yt cover 5

കാമറ വേട്ട ഇന്നു മുതല്‍. ഇരുചക്രവാഹനങ്ങളില്‍ 12 വയസിനു താഴെയുള്ള കുട്ടികളെ മൂന്നാമത്തെ യാത്രക്കാരായി കണക്കാക്കി പിഴ ചുമത്തില്ലെന്നു ഗതാഗതമന്ത്രി ആന്റണി രാജു. ഇരുചക്ര വാഹനത്തില്‍ കുട്ടിയായാലും മൂന്നാമതൊരാള്‍ നിയമവിരുദ്ധമാണെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരി വ്യക്തമാക്കിയതിനു പിറകേയാണ് വിശദീകരണം. കേന്ദ്രനിമയത്തില്‍ ഭേദഗതി വേണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നു രാവിലെ എട്ടു മുതല്‍ എഐ ക്യാമറ വഴി ഗതാഗത നിയമലംഘനത്തിന് പിഴ ഈടാക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

റോഡ് കാമറയില്‍ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്കു വിഐപി വാഹനങ്ങള്‍ക്ക് ഇളവില്ലെന്ന് മന്ത്രി ആന്റണി രാജു. താനടക്കം ആരും നിയമം ലംഘിച്ചാലും പിഴ അടയ്ക്കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.

ഒഡിഷ ട്രെയിന്‍ അപകടം സിബിഐ അന്വേഷിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. അപകടത്തില്‍ മരിച്ച 275 പേരില്‍ ഇരുന്നൂറോളം പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. തിരിച്ചറിയുന്നതിനായി ചിത്രങ്ങള്‍ ഒഡിഷ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

കേന്ദ്രമന്ത്രി അമിത് ഷാ കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ പ്രസിഡന്റ് ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തുമായി ചര്‍ച്ച നടത്തി. അമിത് ഷാ ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു കൂടിക്കാഴ്ച. കൊച്ചിയില്‍ അമൃത ആശുപത്രി സില്‍വര്‍ ജൂബിലി ഉദ്ഘാടന ചടങ്ങിനുശേഷം മടങ്ങുന്നതിനിടെ മാരിയറ്റ് ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. ആര്‍ച്ച്ബിഷപ്പുമൊത്തുള്ള ഫോട്ടോ അമിത് ഷാ ട്വിറ്ററിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.

രാജ്യത്തെ മെഡിക്കല്‍ കോളേജുകളുടെ എണ്ണം 648 ആയി വര്‍ധിപ്പിച്ചെന്നും കൊവിഡ് വാക്‌സിനേഷന്‍ യജ്ഞം ലോകത്തിന് മാതൃക ആയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ സില്‍വര്‍ ജൂബിലി ആഘോഷവും ഗവേഷണ കേന്ദ്രങ്ങളുടെ ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 25 കോടി രൂപയുടെ സൗജന്യ ചികിത്സ സഹായ പദ്ധതി നടപ്പാക്കുമെന്ന് അമൃത ആശുപത്രി അറിയിച്ചു. സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോര്‍ജ്, കൃഷി മന്ത്രി പി പ്രസാദ് എന്നിവരും പങ്കെടുത്തു.

ഇന്നു ലോക പരിസ്ഥിതി ദിനം. വിദ്യാലയങ്ങളിലും വിവിധ സന്നദ്ധ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലും പരിസ്ഥിതി സംരക്ഷണ പരിപാടികളും തൈകള്‍ നട്ടുപിടിപ്പിക്കല്‍ യജ്ഞവും.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

കെ-ഫോണ്‍ ഉദ്ഘാടനം ഇന്ന്. വൈകുന്നേരം നാലിനു നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ആദ്യഘട്ടത്തില്‍ 30,000 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഒരു മണ്ഡലത്തില്‍ നൂറു വീടുകള്‍ക്ക് എന്ന തോതില്‍ 14,000 വീടുകള്‍ക്കുമാണു കണക് ഷന്‍ നല്‍കുന്നത്. സംസ്ഥാനത്തെ സാമ്പത്തികമായി പിന്നാക്കമുള്ള 20 ലക്ഷം കുടുംബങ്ങള്‍ക്കു സൗജന്യമായും മറ്റുള്ളവര്‍ക്കു മിതമായ നിരക്കിലും ഇന്റര്‍നെറ്റ് സേവനം നല്‍കുമെന്നാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ വാഗ്ദാനം.

ഇന്നത്തെ എറണാകുളം- ഹൗറ അന്ത്യോദയ എക്സ്പ്രസ് റദ്ദാക്കി. ഒഡീഷ ട്രെയിന്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് രാത്രി 11.20 നു പുറപ്പെടേണ്ട ട്രെയിന്‍ റദ്ദാക്കിയത്.

‘അഴിമതി ക്യാമറ’യുടെ മറവില്‍ സാധാരണക്കാരന്റെ പോക്കറ്റടിക്കുന്നത് മുഖ്യമന്ത്രിയുടെ സ്വന്തക്കാരുടെ പള്ള വീര്‍പ്പിക്കാനാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. റോഡുകള്‍ സഞ്ചാരയോഗ്യമാക്കാതെയാണ് അഴിമതി പദ്ധതി നടപ്പാക്കുന്നത്. അദ്ദേഹം പറഞ്ഞു.

കൊല്ലം എഗ്മോര്‍ എക്സ്പ്രസ് ട്രെയിനിന്റെ കംപാര്‍ട്ടുമെന്റില്‍ വിള്ളല്‍. കൊല്ലത്തുനിന്ന് ഉച്ചയ്ക്കു പുറപ്പെട്ട ട്രെയിന്‍ ചെങ്കോട്ടയില്‍ എത്തിയപ്പോഴാണ് എസ്- മൂന്ന് കോച്ചിന്റെ അടിഭാഗത്തു വിള്ളല്‍ കണ്ടത്. യാത്രക്കാരെ മറ്റ് ബോഗികളിലേക്കു മാറ്റിയാണ് യാത്ര പുനരാരംഭിച്ചത്.

മലപ്പുറം പെരുമ്പടപ്പില്‍ ഭക്ഷ്യവിഷബാധയേറ്റ് 140 പേര്‍ ചികിത്സ തേടി. എരമംഗലത്ത് ഓഡിറ്റോറിയത്തില്‍ നടന്ന അയിരൂര്‍ സ്വദേശിയുടെ വിവാഹത്തില്‍ പങ്കെടുത്ത് മയോണൈസ് കഴിച്ചവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.

കൊല്ലം പുനലൂരില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ സുമേഷിനെ കുത്തിയതു സിപിഎം കൗണ്‍സിലറായ അരവിന്ദാക്ഷനാണെന്നു മരണമൊഴി. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപി ഇന്നു പുനലൂരില്‍ കരിദിനം ആചരിക്കും.

റിട്ടയേര്‍ഡ് കെഎസ്ഇബി ഓവര്‍സിയറായ എണ്‍പതുകാരന്റെ എടിഎം കാര്‍ഡ് തട്ടിയെടുത്ത് അഞ്ചു മാസത്തിനിടെ 10 ലക്ഷം രൂപ പിന്‍വലിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചുനക്കര കരിമുളയ്ക്കല്‍ രമ്യ ഭവനത്തില്‍ രമ്യ (38) യെയാണ് അറസ്റ്റ് ചെയ്തത്. താമരക്കുളം ചാരുംമൂട് സ്വദേശി നൈനാര്‍ മന്‍സിലില്‍ അബ്ദുല്‍ റഹിമാന്റെ പണമാണ് തൊട്ടടുത്ത കുടുംബവീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന രമ്യ തട്ടിയെടുത്തത്.

തൃശൂര്‍ കൂനംമൂച്ചിയില്‍ എംഡിഎംഎയുമായി രണ്ടു യുവതികള്‍ പിടിയിലായി. കണ്ണൂര്‍ സ്വദേശിനി പ്രിയ, തൃശൂര്‍ സ്വദേശിനി സുരഭി എന്നിവരാണ് അറസ്റ്റിലായത്.

ബലാല്‍സംഗത്തിന് ഇരയായെന്ന വീട്ടമ്മയുടെ പരാതി വ്യാജമെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് പ്രതിയായ യുവാവിനെ കോടതി വെറുതെ വിട്ടു. എടവണ്ണ പന്നിപ്പാറ സ്വദേശി മുഹമ്മദ് അഷ്റഫ് (30) -നെയാണ് മഞ്ചേരി ഫാസ്റ്റ് ട്രാക് സ്പെഷ്യല്‍ കോടതി വെറുതെ വിട്ടത്.

പച്ച സിഗ്നല്‍ കണ്ട ശേഷമാണ് ട്രെയിന്‍ മുന്നോട്ടെടുത്തതെന്ന് ഒഡിഷയില്‍ അപകടത്തില്‍പ്പെട്ട കൊറമണ്ഡല്‍ ട്രെയിനിന്റെ ലോക്കോ പൈലറ്റ്. ട്രെയിനിന്റെ വേഗത അമിതമായി വര്‍ധിപ്പിച്ചിട്ടില്ലെന്നും പരിക്കേറ്റ് ചികിത്സയിലുള്ള ലോക്കോ പൈലറ്റ് മൊഴി നല്‍കി. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് മുന്നോട്ടു പോയതെന്നും ലോക്കോ പൈലറ്റ് അറിയിച്ചു.

മൂന്നു ട്രെയിനുകള്‍ കൂട്ടിയിടിച്ചെന്ന പ്രചാരണം ശരിയല്ലെന്ന് റെയില്‍വേ അറിയിച്ചു. കൊറാമാണ്ഡല്‍ എക്സ്പ്രസ് മാത്രമാണ് അപകടത്തില്‍ പെട്ടതെന്ന് റെയില്‍വേ ബോര്‍ഡംഗം ജയ വര്‍മ സിന്‍ഹ. ഗുഡ്സ് ട്രെയിനുള്ള ട്രാക്കിലേക്കു തെറ്റിക്കയറിയ കൊറാമാണ്ഡല്‍ എക്സ്പ്രസ് ഇരുമ്പു നിറച്ച ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. കൊച്ചുകള്‍ അടുത്ത പാളങ്ങളിലേക്കു വീണു. അതുവഴി വന്ന ബംഗളൂരു – ഹൗറ എക്സ്പ്രസ് കൊറാമാണ്ഡലിന്റെ പാളം തെറ്റിയ കോച്ചുകളില്‍ ഇടിക്കുകയായിരുന്നു. അനുവദനീയമായ 128 കിലോമീറ്ററായിരുന്നു കൊറാമാണ്ഡലിന്റെ വേഗത. അവര്‍ പറഞ്ഞു.

ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ റെയില്‍വേ അംഗീകരിച്ച മരണക്കണക്കില്‍ സംശയമുണ്ടെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനജി. ട്രെയിനില്‍ ഉണ്ടായിരുന്ന ബംഗാളികളായ 182 പേരെക്കുറിച്ച് ഇനിയും വിവരമില്ലെന്ന് മമതാ ബാനര്‍ജി പറഞ്ഞു. 62 പേരുടെ മൃതദേഹങ്ങള്‍ ബംഗാളിലേക്ക് എത്തിച്ചിട്ടുണ്ട്. എന്നാല്‍ 182 പേരെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നു മമത പറഞ്ഞു.

ട്രെയിന്‍ ദുരന്തത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സ്‌കൂള്‍ വിദ്യാഭ്യാസ ചെലവ് അദാനി ഗ്രൂപ്പ് ഏറ്റെടുക്കുമെന്ന് ഗൗതം അദാനി.

ഒഡിഷയിലെ ബാലേസോറില്‍ ട്രെയിന്‍ ദുരന്തം നടന്ന സ്ഥലത്തെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയ പാളങ്ങളിലൂടെ ആദ്യ ട്രെയിന്‍ കടത്തിവിട്ടു. ചരക്ക് ട്രെയിനാണ് കടത്തി വിട്ടത്. ഇന്നത്തോടെ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കും.

ഒഡിഷ ട്രെയിന്‍ ദുരന്തത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് സര്‍ക്കാരിന് ഒളിച്ചോടാനാകില്ലെന്നു രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി അടിയന്തരമായി റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെടണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിക്കു ചുറ്റും രക്ഷാകവചമുണ്ട്, എന്നാല്‍ ജനങ്ങള്‍ക്കു യാത്ര ചെയ്യാന്‍ സുരക്ഷ നല്‍കുന്നില്ലെന്ന ആരോപണവുമായി കോണ്‍ഗ്രസ്. ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം ചെയ്യാന്‍ ഓടിനടക്കുന്ന പ്രധാനമന്ത്രി പാവപ്പെട്ടവര്‍ക്കു യാത്രചെയ്യാനുള്ള ട്രെയിനുകളില്‍ മതിയായ കംപാര്‍ട്ടുമെന്റുകള്‍പോലും നല്‍കുന്നില്ലെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര കുറ്റപ്പെടുത്തി.

ബിഹാറില്‍ 1700 കോടി രൂപ ചെലവിട്ടു നിര്‍മിക്കുന്ന പാലം തകര്‍ന്നുവീണു. ഭാഗല്‍പൂരിലെ അഗുവാനി – സുല്‍ത്താന്‍ഗഞ്ച് പാലമാണു ഗംഗാനദിയിലേക്ക് തകര്‍ന്ന് വീണത്. ആളപായമില്ല. 2015 ല്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് പാലത്തിന് തറക്കല്ലിട്ടത്.

വിവാഹേതര ബന്ധം ആരോപിച്ച് ഭാര്യയെ കൊലപ്പെടുത്തി തലയറുത്ത് മൃതദേഹം ബാഗിലാക്കി കടലില്‍ തള്ളിയ ഭര്‍ത്താവ് അറസ്റ്റില്‍. 23-കാരിയായ അഞ്ജലിയെ കൊലപ്പെടുത്തിയ സെക്യൂരിറ്റി ജീവനക്കാരനായ മിന്റു സിങ്ങും സഹോദരനുമാണ് അറസ്റ്റിലായത്. ഭയന്ദറിലെ ഉത്താന്‍ ബീച്ചിലാണ് മൃതദേഹം കണ്ടെടുത്തത്.

പതഞ്ജലി ഫുഡ്സിന്റെ 2023 മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ അറ്റാദായം 12.5 ശതമാനം ഉയര്‍ന്ന് 263.7 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേകാലയളവില്‍ 234 കോടി രൂപയായിരുന്നു ലാഭം. പ്രവര്‍ത്തനങ്ങളില്‍നിന്നുള്ള വരുമാനം 18.1 ശതമാനം ഉയര്‍ന്ന് 7872.9 കോടി രൂപയിലെത്തി. എഫ്എംസിജി കമ്പനി റിപ്പോര്‍ട്ടിംഗ് കാലയളവില്‍ 416 കോടി രൂപ എബിറ്റ്ഡ നേടിയിട്ടുണ്ട്. മുന്‍ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത 418 കോടിയില്‍ നിന്ന് നേരിയ തോതില്‍ കുറഞ്ഞു. സെഗ്മെന്റ് തിരിച്ച്, ഭക്ഷണം, എഫ്എംസിജി വിഭാഗങ്ങളില്‍ നിന്നുള്ള വരുമാനം നാലാം പാദത്തില്‍ 1,805 കോടി രൂപയായി, ഒരു വര്‍ഷം മുമ്പ് 452 കോടി രൂപയായിരുന്നു. ഭക്ഷ്യ എണ്ണ വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 6,201.78 കോടി രൂപയില്‍ നിന്ന് 2% കുറഞ്ഞ് 6,058.98 കോടി രൂപയായി. 2023 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 2 രൂപ മുഖവിലയുള്ള ഓരോ ഇക്വിറ്റി ഷെയറിനും 6 രൂപ (300 ശതമാനം) ലാഭവിഹിതം ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. 2023 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം വരുമാനം 24,284.38 കോടി രൂപയില്‍ നിന്ന് 31 ശതമാനം ഉയര്‍ന്ന് 31,821 കോടി രൂപയായി. ഇതേ കാലയളവില്‍ പിഎടി 10 ശതമാനം ഉയര്‍ന്ന് 886 കോടി രൂപയായി.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം വിജയ് എന്ന് സിനിമാ വൃത്തങ്ങള്‍. വാരിസിന്റെ വന്‍ വിജയമാണ് വിജയിനെ ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള താരമാക്കി മാറ്റിയതെന്നാണ് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തമിഴിലും മലയാളത്തിലെ ലക്ഷക്കണക്കിന് ആരാധാകര്‍ ഉള്ള നടനാണ് വിജയ്. വാരിസിന്റെ വിജയത്തോടെ പുതിയ സിനിമക്ക് വിജയിനുള്ള പ്രതിഫലം 200 കോടിയാണെന്നാണ് സൂചന. പ്രഭാസ്, ജൂനിയര്‍ എന്‍.ടി.ആര്‍, രാം ചരണ്‍, യാഷ് തുടങ്ങിയ തെന്നിന്ത്യന്‍ താരങ്ങള്‍ക്കാര്‍ക്കും ഇത്രയും പ്രതിഫലമില്ല. ലോകേഷ് കനകരാജിന്റെ ലിയോ, വെങ്കിട് പ്രഭു ചിത്രം ദളപതി 68 എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന വിജയ് ചിത്രങ്ങള്‍. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നവയാണിത്. ലോകേഷിന്റെ ലിയോക്ക് ശേഷമാകും വിജയ് വെങ്കിട് പ്രഭു ചിത്രത്തില്‍ വിജയ് ജോയിന്‍ ചെയ്യുക. ഒക്ടോബര്‍ 19-നാണ് ലിയോ പ്രദര്‍ശനത്തിനെത്തുന്നത്.

ഫോറന്‍സിക്കിന്റെ മികച്ച വിജയത്തിനുശേഷം സംവിധായകന്‍ അഖില്‍ പോള്‍ – അനസ്ഖാന്‍, നിര്‍മ്മാതാവ് രാജു മല്യത്ത് ടൊവിനോ തോമസ് എന്നിവര്‍ ഒരുമിക്കുന്ന ‘ഐഡന്റിറ്റി’ എന്ന ചിത്രത്തിന്റെ ചിത്രീകരണം സെപ്തംബറില്‍ ആരംഭിക്കും. എറണാകുളം, ബംഗളൂരു, മൗറീഷ്യസ് എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷന്‍. മഡോണ സെബാസ്റ്റ്യന്‍ ആണ് ചിത്രത്തിലെ നായിക. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ വന്‍ താരനിര അണിനിരക്കുന്നു. രാഗം മൂവിസിന്റെ ബാനറില്‍ രാജു മല്യത്ത് സെഞ്ച്വറി കൊച്ചുമോനുമായി ചേര്‍ന്നാണ് നിര്‍മ്മാണം. അഖില്‍ പോളും അനസ് ഖാനും ചേര്‍ന്ന് തിരക്കഥ എഴുതി സംവിധാനം ചെയ്ത് 2020ല്‍ റിലീസ് ചെയ്ത ചിത്രമാണ് ഫോറന്‍സിക്. അതേസമയം നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന അന്വേഷിപ്പിന്‍ കണ്ടെത്തും പൂര്‍ത്തിയാക്കിയ ടൊവിനോ തോമസ് ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന നടികര്‍ തിലകത്തില്‍ ആണ് ഇനി അഭിനയിക്കുക.

വില്‍പന കണക്കുകളില്‍ ചരിത്രം തിരുത്തി ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടര്‍. മേയ് മാസം 20410 യൂണിറ്റ് വാഹനങ്ങളാണ് ടൊയോട്ട വിറ്റത്. കഴിഞ്ഞ വര്‍ഷം മേയ് മാസത്തെ അപേക്ഷിച്ച് 110 ശതമാനം വളര്‍ച്ച നേടി. 2022 മേയ് മാസത്തിലെ വില്‍പന 10216 യൂണിറ്റായിരുന്നു. ടൊയോട്ട കിര്‍ലോസ്‌കറിന്റെ എക്കാലത്തേയും ഏറ്റവും ഉയര്‍ന്ന മാസ വില്‍പനയും കഴിഞ്ഞ മാസം തന്നെയായിരുന്നു. 20410 യൂണിറ്റുകളില്‍ 1031 യൂണിറ്റ് അര്‍ബന്‍ ക്രൂസറുകള്‍ ടൊയോട്ട കയറ്റി അയച്ചു. ഏപ്രിലിലെ അപേക്ഷിച്ച് 32 ശതമാനം വളര്‍ച്ചയാണ് ടൊയോട്ട നേടിയത്. ഏപ്രില്‍ മാസത്തെ വില്‍പന 15510 യൂണിറ്റായിരുന്നു. ജനുവരി മുതല്‍ മേയ് വരെയുള്ള കാലയളവില്‍ 82763 യൂണിറ്റ് വാഹനങ്ങള്‍ ടൊയോട്ട വിറ്റു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ വില്‍പന 58505 യൂണിറ്റായിരുന്നു. വളര്‍ച്ച 42 ശതമാനം. മാരുതി സുസുക്കിയുമായി ചേര്‍ന്ന് വികസിപ്പിച്ച് അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡറും ഇന്നോവയുടെ പുതിയ വകഭേദം ഹൈക്രോസിന്റേയും മികച്ച പ്രകടനമാണ് പുതിയ ഉയരങ്ങള്‍ കീഴടക്കാന്‍ ടൊയോട്ടയെ സഹായിച്ചത്.

ഒരറേബ്യന്‍ ചൊല്ലിലെ വിവേകംപോലെ എല്ലാ പാതകളും നടത്തത്തിലൂടെയാണുണ്ടാവുന്നത്. സഞ്ചരിക്കുന്തോറും പുതുവഴികള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. നാട്ടുനന്മകളിലേക്കും പാരിസ്ഥിതികവിവേകത്തിലേക്കുമുള്ള പ്രയാണമാവണം അത്. മനുഷ്യനും തന്റെ ജീവിതപരിസരവുമായുള്ള അഭേദ്യമായ ബന്ധത്തെ പ്രതിഫലിപ്പിക്കുന്ന ലേഖനങ്ങളുടെ സമാഹാരം. നാട്ടുനന്മകളുടെ ഉറവിടങ്ങളിലേക്കും പാരിസ്ഥിതിക വിവേകത്തിലേക്കും ചെന്നെത്തേണ്ട യാത്രകളെക്കുറിച്ച്

ഓര്‍മ്മപ്പെടുത്തുന്ന പുസ്തകം. ‘എങ്ങോട്ടുമില്ലാത്ത പാതകള്‍’. ഡോ. മുരളി ശിവരാമകൃഷ്ണന്‍. പരിഭാഷ – ആര്‍. ജയറാം. മാതൃഭൂമി. വില 221 രൂപ.

ദിവസവും ഒരു മള്‍ട്ടിവൈറ്റമിന്‍ ഗുളിക വീതം കഴിക്കുന്നത് പ്രായമായവരിലെ ഓര്‍മശക്തിയെ മെച്ചപ്പെടുത്തുമെന്ന് പുതിയ പഠനം. അമേരിക്കയിലെ വിവിധ സര്‍വകലാശാലകളിലെയും ഗവേഷണ കേന്ദ്രങ്ങളിലെയും ശാസ്ത്രജ്ഞര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്. ഗവേഷണ ഫലം അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ചു. 60 വയസ്സിന് മുകളില്‍ പ്രായമുള്ള 3500 പേരില്‍ മൂന്നു വര്‍ഷം കൊണ്ടാണ് ഗവേഷണം നടത്തിയത്. ഇവരില്‍ പകുതി പേര്‍ക്ക് ദിവസവും ഒരു മള്‍ട്ടിവൈറ്റമിന്‍ സപ്ലിമെന്റ് വീതവും പകുതി പേര്‍ക്ക് പ്ലാസെബോയും നല്‍കി. മൂന്ന് വര്‍ഷത്തിന് ശേഷം ഇവരുടെ ഹ്രസ്വകാല ഓര്‍മയെ വിലയിരുത്താനുള്ള ഓണ്‍ലൈന്‍ കോഗ്നിറ്റീവ് പരിശോധന നടത്തി. മള്‍ട്ടിവൈറ്റമിന്‍ കഴിച്ച സംഘത്തിന് കഴിക്കാത്ത സംഘത്തെ അപേക്ഷിച്ച് ഓര്‍മശേഷിയില്‍ നേരിയ പുരോഗതിയുണ്ടായതായി ഗവേഷകര്‍ നിരീക്ഷിച്ചു. പ്രായമാകുമ്പോള്‍ ധാരണശേഷിയില്‍ ഉണ്ടാകുന്ന മങ്ങല്‍ ഇവര്‍ക്ക് താരതമ്യേന കുറവായിരുന്നതായും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ പുതിയ വസ്തുക്കളെ തിരിച്ചറിയാനോ കാര്യങ്ങള്‍ ആസൂത്രണം ചെയ്യാനോ ഉള്ള ശേഷിയിലൊന്നും മള്‍ട്ടിവൈറ്റമിന്റെ ഉപയോഗം മാറ്റങ്ങള്‍ വരുത്തുന്നതായി പഠനത്തില്‍ കണ്ടെത്താന്‍ സാധിച്ചില്ല. അതേ സമയം ഓര്‍മശക്തിയിലുള്ള മള്‍ട്ടിവൈറ്റമിന്‍ സപ്ലിമെന്റിന്റെ സ്വാധീനം ഹൃദ്രോഗമുള്ളവരില്‍ കൂടുതല്‍ ശക്തമാണെന്നും ഗവേഷണ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. ചിലതരം ഭക്ഷണക്രമങ്ങള്‍ക്ക് ഓര്‍മശക്തിയെയും ധാരണശേഷിയെയുമെല്ലാം സംരക്ഷിക്കാന്‍ കഴിയുമെന്ന് മുന്‍പ് ചില പഠനങ്ങള്‍ കണ്ടെത്തിയിരുന്നു. ഉദാഹരണത്തിന് മെഡിറ്ററേനിയന്‍ ഡയറ്റും ഡാഷ് (ഡയറ്ററി അപ്രോച്ചസ് ടു സ്റ്റോപ്പ് ഹൈപ്പര്‍ടെന്‍ഷന്‍) ഡയറ്റും ചേര്‍ന്നുള്ള മൈന്‍ഡ് ഡയറ്റിന് ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

*ശുഭദിനം*

*കവിത കണ്ണന്‍*

1943 ല്‍ ചൈനയിലാണ് ഷാനന്‍ ജനിച്ചത്. മതപ്രവാചകരായിരുന്നു ഷാനന്റെ മാതാപിതാക്കള്‍. രണ്ടാംലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഷാനന്റെ മാതാപിതാക്കള്‍ അമേരിക്കയിലേക്ക് ചേക്കറി. കൊളംബസിനെ പോലെ ഒരു പര്യവേഷകയാകുക എന്നതായിരുന്നു അവളുടെ സ്വപ്നം. റോബര്‍ട്ട് ഗോര്‍ദാദ് എന്ന റോക്കറ്റ് ശാസ്ത്രജ്ഞനെക്കുറിച്ചുളള പുസ്തകം അവളുടെ സ്വപ്നത്തെ കൂടുതല്‍ തെളിമയാര്‍ന്നതാക്കിമാറ്റി. ഹൈസ്‌ക്കൂള്‍ പഠനശേഷം ഷാനന്‍ പൈലറ്റ് ലൈസന്‍സ് നേടി ഒപ്പം ബയോകെമിട്രിയില്‍ മാസ്റ്റേഴ്‌സും 1973 ല്‍ പിഎച്ച്ഡിയും സ്വന്തമാക്കി. അപ്പോഴാണ് 1976 ല്‍ നാസ ബഹിരാകാശയാത്രക്ക് വനിതകള്‍ക്ക് കൂടി അവസരം നല്‍കുന്നുവെന്ന് അവര്‍ അറിഞ്ഞത്. പിന്നെ അതിനായി കഠിന പരിശ്രമങ്ങള്‍,. അങ്ങനെ ബഹിരാകാശദൗത്യത്തിനായി തിരഞ്ഞെടുത്ത ആദ്യ 6 വനിതകളില്‍ ഒരാളായി അവര്‍. വര്‍ഷങ്ങള്‍ നീണ്ടുനിന്ന പരിശീലനത്തിന് ശേഷം മിഷന്‍ സ്‌പെഷലിസ്റ്റായി ഷാനന്‍ ബഹിരാകാശത്തെത്തി. പിന്നീടവര്‍ നാസയുടെ മൂന്ന് ദൗത്യങ്ങളുടെ കൂടി ഭാഗമായി. 2007 ല്‍ തന്റെ അന്‍പത്തിമൂന്നാമത്തെ വയസ്സില്‍ ഷാനന്‍ ലൂസിഡിനെ തേടി ഒരു അംഗീകാരം എത്തി. ബഹിരാകാശത്ത് ഏറ്റവും അധിക സമയം ചെലവഴിച്ച വ്യക്തി. 2007 വരെ ഈ റെക്കോര്‍ഡ് ഷാനന്റെ പേരിലായിരുന്നു. 233 ദിവസമാണ് അവര്‍ ബഹിരാകാശത്ത് ചിലവഴിച്ചത്. MIR സ്പേസ് സ്റ്റേഷനില്‍ താമസിച്ച ഒരേയൊരു അമേരിക്കന്‍ വനിതയും ഷാനന്‍ ആയിരുന്നു. ജീവതത്തിന്റെ വഴിത്തിരിവുകള്‍ നിര്‍ണ്ണയിക്കാന്‍ ചിലപ്പോള്‍ ഒരു പുസ്തകത്തിനും സാധിക്കും. മനസ്സിലെ സ്വ്പനങ്ങള്‍ക്ക് കൂടുതല്‍ വെളിച്ചം പകരാന്‍…. സ്വപ്നത്തെ കയ്യെത്തിപ്പിടിക്കാന്‍ ഉള്ള പരിശ്രമങ്ങള്‍ കൂടിയുണ്ടെങ്കില്‍ ഒരിക്കല്‍ സ്വപ്നസാക്ഷാത്കാരത്തിന്റെ പുഞ്ചിരി നമുക്കും സ്വന്തമാക്കാന്‍ സാധിക്കുക തന്നെ ചെയ്യും – ശുഭദിനം .

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *