P20 yt cover

*1985ലെ മികച്ച ജനപ്രിയ സഹനടന്‍?* : https://youtu.be/9wqhj9MXGls | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/

ലോക്സഭയില്‍ എംപിമാര്‍ക്ക് വിതരണം ചെയ്ത ഭരണഘടനയില്‍ മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകള്‍ ഒഴിവാക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍രഞ്ജന്‍ ചൗധരി. ഇക്കാര്യം സഭയില്‍ ഉന്നയിക്കാന്‍ അനുവദിച്ചില്ലെന്നും അധിര്‍രഞ്ജന്‍ ചൗധരി പറഞ്ഞു. എന്നാല്‍ ഭരണഘടന തയാറാക്കിയപ്പോള്‍ അങ്ങനെയായിരുന്നെന്നാണ് പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ളാദ് ജോഷി പ്രതികരിച്ചത്. 42 ാം ഭേദഗതിയോടെയാണ് മതേതരത്വം ഭരണഘടനയില്‍ വന്നതെന്നാണ് വിശദീകരണം.

ഇന്ത്യ – കാനഡ നയതന്ത്ര ബന്ധം വഷളായിരിക്കേ, ഇന്ത്യയിലുള്ള കാനേഡിയന്‍ പൗരന്മാരോടു മടങ്ങിവരാന്‍ കാനേഡിയന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇന്ത്യയെ പ്രകോപിപ്പിക്കുന്നില്ലെന്ന് കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വിശദീകരണം നല്‍കിയതിനു പിന്നാലെയാണ് ഇന്ത്യയില്‍ സുരക്ഷാ ഭീഷണിയുണ്ടെന്ന് കനേഡിയന്‍ പൗരന്മാര്‍ക്കു സന്ദേശം നല്‍കിയത്.

മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി പൊലിസ് വാടകക്കെടുക്കുന്ന ഹെലികോപ്റ്റര്‍ സുരക്ഷാ പരിശോധനകള്‍ക്കായി തിരുവനന്തപുരത്ത് എത്തി. ചിപ്സണിന്റെ ഹെലികോപ്റ്റര്‍ എസ്എപി ക്യാമ്പിലെ ഗ്രൗണ്ടിലാണു പരിശോധന നടത്തിയത്. പ്രതിമാസം 25 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം രൂപയാണ് കരാര്‍ പ്രകാരം കമ്പനിക്കു നല്‍കേണ്ടത്. അധികം വരുന്ന ഓരോ മണിക്കൂറിനും 90,000 രൂപ നല്‍കണം.

*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ*

ജീവിതം സുന്ദരമാക്കാന്‍ KSFE ഡയമണ്ട് ചിട്ടികള്‍. ബമ്പര്‍ സമ്മാനം : 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍. കൂടാതെ ആയിരം പവന്‍ സ്വര്‍ണ്ണവും.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com , Ph: 0487 – 2332255 , Toll free Helpline: 18004253455*

ജാതി വിവേചനം ഉണ്ടായിട്ടില്ലെന്നും ക്ഷേത്രത്തിലെ പൂജയുമായി ബന്ധപ്പെട്ട ആചാരം പാലിക്കുകയേ ചെയ്തുള്ളൂവെന്നും ക്ഷേത്രം പൂജാരി സുബ്രമണ്യന്‍ നമ്പൂതിരി. പൂജാ സമയം അല്ലായിരുന്നെങ്കില്‍ മന്ത്രിയുടെ കൂടെ ഇരിക്കാനും ഫോട്ടോയെടുക്കാനും ആഗ്രഹിച്ചിരുന്നു. വിവാദങ്ങള്‍ തന്നെയും കുടുംബത്തെയും വേദനിപ്പിച്ചു. അദ്ദേഹം പറഞ്ഞു. നാലു മണിക്കു നടത്തേണ്ടിയിരുന്ന പരിപാടി വളരെ വൈകി പൂജ ആരംഭിച്ചശേഷമാണ് തുടങ്ങിയത്. അതുകൊണ്ടാണു വിളക്ക് കൈമാറാതിരുന്നത്. ക്ഷേത്രം ഭരണസമിതിയുടെ നിര്‍ദേശമനുസരിച്ചാണ് താന്‍ വിളക്ക് കൊളുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ജാതി വിവേചനമെന്ന ആരോപണം മന്ത്രിയുടെ തെറ്റിധാരണ മൂലം സംഭവിച്ചതാണെന്ന് അഖില കേരള ശാന്തി ക്ഷേമ യൂണിയന്‍. നട തുറന്നതിനാല്‍ പൂജാരിമാര്‍ ക്ഷേത്രാചാരം പാലിക്കാന്‍ ബാധ്യസ്ഥരാണ്. ആരോപണം ക്ഷേത്ര സംസ്‌കാരത്തിന്റെ ഉന്മൂലനം ലക്ഷ്യമിട്ടാണെന്നും ശാന്തി ക്ഷേമ യൂണിയന്‍ ആരോപിച്ചു.

ജാതി വിവേചനം നേരിടേണ്ടിവന്നെന്ന മന്ത്രിയുടെ ആരോപണം വാര്‍ത്ത സൃഷ്ടിക്കാനാണെന്നു യോഗക്ഷേമ സഭ പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്. ക്ഷേത്ര പുരോഹിതര്‍ ആചാരനിഷ്ഠ പാലിക്കുകയാണ് ചെയ്തത്. ദേവസ്വം മന്ത്രി അതു മനസിലാക്കേണ്ടതായിരുന്നു. അദ്ദേഹം വിശദീകരിച്ചു.

വിഴിഞ്ഞം തുറമുഖത്തിന്റെ പേരും ലോഗോയും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് തിരുവനന്തപുരം എന്നാണു തുറമുഖത്തിന്റെ പേര്. ലോഗോ വിഴിഞ്ഞത്തിന്റെ കീര്‍ത്തിമുദ്രയായി തിളങ്ങട്ടെയെന്നു മുഖ്യമന്ത്രി പറഞ്ഞു. അടുത്ത മാസം നാലിന് ആദ്യ കപ്പല്‍ എത്തുമെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

എം.ജി സര്‍വകലാശാലയിലെ ഹോസ്റ്റലുകളില്‍ പനി പടരുന്നതിനാല്‍ ഈ മാസം 30 വരെ ഹോസ്റ്റലുകള്‍ അടച്ചു. സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ട് ( School Indian Legal Thought) ഒഴികെയുള്ള പഠന വകുപ്പുകളില്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തും.

ജനവാസ മേഖലയിലിറങ്ങിയ അരിക്കൊമ്പന്‍ അപ്പര്‍ കോതയാറിലേക്കു മടങ്ങി. രണ്ടു ദിവസം ജനവാസ മേഖലയില്‍ ഇറങ്ങിയ അരിക്കൊമ്പന്‍ വീടും കൃഷിയും നശിപ്പിച്ചിരുന്നു.

പുതുപ്പള്ളിയിലെ വാര്‍ത്താസമ്മേളനത്തില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരനുമായി തര്‍ക്കമുണ്ടായെന്ന സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണം സത്യമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പുതുപ്പള്ളിയിലെ വിജയത്തിന്റെ ഫുള്‍ ക്രെഡിറ്റ് തനിക്കാണെന്ന് കെ സുധാകരന്‍ പറഞ്ഞിരുന്നു. അങ്ങനെ പറയരുതെന്ന് താന്‍ നിര്‍ദേശിച്ചു. എന്നാല്‍ അത് പറയുമെന്ന് സുധാകരന്‍ നിലപാടെടുത്തതോടെ അതു തടയാനാണ് താന്‍ ആദ്യം സംസാരിക്കാന്‍ ശ്രമിച്ചതെന്നും സതീശന്‍ പറഞ്ഞു.

കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് ട്രെയിന്‍ ചെന്നൈയിലെ ബേസിന്‍ ബ്രിഡ്ജ് യാര്‍ഡില്‍നിന്ന് ഇന്നു കേരളത്തിലേക്കു യാത്രയാകും. പാലക്കാട് ഡിവിഷനിലെ ഉദ്യോഗസ്ഥര്‍ക്ക് ട്രെയിന്‍ കൈമാറി. ബേസിന്‍ ബ്രിഡ്ജ് യാര്‍ഡില്‍ നിന്ന് ഇന്നു മൂന്നിനു ട്രെയിന്‍ യാത്ര തിരിക്കും. ഇന്നലെ രാത്രി ട്രയല്‍ റണ്‍ നടത്തിയിരുന്നു.

തൊടുപുഴയില്‍ പതിനൊന്നുകാരിയെ സമൂഹമാധ്യമങ്ങളിലൂടെ വില്‍പനക്കുവച്ച സംഭവത്തില്‍ പ്രതി രണ്ടാനമ്മയെന്ന് പോലീസ്. പോസ്റ്റിടാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടാനമ്മക്ക് ആറു മാസമുള്ള കുഞ്ഞുള്ളതിനാല്‍ അറസ്റ്റിനു ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഉപദേശം തേടി.

മലപ്പുറത്തെ സ്‌കൂളിലെ അധ്യാപികമാരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. കോട്ടപ്പടി ചെറാട്ട്കുഴി മഞ്ചേരിതൊടിയില്‍ ബിനോയി (26) ആണ് അറസ്റ്റിലായത്. പ്രധാനധ്യാപികയും മറ്റ് അധ്യാപികമാരും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ഫോട്ടോകള്‍ കൈക്കലാക്കി അശ്ലീല ഫോട്ടോകളാക്കി പ്രധാനാധ്യാപികയുടെ പേരിലുള്ള വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.

നിലമ്പൂരില്‍ കാട്ടാന വാറ്റുചാരായത്തിനുള്ള വാഷ് കുടിച്ച് മത്തു പിടിച്ചു കിടക്കുന്നു. വനംവകുപ്പ്, എക്സൈസ് അധികൃതര്‍ അന്വേഷണവുമായി എത്തിയതോടെ വന്‍ വാറ്റു ചാരായ കേന്ദ്രം കണ്ടെത്തി. രണ്ടു കേസുകളിലായി 665 ലിറ്റര്‍ വാഷ് എക്സൈസ് പിടിച്ചെടുത്തു.

വധശ്രമ കേസിലെ പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാരെ മര്‍ദിച്ച സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. വിഘ്നേഷ് (23), അരുണ്‍ (25), അരുണ്‍ രാജ് (35) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. വധശ്രമ കേസിലെ പ്രതി ആദര്‍ശിനെ പിടികൂടാന്‍ രാത്രി എത്തിയതോടെയാണ് സംഘം ആക്രമിച്ചത്.

വയനാട്ടില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. വെണ്ണിയോട് കുളവയലിലെ അനിഷയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് മുകേഷ് പൊലീസില്‍ കീഴടങ്ങി.

വനിതാ സംവരണ ബില്‍ രാജീവ്ഗാന്ധിയുടെ സ്വപ്നമായിരുന്നെന്ന് ലോക്സഭയില്‍ കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധി. വനിത ശാക്തീകരണത്തിന്റെ ഉദാഹരണമായിരുന്നു ഇന്ദിര ഗാന്ധി. ഒബിസി വനിതകള്‍ക്കും സംവരണം ഏര്‍പ്പെടുത്തണമായിരുന്നു. എത്രയും വേഗം ബില്‍ പാസാക്കണം. ബില്‍ നടപ്പാക്കുന്നതിലെ കാലതാമസം സ്ത്രീകളോടുള്ള അനീതിയാണെന്നും സോണിയാ ഗാന്ധി പറഞ്ഞു. ജാതി സെന്‍സെസും വൈകരുതെന്ന് സോണിയാഗാന്ധി കൂട്ടിച്ചേര്‍ത്തു.

വനിതാസംവരണ ബില്ല് വനിതകളെ വിഡ്ഢികളാക്കുന്ന ബില്ലാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗ്. മണ്ഡല പുനര്‍നിര്‍ണയം നടത്തി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറക്കാനുള്ള ബിജെപിയുടെ തന്ത്രമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു.

കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്താന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ ഡല്‍ഹിയില്‍. കര്‍ണാടകയില്‍നിന്നുള്ള എല്ലാ കേന്ദ്ര മന്ത്രിമാരുമായും എം.പിമാരുമായും സിദ്ദരാമയ്യ കൂടിക്കാഴ്ച നടത്തും. കാവേരി നദീജല വിഷയത്തില്‍ കര്‍ണാടകയിലെ കര്‍ഷകരെ പരിഗണിക്കാതെ തമിഴ്നാടിന് അനുകൂലമായി നിലപാടെടുത്തെന്ന് ബിജെപി ആരോപിച്ചിരുന്നു.

ഹിന്ദുത്വ ആക്റ്റിവിസ്റ്റ് ചൈത്ര കുന്ദാപുരക്കെതിരെ മറ്റൊരു വഞ്ചനാ കേസ് കൂടി. ബിജെപി നേതാവില്‍നിന്ന് അഞ്ചു ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. ബംഗളുരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ് ചൈത്ര കുന്ദാപുര. ടെക്സ്റ്റൈല്‍ ഷോപ്പ് തുടങ്ങാന്‍ സഹായിക്കാമെന്നു വിശ്വസിപ്പിച്ച് ചൈത്ര പണം തട്ടിയെടുത്തെന്നാണ് ഉഡുപ്പി സ്വദേശിയും 33 കാരനുമായ സുധീന പൂജാരി പരാതി നല്‍കിയത്.

കാമുകിയെ ശല്യപ്പെടുത്തിയ മേലുദ്യോഗസ്ഥനെ കൊന്ന് കുഴിച്ചുമൂടിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി. ഡല്‍ഹിയിലെ ആര്‍കെ പുരത്ത് അനീഷ് എന്ന യുവാവാണ് അറസ്റ്റിലായത്.

മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന് അമ്മയെ കൊലപ്പെടുത്തിയ മകനെ അനന്ത്പുര്‍ പോലീസ് അറസ്റ്റു ചെയ്തു. ആന്ധ്രാപ്രദേശിലെ അനന്ത്പുര്‍ ജില്ലയിലെ കംബദുരു ഗ്രാമത്തിലാണ് സംഭവം. സുജാത എന്ന സ്ത്രീയെ കൊലപ്പെടുത്തിയതിനു മകന്‍ പ്രണീതിനെയാണ് അറസ്റ്റു ചെയ്തത്.

വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ ചന്ദ്രനില്‍ സൂര്യോദയമുണ്ടാകുന്നതോടെ ചന്ദ്രയാന്‍ മൂന്നിലെ ലാന്‍ഡറും റോവറും ഉണരുമെന്ന പ്രതീക്ഷയില്‍ ഐഎസ്ആര്‍ഒ. സുര്യതാപം കിട്ടുന്നതോടെ ചന്ദ്രനിലെ അടുത്ത ഘട്ട പര്യവേഷണങ്ങള്‍ക്കു ഇലക്ട്രോണിക്സ്, ഡിജിറ്റല്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമാകുമെന്നാണു പ്രതീക്ഷ. അതിശൈത്യംമൂലം ഉപരണങ്ങള്‍ പ്രതകരിക്കാതാകുമോയെന്ന ആശങ്കയുമുണ്ട്.

കേസന്വേഷണവുമായി കാനഡയിലേക്കു പോകാനുള്ള എന്‍ഐഎ സംഘത്തിന്റെ പരിപാടി മാറ്റിവച്ചു. കാനഡയിലും യുകെയിലും ഇന്ത്യന്‍ നയതന്ത്ര കാര്യാലയം ആക്രമിച്ച കേസില്‍ അന്വേഷണം നടത്താനായിരുന്നു എന്‍ഐഎ സംഘത്തിന്റെ തീരുമാനം. കാനഡയുമായുള്ള ബന്ധം മോശമായിരിക്കേയാണ് യാത്ര മാറ്റിയത്.

വൈറസ് ബാധയെതുടര്‍ന്ന് ബെംഗളൂരുവിലെ ബെന്നാര്‍ഘട്ട നാഷനല്‍ പാര്‍ക്കിലെ മൃഗശാലയിലെ ഏഴു പുള്ളിപ്പുലി കുഞ്ഞുങ്ങള്‍ ചത്തു. ഓഗസ്റ്റ് 22 നും സെപ്റ്റംബര്‍ അഞ്ചിനുമിടയിലാണ് വൈറസ് രോഗം ബാധിച്ച് പുള്ളിപ്പുലി കുഞ്ഞുങ്ങള്‍ ചത്തത്.

കാഷ്മീര്‍ വിഷയം ഇന്ത്യയും പാക്കിസ്ഥാനും ചര്‍ച്ച ചെയ്തു പരിഹരിക്കണമെന്ന് ഐക്യരാഷ്ട്ര സഭയില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍. യുഎന്‍ ജനറല്‍ അസംബ്ലിയുടെ ഉന്നതതല യോഗത്തില്‍ ലോക നേതാക്കളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് എര്‍ദോഗന്‍ ഇക്കാര്യം ഉന്നയിച്ചത്.

ഇന്ത്യ ചന്ദ്രനില്‍ എത്തുകയും ജി 20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുകയും ചെയ്യുമ്പോള്‍ പാക്കിസ്ഥാന്‍ ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ യാചിക്കുകയാണെന്ന് പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. പാകിസ്ഥാന്റെ സാമ്പത്തിക തകര്‍ച്ചക്കു കാരണം മുന്‍ ജനറല്‍മാരും ജഡ്ജിമാരുമാണെന്നു കുറ്റപ്പെടുത്തുകയും ചെയ്തു.

രാജ്യത്തെ ഗാര്‍ഹിക സമ്പാദ്യത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) 19 ശതമാനം കുറവുണ്ടായതായി റിസര്‍ ബാങ്ക് ഒഫ് ഇന്ത്യ. ആകെ ഗാര്‍ഹിക സമ്പാദ്യം 13.77 ലക്ഷം കോടി രൂപയായി. ഇത് ജിഡിപിയുടെ 5.1 ശതമാനമാണ്. 2021-22ല്‍ കുടുംബങ്ങളുടെ അറ്റ സാമ്പത്തിക സമ്പാദ്യം ജി.ഡി.പിയുടെ 7.2 ശതമാനമായിരുന്നു. കൊറോണ പടര്‍ന്നു പിടിച്ച 2020-21 ല്‍ കുടുംബങ്ങളുടെ സമ്പാദ്യം ജി.ഡി.പിയുടെ 11.5 ശതമാനമായി ഉയര്‍ന്നിരുന്നു. സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന നിലയാണിത്. 2022-23ല്‍ ബാങ്ക് നിക്ഷേപങ്ങള്‍ കൂടുതലാണെങ്കിലും ചെറുകിട സമ്പാദ്യവും (പി.പി.എഫ് ഒഴികെ) നിക്ഷേപങ്ങളും 2021-22 നെ അപേക്ഷിച്ച് കുറഞ്ഞു. വാണിജ്യ ബാങ്കുകളില്‍ നിന്നുള്ള വായ്പകള്‍ 2021-22 ല്‍ നിന്ന് 2022-23 ല്‍ 54 ശതമാനം ഉയര്‍ന്നു. കുടുംബങ്ങളുടെ സാമ്പത്തിക ആസ്തിയുടെ കാര്യത്തിലും 2022-23 ല്‍ കുറവ് അനുഭവപ്പെട്ടു. 2021-22 ലെ 11.1 ശതമാനത്തില്‍ നിന്ന് 2022-23ല്‍ ജി.ഡി.പിയുടെ 10.9 ശതമാനമായി കുറഞ്ഞു. അതേസമയം ബാധ്യതകള്‍ ജി.ഡി.പിയുടെ 3.8 ശതമാനത്തില്‍ നിന്ന് 5.8 ശതമാനമായി ഉയര്‍ന്നു. കുടുംബങ്ങളുടെ അറ്റ സാമ്പത്തിക സമ്പാദ്യം 34 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തി. ബാധ്യതകളാണ് ഗാര്‍ഹിക സമ്പാദ്യത്തിന്റെ ഇടിവിന് കാരണം. 2022-23ല്‍ ഉപഭോഗത്തെയും റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തെയും പിന്തുണച്ചത് താഴ്ന്ന കുടുംബങ്ങളിലെ സമ്പാദ്യമായി. ജി.ഡി.പി കണക്കുകളനുസരിച്ച് സ്വകാര്യ ഉപഭോഗം 2022-23 ല്‍ 7.5 ശതമാനം ഉയര്‍ന്നു. എന്നാല്‍ 2021-22 ലിത് 11.2 ശതമാനമായിരുന്നു വളര്‍ച്ച. അതേസമയം, ധനകാര്യ, റിയല്‍ എസ്റ്റേറ്റ്, പ്രൊഫഷണല്‍ സേവനങ്ങള്‍ വ്യവസായത്തിന്റെ മൊത്ത മൂല്യവര്‍ധന 2022-23 ല്‍ 7.1 ശതമാനം വര്‍ധിച്ചു. ദുര്‍ബലമായ വരുമാന വളര്‍ച്ചയും കുറയുന്ന ഗാര്‍ഹിക സമ്പാദ്യവുമാണ് കൂടുന്നത്.

ഗണേശ ചതുര്‍ത്ഥി ദിനമായ ഇന്ന് റിലയന്‍സ് ജിയോ എയര്‍ ഫൈബര്‍ സര്‍വീസ് എത്തി. 599 രൂപയ്ക്കാണ് പ്ലാനുകള്‍ ആരംഭിക്കുന്നത്. 30എം.ബി.പി.എസ് ലഭ്യമാക്കുന്ന ഈ പാക്കേജില്‍ 550 ചാനലുകള്‍, നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം, ജിയോ സിനിമോ പ്രീമിയം എന്നിവയുള്‍പ്പെടെ 14 ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ എന്നിവയിലേക്ക് ആക്‌സസുമുണ്ടാകും. 899, 1,199 എന്നിങ്ങനെ വിവിധ പ്ലാനുകള്‍ ലഭ്യമാണ്. 300 ബി.പി.എസിന് 1,499 രൂപയുടെ പ്ലാനും 500എം.ബി.പി.എസിന് 2,499 രൂപയും 1ജ.ബി.പി.എസിന് 3,999 രൂപയുമായിരിക്കും ചെലവ്. ജിയോ അവതരിപ്പിച്ചിട്ടുള്ള ഒപ്റ്റിക്കല്‍ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് സര്‍വീസ് ഒരു കോടി ജനങ്ങളിലേക്ക് എത്തിക്കഴിഞ്ഞു. 15 കോടി കിലോമീറ്ററിലേക്ക് വ്യാപിച്ച് കിടക്കുകയാണ് ഈ സേവനമെങ്കിലും ഇനിയും പല സ്ഥലങ്ങളിലും ജിയോ ഇന്റര്‍നെറ്റ് എത്തിയിട്ടില്ല. ഇവിടങ്ങളിലേക്ക് 5ജി എയര്‍ ഫൈബര്‍ സേവനം എത്തിക്കുകയാണ് ലക്ഷ്യം. വീടുകളിലോ ഓഫീസുകളിലോ കേബിളുകള്‍ വലിക്കാതെ തന്നെ അവിടേക്കാവശ്യമായ ഇന്റര്‍നെറ്റ് റൗട്ടറുകള്‍ വഴി നല്‍കുകയാണ് ലക്ഷ്യം. 5ജി ടവറുകള്‍ സ്ഥാപിക്കുക വഴിയാണ് ഇത് സാധ്യമാകുക. നിലവില്‍ എട്ട് സിറ്റികളിലാണ് ജിയോ എയര്‍ഫൈബര്‍ സംവിധാനം സജ്ജമാക്കിയിട്ടുള്ളത്. അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, പൂനെ എന്നിവിടങ്ങളില്‍ ആണ് സേവനം ആദ്യം എത്തുക. 5ജി ടവറുകള്‍ ഉള്ളിടത്ത് എയര്‍ ഫൈബര്‍ സേവനമെത്തുമെന്നതിനാല്‍ തന്നെ കേരളത്തിലും ഉടന്‍ സേവനം പ്രതീക്ഷിക്കാം.

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകന്‍ ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തില്‍ നായകനാകാന്‍ ബേസില്‍ ജോസഫ്. ‘നുണക്കുഴി’ എന്നാണ് ചിത്രത്തിന്റെ പേര്. സമൂഹ മാധ്യമങ്ങളിലുടെ ‘നുണകുഴി’യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വന്നു. കെ ആര്‍ കൃഷ്ണകുമാറാണ് ‘നുണക്കുഴി’ യുടെ തിരക്കഥ ഒരുക്കുന്നത്. ‘കൂമന്‍ ‘ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ജീത്തു ജോസഫും കെ ആര്‍ കൃഷ്ണകുമാറും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഡാര്‍ക്ക് ഹ്യുമര്‍ ജോണറില്‍പെട്ട ചിത്രമാണ് ‘നുണക്കുഴി ‘. നിലവില്‍ മോഹന്‍ലാലിനെ നായകനാക്കി നേര് എന്ന സിനിമ ഒരുക്കുകയാണ് ജീത്തു ജോസഫ്. ഈ സിനിമ പൂര്‍ത്തിയായാല്‍ ഉടന്‍ ബേസില്‍ ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കും. പ്രശസ്ത സിനിമ നിര്‍മ്മാണ കമ്പനിയായ സരീഗമയും ജീത്തു ജോസഫിന്റെ വിന്റേജ് ഫിലിംസും ചേര്‍ന്നൊരുക്കുന്ന ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത് ഗ്രേസ് ആന്റണിയാണ്. സിദിഖ്, മനോജ് കെ ജയന്‍, ബൈജു, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, പ്രമോദ് വെളിയനാട്, അസീസ് നെടുമങ്ങാട് തുടങ്ങി ഒരു വലിയ താരനിര ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും നാളുകളില്‍ പുറത്ത് വിടും.

ബോളീവുഡിലെ പൊലീസ് ചിത്രങ്ങളുടെ ആരാധകര്‍ അവേശത്തോടെ സ്വീകരിച്ച ചിത്രങ്ങളാണ് സിങ്കം സീരീസിലേത്. ഇതുവരെ നാലു ചിത്രങ്ങളാണ് ഈ ഫ്രാഞ്ചെസിയില്‍ എത്തിയിരിക്കുന്നത്. അജയ് ദേവ്ഗണ്‍, രണ്‍വീര്‍ സിംഗ്, അക്ഷയ് കുമാര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രങ്ങളായിരുന്നു ഇവ. ”സിങ്കം, സിങ്കം റിട്ടേണ്‍സ്, സിംബ, സൂര്യവംശി. എന്നീ ചിത്രങ്ങളാണ് രോഹിത് ഷെട്ടിയുടെ സംവിദാനത്തില്‍ ബോളിവുഡിനെ ഇളക്കി മറിച്ച പൊലീസ് ചിത്രങ്ങള്‍. ഇപ്പോഴിതാ സിങ്കം സീരീലെ അഞ്ചാമത് ചിത്രം എത്തുകയാണ്. ‘സിങ്കം എഗെയ്ന്‍’ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ പൂജയുടെ ദൃശ്യങ്ങള്‍ താരങ്ങളായ അജയ് ദേവ്ഗണ്‍, രണ്‍വീര്‍ സിംഗ്, അക്ഷയ് കുമാര്‍ എന്നിവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ഇതുമായി ബന്ധപ്പെട്ട് വളരെ വൈകാരികമായ കുറിപ്പോടെയാണ് സംവിധായകന്‍ രോഹിത് ഷെട്ടി ചിത്രം പങ്കുവച്ചത്. ”സിങ്കം, സിങ്കം റിട്ടേണ്‍സ്, സിംബ, സൂര്യവംശി. പന്ത്രണ്ട് വര്‍ഷം മുമ്പ്, ഞങ്ങള്‍ സിങ്കം ഇറക്കുമ്പോള്‍, അത് ഒരു കോപ്പ് യൂണിവേഴ്‌സായി മാറുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല! ഇന്ന്, ഞങ്ങള്‍ സിങ്കം എഗെയ്ന്‍ ചിത്രീകരണം ആരംഭിക്കുന്നു. ഞങ്ങളുടെ കോപ്പ് ഫ്രാഞ്ചൈസിയിലെ അഞ്ചാമത്തെ സിനിമ. ഞങ്ങളുടെ ജീവിതം തന്നെ ഈ സിനിമയിലുണ്ട്,” രോഹിത് ഷെട്ടി കുറിച്ചു.

പുതിയ കിയ സോനെറ്റ് അടുത്ത വര്‍ഷം ആദ്യം രാജ്യത്ത് അവതരിപ്പിക്കും. 2020 സെപ്റ്റംബറില്‍ വിപണിയില്‍ എത്തിയതിന് ശേഷം സബ്-4 മീറ്റര്‍ കോംപാക്റ്റ് എസ്യുവിക്ക് ലഭിക്കുന്ന ആദ്യത്തെ സുപ്രധാന അപ്‌ഡേറ്റാണിത്. മാരുതി സുസുക്കി ബ്രെസ്സ, ടാറ്റ നെക്‌സണ്‍, ഹ്യൂണ്ടായ് വെന്യു, മഹീന്ദ്ര എക്‌സ്യുവി300 എന്നിവയുമായാണ് കിയ സോനെറ്റ് വിപണിയില്‍ മത്സരിക്കുക. സെല്‍റ്റോസിനൊപ്പം കിയയുടെ ഏറ്റവും കൂടുതല്‍ വില്‍പന നടക്കുന്ന മോഡലാണ് സോനെറ്റ്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ യഥാക്രമം 4245 യൂണിറ്റുകളും 4120 യൂണിറ്റുകളും സോനെറ്റ് മൊത്തവ്യാപാരം രേഖപ്പെടുത്തി. ഇത് 2023 സാമ്പത്തിക വര്‍ഷത്തിലെ വാഹനത്തിന്റെ ശരാശരി പ്രതിമാസ വോളിയമായ 7,841 യൂണിറ്റിനേക്കാള്‍ വളരെ താഴെയാണ്. കോംപാക്റ്റ് എസ്യുവി സെഗ്മെന്റിലെ ഏറ്റവും ഫീച്ചര്‍-ലോഡഡ് മോഡലുകളിലൊന്നാണ് സോനെറ്റ്. ഇത് ഒന്നിലധികം പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. നിലവില്‍ 7.79 ലക്ഷം മുതല്‍ 14.89 രൂപ വരെ (എക്‌സ്-ഷോറൂം) വിലയുള്ള സോനെറ്റ്, കോംപാക്റ്റ് എസ്യുവി സെഗ്മെന്റില്‍ പണത്തിന് ഏറ്റവും മൂല്യം നല്‍കുന്ന മോഡലുകളില്‍ ഒന്നാണ്. പുതിയ അപ്‌ഡേറ്റിലും കമ്പനി ഈ സവിശേഷത തുടര്‍ന്നേക്കും എന്ന് തന്നെയാണ് പ്രതീക്ഷ.

ജീവിതത്തിലെ നിര്‍ഭാഗ്യവാന്മാരുടെയും നിര്‍ഭാഗ്യവതികളുടെയും മുഖം കാണണോ? ഏതെങ്കിലും ആശുപത്രികളിലെ എല്ലുചികിത്സാ വാര്‍ഡിലോ അല്ലെങ്കില്‍ സംസ്ഥാനത്തെ കുടുംബകോടതികളിലോ ചെല്ലൂ! മ്ലാനവും മൂകവുമായ മുഖങ്ങള്‍, നിര്‍ജ്ജീവമായ കണ്ണുകള്‍, ആകാംക്ഷാഭരിതമായ മനസ്സുകള്‍, സന്തോഷത്തിന്റെ സാന്നിദ്ധ്യം തീരേ അപ്രത്യക്ഷമായ അന്തരീക്ഷം. അഭിഭാഷകര്‍ അവഹേളിക്കപ്പെടുന്നു, ജുഡീഷ്യറിയെ വരുതിയിലാക്കുന്നു, നിയമവ്യവസ്ഥയില്‍ സാമൂഹികനീതി, നിയമം അപ്രത്യക്ഷമാകുന്നു, അടിസ്ഥാനഘടനയ്ക്കപ്പുറത്താണോ ജുഡീഷറി തുടങ്ങിയ ലേഖനങ്ങളിലൂടെയും കഥകളിലൂടെയും ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ ദുരവസ്ഥകളെ അനാവരണം ചെയ്യുന്ന പുസ്തകം. പ്രശസ്തനായ അഭിഭാഷകന്റെ വേറിട്ട ചിന്തകള്‍. ‘തോല്‍വി മാത്രം തരുന്ന കോടതി’. അഡ്വ. കെ. രാംകുമാര്‍. മാതൃഭൂമി. വില 110 രൂപ.

തക്കാളി കഴിക്കുന്നത് പുരുഷന്മാരില്‍ പ്രോസ്റ്റേറ്റ് അര്‍ബുദത്തിന്റെ സാധ്യത കുറയ്ക്കുമെന്ന് പഠനം. ആഴ്ചയില്‍ 10 തവണ തക്കാളി കഴിക്കുന്നത് പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് അര്‍ബുദത്തിന്റെ സാധ്യത കുറയ്ക്കുമെന്ന് പഠനം. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈകോപേന്‍ എന്ന ആന്റിഓക്‌സിഡന്റ്് ആണ് അര്‍ബുദ നിയന്ത്രണത്തില്‍ നിര്‍ണായകമാകുന്നത്. കോശങ്ങള്‍ക്കു നാശം വരുത്തുന്ന ശരീരത്തിലെ വിഷാംശം ലൈകോപേന്‍ നീക്കം ചെയ്യുമെന്നും പ്രോസ്റ്റേറ്റ് അര്‍ബുദ സാധ്യത 18 ശതമാനം കുറയ്ക്കുമെന്നും കാന്‍സര്‍ എപ്പിഡെമോളജി ബയോമാര്‍ക്കേഴ്‌സ് ആന്‍ഡ് പ്രിവന്‍ഷനില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നു. ബ്രിസ്റ്റോള്‍, കേംബ്രിജ്, ഓക്‌സ്ഫഡ് സര്‍വകലാശാലകളിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഇതിനായി ഇവര്‍ 50നും 69നും ഇടയില്‍ പ്രായമുള്ള, പ്രോസ്റ്റേറ്റ് അര്‍ബുദ ബാധിതരായ 1806 പേരുടെ ഭക്ഷണക്രമവും ജീവിതശൈലിയും നിരീക്ഷിച്ചു. അര്‍ബുദമില്ലാത്ത 12,005 പുരുഷന്മാരുടെ ഭക്ഷണക്രമവും ജീവിതശൈലിയും ഇതുമായി താരതമ്യപ്പെടുത്തി. ഇതില്‍ നിന്നാണ് അര്‍ബുദ നിയന്ത്രണത്തില്‍ തക്കാളിക്ക് സ്വാധീനം ചെലുത്താനാകുമെന്ന് കണ്ടെത്തിയത്. ഗവേഷണ ഫലം സ്ഥിരീകരിക്കാന്‍ കൂടുതല്‍ പഠനങ്ങളും മനുഷ്യരില്‍ കൂടുതല്‍ പരീക്ഷണങ്ങളും ആവശ്യമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ആന്റി ഓക്‌സിഡന്റുകള്‍ക്ക് പുറമേ വൈറ്റമിന്‍ സിയും പൊട്ടാസ്യവും തക്കാളിയില്‍ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. ഇത് തലച്ചോറിന്റെയും ഹൃദയത്തിന്റെയും വയറിന്റെയും ആരോഗ്യത്തിനും നല്ലതാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.14, പൗണ്ട് – 102.81, യൂറോ – 88.91, സ്വിസ് ഫ്രാങ്ക് – 92.65, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.75, ബഹറിന്‍ ദിനാര്‍ – 220.57, കുവൈത്ത് ദിനാര്‍ -269.25, ഒമാനി റിയാല്‍ – 215.96, സൗദി റിയാല്‍ – 22.16, യു.എ.ഇ ദിര്‍ഹം – 22.64, ഖത്തര്‍ റിയാല്‍ – 22.83, കനേഡിയന്‍ ഡോളര്‍ – 61.84.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *