mid day hd 18
ഖലിസ്താന്‍ തീവ്രവാദിയായ ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണം ഗൗരവതരമെന്ന് അമേരിക്ക. വിഷയത്തില്‍ ഇന്ത്യയും കാനഡയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് പ്രത്യേക ഇളവ് നല്‍കാന്‍ സാധിക്കില്ലെന്നും യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സുള്ളിവന്‍ പറഞ്ഞു.
ഹിന്ദു വിഭാഗക്കാര്‍ രാജ്യം വിടണമെന്ന് പ്രചരിക്കുന്ന ഭീഷണി സന്ദേശത്തിനെതിരെ ഔദ്യോഗിക പ്രതികരണവുമായി കാനഡ. രാജ്യത്ത് വെറുപ്പിന് സ്ഥാനമില്ലെന്നും ആര്‍ക്കും ഭീഷണിയില്ലെന്നും പൊതു സുരക്ഷാ മന്ത്രാലയം വ്യക്തമാക്കി.
സംസ്ഥാനത്ത് പ്രകടനത്തിന് ഫീസ് ഏര്‍പ്പെടുത്തിയ ഉത്തരവ് പിന്‍വലിക്കണമെന്ന് സാസ്‌കാരിക നായകര്‍. പ്രകടനത്തിനും പൊതുയോഗത്തിനും പ്രതിഷേധത്തിനും ഫീസ് ചുമത്തി ദ്രോഹിക്കുന്ന കേരള സര്‍ക്കാരിന്റെ   ജനവിരുദ്ധ നടപടിക്കെതിരെ സംയുക്ത പ്രസ്താവനയുമായാണ് സാംസ്‌കാരിക നായകര്‍ രംഗത്ത് വന്നത്. ജനാധിപത്യത്തെ ആദരിക്കുന്ന മുഴുവന്‍ പേരുടെയും പ്രതിഷേധം ഉയരണമെന്നും സ്വാതന്ത്ര്യവും ഭരണഘടനാ അവകാശങ്ങളും സംരക്ഷിക്കാന്‍ എല്ലാവരും രംഗത്തിറങ്ങണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
യാതൊരു മുന്നറിയിപ്പുമില്ലാതെ സത്യജിത് റായ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനാക്കിയതില്‍ നടന്‍ സുരേഷ് ഗോപി അതൃപ്തനെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ രാഷ്ട്രീയ രംഗത്ത് കൂടുതല്‍ സജീവമാകുന്ന സുരേഷ് ഗോപി കരുവന്നൂരില്‍ പദയാത്ര നടത്താനിരിക്കെ ആണ് പുതിയ പദവി. എന്തായാലും കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം മാത്രമേ ഒരു തീരുമാനമെടുക്കൂ എന്ന നിലപാടിലാണ് സുരേഷ് ഗോപിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
സുരേഷ് ഗോപിയെ സത്യജിത് റായ് ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷന്‍ സ്ഥാനത്തേക്ക് പരിഗണിച്ചത് അറിഞ്ഞിരുന്നില്ലെന്നും ഡയറക്ടര്‍ പദവി സജീവ രാഷ്ട്രീയത്തിന് തടസമാകില്ലെന്നും ബിജെപി സംസ്ഥാന നേതൃത്വം.  പാര്‍ട്ടി സുരേഷ് ഗോപിക്ക് എതിരാണെന്ന പ്രചാരണം ശരിയല്ലെന്നും കരുവന്നൂര്‍ പദയാത്ര ഉദ്ഘാടനം ചെയ്യുന്നത് സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ ആണെന്നും നേതാക്കള്‍ പറഞ്ഞു.
തൃശ്ശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി തന്നെ ആയിരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ പദവി നല്‍കിയതില്‍ സുരേഷ് ഗോപിക്ക് അതൃപ്തി ഉണ്ടെന്ന വാര്‍ത്തകളെ അദ്ദേഹം തള്ളിക്കളഞ്ഞു.
ജാതി വിവേചനം നേരിട്ടെന്ന് മന്ത്രി രാധാകൃഷ്ണന്‍ പരാതി ഉന്നയിച്ച പൂജാരിയെ പിരിച്ചു വിടണമെന്ന് ശ്രീനാരായണ ധര്‍മ്മ സംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. ശ്രീനാരായണ ഗുരു മഹാസമാധി ദിനത്തില്‍ ശിവഗിരിയില്‍ നടന്ന പരിപാടിയിലാണ് സച്ചിദാനന്ദ ഇങ്ങനെ പരാമര്‍ശിച്ചത്.
മുത്തലാക്കിന് ശേഷം ബിജെപിക്ക് മുസ്ലീംവനിതകളുടെ പിന്തുണയെന്ന് പറഞ്ഞതില്‍ വിശദീകരണവുമായി അബ്ദുള്‍ വഹാബ് എംപി. തന്റെ  പരാമര്‍ശം വളച്ചൊടിച്ചുവെന്നും തന്റെ പരാമര്‍ശം പരിഹാസരൂപേണയായിരുന്നുവെന്നും വബാബ് വിശദീകരിച്ചു.
42 ലക്ഷം കുടുംബങ്ങള്‍ക്ക് ആശ്വാസമായ കാരുണ്യ സുരക്ഷ ആരോഗ്യ പദ്ധതിയില്‍ നിന്ന് ഒക്ടോബര്‍ 1 മുതല്‍ പിന്മാറുമെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍. കുടിശ്ശികയായി കിട്ടാനുള്ള കോടികള്‍ ഇനിയും അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് അസോസിയേഷന്‍ ഈ തീരുമാനത്തിലേക്ക് എത്തിയത്.
കല്ലിന് മുകളിലൂടെ ട്രെയിന്‍ കയറുമ്പോഴുള്ള ശബ്ദവും പുകയും കാണാന്‍ റെയില്‍പാളത്തില്‍ കല്ലുവെക്കുന്ന കുട്ടികള്‍ക്ക് പോലിസിന്റെ മുന്നറിയിപ്പ്. ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിച്ചാല്‍ കുട്ടികളാണെന്ന പരിഗണന ഇനി നല്‍കില്ലെന്നാണ് പൊലീസ് പറയുന്നത്.
വയനാട്ടില്‍ നിന്ന് വീട് വിട്ടിറങ്ങിയ അമ്മയും 5 മക്കളും ഇനി കല്പറ്റ സ്‌നേഹിതയില്‍. ഇന്നലെ വൈകീട്ട് ഗുരുവായൂരില്‍ വച്ചാണ് ഇവരെ കണ്ടെത്തിയത്. ബന്ധുവീട്ടിലേക്ക് പോകാന്‍ താല്പര്യമില്ലെന്ന് അറിയിച്ചതോടെയാണ് ഇവരെ കല്പറ്റ സ്‌നേഹിതയിലാക്കിയത്.
കനേഡിയന്‍ പൗരന്‍മാര്‍ക്ക് വിസ നിര്‍ത്തി വെച്ചതില്‍ ആശങ്ക രേഖപ്പെടുത്തി പഞ്ചാബ് കോണ്‍ഗ്രസ്സ്. കനേഡിയന്‍ പൗരത്വം ഉള്ള പഞ്ചാബ് സ്വദേശികള്‍ക്ക് ഉത്സവകാലത്ത് പ്രായമായ മാതാപിതാക്കളെ കാണാന്‍ നാട്ടിലേക്ക് വരേണ്ടതാണെന്നും വിദേശകാര്യ മന്ത്രാലയം എത്രയും വേഗം വിഷയം പരിഹരിക്കണമെന്നും പിസിസി പ്രസിഡന്റ് അമരിന്ദര്‍ സിങ് രാജ വഡിങ് പറഞ്ഞു.
വനിതാ സംവരണ ബില്ലിലൂടെ ഓരോ സ്ത്രീയുടെയും ആത്മവിശ്വാസം വാനോളം ഉയര്‍ത്താനായെന്നും ബിജെപിക്ക് ഇത് അഭിമാനകരമായ നേട്ടമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വനിതാ സംവരണ ബില്‍ പാസാക്കിയ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബിജെപി ആസ്ഥാനത്ത് നേതാക്കളും അണികളും നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
യുപിഎ കാലത്ത് വനിത സംവരണം നടപ്പാക്കാനാകാത്തതില്‍ കുറ്റബോധം പ്രകടിപ്പിച്ച് രാഹുല്‍ഗാന്ധി. അതേസമയം വനിത സംവരണം ഇപ്പോള്‍ നടപ്പാക്കാന്‍  ആകില്ല എന്ന് രാജ്യത്തെ സ്ത്രീകള്‍ മനസ്സിലാക്കണമെന്നും ജാതി സെന്‍സസില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സര്‍ക്കാരിന്റെ  തന്ത്രമാണിതെന്നും രാഹുല്‍ പറഞ്ഞു.
വനിതാ സംവരണ ബില്‍ വോട്ടര്‍മാര്‍ക്കിടയിലേക്കിറങ്ങി ബില്ല് വിശദീകരിക്കാന്‍ നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി ബിജെപി. പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസാക്കിയ ബില്‍ രാഷ്ട്രപതിയുടെ അനുമതിക്ക് വേണ്ടി അയക്കുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. അതേസമയം ബില്ലില്‍  സംസ്ഥാനങ്ങളുടെ അനുമതി വേണ്ടെന്ന നിലപാടിലാണ് കേന്ദ്രം.
വനിതാ സംവരണ ബില്‍ ചര്‍ച്ചയില്‍ മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പി വി നരസിംഹ റാവുവിനെ പുകഴ്ത്തി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം കൊണ്ടുവന്നതിനാണ് നരസിംഹ റാവു സര്‍ക്കാരിനെ മന്ത്രി പ്രശംസിച്ചത്.
അമേഠിയിലെ സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയുടെ ലൈസന്‍സ് യുപി സര്‍ക്കാര്‍ റദ്ദാക്കിയതില്‍ എതിര്‍പ്പ് ഉന്നയിച്ച് സഞ്ജയ് ഗാന്ധിയുടെ മകനും ബിജെപി എംപിയുമായ വരുണ്‍ ഗാന്ധി. സമഗ്രമായ അന്വേഷണം നടത്താതെയാണ് തീരുമാനമെന്നും പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് വരുണ്‍ ഗാന്ധി യുപി സര്‍ക്കാരിന് കത്തയച്ചു. കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയാണ് സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ട്രസ്റ്റിന്റെ അധ്യക്ഷ.
അയോധ്യ മുതല്‍ രാമേശ്വരം വരെ  290 ശ്രീരാമ സ്തംഭങ്ങള്‍ സ്ഥാപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. വാല്‍മീകി രചിച്ച രാമായണത്തില്‍ രാമന്‍ വനത്തിലേക്കുള്ള യാത്രയ്ക്കിടെ സന്ദര്‍ശിച്ച എല്ലാ സ്ഥലങ്ങളെയുമാണ് തൂണുകള്‍ അടയാളപ്പെടുത്തുക.

ഹരിയാനയിലെ പാനിപ്പത്തില്‍ ആയുധങ്ങളുമായി എത്തിയ സംഘം വീട്ടില്‍ കയറി മൂന്ന് സ്ത്രീകളെ കൂട്ട ബാത്സംഗം ചെയ്തു. ഇതര സംസ്ഥാന തൊഴിലാളി കുടുംബാംഗങ്ങളെ ബന്ദികളാക്കിയ ശേഷമായിരുന്നു നാല് പേരടങ്ങുന്ന സംഘം സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തത്.

ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഉച്ചയ്ക്ക് ഒന്നരയ്ക്ക് മൊഹാലിയിലാണ് ആദ്യ മത്സരം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഏകദിന ലോകകപ്പിന്റെ ഡ്രെസ് റിഹേഴ്സലായാണ് കരുതുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *