ദുഷ്ട മനസുള്ളവര്‍ ലൈഫ് പദ്ധതിയെ തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര അന്വേഷണ ഏജന്‍സികളേയും ദുഷ്ട മനസുകള്‍ക്ക് സ്വാധീനിക്കാന്‍ പറ്റുന്നവരായി. അന്വേഷണത്തിനായി കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ വട്ടമിട്ടു പറന്നു. എന്നാല്‍ പദ്ധതിയുമായി നമ്മള്‍ മുന്നോട്ടു പോയെന്നും വലിയ കോപ്പുമായി ഇറങ്ങിയവര്‍ ഒന്നും ചെയ്യാനാകാതെ ജാള്യതയോടെ നില്‍ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി വസ്തുതയാണെന്നു പറഞ്ഞ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ കേരളം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ സംസ്ഥാനങ്ങളെ കേന്ദ്രം സാമ്പത്തികമായി ഞെരുക്കുകയാണെന്ന് വിമര്‍ശിച്ചു. അതേസമയം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സര്‍ക്കാരിനെ അപമാനിക്കുന്ന തരത്തില്‍ എല്ലാ ദിവസവും സംസാരിക്കുകയാണെന്നും പല ആരോപണങ്ങളിലും വസ്തുത ഇല്ല എന്ന് തെളിഞ്ഞതാണെന്നും പറഞ്ഞ ധനമന്ത്രി പ്രതിപക്ഷ നേതാവ് വസ്തുതപരമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു.
കേരളത്തില്‍ ധനകാര്യ മിസ് മാനേജ്മെന്റാണെന്നും ഇതെല്ലാം മറച്ചുവയ്ക്കാനാണ് പിണറായി കോഴിക്കോട് പലസ്തീന്‍ സമ്മേളനം നടത്തിയതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പലസ്തീന്‍ പുഴുങ്ങി ഉരുട്ടി കഴിക്കാന്‍ പറ്റുമോയെന്നും ഹമാസ് ഉരുട്ടി വിഴുങ്ങാന്‍ പറ്റുമോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.
കേന്ദ്രഭരണം കൈയിലിരിക്കുമ്പോള്‍ത്തന്നെ കേരളവും തൃശ്ശൂരും തരണമെന്ന് നടനും ബി.ജെ.പി. നേതാവുമായ സുരേഷ് ഗോപി. അഞ്ചു വര്‍ഷത്തേക്ക് തൃശ്ശൂര്‍ മാത്രം തന്നാല്‍ പോര, കേരളംകൂടി തരണമെന്ന് പറഞ്ഞ സുരേഷ് ഗോപി അഞ്ചുവര്‍ഷംകൊണ്ട് പറ്റുന്നില്ലെങ്കില്‍
അടിയും തന്ന് പറഞ്ഞുവിട്ടോളൂ എന്നും പറഞ്ഞു.
നെഗറ്റീവ് എനര്‍ജി പുറന്തള്ളാന്‍ തൃശൂര്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസില്‍ പ്രാര്‍ഥന നടത്തിയെന്ന ആരോപണത്തില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്.. ആരോപണം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പിതാവിന്റെ ആഗ്രഹം പോലെ മരിക്കുമ്പോള്‍ കോണ്‍ഗ്രസ് പതാക പുതപ്പിച്ച് കിടക്കണം എന്നാണ് തന്റെയും ആഗ്രഹമെന്ന് ആര്യാടന്‍ ഷൗക്കത്ത്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി പലസ്തീന്‍ വിഷയത്തെ ഉപയോഗപ്പെടുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊല്ലം റെയില്‍വേ സ്റ്റേഷനിലെ റിസര്‍വേഷന്‍ കൗണ്ടര്‍ നിര്‍ത്തലാക്കി. ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിന് ഭാഗമായാണ് റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടര്‍ നിര്‍ത്തലാക്കിയത്. പൂട്ടിയ റിസര്‍വേഷന്‍ കൗണ്ടറിന് മുന്നില്‍ റീത്ത് വെച്ചാണ് യാത്രക്കാര്‍ പ്രതിഷേധമറിയിച്ചത്.
മീനടം പുതുവലില്‍ ബിനുവും ഒമ്പതു വയസുകാരന്‍ മകനും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ബിനു ഭാര്യയ്ക്ക് എഴുതിയ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തു. രാവിലെ നടക്കാന്‍ ഇറങ്ങിയ ഇരുവരുടെയും മൃതദേഹം സമീപമുള്ള ആളൊഴിഞ്ഞ വീട്ടിലെ വിറകുപുരയിലാണ് കണ്ടെത്തിയത്.
വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ യുവാവ് കോട്ടയം മുള്ളങ്കുഴി എലിപ്പുലിക്കാട്ട് കടവില്‍ മീനന്തറയാറ്റില്‍ മുങ്ങി മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശിയായ ജോയല്‍ ആണ് മരിച്ചത്.
ഇടുക്കി ആനയിറങ്കല്‍ ഡാമില്‍ വള്ളം മറിഞ്ഞ് 301 കോളനിയിലെ താമസക്കാരായ ഗോപി നാഗന്‍ (50), സജീവന്‍ (45) എന്നിവരെ കാണാതായി. ഇവരെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണ്.
കര്‍ണാടക ഉഡുപ്പിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മാസ്‌ക് ധരിച്ചെത്തിയ വ്യക്തിയുടെ കുത്തേറ്റ് മരിച്ചനിലയില്‍. ഹസീന (46), മക്കളായ അഫ്‌സാന്‍(23), അസീം(14), അയനാസ്(20) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇത്തവണത്തേയും ദീപാവലി ആഘോഷം സൈനികരോടൊപ്പം. ഇത്തവണ ഹിമാചല്‍ പ്രദേശിലെ ഇന്ത്യ-ചൈന അതിര്‍ത്തി ഗ്രാമമായ ലാപ്ച്ചയിലെ സൈനികരോടൊപ്പമാണ് പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചത്. ദീപാവലി ആഘോഷിക്കുന്ന രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രധാനമന്ത്രി ആശംസ അറിയിച്ചു.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ നല്ല നടനാണെന്ന് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ്. കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കപ്പെടുന്ന ചൗഹാന്‍ തൊഴില്‍രഹിതനാവില്ലെന്നും അദ്ദേഹത്തിന് മുംബൈയില്‍ പോയി സിനിമകളില്‍ അഭിനയിക്കാമെന്നും മധ്യപ്രദേശിന് അഭിമാനംകൊണ്ടുവരാമെന്നും കമല്‍നാഥ് പരിഹസിച്ചു.
ഉത്തരാഖണ്ഡില്‍ നിര്‍മാണത്തിലിരുന്ന നാലര കിലോമീറ്റര്‍ നീളമുള്ള ടണലിന്റെ ഒരുഭാഗം ഇടിഞ്ഞു വീണ് 36 തൊഴിലാളികള്‍ കുടുങ്ങി. ഉത്തരകാശിയിലാണ് സംഭവം. ഇവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ഇന്ത്യക്കെതിരെ വീണ്ടും കാനഡ. ഖലിസ്ഥാന്‍ വാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കുറ്റപ്പെടുത്തി. നിജ്ജറിന്റെ മരണത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്നാണ് കാനഡയുടെ ആരോപണം. വലിയ രാജ്യങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്നത് അപകടകരമെന്നും ജസ്റ്റിന്‍ ട്രൂഡോ കുറ്റപ്പെടുത്തി.
ബാംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്ത്യയുടെ ദീപാവലി വെടിക്കെട്ട്. ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ നെതര്‍ലണ്ട്സിനെതിരായ മത്സരത്തില്‍ ഇന്ത്യക്ക കൂറ്റന്‍ സ്‌കോര്‍. രണ്ട് സെഞ്ച്വറിയും മൂന്ന് അര്‍ദ്ധ സെഞ്ച്വറിയും ഇന്ത്യക്കായി പിറന്ന മത്സരത്തില്‍ നെതര്‍ലണ്ട്സിന് 411 റണ്‍സ് വിജയലക്ഷ്യം. രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും വിരാട് അര്‍ദ്ധ സെഞ്ച്വറിയടിച്ച പ്പോള്‍ ശ്രേയസ് അയ്യരും കെ.എല്‍ രാഹുലും സെഞ്ച്വറിയടിച്ചു.രാഹുല്‍ 64 പന്തില്‍ 102 റണ്‍സെടുത്തപ്പോള്‍ 94 പന്തില്‍ നിന്ന് 128 റണ്‍സെടുത്ത ശ്രേയസ് അയ്യര്‍ പുറത്താകാതെ നിന്നു.