yt cover 12

*1985ലെ മികച്ച ജനപ്രിയ ഗാനം?* : https://youtu.be/C9z09QDHHjU | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/

നാലു പേര്‍ക്കു നിപ സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. ഏഴു പഞ്ചായത്തുകളില്‍ യാത്രാ വിലക്ക്. കേന്ദ്ര സംഘം ഇന്നെത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. കുട്ടിയടക്കം ചികില്‍സയിലുള്ള ഏഴു പേരില്‍ രണ്ടു പേര്‍ക്കും മരിച്ച രണ്ടു പേര്‍ക്കുമാണു നിപ സ്ഥിരീകരിച്ചത്. 168 പേര്‍ സമ്പര്‍ക്ക പട്ടികയിലുണ്ട്. തിരുവനന്തപുരത്ത് ഒരാള്‍ നിരീക്ഷണത്തിലാണ്. സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോര്‍ജുമായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ സംസാരിച്ചു.

കോഴിക്കോട് ജില്ലയിലെ ഏഴു പഞ്ചായത്തുകളെ രോഗവ്യാപന മേഖലകളായി പ്രഖ്യാപിച്ച് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. ആയഞ്ചേരി, മരുതോങ്കര, കുറ്റ്യാടി, കായക്കൊടി, കാവിലുംപാറ, തിരുവള്ളൂരിലെ 1, 2, 20 എന്നീ മൂന്നു വാര്‍ഡുകള്‍, വില്യപ്പള്ളിയിലെ ആറ്, ഏഴ് എന്നീ രണ്ടു വാര്‍ഡുകള്‍ എന്നിവിടങ്ങളിലാണു നിയന്ത്രണം.

നിപ പടര്‍ന്ന സാഹചര്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒരുക്കിയ സജ്ജീകരണങ്ങള്‍ മന്ത്രി വീണാ ജോര്‍ജ് വിലയിരുത്തി. മെഡിക്കല്‍ കോളജില്‍ 75 ബെഡുകളുള്ള ഐസലേഷന്‍ റൂമുകള്‍ സജ്ജമാക്കി. കുട്ടികള്‍ക്ക് പ്രത്യേകമായും ഐസലേഷന്‍ സൗകര്യമുണ്ട്. ഐ.സി.യു, വെന്റിലേറ്റര്‍ സൗകര്യങ്ങളും ഒരുക്കി.

*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ*

ജീവിതം സുന്ദരമാക്കാന്‍ KSFE ഡയമണ്ട് ചിട്ടികള്‍. ബമ്പര്‍ സമ്മാനം : 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍. കൂടാതെ ആയിരം പവന്‍ സ്വര്‍ണ്ണവും.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com , Ph: 0487 – 2332255 , Toll free Helpline: 18004253455*

ചുഴലിക്കാറ്റും വെള്ളപ്പൊക്കവും മൂലം തകര്‍ന്ന് കിഴക്കന്‍ ലിബിയ. മൂവായിരം പേര്‍ മരിച്ചു. പതിനായിരത്തിലധികം പേരെ കാണാതായി. ഡെര്‍ന നഗരത്തെ കടലെടുത്തു. നഗരത്തിലെ രണ്ടു ഡാമുകള്‍ തകര്‍ന്നതോടെയാണ് ഇത്രയും വലിയ നാശനഷ്ടമുണ്ടായത്.

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതി നടപടികള്‍ തുടരാമെന്ന് സുപ്രീം കോടതി. കെ. ബാബുവിനെതിരെ മല്‍സരിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്ന കേരളാ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തില്ല.

കേരളത്തിനുള്ള രണ്ടാം വന്ദേ ഭാരത് ഉടനേയെന്ന് എം കെ രാഘവന്‍ എം പി. മംഗലാപുരം മുതല്‍ തിരുവനന്തപുരം വരെയാകും സര്‍വീസെന്നും ദക്ഷിണ റെയില്‍വെയില്‍നിന്ന് ഇക്കാര്യത്തില്‍ ഉറപ്പു ലഭിച്ചെന്നും എം കെ രാഘവന്‍ അറിയിച്ചു.

കോണ്‍ഗ്രസ് മണ്ഡലം പുനഃസംഘടന 20 നുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ഡിസിസികള്‍ക്ക് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ അന്ത്യശാസനം നല്‍കി. കെപിസിസി നേതൃയോഗത്തിലാണു നിര്‍ദേശം. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയോടുള്ള സ്നേഹത്തോടൊപ്പം സര്‍ക്കാര്‍ വിരുദ്ധ വികാരവും വോട്ടായെന്നാണ് കെപിസിസി ഭാരവാഹി യോഗം വിലയിരുത്തിയത്.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

നാഷണല്‍ പെര്‍മിറ്റുള്ള കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ സ്റ്റേറ്റ് ക്യാരേജ് വാഹനങ്ങളായി സര്‍വ്വീസ് നടത്തുന്നത് കര്‍ശനമായി തടയാന്‍ തീരുമാനം. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് യോഗത്തിലാണ് തീരുമാനം. ഈ മാസവും അടുത്ത മാസവും പ്രത്യേക ഡ്രൈവ് നടത്തും.

ഇടുക്കി ചെറുതോണി അണക്കെട്ട് സുരക്ഷിതമെന്ന് ഡാം സേഫ്റ്റി അധികൃതര്‍. ഡാമിന്റെ അഞ്ചു ഷട്ടറുകളും തുറന്നു പരിശോധിച്ചു. ഡാമിന്റെ അതീവ സുരക്ഷാ മേഖലയില്‍ കയറി താഴിട്ടു പൂട്ടുകയും ഷട്ടര്‍ റോപ്പില്‍ ദ്രാവകം ഒഴിക്കുകയും ചെയ്ത ഒറ്റപ്പാലം സ്വദേശിയെ കണ്ടെത്താന്‍ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കും.

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് 2023 -ലെ വൈജ്ഞാനിക പുരസ്‌കാരം പ്രഖ്യാപിച്ചു. എന്‍ .വി കൃഷ്ണവാര്യര്‍ സ്മാരക വൈജ്ഞാനിക പുരസ്‌കാരം അഭിലാഷ് മലയിലിന്റെ ‘റയ്യത്തുവാരി’ എന്ന കൃതി നേടി. ഡോ.കെ.എം ജോര്‍ജ്ജ് സ്മാരക ഗവേഷണ പുരസ്‌കാരം ഡോ. അശോക് എ ഡിക്രൂസ്, ഡോ. ഇ. രതീഷ് എന്നിവര്‍ക്കാണ്. എം.പി. കുമാരന്‍ സ്മാരക വിവര്‍ത്തന പുരസ്‌കാരം ആശാലതയ്ക്കാണ്. 20 നു മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു വനംവകുപ്പ് ശേഖരിച്ച 68.68 ടണ്‍ ചന്ദനം ഓണ്‍ലൈന്‍ ലേലത്തിലൂടെ വില്‍ക്കുന്നു. ചന്ദനത്തൈലവും ലേലത്തിനുണ്ടാകും. 35 കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്.

തൃശൂരില്‍ അവധിയിലായിരുന്ന എസ്ഐ പൊതുസ്ഥലത്തു മദ്യപിച്ചെന്നു കള്ളക്കേസില്‍ കുടുക്കിയ നെടുപുഴ സിഐ ദിലീപികുമാറിനെതിരേ നടപടി വരും. എസ്.ഐ. ആമോദ് മദ്യപിച്ചിട്ടില്ലെന്നു വ്യക്തമാക്കുന്ന രക്തപരിശോധന ഫലം പുറത്തുവന്നു.

ഫോണില്‍ അശ്ലീല വീഡിയോ കാണുന്നത് തെറ്റല്ലെന്ന് ഹൈക്കോടതി. അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നതും വിതരണം ചെയ്യുന്നതുമാണ് കുറ്റം. 2016 ജൂലൈയില്‍ ആലുവ പാലത്തിന് സമീപം അശ്ലീല വീഡിയോ കണ്ടതിന് യുവാവിനെതിരെ ആലുവ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി.

ചാലക്കുടിയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുമായി മരുമകളുടെ അനുജത്തിയായ യുവതി ഹൈക്കോടതിയില്‍. ലഹരിമരുന്ന് കേസില്‍ തന്നെ പ്രതിയാക്കി അറസ്റ്റു ചെയ്യുന്നതു തടയണമെന്ന് ആവശ്യപ്പെട്ടാണ് യുവതി മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയത്.

വ്യാജ നിയമന ഉത്തരവുമായി മൂന്നു പേര്‍ പിഎസ്സി ആസ്ഥാനത്ത് പിടിയിലായി. പിഎസ്സി സെക്രട്ടറിയുടെ പരാതിയില്‍ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തു. ടൂറിസം, വിജിലന്‍സ്, ഇന്‍കംടാക്സ് എന്നീ ഡിപ്പാര്‍ട്ടുമെന്റുകളില്‍ ക്ലര്‍ക്കായി നിയമനം ലഭിച്ചെന്ന വ്യാജ രേഖയുമായാണ് മൂന്നു പേര്‍ എത്തിയത്.

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ സിപിഎം നേതാക്കള്‍ക്കെതിരേ എന്‍ഫോഴ്സ്മെന്റ് നടത്തുന്ന അന്വേഷണത്തിനെതിരെ തൃശൂര്‍ എല്‍ഡിഎഫ് പ്രതിഷേധ മാര്‍ച്ച് നടത്തി. എ സി മൊയ്തീന്‍ എംഎല്‍എ അടക്കമുള്ളവരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നെന്ന് ആരോപിച്ചാണ് തൃശൂരില്‍ പ്രതിഷേധ റാലി നടത്തിയത്. അതേസമയം, സിപിഎം നേതാവും മുന്‍ എംപിയുമായ പി കെ ബിജുവിനെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് നോട്ടീസ് നല്‍കും.

അപകടാവസ്ഥയിലായ കൊല്ലം കെഎസ്ആര്‍ടിസി ബസ്റ്റ് സ്റ്റാന്‍ഡ് കെട്ടിടം നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് വര്‍ഷങ്ങളായി മന്ത്രി ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും ഫലമില്ലെന്ന് സിപിഎം എംഎല്‍എയും നടനുമായ എം. മുകേഷ്. ഗതാഗത മന്ത്രി ആന്റണി രാജുവിനേയും മുന്‍ ഗതാഗതമന്ത്രി എ കെ ശശീന്ദ്രനേയുമാണ് ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചത്. യാത്രക്കാര്‍ക്കു സൗകര്യമുള്ള ബസ് സ്റ്റാന്‍ഡ് നിര്‍മിക്കാന്‍ എംഎല്‍എ ഫണ്ടില്‍നിന്ന് ഒരു കോടിയും പിന്നീട് ആറ് കോടിയും നല്‍കാമെന്നു പറഞ്ഞ് വകുപ്പിന് കത്ത് നല്‍കിയിട്ടും ഫലമില്ലെന്ന് മുകേഷ് ആരോപിച്ചു.

വിനോദസഞ്ചാരികളുമൊത്തുള്ള ട്രക്കിംഗിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വയനാട്ടിലെ വനംവാച്ചര്‍ തങ്കച്ചന്റെ കുടുബത്തിന് 11.25 ലക്ഷം രൂപ ധനസഹായമായി നല്‍കും. മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കളും നാട്ടുകാരും നടത്തിയ പ്രതിഷേധത്തിനൊടുവിലാണ് നഷ്ടപരിഹാരതുക നല്‍കാന്‍ തീരുമാനമായത്.

പൊലീസ് കാവലുളള കണ്ണൂര്‍ മാങ്ങാട് കെഎപി ക്യാമ്പിലെ ചന്ദന മരം മോഷ്ടിച്ചു. വോളിബോള്‍ കോര്‍ട്ടിന് സമീപത്തായിരുന്നു ചന്ദന മരം. ആറു മാസം മുമ്പും ഇവിടെ നിന്ന് ചന്ദന മരം മോഷ്ടിച്ചിരുന്നു.

ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റിലേക്ക് ഒരു വനിത. ട്രസ്റ്റിന്റെ ചരിത്രത്തിലാദ്യമായി ഭരണ സമിതിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശോഭയാണു ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റംഗമായി ചരിത്രം കുറിച്ചത്. കഴിഞ്ഞവര്‍ഷം ഇവര്‍ വൈസ് പ്രസിഡന്റ് ആയിരുന്നു.

തൃശൂര്‍ തൃപ്രയാറില്‍ ബാറിലെ സംഘര്‍ഷത്തില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതി അറസ്റ്റില്‍. നാട്ടിക മൂത്തകുന്നം ബീച്ച് കയനപ്പറമ്പില്‍ വ്യാസന്‍ (43) ആണ് അറസ്റ്റിലായത്. തളിക്കുളം തമ്പാന്‍കടവ് പാപ്പാച്ചന്‍ ശിവാനന്ദന്‍ (50) കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്.

പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന സിപിഎം ജില്ലാ കമ്മിറ്റി അംഗം ജെയ്ക്ക് സി തോമസിനും പങ്കാളി ഗീതു തോമസിനും ആണ്‍കുഞ്ഞ് പിറന്നു. തെരഞ്ഞെടുപ്പ് സമയത്ത് ഗര്‍ഭിണിയായിരുന്ന ഗീതുവിനെ സോഷ്യല്‍മീഡിയയില്‍ അപമാനിച്ചതിനു കേസെടുത്തിരുന്നു.

കാസര്‍കോട് ഉപ്പള പച്ചിലംപാറയില്‍ രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സുമംഗലി – സത്യനാരായണ ദമ്പതികളുടെ കുഞ്ഞാണ് കൊല്ലപ്പെട്ടത്. വയലിലെ ചെളിയില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ഡല്‍ഹി പോലീസില്‍ കോണ്‍സ്റ്റബിള്‍മാരായി നിയമിക്കാന്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.

ഡീസല്‍ വാഹനങ്ങള്‍ക്കു പത്തു ശതമാനം അധിക ജീഎസ്ടി ഏര്‍പ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. വായുമലിനീകരണം തടയുന്നതിന് പൊല്യുഷന്‍ ടാക്സ് എന്ന പേരിലാണ് അധിക ജിഎസ്ടി കൂടി ചുമത്തണമെന്ന നിര്‍ദേശം ധനമന്ത്രാലയത്തിനു നല്‍കിയതെന്നും ഗഡ്കരി വ്യക്തമാക്കി.

ഛത്തീസ്ഗഡില്‍ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപിയുടെ ‘പരിവര്‍ത്തന്‍ യാത്ര’ ബസ്തറിലെ ദന്തേവാഡയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു. പതിനാറ് ദിവസം നീളുന്ന ഒന്നാം പരിവര്‍ത്തന്‍ യാത്ര 21 ജില്ലകളിലായി 1728 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് കോണ്‍ഗ്രസ് സര്‍ക്കാരിനെതിരേ പ്രചാരണം നടത്തും. സെപ്റ്റംബര്‍ 28 ന് ബിലാസ്പുരിലാണ് യാത്ര അവസാനിക്കുക.

സനാതമ ധര്‍മത്തെ എതിര്‍ക്കുന്നവരുടെ നാവ് പിഴുതെടുക്കുകയും കണ്ണ് ചൂഴ്ന്നെടുക്കുകയും ചെയ്യുമെന്ന കൊലവിളിയുമായി കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്. രാജസ്ഥാനിലെ ബാര്‍മറില്‍ ബിജെപിയുടെ പരിവര്‍ത്തന്‍ സങ്കല്‍പ് യാത്രയ്ക്കിടെയാണ് മന്ത്രിയുടെ ഭീഷണിയെന്ന് ഇന്ത്യാടുഡെ റിപ്പോര്‍ട്ട് ചെയ്തു. പൂര്‍വികര്‍ ജീവന്‍ പണയംവച്ചു സംരക്ഷിച്ച സനാതന ധര്‍മം ഉന്മൂലനം ചെയ്യാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.

ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്ന 45 കരാറുകളില്‍ ഒപ്പുവച്ചു. ഉഭയകക്ഷി സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ നേതാക്കളുടെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തിയ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസ് അല്‍ സൗദിന്റെ സന്ദര്‍ശനത്തിലാണ് തീരുമാനങ്ങളുണ്ടായത്.

വിമാനം തകരാറിലായതുമൂലം ഡല്‍ഹിയില്‍ തങ്ങിയിരുന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ മടങ്ങിപ്പോയി. ജി 20 ഉച്ചകോടിക്ക് എത്തിയ അദ്ദേഹം രണ്ടു ദിവസം കഴിഞ്ഞ് വിമാനം നന്നാക്കിയശേഷമാണു സ്വന്തം രാജ്യത്തേക്കു മടങ്ങിയത്.

പശ്ചിമബംഗാളില്‍ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രിയെ ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫീസില്‍ പൂട്ടിയിട്ടു. കേന്ദ്ര സഹമന്ത്രി സുബാസ് സര്‍ക്കാരിനെയാണ് പൂട്ടിയിട്ടത്. മന്ത്രി ഏകാധിപത്യപരമായും വിവേചനപരമായും പെരുമാറുന്നുവെന്ന് ആരോപിച്ചാണ് പൂട്ടിയിട്ടത്.

ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലില്‍. ഇന്നലെ നടന്ന സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ശ്രീലങ്കയെ 41 റണ്‍സിന് കീഴടക്കിയാണ് ഇന്ത്യ ഫൈനല്‍ ഉറപ്പിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 214 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്ക 41.3 ഓവറില്‍ 172 റണ്‍സിന് ഓള്‍ഔട്ടായി. നാലു വിക്കറ്റെടുത്ത കുല്‍ദീപ് യാാദവും രണ്ട് വിക്കറ്റ് വീതമെടുത്ത രവീന്ദ്ര ജഡേജയും ജസ്പ്രീത് ബുമ്രയുമാണ് ഇന്ത്യന്‍ ജയം സാധ്യമാക്കിയത്.

തുടര്‍ച്ചയായി രണ്ടാം മാസവും എസ്.ഐ.പി നിക്ഷേപം 15,000 കോടി കടന്നു. കഴിഞ്ഞ മാസം മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ വാഗ്ദാനം ചെയ്യുന്ന സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകള്‍ (എസ്.ഐ.പി) വഴി റെക്കോഡ് നിക്ഷേപമാണ് നടന്നത്. ആഗസ്റ്റില്‍ നിക്ഷേപകര്‍ 15,813 കോടി രൂപയുടെ നിക്ഷേപം നടത്തിയതായി അസോസിയേഷന്‍ ഒഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യ വ്യക്തമാക്കുന്നു. ജൂലായില്‍ ഇത് 15,243 കോടി രൂപയായിരുന്നു. അതേസമയം ജൂലായില്‍ 6.8 കോടി ആയിരുന്ന എസ്.ഐ.പി. അക്കൗണ്ടുകള്‍ ആഗസ്റ്റില്‍ 6.9 കോടിയായിട്ടുണ്ട്. ആഗസ്റ്റ് അവസാനത്തോടെ, എസ്.ഐ.പികള്‍ക്ക് കീഴില്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 8.47 ലക്ഷം കോടി രൂപയായി എന്നും ഓഗസ്റ്റില്‍ 35 ലക്ഷം പുതിയ എസ്.ഐ.പികള്‍ ആരംഭിച്ചുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം കഴിഞ്ഞമാസം വരുമാനം അല്ലെങ്കില്‍ കടം അടിസ്ഥാനമാക്കിയുള്ള സ്‌കീമുകളില്‍ നിന്ന് 25,872 കോടി രൂപ പുറത്തേക്ക് ഒഴുക്കി. ഇക്വിറ്റി, ഹൈബ്രിഡ് സ്‌കീമുകളുടെ മൊത്തത്തിലുള്ള എ.യു.എം ആഗസ്റ്റ് അവസാനത്തിലെ കണക്ക് അനുസരിച്ച്, 12.30 കോടി പോര്‍ട്ട്ഫോളിയോകളില്‍ 24.38 ലക്ഷം കോടി രൂപയാണ്. ആഗസ്റ്റില്‍ 19.58 ലക്ഷം എസ്‌ഐപികള്‍ നിര്‍ത്തലാക്കുകയോ കാലാവധി കഴിയുകയോ ചെയ്തു, ജൂലായില്‍ ഇത് 17 ലക്ഷത്തിലേറെയായിരുന്നു. മ്യൂച്വല്‍ ഫണ്ട് വ്യവസായത്തിന്റെ മൊത്തം എ.യു.എം ജൂലായിലെ 46.37 ലക്ഷം കോടിയില്‍ നിന്ന് ആഗസ്റ്റില്‍ 46.93 ലക്ഷം കോടിയായി വളര്‍ന്നു.

ആര്‍ഡിഎക്സിന്റെ തകര്‍പ്പന്‍ വിജയത്തിനു ശേഷം വീക്കെന്റ് ബ്ലോക്ക്ബസ്റ്റര്‍സിന്റെ ബാനറില്‍ സോഫിയാ പോള്‍ നിര്‍മിക്കുന്ന പുതിയ ചിത്രത്തില്‍ ആന്റണി വര്‍ഗീസ് നായകനാകുന്നു. നവാഗതനായ അജിത് മാമ്പള്ളി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കടല്‍ പശ്ചാത്തലത്തില്‍ ഒരു റിവഞ്ച് ആക്ഷന്‍ ഡ്രാമയായാണ് ചിത്രം എത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. വലിയ മുടക്കുമുതലില്‍ അവതരിപ്പിക്കുന്ന ചിത്രത്തില്‍ വന്‍ താരനിരയും ഉണ്ടാകുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. റോയലിന്‍ റോബര്‍ട്ട്, സതീഷ് തോന്നക്കല്‍, അജിത് മാമ്പള്ളി എന്നിവരുടേതാണ് തിരക്കഥ. അജിത് മാമ്പള്ളിയുടെ സ്വതന്ത്രസംവിധായകനായുള്ള അരങ്ങേറ്റമാണ് ചിത്രം. ആര്‍ഡിഎക്സിന് സംഗീതം ഒരുക്കിയ സാം.സി.എസ് തന്നെയാണ് പുതിയ സിനിമയ്ക്കും സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. സെപ്റ്റംബര്‍ പതിനാറ് കൊച്ചി, ഇടപ്പള്ളി അഞ്ചു മന ദേവീക്ഷേത്രത്തില്‍ നടക്കുന്ന പൂജാ ചടങ്ങോടെ ചിത്രത്തിന് തുടക്കം കുറിക്കും.

അല്‍ഫോണ്‍സ് പുത്രന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഗിഫ്റ്റി’ന്റെ ‘മ്യൂസിക്കല്‍’ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് സംവിധായകന്‍. തന്റെ സിനിമകളുടെ അറിയിപ്പുകളെല്ലാം വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിച്ച് കൊണ്ട് അല്‍ഫോണ്‍സ് എപ്പോഴും ചര്‍ച്ചകളില്‍ ഇടം നേടാറുണ്ട്. സാധാരണ സിനിമകളുടെ ഫസ്റ്റ് ലുക്കുകള്‍ പോലെ താരങ്ങളുടെ ചിത്രങ്ങളോ മറ്റോ അല്ല ഇതിലുള്ളത്, പകരം സംഗീതമാണുള്ളത്. ഇളയരാജയാണ് സിനിമയുടെ സംഗീത സംവിധായകന്‍. ഇളയരാജയുടെ സ്വതസിദ്ധമായ താളം 52 സെക്കന്റുള്ള വീഡിയോയില്‍ കേള്‍ക്കാം. ചിത്രത്തില്‍ ഏഴ് ഗാനങ്ങളാണ് ഉള്ളത്. ഒരു ലക്ഷത്തിന് മുകളില്‍ ആളുകളാണ് ഇതുവരെ യൂട്യൂബില്‍ വീഡിയോ കണ്ടിരിക്കുന്നത്. വിടുതലൈ എന്ന സിനിമയ്ക്ക് ശേഷം ഇളയരാജയുടെ മാസ്റ്റര്‍പീസ് സംഗീതത്തിന് കാത്തിരിപ്പിലാണ് സിനിമാലോകം. സാന്‍ഡി, കോവൈ സരള, മഹാലക്ഷ്മി സുദര്‍ശന്‍, സമ്പത്ത് രാജ്, സഹന സര്‍വേഷ് എന്നിവരാണ് സിനിമയില്‍ പ്രധാനവേഷത്തിലെത്തുന്നത്. റോമിയോ പിക്ചേഴ്സിന്റെ ബാനറില്‍ രാഹുലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ കാവസാക്കി തങ്ങളുടെ പുതിയ മോട്ടോര്‍സൈക്കിള്‍ നിഞ്ച ഇസെഡ്എക്സ് -4ആര്‍ ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗികമായി അവതരിപ്പിച്ചു. ആകര്‍ഷകമായ രൂപവും കരുത്തുറ്റ എഞ്ചിനും സജ്ജീകരിച്ചിരിക്കുന്ന ഈ ബൈക്കിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 8.49 ലക്ഷം രൂപയാണ്. 399 സിസി ഇന്‍ലൈന്‍-4 എഞ്ചിനുള്ള രാജ്യത്തെ ആദ്യത്തെ ബൈക്കാണിത്. വില കൂടുതലാണെങ്കിലും കമ്പനി ഈ ബൈക്കില്‍ നൂതന സവിശേഷതകളും സാങ്കേതികവിദ്യയും വാഗ്ദാനം ചെയ്യുന്നു. ലോകോത്തര സൂപ്പര്‍ബൈക്കായാണ് നിഞ്ച ഇസെഡ്എക്സ് -4ആര്‍ കമ്പനി വികസിപ്പിച്ചിരിക്കുന്നതെന്ന് കവാസാക്കി പറയുന്നു. 399 സിസി ശേഷിയുള്ള ലിക്വിഡ് കൂള്‍ഡ് ഇന്‍ലൈന്‍-4 സിലിണ്ടര്‍ എഞ്ചിനാണ് ഈ ബൈക്കിന്റെ ഹൃദയം. ഈ എഞ്ചിന്‍ 80 എച്ച്പി ശക്തമായ പവര്‍ സൃഷ്ടിക്കുന്നു. കാവസാക്കി ഈ ബൈക്കിന്റെ അടിസ്ഥാന വേരിയന്റ് മാത്രമാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. സ്‌പോര്‍ട്ട്, റോഡ്, റെയിന്‍, കസ്റ്റമൈസ്ഡ് റൈഡര്‍ മോഡ് എന്നിവ ഉള്‍പ്പെടുന്ന മൊത്തം നാല് റൈഡിംഗ് മോഡുകള്‍ ഈ ബൈക്കില്‍ ലഭ്യമാണ്. ഒരു മെറ്റാലിക് സ്പാര്‍ക്ക് ബ്ലാക്ക് നിറത്തില്‍ മാത്രമേ ഈ ബൈക്ക് ലഭ്യമാകൂ.

മുപ്പതു വര്‍ഷത്തിലേറെ പഴക്കമുള്ള വിവാഹക്ഷണക്കത്തില്‍ ചോരയില്‍ മുക്കിയ 42 വിരല്‍പ്പാടുകള്‍. അന്വേഷണം ചെന്നെത്തുന്നത് സനാരി ഗ്രാമത്തില്‍. കുറ്റവാളിയെയല്ല മറിച്ച് കുറ്റത്തെ തേടുന്ന പൊലീസ് ഉദ്യോഗസ്ഥന്‍. മതവും ആത്മീയതയും പ്രണയവും വെറുപ്പും പ്രതികാരവും ഇഴചേരുന്ന മിസ്റ്ററി ത്രില്ലര്‍. ‘സനാരി – കുറ്റവാളിയല്ല കുറ്റമാണ് മറഞ്ഞിരിക്കുന്നത്’. മാനുവല്‍ ജോര്‍ജ്. മനോരമ ബുക്സ്. വില 370 രൂപ.

സവാള ചിലര്‍ ഇത് പച്ചയ്ക്ക് കഴിക്കാറുണ്ട്. പ്രത്യേകിച്ചും നോണ്‍ വെജ് ഭക്ഷണങ്ങള്‍ക്ക് ഒപ്പം സവാള ചെറുതായി അരിഞ്ഞു പച്ചയോടെ കഴിക്കുന്നത് സാധാരണമാണ്. ഇങ്ങനെ സാവാള കഴിക്കുന്നത് നല്ലതാണോ? രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കുന്നതില്‍ മുതല്‍ ദഹനം മെച്ചപ്പെടുത്താന്‍ വരെ സവാള പച്ചയ്ക്ക് കഴിക്കുന്നത് നല്ലതാണെന്നാണ് അഭിപ്രായം. സവാളയിലെ ആന്റി ഓക്സിഡന്റ്സ് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ നല്ലതാണ്. സവാളയിലെ തന്മാത്രകള്‍ പാന്‍ക്രിയാസ്, കരള്‍, ചെറുകുടല്‍, അഡിപ്പോസ് ടിഷ്യു എന്നിവയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ള സവാള ശരീരത്തിലെ അനാവശ്യ മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും കുടല്‍ വൃത്തിയാക്കുകയും ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിര്‍ത്തുകയും ചെയ്യും. സവാളയില്‍ അടങ്ങിയിട്ടുള്ള സള്‍ഫര്‍ ഘടകങ്ങള്‍, രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കും. പ്ലേറ്റ്‌ലറ്റ് അടിയുന്നത് തടയാനും സവാള സഹായിക്കും. സവാളയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റ്, പുരുഷ ബീജത്തിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. ബീജത്തിന്റെ എണ്ണവും ഗുണമേന്മയും വര്‍ദ്ധിപ്പിക്കാനും സവാള ജ്യൂസ് അടിച്ചു കുടിക്കുന്നത് നല്ലതാണെന്ന് പഠനങ്ങളില്‍ സൂചിപ്പിക്കുന്നു.

*ശുഭദിനം*

*കവിത കണ്ണന്‍*

അയാള്‍ പ്രസിദ്ധനായ ഒരു ചിത്രകാരനായിരുന്നു. ആളുകള്‍ തന്നെ പ്രശംസിക്കുന്നതില്‍ എത്രമാത്രം യാഥാര്‍ത്ഥ്യമുണ്ടെന്ന് കണ്ടെത്താന്‍ അദ്ദേഹം തീരുമാനിച്ചു. ഒരു ചിത്രംവരച്ച് പൊതുസ്ഥലത്ത് അദ്ദേഹം പ്രദര്‍ശിപ്പിച്ചു. കൂടെ ഒരു കുറിപ്പും. ഈ ചിത്രത്തില്‍ എന്തെങ്കിലും തെറ്റ് കണ്ടെത്തുന്നവര്‍ അവിടെ ഒരു അടയാളമിടുക. അന്ന് വൈകുന്നേരത്തെ കാഴ്ച അദ്ദേഹത്തിന് ഹൃദഭേദകമായിരുന്നു. ചിത്രം നിറയെ അടയാളങ്ങള്‍. അദ്ദേഹം തന്റെ ചിത്രരചന തന്നെ നിര്‍ത്തുവാന്‍ തീരുമാനിച്ചു. ഇത് അറിഞ്ഞ കൂട്ടുകാരന്‍ അദ്ദേഹത്തോട് ഒരു ചിത്രം കൂടി വരച്ച് പ്രദര്‍ശിപ്പിക്കുവാന്‍ ആവശ്യപ്പെട്ടു. കൂടെ ഇങ്ങനെ ഒരു കുറിപ്പും. ഈ ചിത്രത്തില്‍ തെറ്റ് കണ്ടെത്തുന്നവര്‍ അത് തിരുത്തുക. വൈകുന്നേരമായിട്ടും ഒരടയാള പോലും വീണില്ല. സുഹൃത്ത് പറഞ്ഞു. കണ്ടില്ലേ, തെറ്റ് പറയാന്‍ ഏത് വിഢ്ഢിക്കും സാധിക്കും, പക്ഷേ, തിരുത്താന്‍ അറിവുളളവര്‍ക്ക് മാത്രമേ സാധിക്കൂ. അയാള്‍ തന്റെ വര സന്തോഷത്തോടെ തുടര്‍ന്നു.. എല്ലാവരോടും അഭിപ്രായങ്ങള്‍ ചോദിക്കരുത്. കാരണം എല്ലാവര്‍ക്കും എല്ലാകാര്യത്തിലും അഭിപ്രായങ്ങള്‍ പറയാന്‍ വലിയ താല്‍പര്യമാണ്. അഭിപ്രായം ചോദിക്കണമെങ്കില്‍ അറിവുളളവരോട് മാത്രം ചോദിക്കുക. ഓരോ കര്‍മ്മത്തിലും അത് ചെയ്യുന്നവന്റെ അധ്വാനവും ആത്മാവും ഉണ്ടാകും. അതുപോലെ തന്നെ അതില്‍ പോരായ്മകളും ഉണ്ടാകും. അധിഷേപിക്കാന്‍ എളുപ്പമാണ്. ഒറ്റവാക്കിലൂടെയോ നോട്ടത്തിലൂടെയോ ഒരാളെ ഇല്ലാതാക്കാന്‍ സാധിക്കും. പക്ഷേ, ചിലപ്പോള്‍ ഒരായുസ്സുമുഴുവന്‍ പുനര്‍നിര്‍മ്മാണപ്രക്രിയ നടത്തിയാലും ചിലപ്പോള്‍ അയാളെ പുനരുജ്ജീവിപ്പിക്കാന്‍ സാധിച്ചെന്നുവരില്ല. ഒരാളുടെയെങ്കിലും പുരോഗതിയുടെ ഭാഗമാകാന്‍ കഴിഞ്ഞാല്‍ അതില്‍പരം സന്തോഷമെന്താണുള്ളത്.. – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *