ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ഹൈക്കോടതി. കേസ് എടുക്കണമെന്ന ഹര്‍ജിയില്‍ സര്‍ക്കാരിന്റെ നിലപാട് എന്താണെന്ന് കോടതി ചോദിച്ചു. കമ്മിറ്റി ചൂണ്ടിക്കാട്ടിയത് ഗുരുതരമായ പ്രശ്നങ്ങള്‍ അല്ലേയെന്നും മൊഴി തന്നവരുടെ പേരുകള്‍ സര്‍ക്കാരിന്റെ പക്കലുണ്ടോയെന്നും കോടതി ചോദിച്ചു. ഹേമ കമ്മിറ്റിയുടെ പൂര്‍ണ രൂപം മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ക്രിമിനല്‍ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെടുത്തി കോണ്‍ക്ലേവ് നടത്തിയാല്‍ തടയുമെന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രതിപക്ഷം ഉയര്‍ത്തിയ അതേ കാര്യങ്ങള്‍ ഡബ്ല്യുസിസിയും ഉയര്‍ത്തിയെന്നും ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തിയുള്ള കോണ്‍ക്ലേവ് തെറ്റാണെന്നും വിഡി സതീശന്‍ പറഞ്ഞു. ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ഗണേഷ്‌കുമാറിന് പങ്കുണ്ടോയെന്നു അന്വേഷിക്കണമെന്നും രാഷ്ട്രീയമായല്ല, സ്ത്രീവിഷയം ആയിട്ടാണ് ഇതിനെ കാണുന്നതെന്നും സതീശന്‍ പറഞ്ഞു.
ലോകസിനിമക്കു ഒരുപാട് പ്രതിഭകളെ സമ്മാനിച്ച മലയാള സിനിമ പൊതു സമൂഹത്തിനു മുന്നില്‍ അപഹാസ്യമായിക്കൊണ്ടിരിക്കുകയാണെന്ന് നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ്. ഈ അവസ്ഥ വന്നു ചേര്‍ന്നതില്‍ എല്ലാ സിനിമ സംഘടനകള്‍ക്കും പങ്കുണ്ട്. ഇനിയും നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ പൊതുസമൂഹം നമ്മെ കല്ലെറിയുമെന്നും സാന്ദ്ര തോമസ് പറഞ്ഞു. കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എല്ലാ സംഘടനകളും മൗനം പാലിക്കുന്നത് ആര്‍ക്ക് വേണ്ടിയാണെന്നും ഇതിനര്‍ത്ഥം എല്ലാ സംഘടനകളിലും പവര്‍ഗ്രൂപ്പിന്റെ പ്രാധിനിധ്യം ഉണ്ടെന്നല്ലേയെന്നും സാന്ദ്ര തോമസ് ചോദിച്ചു.
ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ സ്വമേധയ കേസ് എടുക്കാന്‍ നിയമമുണ്ട്. നിയമ നടപടികള്‍ സ്വീകരിക്കാന്‍ തടസ്സമില്ലെന്നും മന്ത്രി കെ.എന്‍.ബാലഗോപാല്‍. ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ ഗവണ്‍മെന്റിനു കൃത്യമായ നിലപാട് ഉണ്ടെന്നും ശക്തമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട് സര്‍ക്കാര്‍ പിടിച്ചു വെച്ചതല്ലെന്നും പുറത്ത് വിടുന്നതിന് നിയമപരമായ തടസ്സങ്ങള്‍ നേരത്തെ ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വയനാട് ഉരുള്‍പ്പൊട്ടല്‍ സംബന്ധിച്ച് ഭൗമശാസ്ത്ര വിദഗ്ധന്‍ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം രണ്ടു റിപ്പോര്‍ട്ടുകള്‍ ദുരന്ത നിവാരണ അതോറിറ്റിക്ക് സമര്‍പ്പിച്ചു. പുനരധിവാസത്തിനായുള്ള സ്ഥലങ്ങളും ദുരന്തമേഖലയിലെ അപകടസാധ്യത നിലനില്‍ക്കുന്ന സ്ഥലങ്ങളും സംബന്ധിച്ചുള്ള റിപ്പോര്‍ട്ടാണ് നല്‍കിയത്. പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല മേഖലകളില്‍ സന്ദര്‍ശനം നടത്തിയാണ് ഡോ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള വിദ്ഗ്ധ സംഘം റിപ്പോര്‍ട്ട് നല്‍കിയത്. ജോണ്‍ മത്തായി നല്‍കിയ റിപ്പോര്‍ട്ട് വിലയിരുത്തുന്ന അഞ്ചംഗ ഉന്നതാധികാര സമിതിയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്.
വയനാട്ടിലെ പുനരധിവാസം പാളിയെന്നും താല്‍ക്കാലിക പുനരധിവാസം പോലും നടപ്പായില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍. മന്ത്രിസഭാ ഉപസമിതി വയനാട്ടില്‍ നിന്ന് സ്ഥലം വിട്ടുവെന്നും വയനാട്ടില്‍ ഉള്ളത് മന്ത്രി കേളു മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ ഉപസമിതി തികഞ്ഞ പരാജയമാണെന്നും ഫോട്ടോഷൂട്ടില്‍ മാത്രമായിരുന്നു അവര്‍ക്ക് താല്‍പര്യമെന്നും പ്രധാനമന്ത്രി വന്നിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും വിശദമായ മെമ്മോറാണ്ടം നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
മകളെ കണ്ടെത്താന്‍ സഹായിച്ചതില്‍ കേരളത്തിലെ ആളുകളോടും പൊലീസിനും നന്ദിയുണ്ടെന്ന് കഴക്കൂട്ടത്തുനിന്നും കാണാതായ 13കാരിയുടെ മാതാപിതാക്കള്‍. കുട്ടി വന്നതിന് ശേഷം അസമിലേക്ക് തിരിച്ച് പോകുമെന്നും അവര്‍ അറിയിച്ചു. അതേസമയം അസം സ്വദേശിയായ പതിമൂന്നു വയസുകാരിയെ തിരിച്ചെത്തിക്കാന്‍ കഴക്കൂട്ടത്ത് നിന്ന് വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ട്രെയിനില്‍ വിശാഖപട്ടണത്തേക്ക് തിരിച്ചു.
കഴക്കൂട്ടത്തു നിന്ന് കാണാതായ കുട്ടിയെ തിരിച്ചു കിട്ടാന്‍ സഹായകമായത് തിരുവനന്തപുരത്ത് മെഡിക്കല്‍ കോഡിങ് വിദ്യാര്‍ഥിയായ ബബിത ട്രെയിനില്‍ നിന്നെടുത്ത ഫോട്ടോ കുട്ടിയുടെ ഫോട്ടോ ആയിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് നെയ്യാറ്റിന്‍കരയിലെ വീട്ടിലേക്ക് പോകാന്‍ കൂട്ടുകാരുമൊത്ത് ബെംഗളൂരു-കന്യാകുമാരി എക്സ്പ്രസില്‍ യാത്ര ചെയ്തപ്പോഴാണ് ബബിത ഒറ്റയ്ക്ക് കരഞ്ഞുകൊണ്ടിരിക്കുന്ന കുട്ടിയെ ശ്രദ്ധിച്ചതും ഫോട്ടോ എടുത്തതും. കുട്ടിയുടെ ഫോട്ടോ എടുക്കണമെന്ന് വെറുതെ തോന്നിയതാണെന്നും വേറെ കംപാര്‍ട്ട്മെന്റില്‍ ബന്ധുക്കളുണ്ടെന്നും അവരോട് പിണങ്ങി മാറിയിരിക്കുകയാണ് കുട്ടി എന്നുമാണ് കരുതിയതെന്നും ബബിത പറഞ്ഞു.
മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന എയര്‍ ഇന്ത്യ വിമാനത്തിന് വ്യാജ ബോംബ് ഭീഷണി. സംഭവത്തില്‍ അന്വേഷണം പൊലീസ് ഏറ്റെടുത്തു. വിമാനത്തിന്റെ ശുചിമുറിയിലാണ് ടിഷ്യൂ പേപ്പറില്‍ എഴുതിയ ഭീഷണി സന്ദേശം കണ്ടെത്തിയത്. തുടര്‍ന്ന് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ വിമാനം സുരക്ഷിതമായി ലാന്റ് ചെയ്ത് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. യാത്രക്കാരെ ഇറക്കിയ ശേഷമായിരിന്നു പരിശോധന.
വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റ് ലയത്തിലെ ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്ന് ഇരയുടെ കുടുംബം. മൂന്നുവര്‍ഷം കഴിഞ്ഞിട്ടും നീതിക്കായി കുടുംബം ഇപ്പോഴും കാത്തിരിക്കുകയാണ്. പുനര്‍വിചാരണയ്ക്ക് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ടെങ്കിലും സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ ഇനിയും സര്‍ക്കാര്‍ നിയമിച്ചിട്ടില്ല. പ്രതിചേര്‍ക്കപ്പെട്ട അര്‍ജ്ജുനെ, തെളിവുകളുടെ അഭാവത്തില്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 14ന് കട്ടപ്പന അതിവേഗ പോക്സോ കോടതി വെറുതെ വിട്ടിരുന്നു. കേസില്‍ നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പട്ട് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.
കാട്ടാക്കടയിലെ കെഎസ്ആര്‍ടിസി റിട്ട.ജീവനക്കാരന്റെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇടപെട്ട് ഹൈക്കോടതി. ഹൈക്കോടതിയിലെ കെഎസ്ആര്‍ടിസി അഭിഭാഷകനെ തുറന്ന കോടതിയില്‍ വിളിച്ച് വരുത്തി പെന്‍ഷന്‍ എന്ത് കൊണ്ട് നല്‍കിയില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആരാഞ്ഞു. രണ്ട് ദിവസത്തിനകം പെന്‍ഷന്‍ നല്‍കാന്‍ നടപടിയെടുക്കും എന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചത്. പെന്‍ഷന്‍ നല്‍കുന്നതില്‍ വീഴ്ച ഇനി ആവര്‍ത്തിക്കരുത് കോടതി പറഞ്ഞു.
വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതിയായ മുന്‍ എസ്എഫ്ഐ നേതാവ് കെ വിദ്യയ്ക്ക് പിഎച്ച്ഡി പഠനം തുടരാന്‍ തുടരാന്‍ തടസമില്ലെന്ന് കാലടി സര്‍വകലാശാല നിയമിച്ച ആഭ്യന്തര അന്വേഷണ സമിതി റിപ്പോര്‍ട്ട് നല്‍കി. വിദ്യയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിനും സംസ്‌കൃത സര്‍വകലാശാലയിലെ പിഎച്ച്ഡി പഠനത്തിനും തമ്മില്‍ ബന്ധമില്ലെന്നാണ് കെ പ്രേംകുമാര്‍ എംഎല്‍എ അധ്യക്ഷനായ സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ കണ്ടെത്തല്‍. സര്‍വകലാശാലയ്ക്കു പുറത്തു നടന്ന സംഭവത്തിന്റെ പേരില്‍ വിദ്യയുടെ ഗവേഷണ പഠനം തടയേണ്ടതില്ലെന്നും സിന്‍ഡിക്കേറ്റ് ഉപസമിതി നല്‍കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സ്വര്‍ണ മോഷണത്തിലെ പ്രതി മുന്‍ മാനേജര്‍ മധ ജയകുമാര്‍ പണം ഉപയോഗിച്ചത് ഓണ്‍ലൈന്‍ ട്രേഡിങ്ങിനെന്ന് പൊലീസ് കണ്ടെത്തല്‍. മോഷ്ടിച്ച സ്വര്‍ണ്ണം ഇയാള്‍ തമിഴ്നാട്ടിലാണ് പണയം വെച്ചതെന്നും പൊലീസ് കണ്ടെത്തി. തമിഴ്നാട്ടിലെ ഒരു ബാങ്കിന്റെ വിവിധ ബ്രാഞ്ചുകളിലായാണ് സ്വര്‍ണം പണയം വെച്ചത്. 26 കിലോ സ്വര്‍ണ്ണം വിവിധ ഘട്ടങ്ങളിലായാണ് മോഷ്ടിച്ചത്. ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ മധു ജയകുമാറിന്റെ ഭാര്യയും പങ്കാളിയാണ്. സ്വര്‍ണ്ണം മോഷ്ടിച്ചു കടന്ന് കളഞ്ഞ മധ ജയകുമാറിനെ കഴിഞ്ഞ ദിവസം തെല്ലങ്കാനയില്‍ നിന്നാണ് പിടികൂടിയത്.
പാലക്കാട് ലക്കിടിയില്‍ സ്‌കൂട്ടറിനു പിന്നില്‍ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ കടമ്പഴിപ്പുറം കുണ്ടുവം പാടം കണ്ടത്തൊടി വീട്ടില്‍ ശിവദാസന്‍ (33) മരിച്ചു. ഒപ്പമുണ്ടായിരുന്ന കാരപ്പറമ്പില്‍ ജിഷ്ണുവിന് (20) ഗുരുതരമായി പരിക്കേറ്റു. ലക്കിടി പേരൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപം ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം.
ബസ് സ്റ്റാന്റില്‍ വന്നിറങ്ങി മുന്നോട്ടു നീങ്ങുമ്പോള്‍ അതേ ബസ് തന്നെ കയറി യാത്രക്കാരി മരിച്ചു. മാമലക്കണ്ടം സ്വദേശിനി പാക്കാട്ട് കൗസല്യ തങ്കപ്പന്‍ (68) ആണ് കോതമംഗലം – നേര്യമംഗലം ബസ് സ്റ്റാന്റില്‍ ബസ് കയറി മരിച്ചത്.
തമിഴക വെട്രി കഴകം രാഷ്ട്രീയ പാര്‍ട്ടിക്ക് ചുവപ്പും മഞ്ഞയും നിറത്തിലുള്ള പതാക അവതരിപ്പിച്ച് തമിഴ് സൂപ്പര്‍ താരം വിജയ്. ഇന്ന് രാവിലെ ചെന്നൈയില്‍ നടന്ന ചടങ്ങിലാണ് വിജയ് പതാക അവതരിപ്പിച്ചത്. ജനാധിപത്യം, മതേതരത്വം, സാമൂഹ്യനീതി എന്നിവയില്‍ ഉറച്ചു നില്‍ക്കുമെന്നും ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വാസമുണ്ടെന്നും മതസൗഹാര്‍ദ്ദത്തിനും ഐക്യത്തിനും സമത്വത്തിനുമായി തമിഴക വെട്രി കഴകം നിലകൊള്ളുമെന്നും തമിഴ് ഭാഷയ്ക്കായി ജീവന്‍ ബലി നല്‍കിയവരുടെ പോരാട്ടം തുടരുമെന്നും വിജയ് വിശദമാക്കുന്നു.
ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ സില്‍വര്‍, ഗോള്‍ഡ ബട്ടണുകള്‍ സ്വന്തമാക്കി റെക്കോര്‍ഡിട്ട് ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ‘UR Cristiano’ എന്ന യുട്യൂബ് ചാനല്‍. യുട്യൂബ് ചാനല്‍ തുടങ്ങി ആദ്യ മണിക്കൂറില്‍ തന്നെ 10 ലക്ഷം സബ്‌സ്‌ക്രൈബേഴ്സിനെ സ്വന്തമാക്കിയ റൊണാള്‍ഡോ യുട്യൂബിന്റെ ചരിത്രത്തില്‍ തന്നെ അതിവേഗം ഈ നേട്ടം സ്വന്തമാക്കുന്ന വ്യക്തിയായിയിരുന്നു. ഇപ്പോള്‍ 24 മണിക്കൂറിനുള്ളില്‍ തന്നെ ഒരു കോടി സബ്‌സ്‌ക്രൈബേഴ്സിനെ സ്വന്തമാക്കിയ റൊണാള്‍ഡോ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ യുട്യൂബറുമായി. എക്സില്‍ 11.25 കോടി പേരാണ് റൊണാള്‍ഡോയെ പിന്തുടരുന്നതെങ്കില്‍ ഫേസ്ബുക്കില്‍ 17 കോടിയും ഇന്‍സ്റ്റഗ്രാമില്‍ 63.6കോടി പേരും റൊണാള്‍ഡോയെ പിന്തുടരുന്നവരാണ്.