◾തൂക്കിലേറ്റിയുള്ള വധശിക്ഷ ഒഴിവാക്കുന്നതു പരിശോധിക്കാന്‍ വിദഗ്ധ സമിതി പരിഗണനയിലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. വധശിക്ഷ നടപ്പാക്കുന്നതിന് ബദല്‍ മാര്‍ഗം ആരായണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയെ ഇക്കാര്യം അറിയിച്ചത്. ഹര്‍ജി സുപ്രീം കോടതി ജൂലൈയിലേക്കു മാറ്റി.
◾എഐ കാമറ ഇടപാടില്‍ ടെന്‍ഡര്‍ ഏറ്റെടുത്തത് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്റെ ഭാര്യാ പിതാവിന്റെ ബിനാമിയാണെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്. ബിസിനസുകാരനായ പ്രകാശ് ബാബുവിന്റെ ബിനാമിയാണ് കാമറ ടെന്‍ഡര്‍ ഏറ്റെടുത്ത പ്രസാദിയോ കമ്പനിയുടെ ഡയറക്ടര്‍ രാംജിത്. ബിനാമിയാണെന്ന് തെളിയിക്കാനുള്ള രേഖകള്‍ കേന്ദ്ര ഏജന്‍സികള്‍ക്കു നല്‍കും. ഇക്കാര്യം മനസിലാക്കിയിട്ടും പ്രതിപക്ഷം മറച്ചുവയ്ക്കുന്നതു പിണറായിയെ രക്ഷിക്കാനാണെന്നും ശോഭ സുരേന്ദ്രന് ആരോപിച്ചു.
◾
*ഉത്സവാഘോഷങ്ങള്‍ ഇനി പുളിമൂട്ടില്‍ സില്‍ക്സിന്റെ പുതിയ വലിയ ഷോറൂമില്‍ തന്നെ*
പുളിമൂട്ടില്‍ സില്‍ക്സിന്റെ തൃശൂരിലെ പുതിയ വലിയ ഷോറൂമില്‍ ഇപ്പോള്‍ ഡിസൈനര്‍ റണ്ണിംഗ് മെറ്റീരിയല്‍സിന്റെ വിപുലീകരിച്ച വമ്പന്‍ ശേഖരം. തൃശ്ശൂരില്‍ ആദ്യമായി ഡൈയ്യിംഗ് ഫാബ്രിക്സിനായി എക്സ്ക്ലൂസീവ് സെക്ഷന്‍. സില്‍ക്ക്, ഷിഫോണ്‍, കോട്ടണ്‍ മെറ്റീരിയലുകളില്‍ ഉള്ള റെഡിമെഡ് സല്‍വാറുകളുടെ വിപുലീകരിച്ച സെക്ഷന്‍. ബ്രൈഡല്‍ ലെഹംഗ, ഗൗണ്‍, എന്നിവയുടെ ഇന്നോളം കാണാത്ത വലിയ ശേഖരവും. സാരികള്‍ക്ക് മാത്രമായുള്ള അതിവിപുലമായ സാരി ഫ്ലോറില്‍ വെഡ്ഡിംഗ് സാരികള്‍ക്ക് മാത്രമായി തയ്യാറാക്കിയ ബ്രൈഡല്‍ ലൗഞ്ച്. ഡിസൈനര്‍, സില്‍ക്ക്, കോട്ടണ്‍, ജ്യൂട്ട്, ടസ്സര്‍ സാരികളുടെ വേറിട്ട ശേഖരം. പുരുഷന്മാര്ക്കുള്ള വിവാഹ തുണിത്തരങ്ങളുടെ പുതുക്കിയ വിപുലമായ കളക്ഷനോടൊപ്പം പ്രത്യേക ഗ്രൂം സ്റ്റുഡിയോയും ബ്രാന്‍ഡഡ് തുണിത്തരങ്ങളുടെ ഏറ്റവും വലിയ ശേഖരവും. കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ വസ്ത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും മായാ പ്രപഞ്ചം.
*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*
◾എ ഐ ക്യാമറ ഇടപാടില്‍ ധനവകുപ്പിന്റെ മാനദണ്ഡങ്ങള്‍ കെല്‍ട്രോണ്‍ ലംഘിച്ചോയെന്ന് ഗതാഗത വകുപ്പു കമ്മീഷണറോടു ഗതാഗത മന്ത്രി ആന്റണി രാജു വിശദീകരണം തേടി. ഉപകരാര്‍ നല്കിയപ്പോള് അഡ്മിനിസ്ട്രേറ്റീവ് വകുപ്പിന്റെ അനുമതിയും കെല്‍ട്രോണ്‍ വാങ്ങിയിരുന്നില്ല. കാമറയില്‍ കണ്ടെത്തിയ കുറ്റകൃത്യങ്ങള്‍ക്കു ബോധവത്ക്കരണ നോട്ടീസ് അയക്കണമെന്ന നിര്‍ദേശം പാലിക്കാന്‍ കെല്‍ട്രോണ്‍ തയാറായിട്ടില്ല.
◾കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ജൂലൈ 11 ലേക്കു മാറ്റി. കണ്ണൂര്‍ സര്‍വകലാശാല സെനറ്റംഗം ഡോ. പ്രേമചന്ദ്രന് കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി ജോസ് എന്നിവരാണ് പുനര്‍നിയമനത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്.
◾കക്കുകളി നാടകം മതവികാരം വ്രണപ്പെടുത്തുന്നുണ്ടെങ്കില്‍ അംഗീകരിക്കില്ലെന്ന് സാംസ്കാരിക വകുപ്പു മന്ത്രി സജി ചെറിയാന്. നാടകത്തിനെതിരേ ക്രൈസ്തവ മതമേലധ്യക്ഷരുടെ പരാതി ലഭിച്ചിട്ടുണ്ട്. പരിശോധിക്കാന്‍ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കക്കുകളി ആയാലും കൊക്കുകളി ആയാലും ശരിയല്ല. കേരള സ്റ്റോറിയെ ജനം ബഹിഷ്കരിക്കണം. സിനിമ നിരോധിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. മന്ത്രി പറഞ്ഞു.
◾കക്കുകളി നാടകത്തില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ പരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. മതത്തെയോ വിശ്വാസ പ്രമാണത്തെയോ പരസ്യമായി എതിര്‍ക്കുന്ന നിലപാട് പാര്‍ട്ടിക്കില്ല. കേരള സ്റ്റോറിയിലൂടെ കേരളത്തില്‍ വിഷം കലക്കാനുള്ള ആര്‍എസ്എസ് ശ്രമം സിപിഎം അനുവദിക്കില്ലെന്നും ഗോവിന്ദന്.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾വന്ദേ ഭാരത് ട്രെയിന്‍ തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ഓരോരുത്തരുടെ താല്പര്യത്തിന് സ്റ്റോപ് അനുവദിച്ചാല്‍ എക്സ്പ്രസ് ട്രെയിന്‍ എന്ന സങ്കല്പം ഇല്ലാതാകും. റെയില്‍വേയാണ് തീരുമാനിക്കേണ്ടതെന്നും കോടതി പറഞ്ഞു.
◾തിരുവനന്തപുരത്തു സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ കോര്പറേഷന് ബിജെപി കൗണ്‍സിലറും ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനും അറസ്റ്റിലായി. ബിജെപി കൗണ്‍സിലര്‍ വി.ജി ഗിരികുമാറിനെ ഗൂഡാലോചന കുറ്റം ചുമത്തിയാണ് അറസ്റ്റു ചെയ്തത്. പിടിപി നഗര്‍ വാര്‍ഡ് കൗണ്‍സിലറാണ് ഗിരികുമാര്‍. ആര്‍എസ്എസ് പ്രവര്‍ത്തകനായ കരുമംകുളം സ്വദേശി ശബരിയെയും ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.
◾മാണിയുടെ അന്ത്യത്തോടെ കേരള കോണ്‍ഗ്രസിന്റേയും അന്ത്യമാകണമെന്ന് ചിലര്‍ ആഗ്രഹിച്ചെന്ന് ജോസ് കെ മാണി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയുടെ കൊടി, അംഗീകാരം, എല്ലാ കാര്യത്തിലും വെല്ലുവിളി നേരിട്ടു. ബാര്‍ കോഴക്കേസ് അന്വേഷിക്കാമെന്ന സിബിഐ നിലപാടില്‍ കോടതി തിരുമാനമെടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
◾രണ്ടു ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കി പയ്യോളി സ്വദേശി മാസ്റ്റര്‍ അജിത് കുമാര്‍. കോഴിക്കോട്ട് പയ്യോളി മാണ്ടിക്കോത്ത് കൂട്ടായ്മ വാര്ഷികാഘോഷത്തിലാണു റിക്കാര്‍ഡു കുറിച്ചത്. പ്ലാങ്ക് പുഷ് അപ്പില്‍ ഒരു മിനുട്ടില്‍ 63 എന്ന റിക്കാര്‍ഡ് ഒരു മിനുട്ടില്‍ 69 എണ്ണമാക്കി ഉയര്‍ത്തി അജിത്ത് കുമാര്‍ സ്വന്തമാക്കി. ലെഗ് സ്പ്ലിറ്റില്‍ ഒരു മിനുട്ടില്‍ 17 എന്ന റെക്കോര്‍ഡ് അജിത്ത് കുമാര്‍ 33 എണ്ണമാക്കിയാണു പുതിയ റിക്കാര്‍ഡിട്ടത്.
◾
◾വര്‍ക്കലയില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പതിനാറുകാരിയെ മര്‍ദിച്ച യുവാവ് പിടിയില്‍. വെട്ടൂര്‍ സ്വദേശി കൃഷ്ണ രാജ് (24) ആണ് കസ്റ്റഡിയിലായത്.
◾കേരള സ്റ്റോറി സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യം ഹൈക്കോടതിയില്‍ ഉന്നയിക്കണമെന്ന് സുപ്രീംകോടതി. വിദ്വേഷ പ്രസംഗത്തിനെതിരായ കേസുകള്‍ പരിഗണിക്കുന്ന ജസ്റ്റിസ് കെ.എം ജോസഫിന്റെ കോടതിയിലാണ് കേസ് പരിഗണനക്ക് എത്തിയത്. വിദ്വേഷ പ്രസംഗത്തിനൊപ്പം ഈ കേസ് കേള്‍ക്കാനാവില്ലെന്ന് ജസ്റ്റിസ് കെഎം ജോസഫ് നിലപാടെടുത്തു. നാളെ വിശദമായ ഹര്‍ജി ചീഫ് ജസ്റ്റിസിനു മുമ്പാകെ നല്‍കുമെന്നും കോടതി ട്രെയിലര്‍ കാണണമെന്നും കപില്‍ സിബല്‍ ജസ്റ്റിസ് കെഎം ജോസഫിനോടു പറഞ്ഞു.
◾ശരദ് പവാര്‍ എന്‍സിപി ദേശീയ അധ്യക്ഷ സ്ഥാനം ഒഴിയുന്നു. മുംബൈയില്‍ ആത്മകഥാ പ്രകാശന ചടങ്ങിലാണ് പ്രഖ്യാപനം. എന്‍സിപി രൂപീകരിച്ചത് മുതല്‍ പാര്‍ട്ടിയുടെ പരമോന്നത നേതാവായി തുടരുകയായിരുന്നു ശരദ് പവാര്‍. പൊതുജീവിതം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
◾മുതിര്‍ന്ന പൗരന്മാര്ക്കുള്ള ടിക്കറ്റ് നിരക്കിളവു റദ്ദാക്കിയതിലൂടെ റെയില്‍വേയ്ക്കു കഴിഞ്ഞ വര്‍ഷമുണ്ടായത് 2,242 കോടി രൂപയുടെ അധിക വരുമാനമെന്ന് റിപ്പോര്‍ട്ട്. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഈ വിവരം.
◾ഡല്‍ഹിയിലെ രോഹിണി കോടതി വെടിവയ്പു കേസിലെ പ്രതി തിഹാര്‍ ജയിലില്‍ കൊല്ലപ്പെട്ടു. തില്ലു താജ്പുരിയ എന്നയാളെ ജയിലിലെ എതിര് ഗുണ്ടാസംഘാംഗങ്ങള്‍ തല്ലിക്കൊല്ലുകയായിരുന്നു. 2021 സെപ്റ്റംബറില്‍ രോഹിണി കോടതിയില്‍ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ടാണ് സുനില്‍ മാന്‍ എന്ന തില്ലു താജ്പുരിയ ജയിലിലായത്. രോഹിണി കോടതി വെടിവയ്പുണ്ടായതും രണ്ടു ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള സംഘര്ഷംമൂലമായിരുന്നു. അന്ന് ജിതേന്ദര്‍ ഗോഗി എന്ന ഗുണ്ടാത്തലവന് കൊല്ലപ്പെട്ടിരുന്നു. ഗോഗിയുടെ സംഘത്തിലെ അംഗങ്ങളാണ് ഇപ്പോള്‍ തില്ലുവിനെ കൊലപ്പെടുത്തിയത്.
◾വിവാദ സിനിമയായ ‘ദ കേരള സ്റ്റോറി’ ഡല്‍ഹി ജെഎന്‍യുവില്‍ പ്രദര്‍ശിപ്പിക്കാനുള്ള നീക്കം തടയുമെന്ന് എസ്എഫ്ഐ. വൈകുന്നേരം നാല് മണിക്ക് ജെഎന്‍യുവില്‍ സെലക്ടീവ് സ്ക്രീനിംഗ് നടത്തുമെന്ന് എബിവിപി പ്രഖ്യാപിച്ചിട്ടുണ്ട്.
◾ഇന്ത്യാ പാക് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക്കിസ്ഥാന് സ്വദേശികളെ സൈന്യം വധിച്ചു. രാജസ്ഥാനിലെ ബാര്‍മറിന് അടുത്ത് അതിര്‍ത്തിയില്‍ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.
◾80 ശതമാനം സുസ്ഥിരവും പുനരുപയോഗിക്കാവുന്നതുമായ വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ച ഒരു പുതിയ പിസിആര്‍ ടയര്‍ വികസിപ്പിച്ച് ടയര്‍ നിര്‍മ്മാതാക്കളായ ജെകെ ടയര്‍. മൈസൂരിലെ രഘുപതി സിംഗാനിയ സെന്റര്‍ ഓഫ് എക്സലന്‍സിലാണ് ഈ ടയര്‍ വികസിപ്പിച്ചത്.
◾ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടയാള്‍ക്ക് 20 പെട്ടി മനുഷ്യശരീര ഭാഗങ്ങള്‍ വിറ്റതിന് അമേരിക്കയിലെ മോര്‍ച്ചറി മുന്‍ജീവനക്കാരി തടവില്‍. അര്‍ക്കന്‍സാസ് മോര്‍ച്ചറിയിലെ മുന്‍ ജീവനക്കാരിയായ കാന്‍ഡേസ് ചാപ്മാന് സ്കോട്ട് ആണ് പെന്സില്വാനിയക്കാരന് 20 പെട്ടി മനുഷ്യ ശരീരഭാഗങ്ങള്‍ ഒമ്പത് ലക്ഷം രൂപയ്ക്കു വിറ്റത്.
◾ഐപിഎല്ലില്‍ ഇന്ന് നിലവിലെ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സും അവസാന സ്ഥാനക്കാരായ ഡല്‍ഹി കാപ്പിറ്റല്‍സും തമ്മില്‍ ഏറ്റുമുട്ടും. എട്ട് കളികളില്‍ നിന്ന് ഗുജറാത്തിന് 12 പോയിന്റും ഡല്‍ഹിക്ക് 4 പോയിന്റുമാണുള്ളത്. വൈകീട്ട് 7.30 നാണ് മത്സരം ആരംഭിക്കുക.
◾2023 മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ ഐഡിബിഐ ബാങ്കിന്റെ അറ്റാദായം 64% വര്‍ധിച്ച് 1,133 കോടി രൂപയായി. 2021-22 നാലാം പാദത്തില്‍ ബാങ്ക് 691 കോടി രൂപയാടെ അറ്റാദായമാണ് രേഖപ്പെടുത്തിയിരുന്നത്. ജനുവരി-മാര്‍ച്ച് കാലയളവില്‍ മൊത്ത വരുമാനം മുന്‍വര്‍ഷം സമാന കാലയളവിലെ 5,444.08 കോടി രൂപയില്‍ നിന്ന് 7,013.84 കോടി രൂപയായി ഉയര്‍ന്നു. ബാങ്കിന്റെ അറ്റ പലിശ വരുമാനം 2,420 കോടി രൂപയില്‍ നിന്ന് 3,280 കോടി രൂപയായി വളര്‍ന്നു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തമായി ബാങ്കിന്റെ അറ്റാദായം 3,645 കോടി രൂപയായാണ്. 2021-22 ലെ 2,439 കോടി രൂപയില്‍ നിന്ന് 49% വര്‍ധന. മൊത്തം വരുമാനം മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 22,985 കോടി രൂപയില്‍ നിന്ന് 2022-23ല്‍ 24,941.76 കോടി രൂപയായി ഉയര്‍ന്നു. നിഷ്ക്രിയ ആസ്തി അനുപാതം 2022 മാര്‍ച്ച് അവസാനത്തിലെ 20.16 ശതമാനത്തില്‍ നിന്ന് 2023 മാര്‍ച്ച് അവസാനത്തില്‍ 6.38 ശതമാനമായി കുറഞ്ഞു. മൊത്തം എന്‍.പി.എ ഇക്കാലയളവില്‍ 34,115 കോടി രൂപയില്‍ നിന്ന് 10,969 കോടി രൂപയായി. അറ്റ നിഷ്ക്രിയ ആസ്തി മുന്‍ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ 1.36 ശതമാനം ആയിരുന്നത് ഇക്കഴിഞ്ഞ മാര്‍ച്ച് അവസാനത്തില്‍ 0.92 ശതമാനമായി കുറഞ്ഞു. ബാങ്കിന്റെ വകയിരുത്തല്‍ 2022 മാര്‍ച്ചിലെ 669.23 കോടി രൂപയില്‍ നിന്ന് 983.63 കോടി രൂപയായി വര്‍ധിച്ചു.
◾ആദ്യ കാഴ്ചയില്‍ തന്നെ ട്വിറ്ററെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള പുതിയ സോഷ്യല്‍ മീഡിയ ആപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ട്വിറ്റര്‍ സഹസ്ഥാപകനും, മുന്‍ സിഇഒയുമായ ജാക്ക് ഡോര്‍സി. ‘ബ്ലൂ സ്കൈ’ എന്ന പേര് നല്‍കിയിരിക്കുന്ന ഈ ആപ്പില്‍ ട്വിറ്ററിന് സമാനമായ ഒട്ടനവധി ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ബ്ലൂ സ്കൈ ആപ്പിനെ കുറിച്ച് നേരത്തെ തന്നെ ജാക്ക് ഡോര്‍സി സൂചനകള്‍ നല്‍കിയിരുന്നു. ഉപഭോക്താക്കള്‍ക്ക് ഉള്ളടക്കങ്ങള്‍ക്കുമേല്‍ കൂടുതല്‍ നിയന്ത്രണം നല്‍കിക്കൊണ്ടാണ് ബ്ലൂ സ്കൈ പ്രവര്‍ത്തിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് പോസ്റ്റുകള്‍ പങ്കുവയ്ക്കാനും, ഷോര്‍ട്ട് അപ്ഡേറ്റുകള് ഫോളോ ചെയ്യാനും സാധിക്കുന്നതാണ്. അതേസമയം, ട്വിറ്ററിലെ പ്രധാന ഫീച്ചറുകളായ ഹാഷ്ടാഗ്, ഡയറക്ട് മെസേജ് തുടങ്ങിയവ ബ്ലൂ സ്കൈയില്‍ ലഭ്യമല്ല. കഴിഞ്ഞ ഫെബ്രുവരിയില്‍ ക്ലോസ്ഡ് ബീറ്റ പതിപ്പായും, ഈ മാസം ആന്‍ഡ്രോയിഡ് ഡിവൈസുകളിലും ബ്ലൂ സ്കൈ അവതരിപ്പിച്ചിട്ടുണ്ട്. കുറഞ്ഞ മാസങ്ങള്‍ കൊണ്ട് മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയക്കാര്‍, സെലിബ്രിറ്റികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ പ്ലാറ്റ്ഫോമിലേക്ക് എത്തിയിട്ടുണ്ട്. ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്ന് മാത്രം 3,75,000 തവണയാണ് ബ്ലൂ സ്കൈ ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളത്.
◾ധ്യാന്‍ ശ്രീനിവാസന് നായകനാവുന്ന പുതിയ ചിത്രമായ ബുള്ളറ്റ് ഡയറീസിലെ ‘വെയിലെല്ലാം..’ എന്ന വീഡിയോ ഗാനം പുറത്തിറങ്ങി. ഷാന്‍ റഹ്മാന്സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് കൈതപ്രവും, ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷും മേഘാ ജോസ്കുട്ടിയുമാണ്. നവാഗതനായ സന്തോഷ് മണ്ടൂര്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം ഒരുക്കുന്നത് ബി3എം ക്രിയേഷന്‍സ് ആണ്. ധ്യാന്‍ ശ്രീനിവാസനും പ്രയാഗാ മാര്‍ട്ടിനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ രഞ്ജി പണിക്കര്‍, ജോണി ആന്റണി, സുധീര്‍ കരമന, ശ്രീകാന്ത് മുരളി, അല്‍ത്താഫ് സലിം, ഷാലു റഹീം, ശ്രീലക്ഷ്മി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
◾നരേനും മീരാ ജാസ്മിനും ഒന്നിക്കുന്ന ചിത്രമാണ് ‘ക്വീന്‍ എലിസബത്ത്’. എം പത്മകുമാറാണ് ചിത്രത്തിന്റെ സംവിധാനം. അര്ജുന് ടി സത്യന് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. മീര നായികയാകുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. സമൂഹത്തില്‍ ഏറെ പ്രാധാന്യമുള്ള വിഷയം അവതരിപ്പിക്കുന്ന ഒരു ഫാമിലി ഡ്രാമയാണ് ‘ക്വീന്‍ എലിസബത്ത്’. നരേനും മീരാ ജാസ്മിനും ഒപ്പം ശ്വേതാ മേനോന്, രമേശ് പിഷാരടി, വി കെ പ്രകാശ്, ശ്യാമ പ്രസാദ്, ജോണി ആന്റണി, മല്ലികാ സുകുമാരന്‍, ജൂഡ് ആന്റണി ജോസഫ്, ആര്യ, ശ്രുതി രജനികാന്ത്, സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോല്‍, ചിത്രാ നായര്‍ എന്നിവരും ‘ക്വീന്‍ എലിസബത്തി’ല്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കുട്ടിക്കാനം, കൊച്ചി, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ലൊക്കേഷനുകള്‍. ‘അച്ചുവിന്റെ അമ്മ’, ‘മിന്നാമിന്നിക്കൂട്ടം’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മീരയും നരേനും ഒന്നിക്കുന്ന പ്രൊജക്റ്റാണ് ‘ക്വീന്‍ എലിസബത്ത്’.
◾റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ പുതിയ പതിപ്പില്‍ വരുന്നു. ഹിമാലയന്‍ 450 എന്ന കൂടുതല്‍ കരുത്തുള്ള അഡ്വഞ്ചര്‍ ബൈക്ക് വൈകാതെ ലോഞ്ച് ചെയ്യും. നിലവില്‍ വില്പനയിലുള്ള ഹിമാലയനില്‍ നിന്നും നിരവധി മാറ്റങ്ങളോടെയാണ് ഹിമാലയന്‍ 450 വരുന്നത്. എല്‍.ഇ.ഡി ഹെഡ്ലാമ്പുകള്‍, മുന്‍വശത്ത് യുഎസ്ഡി ഫോര്‍ക്കുകള്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എല്‍.ഇ.ഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, മുന്‍വശത്ത് 19 ഇഞ്ച് വീലുകള്‍ തുടങ്ങിയവ പുതിയ മോഡലില്‍ ഉണ്ടാകും. സ്പ്ലിറ്റ് സീറ്റുകള്‍, പുതിയ ലിക്വിഡ്-കൂള്‍ഡ് എഞ്ചിന് എന്നിവയും ഇതില്‍ കാണാം. പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റി സപ്പോര്‍ട്ടുമുണ്ടാകും. കോള്‍ അലേര്‍ട്ട്, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, ഇന്‍കമിങ് മെസേജ് നോട്ടിഫിക്കേഷന്‍, റൈഡ് ലോഗ്, മെയിന്റനന്‍സ് ഷെഡ്യൂള്‍ എന്നിവയടക്കമുള്ള വിവരങ്ങള്‍ ഡിസ്പ്ലേയില്‍ കാണിക്കും. പുതിയ റോയല്‍ എന്‍ഫീല്‍ഡ് സൂപ്പര്മെറ്റിയോര് ബൈക്കിലുള്ള നവീന സാങ്കേതികവിദ്യകള്‍ ഹിമാലയന്‍ 450യിലും ഉണ്ടായിരിക്കും. പുതിയ ലിക്വിഡ് കൂള്‍ഡ് എന്‍ജിനായിരിക്കും ഉണ്ടായിരിക്കുക. ഇത് സിംഗിള്‍ സിലിണ്ടര്‍ യൂണിറ്റായിരിക്കും. 450 സിസി എന്ജിന് ഏകദേശം 35 ബിഎച്ച്പി പവറും 40 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കും. 5 സ്പീഡ് ഗിയര്‍ബോക്സിന് പകരം 6 സ്പീഡ് ഗിയര്‍ബോക്സുമായി വരുമെന്നാണ് പ്രതീക്ഷ.
◾നുണകളുടെ രാജാവ് മുഞ്ചാസന്റെ പൊട്ടിച്ചിരിപ്പിക്കുന്ന നുണകളുടെ പുസ്തകം. പച്ചവെള്ളത്തിനു തീപിടിക്കുന്ന പെരുംനുണകള്‍ ഒന്നിനു പിറകേ ഒന്നായി കോര്ത്തൊരുക്കിയിരിക്കുന്നു. വായനയുടെ രസച്ചരട് പൊട്ടാതെ ഒറ്റയിരിപ്പിന് വായിച്ചുതീര്‍ക്കാന്‍ പറ്റുന്ന നുണകള്‍. അമ്മാവനും മൈഡിയര്‍ മരുമകനും നെപ്പോ അളിയനും ഇറ്റൂട്ടനും ഹിറ്റ്ലറും ഒറാനൂട്ടോനും മുഞ്ചാസന്‍ ചേട്ടന്റെ നുണകളിലെ ആണിക്കല്ലുകളാണ്. പൊട്ടിച്ചിരിച്ച് ആവര്‍ത്തിച്ചു വായിക്കാവുന്ന ഓരോ നുണകളിലും യുക്തിയുടെ കണികയും ഉള്‍പ്പെട്ടിരിക്കുന്നു. ‘മുഞ്ചാസന്‍ കഥകള്‍ റീലോഡഡ്’. എം.ആര് പ്രദീപ്. മാമ്പഴം ഡിസി ബുക്സ്. വില 359 രൂപ.
◾മുടിയുടെ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ ആരോഗ്യകരമായ ഭക്ഷണശീലം തന്നെയാണ് പ്രധാനം. ചര്മ്മത്തിനെന്നപോലെ മുടിക്കും പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം ലഭിച്ചാലെ കരുത്തും ആരോഗ്യവുമുണ്ടാകൂ. ഇരുമ്പ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, ഫോളേറ്റ് എന്നിവയാല്‍ സമൃദ്ധമാണ് ചീര. മുടിയുടെ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ ഇവ സുപ്രധാന പങ്ക് വഹിക്കും. രോമകൂപങ്ങളിലേക്ക് ഓക്സിജന്‍ എത്തിക്കാന്‍ ചീരയില്‍ നിന്നടക്കം ലഭിക്കുന്ന ഇരുമ്പ് സഹായിക്കും. ബീറ്റാ കരോട്ടിന്റെ മികച്ച ഉറവിടമാണ് മധുരക്കിഴങ്ങ്, ഇത് ശരീരത്തിലെത്തുമ്പോള്‍ വിറ്റാമിന്‍ എ ആയി മാറും. ഇത് മുടിവളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടികൊഴിച്ചില്‍ കുറച്ച് രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യും. ഒമേഗ-3 ഫാറ്റി ആസിഡുകളുടെ സമ്പന്നമായ ഉറവിടമാണ് സാല്‍മണ്‍. ഇത് മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി കൊഴിച്ചില്‍ തടയുകയും ചെയ്യും. ഈ ഫാറ്റി ആസിഡുകള്‍ രോമകൂപങ്ങള്‍ക്ക് പോഷണം നല്‍കുകയും അവയുടെ ആരോഗ്യം ഉറപ്പാക്കി മുടി കൊഴിച്ചില്‍ കുറയ്ക്കുകയും ചെയ്യും. പ്രോട്ടീന്‍, ബയോട്ടിന്‍, വിറ്റാമിന്‍ ഡി തുടങ്ങി മുടിയുടെ ആരോഗ്യകരമായ വളര്‍ച്ചയെ പ്രോത്സഹിപ്പിക്കുന്ന നിരവധി പോഷകങ്ങള്‍ മുട്ടയില്‍ നിന്ന് ലഭിക്കും. കെരാറ്റിന്‍ മുടിക്ക് ഘടന നല്കുന്ന ഒരു പ്രോട്ടീന്‍ ആണ് ബയോട്ടിനും വിറ്റാമിന്‍ ഡിയും മുടിയുടെ ഇലാസ്റ്റിസിറ്റി വര്‍ദ്ധിപ്പിച്ച് മുടി പൊട്ടുന്നത് കുറയ്ക്കും. കെരാറ്റിന്‍ ഉത്പാദനത്തിന് വേണ്ട പ്രോട്ടീന്‍ മുട്ടയില്‍ നിന്ന് ലഭിക്കും. വിറ്റാമിനുകള്‍, ധാതുക്കള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ ശരീരത്തിന് സമ്മാനിക്കാന്‍ നട്ട്സ് കഴിക്കുന്നത് സഹായിക്കും. ഈ പോഷകങ്ങളെല്ലാം മുടിയുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ബദാം, വാല്‍നട്ട്, കശുവണ്ടി എന്നിവ മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ബ്രോക്കോളിയില്‍ വിറ്റാമിന്‍ എ, സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് സെബം ഉത്പാദനത്തെ ഉത്തേജിപ്പിക്കുകയും ശിരോചര്‍മ്മത്തെ ആരോഗ്യത്തോടെ സംരക്ഷിക്കുകയും ചെയ്യും. രോമകൂപങ്ങളിലേക്ക് ഓക്സിജന്‍ എത്തിക്കാന്‍ സഹായിക്കുന്ന ഇരുമ്പും ബ്രോക്കോളിയില്‍ നിന്ന് ലഭിക്കും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 81.83, പൗണ്ട് – 102.28, യൂറോ – 89.92, സ്വിസ് ഫ്രാങ്ക് – 91.19, ഓസ്ട്രേലിയന്‍ ഡോളര്‍ – 54.87, ബഹറിന്‍ ദിനാര്‍ – 217.06, കുവൈത്ത് ദിനാര്‍ -266.96, ഒമാനി റിയാല്‍ – 212.58, സൗദി റിയാല്‍ – 21.82, യു.എ.ഇ ദിര്‍ഹം – 22.28, ഖത്തര്‍ റിയാല്‍ – 22.48, കനേഡിയന്‍ ഡോളര്‍ – 60.42.