്പുകളിലേക്ക് സന്ദേശമയക്കാന്‍ കഴിയുമോ? എന്നാല്‍ ഇങ്ങനെ സാധ്യമാക്കും വിധം ക്രോസ് ആപ് ചാറ്റ് സൗകര്യമൊരുക്കാന്‍ വാട്‌സ്ആപ്പ് തയാറെറടുക്കുന്നതായാണ് റിപ്പോര്‍ട്ട്. ഒന്നിലധികം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാതെ തന്നെ വാട്‌സ്ആപ്പില്‍ നിന്ന് തന്നെ മറ്റ് പ്ലാറ്റ് ഫോമുകളിലേക്ക് സന്ദേശം അയക്കാന്‍ കഴിയുന്നതാണ് ഫീച്ചര്‍. ടെലിഗ്രാം, മെസഞ്ചര്‍, സ്‌കൈപ്, സിഗ്‌നല്‍, സ്‌നാപ് തുടങ്ങിയ മറ്റു ആപ്പുകളിലേക്ക് സന്ദേശമയക്കാന്‍ കഴിയുന്ന രീതിയില്‍ ക്രോസ് ആപ് ചാറ്റ് സൗകര്യമാണ് വാസ്ആപ്പ് ഒരുക്കുന്നത്. വാട്ട്സ്ആപ്പിന്റെ എഞ്ചിനീയറിങ് ഡയറക്ടര്‍ ഡിക്ക് ബ്രൗവറിന്റെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളാണ് പുതിയ മാറ്റത്തെ കുറിച്ച് പറയുന്നത്. ഫീച്ചര്‍ എപ്പോള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് പറയാനാകില്ലെങ്കിലും അടുത്ത മാസം പുതിയ അപ്‌ഡേറ്റിനെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യഘട്ടത്തില്‍ സന്ദേശങ്ങളും, ചിത്രങ്ങളും, ഫയലുകളും മാത്രമാകും അയക്കാന്‍ കഴിയുക. കോളുകളും ഗ്രൂപ്പ് സന്ദേശങ്ങളും ലഭ്യമാകില്ല. മറ്റു ആപ്പുകളില്‍നിന്നുള്ള സന്ദേശം വാട്‌സ്ആപ്പ് വേറെ തന്നെ സൂക്ഷിക്കും. ഇത് ‘തേഡ് പാര്‍ട്ടി ചാറ്റ്‌സ്’ എന്ന പ്രത്യേകം സെക്ഷനിലാണ് കാണിക്കുക. മറ്റു ആപ്പുകളുടെ സമ്മതം അടക്കം ഇനിയും കടമ്പകളുള്ളതിനാല്‍ ഉപയോക്താക്കളിലേക്ക് അപ്‌ഡേറ്റ് എപ്പോള്‍ എത്തുമെന്ന് പറയാനാകില്ല.
◾പ്രേക്ഷകരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’ ട്രെയിലര്‍ എത്തി. മമ്മൂട്ടിയുടെ ഞെട്ടിക്കുന്ന മേക്കോവര്‍ തന്നെയാണ് ടീസറിന്റെ പ്രധാന ആകര്‍ഷണം. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമാല്‍ഡ ലിസ് എന്നിവരും ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ‘ഭൂതകാലം’ എന്ന ഹൊറര്‍ ചിത്രത്തിലൂടെ ശ്രദ്ധേയനായ രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഭ്രമയുഗം’. വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രം കൂടിയാണിത്. ഹൊറര്‍ ത്രില്ലര്‍ സിനിമകള്‍ക്കു മാത്രമായി ആരംഭിച്ചിരിക്കുന്ന പ്രൊഡക്ഷന്‍ ഹൗസ് ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്. കൊച്ചിയും ഒറ്റപ്പാലവുമാണ് ‘ഭ്രമയുഗ’ത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമല്‍ദ ലിസ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ഒരേസമയമായിരിക്കും ‘ഭ്രമയുഗ’ത്തിന്റെ റിലീസ്. ആന്റോ ജോസഫിന്റെ ‘ആന്‍ മെഗാ മീഡിയ’ കേരളത്തിലെ തിയറ്ററുകളില്‍ വിതരണത്തിനെത്തിക്കുന്ന ചിത്രത്തിന്റെ ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ഫെബ്രുവരി 15ന് റിലീസ് ചെയ്യും.
◾വിദ്യുത് ജമ്വാല്‍ നായകനാകുന്ന ആക്ഷന്‍ ചിത്രം ‘ക്രാക്ക്’ ട്രെയിലര്‍ എത്തി. ആദിത്യ ദത്ത് സംവിധാനം ചെയ്യുന്ന സിനിമയില്‍ നോറ ഫത്തേഹി നായികയാകുന്നു. അര്‍ജുന്‍ രാംപാല്‍, ആമി ജാക്സണ്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഇന്ത്യയിലെ ആദ്യത്തെ സാഹസിക സ്പോര്‍ട്സ് ആക്ഷന്‍ സിനിമ എന്ന വിശേഷത്തോടെയാണ് ക്രാക്ക് എത്തുന്നത്. സാഹസിക റിയാലിറ്റി ഷോയില്‍ നടക്കുന്ന തട്ടിപ്പ് ആണ് സിനിമയുെട പ്രമേയം. അതിസാഹസിക രംഗങ്ങള്‍കൊണ്ട് സമ്പുഷ്ടമാണ് സിനിമയുടെ ട്രെയിലര്‍. മാര്‍ക് ഹാമില്‍ടന്‍ ഛായാഗ്രഹണം. സന്ദീപ് കുറുപ്പ് ആണ് എഡിറ്റിങ്. വിക്രം മോണ്ട്രോസ് സംഗീതം നിര്‍വഹിക്കുന്നു. ചിത്രം ഫെബ്രുവരി 23ന് തിയറ്ററുകളിലെത്തും.
◾പോര്‍ഷെ 911 കരേര എസ് സ്പോര്‍ട്സ് കാറിന് പിന്നാലെ ബിഎംഡബ്ല്യുവിന്റെ 2 സീറ്റ് കണ്‍വേര്‍ട്ടബിള്‍ സി4 സ്വന്തമാക്കി മംമ്ത മോഹന്‍ദാസ്. മലയാള സിനിമാ നടികളില്‍ വാഹനപ്രേമമുള്ള ചുരുക്കം ചില ആളുകളില്‍ ഒരാളാണ് നടി മംമ്ത മോഹന്‍ദാസ്. ബൈക്കുകളും കാറുകളുമെല്ലാം ഇഷ്ടപ്പെടുന്ന താരം തന്റെ വാഹനപ്രേമത്തേപ്പറ്റി പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്. കൊച്ചിയിലെ ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് തണ്ടര്‍ലൈറ്റ് മെറ്റാലിക് നിറത്തിലുള്ള സി4 എം40ഐ മംമ്ത സ്വന്തമാക്കിയത്. ബിഎംഡബ്ല്യുവിന്റെ എന്‍ട്രി ലെവല്‍ സ്പോര്‍ട്സ് കാര്‍ എന്ന വിശേഷണമുള്ള സി4ന്റെ ഏറ്റവും പുതിയ മോഡലാണിത്. 90.90 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. കസ്റ്റമൈസേഷന് അനുസരിച്ച് വില കൂടും. പെട്രോള്‍ എന്‍ജിനോടെ മാത്രമാണ് വാഹനം ലഭിക്കുക. 3 ലീറ്റര്‍ എന്‍ജിന് 340 ബിഎച്ച്പി കരുത്തുണ്ട്. 500 എന്‍എം ആണ് ടോര്‍ക്ക്. വേഗം നൂറ് കടക്കാന്‍ വെറും 4.5 സെക്കന്‍ഡ് മതി ഈ കരുത്തന്‍ കാറിന്.
◾ബാങ്കിങ് മേഖലയിലെ ചതിക്കുഴികള്‍ പ്രധാന പ്രമേയമാക്കിയ നോവല്‍. നിക്ഷേപകരുടെ പണം നഷ്ടപ്പെടുന്നു. വലിയ ബാങ്ക് തട്ടിപ്പുകള്‍ തുടര്‍ക്കഥകളാകുന്നു. നൂതനസാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടില്‍നിന്നും വന്‍തുകകള്‍ മാറ്റിമറിക്കുന്നതിനു പിന്നില്‍ ലോറന്‍സ് ആന്റണി എന്ന അതിബുദ്ധിമാനായ മനുഷ്യന്റെ ക്രിമിനല്‍ മനസ്സായിരുന്നു. അയാള്‍ മോഷണം വിദഗ്ദ്ധകലയാക്കി മാറ്റിയിരുന്നു. ചതിയനും വഞ്ചകനുമായ അയാള്‍ സമൂഹത്തിനു മുന്നില്‍ നല്ലവനായും പ്രണയിനി സാറയ്ക്കു മുന്നില്‍ കാമുകനായും ചമഞ്ഞു. ഇതുവരെ ആരും അനാവരണം ചെയ്യാത്ത ബാങ്കിങ് മേഖലയിലെ കറുത്ത അദ്ധ്യായങ്ങള്‍. ഉദ്വേഗജനകമായ വായനാനുഭവം നല്‍കുന്ന നോവല്‍. ‘അശുദ്ധഭൂതം’. ബാബു ജോസ്. മാതൃഭൂമി ബുക്സ്. വില 190 രൂപ.
◾പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം സ്ത്രീകളില്‍ ആത്മഹത്യാചിന്തകള്‍ കൂട്ടുമെന്ന് പഠനം. അണ്ഡാശയങ്ങളില്‍ നിന്ന് ഗുണമില്ലാത്ത അണ്ഡം വലുതായിവരുന്ന അവസ്ഥയാണ് പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം (പിസിഒഎസ്) എന്ന് പറയുന്നത്. ക്രമരഹിതമായ ആര്‍ത്തവം, ആന്‍ഡ്രോജെന്‍ എന്ന പുരുഷ ഹോര്‍മോണിന്റെ അളവ് കൂടുക, അമിതരോമവളര്‍ച്ച, വന്ധ്യത തുടങ്ങിയവ ലക്ഷണങ്ങളാണ്. വ്യായമമില്ലായ്മയും ശരീരത്തില്‍ കൊഴുപ്പ് കൂടുന്നതും അമിതസമ്മര്‍ദമുണ്ടാകുന്നതൊക്കെയാണ് പിസിഒഎസ് സാധ്യത കൂട്ടുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നത്. പിസിഒഎസ് സംബന്ധിച്ച ശരീരിക പ്രശ്നങ്ങള്‍ കാരണം സ്ത്രീകളില്‍ ആത്മഹത്യാചിന്തകള്‍ കൂടാനുള്ള സാധ്യതയുണ്ടെന്ന് തായ്വനില്‍ നടത്തിയ പഠനത്തില്‍ പറയുന്നു. 12 നും 64 നും ഇടയില്‍ പ്രായമുള്ള പിസിഒഎസ് സ്ഥിരീകരിച്ച 9,000 സ്ത്രീകളെയാണ് പഠനത്തിന് വിധേയമാക്കിയത്. ഇവരില്‍ പലരിലും ആത്മഹത്യാചിന്തകള്‍ ഉടലെടുത്തതായി ഗവേഷകര്‍ കണ്ടെയെന്ന് അനാല്‍സ് ഓഫ് ഇന്റേര്‍ണല്‍ മെഡിസിന്‍ എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ഇന്ന് പിസിഒഎസ് മൂലമുള്ള ദുരിതങ്ങള്‍ അനുഭവിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടി വരികയാണ്. ഇത് സ്ത്രീകളില്‍ മാനസികസമ്മര്‍ദം വര്‍ധിപ്പിക്കുന്നുവെന്ന് പഠനത്തില്‍ കണ്ടെത്തി. പിസിഒഎസ് മൂലം ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങള്‍ ഇവരെ കൂടുതല്‍ വിഷാദത്തിലേക്ക് നയിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. പിസിഒഎസ് ഉള്ളവരില്‍ വിഷാദരോഗം, ഉത്കണ്ഠ തുടങ്ങിയവയ്ക്കുള്ള സാധ്യത കൂടുതലാണ് ഇത് ആത്മഹത്യക്കുള്ള സാധ്യതയും കൂടുന്നു. പിസിഒഎസിനു മാത്രമായുള്ള ചികിത്സ നിലവില്‍ ലഭ്യമല്ല. എന്നാല്‍ ലക്ഷണങ്ങള്‍ പരിഹരിക്കാനുള്ള ചികിത്സയാണ് നല്‍കിവരാറുള്ളത്. ഒപ്പം വണ്ണം കുറയ്ക്കുക, ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക, വ്യായാമം ശീലമാക്കുക എന്നിവയും ചെയ്ത് പിസിഒഎസിനെ നിയന്ത്രിക്കുന്നത് മാനസികാരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരമാകുമെന്നാണ് ഗവേഷകര്‍ കരുതുന്നത്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.00, പൗണ്ട് – 104.91, യൂറോ – 89.54, സ്വിസ് ഫ്രാങ്ക് – 95.06, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.15, ബഹറിന്‍ ദിനാര്‍ – 220.20, കുവൈത്ത് ദിനാര്‍ -269.63, ഒമാനി റിയാല്‍ – 215.62, സൗദി റിയാല്‍ – 22.13, യു.എ.ഇ ദിര്‍ഹം – 22.60, ഖത്തര്‍ റിയാല്‍ – 22.80, കനേഡിയന്‍ ഡോളര്‍ – 61.67.