yt cover 59

ജി 20 രാജ്യങ്ങളിലെ ഉദ്യോഗസ്ഥരുടെ രണ്ടാം സമ്മേളനം കുമരകത്ത് ആരംഭിച്ചു. രാഷ്ട്രത്തലവന്മാരുടെ പ്രതിനിധിയായി ഉന്നതതല ഉദ്യോഗസ്ഥ സംഘത്തെ നയിക്കുന്ന ഷെര്‍പകളുടെ സമ്മേളനമാണ് നടക്കുന്നത്. ഇന്ത്യയുടെ ഷെര്‍പ അമിതാഭ്കാന്താണ് അധ്യക്ഷത വഹിക്കുന്നത്. നാലു ദിവസത്തെ സമ്മേളനത്തില്‍ സാമ്പത്തിക, വികസന മുന്‍ഗണനകളും ആഗോള സാമ്പത്തിക വെല്ലുവിളികളും ചര്‍ച്ചയാകും. സെപ്റ്റംബറില്‍ ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന രാഷ്ട്രത്തലവന്മാരുടെ ജി 20 ഉച്ചകോടിയിലേക്കുവേണ്ട നയരൂപീകരണമാണ് ഷെര്‍പകളുടെ സമ്മേളനത്തില്‍ നിര്‍വഹിക്കുന്നത്.

അപൂര്‍വ രോഗങ്ങളുടെ മരുന്നുകള്‍ക്കും ചികിത്സാ ആവശ്യങ്ങള്‍ക്കായുള്ള ഭക്ഷണ സാധനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ഇറക്കുമതി തീരുവ പൂര്‍ണമായും ഒഴിവാക്കി. ദേശീയ അപൂര്‍വരോഗ നയത്തിന്റെ പട്ടികയിലുള്ള 51 രോഗങ്ങളുടെ മരുന്നുകള്‍ക്കാണ് ധനമന്ത്രാലയം നികുതി ഒഴിവാക്കിയത്.

കേരളം വയോധികര്‍ മാത്രമുള്ള സംസ്ഥാനമായി മാറുകയാണെന്നു ബിബിസി റിപ്പോര്‍ട്ട്. യുവതലമുറ മികച്ച തൊഴിലും വരുമാനവും തേടി കേരളം വിട്ട് വദേശങ്ങളിലേക്കു പോകുകയാണെന്നാണ് റിപ്പോര്‍ട്ട്. കേരളം ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യത്തെ പ്രേതനഗരം എന്ന പേരില്‍ തിരുവല്ല കുമ്പനാടിനെ ആധാരമാക്കി തയാറാക്കിയ ബിബിസി റിപ്പോര്‍ട്ട് വിവാദമായി.

*പുളിമൂട്ടില്‍ സില്‍ക്സിന്റെ പുതിയ വലിയ ഷോറൂമിന്റെ ഉദ്ഘാടനം നാളെ*

പുതിയ ഷോറൂമിന്റെ സവിശേഷതകള്‍ : ഡിസൈനര്‍ റണ്ണിംഗ് മെറ്റീരിയല്‍സിന്റെ വിപുലീകരിച്ച വമ്പന്‍ ശേഖരം. തൃശ്ശൂരില്‍ ആദ്യമായി ഡൈയ്യിംഗ് ഫാബ്രിക്‌സിനായി എക്സ്‌ക്ലൂസീവ് സെക്ഷന്‍. സില്‍ക്ക്, ഷിഫോണ്‍, കോട്ടണ്‍ മെറ്റീരിയലുകളില്‍ ഉള്ള റെഡിമെഡ് സല്‍വാറുകളുടെ വിപുലീകരിച്ച സെക്ഷന്‍. ബ്രൈഡല്‍ ലെഹംഗ, ഗൗണ്‍, എന്നിവയുടെ ഇന്നോളം കാണാത്ത വലിയ ശേഖരവും, കസ്റ്റമേഴ്സിന് പ്രത്യേക സേവനങ്ങളും. സാരികള്‍ക്ക് മാത്രമായുള്ള അതിവിപുലമായ സാരി ഫ്‌ലോര്‍. വെഡ്ഡിംഗ് സാരികള്‍ക്ക് മാത്രമായി തയ്യാറാക്കിയ ബ്രൈഡല്‍ ലൗഞ്ച്. ഡിസൈനര്‍, സില്‍ക്ക്, കോട്ടണ്‍, ജ്യൂട്ട്, ടസ്സര്‍ സാരികളുടെ വേറിട്ട ശേഖരം. പുരുഷന്മാര്‍ക്കുള്ള വിവാഹ തുണിത്തരങ്ങളുടെ പുതുക്കിയ വിപുലമായ കളക്ഷനും പ്രത്യേക ഗ്രൂം സ്റ്റുഡിയോയും. ഇന്ത്യയിലെ ഏത് വലിയ നഗരത്തിലെയും മോഡേണ്‍ സ്റ്റോറുകള്‍ക്കൊപ്പം നില്‍ക്കുന്ന പുരുഷന്മാരുടെ ബ്രാന്‍ഡഡ് തുണിത്തരങ്ങളുടെ ഏറ്റവും വലിയ ശേഖരം. കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ വസ്ത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും മായാ പ്രപഞ്ചം.

*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*

രാജ്യാന്തര വിമാന യാത്രാ നിരക്ക് മൂന്നിരട്ടിവരെ വര്‍ധിപ്പിച്ച് വിമാനക്കമ്പനികള്‍. കാനഡ, യുഎസ്, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്കുള്ള നിരക്കിന്റെ മൂന്നിരട്ടിയാണ് തിരികേ അങ്ങോട്ടു പോകാന്‍ ഈടാക്കുന്നത്. ന്യൂയോര്‍ക്കില്‍നിന്നു തിരുവനന്തപുരത്തേക്ക് 38000 രൂപയാണെങ്കില്‍ തിരികേ ന്യൂയോര്‍ക്കിലേക്ക് 95,000 രൂപയാണ്. ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്തയച്ചു.

വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാര്‍ഷികാഘോഷം ഇന്നു വൈകുന്നേരം അഞ്ചിനു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ഉദ്ഘാടനം ചെയ്യും. വൈക്കം കായലോര ബീച്ചില്‍ നടക്കുന്ന പരിപാടിയില്‍ അമ്പതിനായിരത്തിലേറെ പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്നാണ് കെപിസിസി പറയുന്നത്.

വിവാഹ ആലോചന നിരസിച്ചതിന് സൂര്യഗായത്രി എന്ന യുവതിയെ കുത്തികൊന്ന കേസില്‍ പ്രതി അരുണ്‍ കുറ്റക്കാരനെന്ന് കോടതി. ശിക്ഷ നാളെ വിധിക്കും. നെടുമങ്ങാട് കരിപ്പൂരില്‍ വീട്ടില്‍ കയറി സൂര്യഗായത്രിയെ സുഹൃത്തായിരുന്ന അരുണ്‍ കുത്തിക്കൊന്നെന്നാണു കേസ്. തിരുവനന്തപുരം ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്.

ലാഭവിഹിതം വാഗ്ദാനം ചെയ്തു കബളിപ്പിച്ചെന്ന് ആരോപിച്ച് സോണ്‍ട ഇന്‍ഫ്രാടെക്കിനെതിരെ കേസ്. ബംഗളുരു കബ്ബണ്‍ പാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ ആണ് കേസ്. ജര്‍മന്‍ പൗരനായ പാട്രിക് ബോര്‍ ആണ് പരാതിക്കാരന്‍. 20 കോടി രൂപ നല്‍കിയെന്നും ലാഭ വിഹിതം തരാതെ കബളിപ്പിച്ചെന്നുമാണു കേസ്.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

അരിക്കൊമ്പനെ പിടികൂടണമെന്നാവശ്യപ്പെട്ട് ഇടുക്കിയില്‍ നടത്തുന്ന ജനകീയ ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് പൊലീസ്. ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് പൊലീസ് നോട്ടീസ് നല്‍കി. ഏഴു ദിവസം മുന്‍പ് നോട്ടിസ് നല്‍കണമെന്ന ഹൈക്കോടതി വിധി ലംഘിച്ചെന്നും കഷ്ട നഷ്ടങ്ങളുടെ ഉത്തരവാദിത്തം ഹര്‍ത്താല്‍ നടത്തുന്നവര്‍ക്കാണെന്നും ആരോപിച്ചാണു നോട്ടീസ്.

അരിക്കൊമ്പനെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ഇടുക്കിയിലെ പത്തു പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍. ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ 13 പഞ്ചായത്തുകളിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നത്. രാജാക്കാട്, സേനാപതി, ബൈസണ്‍വാലി എന്നീ മൂന്ന് പഞ്ചായത്തുകളെയാണ് ഒഴിവാക്കിയത്. ഹര്‍ത്താല്‍ അനുകൂലികള്‍ ചിന്നക്കനാലിലും പെരിയ കനാലിലും ബോഡി മെട്ടിലും ദേശീയപാത ഉപരോധിച്ചു.

ജഡ്ജിമാര്‍ക്കു നല്‍കാനെന്ന പേരില്‍ കക്ഷികളില്‍നിന്ന് കോഴ വാങ്ങിയെന്ന കേസില്‍ അഭിഭാഷകനെതിരായ അന്വേഷണം തുടരണമെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ മുന്‍ പ്രസിഡന്റുകൂടിയായ പ്രതി അഡ്വ. സൈബി ജോസ് സമര്‍പ്പിച്ച ഹര്‍ജി തള്ളി. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചു.

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ ഏപ്രില്‍ നാലിനു കോടതി വിധി പ്രഖ്യാപിക്കും. 2018 ഫെബ്രുവരി 22 നാണ് മധു കൊല്ലപ്പെട്ടത്. 16 പ്രതികളാണുള്ളത്. സാക്ഷികളില്‍ 24 പേര്‍ കൂറുമാറിയിരുന്നു.

കെടിയു വൈസ് ചാന്‍സലറുടെ ചുമതല വഹിക്കുന്ന ഡോ. സിസ തോമസിനെതിരെ നടപടിയെടുക്കും മുന്‍പ് സര്‍ക്കാര്‍ അവരെ കേള്‍ക്കണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍. അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ കാരണം കാണിക്കല്‍ നോട്ടീസ് തള്ളണമെന്ന ആവശ്യം കോടതി തള്ളി. നാളെ സര്‍വീസില്‍നിന്ന് വിരമിക്കാനിരിക്കേയാണ് ട്രൈബ്യൂണലിന്റെ നിര്‍ദേശം.

നെടുമങ്ങാട് അരുവിക്കരയില്‍ ഭര്‍ത്താവ് ഭാര്യയെയും ഭാര്യാമാതാവിനേയും വെട്ടി ആത്മഹത്യക്കു ശ്രമിച്ചു. ഭാര്യാമാതാവ് നാദിറ മരിച്ചു. നാളെ വിരമിക്കാനിരുന്ന മെഡിക്കല്‍ കോളജ് ജീവനക്കാരന്‍ അലി അക്ബറും വെട്ടേറ്റ ഭാര്യയും ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയുമായ മുംതാസും ആശുപത്രിയില്‍ ചികില്‍സയിലാണ്.

പൊലീസുകാരന്‍ സ്റ്റേഷനില്‍ കുഴഞ്ഞുവീണു മരിച്ചു. കാസര്‍കോഡ് ആദൂര്‍ സ്റ്റേഷനിലെ പെര്‍ളടുക്കം സ്വദേശി കെ അശോകന്‍ (45) ആണ് മരിച്ചത്.

അട്ടപ്പാടിയില്‍ ഷോക്കേറ്റ് രണ്ട് പേര്‍ മരിച്ചു. പുതൂര്‍ പഞ്ചായത്തിലെ മഞ്ചിക്കണ്ടിയിലെ മാത്യു, ചെര്‍പ്പുളശ്ശേരി സ്വദേശി രാജു എന്നിവരാണ് മരിച്ചത്. വീടിന്റെ പിന്നിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പാലക്കാട് മീനാക്ഷിപുരത്ത് ബസ് തടഞ്ഞ് 75 പവന്‍ കവര്‍ന്ന കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അജിത്ത് അടക്കം ആറുപേര്‍ കൂടി പിടിയില്‍. കുന്നത്തൂര്‍മേട് ബ്രാഞ്ച് സെക്രട്ടറി അജിത്തിനെ സിപിഎം പുറത്താക്കി. മീനാക്ഷിപുരം സൂര്യപാറയില്‍ വച്ച് ബസ് തടഞ്ഞ് 30 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്നെന്ന കേസിലാണ് അറസ്റ്റ്.

ഒന്നേമുക്കാല്‍ കോടി രൂപയുടെ സ്വര്‍ണ്ണം തട്ടാന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ ആറു പേര്‍ പിടിയില്‍. സ്വര്‍ണക്കടത്തുരായ മൂന്നു യാത്രക്കാരെ പൊലീസുകാരെന്ന വ്യാജേന വാഹനത്തില്‍ കയറ്റി കൊണ്ടുപോകാനായിരുന്നു ശ്രമം. പെരിന്തല്‍മണ്ണ ഏലംകുളം സ്വദേശികളായ മുഹമ്മദ് സുഹൈല്‍, അന്‍വര്‍ അലി, മുഹമ്മദ് ജാബിര്‍, അമല്‍ കുമാര്‍, ഒറ്റപ്പാലം സ്വദേശി മുഹമ്മദലി മണ്ണൊര്‍ക്കാട് സ്വദേശി ബാബുരാജ് എന്നിവരാണ് പിടിയിലായത്.

അമ്പലപ്പുഴയില്‍ മകന്‍ ആത്മഹത്യ ചെയ്തതിനു പിറകേ അമ്മ ഹൃദയാഘാതം മൂലം മരിച്ചു. പുറക്കാട് തെക്കേയറ്റത്ത് വീട്ടില്‍ മദനന്റെ ഭാര്യ ഇന്ദുലേഖ (54), മകന്‍ നിധിന്‍ (32) എന്നിവരാണ് മരിച്ചത്.

തിരുവനന്തപുരത്ത് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ ഗുണ്ടാ നിയമ പ്രകാരം അറസ്റ്റ് ചെയ്തു. കൊലക്കേസിലടക്കം പ്രതിയായ പറട്ട അരുണ്‍ (37) ആണ് നാലാം തവണയും പിടിയിലായത്.

തൃശൂര്‍ മുപ്ലിയത്ത് അതിഥി തൊഴിലാളികള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ആറു വയസുകാരന്‍ വെട്ടേറ്റു മരിച്ചു. അതിഥി തൊഴിലാളിയുടെ മകനായ നാജുര്‍ ഇസ്ലാം ആണ് മരിച്ചത്. അമ്മ നജ്മക്കു വെട്ടേറ്റു. അമ്മാവന്‍ ജമാലുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്നാണ് ജമാലു വാക്കത്തി വീശിയത്.

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ മലപ്പുറത്തുള്ള പാര്‍ക്കില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ റിമാന്‍ഡു ചെയ്തു. അരീക്കോട് വിളയില്‍ ചെറിയപറമ്പ് കരിമ്പനക്കല്‍ മൂത്തേടത്ത് മുഹമ്മദ് റബീഹ് (23)നെയാണ് മഞ്ചേരി സ്പെഷ്യല്‍ സബ് ജയിലിലേക്കയച്ചത്.

ചേര്‍ത്തല ദേവീ ക്ഷേത്രത്തിനു സമീപം ഹോട്ടലിനു തീപിടിച്ചു. നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിലെ ഹോട്ട് ആന്‍ഡ് പ്ലേറ്റ് എന്ന ഹോട്ടലാണ് കത്തിയത്.

മോദി വിരുദ്ധ പരാമര്‍ശത്തിന് ഏപ്രില്‍ 12 ന് രാഹുല്‍ഗാന്ധി പാറ്റ്ന കോടതിയില്‍ ഹാജരാകണമെന്നു നോട്ടീസ്. ബി ജെ പി നേതാവ് സുശീല്‍ മോദി നല്‍കിയ പരാതിയിലാണ് നടപടി.

രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ യുകെയില്‍ നിയമനടപടി സ്വീകരിക്കുമെന്ന് വ്യവസായിയും ഐപിഎല്‍ മുന്‍ ചെയര്‍മാനുമായ ലളിത് കുമാര്‍ മോദി. അന്താരാഷ്ട്ര കോടതിയും ഇന്റര്‍പോളും ആവശ്യപ്പെട്ടിട്ടും തനിക്കെതിരെ തെളിവുകള്‍ ഹാജരാക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്നും ലളിത് മോദി ട്വീറ്റ് ചെയ്തു.

രാഹുല്‍ ഗാന്ധിയെ ലോക്‌സഭാ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ സംഭവത്തില്‍ ജനാധിപത്യത്തിന്റെ മൗലിക തത്വങ്ങള്‍ പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജര്‍മ്മനി. ജര്‍മന്‍ വിദേശകാര്യമന്ത്രാലയ വക്താവാണ് ഇങ്ങനെ പ്രതികരിച്ചത്.

രാജ്യത്തെക്കുറിച്ചോ നിയമങ്ങളെക്കുറിച്ചോ അറിവില്ലാത്ത രാഹുല്‍ഗാന്ധി കോണ്‍ഗ്രസിന്റെ രാഹുവായി മാറിയെന്നു മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍.

ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് അമൃത്പാല്‍ സിംഗ് കീഴടങ്ങാന്‍ മൂന്നു നിബന്ധനകള്‍ മുന്നോട്ടുവച്ചതായി റിപ്പോര്‍ട്ട്. താന്‍ കീഴടങ്ങിയതാണെന്ന് പോലീസ് വെളിപ്പെടുത്തണം. തന്നെ പഞ്ചാബ് ജയിലില്‍ പാര്‍പ്പിക്കണം. പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദിക്കരുത് എന്നീ ആവശ്യങ്ങളാണ് മുന്നോട്ടുവച്ചതെന്നാണു സൂചന.

ഡല്‍ഹിയില്‍ വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ പോസ്റ്റര്‍ പോര്. ‘ഇന്ത്യയുടെ പ്രധാനമന്ത്രി വിദ്യാഭ്യാസമുള്ളയാള്‍ ആകേണ്ടേ’ എന്ന പോസ്റ്ററുകള്‍ ആം ആദ്മി പാര്‍ട്ടി ഓഫീസിന്റെ മതിലിലാണ് പതിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച ‘മോദിയെ പുറത്താക്കൂ, ഇന്ത്യയെ രക്ഷിക്കൂ’വെന്ന പോസ്റ്ററുകളാണ് പ്രചരിപ്പിച്ചിരുന്നത്. അന്നു പോസ്റ്റര്‍ പതിപ്പിച്ചതിന് ആറു പേരെ അറസ്റ്റു ചെയ്യുകയും നൂറോളം കേസെടുക്കുകയും ചെയ്തിരുന്നു.

അബുദാബി കിരീടവകാശിയായി മൂത്ത മകന്‍ ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ പ്രഖ്യാപിച്ച് യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിറക്കി. ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യമന്ത്രിയുമായ ഷെയ്ക്ക് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാനെ വൈസ് പ്രസിഡന്റായും നിയമിച്ചു.

പാക്കിസ്ഥാനില്‍ ഭക്ഷ്യക്ഷാമം. പെഷാവറില്‍ സൗജന്യ ധാന്യവിതരണത്തിനായി എത്തിയ ട്രക്കുകള്‍ ജനങ്ങള്‍ തടഞ്ഞുനിര്‍ത്തി ചാക്കുകള്‍ അടക്കമുള്ളവ പിടിച്ചുപറിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മണിക്കൂറുകളോളം കാത്തുനിന്നിട്ടും റേഷന്‍ ലഭിക്കാത്തവര്‍ ദേശീയപാത ഉപരോധിച്ചു. പഞ്ചാബ് പ്രവിശ്യയില്‍ സൗജന്യ ഭക്ഷ്യസാധനങ്ങള്‍ വാങ്ങാന്‍ തിക്കിലും തിരക്കിലുപ്പെട്ട് സ്ത്രീകളടക്കം 11 പേര്‍ മരിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിനാറാം സീസണിന് നാളെ തുടക്കം. നിലവിലെ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും. അഹമ്മദാബാദില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. പത്ത് ടീമുകള്‍ പന്ത്രണ്ട് വേദികളിലായി 74 മത്സരങ്ങളില്‍ ഏറ്റുമുട്ടും. മേയ് ഇരുപത്തിയെട്ടിനാണ് ഫൈനല്‍.

കേരളത്തിലെ സംരംഭകരുടെയും സ്റ്റാര്‍ട്ടപ്പുകളുടെയും ഇ-കൊമേഴ്‌സ് കയറ്റുമതി വര്‍ദ്ധിപ്പിക്കാന്‍ ആമസോണ്‍ പദ്ധതി. ആമസോണിന്റെ ഗ്ലോബല്‍ സെല്ലിംഗ് പ്രോഗ്രാമില്‍ 1500ലധികം കയറ്റുമതിക്കാരുണ്ട്. ഇത് വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം. എറണാകുളം, തൃശൂര്‍, തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, കണ്ണൂര്‍, മലപ്പുറം നഗരങ്ങളില്‍ നിന്നാണ് കൂടുതല്‍ കയറ്റുമതിക്കാരുള്ളത്. കണ്ണൂരില്‍ നിന്നുള്ള കൈത്തറി, കൊച്ചി, കൊല്ലം എന്നിവിടങ്ങളിലെ സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയ്ക്കാണ് പ്രിയം കൂടുതല്‍. ചെറുകിട സംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയ്ക്ക് ഉത്പന്നങ്ങള്‍ ആമസോണ്‍ വഴി വിദേശങ്ങളിലേയ്ക്ക് കയറ്റുമതി ഒരുക്കുകയാണ് ചെയ്യുന്നത്. അമേരിക്ക, യു.കെ. എന്നിവയാണ് പ്രധാനവിപണികള്‍, യു.എ.ഇ., ആസ്ട്രേലിയ എന്നിവിടങ്ങളില്‍ നിന്ന് ആവശ്യക്കാര്‍ വര്‍ദ്ധിക്കുന്നുണ്ട്. ആമസോണ്‍ ഗ്ലോബല്‍ സെല്ലിംഗ് പ്രൊപ്പല്‍ സ്റ്റാര്‍ട്ടപ്പ് ആക്‌സിലറേറ്ററിന്റെ (പ്രൊപ്പല്‍ എസ് 3) മൂന്നാം സീസണ്‍ ആരംഭിച്ചു. ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ലോകവിപണിയിലെത്താന്‍ സഹായിക്കുന്ന സംരംഭമാണിത്. 2025 ഓടെ ഇന്ത്യയില്‍ നിന്ന് 20 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി നേടാനുള്ള ശ്രമമാണ് പ്രൊപ്പല്‍ എസ് 3.

മോട്ടറോളയുടെ പുതിയ ഹാന്‍ഡ്സെറ്റ് മോട്ടോ ജി13 ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇതൊരു 4ജി സ്മാര്‍ട് ഫോണാണ്. 9,499 രൂപയാണ് വില. പുതിയ ഹാന്‍ഡ്സെറ്റ് ഏപ്രില്‍ 4 മുതല്‍ ഫ്ലിപ്കാര്‍ട്ട് വഴി വാങ്ങാം. 64 ജിബി സ്റ്റോറേജ് മോഡലിന്റെ വിലയാണിത്. മുന്‍പ് നിരവധി ബജറ്റ് ഫോണുകളില്‍ ഉപയോഗിച്ചിട്ടുള്ള മീഡിയടെക് ഹീലിയോ ജി85 പ്രോസസര്‍ ആണ് മോട്ടോ ജി13 ന് കരുത്ത് പകരുന്നത്. ആന്‍ഡ്രോയിഡ് 13 ഒഎസിലാണ് മോട്ടോ ജി13 പ്രവര്‍ത്തിക്കുന്നത്. 576ഹെര്‍ട്സ് ടച്ച് സാമ്പിള്‍ റേറ്റും 89.47 ശതമാനം സ്‌ക്രീന്‍-ടു-ബോഡി റേഷ്യോയുമുള്ള 6.5 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേയുമായാണ് മോട്ടോ ജി13 വരുന്നത്. എല്‍സിഡി സ്‌ക്രീനിന് 90ഒ്വ ആണ് റിഫ്രഷ് റേറ്റ്. ഡിസ്പ്ലേ പാനലിന് പ്രത്യേക ഗ്ലാസ് സംരക്ഷണവും ഉണ്ട്. 5,000 എംഎഎച്ച് ആണ് ബാറ്ററി. എന്നാല്‍, 10വാട്ട് ചാര്‍ജിങ് ശേഷി മാത്രമാണ് ഈ ഹാന്‍ഡ്സെറ്റിന് ലഭിക്കുന്നത്. മോട്ടോ ജി 13 ന് പിന്നില്‍ 50 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയുണ്ട്. ഇതിന് 2-മെഗാപിക്സല്‍ ഡെപ്ത് സെന്‍സറും 2-മെഗാപിക്സല്‍ മാക്രോ യൂണിറ്റും പിന്തുണയ്ക്കുന്നു. മുന്‍വശത്ത്, സെല്‍ഫികള്‍ക്കായി 8 മെഗാപിക്സല്‍ ക്യാമറയും ഉള്‍പ്പെടുത്തിയിരിക്കുന്നു.

മണിരത്നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്റെ രണ്ടാം ഭാഗമായ ‘പി. എസ്.-2’ വിന്റെ ട്രെയിലര്‍ പുറത്ത്. വിക്രം, കാര്‍ത്തി, ജയം രവി, ഐശ്വര്യ റായ്, തൃഷ, റഹ്‌മാന്‍, പ്രഭു, ജയറാം, ശരത് കുമാര്‍, വിക്രം പ്രഭു, ബാബു ആന്റണി, റിയാസ് ഖാന്‍, ലാല്‍, അശ്വിന്‍ കാകുമാനു, ശോഭിതാ ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഏപ്രില്‍ 28-ന് ചിത്രം ലോകമെമ്പാടും ചിത്രം റിലീസ് ചെയ്യും. സാഹിത്യകാരന്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ വിശ്വപ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്നം ‘പൊന്നിയിന്‍ സെല്‍വന്‍’ ഒരുക്കിയിരിക്കുന്നത്. ആദ്യഭാഗം വമ്പന്‍ ഹിറ്റായതിനാല്‍ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. എ.ആര്‍ റഹ്‌മാന്റെ സംഗീതവും രവി വര്‍മ്മന്റെ ഛായാഗ്രഹണവും തോട്ടാ ധരണിയുടെ കലാ സംവിധാനവും ‘പൊന്നിയിന്‍ സെല്‍വ’നിലെ ആകര്‍ഷക ഘടകങ്ങളാണ്. ലൈക്കാ പ്രൊഡക്ഷന്‍സും മദ്രാസ് ടാക്കീസും സംയുക്തമായി നിര്‍മിക്കുന്ന ‘പൊന്നിയിന്‍ സെല്‍വന്‍-2’ തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളില്‍ റിലീസ് ചെയ്യും.

സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മദനോത്സവം’ ടീസര്‍ പുറത്തിറങ്ങി. മദനന്‍ എന്ന കഥാപാത്രമായി എത്തുന്ന സുരാജ് ഇപ്രാവശ്യം പ്രേക്ഷകരെ ചിരിപ്പിക്കാന്‍ ആണ് എത്തുന്നത് എന്ന് ടീസറില്‍ നിന്ന് വ്യക്തമാണ്. ഇ സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന് ശേഷം രതീഷ് തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് ‘മദനോത്സവം’. വിഷുവിന് ചിത്രം തിയേറ്ററുകളില്‍ എത്തും. ഭാമ അരുണ്‍, രാജേഷ് മാധവന്‍, പി പി കുഞ്ഞികൃഷ്ണന്‍, രഞ്ജി കാങ്കോല്‍, രാജേഷ് അഴിക്കോടന്‍, ജോവല്‍ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രന്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്നു. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിതാണ് ചിത്രത്തിന്റെ നിര്‍മാതാവ്.

മാരുതി സുസുക്കി ഇന്ത്യ 1986-87ല്‍ വിദേശ കയറ്റുമതി ആരംഭിച്ചതിനു ശേഷം ഇതുവരെ മൊത്തം 25 ലക്ഷം വാഹനങ്ങള്‍ കയറ്റുമതി ചെയ്തതായി കമ്പനി അറിയിച്ചു. ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ അയല്‍ വിപണികളിലേക്ക് 1986-87 ല്‍ കയറ്റുമതി ആരംഭിച്ച കമ്പനി നിലവില്‍ ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, ഏഷ്യ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലെ വിപണികള്‍ ഉള്‍പ്പെടെ 100 ഓളം രാജ്യങ്ങളിലേക്ക് വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. 1987 സെപ്തംബറില്‍ 500 കാറുകളുമായി ആദ്യത്തെ വലിയ കയറ്റുമതി ഹംഗറിയിലേക്കാണ് നടത്തിയത്. ദൃഢമായ പ്രതിബദ്ധത ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്ന് ലാറ്റിനമേരിക്കയിലേക്ക് അയച്ച മാരുതി സുസുക്കി ബലേനോയാണ് ഈ 25 ലക്ഷം വാഹനങ്ങളില്‍ ഒടുവില്‍ കയറ്റുമതി ചെയ്തത്. 35 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ 25 ലക്ഷം വാഹനങ്ങള്‍ എന്ന നേട്ടം ഇന്ത്യന്‍ മേക്ക്-ഇന്‍-ഇന്ത്യ സംരംഭത്തോടുള്ള മാരുതി സുസുക്കിയുടെ ദൃഢമായ പ്രതിബദ്ധത തെളിയിക്കുന്നുവെന്ന് മാരുതി സുസുകി ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഹിസാഷി ടെക്യൂച്ചി പറഞ്ഞു. നിലവില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രാ വാഹനങ്ങളുടെ കയറ്റുമതിയില്‍ ഒന്നാം സ്ഥാനം മാരുതി സുസുക്കിക്കാണ്.

ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരേ പോരാടി ജീവത്യാഗം ചെയ്ത ആദിവാസി സ്വാതന്ത്ര്യസമരപോരാളികളായ താംത്യാ ഭീല്‍, കാലുഭായ് ഭീല്‍, ബാജിറാവ്, ബിര്‍സ മുണ്ട, ഹോന്യ കേംഗ്ലേ, ഖാജ്യാ നായ്ക്ക്, രാംജി ഭാംഗ്രാ, ചന്ദ്രയ്യ, ഭാഗോജി നായ്ക്ക്, ബാപ്പുറാവ്, റാണി ഗായ്ഡിന്‍ലു, വൃധു ഭഗത്, തീര്‍ത്ഥ് സിങ്, തില്‍ക്കാ മാഝി, തലയ്ക്കല്‍ ചന്തു… ചരിത്രത്തിലോ സ്വാതന്ത്ര്യസമരപഠനങ്ങളിലോ വീരകഥകളിലോ സ്ഥാനം ലഭിക്കാതെ മറഞ്ഞുപോയ ധീരസമരനായകന്‍മാരെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന പുസ്തകം. ഉണ്ണി അമ്മയമ്പലത്തിന്റെ ഏറ്റവും പുതിയ ബാലസാഹിത്യകൃതി. ചിത്രീകരണം – ഷജില്‍കുമാര്‍ കെ.എം. ‘ആദ്യകാല സ്വാതന്ത്ര്യസമരപോരാളികള്‍ കുട്ടികള്‍ക്ക്’. മാതൃഭൂമി ബുക്സ്. വില 168 രൂപ.

രാവിലെ വെറുംവയറ്റില്‍ വെള്ളം കുടിക്കുന്നതു വഴി അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങളാണ് ലഭിക്കുന്നത്. രാവിലെ വെള്ളം കുടിക്കുന്നതിലൂടെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. വെറും വയറ്റില്‍ വെള്ളം കുടിച്ചതു കൊണ്ടു മാത്രം മെറ്റബോളിസം 24 ശതമാനം വേഗത്തിലാകുന്നു. കൂടാതെ ദഹനവും മെച്ചപ്പെടുന്നു. അസിഡിറ്റി ഉണ്ടെങ്കിലോ എരിവ് കൂടിയ ഭക്ഷണം കൂടുതലായി കഴിച്ചാലോ നെഞ്ചെരിച്ചിലും ആസിഡ് റിഫ്ലക്സും ഉണ്ടാകാം. രാവിലെ വെറുംവയറ്റില്‍ വെള്ളം കുടിക്കുന്നതു വഴി നെഞ്ചെരിച്ചില്‍ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സാധിക്കും. ഉപാപചയ പ്രവര്‍ത്തനവും ദഹനവും മെച്ചപ്പെടുത്തുക വഴി ശരീരഭാരം കുറയ്ക്കാനും വെറുംവയറ്റില്‍ വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും. വയറിലെ വിഷാംശങ്ങളെല്ലാം നീക്കംെചയ്യപ്പെടുന്നു. രോഗപ്രതിരോധശക്തി മെച്ചപ്പെടുന്നു. ഇടയ്ക്കിടെ രോഗം വരാതെ തടയാനും ഇത് സഹായിക്കുന്നു. ഉദരത്തിലെ ആസിഡുകളെ അടക്കി നിര്‍ത്താനും വൃക്കകളില്‍ കല്ല് ഉണ്ടാകാതെ തടയാനും രാവിലെ വെള്ളം കുടിക്കുന്നതു വഴി സാധിക്കുന്നു. രാവിലെ വെറുംവയറ്റില്‍ വെള്ളം കുടിക്കുന്നത് ചര്‍മപ്രശ്നങ്ങള്‍ അകറ്റും. ചര്‍മം വരണ്ടതാകാതെ സംരക്ഷിക്കും. തലമുടിയുടെ ടെക്സ്ചര്‍ മെച്ചപ്പെടുത്താനും ആരോഗ്യമേകാനും രാവിലെയുള്ള വെള്ളംകുടി സഹായിക്കും. രാവിലെ വെളളം കുടിച്ചാല്‍ ഊര്‍ജനില മെച്ചപ്പെടും. ഉന്മേഷം ഉണ്ടാകും. ഡീഹൈഡ്രേഷന്‍ മൂലം ഒരു മന്ദതയും ഓര്‍മക്കുറവും എല്ലാം ഉണ്ടാകും. രാവിലെ വെറുംവയറ്റില്‍ വെള്ളം കുടിക്കുക വഴി തലച്ചോറിന് ശരിയായി പ്രവര്‍ത്തിക്കാന്‍ സാധിക്കുകയും ദിവസം മുഴുവന്‍ ആക്റ്റീവ് ആയിരിക്കാന്‍ സാധിക്കുകയും ചെയ്യും.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.18, പൗണ്ട് – 101.35, യൂറോ – 89.01, സ്വിസ് ഫ്രാങ്ക് – 89.59, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.12, ബഹറിന്‍ ദിനാര്‍ – 217.94, കുവൈത്ത് ദിനാര്‍ -268.09, ഒമാനി റിയാല്‍ – 213.50, സൗദി റിയാല്‍ – 21.89, യു.എ.ഇ ദിര്‍ഹം – 22.38, ഖത്തര്‍ റിയാല്‍ – 22.58, കനേഡിയന്‍ ഡോളര്‍ – 60.66.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *