◾ഓര്‍ഡിനന്‍സുകള്‍ അംഗീകരിക്കാത്തതു സംബന്ധിച്ച് ഗവര്‍ണര്‍ക്കെതിരേ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതിനു പിന്നാലെ കാലിത്തീറ്റയിലെ മലിനീകരണത്തിനെതിരേ നടപടിസ്വീകരിക്കുന്നത് സംബന്ധിച്ച ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. നാല് പി.എസ്.സി. അംഗങ്ങളുടെ നിയമനശുപാര്‍ശകളില്‍ രണ്ടെണ്ണത്തിനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകാരവും നല്‍കി. എന്നാല്‍ അംഗീകാരം കാത്തിരിക്കുന്ന വിവാദ ബില്ലുകളില്‍ ഒപ്പുവെക്കാന്‍ ഗവര്‍ണര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഈ ബില്ലുകളിലെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടെത്തി വിശദീകരണം നല്‍കിയാലേ ഒപ്പിടൂവെന്നാണ് അദ്ദേഹത്തിന്റെ വാദം.
◾സംസ്ഥാന സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ പ്രചരിപ്പിക്കാനുള്ള നവകേരള സദസ്സിന്റെ മാതൃകയില്‍ കേന്ദ്രം നടത്തുന്ന വികസിത് ഭാരത് സങ്കല്‍പ് യാത്രയോടു സഹകരിക്കരുതെന്നു ജില്ലാ ഭരണകൂടങ്ങള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍. പദ്ധതി സംബന്ധിച്ചു വാര്‍ത്തകള്‍ നല്‍കില്ലെന്നു പബ്ലിക് റിലേഷന്‍സ് വകുപ്പും അറിയിച്ചിട്ടുണ്ട്. അതേസമയം അട്ടപ്പാടിയില്‍ ഇന്നു നടക്കുന്ന വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ സംസ്ഥാനതല ഉദ്ഘാടനത്തിനു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പങ്കെടുക്കണമെന്നു പ്രധാനമന്ത്രിയുടെ ഓഫിസ് നിര്‍ദേശിച്ചു. കേന്ദ്രമന്ത്രി വി.മുരളീധരനും പങ്കെടുക്കും.
◾നവകേരള സദസ്സില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കാനുള്ള സ്പെഷ്യല്‍ ബസിനായി ഒരു കോടി അഞ്ച് ലക്ഷം രൂപ അനുവദിച്ച് ഉത്തരവിറങ്ങി. ട്രഷറി നിയന്ത്രണം മറികടന്നാണ് പണം അനുവദിച്ചത്. ആഢംബര ബസിന്റെ പണി ബെംഗളൂരിവില്‍ പുരോഗമിക്കുകയാണ്. ഈ മാസം 18 മുതല്‍ ഡിസംബര്‍ 24 വരെയാണ് നവകേരള സദസ്സ്.
*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*
ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*
◾മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും ചികിത്സയ്ക്ക് അമേരിക്കയിലും കേരളത്തിലുമായി ചെലവായ തുക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. 2021 മുതലുള്ള ചികിത്സാ ചെലവുകളാണ് അനുവദിച്ചത്. അമേരിക്കയിലെ മയോ ക്ലിനിക്കില്‍ മാത്രം 72,09,482 രൂപയാണ് ചെലവായത്. കേരളത്തില്‍ മുഖ്യമന്ത്രിയുടെ ഭാര്യ കമലയുടെ ചികിത്സയ്ക്ക് ചെലവായതടക്കം 74,99,932 രൂപയാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് അനുവദിച്ചത്.
◾കോണ്‍ഗ്രസിന്റെ പലസ്തീന്‍ റാലിക്ക് കോഴിക്കോട് ബീച്ചില്‍ തന്നെ വേദി അനുവദിക്കും. നവകേരള സദസ്സിന്റെ വേദിയില്‍ നിന്ന് 100 മീറ്റര്‍ മാറി കോണ്‍ഗ്രസ്സിനൂ സ്ഥലം അനുവദിക്കുമെന്ന് കളകടര്‍ ഉറപ്പ് നല്‍കി. മന്ത്രി മുഹമ്മദ് റിയാസ് കളക്ടറുമായും ഡിസിസി പ്രസിഡന്റുമായും സംസാരിച്ചതിനെതുടര്‍ന്നാണ് പ്രശ്ന പരിഹരാത്തിന് വഴിയൊരുങ്ങിയത്.
◾അനുമതി തന്നാലും ഇല്ലെങ്കിലും കോണ്‍ഗ്രസ്സിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഒന്നുകില്‍ റാലി നടക്കും ഇല്ലെങ്കില്‍ പൊലീസും കോണ്‍ഗ്രസ്സും തമ്മില്‍ യുദ്ധമുണ്ടാവുമെന്നും ചോര കൊടുത്തും 23ന് റാലി നടത്തുമെന്നും വേദി അനുവദിക്കുന്നതിനു മുമ്പ് സുധാകരന്‍ പറഞ്ഞിരുന്നു.
◾കോണ്‍ഗ്രസിന്റെ പരിപാടികള്‍ എകെജി സെന്ററില്‍ നിന്ന് തീരുമാനിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ആദ്യം നടത്തിയത് മുസ്ലീം ലീഗാണ്. അതിനും ആഴ്ചകള്‍ക്ക് ശേഷമാണ് സിപിഎം പരിപാടി നടത്തിയതെന്നും വിഡി സതീശന്‍ പറഞ്ഞു.
◾
◾നവംബര്‍ 18, 19 തീയതികളില്‍ കേരളത്തില്‍ എട്ട് ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. തിരുവനന്തപുരം ഡിവിഷനിലെ ഇരിഞ്ഞാലക്കുട- പുതുക്കാട് സെക്ഷനില്‍ പാലം പണി നടക്കുന്നതിനാലാണ് ഈ രണ്ട് ദിവസങ്ങളില്‍ ട്രെയിനുകള്‍ റദ്ദാക്കിയത്. 18ാം തീയതി മംഗലാപുരം-തിരുവനന്തപുരം മാവേലി എക്സ്പ്രസ് (16603), എറണാകുളം-ഷൊറണൂര്‍ മെമു എക്സ്പ്രസ് (06018), എറണാകുളം-ഗുരുവായൂര്‍ എക്സ്പ്രസ് (06448) എന്നീ ട്രെയിനുകളും 19ാം തീയതി തിരുവനന്തപുരം-മംഗലാപുരം മാവേലി എക്സ്പ്രസ് (16604), ഷൊറണൂര്‍-എറണാകുളം മെമു എക്സ്പ്രസ് (06017), ഗുരുവായൂര്‍-എറണാകുളം എക്സ്പ്രസ് (06449), എറണാകുളം-കോട്ടയം (06453), കോട്ടയം-എറണാകുളം (06434) ട്രെയിനുകളാണ് പൂര്‍ണമായി റദ്ദാക്കിയത്.
◾രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍. യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പില്‍ 2,21,986 വോട്ടുകള്‍ നേടിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. 1,68,588 വോട്ടുകള്‍ നേടിയ അബിന്‍ വര്‍ക്കി രണ്ടാമതും 31,930 വോട്ടുകള്‍ നേടിയ അരിത ബാബു മൂന്നാം സ്ഥാനത്തുമെത്തി ഉപാദ്ധ്യക്ഷന്‍മാരായി. അഭിമുഖം കൂടി കഴിഞ്ഞ ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം. സംഘടനയെ കൂടുതല്‍ മികവോടെ ഒറ്റക്കെട്ടായി നയിക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു.
◾ബാലസൗഹൃദ കേരളം ലക്ഷ്യമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുഞ്ഞുങ്ങളുടെ ബൗദ്ധികവും ശാരീരികവുമായ വളര്‍ച്ചയ്ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കുക, പിന്തുണ സാധ്യമാക്കുക എന്നതാണ് പ്രധാനം. വനിത ശിശുവികസന വകുപ്പിന്റെ ശിശു ദിനാഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനവും ഉജ്ജ്വലബാല്യം പുരസ്‌കാര വിതരണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
◾കണ്ണൂര്‍ അയ്യന്‍കുന്നില്‍ മാവോയിസ്റ്റുകള്‍ക്കായി ദൗത്യസംഘത്തിന്റെ തെരച്ചില്‍. തിങ്കളാഴ്ച രാത്രി 2 തവണ വെടിവയ്പ്പുണ്ടായെന്നും ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും ഡിഐജി പുട്ട വിമലാദിത്യ പറഞ്ഞു. അതേസമയം, മാവോയിസ്റ്റുകള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഡിഐജി അറിയിച്ചു. ആരും കസ്റ്റഡിയില്‍ ഇല്ലെന്നും ആയുധങ്ങള്‍ കണ്ടെടുത്തെന്നും ഡിഐജി വ്യക്തമാക്കി.
◾പിഎല്‍ഒ നേതാവ് യാസര്‍ അറാഫത്തിനെ ഡല്‍ഹിയില്‍ വിളിച്ച് ലോകരാഷ്ട്രത്തലവന്‍മാര്‍ക്ക് നല്‍കുന്ന എല്ലാ ബഹുമതികളോടെയും ആദരിച്ച പാരമ്പര്യമാണ് കോണ്‍ഗ്രസിന്റേതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. പരമാധികാര സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം വേണമെന്ന നിലപാടാണ് മഹാത്മാ ഗാന്ധിജിയുടെയും ജവഹര്‍ലാല്‍ നെഹ്റുവിന്റേയും ഇന്ദിരാഗാന്ധിയുടെയും കാലം മുതല്‍ കോണ്‍ഗ്രസ് സ്വീകരിച്ചിരുന്നതെന്നും സിപിഎം സംഘടിപ്പിക്കുന്ന ഐക്യദാര്‍ഢ്യറാലിയില്‍ പങ്കെടുക്കാനുള്ള അപേക്ഷയുമായി ക്യൂ നില്‍ക്കേണ്ട ഗതികേടൊന്നും കോണ്‍ഗ്രസിനില്ലെന്നും അദ്ദേഹം പറഞ്ഞു.
◾കണ്ടല ബാങ്ക് കള്ളപ്പണക്കേസില്‍ സിപിഐ നേതാവും ബാങ്കിന്റെ മുന്‍ പ്രസിഡന്റുമായ എന്‍ ഭാസുരാംഗന്‍, മകന്‍ അഖില്‍ ജിത്ത് എന്നിവര്‍ക്ക് വീണ്ടും ഇഡി സമന്‍സ്. ഇന്ന് രാവിലെ 10.30 ന് കൊച്ചി ഇഡി ഓഫീസില്‍ ഹാജരാകണമെന്നാണ് ഇരുവര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
◾അനിശ്ചിതകാല ബസ് സമരത്തില്‍ നിന്ന് പിന്‍മാറിയതായി സ്വകാര്യ ബസ് ഉടമകള്‍. ഗതാഗത മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. 140 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ സര്‍വ്വീസ് നടത്തിയിരുന്ന 149 ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കിയത് പുനരാലോചിക്കാമെന്ന് മന്ത്രി ചര്‍ച്ചയില്‍ ഉറപ്പ് നല്‍കി. അതേ സമയം സീറ്റ് ബെല്‍റ്റും ക്യാമറയും വേണമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്നും മന്ത്രി വ്യക്തമാക്കി.
◾ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിനു മുന്നോടിയായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. എല്ലാ തീര്‍ത്ഥാടകര്‍ക്കും സുഗമവും സുരക്ഷിതവുമായ സൗകര്യങ്ങള്‍ ഒരുക്കിയതായും ദേവസ്വം മന്ത്രി പറഞ്ഞു.
◾ആലുവ വിധി ആശ്വാസമെന്ന് പറയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കുട്ടികളുടെ സംരക്ഷണത്തിന് മുന്തിയ പരിഗണന വേണം. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പൂര്‍ണമായ പരിരക്ഷ നല്‍കാന്‍ സര്‍ക്കാരിന് കഴിയണമെന്നും പൊലീസും ഇന്റലിജന്‍സും കുറച്ചു കൂടി കാര്യക്ഷമമാക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.
◾ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദം രൂപപ്പെട്ടു. പടിഞ്ഞാറ് വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദം വ്യാഴാഴ്ച്ചയോടെ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ തീവ്ര ന്യൂന മര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
◾കണ്ണൂര്‍ നഗരത്തിന്റെ മാലിന്യ കേന്ദ്രമായ ചേലോറയില്‍ , കുട്ടികള്‍ക്കായി പാര്‍ക്കൊരുക്കി കോര്‍പ്പറേഷന്‍. മാലിന്യങ്ങള്‍ തള്ളിയിരുന്ന ട്രഞ്ചിങ് ഗ്രൌണ്ടിനോട് ചേര്‍ന്നാണ് പാര്‍ക്ക്. അമൃത് പദ്ധതിയിലുള്‍പ്പെടുത്തി ഒരു കോടി അറുപത്തിയൊന്ന് ലക്ഷം രൂപ ചെലവിട്ടാണ് നെഹ്‌റു പാര്‍ക്ക് നിര്‍മിച്ചത്.
◾നരിക്കുനി എരവന്നൂര്‍ എയുപി സ്‌കൂളിലെ സ്റ്റാഫ് മീറ്റിംഗിനിടെയുണ്ടായ കൈയ്യാങ്കളിയില്‍ പൊലീസും എഇഒയും അന്വേഷണം തുടങ്ങി. പ്രധാന അധ്യാപകനും അധ്യാപികമാരുമടക്കം ഏഴ് പേര്‍ക്കാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റത്. കാക്കൂര്‍ പൊലീസ് സംഭവത്തില്‍ അന്വേഷണം തുടങ്ങി.
◾9 വയസ്സുകാരിയെ കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയയാള്‍ പിടിയില്‍. എറണാകുളം കിഴക്കമ്പലം സ്വദേശി ആല്‍ബിന്‍ തോമസ് ആണ് പിടിയിലായത്. കാറില്‍ ഇരുന്നിരുന്ന കുട്ടിയെ ഇയാള്‍ കളിത്തോക്ക് കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസ് പോക്സോ കേസെടുത്തു.
◾പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ഭിക്ഷ യാചിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഭൂമിയും വീടുമുണ്ടെന്ന വ്യാജ പ്രചരണം നടത്തിയതിനെതിരെ മറിയക്കുട്ടി ഹൈക്കോടതിയെ സമീപിക്കും. ഭൂമിയില്ലെന്ന് വില്ലേജ് ഓഫീസര്‍ സാക്ഷ്യപത്രം നല്‍കിയതോടെയാണ് തീരുമാനം.
◾വയനാട്ടില്‍ കാട്ടാനയെ പ്രകോപിപ്പിച്ചവര്‍ക്കെതിരെ കേസെടുത്ത് വനംവകുപ്പ്. സുല്‍ത്താന്‍ബത്തേരി പുല്‍പ്പള്ളി പാതയില്‍ വാഹനം നിര്‍ത്തി 3 പേരാണ് കാട്ടാനയെ പ്രകോപിപ്പിച്ചത്. വാഹന ഉടമയോട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
◾അമേരിക്കയില്‍ ഗര്‍ഭിണിയായ മലയാളി യുവതിക്ക് ഭര്‍ത്താവിന്റെ വെടിയേറ്റ് ഗുരുതര പരിക്ക്. കോട്ടയം ഉഴവൂര്‍ സ്വദേശിയായ മീരയെ വെടിവച്ച ഭര്‍ത്താവ് അമല്‍ റെജിയെ ചിക്കാഗോ പൊലീസ് അറസ്റ്റ് ചെയ്തു. മീരയുടെ സ്ഥിതി ഗുരുതരമാണെന്നും വയറ്റിലെ രക്തസ്രാവം നിയന്ത്രണ വിധേയമായിട്ടില്ലെന്നുമാണ് നാട്ടിലെ ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.
◾സഹാറ ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ സുബ്രത റോയ് (75) അന്തരിച്ചു. ദീര്‍ഘനാളായി മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
◾ദീപാവലി ദിനത്തില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പനയുമായി തമിഴ്‌നാട്. 467.69 കോടി രൂപയുടെ മദ്യമാണ് തമിഴ്‌നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷന്‍ വില്‍പ്പന നടത്തിയത്. മധുരയിലാണ് റെക്കോര്‍ഡ് വില്‍പ്പന. ദീപാവലിയുടെ തലേന്ന് 52.73 കോടിയും ദീപാവലി ദിനത്തില്‍ 51.97 കോടിയും നേടി.
◾തമിഴ്നാട് രാജ്ഭവന് നേരെയുണ്ടായ ബോംബ് ആക്രമണത്തിന്റെ അന്വേഷണം ഏറ്റെടുത്ത് എന്‍ഐഎ. സംഭവത്തില്‍ മൂന്ന് വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊലീസ് അറസ്റ്റ് ചെയ്ത കറുക വിനോദിനെ പ്രതിയാക്കിയാണ് എഫ്ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്.
◾മത്സര പരീക്ഷകളില്‍ തല മറക്കുന്ന വസ്ത്രങ്ങള്‍ നിരോധിച്ചിട്ടില്ലെന്ന് വിശദീകരിച്ച് കര്‍ണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി എംസി സുധാകര്‍. നേരത്തെ പരീക്ഷയില്‍ ഹിജാബ് അടക്കമുള്ള വസ്ത്രങ്ങള്‍ നിരോധിക്കാന്‍ എക്സാമിനേഷന്‍ അതോറിറ്റി തീരുമാനിച്ചിരുന്നു. തട്ടിപ്പ് നടക്കാതിരിക്കാനാണ് ഡ്രസ് കോഡ് ഏര്‍പ്പെടുത്തിയതെന്നും ഹിജാബ് മുഖം മൂടാത്തതിനാല്‍ ധരിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
◾കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ‘മണ്ടന്‍മാരുടെ രാജാവ്’ എന്ന പരാമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ആളുകളുടെ പോക്കറ്റില്‍ ചൈനയില്‍ നിര്‍മിച്ച ഫോണുകളാണെന്നും അവ മധ്യപ്രദേശില്‍ നിര്‍മിക്കാന്‍ സാധിക്കുമായിരുന്നു എന്നും രാഹുല്‍ഗാന്ധി പ്രസംഗിച്ചതിനെതിരെയായിരുന്നു മോദിയുടെ പരാമര്‍ശം. ലോകത്തില്‍ തന്നെ മൊബൈല്‍ ഫോണ്‍ ഉല്‍പ്പാദനത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് ഇന്ത്യയാണെന്ന് പറഞ്ഞ മോദി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജനങ്ങളോട് എന്താണ് പറയേണ്ടതെന്ന് അറിയില്ലെന്നും അവര്‍ ഏത് ലോകത്താണ് ജീവിക്കുന്നതെന്നും ചോദിച്ചു.
◾പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ഇലക്ഷന്‍ കമ്മീഷന്‍ നോട്ടീസ്. നോട്ടീസിന്റെ അടിസ്ഥാനത്തില്‍ കെജ്രിവാള്‍ വ്യാഴാഴ്ച വിശദീകരണം നല്‍കണം. അദാനിയേയും മോദിയെയും ചേര്‍ത്തുള്ള പോസ്റ്റിനെതിരെയായിരുന്നു പരാതി.
◾ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി നരേഷ് കുമാറിനെയും ഡിവിഷന്‍ കമ്മീഷണര്‍ അശ്വനി കുമാറിനെയും സ്ഥാനങ്ങളില്‍ നിന്ന് നീക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോടാവശ്യപ്പെട്ട് ഡല്‍ഹി വിജിലന്‍സ് മന്ത്രി അതിഷി. തെളിവുകള്‍ നശിപ്പിക്കുകയോ നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുകയോ ചെയ്യുന്നത് തടയാന്‍ ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ അവരില്‍ നിന്ന് പിടിച്ചെടുക്കണമെന്നും അതിഷി ആവശ്യപ്പെട്ടു.
◾മണല്‍ക്കടത്ത് തടയാന്‍ ശ്രമിച്ച യുവ സബ് ഇന്‍സ്പെക്ടറെ ട്രാക്ടര്‍ കയറ്റി കൊലപ്പെടുത്തി. ബീഹാറിലെ ജാമുയി ജില്ലയിലാണ് സംഭവം. അനധികൃതമായി ഖനനം ചെയ്ത മണല്‍ കടത്തുകയായിരുന്ന സംഘത്തെ തടയാന്‍ ശ്രമിക്കവെയാണ് ആക്രമണം.
◾ഇസ്രയേല്‍ പലസ്തീന്‍ യുദ്ധത്തില്‍ ഗാസയില്‍ കുടുങ്ങിയ ഇന്ത്യക്കാരായ അമ്മയെയും മകളെയും രക്ഷപ്പെടുത്തി. കശ്മീര്‍ സ്വദേശികളായ ലുബ്ന നസീര്‍ ഷബൂ, മകള്‍ കരീമ എന്നിവരാണ് ഗാസയില്‍ നിന്നും രക്ഷപ്പെട്ടത്. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇന്ത്യക്കാരായ അമ്മയേയും മകളെയും രക്ഷപ്പെടുത്തിയ വിവരം പുറത്തറിയിച്ചത്.
◾ഇസ്രയേല്‍ ഹമാസ് യുദ്ധമാരംഭിച്ചതിന് ശേഷം ഐക്യരാഷ്ട്രസഭയുടെ 102 പ്രവര്‍ത്തകര്‍ ഇതുവരെ കൊല്ലപ്പെട്ടന്നെ് റിപ്പോര്‍ട്ട്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു യുദ്ധത്തില്‍ ഇത്രയും യു എന്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നതെന്നാണ് യു.എന്‍. എയ്ഡ് ഏജന്‍സി വ്യക്തമാക്കിയത്.
◾യൂറോപ്യന്‍ യൂണിയന്‍ ഷെങ്കന്‍ വിസ അപേക്ഷ ഡിജിറ്റല്‍ ആക്കുന്നു. ഡിജിറ്റലാകുന്നതോടെ, വിസ അപേക്ഷകര്‍ക്ക് അവരുടെ പാസ്‌പോര്‍ട്ടില്‍ സ്റ്റിക്കര്‍ പതിപ്പിക്കേണ്ടി വരില്ല. കോണ്‍സുലേറ്റ് അല്ലെങ്കില്‍ സേവന ദാതാക്കളുടെ സഹായമില്ലാതെ തന്നെ വിസ നേടാം. സ്വിറ്റ്‌സര്‍ലന്‍ഡ്, നോര്‍വേ, ഐസ്ലാന്‍ഡ്, എന്നിവയ്‌ക്കൊപ്പം 27 യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ 23 എണ്ണവും ഷെങ്കനില്‍ ഉള്‍പ്പെടുന്നു.
◾ലോകത്തിലെ ഏറ്റവും വലിയ കായിക പുരസ്‌കാരങ്ങളിലൊന്നായ വേള്‍ഡ് അത്‌ലറ്റ് ഓഫ് ദ ഇയറിന്റെ അന്തിമപ്പട്ടികയില്‍ ഇടം നേടി ഇന്ത്യന്‍ താരം നീരജ് ചോപ്ര. നീരജിന് പുറമേ യു.എസ്സിന്റെ ഷോട്ട് പുട്ട് താരം റയാന്‍ ക്രൗസര്‍, സ്വീഡന്റെ പോള്‍ വോള്‍ട്ട് താരം മോന്‍ഡോ ഡുപ്ലാന്റിസ്, കെനിയയുടെ മാരത്തണ്‍ ലോകചാമ്പ്യന്‍ കെല്‍വിന്‍ കിപ്റ്റം, യു.എസ്സിന്റെ അതിവേഗതാരം നോവ ലൈലെസ് എന്നിവരാണ് പട്ടികയിലുള്ളത്. പുരസ്‌കാര ജേതാവിനെ ഡിസംബര്‍ 11 ന് പ്രഖ്യാപിക്കും. ഇതുവരെ ഒരു ഇന്ത്യന്‍ താരത്തിനും വേള്‍ഡ് അത്‌ലറ്റ് ഓഫ് ദ ഇയര്‍ പുരസ്‌കാരം നേടാനായിട്ടില്ല.
◾ഏകദിന ക്രിക്കറ്റ് ലോക കപ്പില്‍ ഇന്ന് ഇന്ത്യ – ന്യൂസിലാണ്ട് സെമി ഫൈനല്‍. ബാറ്റിംഗിലും ബൗളിംഗിലും മികച്ച നിലവാരം പുലര്‍ത്തുന്ന ഇന്ത്യക്കാണ് കൂടുതല്‍ പേര്‍ സാധ്യത കല്‍പിക്കുന്നത്. 2015 ലും 2019 ലും ഫൈനലിലെത്തിയെങ്കിലും ലോകകപ്പ് കിരീടം ഇന്നും ന്യൂസിലാണ്ടിന് കിട്ടാക്കനിയാണ്. 2019ല്‍ ധോണിയുടെ ക്യാപ്റ്റന്‍സിയുടെ കീഴില്‍ വിജയപ്രതീക്ഷയുമായെത്തിയ ഇന്ത്യ സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനോട് തോറ്റാണ് പുറത്തായത്. മുംബയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ന് ഉച്ചയ്ക്ക് 2 മണി മുതല്‍ മത്സരം ആരംഭിക്കും.
◾തൃശൂര്‍ ആസ്ഥാനമായ പ്രമുഖ ജുവലറി ശൃംഖലയായ കല്യാണ്‍ ജുവലേഴ്സ് നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ (2023-24) ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 135 കോടി രൂപ ലാഭം നേടി. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ സമാനപാദത്തില്‍ 106 കോടി രൂപയായിരുന്നു. 27 ശതമാനമാണ് ഉയര്‍ച്ച. അതേസമയം, ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ ലാഭം 143 കോടി രൂപയായിരുന്നു. പാദാധിഷ്ഠിത ലാഭത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ പാദത്തില്‍ കല്യാണിന്റെ വരുമാനം മുന്‍ സാമ്പത്തിക വര്‍ഷത്തെ 4,387 കോടി രൂപയില്‍ നിന്ന് 4,427 കോടി രൂപയായി ഉയര്‍ന്നു. 0.9 ശതമാനമാണ് ഉയര്‍ച്ച. തൊട്ടു മുന്‍പാദത്തില്‍ വരുമാനം 3,484 കോടി രൂപയായിരുന്നു. കല്യാണിന്റെ ഇന്ത്യന്‍ ബിസിനസില്‍ നിന്നുള്ള ലാഭം മുന്‍ സാമ്പത്തിക വര്‍ഷത്തിലെ സമാനപാദത്തിലെ 95 കോടി രൂപയില്‍ നിന്ന് 32 ശതമാനം ഉയര്‍ന്ന് 126 കോടി രൂപയായി. ഇന്ത്യന്‍ ബിസിനസില്‍ നിന്നുള്ള വരുമാനം 32 ശതമാനം ഉയര്‍ന്ന് 3,754 കോടി രൂപയായി. ഗള്‍ഫ് ബിസിനസില്‍ നിന്നുള്ള വിറ്റുവരവ് രണ്ടാംപാദത്തില്‍ 629 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം സമാന പാദത്തിലിത് 601 കോടി രൂപയായിരുന്നു. ഗള്‍ഫ് ബിസിനസില്‍ നിന്നുള്ള ലാഭം മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തിലെ 14 കോടി രൂപയില്‍ നിന്ന് 12 രൂപയായി കുറഞ്ഞു. ഇ-കൊമേഴ്സ്ഇ-കൊമേഴ്സ് വിഭാഗമായ കാന്‍ഡിയറിന്റെ രണ്ടാം പാദ വിറ്റുവവരവ് 31 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് 37 കോടി രൂപയായിരുന്നു. ഈ പാദത്തില്‍ കാന്‍ഡിയര്‍ 2.5 കോടി രൂപ നഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 3 കോടി രൂപ നഷ്ടത്തിലായിരുന്നു.
◾ബോക്‌സ് ഓഫീസില്‍ കുതിച്ച് സല്‍മാന്‍ ചിത്രം ‘ടൈഗര്‍ 3’. ആദ്യദിനം 42.25 കോടി രൂപയാണ് ചിത്രം നേടിയതെങ്കില്‍ ദീപാവലി ദിനത്തില്‍ റെക്കോര്‍ഡ് കളക്ഷനാണ് ചിത്രത്തിന് ലഭിച്ചത്. റെക്കോര്‍ഡ് കളക്ഷന്‍ ലഭിച്ചതോടെ ദീപാവലി ദിനത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടിയ ഹിന്ദി ചിത്രമെന്ന നേട്ടവും ‘ടൈഗര്‍ 3’ സ്വന്തമാക്കി. ചിത്രം റിലിസായി രണ്ടാം ദിനത്തില്‍ തന്നെ നൂറ് കോടി ക്ലബിലെത്താനും ‘ടൈഗര്‍ 3’ക്ക് കഴിഞ്ഞു. സല്‍മാന്റെ കരിയറിലെ മികച്ച ആദ്യദിന കളക്ഷന്‍ നേടുന്ന ചിത്രവും ഇത് തന്നെയാണ്. ഇന്ത്യയില്‍ 5,500 സ്‌ക്രീനിലും വിദേശത്ത് 3400 സ്‌ക്രീനുകളിലുമാണ് ടൈഗര്‍ 3 റിലീസ് ചെയ്തത്. തിങ്കളാഴ്ച ഉച്ചവരെ ആഗോള തലത്തില്‍ 94 കോടിയാണ് സിനിമ സ്വന്തമാക്കിയത്. 42.30 കോടി നേടിയ ‘ഭാരത്’ ആയിരുന്നു ഇതിന് മുന്‍പ് ഏറ്റവും കൂടുതല്‍ ആദ്യദിന കളക്ഷന്‍ നേടിയ സല്‍മാന്‍ ചിത്രം. ‘പ്രേം രഥന്‍ ധന്‍ പായോ’ ആണ് മൂന്നാമത്. നാലാമത് ‘സുല്‍ത്താനും’ അഞ്ചാമത് ‘ടൈഗര്‍ സിന്ദാഹേ’യുമാണ്. ആദിത്യ ചോപ്രയുടെ തിരക്കഥയില്‍ മനീഷ് ശര്‍മ്മയാണ് സംവിധാനം. ‘ടൈഗര്‍ സിന്ദാ ഹേ’, ‘വാര്‍’, ‘പഠാന്‍’ എന്നീ സിനിമകളുടെ കഥാപശ്ചാത്തലത്തിന് ശേഷം നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. ഇമ്രാന്‍ ഹാഷ്മിയാണ് പ്രതിനായകന്‍. അശുതോഷ് റാണ, രേവതി, റിദ്ദി ദോഗ്ര, രണ്‍വീര്‍ ഷൂരേ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഷാരൂഖ് ഖാന്‍, ഹൃത്വിക് റോഷന്‍ എന്നിവരുടെ അതിഥി വേഷങ്ങളും സിനിമയുടെ കളക്ഷന്‍ നേട്ടത്തില്‍ നിര്‍ണായകമായി.
◾പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ മലയാളത്തില്‍ ചെയ്ത രണ്ട് സിരീസുകളുടെയും ആദ്യ സീസണുകള്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. കേരള ക്രൈം ഫയല്‍സും മാസ്റ്റര്‍പീസും ആയിരുന്നു അത്. ഇപ്പോഴിതാ മലയാളത്തിലെ തങ്ങളുടെ മൂന്നാമത്തെ സിരീസുമായി എത്തുകയാണ് അവര്‍. ‘പേരില്ലൂര്‍ പ്രീമിയര്‍ ലീഗ്’ എന്ന് പേരിട്ടിരിക്കുന്ന സിരീസിന്റെ ഫസ്റ്റ് ലുക്ക് അണിയറക്കാര്‍ പുറത്തിറക്കി. പേരില്ലൂര്‍ എന്ന കൊച്ച് ഗ്രാമത്തിലെ സാധാരണക്കാരിലൂടെ വികസിക്കുന്ന അസാധാരണ സംഭവങ്ങള്‍ കോര്‍ത്തിണക്കി ചിരിയുടെ മാലപ്പടക്കം സൃഷ്ടിക്കുന്ന സിരീസ് ആയിരിക്കും പേരില്ലൂര്‍ പ്രീമിയര്‍ ലീഗ് എന്ന് അണിയറക്കാര്‍ പറയുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായി പ്രസിഡന്റാകുന്ന മാളവികയെ ചുറ്റിപറ്റിയാണ് ഈ സീരീസിന്റ കഥ പുരോഗമിക്കുന്നത്. നിഖില വിമല്‍ ആണ് മാളവികയെ അവതരിപ്പിച്ചിരിക്കുന്നത്. ഒപ്പം സണ്ണി വെയ്ന്‍, വിജയരാഘവന്‍, അശോകന്‍, അജു വര്‍ഗീസ് തുടങ്ങി നിരവധി ജനപ്രിയ താരങ്ങള്‍ ഈ സിരീസില്‍ അണിനിരക്കുന്നു. പ്രവീണ്‍ ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന സിരീസിന്റെ രചന ദീപു പ്രദീപ് ആണ്.
◾ഇന്ത്യയില്‍ നിന്ന് ജിഎല്‍ഇ എസ്യുവികള്‍ കയറ്റുമതി ചെയ്ത് മെഴ്സിഡീസ് ബെന്‍സ്. ഏപ്രില്‍ 2022 മുതല്‍ മാര്‍ച്ച് 2023 വരെ നീണ്ട സാമ്പത്തികവര്‍ഷത്തിനിടെയാണ് മഹാരാഷ്ട്രയിലെ ചകന്‍ പ്ലാന്റില്‍ നിന്നും കാറുകളുടെ നിര്‍മാണവും കയറ്റുമതിയും നടന്നത്. പ്രതിവര്‍ഷം 20,000 കാറുകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള ഫാക്ടറിയാണ് പുണെയിലെ ചകനിലുള്ളത്. സമയബന്ധിതമായി കാറുകള്‍ നിര്‍മിച്ചു കയറ്റുമതി ചെയ്യാനായി ശേഷിയുടെ 85-90 ശതമാനത്തിലാണ് ഈ ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നത്. ഇക്കാലയളവില്‍ മൂന്നു ഷിഫ്റ്റിലും ജോലികള്‍ നടന്നിരുന്നു. ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ മെഴ്‌സിഡീസ് ബെന്‍സ് ഇന്ത്യയെ തങ്ങളുടെ വാഹന നിര്‍മാണ കേന്ദ്രമായി പരിഗണിക്കുന്നുണ്ടെന്നതിന്റെ സൂചനയാണ് ഈ കയറ്റുമതി റിപ്പോര്‍ട്ട്. സ്വതന്ത്ര വ്യാപാര കരാര്‍ പ്രാവര്‍ത്തികമായാല്‍ ഇന്ത്യയില്‍ നിന്നും യൂറോപിലേക്കുള്ള വാഹന കയറ്റുമതി വര്‍ധിക്കും. യൂറോപിലേക്ക് ബിആര്‍167 എല്‍എച്ച്ഡി വാഹനങ്ങളാണ് ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്തത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് മെഴ്‌സിഡീസ് ബെന്‍സ് ഇന്ത്യയില്‍ നിന്നും കാറുകള്‍ കയറ്റുമതി ചെയ്യുന്നത്. 2018ല്‍ ഇന്ത്യയില്‍ നിന്നും ജിഎല്‍സി എസ്യുവി വടക്കേ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തിരുന്നു. ബ്രസീല്‍, ഇന്തോനീഷ്യ, മലേഷ്യ, തായ്‌ലാന്റ്, വിയറ്റ്‌നാം തുടങ്ങിയ വിപണികളിലേക്ക് ഇവിടെ നിന്നും മെഴ്‌സിഡീസ് ബെന്‍സ് കാറുകള്‍ നിര്‍മിക്കുന്നുണ്ട്.
◾ലോകമെങ്ങുമുള്ള വായനക്കാരെ തലമുറകളായി ആകര്‍ഷിച്ചുപോരുന്നവയാണ് വില്‍ഹെം ഗ്രിം, യാക്കോബ് ഗ്രിം എന്നീ സഹോദരന്മാര്‍ സമാഹരിച്ച്, വിശ്വസാഹിത്യത്തില്‍ ഗ്രിം കഥകള്‍ എന്നറിയപ്പെടുന്ന നാടോടിക്കഥകള്‍. വാമൊഴിയായി പ്രചരിച്ച ഈ കഥകള്‍ക്ക് വിവിധ ദേശങ്ങളില്‍, വിവിധ കാലങ്ങളില്‍ നിരവധി ഭാഷകല്‍ പരിഭാഷകളുണ്ടായി. ഇന്നും വായനക്കാരുടെ പ്രീതി നേടിക്കൊണ്ടിരിക്കുന്ന ഗ്രിമ്മിന്റെ കഥകളില്‍ അത്ര പ്രശസ്തമല്ലാത്ത കുറെ കഥകള്‍ ആധികാരികത ചോരാതെ മൂലജര്‍മന്‍ഭാഷയില്‍നിന്നും പരിഭാഷപ്പെടുത്തിയതാണ് ഈ പുസ്തകം. വിശ്വപ്രസിദ്ധമായ ഗ്രിമ്മിന്റെ കഥകള്‍ക്ക് ജര്‍മന്‍ഭാഷയില്‍നിന്നുള്ള പരിഭാഷ. ‘ഗ്രിമ്മിന്റെ കഥകള്‍’. പുനരാഖ്യാനം – പി രാജലക്ഷ്മി, വി.എസ് വല്‍സലകുമാരി. മാതൃഭൂമി. വില 216 രൂപ.
◾ആരോഗ്യ വിദഗ്ധര്‍ പലപ്പോഴും പറയുന്നത് ഏതൊരു വ്യക്തിയും കുറഞ്ഞത് ഏഴ് മുതല്‍ ഒമ്പത് മണിക്കൂര്‍ വരെ ഉറങ്ങണം എന്നാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ഏഴ് മണിക്കൂറില്‍ താഴെ ഉറങ്ങുമ്പോള്‍ നിങ്ങളുടെ ശരീരത്തിന് എന്ത് സംഭവിക്കുന്നു എന്ന് നോക്കാം. ഏഴ് മണിക്കൂറിനുള്ളില്‍, നിങ്ങളുടെ ശരീരം റിപ്പയര്‍ മോഡിലേക്ക് പോകുന്നു. ഈ സമയത്ത് നിങ്ങളുടെ കോശങ്ങളും പേശികളും പുനര്‍നിര്‍മ്മിക്കപ്പെടുന്നു. ഇത് നിങ്ങള്‍ക്ക് ഉന്മേഷം നല്‍കുന്നു. ആവശ്യത്തിന് ഉറക്കം ലഭിക്കുന്നത് നിങ്ങളുടെ തലച്ചോറിനും വളരെ പ്രധാനമാണ്. ഇത് മസ്തിഷ്‌കത്തെ ഉത്തേജിപ്പിക്കുന്നു. മതിയായ ഉറക്കം ലഭിക്കുന്നതിലൂടെ, രോഗപ്രതിരോധ സംവിധാനവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ഏഴ് മണിക്കൂറില്‍ താഴെ ഉറങ്ങുമ്പോള്‍, നിങ്ങളുടെ ശരീരത്തിന് വ്യത്യസ്ത ഉറക്കചക്രങ്ങളിലൂടെ കടന്നുപോകാനുള്ള സമയം കുറവാണ്. ഇക്കാരണത്താല്‍, രാവിലെ ഉണര്‍ന്നതിനുശേഷം ക്ഷീണം അനുഭവപ്പെടുന്നു. ഈ ക്ഷീണം ദിവസം മുഴുവന്‍ നിലനില്‍ക്കും. ഏകാഗ്രത, ശ്രദ്ധ, നിങ്ങള്‍ ചെയ്യുന്ന ജോലി എന്നിവയെ ഈ ക്ഷീണം പ്രതികൂലമായി ബാധിക്കുന്നു. വേണ്ടത്ര ഉറക്കം ലഭിക്കാത്തത് മൂലം ഒരു വ്യക്തിയുടെ ചിന്തയെയും തീരുമാനമെടുക്കാനുള്ള കഴിവിനെയും പ്രതികൂലമായി ബാധിക്കുന്നു. ഉറക്കവും ഭാരവും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ട്. ഉറക്കക്കുറവ് മൂലം ശരീരത്തിലെ ഗ്രെലിന്‍, ലെപ്റ്റിന്‍ എന്നീ രണ്ട് ഹോര്‍മോണുകളുടെ ബാലന്‍സ് തകരാറിലാകുന്നു. വേണ്ടത്ര ഉറക്കം ലഭിക്കാത്തപ്പോള്‍, ഗ്രെലിന്‍ ഹോര്‍മോണിന്റെ അളവ് വര്‍ദ്ധിക്കുന്നു. ഇത് വിശപ്പ് വര്‍ധിപ്പിക്കുന്നു. പ്രത്യേകിച്ച് കലോറിയും പഞ്ചസാരയും കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കാന്‍ പ്രേരിപ്പിക്കുന്നു. ഇതോടൊപ്പം, ലെപ്റ്റിന്‍ ഹോര്‍മോണിന്റെ അളവ് കുറയുകയും ആഹാരം കഴിച്ചാലും മതിയാവാത്തപ്പോലെ തോന്നിപ്പിക്കുകയും ചെയ്യുന്നു. ഹോര്‍മോണുകളുടെ ഈ അസന്തുലിതാവസ്ഥ പ്രത്യേകിച്ച് വൈകുന്നേരങ്ങളിലാണ് സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ ശരീരം ഭാരം വര്‍ദ്ധിക്കാന്‍ ഇത് പ്രധാന കാരണമായി പറയുന്നു. ഉറക്കം കുറയുന്നത് നമ്മുടെ മാനസികാവസ്ഥയെ നേരിട്ട് ബാധിക്കുന്നു. ഉറങ്ങുന്ന സമയത്ത് നമ്മുടെ തലച്ചോറും പുതിയ ഊര്‍ജ്ജം ശേഖരിക്കുന്നു. എന്നാല്‍ വേണ്ടത്ര ഉറക്കം ഇല്ലെങ്കില്‍, മനസ്സിന് ഉന്മേഷം ലഭിക്കില്ല, അതുമൂലം നിരവധി മാനസിക പ്രശ്നങ്ങള്‍ ഉണ്ടാകുകയും ചിലപ്പോള്‍ ഓര്‍മ്മ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
അയാള്‍ നിത്യവും ദൈവത്തോട് ഓരോ കാര്യങ്ങള്‍ പ്രാര്‍ത്ഥിക്കും. ഒരു ദിവസം അയാള്‍ പറഞ്ഞു: ദൈവമേ അങ്ങ് എന്നോട് സംസാരിക്കുക. അപ്പോള്‍ ഒരു പക്ഷി പാടിയെങ്കിലും അയാള്‍ ശ്രദ്ധിച്ചതേയില്ല. എനിക്ക് അങ്ങയെ കാണണമെന്നാവശ്യപ്പെട്ടപ്പോള്‍ അയാള്‍ക്കായി ഒരു നക്ഷത്രം തിളങ്ങി. അതയാള്‍ ഗൗനിച്ചതേയില്ല. എനിക്ക് ഒരു അത്ഭുതം കാണിച്ചുതരൂ എന്നാവശ്യപ്പെട്ടപ്പോഴാണ് അയാളുടെ ഭാര്യ ഒരു കുഞ്ഞിനെ പ്രസവിച്ചത്. ആ കുഞ്ഞ് ഈശ്വരന്റെ അത്ഭുതമാണെന്ന് അയാള്‍ തിരിച്ചറിഞ്ഞതേയില്ല. അവസാനമായി അയാള്‍ ഒരു ആഗ്രഹം കൂടി ദൈവത്തിന് മുന്നില്‍ വെച്ചു: എന്നെയൊന്ന് അങ്ങ് സ്പര്‍ശിക്കണം. അപ്പോള്‍ ഒരു പൂമ്പാറ്റ അയാളെ തൊട്ടു. പക്ഷേ, ചോദിക്കുന്നതൊന്നും ലഭിക്കുന്നില്ലെന്ന പരാതിയില്‍ അയാള്‍ ദൈവത്തോട് പിണങ്ങി. സമ്മാനപൊതിയില്‍ വരുന്നവ മാത്രല്ല സമ്മാനങ്ങള്‍. എന്നും ഒപ്പമുള്ളമുളളവര്‍ നല്‍കുന്ന കണ്ണഞ്ചിപ്പിക്കാത്ത സമ്മാനങ്ങളുണ്ട്. അവയക്ക് ആകര്‍ഷണീയമായ പുറംചട്ടയുണ്ടാകണമെന്നില്ല. അത് നാലാളുടെ മുമ്പിലാകണമെന്നില്ല. പ്രത്യേക വേദിയോ വിശിഷ്ടാതിഥിതികളോ കൈമാറണമെന്നില്ല. അവ നമുക്ക് തിരിച്ചറിയപ്പെടാത്ത രൂപങ്ങളില്‍ ആയിരിക്കും പ്രത്യക്ഷപ്പെടുക. ചിലപ്പോള്‍ അതൊരു ആശ്വാസവാക്കാകാം, അല്ലെങ്കില്‍ ശാസനയാകാം, അതുമല്ലെങ്കില്‍ ഒരു പരസഹായമാകാം. ഇവയുടെ വില തിരിച്ചറിയുന്നവര്‍ക്ക് മാത്രമേ ഒരോ നിമിഷങ്ങളേയും ആസ്വദിക്കാനാകൂ. ഓരോ പ്രഭാതവും ഓരോ ഹൃദയമിടിപ്പും, ഓരോ സൗഹൃദവും സമ്മാനമാണ്.. സഹജീവികളെല്ലാം സമ്മാനമാണ്.. എല്ലാവരും എല്ലാവര്‍ക്കും വേണ്ടതുകൊണ്ടാണ് വിവിധങ്ങളായ ജീവികള്‍ ഉണ്ടായത്. ഒന്നിനും തനിച്ച് നിലനില്‍പില്ല. അതിവിശിഷ്ടമായതെങ്കിലും ചെയ്യുന്നത് മാത്രല്ല സമ്മാനം, നമ്മെ ആരും ശ്രദ്ധിക്കാത്ത അപ്രധാന നിമിഷങ്ങളില്‍ ധൈര്യവും സ്‌നേഹവും നല്‍കുന്നതും സമ്മാനമാണ്. അവരെ വേണം നമ്മള്‍ ഹൃദയത്തോട് ചേര്‍ക്കാന്‍. ജീവിതത്തില്‍ ചിലര്‍ സമ്മാനങ്ങള്‍ നല്‍കും.. ചിലര്‍ സമ്മാനമായി മാറും.. നമുക്കും ചുറ്റുമുളള ചിലരുടെയെങ്കിലും സമ്മാനമായി മാറാം – ശുഭദിനം.