◾സംസ്ഥാനത്തെ നാലിനം ക്ഷേമ പെന്‍ഷനുകള്‍ 1600 രൂപയാക്കി വര്‍ധിപ്പിച്ചു. വിശ്വകര്‍മ്മ, സര്‍ക്കസ്, അവശ കായികതാര, അവശ കലാകാര പെന്‍ഷന്‍ തുകകളാണ് വര്‍ധിപ്പിച്ചതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. അവശ കലാകാര പെന്‍ഷന്‍ നിലവില്‍ 1000 രൂപയായിരുന്നു. അവശ കായികതാരങ്ങള്‍ക്ക് 1300 രൂപയും സര്‍ക്കസ് കലാകാരന്‍മാര്‍ക്ക് 1200 രുപയും വിശ്വകര്‍മ്മ പെന്‍ഷന്‍ 1400 രൂപയുമാണ് പെന്‍ഷന്‍ നല്‍കിയിരുന്നത്.
◾ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഗവര്‍ണറുടെ സെക്രട്ടറിക്കും കേന്ദ്ര സര്‍ക്കാരിനും നോട്ടീസയച്ചു. ബില്ലുകളില്‍ എന്തുനിലപാടെടുത്തെന്ന് അറിയിക്കണമെന്നാണു നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
◾
*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*
ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*
◾സംസ്ഥാനത്ത് അഞ്ച് കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പ് പ്രതിസന്ധിയില്‍. ലൈഫ് പദ്ധതി, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കെ ഫോണ്‍ എന്നിവയ്ക്കാണു കേന്ദ്ര വിഹിതം തടഞ്ഞത്. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയാണെന്നു പരസ്യപ്പെടുത്തണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. വിവിധ പദ്ധതികള്‍ക്കും ഗ്രാന്റ് ഇനത്തിലും 5632 കോടി രൂപയുടെ കുടിശികയാണ് സംസ്ഥാനത്തിനു കിട്ടാനുള്ളത്. ലൈഫ് വീടിന് കേന്ദ്രം നല്‍കുന്നത് 75,000 രൂപയാണ്. മൂലധന ചെലവില്‍ 1925 കോടി രൂപ കുടിശികയുണ്ട്. നാലു ലക്ഷം രൂപയാണ് ലൈഫ് വീടിന് അനുവദിക്കുന്നത്. മൂന്നിരട്ടിയോളം തുക സംസ്ഥാന സര്‍ക്കാരാണു ചെലവാക്കുന്നത്.
◾എത്ര വലിയ വെല്ലുവിളികളുണ്ടായാലും ലൈഫ് പദ്ധതി വിജയിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ എല്ലാവര്‍ക്കും ഭവനങ്ങള്‍ ലഭ്യമാക്കാനുള്ള ശ്രമത്തിനു പിന്തുണ നല്‍കേണ്ടത് മനുഷ്യത്വപരമായ ഉത്തരവാദിത്തമാണ്. ലൈഫിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ പാവങ്ങളുടെ കഞ്ഞിയില്‍ മണ്ണ് വാരിയിടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
◾നവകേരള സദസില്‍ പരാതി നേരിട്ട് സ്വീകരിക്കാത്തതു സമയമില്ലാത്തതിനാലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരാതി സ്വീകരിക്കാനുള്ള കൗണ്ടറുകളുടെ എണ്ണം ഇരുപതാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലയിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളില്‍നിന്ന് 14,232 നിവേദനങ്ങളാണ് ലഭിച്ചത്. മഞ്ചേശ്വരത്തു 1908, കാസര്‍ഗോഡ് 3451, ഉദുമയില്‍ 3733, കാഞ്ഞങ്ങാട് 2840, തൃക്കരിപ്പൂര്‍ 2300 എന്നിങ്ങനെയാണു പരാതി ലഭിച്ചത്.
◾വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ മരട് അനീഷിനെ മറ്റൊരു തടവുകാരനായ അമ്പായത്തോട് അഷറഫ് ഹുസൈന്‍ ബ്ലേഡു കൊണ്ട് തലയിലും ദേഹത്തും വരഞ്ഞ് മുറിവേല്‍പ്പിച്ചു. തടയാന്‍ ശ്രമിച്ച ജയില്‍ ഉദ്യോഗസ്ഥനും മര്‍ദ്ദനമേറ്റു. കൊച്ചിയിലെ ഗുണ്ടയായ അനീഷ് കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, വധശ്രമം അടക്കം 45 കേസുകളില്‍ പ്രതിയാണ്.
◾
◾തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയലില്‍ തടവുകാരന്റെ ശരീരത്തില്‍ ഉദ്യോഗസ്ഥര്‍ ചൂടുവെള്ളം ഒഴിച്ചു പൊള്ളിച്ചെന്ന പരാതിയില്‍ കോടതി വിശദീകണം തേടി. മുഖ്യമന്ത്രിക്കെതിരെ ഫെയ്സ് ബുക് പോസ്റ്റിട്ടതിന് അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന ലിയോണ്‍ ജോണ്‍സനെ ഉപദ്രവിച്ചെന്നാണ് പരാതി. തിരുവന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതി ജയില്‍ സൂപ്രണ്ടിനോടാണു വിശദീകരണം തേടിയത്.
◾കരുവന്നൂര്‍ കള്ളപ്പണ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബാങ്കിന്റെ രണ്ട് മുന്‍ ഭരണ സമിതി അംഗങ്ങളെ മാപ്പുസാക്ഷിയാക്കാന്‍ കോടതിയെ സമീപിച്ചു. ബെനാമി വായ്പകളെല്ലാം ഉന്നത നേതാക്കളുടെ അറിവോടെയാണെന്നാണ് കോടതിയെ ബോധ്യപ്പെടുത്തിയിരിക്കുന്നത്. ബാങ്ക് സെക്രട്ടറി സുനില്‍, മുന്‍ മാനേജര്‍ ബിജു കരീം എന്നിവര്‍ ഇതു സംബന്ധിച്ച് നേരത്തെ മൊഴി നല്‍കിയിരുന്നു.
◾ജഡ്ജിമാര്‍ക്കു നല്‍കാനെന്നു പറഞ്ഞു കോഴ വാങ്ങിയെന്ന കേസിലെ എഫ്ഐആര്‍ റദ്ദാക്കണമെന്ന അഡ്വ. സൈബി ജോസിന്റെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. അന്തിമ റിപ്പോര്‍ട്ട് രണ്ടു മാസത്തിനകം പരിഗണിക്കാന്‍ വിജിലന്‍സ് കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. അന്തിമ റിപ്പോര്‍ട്ടിന്റെ പകര്‍പ്പിന് അപേക്ഷിച്ചാല്‍ ഹര്‍ജിക്കാരന് പകര്‍പ്പ് കൈമാറണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
◾നവകേരള യാത്രയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പരാതി സ്വീകരിക്കുന്നില്ലെന്നും യാത്ര പാഴ് വേലയാണെന്നും രമേശ് ചെന്നിത്തല. ഉദ്യോഗസ്ഥരാണ് പരാതികള്‍ വാങ്ങുന്നത്. കെ.കരുണാകരനും ഉമ്മന്‍ചാണ്ടിയും നേരിട്ടാണ് പരാതി വാങ്ങിയത്. പിണറായി രാജാ പാര്‍ട്ട് കെട്ടിയിരിക്കുന്നു. മറ്റു മന്ത്രിമാര്‍ ദാസന്മാരായി നില്‍ക്കുന്നു. യാത്രയിലെ പ്രസംഗം രാഷ്ട്രീയ പ്രസംഗമാണ്. ചെന്നിത്തല കുറ്റപ്പെടുത്തി.
◾ഹൈക്കോടതി അഭിഭാഷകനായ ദിനേശ് മേനോന്‍ അന്തരിച്ചു. 17 മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വാടക വീട് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയിരുന്നു. റോബിന്‍ ബസ് കേസിലെ ഹര്‍ജിക്കാരനുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായത് ദിനേശ് മേനോന്‍ ആണ്.
◾ഓഫീസില്‍ നെഗറ്റീവ് എനര്‍ജി പുറന്തള്ളാന്‍ പ്രാര്‍ത്ഥന നടത്തിയതിന് തൃശ്ശൂര്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ക്ക് സസ്പന്‍ഷന്‍. ശിശു സംരക്ഷണ ഓഫീസര്‍ കെ എ ബിന്ദുവിനെയാണ് സസ്പെന്‍ഡ് ചെയ്തത്. സെപ്റ്റംബര്‍ 29 നാണ് ഓഫീസിലെ നെഗറ്റീവ് എനര്‍ജി മാറ്റാന്‍ പ്രാര്‍ഥന നടത്തിയത്.
◾കൊല്ലം പത്തനാപുരം മാങ്കോട് പതിനാലുകാരനെ സംഘം ചേര്‍ന്ന് ആക്രമിച്ചെന്ന പരാതിയില്‍ അഞ്ചുപേര്‍ക്കെതിരേ കേസ്. വിദ്യാര്‍ത്ഥിയുടെ വസ്ത്രം അഴിച്ച് ജനനേന്ദ്രിയത്തില്‍ കത്തിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണു പരാതി. മാങ്കോട് സ്വദേശികളായ അജിത്ത്, രാജേഷ്, അഖില്‍, അനീഷ്, അജിത് എന്നിവര്‍ക്കെതിരെയാണു പത്തനാപുരം പൊലീസ് കേസെടുത്തത്.
◾പാലാ വള്ളിച്ചിറയ്ക്കു സമീപം സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് മകനെ കുത്തിയശേഷം അച്ഛന്‍ തൂങ്ങി മരിച്ചു. വെട്ടുകാട്ടില്‍ ചെല്ലപ്പന്‍ (74) ആണ് മരിച്ചത്. പരുക്കേറ്റ മകന്‍ ശ്രീജിത്ത് ചികിത്സയിലാണ്.
◾വിശാഖപട്ടണം തുറമുഖത്ത് വന്‍ തീപിടിത്തം. 25 ഓട്ടോമേറ്റഡ് മത്സ്യബന്ധന ബോട്ടുകള്‍ കത്തിച്ചാമ്പലായി. 30 കോടി രൂപയുടെ നഷ്ടം. തീ പടരുന്നത് കണ്ട് ബോട്ടുകളില്‍ കിടന്നുറങ്ങിയിരുന്ന മത്സ്യത്തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടു.
◾മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിലെ ബിര്‍ തികേന്ദ്രജിത്ത് വിമാനത്താവളത്തില്‍ അജ്ഞാത ഡ്രോണ്‍ പറന്നു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവച്ചു. ഏതാനും വിമാനങ്ങള്‍ വൈകി. വ്യോമസേനയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയെങ്കിലും ഡ്രോണ്‍ പിടിച്ചെടുക്കാനായില്ല.
◾നടി തൃഷയ്‌ക്കെതിരെ നടത്തിയ മോശം പരാമര്‍ശത്തില്‍ നടന്‍ മന്‍സൂര്‍ അലി ഖാനെതിരെ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധായ കേസെടുത്തു.
◾കളിച്ചുകൊണ്ടിരിക്കെ വീട്ടിലെ ഫാനില്‍നിന്ന് ഷോക്കേറ്റ് നാലു കുട്ടികള്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ഉന്നാവ് ജില്ലയിലെ ലാല്‍മന്‍ ഖേദ ഗ്രാമത്തിലാണു സംഭവം. പത്തു വയസില്‍ താഴെയുള്ള കുട്ടികളാണ് മരിച്ചത്. വീട്ടിലെ മുതിര്‍ന്നവരെല്ലാം പാടത്തു പണിക്കു പോയിരുന്നപ്പോഴാണ് അപകടമുണ്ടായത്.
◾സ്‌കൂളില്‍ ഉച്ച ഭക്ഷണത്തിനു തയ്യാറാക്കിയ സാമ്പാര്‍ ചെമ്പിലേക്കുവീണ് പൊള്ളലേറ്റ വിദ്യാര്‍ഥിനി മരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ടാം ക്ലാസുകാരി മഹന്തമ്മ ശിവപ്പ(7)യാണ് മരിച്ചത്. കല്‍ബുറഗി ജില്ലയിലെ അഫ്‌സല്‍പൂര്‍ താലൂക്കിലെ ചിന്‍ംഗേര സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് മഹന്തമ്മ.
◾മൈസൂരു ഹാസന്‍ ജില്ലയില്‍ 21 കാരിയായ മുന്‍കാമുകി സുചിത്രയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി തേജസിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പ്രണയത്തില്‍നിന്ന് പിന്‍വാങ്ങിയതിനാണ് കഴുത്തറുത്ത് കൊന്നത്.
◾പാറ്റ്നയില്‍ വിവാഹാലോചന നിരസിച്ച പെണ്‍കുട്ടിയുടെ വീട്ടിലെ രണ്ടു പേരെ യുവാവ് വെടിവച്ചു കൊന്നു. നാലു പേര്‍ക്കു പരിക്കേറ്റു. മൂന്നു പേരുടെ നില ഗുരുതരമാണ്. വിവാഹാലോചന നടത്തിയ പെണ്‍കുട്ടിയും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. യുവാവിനെ പിടികൂടാനായിട്ടില്ല.
◾മൊള്‍ഡോവ സന്ദര്‍ശിച്ച ഓസ്ട്രിയന്‍ പ്രസിഡന്റിനെ മൊള്‍ഡോവ പ്രസിഡന്റിന്റെ നായ കടിച്ചു. ഓസ്ട്രിയയുടെ പ്രസിഡണ്ട് അലക്സാണ്ടര്‍ വാന്‍ ഡെര്‍ ബെല്ലനാണ് മൊള്‍ഡോവന്‍ പ്രസിഡന്റ് മയാ സാന്‍ഡുവിന്റെ വളര്‍ത്തു നായയുടെ കടിയേറ്റത്.
◾ഒരു കുപ്പി സ്‌കോച്ച് വിസ്‌കി ലേലത്തില്‍ വിറ്റത് 22.7 കോടി രൂപയ്ക്ക്! 97 വര്‍ഷം പഴക്കമുള്ള മക്കാലന്‍ അദാമി വിസ്‌കിയാണ് റെക്കോര്‍ഡ് വിലയ്ക്ക് ലേലത്തില്‍ വിറ്റത്. 1926 ല്‍ വാറ്റിയ മദ്യമാണിത്.
◾തൃശൂര്‍ ആസ്ഥാനമായ പ്രമുഖ സ്വകാര്യബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് വായ്പകളുടെ അടിസ്ഥാന പലിശനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് വീണ്ടും കൂട്ടി. പുതിയനിരക്കുകള്‍ നവംബര്‍ 20ന് പ്രാബല്യത്തില്‍ വന്നു. അടിസ്ഥാന നിരക്ക് ഉയര്‍ത്തിയതോടെ എം.സി.എല്‍.ആര്‍ അധിഷ്ഠിതമായ വായ്പകളുടെ പ്രതിമാസ തിരിച്ചടവും കൂടും. സ്വര്‍ണപ്പണയം, ബിസിനസ് വായ്പ, വ്യാപാരികളുടെ ഓവര്‍ഡ്രാഫ്റ്റ്, ജി.എസ്.ടി ബിസിനസ് വായ്പ എന്നിവയ്ക്കാണ് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ എം.സി.എല്‍.ആര്‍ ബാധകം. പുതിയ നിരക്കുപ്രകാരം ഒറ്റനാള്‍ കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആര്‍ ഒക്ടോബറിലെ 9.45 ശതമാനത്തില്‍ നിന്ന് 9.50 ശതമാനമാകും. ഒരുമാസക്കാലാവധിയുള്ള വായ്പകളുടേത് 9.45ല്‍ നിന്ന് 9.50 ശതമാനത്തിലേക്കും മൂന്നുമാസ കാലാവധിയുള്ള വായ്പകളുടേത് 9.50ല്‍ നിന്ന് 9.55 ശതമാനത്തിലേക്കും ഉയര്‍ത്തി. ആറ് മാസക്കാലാവധിയുള്ള വായ്പകളുടെ പുതുക്കിയ എം.സി.എല്‍.ആര്‍ 9.65 ശതമാനമാണ്. ഒക്ടോബറില്‍ 9.60 ശതമാനമായിരുന്നു. ഒരുവര്‍ഷ കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആര്‍ 9.75 ശതമാനത്തില്‍ നിന്ന് 9.80 ശതമാനമായും കൂട്ടി. നടപ്പു സാമ്പത്തിക വര്‍ഷം (2023-24) തുടക്കം മുതല്‍ തുടര്‍ച്ചയായി എം.സി.എല്‍.ആര്‍ കൂട്ടുന്ന നടപടിയാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് സ്വീകരിച്ചത്. ഏപ്രില്‍ മുതല്‍ തുടര്‍ച്ചയായി കൂട്ടിയതിലൂടെ ഓവര്‍നൈറ്റ്, ഒരുമാസ കാലാവധികളുള്ള വായ്പകളുടെ എം.സി.എല്‍.ആര്‍ ഉയര്‍ന്നത് 0.75 ശതമാനത്തോളം. ഏപ്രിലിന് മുമ്പ് ഓവര്‍നൈറ്റ് നിരക്ക് 8.70 ശതമാനവും ഒരുമാസ നിരക്ക് 8.75 ശതമാനവുമായിരുന്നു. ഇക്കാലയളവില്‍ ഒരുവര്‍ഷ കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആര്‍ ആകട്ടെ 9.45 ശതമാനത്തില്‍ നിന്നാണ് 9.80 ശതമാനത്തിലെത്തിയത്; വര്‍ധന 0.35 ശതമാനം.
◾ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിതമായ ചാറ്റ്‌ബോട്ടുകളുടെ കാലമാണിത്. ചാറ്റ്ജിപിടിയുടെ വിജയത്തിന് ശേഷം പ്രമുഖ ടെക് കമ്പനികളെല്ലാം സമാനമായ ടൂള്‍ വികസിപ്പിക്കുന്നതിനുള്ള തിരക്കിലാണ്. ഗൂഗിള്‍ ബാര്‍ഡ് ഇതിന് ഒരു ഉദാഹരണമാണ്. വാട്‌സ്ആപ്പും സമാനമായ പാതയിലാണ്. ഉടന്‍ തന്നെ ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പും എഐ ചാറ്റ്‌ബോട്ട് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വാട്‌സ്ആപ്പിന്റെ പുതിയ ബീറ്റാ വേര്‍ഷനില്‍ എഐ ചാറ്റ്‌ബോട്ട് അവതരിപ്പിക്കുന്നതിന് പ്രത്യേക ഫീച്ചര്‍ കൊണ്ടുവന്നിട്ടുണ്ട്. എഐ ചാറ്റ്‌ബോട്ട് സുഗമമായി അവതരിപ്പിക്കുന്നതിനുള്ള സൗകര്യത്തിന്റെ ഭാഗമായി പ്രത്യേക ബട്ടണിനാണ് രൂപം നല്‍കിയിരിക്കുന്നത്. ചാറ്റ്‌സ് ടാബിലാണ് പുതിയ ബട്ടണ്‍. ന്യൂ ചാറ്റ് ബട്ടണിന് മുകളില്‍ വലതുവശത്ത് താഴെയായാണ് പുതിയ ക്രമീകരണം. എഐ അധിഷ്ഠിത ചാറ്റുകള്‍ അതിവേഗം പ്രയോജനപ്പെടുത്താന്‍ കഴിയുംവിധമാണ് സംവിധാനം ഒരുക്കുക. സെപ്റ്റംബറിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ എഐ ചാറ്റ്‌ബോട്ട് വാട്‌സ്ആപ്പ് അവതരിപ്പിച്ചത്. എന്നാല്‍ ഇത് കോണ്‍ടാക്ട് ലിസ്റ്റിനുള്ളില്‍ മറച്ചുവെച്ച നിലയിലായിരുന്നു. ഇതുമൂലം ഇത് കണ്ടെത്തി ആശയവിനിമയം നടത്തുന്നതിന് വലിയ ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഇത് പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ബട്ടണ്‍ അവതരിപ്പിച്ചത്.
◾സോഹന്‍ സീനുലാല്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഡാന്‍സ് പാര്‍ട്ടി ഡിസംബര്‍ 1ന് തീയ്യേറ്ററുകളിലെത്തും. കേരളത്തിലുടനീളം നൂറ്റിയമ്പതോളം തീയ്യേറ്ററുകളിലാണ് ചിത്രം റീലീസ് ചെയ്യുക. റെജി പ്രോത്താസിസ്, നൈസി റെജി എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, പ്രയാഗ മാര്‍ട്ടിന്‍, ജൂഡ് ആന്റണി, ശ്രദ്ധ ഗോകുല്‍, ലെന തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഓള്‍ഗ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആണ് ഡാന്‍സ് പാര്‍ട്ടി നിര്‍മിക്കുന്നത്. അമേരിക്കന്‍ സ്റ്റേജ് ഷോക്ക് പങ്കെടുക്കാനായി തയ്യാറെടുക്കുന്ന ഡാന്‍സ് ടീമും അതിലേക്ക് പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന അനിക്കുട്ടനും അവന്റെ കൂട്ടുകാരും എല്ലാം ചേര്‍ന്നതാണ് ചിത്രം. ഒരു ഫാമിലി ഫണ്‍ എന്റര്‍ടെയ്നര്‍ മൂഡിലാണ് കഥ പോകുന്നത്. കൊച്ചി, ബാഗ്ലൂര്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ചിത്രത്തിലെ റീലസ് ചെയ്ത രണ്ട് ഗാനങ്ങള്‍ക്കും ട്രെയിലറിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. രാഹുല്‍ രാജ്, ബിജിബാല്‍, വി3കെ എന്നിവര്‍ സംഗീതം നല്‍കിയ ആറ് ഗാനങ്ങളാണ് ഡാന്‍സ്പാര്‍ട്ടിയിലെ മറ്റൊരു പ്രത്യേകത. സാജു നവോദയ, പ്രീതി രാജേന്ദ്രന്‍, ഫുക്രു, ബിനു തൃക്കാക്കര, മെക്കാര്‍ട്ടിന്‍, അഭിലാഷ് പട്ടാളം, നാരായണന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
◾കള. ഇബിലീസ്, അഡ്വഞ്ചേഴ്സ് ഓഫ് ഓമനകുട്ടന്‍ എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ രോഹിത് വി. എസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ടിക്കി ടാക്ക’യില്‍ ആസിഫ് അലിയാണ് നായകനായി എത്തുന്നത്. വാമിക ഖബ്ബിയാണ് നായിക. ആസിഫ് അലിയുടെ ഗംഭീര മേക്ക്ഓവറില്‍ ഉള്ള ചിത്രമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ആസിഫ് അലി തന്നെയാണ് ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഫിറ്റ് ബോഡിയില്‍ ഗൗരവത്തോടെ മാസ് ലുക്കിലാണ് ആസിഫ് ചിത്രത്തിലുള്ളത്. ആക്ഷന്‍- എന്റര്‍ടൈന്‍മെന്റ് ഴോണറിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ഹരിശ്രീ അശോകന്‍, ലുക്മാന്‍ അവറാന്‍, വാമിക ഖബ്ബി, നസ്ലിന്‍ സഞ്ജന നടരാജ്, സന്തോഷ് പ്രതാപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. നിയോഗ് കൃഷ്ണയാണ് ചിത്രത്തിന്റെ സഹ തിരക്കഥാകൃത്ത്. അഡ്വഞ്ചേഴ്സ് കമ്പനിയുടെ ബാനറില്‍ ജൂവിസ് പ്രൊഡക്ഷന്‍സ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും നേവിസ് സേവ്യറും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
◾ഇന്ത്യന്‍ നിര്‍മിത എലിവേറ്റ് ജപ്പാന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട. രാജസ്ഥാനിലെ തപുകാരാ പ്ലാന്റില്‍ നിന്ന് നിര്‍മിക്കുന്ന വാഹനം ജപ്പാനില്‍ ഡബ്ല്യുആര്‍വി എന്ന പേരിലായിരിക്കും വില്‍ക്കുക. ഹോണ്ടയുടെ മിഡ് സൈസ് എസ്യുവി എലിവേറ്റ് സെപ്റ്റംബര്‍ ആദ്യമാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. ഇന്ത്യയിലെ എലിവേറ്റിന്റെ അതേ രൂപമാണ് ജാപ്പനീസ് മോഡലിനും. എന്നാല്‍ ഇന്റീരിയറില്‍ ചെറിയ മാറ്റങ്ങളുണ്ട്. എലിവേറ്റിന്റെ ഇന്റീരിയര്‍ ബ്ലാക്ക് ആന്‍ഡ് ബീജ് കോമ്പിനേഷനാണെങ്കില്‍ ഡബ്ല്യുആര്‍വിക്ക് ഓള്‍ ബ്ലാക് ഇന്റീരിയറാണ്. കൂടാതെ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റത്തിനും മാറ്റങ്ങളുണ്ടാകും. നാലു മോഡലുകളിലായി പെട്രോള്‍, മാനുവല്‍, സിവിടി ഗിയര്‍ബോക്സുകളിലാണ് വാഹനം എത്തുന്നത്. ഹോണ്ട സിറ്റിയുടെ അതേ പ്ലാറ്റ്ഫോമില്‍ നിര്‍മിച്ച വാഹനത്തിന് 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ്. 121 എച്ച്പിയാണ് പരമാവധി കരുത്ത്. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിനൊപ്പം 7 സ്റ്റെപ് സിവിടി ഓട്ടമാറ്റിക് ഗിയര്‍ബോക്സുമുണ്ട്.
◾കഥകളിലൂടെയും കാവ്യങ്ങളിലൂടെയും കലാരൂപങ്ങളിലൂടെയും തെളിയുന്ന കൃഷ്ണനെന്ന കഥാപാത്രത്തെയും നമ്മുടെ ജീവിതത്തിന്റെ പല മേഖലകളെ പല വിധത്തില്‍ ചൂഴ്ന്നു നില്‍ക്കുന്ന ഒരു പുരാവൃത്തത്തെയും അടുത്തറിയാനും അനുഭവിക്കാനും ഈ പുസ്തകം സഹായിക്കുന്നു. ശ്രീകൃഷ്ണാനുഭവത്തിന്റെ ഉന്മേഷദായകമായ സ്മൃതിധാര. ‘ശ്രീകൃഷ്ണദര്‍ശനം’. പി.കെ ദയാനന്ദന്‍. മാതൃഭൂമി. വില 221 രൂപ.
◾ഏറെ ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ബദാം എന്ന് നിരവധി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ തണുപ്പുകാലത്ത് ഇടനേര ഭക്ഷണമായി ഉള്‍പ്പെടുത്താവുന്ന ഒന്നാണ് ബദാമെന്ന് നിസംശയം പറയാം. ദിവസവും ഒരു പിടി ബദാം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് പല പഠനങ്ങളും തെളിയിച്ചിട്ടുള്ളത്. പ്രോട്ടീന്‍, നാരുകള്‍, കാല്‍സ്യം, കോപ്പര്‍, മഗ്നീഷ്യം, വിറ്റാമിന്‍ ഇ, റൈബോഫ്‌ളേവിന്‍ എന്നിവയാല്‍ സമൃദ്ധമായ ബദാമില്‍ ഇരുമ്പ്, പൊട്ടസ്യം, സിങ്ക്, വിറ്റാമിന്‍ ബി, നിയാസിന്‍, തയാമിന്‍, ഫോളേറ്റ് എന്നിവയും അടങ്ങിയിട്ടുണ്ട്. ഹൃദ്രോഗം, ടൈപ്പ് 2 ഡയബറ്റിസ് മെലിറ്റസ് തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങള്‍ മൂലമുള്ള അപകടസാധ്യത കുറയ്ക്കാന്‍ ബദാം പതിവായി കഴിക്കുന്നത് നല്ലതാണ്. ദിവസവും ഒരു പിടി ബദാം കഴിക്കുന്നത് കാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവരുടെ മരണസാധ്യത 20 ശതമാനം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് അടുത്തിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. ബദാമില്‍ കൊഴുപ്പിന്റെ അളവ് കൂടുതലാണെന്നതാണ് പലരെയും പേടിപ്പിക്കുന്നത്. ബദാമില്‍ 50 ശതമാനവും കൊഴുപ്പാണെന്നത് ശരിതന്നെ, എന്നാല്‍ ഇതില്‍ ഭാരിഭാഗവും ശരീരത്തിന് ഗുണകരമായ കൊഴുപ്പാണ് അടങ്ങിയിട്ടുള്ളത്. തണുപ്പുകാലത്ത് വിശപ്പ് അധികമായതിനാല്‍ ഒരു ഇടനേര സ്‌നാക്ക് ആയും ബദാം കഴിക്കാം. രാവിലെ ബ്രേക്ക്ഫാസ്റ്റിനൊപ്പവും ബദാം പതിവാക്കുന്നത് നല്ലതാണ്. ഇത് വെള്ളതില്‍ കുതിര്‍ത്തും വറുത്തും സ്മൂത്തി, ഹല്‍വ, തൈര് എന്നിവയ്‌ക്കൊപ്പം ചേര്‍ത്തും കഴിക്കാവുന്നതാണ്. വീഗന്‍ ആളുകള്‍ക്ക് ബദാം മില്‍ക്ക് ഒരു മികച്ച ഓപ്ഷന്‍ ആണ്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.34, പൗണ്ട് – 104.11, യൂറോ – 91.05, സ്വിസ് ഫ്രാങ്ക് – 94.26, ഓസ്ട്രേലിയന്‍ ഡോളര്‍ – 54.67, ബഹറിന്‍ ദിനാര്‍ – 221.07, കുവൈത്ത് ദിനാര്‍ -270.37, ഒമാനി റിയാല്‍ – 216.49, സൗദി റിയാല്‍ – 22.22, യു.എ.ഇ ദിര്‍ഹം – 22.69, ഖത്തര്‍ റിയാല്‍ – 22.89, കനേഡിയന്‍ ഡോളര്‍ – 60.83.