മൂന്നാം വട്ടവും അധികാരം ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പ് പ്രചാരണവുമായി മുന്നോട്ട് പോകുന്ന ബിജെപി നേതൃത്വത്തെ ആശങ്കയിലാക്കി സര്‍വെ റിപ്പോര്‍ട്ടുകള്‍. ഉത്തരേന്ത്യയിലെ സീറ്റുകള്‍ കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രാജസ്ഥാനിലും ഹരിയാനയിലുമായി പത്തു സീറ്റുകള്‍ കുറഞ്ഞേക്കാമെന്നാണ് സര്‍വ്വെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഓരോ സീറ്റിലും പ്രധാനമന്ത്രിയെ എത്തിച്ച് സ്ഥിതി നേരിടാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ആലോചന.
തെരഞ്ഞെടുപ്പിന് മുന്നോടിയായി സിഎസ്ഡിഎസ് നടത്തിയ പ്രീ പോള്‍ സര്‍വേയില്‍ 79 ശതമാനം ആളുകളും മതേതര ഇന്ത്യ എന്ന ആശയത്തിനൊപ്പമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ ഹിന്ദുക്കള്‍ക്ക് മാത്രമല്ല, എല്ലാ മതങ്ങള്‍ക്കും തുല്യതയുള്ള രാജ്യമാണ് എന്നതിനെ 80 ശതമാനം ഹിന്ദു മത വിശ്വാസികളും പിന്തുണയ്ക്കുന്നു. രാജ്യത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത ഞെട്ടിപ്പിക്കും വിധം ഇടിയുന്നു എന്നതാണ് സര്‍വെയിലെ അമ്പരപ്പിക്കുന്ന ഒരു കണ്ടെത്തല്‍. 2019 ല്‍ 78 ശതമാനം ആളുകളും തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പൂര്‍ണ്ണ വിശ്വാസം രേഖപെടുത്തിയിരുന്നു. എന്നാല്‍ ഇത്തവണ അത് 42 ശതമാനം ആയി ഇടിഞ്ഞു. 58 ശതമാനം ആളുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഏതെങ്കിലും തരത്തില്‍ അവിശ്വാസം രേഖപ്പെടുത്തി. 100 പാര്‍ലമെന്റ് മണ്ഡലങ്ങളിലെ 100 നിയമസഭാ മണ്ഡലങ്ങളിലെ 400 പോളിങ് സ്റ്റേഷനുകളിലാണ് സര്‍വേ നടത്തിയത്.
‘ദി കേരള സ്റ്റോറി’ തല്‍ക്കാലം പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന് താമരശ്ശേരി രൂപത. രൂപതയ്ക്കു കീഴിലെ 120 കെ.സി.വൈ.എം യൂനിറ്റുകളില്‍ ഇന്ന് സിനിമ പ്രദര്ശിപ്പിക്കുമെന്നാ യിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, തിരഞ്ഞെടുപ്പിന് മുന്‍പ് സിനിമ പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്നും ഇതുസംബന്ധിച്ച ചര്‍ച്ചകളില്‍ നിന്നും വിട്ടുനില്‍ക്കണം എന്നുമുള്ള തീരുമാനത്തിലേക്കാണ് രൂപത ഇപ്പോള്‍ എത്തിയിരിക്കുന്നത്. ചിത്രം പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണ് നിലപാട് മാറ്റം.
എസ്എന്‍ഡിപി യോഗങ്ങളിലും വനിത സംഘങ്ങളിലും കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുമെന്ന് ഇടുക്കിയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സംഗീത വിശ്വനാഥന്‍. ലവ് ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ടെന്നും ഇത്തരം വിപത്തുകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ മുമ്പും എസ്എന്‍ഡിപി യോഗത്തില്‍ നടത്തിയിട്ടുണ്ടെന്നും കുടുംബ യോഗങ്ങളിലും ഇത് ചര്‍ച്ച ചെയ്യണ്ട വിഷയമാണെന്നും സംഗീത വിശ്വനാഥന്‍.
സിഎഎ, സിദ്ധാര്‍ത്ഥന്റെ മരണം, വന്യജീവി വിഷയം തുടങ്ങി വിവിധ വിഷയങ്ങളില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളെ നിശിതമായി വിമര്‍ശിച്ച് ഡോ തിയഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്ത. പൗരത്വ ഭേദഗതി നിയമം തുല്യ അവകാശങ്ങള്‍ ഉള്ള ഇന്ത്യന്‍ പൗരന്മാരെ പല തട്ടിലാക്കുന്നുവെന്ന് വിമര്‍ശിച്ച അദ്ദേഹം നിയമത്തെ വര്‍ഗീയ വികാരം കുത്തിയിളക്കാനും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ കാറ്റില്‍ പറത്താനും ഉപയോഗിക്കുന്നത് അപകടകരമാണെന്ന് ചൂണ്ടിക്കാട്ടി.
വിശ്വപ്രസിദ്ധമായ തൃശൂര്‍ പൂരത്തിനു കൊടിയേറി. പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടി – പാറമേക്കാവ് ക്ഷേത്രങ്ങളില്‍ കൊടിയേറ്റു നടന്നു. 19നാണു പൂരം. 17ന് രാത്രി 7ന് സാംപിള്‍ വെടിക്കെട്ട്.
തൃശൂര്‍ പൂരം പ്രതിസന്ധിയില്‍. തൃശൂര്‍ പൂരത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍. ആനകളില്‍ നിന്നും മേളക്കാരും മറ്റും 50 മീറ്റര്‍ ദൂരം പാലിക്കണം എന്നത് ഒരിക്കലും പ്രായോഗികമല്ലെന്നും വനം വകുപ്പിന്റെ സര്‍ക്കുലര്‍ ഉടന്‍ പിന്‍വലിക്കണമെന്നും ഇരു ദേവസ്വങ്ങളും ആവശ്യപ്പെട്ടു. ആന ഉടമകളുടെയും ഉത്സവ സംഘാടകരുടെയും അടിയന്തര യോഗം ഇന്ന് തൃശൂരില്‍ ചേരുന്നുണ്ട്.
കോടതിയില്‍ എന്റെ സ്വകാര്യത നിലവില്‍ സുരക്ഷിതമല്ലെന്ന തിരിച്ചറിവ് ഏറെ ഭയപ്പെടുത്തുന്നതാണെന്നും ഇരയാക്കപ്പെട്ട വ്യക്തിയുടെ നീതിക്ക് കോട്ട കെട്ടി കരുത്ത് പകരേണ്ട കോടതിയില്‍ നിന്നും ഇത്തരം ഒരു ദുരനുഭവം ഉണ്ടാകുമ്പോള്‍ തകരുന്നത് മുറിവേറ്റ മനുഷ്യരും അഹങ്കരിക്കുന്നത് മുറിവേല്‍പ്പിച്ച നീചരുമാണെന്നത് സങ്കടകരമാണെന്നും അതിജീവിത. നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിക്കപ്പെട്ടുവെന്ന ജില്ലാ ജഡ്ജിയുടെ വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലാണ് അതിജീവിതയുടെ പ്രതികരണം.
ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ഏപ്രില്‍ 19-ന് വെളിപ്പെടുത്തുമെന്ന് പിതാവ് ജെയിംസ് ജോസഫ്. ജെസ്ന കേസില്‍ ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ അപാകതകള്‍ സംഭവിച്ചെന്നും മകള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഒരിക്കലെങ്കിലും തന്നെ ബന്ധപ്പെടുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മകളുടെ തിരോധാനം വര്‍ഗീയമായിപോലും ഉപയോഗിക്കാന്‍ ശ്രമം നടന്നുവെന്നും ലൗജിഹാദ് അടക്കമുള്ള വിഷയങ്ങള്‍ക്ക് ഈ തിരോധാനവുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഐഎന്‍ടിയുസി നേതാവ് സത്യന്റെ കൊലപാതക കേസ് പുനരന്വേഷിക്കണം എന്നാവശ്യപെട്ടു കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി. സിപിഎം നേരിട്ട് നടത്തിയ കൊലപാതകം എന്ന നേതാവിന്റെ വെളിപ്പെടുത്തലിലാണ് പരാതി. മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിന്‍ സി ബാബുവാണ് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് അയച്ച കത്തിലാണ് വിവാദ പരാമര്‍ശം.
ഇരുനൂറ് കോടിയിലധികം കളക്ഷന്‍ നേടിയ മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ നിര്‍മാതാക്കളുടെ ബാങ്ക് അകൗണ്ടുകള്‍ മരവിപ്പിക്കാന്‍ എറണാകുളം സബ് കോടതി ഉത്തരവ്. ചിത്രത്തിന്റെ നിര്‍മാണ കമ്പനിയായ പറവ ഫിലിംസിന്റേയും പാര്‍ട്ണര്‍ ഷോണ്‍ ആന്റണിയുടെയും നാല്‍പതു കോടി രുപയുടെ ബാങ്ക് അക്കൗണ്ടാണ് മരവിപ്പിക്കാന്‍ ഉത്തരവിട്ടത്. ചിത്രത്തിന്റെ നിര്‍മാണത്തിന് ഏഴു കോടി രൂപ മുതല്‍ മുടക്കിയ അരൂര്‍ സ്വദേശി സിറാജ് വലിയത്തറ ഹമീദിന് വാഗ്ദാനം ചെയ്ത നാല്‍പതു ശതമാനം ലാഭ വിഹിതമോ മുതല്‍മുടക്കോ നല്‍കാതെ നിര്‍മാതാക്കള്‍ കബളിപ്പിച്ചെന്നാണ് പരാതി. ഹര്‍ജിയില്‍ ചിത്രത്തിന്റെ നിര്‍മാതക്കളായ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്ക് കോടതി നോട്ടീസ് അയച്ചു.
സംസ്ഥാനത്ത് ഇന്നും പരക്കെ വേനല്‍ മഴക്ക് സാധ്യതയുണ്ട്. എല്ലാ ജില്ലകളിലും മഴ കിട്ടാനിടയുണ്ട്. ഇടിമിന്നലിനും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റും ഉണ്ടാകും. ചൊവ്വാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
രാമേശ്വരം കഫേ സ്‌ഫോടനക്കേസില്‍ ഇന്നലെ അറസ്റ്റിലായ അബ്ദുള്‍ മത്തീന്‍ താഹയാണ് സ്‌ഫോടനം ആസൂത്രണം ചെയ്‌തെന്ന് എന്‍ഐഎ. സ്‌ഫോടനത്തിന് മുമ്പ് ഒരാഴ്ചയോളം താഹ രാമേശ്വരം കഫേയില്‍ സ്ഥിരമായി എത്തിയിരുന്നുവെന്നും ഇപ്പോള്‍ അറസ്റ്റിലായ മുസാവിറിനെയും നേരത്തേ അറസ്റ്റിലായ സഹായി മുസ്സമ്മലിനെയും ചേര്‍ത്താണ് സ്‌ഫോടനത്തിന് പദ്ധതിയിട്ടതെന്നും മുസ്സമ്മലിനെ ബോംബിനാവശ്യമായ ഐഇഡി എത്തിക്കാന്‍ ഏല്‍പിച്ചുവെന്നും മുസാവിറിനെ ബോംബ് വയ്ക്കാന്‍ ചുമതലപ്പെടുത്തിയെന്നും എന്‍ഐഎ വിവരിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സും തമ്മിലുള്ള അഭിമുഖം സംപ്രേഷണം ചെയ്യാന്‍ പ്രസാര്‍ ഭാരതിക്ക് അനുമതി നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍. തിരഞ്ഞെടുപ്പ് കമ്മിഷനില്‍നിന്ന് ഔദ്യോഗിക അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ 45 മിനിട്ട് നീണ്ടുനില്‍ക്കുന്ന അഭിമുഖം പ്രക്ഷേപണം ചെയ്യാനുള്ള നീക്കം പ്രസാര്‍ ഭാരതി ഉപേക്ഷിച്ചു.
ഗോവയില്‍ അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ 20 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ കണ്ടെത്തിയ നിര്‍മാണമേഖലയില്‍ ജോലിചെയ്യുന്ന 20 തൊഴിലാളികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരി നിര്‍മാണത്തൊഴിലാളിയുടെ മകളാണെന്നാണ് പോലീസ് നല്‍കുന്നവിവരം.
ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ് പഞ്ചാബ് കിംഗ്‌സിനെ നേരിടും. വൈകിട്ട് 7.30ന് പഞ്ചാബ് കിംഗ്‌സിന്റെ ഹോംഗ്രൗണ്ടിലാണ് കളി തുടങ്ങുക. ഐപിഎല്ലിലെ ആദ്യ നാല് മത്സരങ്ങളും ജയിച്ച് കരുത്ത് തെളിയിച്ച രാജസ്ഥാന്‍ റോയല്‍സ് കഴിഞ്ഞ കളിയില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റിരുന്നെങ്കിലും പോയിന്റ് നിലയില്‍ ഇപ്പോഴും ഒന്നാം സ്ഥാനത്താണ്.