yt cover 27

ബില്ലുകള്‍ പാസാക്കുന്നതില്‍ നിയമസഭയെ മറിടക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി. നിയമനിര്‍മ്മാണത്തെ തടസപ്പെടുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് വിധിച്ചു. പഞ്ചാബ് ഗവര്‍ണര്‍ക്കെതിരായ കേസിലാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി. ഗവര്‍ണര്‍ക്കു വിയോജിപ്പുണ്ടെങ്കില്‍ ബില്‍ തിരിച്ചയക്കണം. നിയമസഭ വീണ്ടും പാസാക്കിയാല്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ക്ക് ഉത്തരവാദിത്തമുണ്ട്. വിധി വ്യക്തമാക്കുന്നു.

ഗാസയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ ഇന്നു രാവിലെ ഏഴു മുതല്‍. ഹമാസ് ഇന്നു വൈകുന്നേരം നാലിനു കൈമാറുന്ന ബന്ദികളുടെ ലിസ്റ്റ് ഇസ്രയേല്‍ ഇന്റലിജന്‍സ് വിഭാഗത്തിനു കൈമാറി. നാലു ദിവസത്തേക്കാണ് വെടിനിര്‍ത്തല്‍. ഖത്തറിന്റെ മധ്യസ്ഥതയിലാണു വെടിനിര്‍ത്തല്‍.

ഉത്തരകാശിയില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്നുവീണ സംഭവത്തില്‍ തൊഴിലാളികളെ ഇന്ന് പുറത്തെത്തിക്കാനാവുമെന്ന പ്രതീക്ഷയില്‍ രാജ്യം. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ അടുത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ എത്തിയേക്കുമെന്നാണ് ദേശീയ ദുരന്തനിവാരണസേന പറയുന്നത്. അവശിഷ്ടങ്ങള്‍ക്കിടയിലുണ്ടായിരുന്ന ഇരുമ്പുദണ്ഡുകള്‍ മൂലം ഡ്രില്ലിങ് പ്രവൃത്തിയില്‍ അപ്രതീക്ഷിത തടസ്സം നേരിട്ടതാണ് രക്ഷാപ്രവര്‍ത്തനം വൈകാന്‍ ഇടയാക്കിയത്.

*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*

ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവും ഒരുപോലെയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. കെപിസിസി കോഴിക്കോട് സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലീം ലീഗിന്റെ പരിപാടിയില്‍ താന്‍ ഇസ്രയേലിനെ ന്യായീകരിച്ചിട്ടില്ലെന്നു ശശി തരൂര്‍ പ്രസംഗിച്ചു.

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പ്രതികള്‍ക്ക് ജാമ്യം. ക്രിമിനല്‍ ചട്ടങ്ങള്‍ പാലിക്കാതെയാണ് അറസ്റ്റും പരിശോധനയും നടത്തിയതെന്ന് തിരുവനന്തപുരം സിജെഎം കോടതി വിമര്‍ശിച്ചു. പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ അപേക്ഷയില്‍ വാദം കേള്‍ക്കവേയാണ് വിമര്‍ശനം. ഇതേസമയം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികള്‍ സഞ്ചരിച്ചത് ഈ കാറിലാണെന്നു പോലീസ് പറയുന്നു.

മുഖ്യമന്ത്രിയുടെ നവകേരള സദസിനു കുട്ടികളെ വെയിലത്തു നിര്‍ത്തിയ സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. അഞ്ചു ദിവസത്തിനകം നടപടിയെടുത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബാലാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ പ്രിയങ്ക് കാനൂന്‍ഗോ ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചു.

നവകേരള സദസുമായി മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും ഊരു ചുറ്റുമ്പോള്‍ സെക്രട്ടേറിയറ്റില്‍ ഫയലുകള്‍ കുന്നുകൂടുന്നു. നവകേരള സദസിലൂടെ ലഭിക്കുന്ന പരാതികള്‍കൂടിയാകുമ്പോള്‍ തീര്‍പ്പാക്കാനുള്ള ഫയലുകള്‍ ഭീമമായി വര്‍ധിക്കും.

നവകേരള സദസിനു മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്യുന്ന ബസിന്റെ പിന്‍ചക്രങ്ങള്‍ മാനന്തവാടി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഗ്രൗണ്ടില്‍ താഴ്ന്നു. മഴമൂലം ചളിനിറഞ്ഞതാണു കാരണം. എല്ലാവരും ഒത്തുപിടിച്ചു തള്ളിയും കെട്ടിവലിച്ചുമാണ് ബസ് ചളിയില്‍നിന്നു നീക്കി ഓടാവുന്ന നിലയിലാക്കിയത്.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

നവകേരള സദസിന് പണം നല്‍കാനുള്ള തീരുമാനം യുഡിഎഫ് ഭരിക്കുന്ന പറവൂര്‍ നഗരസഭ റദ്ദാക്കിയെങ്കിലും സെക്രട്ടറി ചെക്കില്‍ ഒപ്പിട്ടു പണം നല്‍കി. നഗരസഭ ആദ്യം തീരുമാനിച്ചതു പ്രകാരം പണം നല്‍കണമെന്ന നിലപാടില്‍ സെക്രട്ടറി ഉറച്ചു നിന്നു.

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ് ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ഹാജരായേക്കും. അസൗകര്യമുണ്ടെന്ന് വര്‍ഗീസ് അറിയിച്ചെങ്കിലും ഇഡി സമയം നീട്ടി നല്‍കിയില്ല.

വരുമാനത്തില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്ന കേസില്‍ കോട്ടയം മുന്‍ ഡിവൈ.എസ്.പി ബിജു കെ സ്റ്റീഫനെതിരെയുള്ള നടപടികള്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി അവസാനിപ്പിച്ചു. തെളിവുകള്‍ ഇല്ലെന്നു കോടതി ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയും മന്ത്രിമാരും പോകുമ്പോള്‍ കുട്ടികള്‍ അഭിവാദ്യം ചെയ്താല്‍ എന്താണ് തെറ്റെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കുട്ടികളെ വെയിലത്തു നിര്‍ത്തണ്ടെന്നാണ് അഭിപ്രായം. കേസ് എടുത്തതിനെക്കുറിച്ച് ബാലാവകാശ കമീഷനോട് ചോദിക്കണം. ഗോവിന്ദന്‍ പറഞ്ഞു.

സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിനെതിരെ മാനഭംഗശ്രമത്തിന് കേസ്. കോഴിക്കോട് വളയം ലോക്കല്‍ കമ്മിറ്റി അംഗം ജിനീഷിനെതിരെയാണ് കേസെടുത്തത്. പാര്‍ട്ടി അംഗത്തിന്റെ ഭാര്യയെ വീട്ടില്‍ കയറി അപമാനിച്ചെന്ന പരാതിയിലാണു കേസ്.

മണ്‍വിള മുരളി വധക്കേസിലെ മൂന്നാം പ്രതിയെ സൗദിയില്‍ അറസ്റ്റു ചെയ്ത് കേരളത്തിലെത്തിച്ചു. ജാമ്യമെടുത്ത് മുങ്ങിയ സുധീഷിനെ ഇന്റര്‍ പോളിന്റെ സഹായത്തോടെയാണ് പിടികൂടിയത്.

മണ്ണാര്‍ക്കാട് വിയ്യക്കുര്‍ശിയില്‍ നിര്‍ത്തിയിട്ട ജെസിബി മോഷണം പോയി. തെങ്കര സ്വദേശി അബുവിന്റെ ജെസിബി വാളയാര്‍ ടോള്‍ കടക്കുന്ന ദൃശ്യങ്ങള്‍ പോലീസിനു വഭിച്ചു. പൊലീസ് അന്വേഷണം തുടങ്ങി.

കൊച്ചിയില്‍ ലഹരി റേവ് പാര്‍ട്ടികള്‍ക്ക് മയക്കുമരുന്ന് എത്തിച്ചിരുന്ന സംഘം എക്സൈസിന്റെ പിടിയില്‍. കാക്കനാട് സ്വദേശി ഒ എം സലാഹുദീന്‍, തൃത്താല സ്വദേശി അമീര്‍ അബ്ദുള്‍ ഖാദര്‍, വൈക്കം സ്വദേശി അര്‍ഫാസ് ഷെരീഫ് എന്നിവരാണ് അറസ്റ്റിലായത്.

കൊച്ചിയില്‍ സിനിമ സെറ്റില്‍ നടന്‍ ആസിഫ് അലിക്കു പരിക്ക്. രോഹിത്ത് സംവിധാനം ചെയ്യുന്ന ടിക്കി ടാക്ക എന്ന സിനിമയുടെ സെറ്റില്‍ സംഘട്ടന രംഗങ്ങളുടെ പരിശീലനത്തിടെ കാല്‍ മുട്ടിനു താഴെയാണ് പരിക്കേറ്റത്.

സന്നിധാനത്തേക്കു പോകവേ ആറു വയസുകാരിക്കു പാമ്പ് കടിയേറ്റ സാഹചര്യത്തില്‍ ശബരിമലയില്‍ പാമ്പു പിടുത്തക്കാരെ വിന്യസിക്കുമെന്ന് വനം വകുപ്പ്. തിരുവനന്തപുരം കാട്ടാകട സ്വദേശി പ്രശാന്തിന്റെ മകള്‍ നിരഞ്ജന (6) നക്കാണ് സ്വാമി അയ്യപ്പന്‍ റോഡ് ഒന്നാം വളവില്‍ പാമ്പുകടിയേറ്റത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദുശകുനമെന്നു പരാമര്‍ശിച്ചതിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. മറ്റന്നാള്‍ ആറു മണിക്കകം മറുപടി നല്‍കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യ- ഓസ്ട്രേലിയ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ പരാജയപ്പെട്ടത് സ്റ്റേഡിയത്തില്‍ മോദി ദുശകുമനമായി എത്തിയതുകൊണ്ടാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.

പാപികള്‍ കളികാണാന്‍ എത്തിയതാണ് ഇന്ത്യയുടെ ക്രിക്കറ്റ് തോല്‍വിക്കു കാരണമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ലോകകപ്പ് ക്രിക്കറ്റ് തോല്‍വിയില്‍ മോദിയെ വിമര്‍ശിച്ചതിനു രാഹുല്‍ ഗാന്ധിക്കു നോട്ടീസ് ലഭിച്ചതിനു പിറകേയാണ് മമതയുടെ വിമര്‍ശനം.

അധ്യാപിക സ്‌കൂളില്‍ സിറ്റപ്പ് ചെയ്യിച്ച നാലാം ക്ലാസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു. ജാജ്പൂര്‍ ജില്ലയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സൂര്യ നാരായണ്‍ നോഡല്‍ അപ്പര്‍ പ്രൈമറി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ പത്തു വയസുകാരന്‍ രുദ്ര നാരായണ്‍ സേത്തിയാണ് മരിച്ചത്.

നടന്‍ പ്രകാശ് രാജിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. പ്രണവ് ജ്വല്ലറി നിക്ഷേപതട്ടിപ്പ് കേസില്‍ ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആയിരുന്ന പ്രകാശ് രാജിനോട് ഈഡിയുടെ ചെന്നൈ ഓഫീസില്‍ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

യൂട്യൂബില്‍ ആറുലക്ഷം സബ്സ്‌ക്രൈബേഴ്സുള്ള ഭോജ്പുരി യൂട്യൂബര്‍ മാള്‍തി ദേവി സന്ത്കബീര്‍ നഗറിലെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവിന്റെ വീട്ടുകാര്‍ കൊലപ്പെടുത്തിയതാണെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടത്തു.

ഭീകരാക്രമണത്തിനുള്ള തീവ്രവാദ സംഘടനയായ ഐഎസിന്റെ ശ്രമങ്ങളെ പരാജയപ്പെടുത്തിയെന്ന് ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ട്. ഗുജറാത്തിലെ നഗരങ്ങളായ അഹമ്മദാബാദ്, ഗാന്ധിനഗര്‍, മുംബൈയിലെ നരിമാന്‍ ഹൗസ്, ഗേറ്റ്വേ ഓഫ് ഇന്ത്യ എന്നിവക്കെതിരെയുള്ള തീവ്രവാദ ഗൂഢാലോചന പരാജയപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടിലുള്ളതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടു ചെയ്തു.

ഒറ്റയ്ക്കുള്ള ആദ്യ പരിശീലന പറക്കലിനിടെ പൈലറ്റ് ട്രെയിനി റണ്‍വേയില്‍ നിന്ന് ഒരു കിലോമീറ്ററോളം മാറി ടാക്സിവേയില്‍ വിമാനം ഇറക്കി. നാഗ്പൂരിലെ ഡോ. ബാബാസാഹെബ് അംബേദ്കര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറുമായുള്ള ബന്ധം നഷ്ടമായതോടെയാണ് ടാക്സിവേയില്‍ വിമാനം ഇറക്കിയത്.

വിദ്യാര്‍ഥിനിയോട് നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ട ബാഡ്മിന്റണ്‍ പരിശീലകനെ അറസ്റ്റു ചെയ്തു. കോയമ്പത്തൂര്‍ സെന്‍ട്രലിലെ സ്വകാര്യ സ്‌കൂളിലെ ബാഡ്മിന്റണ്‍ പരിശീലകനായ സൗരിപാളയം സ്വദേശി ഡി അരുണ്‍ ബ്രണ്‍ (28) ആണ് അറസ്റ്റിലായത്.

നെതര്‍ലാന്‍ഡ്സ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തീവ്ര വലതുപക്ഷ നേതാവ് ഗീര്‍ട് വില്‍ഡേഴ്സിന്റെ ഫ്രീഡം പാര്‍ട്ടി അധികാരത്തിലേക്ക്. ഇസ്ലാം വിരുദ്ധ, യൂറോപ്യന്‍ യൂണിയന്‍ വിരുദ്ധ നിലപാടുകളുള്ള നേതാവാണ് വില്‍ഡേഴ്സ്.

ആവേശം അവസാന പന്തു വരെ നീണ്ടു നിന്ന ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 2 വിക്കറ്റിന്റെ വിജയം. ലോകകപ്പ് സ്‌ക്വാഡിലെ പ്രമുഖരില്ലാതെ ഇരു ടീമുകളും അണി നിരന്ന മത്സരത്തില്‍ ആദ്യം ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ ജോഷ് ഇംഗ്ലിസ് 50 പന്തില്‍ നേടിയ 110 റണ്‍സിന്റെ കരുത്തില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 42 പന്തില്‍ 80 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവിന്റെ കരുത്തില്‍ വിജയത്തിലേക്ക് കുതിച്ചു. ജയിക്കാന്‍ ഒരു റണ്‍സ് വേണമെന്നിരിക്കെ അമ്പയര്‍ അവസാന പന്ത് നോബോള്‍ വിളിച്ചതോടെ സിക്‌സര്‍ പറത്തിയ സിക്‌സര്‍ കൂടാതെതന്നെ ഇന്ത്യ വിജയം സ്വന്തമാക്കി.

ആലുവ ആസ്ഥാനമായ പ്രമുഖ സ്വകാര്യബാങ്കായ ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ഈടാക്കുന്ന ഫീസ് നിരക്കുകള്‍ പരിഷ്‌കരിച്ചു. പുതിയനിരക്കുകള്‍ ഡിസംബര്‍ 20ന് പ്രാബല്യത്തില്‍ വരും.പ്രതിമാസം ശരാശരി 50,000 രൂപയ്ക്ക് താഴെ ക്രെഡിറ്റ് ലിമിറ്റുള്ള ക്രെഡിറ്റ് കാര്‍ഡുകളുടെ വാര്‍ഷിക പലിശനിരക്ക് അഥവാ ആന്വല്‍ പേഴ്‌സെന്റേജ് റേറ്റ് നിലവിലെ 41.88 ശതമാനമായി തുടരും. മാറ്റങ്ങള്‍ ഇങ്ങനെപ്രതിമാസ ശരാശരി ബാലന്‍സ് (ക്രെഡിറ്റ് ലിമിറ്റ്) 50,000 രൂപ മുതല്‍ മൂന്നുലക്ഷം രൂപവരെയുള്ള ക്രെഡിറ്റ് കാര്‍ഡുകളുടെ എ.പി.ആര്‍ 30 ശതമാനത്തില്‍ നിന്ന് 32.28 ശതമാനമാക്കി.3,00,001 രൂപ മുതല്‍ 10 ലക്ഷം രൂപവരെ ലിമിറ്റുള്ളവയുടേത് 18 ശതമാനത്തില്‍ നിന്ന് 20.28 ശതമാനമായും ഉയര്‍ത്തി. 10 ലക്ഷം രൂപയ്ക്കുമേല്‍ ലിമിറ്റുള്ളവയുടെ പുതുക്കിയ നിരക്ക് 8.28 ശതമാനം. നിലവില്‍ ഇത് 5.88 ശതമാനമാണ്.

തമിഴ് സിനിമാപ്രേമികളുടെ പ്രിയതാരമായ കാര്‍ത്തി സമീപകാല കരിയറില്‍ വലിയ പ്രതീക്ഷയോടെ എത്തിച്ച ചിത്രം ‘ജപ്പാന്‍’ പ്രേക്ഷകപ്രീതി നേടുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണ്. രാജു മുരുകന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ജപ്പാന്‍ ഇത്തവണത്തെ ദീപാവലി റിലീസ് ആയി നവംബര്‍ 10 ന് ആയിരുന്നു റിലീസ്. പ്രമുഖ ബാനര്‍ ആയ ഡ്രീം വാരിയര്‍ പിക്ചേഴ്സ് നിര്‍മ്മിച്ച ചിത്രം മികച്ച സ്‌ക്രീന്‍ കൗണ്ടോടെയാണ് തിയറ്ററുകളില്‍ എത്തിയത്. എന്നാല്‍ ആദ്യദിനം തന്നെ ചിത്രം പ്രതീക്ഷയ്ക്കൊപ്പം എത്തിയില്ലെന്ന അഭിപ്രായമാണ് ലഭിച്ചത്. ഫലം തുടര്‍ന്നുള്ള ദിവസങ്ങളില്‍ കളക്ഷന്‍ താഴേക്ക് പോയി. ഇപ്പോഴിതാ ചിത്രം ആദ്യ 10 ദിനങ്ങളില്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയ കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്. ആദ്യ 10 ദിനങ്ങള്‍ കൊണ്ട് ഇന്ത്യയില്‍ നിന്ന് 20.25 കോടിയും വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 5.25 കോടിയുമാണ് ജപ്പാന്‍ നേടിയത്. അതായത് ആകെ 25.5 കോടി. ഇതില്‍ ഭൂരിഭാഗവും ആദ്യവാരത്തെ കളക്ഷനാണ്. രണ്ടാം വാരം ബോക്സ് ഓഫീസില്‍ കുത്തനെ ഇടിവ് രേഖപ്പെടുത്തിയ ചിത്രത്തിന്റെ തിയറ്റര്‍ റണ്‍ അധികദൂരം മുന്നോട്ട് പോവില്ലെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

ചലച്ചിത്ര, പരസ്യചിത്ര സംവിധായകനായ വി എ ശ്രീകുമാര്‍ സിനിമാ നിര്‍മ്മാണ രംഗത്തേക്ക്. മിന്നല്‍ മുരളി, ആര്‍ഡിഎക്സ് എന്നീ സിനിമകളുടെ സഹനിര്‍മ്മാതാവ് അന്‍ജന ഫിലിപ്പിന്റെ അന്‍ജനാ ടാക്കീസും വി എ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള വാര്‍സ് സ്റ്റുഡിയോസും സംയുക്തമായാണ് സിനിമകള്‍ നിര്‍മ്മിക്കാനൊരുങ്ങുന്നത്. ഇതിന്റെ ലോഗോ മോഹന്‍ലാല്‍ പ്രകാശനം ചെയ്തു. ആറോളം പ്രോജക്റ്റുകളുടെ രചനാജോലികളാണ് പൂര്‍ത്തിയായിവരുന്നതെന്ന് അണിയറക്കാര്‍ അറിയിച്ചു. ഓസ്ട്രേലിയയിലെ മലയാളി സംരംഭകന്‍ സന്തോഷ് കോട്ടായിയും ഈ സംയുക്ത പദ്ധതിയുടെ ഭാഗമാണ്. സാഹിത്യത്തിലെ സമകാലിക എഴുത്തുകാരായ എസ് ഹരീഷ്, സി പി സുരേന്ദ്രന്‍, ലാസര്‍ ഷൈന്‍, വിനോയ് തോമസ്, വി ഷിനിലാല്‍, അബിന്‍ ജോസഫ് തുടങ്ങിയവരുടെ രചനയിലാണ് ആദ്യ സിനിമകള്‍. നോവലിസ്റ്റും കഥാകൃത്തും ഏദന്‍, ജല്ലിക്കെട്ട്, ചുരുളി, നന്‍പകല്‍ നേരത്ത് മയക്കം തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തുമായ എസ് ഹരീഷിന്റ കഥയാണ് ആദ്യ ചലച്ചിത്രമാകുന്നത്. രചനയില്‍ ഹരീഷിനൊപ്പം പങ്കാളിയായി പ്രേം ശങ്കര്‍ ആദ്യ സിനിമ സംവിധാനം ചെയ്യും. പാലക്കാടന്‍ പശ്ചാത്തലത്തിലെ ഹാസ്യ പ്രമേയമാണ് ചിത്രത്തിന്റേത്. പ്രേം ശങ്കറിന്റെ രണ്ടാമത്തെ സിനിമയാണിത്.

തായ്വാനീസ് വാഹന നിര്‍മാതാക്കളായ ഗൊഗോറോ ഇന്ത്യന്‍ വിപണിയിലേക്കുള്ള പ്രവേശനത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഡിസംബറില്‍ കമ്പനി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹനം പുറത്തിറക്കും. ക്രോസ്ഓവര്‍ ഇ-സ്‌കൂട്ടര്‍ ആയിരിക്കും കമ്പനിയുടെ ഇന്ത്യയിലെ ആദ്യ ഉല്‍പ്പനം എന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. അതിന്റെ വില്‍പ്പന 2024 ന്റെ തുടക്കത്തില്‍ ആരംഭിച്ചേക്കാം. ഇവി ഡെലിവറി സ്ഥാപനമായ സൈപ്പ് ഇലക്ട്രിക്ക് ആണ് ക്രോസ്ഓവര്‍ വിതരണം ചെയ്യുന്നത്. അളവുകളുടെ കാര്യത്തില്‍, ഇന്നുവരെയുള്ള ഏറ്റവും വലിയ ഗൊഗോറോ സ്‌കൂട്ടറാണ് ക്രോസ്ഓവര്‍. ഇന്ത്യ-സ്പെക്ക് സ്‌കൂട്ടറിന് 1,400 മില്ലീമീറ്ററിലധികം വീല്‍ബേസ് ഉണ്ടായിരിക്കും. കമ്പനി ഇതിനെ ‘ഇരുചക്ര എസ്യുവി’ എന്ന് വിളിക്കുന്നു. പരിഷ്‌ക്കരിച്ച സ്റ്റീല്‍ ട്യൂബുലാര്‍ ഫ്രെയിമില്‍ നിര്‍മ്മിച്ച ക്രോസ്ഓവറിന് ആവരണത്തോടുകൂടിയ വിപുലീകൃത എല്‍ഇഡി ഹെഡ്‌ലൈറ്റ് ഉണ്ട്. ക്രോസ്ഓവറിന്റെ കെര്‍ബ് വെയ്റ്റ് 126 കിലോഗ്രാം ആണ് (ബാറ്ററികള്‍ക്കൊപ്പം), ഗ്രൗണ്ട് ക്ലിയറന്‍സ് 142 എംഎം ആണ്.

നോവലിസ്റ്റും കഥാകൃത്തുമായ പി. വത്സലയുടെ കാവ്യവഴികള്‍ വ്യത്യസ്തമായ വായനാനുഭവമാണ്. വയനാടന്‍ ജീവിതത്തിന്റെ കഥാകാരിയില്‍ നിന്നും അനുഭവതീക്ഷ്ണമായ സഞ്ചാരങ്ങള്‍. കവിത തുളുമ്പുന്ന എഴുത്തുവഴിയില്‍ നിന്നും ഒരു കവിതാസമാഹാരത്തിന്റെ പിറവി. പി. വത്സലയുടെ സ്വകാര്യശേഖരത്തില്‍നിന്നും കണ്ടെടുത്ത കവിതകള്‍. ധനുവിലെ മഴ, കാത്തിരിപ്പ്, മഴപ്പാറ്റകള്‍, കുന്നുംപുറത്തെ വീട്, മലയിലൊരു ഹയന തുടങ്ങിയ കവിതകള്‍. ‘നിന്നെ തിരയുമ്പോള്‍’. പി വത്സല. ഗ്രീന്‍ ബുക്സ. വില 95 രൂപ.

പോഷകങ്ങളാല്‍ സമ്പന്നമാണ് മത്തങ്ങ വിത്ത്. ഇവയ്ക്ക് നിരവധി ഔഷധ ഗുണങ്ങളുമുണ്ട്. മത്തങ്ങ വിത്തില്‍ മഗ്നീഷ്യം, സിങ്ക്, ഇരുമ്പ്, ചെമ്പ് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഈ ധാതുക്കള്‍ രോഗപ്രതിരോധ പ്രവര്‍ത്തനം, ഊര്‍ജ്ജ ഉല്‍പ്പാദനം, മൊത്തത്തിലുള്ള ശാരീരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. മത്തങ്ങ വിത്തുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തിയാലുള്ള ആരോഗ്യഗുണങ്ങളറിയാം. മത്തങ്ങ വിത്ത് കഴിക്കുന്നത് വന്‍കുടല്‍, സ്തനം, ആമാശയം തുടങ്ങിയ അവയവങ്ങളില്‍ ക്യാന്‍സര്‍ വരാനുളള സാധ്യത കുറയ്ക്കും. മത്തങ്ങ വിത്തുകളില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളാണ് ഇതിന് സഹായിക്കുന്നത്. മത്തങ്ങ വിത്തുകളില്‍ മഗ്‌നീഷ്യം അടങ്ങിയിരിക്കുന്നു. നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, മത്തങ്ങ വിത്തുകള്‍ രക്തത്തിലെ പഞ്ചസാര കുറയ്ക്കാന്‍ സഹായിക്കുന്നു. പ്രമേഹമുള്ളവര്‍ മത്തങ്ങാ വിത്ത് കഴിക്കുന്നത് നല്ലതാണ്. മത്തങ്ങയില്‍ ഹൃദയാരോഗ്യമുള്ള മോണോസാച്ചുറേറ്റഡ്, പോളിഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ, അവ മഗ്നീഷ്യത്തിന്റെ നല്ല ഉറവിടമാണ്. മത്തങ്ങയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഹൃദയാരോഗ്യത്തിനും സഹായകമാകും. വൈറ്റമിന്‍ ഇ, കരോട്ടിനോയിഡുകള്‍ എന്നിവയുള്‍പ്പെടെയുള്ള ആന്റിഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് മത്തങ്ങ വിത്തുകള്‍. ഇത് പ്രതിരോധശേഷി കൂട്ടാന്‍ സഹായകമാണ്. മത്തങ്ങ വിത്തുകളില്‍ ട്രിപ്റ്റോഫാന്‍ അടങ്ങിയിട്ടുണ്ട്. ഇത് മാനസികാവസ്ഥയെയും ഉറക്കത്തെയും നിയന്ത്രിക്കുന്ന ന്യൂറോ ട്രാന്‍സ്മിറ്ററാണ്. ശൈത്യകാലത്ത് ട്രിപ്റ്റോഫാന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് മാനസികാവസ്ഥയിലും ഉറക്കത്തിന്റെ ഗുണനിലവാരത്തിലും നല്ല സ്വാധീനം ചെലുത്തും. മത്തങ്ങ വിത്തുകള്‍ മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയുടെ നല്ല ഉറവിടമാണ്. ഇവ രണ്ടും എല്ലുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്. മത്തങ്ങ വിത്തുകള്‍ കഴിക്കുന്നത് അസ്ഥി ഒടിയുന്നതു പോലുള്ള അപകട സാധ്യതകള്‍ കുറയ്ക്കുകയും ചെയ്യുന്നു. എല്ലുകളെ കൂടുതല്‍ ശക്തിയുള്ളതാക്കാന്‍ മത്തങ്ങ സഹായിക്കും.

*ശുഭദിനം*

*കവിത കണ്ണന്‍*

അവള്‍ സ്‌കൂട്ടറില്‍ പോകുമ്പോഴാണ് ഒരു വയോധിക ലിഫ്റ്റ് ചോദിച്ചത്. അവള്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചുവെങ്കിലും അവരുടെ നിര്‍ബന്ധപ്രകാരം അവള്‍ ലിഫ്റ്റ് നല്‍കി. വണ്ടിയില്‍ പോകുമ്പോള്‍ അവര്‍ പറഞ്ഞു: എന്റെ സുഹൃത്തിന് സുഖമില്ല. ഞാന്‍ സുഹൃത്തിന് മരുന്ന് വാങ്ങാനായി ഇറങ്ങിയതാണ്. എന്റെ ആരോഗ്യവും വളരെ മോശമാണ്. ആരെയെങ്കിലും സഹായത്തിന് അയക്കേണേയെന്ന് ദൈവത്തിനോട് ഞാന്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു. ദൈവം എന്റെ പ്രാര്‍ത്ഥന കേട്ടു, ദൈവം സുഹൃത്തിനെ സഹായിക്കാന്‍ എന്നെ നിയോഗിച്ചു. എന്നെ സഹായിക്കാന്‍ നിങ്ങളേയും…അവര്‍ പുഞ്ചിരിച്ചു. മരുന്നുംവാങ്ങി തിരികെ സുഹൃത്തിന്റെ വീട്ടിലെത്തിച്ച്, ഇനിയും എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കണമെന്നും പറഞ്ഞാണ് ആ യുവതി അവിടെ നിന്നും ഇറങ്ങിയത്. മനുഷ്യന് ദൈവത്തെ ആവശ്യമുള്ളതുപോലെ ദൈവത്തിനും മനുഷ്യനെ ആവശ്യമുണ്ട്. ഇല്ലായ്മയില്‍ നിന്നും എല്ലാം വാരിവിതറുന്ന അത്ഭുതമായി ഈശ്വരനെ വ്യാഖ്യാനിക്കുന്നതിനേക്കാള്‍ നല്ലത് ഉള്ളവരിലൂടെ ഇല്ലാത്തവനെ സംരക്ഷിക്കുന്ന കരുണാ കടാക്ഷമായി സങ്കല്‍പിക്കുന്നതാണ്. ആരോഗ്യമില്ലാത്തവന് വൈദ്യനിലൂടെയും ദരിദ്രന് ധനവാനിലൂടെയും മനസ്സമാധാനം നഷ്ടപ്പെട്ടവന് കൂട്ടുകാരിലൂടെയും ആത്മവിശ്വാസം നഷ്ടപ്പെട്ടവന് ഗുരുവിലൂടെയുമെല്ലാം ഈശ്വരന്‍ വഴിനടത്തുന്നു. മറ്റുള്ളവരിലൂടെയാണ് ഈശ്വരന്‍ നമ്മുടെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്നത്. നമുക്കും ഈശ്വരന്റെ ഉപകരണമായി മാറുവാന്‍ സാധിക്കട്ടെ – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *