◾ഡല്‍ഹി ഓര്‍ഡിനന്‍സും പ്രതിപക്ഷ ഐക്യത്തിന് വഴിയൊരുക്കുന്നു. ഡല്‍ഹി സര്‍ക്കാരിന്റെ അധികാരം കവരുന്ന ബില്‍ രാജ്യസഭയില്‍ പാസാകാതിരിക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പ്രതിപക്ഷ പിന്തുണതേടി. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ഇന്നലെ കൂടികാഴ്ച നടത്തി. നാളെ മമത ബാനര്‍ജിയെ കാണും. ഡല്‍ഹി സംസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ നിയമന, സ്ഥലംമാറ്റ അധികാരം ഡല്‍ഹി സര്‍ക്കാരിനാണെന്ന സുപ്രീം കോടതി വിധി അട്ടിമറിച്ചുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്. കോടതി വിധിക്കെതിരേ കേന്ദ്ര സര്‍ക്കാരും ഓര്‍ഡിനന്‍സിനെതിരേ ഡല്‍ഹി സര്‍ക്കാരും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
◾ഈ മാസം 28 ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പുതിയ പാര്‍ലമെന്റ് മന്ദിരം ഗുസ്തി താരങ്ങളും ഹരിയാനയിലെ സ്ത്രീകളും വളയും. ലൈംഗിക അതിക്രമ കേസിലെ പ്രതിയായ ബിജെപി നേതാവും എംപിയുമായ ബ്രിജ്ഭൂഷണെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. പുതിയ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ ‘ മഹിളാ പഞ്ചായത്ത്’ നടത്താന്‍ ഹരിയാനയിലെ 24 ഗ്രാമങ്ങളുടെ കൂട്ടായ്മയാണു തീരുമാനിച്ചത്.
◾സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച ഉന്നത തല യോഗം ചേരുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. വൈദ്യുതി വാങ്ങുന്നതിനുള്ള നാലു കരാറുകള്‍ റെഗുലേറ്ററി കമ്മീഷന്‍ റദ്ദാക്കിയതോടെ സംസ്ഥാനം കടുത്ത വൈദ്യുത പ്രതിസന്ധിയിലാണ്.
◾നഗരത്തില്‍ മാലിന്യം വലിച്ചെറിയുന്നവരുടെ ഫോട്ടോ വെബ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കുന്നതിനു തടസമില്ലെന്ന് നിയമമന്ത്രി പി. രാജീവ്. കേസ് രജിസ്റ്റര്‍ ചെയ്താല്‍തന്നെ വിവരങ്ങള്‍ പൊതുവിടങ്ങളില്‍ ലഭ്യമാകുമെന്നും മന്ത്രി. മാലിന്യനിയന്ത്രണത്തിന് ഇത്തരം കടുത്ത നടപടികള്‍ വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
◾2000 രൂപയുടെ നോട്ട് മാറിയെടുക്കാന്‍ പ്രത്യേകം ഫോം വേണ്ടെന്ന് എസ്ബിഐ. 20,000 രൂപവരെ ഒറ്റത്തവണ മാറിയെടുക്കാന്‍ തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിക്കേണ്ടതില്ലെന്നും എസ്ബിഐ വ്യക്തമാക്കി.
◾കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ എസ്എഫ്ഐ നടത്തിയ യുയുസി ആള്‍മാറാട്ടത്തിനു പ്രിന്‍സിപ്പല്‍ ജി.ജെ ഷൈജു, വിദ്യാര്‍ത്ഥി വിശാഖ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആള്‍മാറാട്ടം, വ്യാജ രേഖ ചമക്കല്‍, വിശ്വാസ വഞ്ചന എന്നിവയ്ക്കാണ് കാട്ടാക്കട പൊലീസ് കേസെടുത്തത്. സര്‍വ്വകലാശാല നല്‍കിയ പരാതിയിന്മേലാണ് നടപടി.
◾രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ തിരുവനന്തപുരത്തെത്തി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മന്ത്രി ആന്റണി രാജുവും അടക്കമുള്ളവര്‍ ചേര്‍ന്ന് ഉപരാഷ്ട്രപതിയെ സ്വീകരിച്ചു. ശ്രീപത്നാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷം അദ്ദേഹം രാജ്ഭവനിലേക്കു പോയി. അത്താഴവും താമസവും അവിടെത്തന്നെയാണ്. രാവിലെ പത്തരയ്ക്കു നിയമസഭാ മന്ദിരത്തിന്റെ രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തശേഷം ഉച്ചയ്ക്കു തലശേരിയിലേക്കു പോകും.
◾സംസ്ഥാനത്തു മൂന്നു ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കു സാധ്യത. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണു മഴയ്ക്കു സാധ്യത.
◾കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ എസ്എഫ്ഐ നടത്തിയ യുയുസി ആള്‍മാറാട്ടത്തെക്കുറിച്ചു സിപിഎം അന്വേഷണം. ഡികെ മുരളി, പുഷ്പലത എന്നിവരെ അന്വേഷണ കമ്മീഷനായി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് നിയോഗിച്ചു. തട്ടിപ്പില്‍ പങ്കില്ലെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സിപിഎം എംഎല്‍എമാരായ ഐബി സതീഷും ജി സ്റ്റീഫനും സിപിഎം ജില്ലാ കമ്മിറ്റിക്കു കത്തു നല്‍കിയിരുന്നു.
◾
◾കണമലയില്‍ രണ്ടുപേരെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവച്ചു കൊല്ലണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവു നടപ്പാക്കണമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി എംപി. ഇതില്‍ വനംവകുപ്പിനും പോലീസിനും ആശയക്കുഴപ്പം ഉണ്ടായതു ശരിയല്ല. ദുരന്തനിവാരണ നിയമമനുസരിച്ച് റവന്യൂ ഭൂമിയിലെ അധികാരം കളക്ടര്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു.
◾താമരശേരി ചുരത്തിലുണ്ടായ വാഹനാപകടത്തില്‍ യുവതി മരിച്ചു. കൊടുവള്ളി പാലക്കുറ്റി സ്വദേശി ഹനീഫയുടെ ഭാര്യ സക്കീന ബാനു (25) ആണു മരിച്ചത്. ഭര്‍ത്താവ് ഹനീഫയ്ക്കും രണ്ടു മക്കള്‍ക്കും പരിക്കുണ്ട്.
◾ആറ്റിങ്ങലില്‍ 14 വയസുള്ള വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ നഴ്സായ ചിറയിന്‍കീഴ് കൂട്ടുംവാതുക്കല്‍ അയന്തിയില്‍ ശരത്തിനെ ആറ്റിങ്ങല്‍ പെലീസ് പിടികൂടി.
◾ഈ മാസം 28 ന് ഉദ്ഘാടനം ചെയ്യാനിരിക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദിയല്ല, രാഷ്ട്രപതിയാണ് ഉദ്ഘാടനം ചെയ്യേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി.
◾മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുക്കവുമായി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ ബുധനാഴ്ച മധ്യപ്രദേശിലെ നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. കമല്‍നാഥ് അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും. രാഹുലിന്റെ സംസ്ഥാന പര്യടന പരിപാടികള്‍ യോഗത്തില്‍ നിശ്ചയിക്കും. പ്രിയങ്ക ഗാന്ധിയുടെ റാലി ജൂണ്‍ 12 ന് ജബല്‍ പൂരില്‍ നടക്കും.
◾ബംഗളൂരു നഗരത്തില്‍ കനത്ത മഴയും ആലിപ്പഴം വര്‍ഷവും. വെള്ളക്കെട്ടില്‍ കാര്‍ മുങ്ങി ഐടി ജീവനക്കാരി ആന്ധ്ര സ്വദേശിനി ഭാനുരേഖ (22) മരിച്ചു. മഴ തുടര്‍ച്ചയായി പെയ്തതോടെ പല പ്രദേശങ്ങളും വെള്ളത്തിനിടിയിലായി. പലയിടത്തും മരച്ചില്ലകള്‍ വീണ് ഗതാഗതം തടസപ്പെട്ടു.
◾ലൈംഗിക അതിക്രമ കേസില്‍ നുണ പരിശോധനയ്ക്കു തയാറാണെന്ന് ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍. പക്ഷേ, തന്നോടൊപ്പം പരാതിക്കാരായ വിനേഷ് ഫോഗട്ടും ബജ്രംഗ് പൂനിയയും നുണ പരിശോധനയ്ക്കു വിധേയമാകണമെന്ന് പ്രതിയായ ബ്രിജ്ഭൂഷണ്‍ ആവശ്യപ്പെട്ടു.
◾തന്റെ വാഹനം സുഗമമായി കടന്നു പോകാന്‍ മറ്റു വാഹനങ്ങള്‍ തടയരുതെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പോലീസിനു നിര്‍ദേശം നല്‍കി. മറ്റു വാഹനങ്ങള്‍ തടയുന്നതുമൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ബോധ്യപ്പെട്ടതിനാലാണ് നിര്‍ദേശമെന്നു സിദ്ധരാമയ്യ.
◾മുസ്ലിം യുവാവുമായി നിശ്ചയിച്ച മകളുടെ വിവാഹത്തിനെതിരേ പ്രതിഷേധം ഉയര്‍ന്നതോടെ ബിജെപി നേതാവ് വിവാഹം റദ്ദാക്കി. ഉത്തരാഖണ്ഡിലെ ബിജെപി നേതാവ് യശ്പാല്‍ ബേനമാണ് മകളുടെ വിവാഹം റദ്ദാക്കിയത്. വിശ്വ ഹിന്ദു പരിഷത്ത്, ഭൈരവ് സേന, ബജ്റംഗ് ദള്‍ തുടങ്ങിയവയാണ് വിവാഹത്തിനും ബിജെപി നേതാവിനുമെതിരെ രംഗത്തെത്തിയത്. നേതാവിന്റെ കോലം കത്തിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഇയാള്‍ വിവാഹം റദ്ദാക്കിയത്.
◾പസഫിക് ദ്വീപ് രാജ്യമായ പാപുവ ന്യൂഗിനിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാല്‍തൊട്ടു വന്ദിച്ചും ആശ്ലേഷിച്ചും സ്വീകരിച്ച് പ്രധാനമന്ത്രി ജയിംസ് മറാപ്പെ. ഫോറം ഫോര്‍ ഇന്ത്യ പസഫിക് ഐലന്‍ഡ്സ് കോര്‍പറേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് മോദി ഇവിടെ എത്തിയത്.
◾അമിത വേഗത്തില്‍ കാറോടിച്ചതിനുള്ള പിഴശിക്ഷയില്‍നിന്നു തലയൂരാന്‍ കൃത്രിമം കാണിച്ചതിനു യുകെ ഹോം സെക്രട്ടറി സുവെല്ലാ ബ്രാവര്‍മാന്‍ കുരുക്കിലായി. പിഴ ഒഴിവാക്കാന്‍ ഉദ്യോഗസ്ഥരോടു സമ്മര്‍ദം ചെലുത്തിയ ഹോം സെക്രട്ടറി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
◾മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലിലെ പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീമായി. ഇന്നലെ നടന്ന ആവേശം നിറഞ്ഞ മത്സരങ്ങളില്‍ മുംബൈ ഇന്ത്യന്‍സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനേയും ഗുജറാത്ത് ടൈറ്റന്‍സ് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനേയും തോല്‍പിച്ചതോടെയാണ് മുംബൈ ഇന്ത്യന്‍സിന് പ്ലേ ഓഫിലേക്കുള്ള വഴി തെളിഞ്ഞത്. നാളെ നടക്കുന്ന ആദ്യത്തെ പ്ലേഓഫില്‍ ഗുജറാത്ത് ടൈറ്റന്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്സുമായി ഏറ്റുമുട്ടും. ബുധനാഴ്ച നടക്കുന്ന രണ്ടാമത്തെ പ്ലേ ഓഫില്‍ മുംബൈ ഇന്ത്യന്‍സ് ലഖ്നൗ സൂപ്പര്‍ ജയന്റസുമായി ഏറ്റുമുട്ടും. മെയ് 28, ഞായറാഴ്ചയാണ് ഫൈനല്‍.
◾ഐപിഎല്ലില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 8 വിക്കറ്റിനാണ് മുംബൈ ഇന്ത്യന്‍സ് തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത സണ്‍ റൈസേഴ്സ് ഹൈദരാബാദ് മായങ്ക് അഗര്‍വാളിന്റേയും വിവ്രാന്ത് ശര്‍മയുടേയും അര്‍ദ്ധസെഞ്ച്വറികളുടെ കരുത്തില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് നേടി. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ രണ്ട് ഓവര്‍ ശേഷിക്കേ വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. 47 പന്തില്‍ 100 റണ്‍സെടുത്ത കാമറൂണ്‍ ഗ്രീനാണ് മുംബൈയുടെ വിജയശില്പി. 56 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഗ്രീനിന് മികച്ച പിന്തുണനല്‍കി.
◾ഐപിഎല്ലില്‍ ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ ആറ് വിക്കറ്റിനാണ് ഗുജറാത്ത് ടൈറ്റന്‍സ് കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ വിരാട് കോലിയുടെ 101 റണ്‍സിന്റെ പിന്‍ ബലത്തില്‍ 5 വിക്കറ്റ് നഷ്ടത്തിന് 197 റണ്‍സ് നേടി. 198 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഗുജറാത്ത് അഞ്ച് ബോളുകള്‍ ശേഷിക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 52 ബോളില്‍ 104 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലിന്റെ പ്രകടനമാണ് ബാംഗ്ലൂരിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ തകര്‍ത്ത് മുംബൈക്ക് വിജയം സമ്മാനിച്ചത്.
◾ഇന്ത്യയുടെ ഇ-കൊമേഴ്‌സ് വിപണിയുടെ മൊത്തം വില്‍പനമൂല്യം കഴിഞ്ഞ സാമ്പത്തികവര്‍ഷം 6,000 കോടി ഡോളര്‍ (ഏകദേശം 4.92 ലക്ഷം കോടി രൂപ) കടന്നുവെന്ന് റെഡ്‌സീര്‍ റിസര്‍ച്ച് ആന്‍ഡ് അനാലിസിസിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കി. 2021-22ലെ 4,900 കോടി ഡോളറിനേക്കാള്‍ (4.01 ലക്ഷം കോടി രൂപ) 22.5 ശതമാനമാണ് വളര്‍ച്ച. സ്മാര്‍ട്ട്‌ഫോണുകളുടെയും ഇന്റര്‍നെറ്റിന്റെയും വ്യാപനം, ഇ-കൊമേഴ്‌സ് മേഖലയിലേക്ക് കൂടുതല്‍ കമ്പനികളുടെ കടന്നുവരവ്, നിലവാരവും മുന്‍ ഉപഭോക്താക്കളുടെ അഭിപ്രായങ്ങളും വിലയിരുത്തി ഉത്പന്നങ്ങള്‍ കണ്ടെത്താമെന്ന ഗുണം, സുഗമമായ ഉത്പന്ന തിരഞ്ഞെടുപ്പ് എന്നിങ്ങനെ നിരവധി സൗകര്യങ്ങളാണ് ഇ-കൊമേഴ്‌സ് വിപണിയുടെ അതിവേഗ വളര്‍ച്ചയ്ക്ക് സഹായകമാകുന്നത്. അതേസമയം, ഇ-കൊമേഴ്‌സ് വിപണിയുടെ വാര്‍ഷിക വളര്‍ച്ചാനിരക്ക് കുറയുകയാണ്. കൊവിഡ് ലോക്ക്ഡൗണില്‍ ഇ-ഷോപ്പിംഗിലെ വളര്‍ച്ച 140 ശതമാനത്തോളമായിരുന്നു. 2019-20ലെ വില്‍പന മൂല്യം മുന്‍വര്‍ഷത്തേക്കാള്‍ 13.6 ശതമാനം വളര്‍ച്ചയോടെ 2,500 കോടി ഡോളറായിരുന്നു (2.05 ലക്ഷം കോടി രൂപ). കൊവിഡാനന്തരം ഇത് 2020-21ല്‍ 44 ശതമാനം വര്‍ദ്ധിച്ച് 3,600 കോടി ഡോളറായി (2.95 ലക്ഷം കോടി രൂപ). 2021-22ലാകട്ടെ വളര്‍ച്ചാനിരക്ക് 36.1 ശതമാനമായി കുറഞ്ഞു; മൂല്യം 4,900 കോടി ഡോളറിലുമെത്തി. അതേസമയം, 2019-20ലെ മൂല്യത്തേക്കാള്‍ ഇരട്ടിയിലധികമാണ് നിലവിലേതെന്ന പ്രത്യേകതയുമുണ്ട്.
◾മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കൊരു സര്‍പ്രൈസുമായി ‘മലൈക്കോട്ടൈ വാലിബന്‍’ ടീം. സിനിമയില്‍ നിന്നുള്ള മോഹന്‍ലാലിന്റെ ചെറിയൊരു ടീസര്‍ ആണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. വാലിബന്‍ ലുക്കില്‍ വടവുമായി മുന്നേറുന്ന മോഹന്‍ലാലിനെ ടീസറില്‍ കാണാം. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. അടുത്തിടെ ആണ് വാലിബന്റെ രാജസ്ഥാന്‍ ഷെഡ്യൂള്‍ അവസാനിച്ചത്. നിലവില്‍ ചെന്നൈയില്‍ ആണ് ചിത്രീകരണം ചിത്രീകരണം പുരോഗമിക്കുന്നത്. ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന സിനിമ എന്ന പ്രത്യേകതയും വാലിബനുണ്ട്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, മണികണ്ഠന്‍ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വര്‍മ തുടങ്ങിയവര്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും നിര്‍മാണ പങ്കാളികളാണ്.
.◾മെയ് 5 ന് തിയറ്ററുകളിലെത്തിയ ‘2018’ ചിത്രത്തിന് മൂന്നാം വാരത്തിലും മികച്ച തിയറ്റര്‍ കൗണ്ട് ആണ്. കേരളത്തില്‍ മാത്രമല്ല യുകെ പോലെയുള്ള വിദേശ മാര്‍ക്കറ്റുകളിലും ചിത്രം മികച്ച പ്രദര്‍ശനവിജയമാണ് നേടുന്നത്. കേരളത്തിലെ തിയറ്ററുകാരെ സംബന്ധിച്ചിടത്തോളം വന്‍ തിരിച്ചുവരവാണ് ചിത്രം നല്‍കിയിരിക്കുന്നത്. ഇപ്പോഴിതാ കേരളത്തിലെ പ്രധാന തിയറ്ററുകളില്‍ ഒന്നായ തിരുവനന്തപുരത്തെ ഏരീസ് പ്ലെക്സ് എസ്എല്‍ സിനിമാസില്‍ ചിത്രം ഇതുവരെ നേടിയ കളക്ഷന്‍ പുറത്തെത്തിയിരിക്കുകയാണ്. 161 ഷോകളിലായി 52,838 ടിക്കറ്റുകളാണ് 2018 ന്റേതായി ഏരീസ് പ്ലെക്സില്‍ മാത്രം ഇതിനകം വിറ്റഴിക്കപ്പെട്ടത്. ഇതില്‍ നിന്ന് ലഭിച്ചിരിക്കുന്നത് ഒരു കോടിയിലേറെയാണ്. ഈ വര്‍ഷത്തെ മറ്റൊരു വിജയചിത്രമായ രോമാഞ്ചവും ഏരീസില്‍ നിന്ന് ഒരു കോടിയിലേറെ നേടിയിരുന്നു. കേരളം നേരിട്ട പ്രളയം പശ്ചാത്തലമാക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജൂഡ് ആന്തണി ജോസഫ് ആണ്. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, നരെയ്ന്‍, ലാല്‍, വിനീത് ശ്രീനിവാസന്‍, സുധീഷ്, അജു വര്‍ഗീസ്, അപര്‍ണ ബാലമുരളി, തന്‍വി റാം, ശിവദ, ഗൗതമി നായര്‍, സിദ്ദിഖ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.
◾പിറന്നാള്‍ ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാലിന് കിയ ഇലക്ട്രിക് കാര്‍ സമ്മാനിച്ച് സുഹൃത്തും ഹെഡ്ജ് ഇക്യുറ്റീസ് മാനേജിങ് ഡയറക്റ്ററും ചെയര്‍മാനുമായ അലക്സ് കെ. ബാബു. മോഹന്‍ലാലിന്റെ ചെന്നൈ വീട്ടില്‍ വച്ചാണ് ഭാര്യ സുചിത്രയുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ കിയ ഇവി 6 സമ്മാനിച്ചത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ വിപണിയിലെത്തിയ കിയ ഇന്ത്യയുടെ ആദ്യ വൈദ്യുത വാഹനമാണ് ഇവി 6. രണ്ടു മോഡലുകളിലായി ലഭിക്കുന്ന വാഹനത്തിന്റെ റിയര്‍വീല്‍ ഡ്രൈവ് മോഡലിന് 60.95 ലക്ഷം രൂപയും ഓള്‍വീല്‍ ഡ്രൈവ് മോഡലിന് 65.95 ലക്ഷം രൂപയുമാണ് വില. ഇന്ത്യന്‍ വിപണിയില്‍ 77.4 കിലോവാട്ട് മോഡല്‍ മാത്രമേ കിയ പുറത്തിറക്കിയിട്ടുള്ളു. സിംഗിള്‍ മോട്ടര്‍ മുന്‍വീല്‍ ഡ്രൈവ് മോഡലിന് 229 എച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കുമുണ്ട്. ഡ്യുവല്‍ മോട്ടറുള്ള ഓള്‍ വീല്‍ ഡ്രൈവ് മോഡലിന് 325 എച്ച്പിയാണ് കരുത്ത്. ടോര്‍ക്ക് 605 എന്‍എമ്മും. ഒറ്റ ചാര്‍ജില്‍ 708 കിലോമീറ്റര്‍ വാഹനം സഞ്ചരിക്കും എന്നാണ് കിയ അറിയിക്കുന്നത്. 350 കിലോവാട്ട് ഡിസി ചാര്‍ജര്‍ ഘടിപ്പിച്ചാല്‍ 10 ല്‍ നിന്ന് 80 ശതമാനം ചാര്‍ജിലേക്ക് എത്താന്‍ വാഹനത്തിന് വെറും 18 മിനിറ്റ് മതി. 50 കിലോവാട്ട് ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ അത്രയും ചാര്‍ജു ചെയ്യാന്‍ 73 മിനിറ്റുവേണം.
◾കുട്ടിക്കാലം മുതല്‍ ഞാന്‍ ചെറിയവരും വലിയവരും പാവപ്പെട്ടവരും പണക്കാരും പ്രശസ്തരും അപ്രശസ്തരുമായ പലതരം ആളുകളുമായി ഇടപഴകിയിട്ടുണ്ട്. അവരില്‍ ചിലരെല്ലാം ഓര്‍മ്മയിലുണ്ട്, പലരും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നില്ല. പക്ഷേ ഗുരുദത്തിനെ എനിക്കൊരിക്കലും മറക്കാന്‍ കഴിയില്ല. -ബിമല്‍ മിത്ര. ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച ചലച്ചിത്രകാരനായ ഗുരുദത്തിന്റെ ജീവിതകഥ. സംവിധായകന്‍, നിര്‍മ്മാതാവ്, നടന്‍, എഴുത്തുകാരന്‍, ഛായാഗ്രാഹകന്‍ എന്നിങ്ങനെ സിനിമയില്‍ പലവിധ രംഗങ്ങളില്‍ പ്രവര്‍ത്തിച്ച ഗുരുദത്തിന്റെ സംഭവബഹുലമായ ജീവിതം. ‘ഗുരുദത്ത്: സ്വപ്നാടനവും ദുരന്തവും’. വേണി വി ദേശം. മാതൃഭൂമി. വില 127 രൂപ.
◾നമ്മുടെ ഭക്ഷണക്രമവും പ്രമേഹവും തമ്മില്‍ അടുത്ത ബന്ധമാണ് ഉള്ളത്. ഫൈബറും ഹോള്‍ ഗ്രെയ്‌നുകളും പഴങ്ങളും പച്ചക്കറികളും അടങ്ങിയ ആരോഗ്യകരവും സന്തുലിതവുമായ ഭക്ഷണക്രമം രക്തത്തിലെ പഞ്ചസാരയുടെ തോതിനെ നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കുന്നു. വളരെ പതിയെ ദഹിക്കുകയും രക്തപ്രവാഹത്തിലേക്ക് പതിയെ ഗ്ലൂക്കോസ് എത്തിക്കുകയും ചെയ്യുന്ന ഭക്ഷണങ്ങളാണ് പ്രമേഹരോഗികള്‍ക്ക് മികച്ചത്. നേരെ മറിച്ച് വളരെ പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയര്‍ത്തുന്ന റിഫൈന്‍ഡ് കാര്‍ബോഹൈഡ്രേറ്റും സാച്ചുറേറ്റഡ് കൊഴുപ്പും അധികമുള്ള ഭക്ഷണം ഒഴിവാക്കുകയും വേണം. പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാവുന്ന ഉത്തമമായ പഴമാണ് പപ്പായ. പപ്പായയുടെ ഗുണങ്ങള്‍ ഇനി പറയുന്നവയാണ്. ഗ്ലൈസിമിക് സൂചിക കുറഞ്ഞതിനാല്‍ പപ്പായ രക്തത്തിലെ പഞ്ചസാരയുടെ തോത് പെട്ടെന്ന് ഉയര്‍ത്തില്ല. പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പെയ്ന്‍, കൈമോപപ്പെയ്ന്‍ എന്നീ എന്‍സൈമുകള്‍ കാര്‍ബോഹൈഡ്രേറ്റും പ്രോട്ടീനും കൊഴുപ്പുമെല്ലാം എളുപ്പം ദഹിക്കുന്ന രൂപത്തിലാക്കി മാറ്റും. പഞ്ചസാരയുടെ തോത് പെട്ടെന്ന് ഉയരാതിരിക്കാന്‍ ഇത് കാരണമാകും. പപ്പായയില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ രക്തപ്രവാഹത്തിലേക്ക് പഞ്ചസാര ആഗീരണം ചെയ്യപ്പെടുന്ന പ്രക്രിയയെ മന്ദഗതിയിലാക്കുന്നു. വയറിന്റെ ആരോഗ്യത്തെ സഹായിക്കുന്ന പപ്പായ മലബന്ധത്തിനും പരിഹാരമാണ്. ഇതും പ്രമേഹ രോഗികളെ സംബന്ധിച്ച് പ്രധാനമാണ്. വൈറ്റമിന്‍ സി, വൈറ്റമിന്‍ എ, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയ പപ്പായ പ്രമേഹവുമായി ബന്ധപ്പെട്ട രോഗസങ്കീര്‍ണതകളായ ഹൃദ്രോഗം, കാഴ്ച പ്രശ്‌നം, വൃക്ക നാശം എന്നിവയുടെ സാധ്യതയും കുറയ്ക്കുന്നു. പഴമായി തന്നെ പപ്പായി കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. ജ്യൂസോ സ്മൂത്തിയോ ആക്കിയാല്‍ ഇതില്‍ അധിക പഞ്ചസാര ചേരാന്‍ സാധ്യതയുണ്ട്.
*ശുഭദിനം*
*കവിത കണ്ണന്‍*
അവന്റെ ഏറ്റവും വലിയ ആഗ്രഹം ഒരു പര്‍വതാരോഹകന്‍ ആകണം എന്നതായിരുന്നു. അതിനുള്ള പരിശീലനങ്ങള്‍ അവന്‍ ചെറുപ്പം മുതലേ ആരംഭിച്ചു. ഒരിക്കല്‍ അവന്‍ അല്പം വലിയൊരു പര്‍വതത്തില്‍ കയറാന്‍ ഒരുങ്ങുകയാണ്. പരിശീലകന്‍ കൂടെയുണ്ട്. അപ്പോഴാണ് കുറച്ചകലെ ഒരു അപ്പൂപ്പനെ കണ്ടത്. പരിശീലകന്‍ പറഞ്ഞു: അത് പ്രശസ്തനായ ഒരു പര്‍വതാരോഹകന്‍ ആണ്. അദ്ദേഹത്തെ കണ്ട് ഉപദേശങ്ങള്‍ വാങ്ങുന്നത് നിനക്ക് ഗുണം ചെയ്യും. അവന്‍ ആ അപ്പൂപ്പന്റെ അടുത്തെത്തി. എന്നിട്ട് ചോദിച്ചു : മല കയറുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്. അപ്പൂപ്പന്‍ പറഞ്ഞു : കയറുമ്പോള്‍ ഒന്നും ശ്രദ്ധിക്കേണ്ട. ഇറങ്ങുമ്പോഴാണ് ശ്രദ്ധിക്കേണ്ടത്. അവന്‍ തിരികെ പരിശീലകന്റെ അടുത്തെത്തി കാര്യമെല്ലാം പറഞ്ഞു. ഒപ്പം ഇതും കൂടി കൂട്ടിച്ചേര്‍ത്തു: അദ്ദേഹത്തെ കണ്ടിട്ട് ഒരു ഗുണവും ഉണ്ടായില്ല. പരിശീലകന്‍ പുഞ്ചിരിച്ചു. അദ്ദേഹം പറഞ്ഞു : എത്ര വലിയ സത്യമാണ് അദ്ദേഹം പറഞ്ഞത്. മല കയറുമ്പോള്‍ മുകളിലെത്തുക എന്ന ലക്ഷ്യമല്ലാതെ മറ്റൊന്നും നമ്മുടെ മനസ്സില്‍ ഉണ്ടാകില്ല. അതുകൊണ്ട് ശ്രദ്ധ പതറില്ല. എന്നാല്‍ വിജയിച്ചു കഴിഞ്ഞു ഇറങ്ങുമ്പോള്‍ അറിയാതെ ആ ഏകാഗ്രത നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. അപ്പോഴാണ് നമ്മള്‍ ഓരോ ചുവടിലും കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. വിജയത്തില്‍ എത്തുമ്പോഴല്ല ആ വിജയം നിലനിര്‍ത്താന്‍ ആണ് നമ്മള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത് – ശുഭദിനം.