◾നവകേരള സദസിനു കാസര്‍കോട്ടെ മഞ്ചേശ്വരത്തു രാജകീയ തുടക്കം. മഞ്ചേശ്വരത്തെ പൈവെളിഗയില്‍ പരാതികള്‍ കൈകാര്യം ചെയ്യാന്‍ ഏഴു കൗണ്ടറുകളുണ്ട്. രാജകീയ ബസുകളിലാണു മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടേയും നവകേരള യാത്ര. ടൂറിസ്റ്റു ബസുകള്‍ക്കുള്ള നിയമത്തില്‍ പ്രത്യേക ഇളവുകള്‍ അനുവദിച്ച് ഉത്തരവിറക്കി നിയമവിധേയമാക്കിയിട്ടുണ്ട്. മുന്‍ സീറ്റിന് 180 ഡിഗ്രി കറങ്ങാനും വെള്ളയ്ക്കു പകരം കറുത്ത നിറം നല്‍കാനും വാഹനത്തില്‍ ലിഫ്റ്റും ടോയ്ലെറ്റും ഒരുക്കാനും ബസിലേക്കു പുറത്തുനിന്നു വൈദ്യുതി നല്‍കാനും പ്രത്യേക ഉത്തരവിലൂടെ അനുമതി നല്‍കിയിട്ടുണ്ട്. കളര്‍കോഡിന്റെയും രൂപമാറ്റത്തിന്റേയും പേരില്‍ ടൂറിസ്റ്റ് ബസുകളെ വേട്ടയാടുന്ന സര്‍ക്കാരാണ് നവകേരള സദസിന്റെ ആഢംബര ബസിനു നിയമലംഘനം അനുവദിച്ചിരിക്കുന്നത്.
◾വീണ്ടും നവകേരള വേട്ട. വിവാദമായ റോബിന്‍ ബസിനെതിരേയാണു തുടര്‍വേട്ടകള്‍. പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍നിന്ന് കോയമ്പത്തൂരിലേക്കു സര്‍വീസ് തുടങ്ങി 200 മീറ്റര്‍ എത്തുംമുമ്പേ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി 7500 രൂപ പിഴ ചുമത്തി. പെര്‍മിറ്റ് ലംഘിച്ചെന്നാണു കുറ്റം. അങ്കമാലിയിലും ഉദ്യോഗസ്ഥര്‍ തടഞ്ഞ് വീണ്ടും പിഴ ചുമത്തി. പാലായിലും തൃശൂര്‍ ജില്ലയിലെ പുതുക്കാടും ബസു തടഞ്ഞ ഉദ്യോഗസ്ഥര്‍ക്കെതിരേ ജനം പ്രതിഷേധിച്ചു. ഈരാറ്റുപേട്ടയില്‍ നാട്ടുകാര്‍ ബസിനു സ്വീകരണം നല്‍കി. എംവിഡിയുടെ പ്രതികാര നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ബസുടമ ബേബി ഗിരീഷ് പറഞ്ഞു.
◾ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനല്‍ മല്‍സരം കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തും. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നാളെ ഉച്ചയ്ക്കു രണ്ടിനാണു ഓസ്ട്രേലിയയുമായുള്ള ഇന്ത്യയുടെ ഫൈനല്‍. ഓസ്ട്രേലിയന്‍ ഉപപ്രധാനമന്ത്രി റിച്ചാര്‍ഡ് മാല്‍സും മല്‍സരം കാണാനെത്തും. മല്‍സരത്തിനു മുമ്പ് വ്യോമസേനയുടെ വ്യോമ്യാഭ്യാസ പ്രകടനവും ഉണ്ടാകും. ഇടവേളയില്‍ മ്യൂസിക് ഷോയും മത്സരശേഷം ലേസര്‍ ഷോയും ലൈറ്റ് ഷോയുമുണ്ടാകും.
*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*
ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*
◾നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ഒരു കോടിയിലേറെ രൂപ വിലയുള്ള ആഡംബര ബസ് ചലിക്കുന്ന ക്യാബിനറ്റ് ആണെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം എ.കെ. ബാലന്‍. ചലിക്കുന്ന കാബിനറ്റ് ലോകത്തെ ആദ്യ സംഭവമാണെന്നും ഈ ബസു വാങ്ങാന്‍ ആളുകളുണ്ടെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനം മ്യൂസിയത്തില്‍ വച്ചാല്‍തന്നെ ലക്ഷക്കണക്കിനുപേര്‍ കാണാന്‍ വരുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
◾നവ കേരള സദസിനുള്ള ബസില്‍ രാജകീയ സൗകര്യങ്ങളൊന്നുമില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഫ്രിഡ്‌ജോ ഓവനോ കിടപ്പു മുറിയോ ഇല്ല. ശുചിമുറിയും ബസില്‍ കയറാന്‍ ഓട്ടാമാറ്റിക് സംവിധാനവും മാത്രമാണുള്ളത്. ഇതൊരു പാവം ബസാണെന്നും കൊലക്കേസ് പ്രതിയെ കാണുന്നതുപോലെ കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
◾ജനങ്ങളുടെ ജീവല്‍പ്രശ്നങ്ങള്‍ പരിഹരിക്കാത്ത സര്‍ക്കാര്‍ നവകേരള സദസില്‍ എന്തു പ്രശ്നപരിഹാരമാണുണ്ടാക്കുകയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. 52 ലക്ഷം പേര്‍ക്കു നാലു മാസത്തെ പെന്‍ഷന്‍ കുടിശികയാണ്. കര്‍ഷകരും സംരഭകരുമെല്ലാം ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലാണ്. സതീശന്‍ കുറ്റപ്പെടുത്തി.
◾സാധാരണക്കാരുടെ റോബിന്‍ ബസും കൊള്ളക്കാരുടെ റോബറി ബസുമെന്നു പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് രാഹുല്‍ മാങ്കൂട്ടത്തില്‍. ഒരിടത്ത് നാട്ടുകാരുടെ നികുതിപ്പണംകൊണ്ട് നിയമങ്ങള്‍ ലംഘിച്ച് ആഡംബര ബസില്‍ യാത്ര ചെയ്യുന്ന മുഖ്യമന്ത്രി, മറുവശത്ത് ബാങ്ക് ലോണെടുത്ത് ബസ് വാങ്ങിയ അംഗപരിമിതനെ വേട്ടയാടുന്ന സര്‍ക്കാരുമാണുള്ളതെന്ന് രാഹുല്‍ വിമര്‍ശിച്ചു.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾സര്‍ക്കാരിന്റെ നവകേരള സദസ് പരിപാടിക്കായി സംഘാടകര്‍ ആവശ്യപ്പെട്ടാല്‍ സ്‌കൂള്‍ ബസുകളും വിട്ടുനല്‍കണമെന്ന് നിര്‍ദ്ദേശം. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് ഉത്തരവിട്ടിരിക്കുന്നത്.
◾കാസര്‍കോട് സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്. സമയക്രമം പാലിക്കാതെ സര്‍വീസ് നടത്തിയ ബസുകള്‍ക്കെതിരെ പൊലീസ് നടപടി ശക്തമാക്കിയതിനു പിറകേയാണ് ബസുടമകളും ജീവനക്കാരും മിന്നല്‍ പണിമുടക്കു നടത്തിയത്. കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.
◾നവകേരള സദസ് തെരഞ്ഞെടുപ്പു സ്റ്റണ്ടെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏഴു കൊല്ലമായി ജനങ്ങള്‍ക്കിടയിലിറങ്ങാത്ത രാജാവ് ഇപ്പോള്‍ എന്തിനാണ് ഇറങ്ങുന്നതെന്ന് ജനങ്ങള്‍ക്ക് അറിയാം. പി ആര്‍ ഏജന്‍സികളുടെ നിര്‍ദ്ദേശപ്രകാശമാണ് നവകേരള സദസും യാത്രയും സംഘടിപ്പിക്കുന്നത്. ചെന്നിത്തല കുറ്റപ്പെടുത്തി.
◾യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരെഞ്ഞെടുപ്പിനു വ്യാജ തിരിച്ചറിയല്‍ കാര്‍ഡു നിര്‍മിച്ചതിന് തിരുവനന്തപുരം മ്യൂസിയം പൊലിസ് കേസെടുത്തു. എട്ടംഗ അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അഞ്ചു ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ടു നല്‍കും. സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷനും വിവിധ സംഘടനകളും നല്‍കിയ പരാതികളിലാണ് കേസ്.
◾യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനു വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചത് തെരഞ്ഞെടുപ്പ് സംവിധാനം അട്ടിമറിക്കുന്നതിന്റെ സൂചനയാണെന്ന് എഎ റഹീം എംപി. അടുത്ത വര്‍ഷം നടക്കുന്ന ലോക്തെരഞ്ഞെടുപ്പിന്റെ റിഹേഴ്സലാണോയെന്ന് അന്വേഷിക്കണം. ഡിജിപിക്ക് ഡിവൈഎഫ്ഐയും തെരഞ്ഞെടുപ്പ് കമ്മീഷന് താനും പരാതി നല്‍കിയിട്ടുണ്ടെന്നും റഹീം.
◾കെട്ടിട നമ്പര്‍ അനുവദിക്കാത്തതിനു കോട്ടയം മാഞ്ഞൂരില്‍ പഞ്ചായത്ത് ഓഫീസിനു മുന്നിലും പിന്നീട് റോഡിലും ഒറ്റയാള്‍ സമരം നടത്തിയ പ്രവാസി വ്യവസായി ഷാജിമോന്‍ ജോര്‍ജിനെതിരേ പോലീസ് കേസെടുത്തു. പഞ്ചായത്തില്‍ അതിക്രമിച്ചു കയറിയതിനും റോഡില്‍ ഗതാഗതം തടസപ്പെടുത്തിയതിനുമാണു കേസ്. യുകെയിലേക്കുപോയ ഷാജിമോനോടു ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് പോലീസ് നോട്ടീസും നല്‍കിയിട്ടുണ്ട്.
◾ശബരിമലയില്‍ തീര്‍ത്ഥാടക പ്രവാഹം. അവധി ദിവസങ്ങളായതിനാലാണു കൂടുതല്‍ തിരക്ക്. പ്രവേശനം പൂര്‍ണമായും വെര്‍ച്ചല്‍ ക്യു മുഖേന ആയതിനാല്‍ ഒരു ദിവസം പരമാവധി ഒരു ലക്ഷം പേര്‍ക്കാണ് ദര്‍ശനം നടത്താനാവുക. തീര്‍ത്ഥാടകര്‍ മായം കലരാത്ത നെയ്യ് കൊണ്ടുവരണമെന്നും അനാചാരങ്ങള്‍ അരുതെന്നും ക്ഷേത്രം തന്ത്രി നിര്‍ദേശിച്ചു.
◾കണ്ണൂരിലെ കര്‍ഷക ആത്മഹത്യയ്ക്കു പിന്നില്‍ വളരെ നിസാരമായ കാരണങ്ങളെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. പെന്‍ഷന്‍ കിട്ടാത്തതുകൊണ്ട് ഒരു കര്‍ഷകനും ജീവനൊടുക്കില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു. കാട്ടാന ശല്യത്തില്‍ ആത്മഹത്യ ചെയ്യേണ്ട കാര്യമുണ്ടോയെന്നും ഇപി ജയരാജന്‍ ചോദിച്ചു.
◾കോഴിക്കോട് ബാലുശേരി പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ചുകയറി പൊലീസുകാരെ ആക്രമിച്ചതിനു മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു. ഉണ്ണികുളം പുത്തൂര്‍ കുറിങ്ങാലിമ്മല്‍ റബിന്‍ ബേബി (30), അവിടനല്ലൂര്‍ പൊന്നാറമ്പത്ത് ബബിനേഷ് (32), വട്ടോളി തെക്കെ ഇല്ലത്ത് നിഥിന്‍ (35) എന്നിവരാണ് പിടിയിലായത്
◾ചേര്‍ത്തല റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഉപേക്ഷിക്കപ്പെട്ട 20 ലക്ഷം രൂപയുടെ 20.287 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി.
◾ദുബൈ അല്‍ കരാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരു മലയാളി യുവാവ് കൂടി മരിച്ചു. തലശ്ശേരി പുന്നോല്‍ സ്വദേശിയും 26 കാരനുമായ നഹീല്‍ നിസാറാണ് മരിച്ചത്. അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി.
◾നെയ്യാറ്റിന്‍കര പോളി ടെക്നിക്കില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ റാഗുചെയ്തതിന് പൊലീസ് കേസെടുത്തു. വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികളായ ഇരുപതിലേറെ പേര്‍ അടങ്ങുന്ന സംഘം ക്ലാസ്മുറിയില്‍ കയറി മര്‍ദ്ദിച്ചു. ഒന്നാം വര്‍ഷ ഇന്‍സ്ട്രുമെന്റേഷന്‍ വിദ്യാര്‍ത്ഥി അനൂപിനെ മര്‍ദ്ദിച്ചതിനു സീനിയര്‍ വിദ്യാര്‍ത്ഥികളായ എബിന്‍, ആദിത്യന്‍, അനന്ദു, കിരണ്‍ എന്നിവരെ കോളേജില്‍നിന്ന് സസ്പെന്‍ഡു ചെയ്തു.
◾മയക്കുമരുന്ന് തൂക്കി വില്‍ക്കുന്ന യുവതി അടക്കമുള്ള സംഘം കൊച്ചി കടവന്ത്രയില്‍ പിടിയിലായി. കൊല്ലം ഓച്ചിറ സ്വദേശി റിജോ, കോട്ടയം കുറവിലങ്ങാട് സ്വദേശി ഡിനോ ബാബു, തലശ്ശേരി ധര്‍മ്മടം സ്വദേശിനി മൃദുല എന്നിവരാണ് കൊച്ചി സൗത്ത് പോലീസിന്റെ പിടിയിലായത്. 19.82 ഗ്രാം എം.ഡി.എം.എയും 4.5 ഗ്രാം ഹാഷ് ഓയിലും പൊലീസ് പിടിച്ചെടുത്തു.
◾ഡിസംബര്‍ നാലുമുതല്‍ ആറു ദിവസം രാജ്യവ്യാപകമായി പണിമുടക്കുമെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എഇബിഇഎ). പൊതുമേഖലാ- സ്വകാര്യ ബാങ്കുകളില്‍ 11 വരെയാണ് പണിമുടക്ക്. ഈ ഓരോ ബാങ്കിലെയും തൊഴിലാളികള്‍ വ്യത്യസ്തമായാണ് പണിമുടക്കുക.
◾ഉത്തരാഖണ്ഡില്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് തുരങ്കത്തില്‍ അകപ്പെട്ട തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം താത്കാലികമായി നിറുത്തിവച്ചു. തുരങ്കത്തില്‍നിന്നു വന്‍ ശബ്ദങ്ങളോടെ വീണ്ടും മണ്ണിടിയുന്നതാണു രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തിയത്. നാല്‍പതു തൊഴിലാളികളാണ് തുരങ്കത്തില്‍ കുടുങ്ങിയിരിക്കുന്നത്.
◾ഹിമാചല്‍പ്രദേശിലെ കുളുവില്‍ റഷ്യന്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. മണികരനിലെ കുളത്തില്‍ നഗ്നമായ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. സമീപത്തെ ബാഗിലെ വസ്തുക്കളില്‍നിന്നാണ് ഇരുവരും റഷ്യന്‍ സ്വദേശികളെന്ന നിഗമനത്തില്‍ എത്തിയത്.
◾ഗാന്ധി കുടുംബത്തിലെ നാലു തലമുറയും പിന്നാക്ക സമുദായങ്ങളായ ഒബിസി വിഭാഗങ്ങളുടെ വികസനത്തിന് എതിരായിരുന്നെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. രാജസ്ഥാനിലെ ജയ്പൂരിനടുത്ത നസിരാബാദിലെ നിയമസഭാ തെരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
◾തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു പഠിച്ച വിദ്യാലയങ്ങളും സഞ്ചരിച്ച റോഡുകളും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ നിര്‍മിച്ചതാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തെലുങ്കാനയില്‍ കോണ്‍ഗ്രസ് എന്ത് ചെയ്തു എന്ന ചോദ്യത്തിനുള്ള ഉത്തരം തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഹൈദരാബാദില്‍ നടന്ന റോഡ്ഷോയില്‍ നല്‍കുകയായിരുന്നു രാഹുല്‍.
◾സ്വയംഭരണാധികാരം വേണമെന്ന സന്ദേശമാണ് ആഗോള ദക്ഷിണരാജ്യങ്ങളുടെ സമ്മേളനങ്ങള്‍ ലോകത്തിനു നല്‍കിയതെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ജി 20 ഉച്ചകോടിയില്‍ ഈ രാജ്യങ്ങളുടെ ശബ്ദം ഉള്‍പെടുത്താനായതില്‍ ഇന്ത്യക്ക് അഭിമാനമുണ്ടെന്നും മോദി പറഞ്ഞു.
◾റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ എസ്. വെങ്കിട്ടരമണന്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. 8-ാമത്തെ ആര്‍ബിഐ ഗവര്‍ണറായിരുന്നു എസ് വെങ്കിട്ടരമണന്‍. 1990 മുതല്‍ 1992 വരെ രണ്ട് വര്‍ഷക്കാലം അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.
◾ഗാസയിലെ നഴ്സറി സ്‌കൂളുകളില്‍നിന്ന് ഹമാസിന്റെ ആയുധശേഖരം പിടിച്ചെടുത്തെന്ന് ഇസ്രയേല്‍. റോക്കറ്റ് ലോഞ്ചറുകള്‍, മോട്ടര്‍ ഷെല്ലുകള്‍ ഉള്‍പെടെയുള്ള ആയുധങ്ങളാണു കണ്ടെടുത്തത്.
◾ആമസോണിലൂടെ ഷോപ്പിംഗ് നടത്തുന്നവര്‍ക്ക് ഇന്‍സ്റ്റന്റ് ലോണ്‍ നല്‍കാന്‍ കൊട്ടക് മഹീന്ദ്ര ബാങ്ക്. പ്രതിമാസ തിരിച്ചടവ് വ്യവസ്ഥയില്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നതിന് അവസരം നല്‍കുന്ന ഡിജിറ്റല്‍ കാര്‍ഡ് സേവനമാണ് കൊട്ടക്കിന്റെ ഈ കാര്‍ഡ്‌ലെസ് ഇ.എം.ഐ. ആമസോണ്‍ പേയില്‍ നടത്തുന്ന ഇടപാടുകളില്‍ മാത്രമാകും ഈ സേവനം ലഭ്യമാകുക. ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഫര്‍ണീച്ചറുകള്‍, ബ്യൂട്ടി ഉല്‍പ്പന്നങ്ങള്‍, അപ്പാരല്‍ തുടങ്ങിയ വിഭാഗങ്ങളിലായി ആമസോണില്‍ ഷോപ്പിംഗ് നടത്തുന്നവര്‍ക്ക് ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവയൊന്നും ഉപയോഗിക്കാതെ ഇ.എം.ഐ തവണ വ്യവസ്ഥയിലേക്ക് മാറ്റാന്‍ കഴിയുന്ന സംവിധാനമാണിത്. മുന്‍കൂട്ടി അംഗീകാരം ലഭിച്ചിട്ടുള്ള (പ്രീ-അപ്രൂവ്ഡ്) ഉപഭോക്താക്കള്‍ക്ക്, വളരെ എളുപ്പത്തിലും അതിവേഗത്തിലും ഹ്രസ്വകാല വായ്പ ലഭിക്കും.ആമസോണ്‍ പേയിലൂടെ പേമെന്റ് നടത്താന്‍ ശ്രമിക്കുമ്പോഴാണ് ഈ സൗകര്യത്തിനായുള്ള ഓപ്ഷനും കാണാന്‍ കഴിയുക. പേമെന്റ് നടത്താന്‍ ക്ലിക്ക് ചെയ്യുന്നിടത്ത് കൊട്ടക് കാര്‍ഡ്‌ലെസ് ഇ.എം.ഐ എന്ന ഓപ്ഷന്‍ കാണാം, ഇത് ക്ലിക്ക് ചെയ്താല്‍ ലോണ്‍ ലഭിക്കും. ക്രെഡിറ്റ് ലിമിറ്റ് പരമാവധി അഞ്ച് ലക്ഷം രൂപയാണ്. തിരിച്ചടവിന് 3, 6, 9, 12 മാസം എന്നിങ്ങനെയുള്ള തവണകളിലായി സാവകാശം ലഭ്യമാണ്. പാന്‍ കാര്‍ഡ് നമ്പര്‍ നല്‍കേണ്ടി വരും. മൊബൈലില്‍ ലഭിക്കുന്ന വണ്‍-ടൈം പാസ്വേഡ് അഥവാ ഒ.ടി.പി നല്‍കിയാല്‍ കാര്‍ഡ്‌ലെസ് ഇ.എം.ഐ ആക്റ്റീവ് ആകും.
◾നിങ്ങളുടെ പാസ് വേര്‍ഡ് 123456 ആണോ?. എങ്കില്‍ വേഗം മാറ്റിക്കോളൂ. ഈ പാസ്വേഡ് ഹാക്ക് ചെയ്യാന്‍ ഒരു സെക്കന്റില്‍ താഴെ സമയം മതി. നോഡ്പാസ് എന്ന സോഫ്റ്റ് വെയര്‍ കമ്പനി നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഒരു സെക്കന്റ് പോലും സമയം ഈ പാസ്വേഡ് ഹാക്ക് ചെയ്യാന്‍ സമയം ആവശ്യമില്ല. 123456 എന്ന പാസ്വേഡ് ഏകദേശം 45 ലക്ഷം ആളുകള്‍ ഉപയോഗിക്കുന്നതായാണ് പഠനത്തില്‍ പറയുന്നത്. സൈബര്‍ സുരക്ഷാ സംഭവങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്നതില്‍ വൈദഗ്ധ്യമുള്ള വിദഗ്ധരുടെ പങ്കാളിത്തത്തോടെ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. പനാമ ആസ്ഥാനമായുള്ള കമ്പനിയുടെ വെബ്‌സൈറ്റിലാണ് പുതിയ പഠനം. രണ്ടാമത്തെയും മൂന്നാമത്തെയും ഏറ്റവും ജനപ്രിയമായ പാസ്വേഡ് ‘അഡ്മിന്‍’, ‘12345678’ എന്നിവയാണ്. ഏകദേശം 40 ലക്ഷത്തോളം പേരാണ് ഇത് ഉപയോഗിച്ചിരിക്കുന്നത്. 6 ടെറാബൈറ്റ് ഡാറ്റാബേസ്, റെഡ്ലൈന്‍, വിഡാര്‍, ടോറസ്, റാക്കൂണ്‍, അസോറൂള്‍ട്ട്, ക്രിപ്റ്റ്‌ബോട്ട് തുടങ്ങിയ വിവിധ സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ചാണ് ഹാക്ക് ചെയ്തിരിക്കുന്നത. 35 രാജ്യങ്ങളില്‍ നിന്നുള്ളവരുടെ കണക്കുകളാണ് ഇതിലുള്ളത്. സ്ട്രീമിങ് ആരാധകര്‍ വളരെ ലളിതമായ പാസ്വേഡ് ആണ് ഉപയോഗിക്കുന്നത്. ‘123456’ എന്നത് ‘ലോകത്തിലെ ഏറ്റവും മോശം പാസ്വേഡ് ആണെന്നും വെബ്സൈറ്റില്‍ പറയുന്നു. കാരണം ഇത് ഏറ്റവും സാധാരണമായ പാസ്വേഡ് 5-ല്‍ 4 തവണ റാങ്ക് ചെയ്യപ്പെട്ടുവെന്നും കമ്പനി വ്യക്കമാക്കുന്നു. കുറഞ്ഞത് ചിഹ്നങ്ങള്‍, വലിയ അക്ഷരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന പാസ്വേഡുകള്‍ ഉപയോഗിക്കാനും കമ്പനി വ്യക്തമാക്കുന്നു. ഒന്നിലധികം വെബ്സൈറ്റുകളിലോ സേവനങ്ങളിലോ ഒരേ പാസ്വേഡ് വീണ്ടും ഉപയോഗിക്കുന്നത് ഒഴിവാക്കാനും ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.
◾വലിയ പ്രീ റിലീസ് ഹൈപ്പുകളോ പ്രൊമോഷനുകളോ ഒന്നും തന്നെയില്ലാതെ വന്ന് ഗംഭീര വിജയം നേടിയ ചിത്രമാണ് ഋഷഭ് ഷെട്ടിയുടെ ‘കാന്താര’. കന്നഡയില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റി എത്തിയിരുന്നു. എല്ലായിടത്തുനിന്നും മികച്ച പ്രേക്ഷക- നിരൂപക പ്രശംസകള്‍ ഏറ്റുവാങ്ങിയ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാവുമെന്ന് ഋഷഭ് ഷെട്ടി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. 16 കോടി മുതല്‍ മുടക്കില്‍ ചിത്രീകരിച്ച കാന്താര 400 കോടി രൂപയോളം കളക്ഷനാണ് ആഗോള തലത്തില്‍ ചിത്രം നേടിയത്. ഒരു നാടോടിക്കഥയില്‍ തുടങ്ങി കൃത്യമായ രാഷ്ട്രീയം പറഞ്ഞ കാന്താരയുടെ രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷക ലോകം. എന്നാല്‍ രണ്ടാം ഭാഗം വരുന്നത് പ്രീക്വല്‍ ആയിട്ടാണ് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പഞ്ചുരുളിയുടെ ഉത്ഭവം മുതല്‍ എ ഡി 300-400 കാലഘട്ടത്തിലെ കഥയാണ് പ്രീക്വലില്‍ പറയുന്നത്. നവംബര്‍ അവസാന വാരം കാന്താര രണ്ടാം ഭാഗത്തിന്റെ പൂജ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 100 കോടി ബഡ്ജറ്റില്‍ മികച്ച പ്രൊഡക്ഷന്‍ ക്വാളിറ്റിയോട് കൂടിയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.
◾ഭഗവന്ദ് കേസരി എന്ന ചിത്രമാണ് ബാലയ്യയുടെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയത്. ഇതിന് ശേഷം കെ.എസ് രവീന്ദ്രയുടെ അടുത്ത ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് താരം. ചിത്രത്തിലെ പ്രധാന അഭിനേതാക്കളെ സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ദുല്‍ഖര്‍ സല്‍മാനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. മഹാനടി, സീതാരാമം എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യതയുള്ള താരമാണ് ദുല്‍ഖര്‍. ബാലകൃഷ്ണയ്‌ക്കൊപ്പം ദുല്‍ഖര്‍ വന്നാല്‍ എങ്ങനെയുണ്ടാവുമെന്ന് അറിയാനുള്ള കൗതുകത്തിലാണ് സിനിമാപ്രേമികള്‍. കിംഗ് ഓഫ് കൊത്തയായിരുന്നു ദുല്‍ഖറിന്റെ അവസാന റിലീസ്. ചിത്രം തിയേറ്ററില്‍ ഫ്‌ലോപ്പ് ആയിരുന്നു. മണിരത്‌നം-കമല്‍ ഹാസന്‍ കോമ്പോയില്‍ എത്തുന്ന തഗ് ലൈഫ്, സൂര്യ നായകനാവുന്ന തമിഴ് ചിത്രം പുറനാനൂറ്, വെങ്ക് അട്‌ലൂരിയുടെ തെലുങ്ക് ചിത്രം ലക്കി ഭാസ്‌കര്‍ എന്നിവയാണ് ദുല്‍ഖറിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റ് സിനിമകള്‍.
◾ജയിപൂര്‍ ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോപ് ഇലക്ട്രിക് മൊബിലിറ്റി ഉത്സവ സീസണില്‍ വില്‍പ്പനയില്‍ വര്‍ധന രേഖപ്പെടുത്തി. കമ്പനിയുടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഹോപ്പ് 500ല്‍ അധികം ഇവികള്‍ ചില്ലറവില്‍പ്പന നടത്തി. ഉത്സവ കാലയളവില്‍ ഉപഭോക്താക്കള്‍ക്ക് ഓരോ രണ്ട് മിനിറ്റിലും ഒരു ഇലക്ട്രിക് വാഹനം വിതരണം ചെയ്തതായി കമ്പനി പ്രഖ്യാപിച്ചു. ഇലക്ട്രിക് സ്‌കൂട്ടര്‍, മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാവ് ഈ കാലയളവില്‍ നല്‍കിയ പ്രത്യേക ഓഫറുകളും കിഴിവുകളും അതിന്റെ വിജയത്തിന് കാരണമായി. ലോ-സ്പീഡ്, ഹൈ-സ്പീഡ് ഓപ്ഷനുകളില്‍ ലിയോ, ലൈഫ് ഇ-സ്‌കൂട്ടറുകളുടെ താക്കോലുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറി. ഹോപ് ഇ-സ്‌കൂട്ടര്‍ ശ്രേണിയുടെ എക്സ്-ഷോറൂം വില 69,000 രൂപ മുതല്‍ ആരംഭിക്കുന്നു. ഉത്സവകാല ഓഫറിന്റെ ഭാഗമായി, കമ്പനി ലൈഫ് ഇ-സ്‌കൂട്ടര്‍ പ്രതിമാസം 1,899 രൂപയുടെ ഇഎംഐ ഓപ്ഷനില്‍ വാഗ്ദാനം ചെയ്തു, അതേസമയം ഹോപ്പ് ലിയോ ഇ-സ്‌കൂട്ടര്‍ പ്രതിമാസം 2,199 രൂപയുടെ ഇഎംഐ ഓപ്ഷനില്‍ ലഭ്യമാണ്. ഓക്സോ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ പ്രതിമാസം 3,499 ഇഎംഐയില്‍ ലഭ്യമാണ്. 71,000ലധികം ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ കഴിഞ്ഞ മാസം വിറ്റഴിഞ്ഞു. ഹോപ്പ് ഇലക്ട്രിക്ക് അതിന്റെ ശ്രേണിയില്‍ പൂജ്യം ശതമാനം ഡൗണ്‍ പേയ്‌മെന്റും 5,100 വരെയുള്ള ആനുകൂല്യങ്ങളും ഫ്ലെക്‌സിബിള്‍ ഇഎംഐയും വാഗ്ദാനം ചെയ്തിട്ടുണ്ട്.
◾സാധാരണക്കാരായ മനുഷ്യരുടെ കാഴ്ചകള്‍ ചേര്‍ത്തുവെച്ചുണ്ടാക്കിയ ഒരു കുട്ടിയുടെ ലോകമാണ് ബൂതം. നമ്മുടെ വീടിന്റെ അടുക്കളപ്പുറത്തും ഇടവഴികളിലും ഏതുനേരവും പ്രത്യക്ഷപ്പെടാവുന്ന ഏകനായ ഒരു കുട്ടി. അവന്റെ അവസാനിക്കാത്ത അന്വേഷണങ്ങളുടെ തിരയൊഴുക്കാണ് ഈ കുഞ്ഞുനോവല്‍. ‘ബൂതം’. വിമീഷ് മണിയൂര്‍. മാതൃഭൂമി. വില 152 രൂപ.
◾ലോകത്തിലെ ഏറ്റവും വായു ഗുണനിലവാരമില്ലാത്ത നഗരങ്ങളുടെ പട്ടികയില്‍ ഡല്‍ഹി ഉള്‍പ്പെടെ ഇന്ത്യയിലെ മൂന്ന് നഗരങ്ങള്‍ ഇടംപിടിച്ചു കഴിഞ്ഞു. ഉയര്‍ന്ന വായുമലിനീകരണമുള്ള സാഹചര്യത്തില്‍ കഴിയുന്ന ആര്‍ക്കും ശ്വാസകോശ അര്‍ബുദം വരാനുള്ള സാധ്യത കൂടുതലാണ്. രോഗപ്രതിരോധത്തിന് ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ തിരിച്ചറിയുക വളരെ പ്രധാനമാണ്. ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്. ഒരാഴ്ചയില്‍ കൂടുതല്‍ ചുമ തുടര്‍ന്നാല്‍ തീര്‍ച്ചയായും വൈദ്യ സഹായം തേടണം. കഫം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇത്തരം ചുമകള്‍ ശ്വാസകോശ അര്‍ബുദത്തിന്റെ കൂടി ലക്ഷണമാകാം. ചുമയ്ക്കുമ്പോള്‍ രക്തം വരുന്നതും അര്‍ബുദം ശ്വാസനാളിയിലേക്കു പടരുന്നതിന്റെ ലക്ഷണമാണ്. ശ്വാസമെടുക്കുന്നതില്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക, ക്ഷീണം, എന്നിവയെല്ലാം ശ്വാസകോശ രോഗങ്ങളുടെ ലക്ഷണമാണ്. കാന്‍സര്‍ മുഴകള്‍ വായു കടന്നു പോകുന്ന നാളികളെ തടസ്സപ്പെടുത്തുന്നത് ശ്വാസം മുട്ടല്‍ ഉണ്ടാക്കാം. പ്രത്യേകിച്ചു കാരണമൊന്നുമില്ലാതെ ഭാരം കുറയുന്നതും ക്ഷീണവും ദുര്‍ബലതയും വിശപ്പില്ലായ്മയുമെല്ലാം ശ്വാസകോശ അര്‍ബുദത്തിന്റെ ലക്ഷണങ്ങളാണ്. തോളിലേക്കും പുറത്തേക്കും പടരുന്ന തരത്തില്‍ നെഞ്ച് വേദന ശ്വാസകോശ അര്‍ബുദത്തിന്റെ മറ്റൊരു ലക്ഷണമാണ്. ലിംഫ് നോഡുകളുടെ വീക്കമോ അര്‍ബുദ വ്യാപനമോ ഈ വേദനയ്ക്ക് കാരണമാകാം. വിട്ടുമാറാത്ത തലവേദന, എല്ലുകള്‍ക്കുള്ള വേദന, രാത്രിയില്‍ തീവ്രമാകുന്ന വേദന എന്നിവയെല്ലാം ശ്വാസകോശ അര്‍ബുദം തലച്ചോറിലേക്കും എല്ലുകളിലേക്കും പടരുന്നതിന്റെ ലക്ഷണമാണ്. ശരീരത്തില്‍ രക്തം കട്ടപിടിക്കുന്നതിനു ശ്വാസകോശ അര്‍ബുദം കാരണമാകാം. ഇത് കാലുകളിലെ ഡീപ് വെയ്ന്‍ ത്രോംബ്രോസിസിലേക്കോ ശ്വാസകോശത്തിലെ പള്‍മനറി എംബോളിസത്തിലേക്കോ നയിക്കാം. പെട്ടെന്നുണ്ടാകുന്ന ശ്വാസതടസ്സം ക്ലോട്ട് ശ്വാസകോശത്തിലേക്കു നീങ്ങിയതിന്റെ ലക്ഷണമാണ്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.29, പൗണ്ട് – 103.76, യൂറോ – 90.93, സ്വിസ് ഫ്രാങ്ക് – 94.03, ഓസ്ട്രേലിയന്‍ ഡോളര്‍ – 54.25, ബഹറിന്‍ ദിനാര്‍ – 222.16, കുവൈത്ത് ദിനാര്‍ -271.95, ഒമാനി റിയാല്‍ – 217.67, സൗദി റിയാല്‍ – 22.21, യു.എ.ഇ ദിര്‍ഹം – 22.68, ഖത്തര്‍ റിയാല്‍ – 22.88, കനേഡിയന്‍ ഡോളര്‍ – 60.69.