S2 yt cover

ഏകദിന ക്രിക്കറ്റ് ലോകകപ്പ് കിരീടത്തില്‍ മുത്തമിടാന്‍ ബാറ്റിംഗ് യുദ്ധവുമായി ടീം ഇന്ത്യ. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് ബൗളിംഗ് തെരഞ്ഞെടുത്തു. സെമി ഫൈനലിലെ അതേ ടീമുകളുമായാണു പോരാട്ടം. ഇന്ത്യ മൂന്നാം കിരീടത്തിനായി ബാറ്റേന്തുമ്പോള്‍ ആറാം ലോകകപ്പ് കിരീടമാണ് ഓസ്‌ട്രേലിയ ലക്ഷ്യമിടുന്നത്. 2011 ലാണ് ഇന്ത്യ അവസാനമായി ഏകദിന ലോകകപ്പ് നേടിയത്.

സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസിലേക്കു പരാതി പ്രവാഹം. ആദ്യ ദിവസം 1,908 പരാതികളാണ് എത്തിയത്. പെന്‍ഷന്‍ മുടങ്ങിയവരും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുമാണ് പരാതിക്കാരില്‍ ഏറേയും. ഒന്നര മാസത്തിനുള്ളില്‍ പരാതികള്‍ക്ക് പരിഹാരം കാണുമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം. ആഡംബര ബസും ആഘോഷവും കാണാന്‍ നിരവധി പേര്‍ എത്തിയെങ്കിലും സമ്മേളനപ്പന്തലില്‍ സദസ് ദുര്‍ബലമായിരുന്നു.

നവകേരള സദസിന്റെ കാസര്‍കോട്ടെ പ്രഭാത യോഗത്തിന് മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗവും വ്യവസായ പ്രമുഖനുമായ എന്‍ എ അബൂബക്കര്‍ അടക്കമുള്ള പൗരപ്രമുഖര്‍ എത്തി. ലീഗ് പ്രതിനിധിയായല്ല, നാടിന്റെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാനാണ് എത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*

ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

യൂത്ത് കോണ്‍ഗ്രസ് വ്യാജരേഖ കേസ് അതീവ ഗൗരവമുള്ള കുറ്റകൃത്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുമ്പ് ഇങ്ങനെ നടന്നിട്ടുണ്ടോ, തെരെഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കും തുടങ്ങിയവയെല്ലാം അന്വേഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

തമിഴ്നാട്ടിലെത്തിയ റോബിന്‍ ബസിനെ തമിഴ്നാട് ആര്‍ടിഒ കസ്റ്റഡിയിലെടുത്തു. രേഖകള്‍ പരിശോധിക്കാനെന്ന പേരിലാണ് ബസ് ഗാന്ധിപുരം ആര്‍ടിഒ ഓഫീസിലേക്കു മാറ്റിയത്. റോബിന്‍ ബസിനെ വെട്ടാന്‍ കെഎസ്ആര്‍ടിസി ആരംഭിച്ച കോയമ്പത്തൂര്‍ ലോ ഫ്ളോര്‍ ബസ് പത്തനംതിട്ടയില്‍നിന്ന് യാത്ര ആരംഭിച്ചത് യാത്രക്കാരില്ലാതെ. അതേസമയം, റോബിന്‍ ബസ് സര്‍വീസിന് ഇന്നും പത്തനംതിട്ടയില്‍ യാത്രക്കാര്‍ സ്വീകരണമൊരുക്കി. തൊടുപുഴയ്ക്കടുത്ത് കരിങ്കുന്നത്ത് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ റോബിന്‍ ബസിനെ തടഞ്ഞു. നാട്ടുകാര്‍ പ്രതിഷേധ മുദ്രാവാക്യങ്ങളുമായി എത്തി. കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണു തമിഴ്നാട് സര്‍ക്കാരിന്റെ വേട്ടയെന്ന് ബസുടമ ഗിരീഷ് ആരോപിച്ചു.

ബെംഗളൂരുവിലേക്കു സര്‍വ്വീസ് നടത്തുന്ന ഓറഞ്ച് എന്ന ടൂറിസ്റ്റ് ബസ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തതിനെച്ചൊല്ലി വാക്കേറ്റവും സംഘര്‍ഷവും. ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്ന് ബസ് ജീവനക്കാര്‍ ആരോപിച്ചു. യാത്രക്കാരുടെ പ്രതിഷേധം മൂലം ബസ് ഒന്നര മണിക്കൂറിനുശേഷം വിട്ടുകൊടുത്തു.

പെന്‍ഷന്‍ മുടങ്ങിയതിനെത്തുടര്‍ന്ന് ഭിക്ഷാപാത്രവുമായി തെരുവിലിറങ്ങിയ മറിയക്കുട്ടിക്കും അന്നയ്ക്കും പ്രതിപക്ഷത്തിന്റെ വക പെന്‍ഷന്‍. ഇരുവരേയും കാണാന്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എത്തി. ഇരുവര്‍ക്കും ക്ഷേമ പെന്‍ഷന്‍ കിട്ടുന്നതുവരെ 1600 രൂപ വീതം നല്‍കുമെന്ന് ചെന്നിത്തല അറിയിച്ചു. ഇരുവര്‍ക്കും തുക കൈമാറുകയും ചെയ്തു.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ സിപിഎം പ്രവര്‍ത്തകര്‍ കള്ളവോട്ടു ചെയ്തെന്ന പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്. തൊടുപുഴയിലെ ഒരു വിഭാഗം യൂത്ത് കോണ്‍ഗ്രസ് നേതാക്കളാണ് ആരോപണം ഉന്നയിച്ചത്.

എല്‍ഡിഎഫ് മുസ്ലിം ലീഗിനെ റാഞ്ചാന്‍ ഏറെക്കാലമായി ശ്രമിക്കുകയാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നവ കേരള സദസ് ബഹിഷ്‌കരിക്കാന്‍ യുഡിഎഫ് ഒറ്റക്കെട്ടായി തീരുമാനിച്ചതാണ്. മഞ്ചേശ്വരത്തെ ലീഗ് എംഎല്‍എ നവകേരള സദസില്‍ പങ്കെടുക്കാതിരുന്നതു കോണ്‍ഗ്രസ് വിലക്കിയതുമൂലമാണെന്ന പിണറായിയുടെ ആരോപണം അസംബന്ധമാണെന്നും ചെന്നിത്തല.

ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എഡിജിപി ശ്രീജിത്തിന്റെ വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പറന്തല്‍ പറപ്പെട്ടി മുല്ലശ്ശേരില്‍ പത്മകുമാര്‍ (48) ആണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

എറണാകുളം ആര്‍ടിഒ അനന്തകൃഷ്ണനെ ഭക്ഷ്യവിഷബാധ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതേത്തുടര്‍ന്ന് എറണാകുളം കാക്കനാട്ടെ ഹോട്ടല്‍ ആര്യാസ് അടപ്പിച്ചു.

കോഴിക്കോട് പാളയം ബസ് സ്റ്റാന്‍ഡില്‍ അഴിഞ്ഞാടിയ ഗുണ്ടാസംഘത്തെ അറസ്റ്റു ചെയ്തു. മയക്കുമരുന്നു കേസുകളില്‍ പ്രതിയായ ജിതിന്‍ റോസാരിയോ (29) അക്ഷയ് (27) എന്നിവരെയാണ് കസബ പൊലീസ് പിടികൂടിയത്.

മലപ്പുറം കുറ്റിപ്പുറത്ത് പതിനേഴുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മധ്യവയസ്‌കന്‍ അറസ്റ്റില്‍. തിരൂര്‍ പുറത്തൂര്‍ സ്വദേശി മണല്‍പറമ്പില്‍ റഷീദ് ആണ് പിടിയിലായത്.

115 ഗ്രാം മെത്താംഫിറ്റാമിനുമായി പിടിയിലായ യുവാവിന് പത്തു വര്‍ഷം കഠിന തടവ്. പട്ടാമ്പി സ്വദേശി സുഹൈല്‍ എന്ന യുവാവിനെയാണ് പാലക്കാട് രണ്ടാം അഡിഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്.

ദീപാവലിക്ക് വീടു ദീപാലംകൃതമാക്കാന്‍ പോസ്റ്റില്‍നിന്ന് നേരിട്ട് വൈദ്യുതി അപഹരിച്ചതിന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി 68,526 രൂപ പിഴയടച്ചു. ജെപി നഗറിലെ വസതിയിലേക്കാണു വൈദ്യുതി മോഷ്ടിച്ചത്. പിഴത്തുക കണക്കാക്കിയ രീതി നീതിപൂര്‍വമല്ലെന്ന് കുമാരസ്വാമി ആരോപിച്ചു.

ഹലാല്‍ മുദ്രണം ചെയ്ത ഭക്ഷ്യോല്‍പന്നങ്ങള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിരോധിച്ചു. കയറ്റുമതിക്കായുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനമില്ലെന്നും എന്‍ഡിടിവി റിപ്പോര്‍ട്ടു ചെയ്തു.

പൊലീസ് സ്റ്റേഷനില്‍നിന്ന് മദ്യക്കുപ്പികളും ടേബിള്‍ ഫാനുകളും മോഷ്ടിച്ച പൊലീസ് സംഘം പിടിയില്‍. ഗുജറത്തിലെ മഹാസാഗര്‍ ജില്ലിയിലെ ബാകോര്‍ പൊലീസ് സ്റ്റേഷനിലാണ് സംഭവം. തൊണ്ടി മുതലായി പിടിച്ചെടുത്ത 125 കുപ്പി മദ്യവും ഓഫീസിലെ 15 ടേബിള്‍ ഫാനുമാണ് എഎസ്ഐ അടക്കമുള്ള അഞ്ച് ഉദ്യോഗസ്ഥര്‍ അപഹരിച്ചത്.

തൃശൂര്‍ ആസ്ഥാനമായ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 2023-24 സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 140.12 കോടി രൂപ ലാഭം നേടി. മുന്‍വര്‍ഷം ഇതേ പാദത്തിലെ 57.58 കോടി രൂപയില്‍ നിന്ന് 143 ശതമാനമാണ് വര്‍ധന. ബാങ്കിന്റെ മൊത്തം ബിസിനസ് 32.81 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ 26,284 കോടി രൂപയില്‍ നിന്ന് ഇത്തവണ 34,906 കോടി രൂപയിലെത്തി. പ്രവര്‍ത്തന ലാഭം മുന്‍ വര്‍ഷത്തെ 210.83 കോടി രൂപയില്‍ നിന്ന് 37.39 ശതമാനം വര്‍ധനയോടെ 289.65 കോടി രൂപയിലെത്തി. ബാങ്കിന്റെ നിക്ഷേപങ്ങള്‍ 28.82 ശതമാനം വര്‍ധിച്ച് 17,416 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇത് 13,520 കോടി രൂപയായിരുന്നു. കൈകാര്യം ചെയ്യുന്ന വായ്പകളുടെ മൂല്യത്തില്‍ രണ്ടാം പാദത്തില്‍ 37.03 ശതമാനമാണ് വര്‍ധന. മുന്‍ വര്‍ഷം 12,764 കോടി രൂപയായിരുന്ന വായ്പകള്‍ 17,490 കോടി രൂപയിലെത്തി. ആസ്തി ഗുണമേന്മ മെച്ചപ്പെടുത്തുന്നതിലും ബാങ്ക് മുന്നേറ്റം കാഴ്ചവച്ചു. മുന്‍ വര്‍ഷം 8.11 ശതമാനമായിരുന്ന മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം 2.64 ശതമാനമായും 4.34 ശതമാനമായിരുന്ന അറ്റ നിഷ്‌ക്രിയ ആസ്തി അനുപാതം 1.19 ശതമാനമായും കുറഞ്ഞു. 20.57 ശതമാനമാണ് മൂല്യധന പര്യാപ്തതാ അനുപാതം. സാമ്പത്തിക വര്‍ഷം ആദ്യ രണ്ടു പാദങ്ങളിലായി ബാങ്ക് 270.08 കോടി രൂപ ലാഭം നേടി. 65.14 ശതമാനമാണ് വര്‍ധന. അര്‍ധവാര്‍ഷിക പ്രവര്‍ത്തന ലാഭം 35.36 ശതമാനം വര്‍ധിച്ച് 590.32 കോടി രൂപയിലുമെത്തി. 2023 സെപ്തംബര്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് മൊത്തം 700 ശാഖകളും 579 എ.ടി.എമ്മുകളും ഉണ്ട്.

ഇന്‍സ്റ്റഗ്രാമില്‍ എഐയില്‍ പ്രവര്‍ത്തിക്കുന്ന പുത്തന്‍ ടൂള്‍ എത്തുന്നു. ഉപയോക്താക്കള്‍ക്ക് ചിത്രങ്ങളില്‍ നിന്നും വീഡിയോകളില്‍ നിന്നും പുതിയ സ്റ്റിക്കറുകള്‍ നിര്‍മ്മിക്കാന്‍ അനുവദിക്കുന്നതാണ് പുതിയ അപ്‌ഡേറ്റ്. പുതിയ ഫീച്ചര്‍ ലഭ്യമാകണമെങ്കില്‍ ക്രിയേറ്റ് ബട്ടണ്‍ ടാപ്പ് ചെയ്ത് സ്റ്റിക്കര്‍ സെര്‍ച്ച് എന്‍ട്രി ബോക്‌സ് കാണാം. ബ്ലോഗ് പോസ്റ്റ് പറയുന്നതനുസരിച്ച് ഉപയോക്താക്കള്‍ക്ക് ഇഷ്ടനുസൃതം സ്റ്റിക്കറ്റുകള്‍ നിര്‍മ്മിക്കാം. ഇന്‍സ്റ്റഗ്രാമിലെ ക്യാമറ വഴിയോ അല്ലെങ്കില്‍ വീഡിയോകളും ഫോട്ടോകളും ഉപയോഗിച്ച് സ്റ്റിക്കറുകള്‍ നിര്‍മ്മിക്കാം. ഉപയോക്താക്കള്‍ക്ക് ഒരൊറ്റ ക്ലിക്കിലൂടെ ഒരു ഇമേജില്‍ നിന്ന് ഏത് വസ്തുവും വേര്‍തിരിക്കാനാകും. നിങ്ങള്‍ക്ക് സ്റ്റിക്കര്‍ അല്‍പ്പം മാറ്റണമെന്നുണ്ടെങ്കില്‍ അല്ലെങ്കില്‍ എഐ സ്റ്റിക്കര്‍ ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഉപയോക്താക്കള്‍ക്ക് വിഷയം നേരിട്ട് തിരഞ്ഞെടുക്കാം. ജനറേറ്റുചെയ്ത സ്റ്റിക്കര്‍ നിങ്ങളുടെ റീലിലോ സ്റ്റോറിയിലോ ചേര്‍ക്കാന്‍ ‘സ്റ്റിക്കര്‍ യൂസ്’ ബട്ടണ്‍ ടാപ്പുചെയ്യാം.

സഞ്ജു. വി. സാമുവേല്‍ സംവിധാനം ചെയ്ത് മാത്യു തോമസും ബേസില്‍ ജോസഫും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘കപ്പ്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. പൃഥ്വിരാജിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. അല്‍ഫോണ്‍സ് പുത്രന്‍ ആണ് ചിത്രം അവതരിപ്പിക്കുന്നത്. അഖിലേഷ് ലതാരാജും ഡെന്‍സണും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. നിഖില്‍ എസ് പ്രവീണാണ് ചിത്രത്തിന് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സ്പോര്‍ട്സ്- ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചിത്രത്തില്‍ ഇടുക്കിയിലെ മലയോര ഗ്രാമത്തില്‍ അരങ്ങേറുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഗുരു സോമസുന്ദരം, നമിത പ്രമോദ്, തുഷാര പിള്ള, മൃണാളിനി സൂസ്സന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഷാന്‍ റഹ്‌മാന്‍ ആണ് ചിത്രത്തില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണിയും എയ്ഞ്ചലീന മേരിയുമാണ് കപ്പ് നിര്‍മ്മിക്കുന്നത്.

തിയേറ്ററില്‍ ഇപ്പോഴും നിറഞ്ഞ സദസുകളില്‍ പ്രദര്‍ശനം തുടരുകയാണ് ലോകേഷ് കനകരാജ്- വിജയ് കൂട്ടുക്കെട്ടിലിറങ്ങിയ ലിയോ. മികച്ച പ്രേക്ഷക പ്രതികരണങ്ങളോടൊപ്പം റെക്കോര്‍ഡ് കളക്ഷന്‍ നേട്ടവും ലിയോ സ്വന്തമാക്കിയിട്ടുണ്ട്. ചിത്രത്തിന് തിയേറ്ററില്‍ ഏറ്റവും കയ്യടി കിട്ടിയ രംഗങ്ങളില്‍ ഒന്നായിരുന്നു അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കി വിജയിയും അനിരുദ്ധ് രവിചന്ദറും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിലെ മഡോണ സെബാസ്റ്റ്യന്റെയും വിജയിയുടെയും നൃത്തചുവടുകള്‍ക്ക് വലിയ കയ്യടികളാണ് തിയേറ്ററില്‍ ലഭിച്ചത്. വിഷ്ണു എടവന്‍ ആണ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്. തിയേറ്റര്‍ സെന്‍സര്‍ ചെയ്ത് പോയവരികള്‍ കൂടി ഇപ്പോള്‍ പുറത്തുവിട്ട ഗാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റിലീസ് ചെയ്ത് ഒരു മണിക്കുറിനുള്ളില്‍ 3ലക്ഷം വ്യൂസ് ആണ് ഇതുവരെ ഗാനത്തിന് ലഭിച്ചിരിക്കുന്നത്. ഇതുവരെ 540 കോടി രൂപയാണ് ആഗോള കളക്ഷനായി ലിയോ സ്വന്തമാക്കിയത്. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ചൈനീസ് ടെക് ഭീമന്മാരായ ഷവോമിയുടെ ആദ്യ വൈദ്യുത കാറായ ഷവോമി എസ്യു7ന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. എസ്യു 7, എസ്യു 7 പ്രോ, എസ്യു 7 മാക്സ് എന്നിങ്ങനെ മൂന്നു മോഡലുകളാണ് ഷവോമി പുറത്തിറക്കുക. രണ്ട് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ഷവോമി എസ്യു 7 എത്തും. ആദ്യത്തേത് റിയര്‍ വീല്‍ ഡ്രൈവും 295യവു മോട്ടോറും പരമാവധി 210 കിലോമീറ്റര്‍ വേഗവുമുള്ള മോഡലാണ്. രണ്ടാമത്തേതില്‍ ഡ്യുവല്‍ മോട്ടോറും ഫോര്‍വീല്‍ ഡ്രൈവുമാണുള്ളത്. 664 ബിഎച്ച്പി കരുത്തുള്ള മോട്ടോറുള്ള ഈ കാര്‍ മണിക്കൂറില്‍ 265 കിലോമീറ്റര്‍ വരെ വേഗത്തില്‍ കുതിക്കും. 4,997 എംഎം നീളവും 1,963 എംഎം വീതിയും 1,455 എംഎം ഉയരവുമുള്ള വാഹനമാണ് എസ്യു 7. 3,000എംഎം ആണ് കാറിന്റെ ചക്രത്തിന്റെ വലിപ്പം 19 ഇഞ്ച് മുതല്‍ 20 ഇഞ്ച് വരെ. വ്യത്യസ്ത മോഡലുകള്‍ കണക്കിലെടുക്കുമ്പോള്‍ ഭാരം 1,980 കിലോഗ്രാം മുതല്‍ 2,205 കിലോഗ്രാം വരെ വരും. ഷവോമി തന്നെ വികസിപ്പിച്ചെടുത്ത ഹൈപ്പര്‍ഒഎസാണ് കാറിലും നല്‍കിയിരിക്കുന്നത്. ഈ വര്‍ഷം അവസാനമായിരിക്കും ഷവോമിയുടെ വൈദ്യുതി കാറുകളുടെ വ്യാവസായികാടിസ്ഥാനത്തിലുള്ള നിര്‍മാണം ആരംഭിക്കുക. 2024 ഫെബ്രുവരിയില്‍ ഷവോമി എസ്യു 7 വില്‍പനക്കെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇന്ത്യന്‍ സിനിമയെ വിസ്മയിപ്പിച്ച ചലച്ചിത്രകാരന്‍ ഗുരുദത്തിനെക്കുറിച്ച് ബംഗാളി എഴുത്തുകാരന്‍ ബിമല്‍ മിത്രയുടെ ഓര്‍മകള്‍. പ്രണയവും ഉന്മാദവും ദുരന്തവും കൂടിക്കുഴഞ്ഞ ഗുരുദത്തിന്റെ ജീവിതകഥ ഒരു നോവല്‍ പോലെ ആഖ്യാനം ചെയ്യുന്നു. ഗുരുദത്ത് വിട പറഞ്ഞ് 60 വര്‍ഷം തികയുന്നവേളയില്‍ പുറത്തിറങ്ങുന്ന ജീവചരിത്രഗ്രന്ഥം. ‘ഗുരുദത്ത് ഉറക്കമില്ലാത്തവന്റെ കഥ’. പരിഭാഷ – പി.കെ രാധാമണി. മാതൃഭൂമി. വില 255 രൂപ.

അമിതമായി തണുത്ത വെള്ളം കുടിക്കുന്നത് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ഭക്ഷണ സാധനങ്ങള്‍ ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കും, അടിവയറ്റില്‍ വേദന തോന്നും. ശരീര താപനിലയുമായി തണുത്ത വെള്ളം കൃത്യമായി പ്രതികരിക്കാത്തതാണ് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്.തണുത്ത വെള്ളം കുടിക്കുന്നത് തലച്ചോറിനെ പോലും ബാധിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. വളരെ നേര്‍ത്ത ഞെരമ്പുകളില്‍ സമ്മര്‍ദ്ദം കൂടാന്‍ ഇത് കാരണമാകും. അതുവഴി തലവേദന, സൈനസ് പ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടാകും. തണുത്ത വെള്ളം കുടിക്കുന്ന സമയത്ത് ചിലര്‍ക്ക് തലയില്‍ പെട്ടന്ന് വേദന പോലെ തോന്നുന്നത് ഇതുകൊണ്ടാണ്. തണുത്ത വെള്ളം കുടിക്കുന്ന ശീലം നിങ്ങളുടെ ശരീരത്തില്‍ സംഭരിച്ചിരിക്കുന്ന കൊഴുപ്പിനെ കഠിനമാക്കുന്നു. കൊഴുപ്പ് സംഭരിക്കപ്പെട്ട് ഒടുവില്‍ അമിത വണ്ണത്തിലേക്കും വയര്‍ ചാടുന്നതിലേക്കും ഇത് നയിക്കും. അതുപോലെതന്നെ കായിക വിനോദങ്ങളിലും കഠിനമായ ജോലികളിലും ഏര്‍പ്പെട്ട ശേഷം ഉടനടി തണുത്ത വെള്ളം കുടിക്കുന്നത് ഒഴിവാക്കണം. വ്യായാമത്തിന് ശേഷം ഉടന്‍ തന്നെ തണുത്ത വെള്ളം കുടിക്കുന്നത് വിട്ടുമാറാത്ത വയറുവേദനയിലേക്ക് നയിച്ചേക്കാം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *