◾മാധ്യമപ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ തോന്നുംപോലെ പിടിച്ചെടുക്കരുതെന്നു സുപ്രീംകോടതി. ഇതിനായി വ്യക്തമായ മാര്‍ഗനിര്‍ദ്ദേശം തയ്യാറാക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അന്വേഷണ ഏജന്‍സികള്‍ ഭരണകൂടമായി മാറുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ഫോണും കമ്പ്യൂട്ടറടക്കമുള്ള ഉപകരണങ്ങളും പിടിച്ചെടുക്കുന്ന പ്രവണത വര്‍ധിച്ചതിനെതിരേ മീഡിയ പ്രൊഫഷണല്‍സ് ഫൗണ്ടേഷന് നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് വാര്‍ത്താസ്രോതസ് സംരക്ഷിക്കാനുള്ള അവകാശമുണ്ട്. സ്വകാര്യത മൗലിക അവകാശമാണെന്നും സുപ്രീംകോടതി ഓര്‍മ്മിപ്പിച്ചു.
◾ഏഴു ദിവസമായി തിരുവനന്തപുരത്ത് നടത്തിയ കേരളീയം -2023 അടുത്ത വര്‍ഷങ്ങളിലും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിന്റെ പാരമ്പര്യവും പ്രൗഢിയും ലോകമെങ്ങും അറിയിക്കുന്ന പരിപാടിയാണിത്. കേരളീയം സമ്പൂര്‍ണ വിജയമായെന്നും പിണറായി അവകാശപ്പെട്ടു.
◾
*പുളിമൂട്ടില്‍ സില്‍ക്സിലെ ഇഷ്ടം പോലെ ഓഫര്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം*
തൃശൂര്‍ തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്സിന്റെ വാര്‍ഷിക ഡിസ്കൗണ്ടിനു പുറമെ രണ്ടെണ്ണമോ, മൂന്നെണ്ണമോ, നാലെണ്ണമോ വാങ്ങിയാല്‍ 10,15, 20 ശതമാനം വരെ എക്സ്ട്രാ ഓഫര്‍ ലഭിക്കും. സാരികള്‍ക്ക് 70 ഉം ലേഡീസ് വെയറിനും മെന്‍സ് വെയറിനും 65 ഉം കിഡ്സ് വെയറിന് 60 ശതമാനവും വരെ കിഴിവുകള്‍ നേരത്തെ തന്നെ നല്‍കുന്നുണ്ട്. ഇഷ്ടം പോലെ ഓഫറിനു പുറമെ എക്സ്ട്രാ ഓഫര്‍ കൂടി നേടാന്‍ ഉടന്‍ തന്നെ പുളിമൂട്ടില്‍ സില്‍ക്സിന്റെ ഷോറൂം സന്ദര്‍ശിക്കൂ.
◾വയനാട്ടിലെ തലപ്പുഴ പേരിയ മേഖലയില്‍ മാവോയിസ്റ്റുകളും തണ്ടര്‍ ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടി. അര മണിക്കൂര്‍ നേരം വെടിവയ്പുണ്ടായി. മേഖലയില്‍ പൊലീസ് വിന്യാസം ശക്തമാക്കിയിട്ടുണ്ട്. രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. മാവോയിസ്റ്റുകള്‍ക്ക് സഹായം എത്തിക്കുന്നയാളും പിടിയില്‍.
◾കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ കേസില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിന് ഇ ഡി നോട്ടീസ് അയച്ചു. ഈ മാസം 25 ന് ചോദ്യം ചെയ്യലിന് കൊച്ചി ഓഫീസില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം.
◾കേരളീയം 2023 പരിപാടി ഗിന്നസ് റെക്കോര്‍ഡില്‍ ഇടംനേടി. 67-ാം കേരളപ്പിറവി ആഘോഷവേളയില്‍ 67 വ്യത്യസ്ത ഭാഷകളില്‍ 67 പേര് ഓണ്‍ലൈന്‍ വീഡിയോ മുഖേന കേരളപ്പിറവി ആശംസകള്‍ നേര്‍ന്നാണ് റിക്കാര്‍ഡിട്ടത്. ഗിന്നസ് നേട്ടത്തിന്റെ സര്‍ട്ടിഫിക്കറ്റ് കേരളീയം സമാപന ചടങ്ങില്‍ ചീഫ് സെക്രട്ടറി വി വേണു മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*
ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്പ് ലൈന്‍ : 18004253455*
◾കേരളീയത്തിലെ ആദിമം പ്രദര്‍ശനം ഒരുക്കിയത് ആദിവാസി ഊരു മൂപ്പന്മാരുമായി ചര്‍ച്ച ചെയ്തശേഷമാണെന്ന് ഫോക്ക് ലോര്‍ അക്കാദമി ചെയര്മാന് ഒ.എസ് ഉണ്ണികൃഷ്ണന്. ഒരുക്കിയതു കലാപ്രകടനമാണ്. വ്യാജപ്രചാരണങ്ങള്‍ ഏറ്റുപിടിച്ച് വിമര്‍ശിക്കരുതെന്നും ഫോക്ക്ലോര്‍ അക്കാദമി ചെയര്മാന് ഉണ്ണികൃഷ്ണന് ആവശ്യപ്പെട്ടു.
◾കേരളീയം സമാപന പരിപാടിയില്‍ മുതിര്‍ന്ന ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ ഒ രാജഗോപാല്‍. ഒ രാജഗോപാലിനെ മുഖ്യമന്ത്രി പിണറായി വിജയന് ചടങ്ങിലേക്ക് പ്രത്യേകം സ്വാഗതം ചെയ്തു. രാജഗോപാലിന്റെ ഇരിപ്പിടത്തിന് സമീപമെത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ഹസ്തദാനം നല്കി.
◾കേരളീയം മികച്ച പരിപാടിയാണെന്നും ബിജെപി ബഹിഷ്കരിക്കുന്നത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും ബിജെപി മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍. ന്യായമായ കാര്യങ്ങള്‍ ആര് ചെയ്താലും അതിനെ സ്വാഗതം ചെയ്യുമെന്നും കമ്മ്യൂണിസ്റ്റ് ആയാലും കോണ്‍ഗ്രസായും അതില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.
◾ദീപാവലി ആഘോഷത്തിനു പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടിനും പത്തിനും ഇടയില്‍ പരമാവധി രണ്ടു മണിക്കൂറാക്കി സംസ്ഥാന സര്‍ക്കാര്‍ പരിമിതപ്പെടുത്തി. ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് പടക്കം പൊട്ടിക്കുന്നത് രാത്രി 11.55 മുതല്‍ 12.30 വരെയാക്കിയും നിയന്ത്രിച്ചു.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾ജയിലിനുള്ളില്‍ ലഹരി എത്തുന്നതു തടയണമെന്ന് ഡിജിപി. പ്രതികള്‍ക്ക് അകമ്പടി പോകുന്ന പൊലീസുകാര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് നിര്‍ദ്ദേശം. കോടതികളില്‍ അകമ്പടി പൊലീസുകാരുടെ പങ്കും ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷിക്കണമെന്ന് ഡിജിപി ഉന്നത പൊലീസ് യോഗത്തില്‍ നിര്‍ദ്ദേശിച്ചു.
◾വ്യവസായ സ്ഥാപനത്തിന് കെട്ടിട നമ്പര്‍ അനുവദിക്കാത്തതിന് കോട്ടയം മാഞ്ഞൂര്‍ പഞ്ചായത്ത് ഓഫിസിനു മുന്നിലും പിന്നീട് റോഡില്‍ കിടന്നും സമരം ചെയ്ത പ്രവാസി സംരംഭകന് ഷാജി മോന് ജോര്‍ജ് സമരം അവസാനിപ്പിച്ചു. മോന്‍സ് ജോസഫ് എം.എല്‍.എ നടത്തിയ ചര്‍ച്ചയില്‍ പ്രശ്ന പരിഹാരമായതിനെതുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.
◾ഇഷ്ടമില്ലാത്ത വിഷയം സാമ്പത്തിക ശാസ്ത്രമായിരുന്നുവെന്നും പിന്നീട് അത് പഠിക്കാന്‍ പ്രേരിപ്പിച്ചത് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്ക് ആണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്ന ‘വായനയിലെ ഉന്മാദങ്ങള്’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ആലുവയില്‍ ദുരഭിമാനക്കൊലപാതകം. ഇതര മതക്കാരനായ സഹപാഠിയെ പ്രണയിച്ചതിന് അച്ഛന് വിഷം നല്കിയ 14 കാരി മരിച്ചു. കമ്പി വിടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച അച്ഛന് കളനാശിനി ബലമായി വായിലേക്കൊഴിച്ചെന്നു കുട്ടി പോലീസിനു മൊഴി നല്‍കിയിരുന്നു. അച്ഛനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
◾മൂന്നാര്‍ – കുമളി സംസ്ഥാനപാതയില്‍ ഉടുമ്പന്‍ചോല മുതല്‍ ചേരിയാര്‍ വരെ രാത്രിയാത്ര നിരോധിച്ചു. വൈകുന്നേരം ഏഴു മുതല്‍ രാവിലെ ആറു വരെയാണ് ഗതാഗതം നിരോധിച്ചത്.
◾കല്‍പ്പറ്റ നടവയല്‍ സിഎം കോളജിലെ സംഘര്‍ഷത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. എപി ഷരീഫ് വിദ്യാര്‍ത്ഥികളെ മര്‍ദിച്ചെന്നു കേസ്. കെഎസ് യു പ്രവര്‍ത്തകരുടെ പരാതിയിലാണ് പനമരം പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം പഠിപ്പുമുടക്കിയ കെഎസ് യു പ്രവര്‍ത്തകരും പ്രിന്‍സിപ്പാളും തമ്മിലുണ്ടായ വാഗ്വാദം കൈയ്യാങ്കളിയില്‍ കലാശിച്ചിരുന്നു.
◾നൗഷദ് സഫ്രോണ്‍ സംവിധാനം ചെയ്ത പൊറാട്ട് നാടകം എന്ന സിനിമ കോടതി വിലക്കി. പകര്‍പ്പവകാശ ലംഘനം ആരോപിച്ച് എഴുത്തുകാരന് വിവിയന്‍ രാധാകൃഷ്ണന്, നിര്‍മ്മാതാവ് അഖില്‍ ദേവ് എന്നിവര്‍ നല്കിയ ഹര്‍ജിയിലാണ് എറണാകുളം അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതിയുടെ വിധി.
◾സംസ്ഥാനത്ത് 4037 വ്യാപാര സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തിയെന്ന് ലീഗല്‍ മെട്രോളജി വകുപ്പ്. നിയമലംഘനം നടത്തിയ 2288 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തെന്നും ഇവരില്‍ നിന്ന് 83.55 ലക്ഷം രൂപ പിഴ ഈടാക്കിയെന്നും വകുപ്പ് അറിയിച്ചു.
◾തിരുവനന്തപുരത്ത് പൊലീസുകാരന് വാടക വീട്ടില്‍ തൂങ്ങി മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫീസറായ ബി ലാല്‍ (55) ആണ് തൂങ്ങി മരിച്ചത്.
◾രാഹുല്‍ഗാന്ധിയുടെ രണ്ടാംഘട്ട ഭാരത് ജോഡോ യാത്ര അടുത്ത മാസം ആരംഭിച്ചേക്കും. ഡിസംബറിനും ഫെബ്രുവരിക്കും ഇടയില്‍ മാര്‍ച്ച് നടത്താനാണ് ആലോചന. കിഴക്കുനിന്ന് പടിഞ്ഞാറോട്ടായിരിക്കും യാത്ര.
◾രാജ്യത്തു കോണ്‍ഗ്രസ് അധികാരത്തിലെത്തുമ്പോഴെല്ലാം നക്സലുകള്‍ ശക്തിപ്രാപിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചത്തീസ്ഗഡിലെ ബിശ്രംപൂരില്‍ തെരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിക്കുകയായിരുന്നു മോദി. കോണ്‍ഗ്രസ് അഴിമതിയിലും ലഹരിക്കടത്തിലുമാണ് അഭിരമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
◾ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന് തെരഞ്ഞെടുപ്പില്‍ എബിവിപി മുസ്ലിം പെണ്‍കുട്ടിയെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കി. വിശാഖപട്ടണം സ്വദേശിയും രസതന്ത്രം ഗവേഷക വിദ്യാര്‍ഥിയുമായ ഷെയ്ക് ആയിഷയാണ് സ്ഥാനാര്‍ത്ഥി. എസ്എഫ്ഐ-എഎസ്എ-ടിഎസ്എഫ് സഖ്യത്തിനായി പിഎച്ച്ഡി വിദ്യാര്‍ത്ഥി മുഹമ്മദ് അതീഖ് അഹമ്മദും മത്സരിക്കും. വ്യാഴാഴ്ചയാണു തെരഞ്ഞെടുപ്പ്.
◾ഉത്തര്‍പ്രദേശിലെ നഗരമായ അലിഗഢിന്റെ പേര് ഹരിഗഢ് എന്നാക്കിമാറ്റാന്‍ അലിഗഢ് മുന്‍സിപ്പല്‍ കോര്പറേഷന് തീരുമാനിച്ചു. ബിജെപിയുടെ മുനിസിപ്പല്‍ കൗണ്‍സിലര്‍ സഞ്ജയ് പണ്ഡിറ്റാണ് അലിഗഢിന്റെ പേര് ഹരിഗഢ് എന്നാക്കണമെന്നു നിര്‍ദ്ദേശിച്ചത്. നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചാല്‍ പേരുമാറ്റം സാധ്യമാകുമെന്ന് അലിഗഡ് മേയര്‍ പ്രശാന്ത് സിംഗാള്‍ പറഞ്ഞു.
◾ഛത്തീസ്ഗഡിലും മിസോറാമിലും ആദ്യഘട്ട പോളിംഗ് പൂര്‍ത്തിയായി. ഛത്തീസ്ഗഡിലെ ആദ്യഘട്ട പോളിംഗില്‍ 70.78 ശതമാനം. കനത്ത സുരക്ഷയിലും മൂന്നിടങ്ങളില്‍ ആക്രമണമുണ്ടായി. വോട്ടെടുപ്പ് തടയാന്‍ ശ്രമിച്ച മാവോയിസ്റ്റുകളും സുരക്ഷ സേനയും തമ്മില്‍ ഏറ്റുമുട്ടി. അതേസമയം മിസോറമില്‍ 77.61 ശതമാനം പോളിങ് രേഖപ്പെടുത്തി.
◾തൃണമൂല്‍ എംപി മഹുവ മൊയ്ത്രയ്ക്കെതിരെ പരാതിയുമായി മുന്‍ സുഹൃത്ത്. വീട്ടില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്നാണ് അഭിഭാഷകന് ആനന്ദ് ദെഹദ്രായ് പൊലീസില്‍ പരാതി നല്‍കിയത്.
◾ഡീപ്ഫേക്കുകള്‍ക്കെതിരെ സാമൂഹ്യമാധ്യമ പ്ളാറ്റ്ഫോമുകള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. ഡീപ്ഫേക്കുകള്‍ തടയാന്‍ ഓണ്‍ലൈന്‍ പ്ളാറ്റ്ഫോമുകള്‍ക്ക് ബാധ്യതയുണ്ടെന്നും പരാതി കിട്ടിയാല്‍ 36 മണിക്കൂറിനുള്ളില്‍ നീക്കണമെന്നും കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. ഇരയായവര്‍ക്ക് നിയമനടപടി സ്വീകരിക്കാന്‍ അവകാശമുണ്ടെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
◾ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ പൊതുമേഖലാ എണ്ണ കമ്പനികളുടെ ആകെ ലാഭം 27,295 കോടി രൂപ. ഉയര്‍ന്ന ക്രൂഡ് ഓയില്‍ വില കാരണം കഴിഞ്ഞ സാമ്പത്തിക വര്‍ഷം നഷ്ടം നേരിട്ട സ്ഥാനത്താണ് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് , ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയുള്‍പ്പെടെയുള്ള കമ്പനികള്‍ ലാഭം നേടിയത്.
◾ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യന് എന്നറിയപ്പെടുന്ന പാക്കിസ്ഥാന്കാരന് ഗുലാം ഷബീര്‍ (42) ജിദ്ദയില്‍ നിര്യാതനായി. 2.55 മീറ്റര്‍ ഉയരമുള്ള അദ്ദേഹം 2000 മുതല്‍ 2006 വരെ തുടര്‍ച്ചയായി ആറു വര്‍ഷം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനെന്ന റെക്കോര്‍ഡിന് ഉടമയായിരുന്നു.
◾ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ ഓസ്ട്രേലിയക്ക് 3 വിക്കറ്റിന്റെ അവിസ്മരണീയ വിജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന് ഇബ്രാഹിം സദ്രാന്റെ 129 റണ്‍സിന്റെ പിന്‍ബലത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 293 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 91 റണ്‍സ് നേടുമ്പോഴേക്കും 7 വിക്കറ്റ് നഷ്ടപ്പെട്ടു പരാജയം മണത്തു. വിജയം ഉറപ്പിച്ച അഫ്ഗാനിസ്ഥാനെ സങ്കടത്തിലാഴ്ത്തിയും ക്രിക്കറ്റ് പ്രേമികളെ അമ്പരപ്പിച്ചും അവിശ്വസനീയം എന്ന് കരുതിയ വിജയം ഗ്ലെന്‍ മാക്സ്വെല് എന്ന താരത്തിലൂടെ ഓസ്ട്രേലിയ കവര്‍ന്നെടുക്കുന്ന ഒരു കാഴ്ചയാണ് ക്രിക്കറ്റ് ലോകം പിന്നെ കണ്ടത്. ഏഴിന് 91 എന്ന നിലയില്‍ 19-ാം ഓവറില്‍ ഒന്നിച്ച മാക്സ്വെല്-കമിന്‍സ് സഖ്യം 47-ാം ഓവറില്‍ ടീമിനെ വിജയത്തിലെത്തിച്ച് മടങ്ങിയപ്പോള്‍ ലോക ക്രിക്കറ്റില്‍ അവിസ്മരണീയമായ ഒരധ്യായം പിറന്നിരുന്നു. സഖ്യം 170 പന്തില്‍ 202 റണ്‍സെടുത്തപ്പോള്‍ അതില്‍ 179 റണ്‍സും മാക്സ്വെല്ലിന്റെ ബാറ്റില്‍നിന്നായിരുന്നു. ഒറ്റയാനായി പൊരുതി 128 പന്തില്‍ 201 റണ്‍സുമായി പുറത്താകാതെനിന്ന ഗ്ലെന്‍ മാക്സ്വെല്ലിന്റെ അതുല്യ ഇന്നിങ്സ് ഓസ്ട്രേലിയക്ക് അവിശ്വസനീയ വിജയം സമ്മാനിച്ചു. ഒപ്പം ഓസ്ട്രേലിയക്കുള്ള സെമി ഫൈനല്‍ യോഗ്യതയും.
◾സാമ്പത്തിക ബാധ്യത വര്‍ധിച്ചതിനെ തുടര്‍ന്ന് ജോലി ചെയ്യാന്‍ വര്‍ക്ക് സ്പേസ് ഒരുക്കുന്ന പ്രമുഖ അമേരിക്കന്‍ കമ്പനിയായ വീവര്‍ക്ക് പാപ്പരത്ത ഹര്‍ജി ഫയല്‍ ചെയ്തു. ഒരു ഘട്ടത്തില്‍ 5000 കോടി ഡോളറായി മൂല്യം ഉയര്‍ന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനി സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചത്. കമ്പനിയെ പുനഃസംഘടിപ്പിക്കുന്നതിന് ഓഹരിയുടമകളുടെ സഹകരണം കമ്പനി തേടിയിട്ടുണ്ട്. കമ്പനിയുടെ സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. കൂടാതെ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഓഫീസ് സ്പേസ് വാടകയ്ക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട് നിലവിലെ പോര്‍ട്ട്ഫോളിയോ വിലയിരുത്തുമെന്നും കമ്പനി അറിയിച്ചു. കമ്പനിയുടെ വര്‍ക്ക് സ്പേസ് ലൊക്കേഷനുകളെ സാമ്പത്തികബാധ്യത എത്രമാത്രം ബാധിച്ചിട്ടുണ്ട് എന്നതിന്റെ പൂര്‍ണ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. എന്നാല്‍ കമ്പനിയുടെ സാമ്പത്തിക ബാധ്യത വര്‍ധിച്ചതിനെ തുടര്‍ന്ന് പ്രവര്‍ത്തനം ബാധിച്ച അംഗങ്ങള്‍ക്ക് മുന്‍കൂട്ടി നോട്ടീസ് നല്‍കിയതായും കമ്പനി അറിയിച്ചു. തുടക്കകാലത്ത് വലിയ തോതില്‍ നടത്തിയ വിപുലീകരണ പ്രവര്‍ത്തനങ്ങളാണ് കമ്പനിയെ ബാധിച്ചത്. ഒരു ഘട്ടത്തില്‍ 5000 കോടി ഡോളറായി കമ്പനിയുടെ മൂല്യം ഉയര്‍ന്നിരുന്നു. കമ്പനിയുടെ സ്ഥാപകന്‍ മുന്‍ സിഇഒ ആദം ന്യൂമാനിന്റെ അമിതമായ ചെലവഴിക്കലായിരുന്നു കമ്പനിയെ ബാധിച്ചതെന്നാണ് നിക്ഷേപകരുടെ ആക്ഷേപം.
◾നിരവധി പ്രേക്ഷക പ്രശംസ നേടിയ ‘ബന്നേര്‍ഘട്ട’ എന്ന സിനിമക്ക് ശേഷം വിഷ്ണു നാരായണന് രചനയും സംവിധാനവും ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ‘ഉയിര്‍പ്പ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം മലയാള സിനിമയില്‍ ഇതിനകം കാണാത്ത ‘സ്ളാഷര്‍ ത്രില്ലര്‍’ എന്ന സ്വഭാവത്തിലുള്ള സിനിമയാണ്. മലയാളത്തിലെ പ്രമുഖ സംവിധായകരും, മറ്റ് ചലച്ചിത്ര പ്രവര്‍ത്തകരും ചേര്‍ന്നാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. തോട്ടിങ്ങല്‍ ഫിലിംസിന്റെ ബാനറില്‍ ഷമീര്‍ തോട്ടിങ്ങല്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളം, തമിഴ്, ഹിന്ദി എന്നീ മൂന്ന് ഭാഷകളിലായിട്ടാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നതെന്ന് നിര്‍മാതാവ് അറിയിച്ചു. താര നിര്‍ണ്ണയം പൂര്‍ത്തിയാവുന്ന ചിത്രത്തില്‍ മലയാളത്തിന് പുറമേ അന്യഭാഷയിലെ താരങ്ങളുമുണ്ടാവും. 50-കളുടെ അവസാനം മുതല്‍ 90-കളുടെ ആരംഭം വരെ ഏറ്റവും പ്രചാരമുള്ള ഒരു ഹൊറര്‍ വിഭാഗമാണ് സ്ലാഷര്‍ ഫിലിമുകള്‍. പൊതുവെ മുഖംമൂടി ധരിച്ച ഒരു കൊലയാളിയുടെ ഉപയോഗത്താല്‍ നിര്‍വചിക്കപ്പെട്ടിരിക്കുന്നത് ആളുകളെ ഉപദ്രവിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന കഥകളാണ് ഈ ഗണത്തില്‍ പറയുന്നത്. ജനുവരി ആദ്യവാരം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ ഛായഗ്രഹണം ബിനു നിര്‍വഹിക്കുന്നു.
◾പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത് പ്രഭാസ് നായകനായി എത്തുന്ന ‘സലാര്‍’ ചിത്രത്തിന്റെ ഒടിടി റൈറ്റ്സിന് ലഭിച്ച തുക സംബന്ധിച്ചാണ് പുതിയ റിപ്പോര്‍ട്ട്. ഒടിടി റൈറ്റ്സിന് സലാറിന് 160 കോടി രൂപയാണ് ലഭിച്ചത് എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഒടിടി റൈറ്റ്സ് നൈറ്റ്ഫ്ലിക്സാണ് നേടിയിരിക്കുന്നത് എന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് ഒരു പ്രഭാസ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സിന് ലഭിച്ചതില്‍ വെച്ച് ഉയര്‍ന്ന തുകയാണ് സലാറിന്റേത് എന്നതിനാല്‍ റെക്കോര്‍ഡുമാണ്. പൃഥ്വിരാജും പ്രധാന വേഷത്തിലെത്തുന്നു. കേരളത്തില്‍ സലാര്‍ വിതരണം ചെയ്യുക ചിത്രത്തില്‍ വര്‍ദ്ധരാജ് മാന്നാര്‍ ആയി എത്തുന്ന പൃഥ്വിരാജിന്റെ പ്രൊഡക്ഷന്‍സാണ് എന്ന് പ്രഖ്യാപിച്ചിരുന്നു. പ്രഭാസിന്റെ ബാഹുബലിയും പ്രശാന്ത് നീലിന്റെ സംവിധാനത്തിലുള്ള കെജിഎഫും കേരളത്തില്‍ വന്‍ സ്വീകാര്യത ലഭിച്ച സാഹചര്യത്തില്‍ പുതുതായി എത്തുന്ന സലാറും ഹിറ്റായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നു.
◾ജിടി എഡ്ജ് ട്രയല്‍ എഡിഷന് എന്ന പേരില്‍ ഫോക്സ്വാഗണ് ടൈഗന്റെ പുതിയ പ്രത്യേക പതിപ്പ് പുറത്തിറക്കി. എസ്യുവിയുടെ എക്സ്-ഷോറൂം വില 16.3 ലക്ഷം രൂപയാണ്. ഈ വര്‍ഷം ആദ്യം അവതരിപ്പിച്ച ജിടി എഡ്ജ് ലിമിറ്റഡ് എഡിഷനില്‍ നിന്ന് വ്യത്യസ്തമാക്കുന്ന ചില സൗന്ദര്യവര്‍ദ്ധക മാറ്റങ്ങളാണ് ടൈഗണ്‍ ജിടി എഡ്ജ് ട്രയല്‍ എഡിഷന്റെ സവിശേഷത. എസ്യുവിക്ക് ഫങ്ഷണല്‍ റൂഫ് റെയിലുകളും 17 ഇഞ്ച് അലോയ് വീലുകളും ബ്ലാക്ക് & റെഡ് ബ്രേക്ക് കാലിപ്പറുകളില്‍ ഫിനിഷ് ചെയ്തിട്ടുണ്ട്. ടൈഗണ്‍ ജിടി എഡ്ജ് ട്രയല്‍ എഡിഷനില്‍ 17 ഇഞ്ച് ബ്ലാക്ക് അലോയ് വീലുകളും കണ്ണഞ്ചിപ്പിക്കുന്ന റെഡ് ബ്രേക്ക് കാലിപ്പറുകളും ഉണ്ട്. ഡീപ് ബ്ലാക്ക് പേള്‍, കാര്‍ബണ്‍ സ്റ്റീല്‍ ഗ്രേ മാറ്റ് എന്നീ രണ്ട് ശ്രദ്ധേയമായ പെയിന്റ് സ്കീമുകളിലാണ് ഈ പ്രത്യേക പതിപ്പ് വാഗ്ദാനം ചെയ്യുന്നത്. ഫോക്സ്വാഗണ് ടൈഗണ്‍ ജിടി എഡ്ജ് ട്രയല്‍ എഡിഷനില്‍ 148 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.5 എല്‍ പെട്രോള്‍ എഞ്ചിന് ഉണ്ടാകും. വാങ്ങുന്നവര്‍ക്ക് അവരുടെ ഡ്രൈവിംഗ് മുന്‍ഗണനകള്‍ക്ക് അനുയോജ്യമായ 6-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സും തിരഞ്ഞെടുക്കാം.
◾റഷ്യന്‍ കവിയും നോവലിസ്റ്റുമായ അലക്സാണ്ടര്‍ പുഷ്കിന് പുനരാഖ്യാനം ചെയ്ത നാടോടിക്കഥകള്‍. കുട്ടികള്‍ക്കു വേണ്ടി ലോകപ്രശസ്ത എഴുത്തുകാരന്റെ അക്ഷരസമ്മാനം. ‘റഷ്യന്‍ നാടോടിക്കഥകള്‍’. അലക്സാണ്ടര്‍ പുഷ്കിന്. പരിഭാഷ – പത്മാകൃഷ്ണമൂര്ത്തി. ചിത്രീകരണം-അരവിന്ദ് വട്ടംകുളം. മാതൃഭൂമി ബുക്സ്. വില 133 രൂപ.
◾ചുവന്ന ചീര പോഷകഗുണങ്ങള്‍കൊണ്ട് സമ്പന്നമാണ്. ഇവ പ്രമേഹ രോഗികളുടെ ഡയറ്റില്‍ സ്ഥിരമായി ഉള്‍പ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യും. വൈറ്റമിന്‍ എ, സി, ഇ എന്നിവ ചുവന്ന ചീരയില്‍ ധാരാളമുണ്ട്. ഗ്ലൈസെമിക് ഇന്‍ഡക്സ് കുറവായതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു കൂട്ടില്ല. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ രക്തത്തിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യും. കൂടാതെ ചുവന്ന ചീര ഇരുമ്പിന്റെ കലവറയാണ്. ചുവന്ന രക്താണുക്കളുടെ നിര്‍മാണത്തിനും ഹീമോഗ്ലോബിന്റെ പ്രവര്‍ത്തനത്തിനും ഇത് വളരെ അത്യാവശ്യമാണ്. ‘ആന്തോസയാനിന്’ എന്ന ഘടകമാണ് ഇവയ്ക്ക് ചുവപ്പ് നിറം നല്‍കുന്നത്. പ്രമേഹ രോഗികളില്‍ മാത്രമല്ല വിളര്‍ച്ച, ത്വക് രോഗങ്ങള്‍, നേത്ര രോഗങ്ങള്‍, ആസ്ത്മ, അതിസാരം, അസ്ഥിരോഗങ്ങള്‍, മഞ്ഞപിത്തം ഇവയ്ക്കെല്ലാം ചുവന്ന ചീര കഴിക്കുന്നത് രോഗാവസ്ഥ കുറയ്ക്കാന്‍ സഹായിക്കും. ചില രോഗങ്ങളില്‍ ഔഷധങ്ങള്‍ക്കൊപ്പം ചുവന്ന ചീര കറിയാക്കി കഴിക്കുന്നത് രോഗശമനം എളുപ്പമാക്കാറുണ്ട്. കുടലിലെ അള്‍സര്‍, സോറിയാസിസ് രോഗികള്‍ എന്നിവരില്‍ ചുവന്ന ചീര നല്ല ഫലം തരും. ആര്‍ത്തവരക്തനഷ്ടം മൂലമുള്ള ക്ഷീണം കുറയ്ക്കാന്‍ ചുവന്ന ചീര കറിയാക്കിയോ സമൂലം കഷായമാക്കിയോ കഴിക്കാം. തൊണ്ടയിലെ കുരുക്കള്‍ ശമിക്കാന്‍ ചുവപ്പന്‍ ചീരയിലകള്‍ ചേര്‍ത്ത് തിളപ്പിച്ചാറിയ വെള്ളം കവിള്‍ക്കൊള്ളാം. ചീരയുടെ ഗുണങ്ങള്‍ പൂര്‍ണമായും ലഭിക്കാന്‍ പാചകത്തിലും പ്രത്യേക ശ്രദ്ധ വേണം. അമിതമായി വേവിക്കുന്നത് ചീരയുടെ ഗുണം കുറയ്ക്കും. സൂപ്പുകളില്‍ ചീരയിലകള്‍ക്ക് അവസാനം ചേര്‍ക്കുന്നതാണ് നല്ലത്. ചീര അടച്ചുവെച്ച് പാകം ചെയ്യുന്നത് പോഷകനഷ്ടം കുറയ്ക്കും.
*ശുഭദിനം*
*കവിത കണ്ണന്*
അവള് വീട്ടില്‍ ഒരു കുയിലിനെ വളര്‍ത്തിയിരുന്നു. ഇടക്കൊക്കെ അവള്‍ക്ക് അതിന്റെ ശബ്ദം അരോചകമായി തോന്നി. ഒരു ദിവസം രാത്രി അവള് ഉറങ്ങുമ്പോള്‍ കുയില്‍ ശബ്ദമുണ്ടാക്കി. അപ്പോള്‍ തന്നെ അവള് ആ കുയിലിന്റെ ചുണ്ടുകള്‍ കൂട്ടിക്കെട്ടി. പിന്നെ അവള് സന്തോഷത്തോടെ ഉറങ്ങി. പക്ഷേ, രാവിലെ എഴുന്നേറ്റപ്പോള്‍ എത്ര ശ്രമിച്ചിട്ടും അവള്‍ക്ക് വായ തുറക്കാന്‍ സാധിച്ചില്ല. മാത്രവുമല്ല ശ്വാസം കിട്ടാതെ അവള് വല്ലാതെ ബുദ്ധിമുട്ടി. അപ്പോഴാണ് അവള്‍ക്ക് കുയിലിന്റെ കാര്യം ഓര്‍മ്മവന്നത്. അവള് ഓടി ചെന്ന് അതിന്റെ ചുണ്ടുകളുടെ കെട്ടുകള്‍ അഴിച്ചുകളയുകയും അതിനെ കൂട്ടില്‍ നിന്നും പറത്തി വിടുകയും ചെയ്തു. മറ്റൊരാളുടെ അനുഭൂതി എന്തെന്നറിയണമെങ്കില്‍ അതേയളവില്‍ ആഴത്തിലുളള അനുഭവം അവനവനും ഉണ്ടാകണം. ആ അനുഭവം സിദ്ധിച്ചാല്‍ പിന്നെ അന്യനേയും അവനവനായി കാണാന്‍ തുടങ്ങും. ഒരു പടി താഴെയുള്ളവരോട് തന്നിഷ്ടത്തില്‍ പെരുമാറാനാണ് എല്ലാവര്ക്കും ആഗ്രഹം. തനിക്കിഷ്ടപ്പെട്ടരീതിയില് നിയന്ത്രിക്കാനും പരിശീലിപ്പിക്കാനും പലരും എന്തിനെയെങ്കിലും വളര്‍ത്തും. നിന്റെ നന്മയ്ക്ക് വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത് എന്ന മൂടുപടം അണിയുന്നത് കൊണ്ട് വളര്‍ത്തപ്പെടുന്നവര്‍ ചോദ്യം ചെയ്യുകയുമില്ല. നിശബ്ദരാക്കാന്‍ എളുപ്പമാണ്. ഭയപ്പെടുത്തിയാല്‍ മതി. തന്നേക്കാള്‍ താഴെയുളളവരില്‍ തന്റെ അനിഷ്ടവും ദേഷ്യവും അടിച്ചേല്‍പ്പിക്കുക എന്നതാണ് ഏറ്റവും എളുപ്പമുള്ള പ്രതികരണം. എന്നാല്‍ ആനന്ദമേകാനും ആത്മവിശ്വാസം പകരാനുമാണ് ബുദ്ധിമുട്ട്. തങ്ങളുടെ കഴിവുകള്‍ അംഗീകരിക്കപ്പെടുന്നുണ്ട് എന്ന തിരിച്ചറിവാണ് സ്വയംവളര്ച്ചയുടെ സൂചികകള്‍.. നമുക്ക് താഴെയുളളവര്‍ക്കും നമുക്കൊപ്പമുള്ളവര്‍ക്കും നാം പരിപാലിക്കുന്നവര്‍ക്കും ആ പാത തുറന്നുകൊടുക്കാന്‍ നമുക്കും സാധിക്കട്ടെ – ശുഭദിനം.