◾ഉത്തരാഖണ്ഡിലെ സില്‍ക്യാര ടണലില്‍ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടു. ഇരുമ്പുപാളിയില്‍ ഇടിച്ചതോടെ ഡ്രില്ലിംഗ് മെഷീന്റെ ബ്ലേഡ് തകരാറിലായി. എന്‍ഡിആര്‍എഫ് സംഘം യന്ത്രം നന്നാക്കാനും ഇരുമ്പ് പാളി മുറിച്ചുമാറ്റാനും ശ്രമിക്കുന്നുണ്ട്. ഇരുമ്പ് പാളിയില്‍ ഇടിച്ച് ചളുങ്ങിയ 800 മില്ലീമീറ്റര്‍ പൈപ്പ് മുറിച്ചുനീക്കി. ഡ്രില്‍ ചെയ്തു സ്ഥാപിക്കുന്ന പൈപ്പിലൂടെ എല്ലാവരേയും ഇന്നു രാവിലെത്തന്നെ പുറത്തെത്തിക്കും. തൊഴിലാളികളെ പരിചരിക്കാനുള്ള മെഡിക്കല്‍ സംഘം സജ്ജമാണ്.
◾ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണു മഴസാധ്യത. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുണ്ടാകാം. പത്തനംതിട്ട ജില്ലയില്‍ രണ്ടിടങ്ങളില്‍ ഉരുള്‍പൊട്ടി. കൊട്ടതൊട്ടി മലയിലും ചെന്നീര്‍ക്കര പഞ്ചായത്തിലെ ആറാം വാര്‍ഡിലുമാണ് ഉരുള്‍പൊട്ടിയത്. ജില്ലയിലെ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു. ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇളവുണ്ടെങ്കിലും ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു.
◾കോഴിക്കോട് കടപ്പുറത്ത് ഇന്നു കെപിസിസിയുടെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി. ശശി തരൂര്‍ അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും. അര ലക്ഷം പേര്‍ അണിനിരക്കുമെന്നു സംഘാടകര്‍.
*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*
ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*
◾കണ്ണൂര്‍ പഴയങ്ങാടിയില്‍ നവകേരള സദസിന്റെ ബസിന് കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ നാലു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. റമീസ്, ജിതിന്‍, അമല്‍ ബാബു, അനുവിന്ദ് എന്നിവരാണ് അറസ്റ്റിലായത്.
◾വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ അറസ്റ്റിലായ നാലു യൂത്ത് കോണ്‍ഗ്രസുകാര്‍ക്കും ഇടക്കാല ജാമ്യം. ഇന്നു രാവിലെ കോടതിയില്‍ ഹാജരാകണം. ഇതേസമയം, തെളിവുതേടി പൊലീസ് വികാസ് കൃഷ്ണ നേരത്തെ ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി.
◾യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനു വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളുണ്ടാക്കിയത് താനാണെന്നു വികാസ് കൃഷ്ണന്‍ സമ്മതിച്ചെന്നു പോലീസ്. അടൂരില്‍ കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തുന്നയാളാണ് വികാസ് കൃഷ്ണന്‍. അഭി വിക്രം, ബിനില്‍ ബിനു, ഫെനി നൈനാന്‍ എന്നിവര്‍ ഒരു മാസം മുമ്പേ ഫോട്ടോയും വിലാസവും നമ്പറും നല്‍കിയെന്നും വ്യാജരേഖയുണ്ടാക്കിയതിന് പ്രതിഫലം വാങ്ങിയെന്നും പോലീസ്.
◾നവകേരള ബസിന് അഭിവാദ്യമര്‍പ്പിക്കാന്‍ സ്‌കൂള്‍ കുട്ടികളെ പൊരിവെയിലില്‍ നിര്‍ത്തിയെന്ന് പരാതി. തലശ്ശേരി ചമ്പാട് എല്‍പി സ്‌കൂളിലെ കുട്ടികളെയാണ് വെയിലത്ത് നിര്‍ത്തി മുദ്രാവാക്യം വിളിപ്പിച്ചത്. ബാലാവകാശ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും എംഎസ്എഫ് പരാതി നല്‍കി. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾നവ കേരള സദസ് തടയുമെന്നും വ്യാജ കമ്യൂണിസറ്റ് പിണറായിയെ ഒരു കോടി രൂപയുടെ ബസോടെ മാനന്തവാടി പുഴയില്‍ കാണാമെന്നും മാവോയിസ്റ്റുകളുടെ ഭീഷണിക്കത്ത്. വയനാട് കലക്ടറേറ്റിലാണ് സിപിഐ എംഎലിന്റെ പേരില്‍ ഭീഷണിക്കത്ത് ലഭിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
◾നവകേരള സദസിന്റെ വേദിയില്‍ മുന്‍മന്ത്രി കെ.കെ. ശൈലജയുടെ അധ്യക്ഷ പ്രസംഗം നീണ്ടുപോയതില്‍ നീരസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബഹുമാന്യയായ അധ്യക്ഷയ്ക്കു നിങ്ങളെ കണ്ടപ്പോള്‍ കുറേ സംസാരിക്കണമെന്നുതോന്നി എന്നാണു മുഖ്യമന്ത്രി പ്രസംഗത്തിലൂടെ വിമര്‍ശിച്ചത്. മുഖ്യമന്ത്രി എത്തുന്നതിനു മുമ്പു ശൈലജയുടെ പ്രസംഗം നീണ്ടുപോയതിനാല്‍ മറ്റുള്ളവര്‍ക്കു പ്രസംഗിക്കാന്‍ സമയം കിട്ടിയിരുന്നില്ല.
◾നവകേരള സദസ് വന്‍ പരാജയമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജനങ്ങള്‍ക്ക് ഒരു ഉപകാരവും ഇല്ല. ഏതെങ്കിലും ഒരാളുടെ പരാതി കേള്‍ക്കാന്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ തയാറാകുന്നില്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്തുള്ള രാഷ്ട്രീയ പ്രചാരണമാണിതെന്നും അദ്ദേഹം വിമര്‍ശിച്ചു.
◾സംസ്ഥാനത്ത് അധ്യാപകര്‍ക്ക് ക്ലസ്റ്റര്‍ പരിശീലനമുള്ള ജില്ലകളില്‍ ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ക്ക് ഇന്ന് അവധി. ഒമ്പതു ജില്ലകളിലാണ് അവധി. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്, ചെര്‍പ്പുളശ്ശേരി സബ് ജില്ലകളൊഴികെ അവധിയായിരിക്കും. കോട്ടയം, കൊല്ലം, എറണാകുളം, വയനാട് എന്നീ ജില്ലകളിലെ സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിനമായിരിക്കും. ഈ ജില്ലക്കാര്‍ക്ക് ക്ലസ്റ്റര്‍ പരിശീലനം നല്‍കുന്ന ദിവസം അവധിയായിരിക്കും. കൊല്ലം, എറണാകുളം ജില്ലകളില്‍ 28 നും, കോട്ടയത്ത് 29 നും, വയനാട് 24 നുമാണ് പരിശീലനം.
◾ആലുവായില്‍ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിനു ലഭിച്ച ധനസഹായം തട്ടിയെടുത്ത കേസില്‍ പ്രതികളെ സഹായിക്കുന്നുവെന്നാരോപിച്ച് ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിന്റെ ഓഫീസിലേക്ക് സിപിഎം മാര്‍ച്ച് നടത്തി. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനനാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്.
◾
◾യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യാജ പ്രസിഡന്റാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ അറസ്റ്റിലായവര്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അടുപ്പക്കാരാണ്. വി ഡി സതീശന്‍ അടക്കമുള്ളവര്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടോയെന്ന് പരിശോധിക്കണമെന്നും വികെ സനോജ് ആവശ്യപ്പെട്ടു.
◾നവകേരള സദസില്‍ സ്‌കൂള്‍ കുട്ടികളെ പങ്കെടുപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ചതില്‍ പ്രതിഷേധിച്ച് എംഎസ്എഫ് പ്രവര്‍ത്തകര്‍ ഡിഇഒ ഓഫീസ് ഉപരോധിച്ചു. ഉപരോധ സമരം സംഘര്‍ഷത്തില്‍ കലാശിച്ചു.
◾കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഭാസുരാംഗനും മകനും അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്ന് എന്‍ഫ്ഴോസ്മെന്റ് ഡയറക്ടറേറ്റ്. ഇരുവരും ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കിയിട്ടില്ലെന്നും കസ്റ്റഡി അപേക്ഷയില്‍ ഇഡി പറഞ്ഞു.
◾കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സ്റ്റുഡന്‍സ് യൂണിയന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍ എത്തും. സാഹിത്യോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് ഉദയനിധി സ്റ്റാലിന്‍ എത്തുന്നത്.
◾യുഎഇയിലെ റാസല്‍ഖൈമയില്‍നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടു വിമാന സര്‍വീസ്. ഷാര്‍ജയുടെ ബജറ്റ് എയര്‍ലൈനായ എയര്‍ അറേബ്യയാണ് സര്‍വീസ് ആരംഭിച്ചത്.
◾തിരുവനന്തപുരം: കരിമഠം കോളനിയില്‍ പത്തൊമ്പതുകാരന്‍ അര്‍ഷാദിനെ ലഹരി സംഘം കൊലപ്പെടുത്തിയത് ഇന്‍സ്റ്റഗ്രാമില്‍ മുന്നറിയിപ്പു നല്‍കിയ ശേഷമെന്ന് പൊലീസ്. ലഹരിസംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് കൈമാറിയത് അര്‍ഷാദാണെന്ന് ലഹരിസംഘം മനസിലാക്കിയത് എങ്ങനെയെന്നതു ദുരൂഹമാണ്.
◾താമരശേരി ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മാവൂര്‍ സ്വദേശി റഷീദ മരിച്ചു. അപകടത്തില്‍ പരുക്കേറ്റ എട്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾പതിമൂന്നുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ മതപ്രഭാഷകന്‍ അറസ്റ്റില്‍. മലപ്പുറം മമ്പാട് സ്വദേശി ഷാക്കിര്‍ ബാഖവിയാണ് അറസ്റ്റിലായത്.
◾കനേഡിയന്‍ പൗരന്മാര്‍ക്കുള്ള ഇലക്ട്രോണിക് വിസ സേവനങ്ങള്‍ ഇന്ത്യ പുനരാരംഭിച്ചു. ഇന്ത്യ – കാനഡ നയതന്ത്ര ബന്ധം വഷളായതോടെ സെപ്റ്റംബര്‍ 21 ന് വിസ സേവനങ്ങള്‍ നിര്‍ത്തിവച്ചിരുന്നു.
◾ജമ്മു കാഷ്മീരിലെ രജൗരിയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ നാലു സൈനികര്‍ക്കു വീരമൃത്യു. ഒരു സൈനികന് പരിക്കേറ്റു. കാലെക്കോട്ട മേഖലയില്‍ ഭീകരര്‍ താവളമടിച്ചെന്ന വിവരത്തെതുടര്‍ന്ന് സൈന്യം തെരച്ചില്‍ തുടങ്ങിയപ്പോഴാണ് ആക്രമണമുണ്ടായത്.
◾ഇന്ത്യ- ഓസ്ട്രേലിയ ടി20 സീരീസിന് ഇന്നു തുടക്കം. വിശാഖപട്ടണത്ത് വൈകീട്ട് ഏഴുമണിക്കാണ് മത്സരം ആരംഭിക്കുക. അഞ്ച് മത്സരങ്ങളുള്ള സീരീസിലെ അടുത്ത മത്സരം തിരുവനന്തപുരത്താണ്.
◾ടി20 ക്രിക്കറ്റ് മതിയാക്കാനൊരുങ്ങി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. രോഹിത് ശര്‍മ ഇനി ദേശീയ ടീമിനായി ടി20 മത്സരങ്ങള്‍ കളിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ടി20-യിലെ തന്റെ ഭാവിയെ കുറിച്ച് രോഹിത് ബിസിസിഐയുമായി ഏകദിന ലോകകപ്പിനു മുമ്പുതന്നെ ചര്‍ച്ച നടത്തിയിരുന്നുവെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
◾ഇത്തവണത്തെ ഉത്സവകാലത്ത് രാജ്യത്തെ ഗിഗ് തൊഴിലാളികള്‍ കീശയിലാക്കിയത് വന്‍ വരുമാനം. ഉത്സവകാലത്ത് ഓണ്‍ലൈന്‍ ഓഫറുകളുടെ പിന്‍ബലത്തില്‍ ഉപഭോക്താക്കള്‍ വാങ്ങലുകള്‍ കൂട്ടിയതാണ് വരുമാനം ഉയരാന്‍ മുഖ്യ കാരണമായത്. 48 ശതമാനമാണ് ഗിഗ് തൊഴിലാളുകളുടെ വരുമാനത്തിലുണ്ടായ വര്‍ധനയെന്ന് ഗിഗ് പ്ലാറ്റ്ഫോമായ പിക്ക്മൈ വര്‍ക്കിന്റെ റിപ്പോര്‍ട്ട്. കമ്പനിയുടെ ക്ലയന്റുകള്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതിന് എത്തുന്ന താല്‍ക്കാലിക തൊഴിലാളികളാണ് ഗിഗ് തൊഴിലാളികള്‍. സ്വിഗ്ഗി, സൊമാറ്റോ, യൂബര്‍ തുടങ്ങിയ കമ്പനികളില്‍ വാഹനം ഓടിക്കുകയോ, ഉല്‍പ്പന്നങ്ങള്‍ വിതരണം നടത്തുകയോ ചെയ്യുന്ന ജീവനക്കാര്‍ ഗിഗ് ജോലികളില്‍ ഏര്‍പ്പെടുന്നവരാണ്. പിക്ക്മൈ വര്‍ക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം ഉത്സവ സീസണില്‍ ഗിഗ് തൊഴിലാളികളുടെ എണ്ണം 160 ശതമാനം വര്‍ധിച്ചു. മാത്രമല്ല പ്ലാറ്റ്ഫോമിലെ സ്ത്രീ തൊഴിലാളികളുടെ എണ്ണം മുന്‍ വര്‍ഷത്തില്‍ നിന്ന് 105 ശതമാനം വര്‍ധിച്ചു. ഈ ഉത്സവ സീസണിലെ ഡിമാന്‍ഡിലെ വര്‍ധന ഗിഗ് തൊഴില്‍ ഉള്‍പ്പെടെ മറ്റ് താത്കാലിക, പാര്‍ട്ട് ടൈം തൊഴില്‍ വിഭാഗങ്ങളിലായി എട്ട് ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ടീം ലീസ് സര്‍വീസസിന്റെ കണക്കുകള്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഉത്സവ സീസണില്‍ ഏകദേശം നാല് ലക്ഷം തൊഴിലവസരങ്ങളാണ് ഈ മേഖലയിലുണ്ടായത്. ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ ഇ-കൊമേഴ്സ് കമ്പനികള്‍ ഈ കാലയളവില്‍ ഒരു ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മുമ്പ് പ്രസ്താവിച്ചിരുന്നു. തുടര്‍ന്ന് ഇരു കമ്പനികളുടെയും ബിഗ് ബില്യണ്‍ ഡേയ്സ്, ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ എന്നീ വില്‍പ്പന ഉത്സവും നടന്നതോടെ ഗിഗ് തൊഴിലുകളുടെ ഡിമാന്‍ഡ് വര്‍ധിച്ചു.
◾തെന്നിന്ത്യന്‍ സൂപ്പര്‍ താരം ധനുഷ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ക്യാപ്റ്റന്‍ മില്ലര്‍’. അരുണ്‍ മാതേശ്വരനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. തമിഴ് സെന്‍സേഷന്‍ ജി. വി പ്രകാശ് കുമാര്‍ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ധനുഷ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. കാബര്‍ വാസുകിയാണ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്. സരിഗമ തമിഴ് എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ഗാനത്തിന് ഒരു മണിക്കുറിനുള്ളില്‍ 11 ലക്ഷം വ്യൂസ് ആണ് ലഭിച്ചിരിക്കുന്നത്. സത്യ ജ്യോതി ഫിലിംസിന്റെ ബാനറില്‍ സെന്തില്‍ ത്യാഗരാജനും അര്‍ജുന്‍ ത്യാഗരാജനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മദന്‍ കാര്‍ക്കിയാണ് ക്യാപ്റ്റന്‍ മില്ലറിന്റെ സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പ്രിയങ്ക അരുള്‍ മോഹനാണ് ചിത്രത്തില്‍ ധനുഷിന്റെ നായികയായി എത്തുന്നത്. ശിവ രാജ്കുമാര്‍, സുന്ദീപ് കിഷന്‍, ജോണ്‍ കൊക്കെന്‍, എഡ്വാര്‍ഡ് സോണന്‍ബ്ലിക്ക്, നിവേദിത സതീഷ്, വിനോദ് കിഷന്‍, നാസര്‍, എലങ്കോ കുമരവേല്, വിജി ചന്ദ്രശേഖര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
◾മമ്മൂട്ടി നായകനായെത്തുന്ന വൈശാഖ് ചിത്രം ‘ടര്‍ബോ’യില്‍ കന്നഡ സൂപ്പര്‍ താരം രാജ്. ബി. ഷെട്ടിയും. മിഥുന്‍ മാനുവല്‍ തോമസാണ് ആക്ഷന്‍- എന്റര്‍ടൈനര്‍ ഴോണറില്‍ പുറത്തിറങ്ങുന്ന ടര്‍ബോയ്ക്ക് തിരക്കഥയെഴുതുന്നത്. ഗരുഡ ഗമന ഋഷഭ വാഹന, ടോബി, 777 ചാര്‍ലി എന്നീ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ നടനും സംവിധായകനും തിരക്കഥാകൃത്തുമാണ് രാജ് ബി ഷെട്ടി. മമ്മൂട്ടിയും രാജ് ബി ഷെട്ടിയും ഒരു സിനിമയില്‍ ഒന്നിക്കുമ്പോള്‍ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ വളരെ പ്രതീക്ഷയിലാണ്. ചിത്രത്തില്‍ മമ്മൂട്ടിയുടെ വില്ലനായാണ് താരം എത്തുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മധുരരാജ എന്ന ചിത്രത്തിന് ശേഷം വൈശാഖ്- മമ്മൂട്ടി കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രമാണ് ടര്‍ബോ. വിഷ്ണു ശര്‍മ്മ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ജസ്റ്റിന്‍ വര്‍ഗീസ് ആണ് സംഗീത സംവിധാനം. തമിഴില്‍ നിന്നും അര്‍ജുന്‍ ദാസും തെലുങ്കില്‍ നിന്നും സുനിലും വന്നതോട് കൂടി പാന്‍ ഇന്ത്യന്‍ ലെവലിലേക്കാണ് സിനിമ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.
◾ജര്‍മ്മന്‍ വാഹന ബ്രാന്‍ഡായ ഫോക്‌സ്വാഗണ്‍ വിര്‍ട്ടസ് സെഡാന്‍, ടൈഗണ്‍ മിഡ്-സൈസ് എസ്യുവി എന്നിവയ്ക്കായി പ്രത്യേക പതിപ്പുകള്‍ പുറത്തിറക്കി. ഫോക്‌സ്വാഗണ്‍ വിര്‍റ്റസ് സൗണ്ട് എഡിഷന്‍, ടൈഗണ്‍ സൗണ്ട് എഡിഷന്‍ എന്നിങ്ങനെ വിളിക്കപ്പെടുന്ന ഈ രണ്ട് പതിപ്പുകളും ടോപ്ലൈന്‍ ട്രിം അടിസ്ഥാനമാക്കിയുള്ളതാണ്. ഇവയില്‍ 115 ബിഎച്ച്പിയും 178 എന്‍എം ടോര്‍ക്കും നല്‍കുന്ന 1.0 എല്‍ ടിഎസ്‌ഐ പെട്രോള്‍ എഞ്ചിനാണ് സജ്ജീകരിച്ചിരിക്കുന്നത്. വിര്‍ടസ് സൌണ്ട് എഡിഷന്‍ മാനുവല്‍ വേരിയന്റിന് 15.52 ലക്ഷം രൂപയും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന് 16.77 ലക്ഷം രൂപയും, ടൈഗണ്‍ സൗണ്ട് എഡിഷന് മാനുവല്‍ പതിപ്പിന് 16.33 ലക്ഷം രൂപയും ഓട്ടോമാറ്റിക് പതിപ്പിന് 17.90 ലക്ഷം രൂപയുമാണ് വില. ഈ വിലകളെല്ലാം എക്സ്-ഷോറൂം വിലകള്‍ ആണ്. 115പിഎസ് പവറും 178എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്ന 1-ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ടൈഗന്റെയും വിര്‍റ്റസിന്റെയും സൗണ്ട് എഡിഷനുകളുടെ ഹൃദയം. എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു.
◾മഹത്തായ സാഹിത്യ പൈതൃകമുള്ള, സമ്പന്നമായ മറാഠി ചെറുകഥാ സാഹിത്യരംഗത്തുനിന്നും തിരഞ്ഞെടുത്ത കഥകളുടെ സമാഹാരം. ദളിത്-സ്ത്രീ അനുഭവങ്ങളുടെ ആവിഷ്‌കാരങ്ങള്‍ ഇടംപിടിച്ച, നവീന ഭാവുകത്വം തികഞ്ഞ പത്തൊമ്പതു കഥകള്‍. ‘മറാഠി കഥകള്‍’. എഡിറ്റര്‍ – ഡോ. ആര്‍സു. മാതൃഭൂമി. വില 255 രൂപ.
◾പതിനഞ്ചിലേറെ തരത്തിലുള്ള ക്യാന്‍സര്‍ നമുക്ക് ബാധിക്കുന്നതിന് പ്രധാന കാരണം പുകവലിയാണ്. പുകയില ഉപയോഗിക്കുന്നവരില്‍ പകുതി പേരിലും രോഗങ്ങള്‍ക്ക് കാരണമാകുന്നത് ഈ ശീലം തന്നെയാണ്. വര്‍ഷം തോറും 70 ലക്ഷം പേരെയാണ് പുകയില രോഗികളാക്കുന്നത്. പുകവലിക്കാത്തവരിലും ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. പുകവലിക്കാത്തവരില്‍ ഈ പ്രശ്‌നം ഉണ്ടാവുന്നത് മറ്റുള്ളവരുടെ പുകവലി ശീലത്തിലൂടെയാണ്. പാസീവ് സ്‌മോക്കിംങ് എന്നാണ് ഇതിന് പറയുന്നത്. ഇതിലൂടെ ഒരു കോടി പേരാണ് ലോകത്തെമ്പാടും മരിക്കുന്നത് എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പലപ്പോഴും പുകവലിക്കാരില്‍ പ്രതീക്ഷിക്കാവുന്ന ഒരു അപകടമാണ് ശ്വാസകോശാര്‍ബുദം. തൊണ്ടയിലെ ക്യാന്‍സര്‍ പുകവലിയുടെ മറ്റൊരു ഫലമാണ്. നിസ്സാര ലക്ഷണങ്ങളോടെയാണ് തുടക്കം. വായിലെ അര്‍ബുദം പോലുള്ള അവസ്ഥകള്‍ക്ക് പിന്നില്‍ പുകവലി വലിയ കാര്യമായ പങ്ക് വഹിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. കുടലിലെ ക്യാന്‍സര്‍ ആണ് ക്യാന്‍സറിന്റെ കൂട്ടത്തില്‍ ഏറ്റവും അപകടകാരി. എന്നാല്‍ രോഗലക്ഷണം കണ്ടെത്തിയാല്‍ ഉടനേ തന്നെ ചികിത്സ എടുക്കേണ്ടത് അത്യാവശ്യമാണ്. കിഡ്‌നി ക്യാന്‍സര്‍ ഉണ്ടാവുന്നതിനുള്ള പ്രധാന കാരണം പലപ്പോഴും പലതാണ്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി അല്‍പം ശ്രദ്ധിക്കേണ്ടതാണ്. വയറിന്റെ കീഴ്ഭാഗത്തുള്ള ചെറിയൊരു അവയവമാണ് പാന്‍ക്രിയാസ്. ഇതിന്റെ കോശങ്ങളെ ബാധിക്കുന്ന ക്യാന്‍സര്‍ ആണ് പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍. വയറ്റിലെ ക്യാന്‍സര്‍ ഇത്തരത്തില്‍ നമ്മളെ വലക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. ഇതും പുകവലി മൂലമാണ് ഉണ്ടാവുന്നത്. കരളിലെ ക്യാന്‍സര്‍ പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് നെട്ടോട്ടമോടും മുന്‍പ് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് പുകവലി ഒരു കാരണമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കരളിലെ ക്യാന്‍സര്‍ പോലുള്ള അസ്വസ്ഥതകളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്. മൂത്രാശയ ക്യാന്‍സര്‍, സെര്‍വിക് ക്യാന്‍സര്‍, ഗര്‍ഭപാത്ര ക്യാന്‍സര്‍, ലുക്കീമിയ എന്നിവയെല്ലാം പലപ്പോഴും പുകവലിയുടെ ദൂഷ്യവശങ്ങളാണ്.
*ശുഭദിനം*
*കവിത കണ്ണന്‍*
ആ ഗ്രാമത്തിനടുത്തുളള കുന്നിന്‍ ചെരുവില്‍ ഒരു അമ്പലമുണ്ട്. അതിനടുത്തുളള ആല്‍മരത്തില്‍ ധാരാളം കുരങ്ങുകള്‍ താമസിച്ചിരുന്നു. അമ്പലത്തില്‍ വരുന്നവര്‍ കൊണ്ടുവരുന്ന തേങ്ങാപ്പൂളും മറ്റ് പ്രസാദങ്ങളും കഴിച്ച് അവര്‍ അവിടെ സുഖമായി താമസിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസം ആ അമ്പലത്തില്‍ ഒരു വിശേഷാല്‍ പൂജ നടക്കുന്ന ദിവസം ഉണ്ടെന്നും ആ ദിവസം പകല്‍മുഴുവന്‍ ഉപവസിച്ചാല്‍ ഈശ്വരാനുഗ്രഹം ഉണ്ടാകുമെന്നും പിന്നെ ജീവിതത്തില്‍ ധാരാളം ഐശ്വര്യങ്ങള്‍ വരുമെന്നും ആളുകള്‍ പറയുന്നത് കേട്ട് കുരങ്ങുകളും ആ പൂജാദിവസം ഉപവസിക്കാന്‍ തീരുമാനിച്ചു. രാവിലെ മുതല്‍ അവര്‍ ഉപവാസം ആരംഭിച്ചു. കുറച്ച് കഴിഞ്ഞപ്പോള്‍ ഒരാള്‍ ഒരു വലിയ കുട്ടനിറയെ പഴുത്തമാങ്ങകള്‍ കൊണ്ടുവന്ന് ആല്‍മരത്തിനടിയില്‍ വെച്ചു. എല്ലാ കുരങ്ങന്മാരും മാമ്പഴമെടുത്തു. പക്ഷേ, ഉപവാസം തീര്‍ന്നാലല്ലേ ഇത് കഴിക്കാനാകൂ.. അവര്‍ കാത്തിരുന്നു. ഉച്ചയായപ്പോഴേക്കും എല്ലാവര്‍ക്കും വിശന്നുതുടങ്ങി. അപ്പോള്‍ കൂട്ടത്തിലെ മുതിര്‍ന്ന കുരങ്ങന്‍ പറഞ്ഞു: എനിക്ക് വയസ്സായി. ഇനി അധികകാലമൊന്നുമില്ല. ദൈവത്തിന്റെ പ്രത്യേക അനുഗ്രഹം കിട്ടിയിട്ട് കാര്യമൊന്നുമില്ല. അതിനാല്‍ ഞാന്‍ ഈ മാമ്പഴം കഴിക്കുകയാണ്. മുതിര്‍ന്ന കുരങ്ങന്‍ മാമ്പഴം കഴിക്കുന്നത് കണ്ട് കൊതിമൂത്ത് മറ്റ് കുരങ്ങന്മാരും ഓരോരോ കാരണങ്ങള്‍ പറഞ്ഞ് മാമ്പഴം കഴിച്ചുതീര്‍ത്തു.. എപ്പോള്‍ ഉപവസിക്കാന്‍ തീരുമാനിച്ചോ അപ്പോള്‍ മുതല്‍ അവരുടെ ചിന്ത ഭക്ഷണത്തെക്കുറിച്ച് മാത്രമായി. നമുക്കും കുറെ ദുശ്ശീലങ്ങള്‍ ഉണ്ടാകാം. ദുശ്ശീലങ്ങള്‍ മാറ്റണമെന്ന് എത്ര വിചാരിച്ചാലും ആ ശീലങ്ങള്‍ കൂടുതല്‍ കൂടുതല്‍ ശക്തമായി നമ്മെ അള്ളിപ്പിടിച്ചുകൊണ്ടിരിക്കും. പിന്നീട് നാമധികവും ചിന്തിക്കുക ഈ ശീലക്കേടുകളെ കുറിച്ച് മാത്രമായിരിക്കും. ദുശ്ശീലങ്ങളെ മാറ്റാന്‍ നമുക്ക് കൃത്യമായ പ്ലാനിങ്ങും മുന്നൊരുക്കങ്ങളും ആവശ്യമാണ്. മാത്രമല്ല, പാതിവഴി മാറ്റിയെടുത്ത ശീലങ്ങളില്‍ നിന്നും തിരികെപ്പോരാന്‍ ഒരു പിന്‍വിളി എപ്പോഴുമുണ്ടാകും. ആ പിന്‍വിളിയെ അതിജീവിക്കുന്നവരാണ് അവനവനെ തന്നെ ജയിക്കുന്നവര്‍- ശുഭദിനം.