◾നടന് കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു. സുധി അടക്കമുള്ള താരങ്ങള്‍ സഞ്ചരിച്ച കാറും പിക്കപ്പ് വാനും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവര്‍ക്കും പരിക്കുണ്ട്. വടകരയില്‍നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങവേ, ഇന്നു പുലര്‍ച്ചെ നാലരയോടെ തൃശൂര്‍ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. കാര്‍ ഡ്രൈവര്‍ ഉറങ്ങിയതാകാം അപകട കാരണം. എയര്‍ബാഗ് മുറിച്ചാണ് കൊല്ലം സുധിയെ പുറത്തെടുത്തത്. സുധിയുടെ വേര്‍പാടില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു.
◾നാട്ടിലിറങ്ങി വിഹരിച്ച അരിക്കൊമ്പനെ തമിഴ്നാട് വനംവകുപ്പ് അധികൃതര്‍ മയക്കുവെടിവച്ചു. തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്തുവച്ചാണ് മയക്കുവെടിയേറ്റത്. കുങ്കിയാനകളുടെ സഹായത്തോടെ ലോറിയില്‍ കയറ്റി തിരുനെല്‍വേലി ജില്ലയിലെ പാപനാശം കാരയാര്‍ വനമേഖലയില്‍ തുറന്നുവിടും. അരിക്കൊമ്പനെ കൊണ്ടുപോയ വാഹനത്തെ പിന്തുടര്‍ന്ന മാധ്യമപ്രവര്‍ത്തകരെ പോലീസ് തടഞ്ഞു.
◾ലൈംഗിക
◾റോഡ് ക്യാമറകള്‍ പണി തുടങ്ങി. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ്, ഡ്രൈവിംഗിനിടെ ഫോണ്‍ സംസാരം തുടങ്ങിയ നിയമലംഘനങ്ങള്‍ക്കു പിഴ ഈടാക്കി തുടങ്ങി. ഇരുചക്രവാഹനത്തില്‍ മൂന്നാമത്തെ ആളായി യാത്ര ചെയ്യാന്‍ 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.
◾കെ ഫോണ്‍ പദ്ധതിക്ക് ഉപയോഗിക്കുന്നതു ചൈനീസ് കേബികളുകളാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്. കെ. ഫോണ്‍ പദ്ധതി ഇന്നു വൈകുന്നേരം ഉദ്ഘാടനം ചെയ്യാനിരിക്കേയാണ് ആരോപണം. നിബന്ധനകള്‍ ലംഘിച്ചാണ് കേബിളിടുന്നത്. ചൈനീസ് കേബിളിന്റെ ഗുണമേന്മ സംശയകരമാണ്. എത്ര കണക്ഷന് കൊടുത്തെന്ന് സര്‍ക്കാര്‍ ഇനിയും വ്യക്തമാക്കിയിട്ടില്ല. സതീശന് പറഞ്ഞു.
◾അരിക്കൊമ്പനെ വീണ്ടും പിടിച്ചത് വേദനാജനകമാണെന്ന് ജസ്റ്റീസ് ദേവന് രാമചന്ദ്രന്. കാട്ടാനയെ പിടികൂടി നാം നമുക്ക് ഇഷ്ടമുള്ളയിടത്തു കൊണ്ടുപോയി തള്ളുന്നു. നമ്മുടെ ഇഷ്ടങ്ങള്‍ വന്യമൃഗങ്ങളില്‍ അടിച്ചേല്പിക്കുകയാണ്. കളമശേരി സെന്റ് പോള്‍സ് കോളജില്‍ വരാപ്പുഴ അതിരൂപതാ തലത്തില്‍ ആരംഭിക്കുന്ന പരിസ്ഥിതി ക്ലബ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾ആലപ്പുഴ ജില്ലയിലെ സിപിഎം വിഭാഗീയതയില്‍ അച്ചടക്ക നടപടികളുമായി സിപിഎം സംസ്ഥാന നേതൃത്വം. പി പി ചിത്തരഞ്ജന് എംഎല്‍എ അടക്കമുള്ള നേതാക്കള്‍ക്ക് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് നോട്ടീസ് നല്കി. നാല് ഏരിയാ കമ്മിറ്റികളിലെ വിഭാഗീയതക്കെതിരേയാണ് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്കും മൂന്ന് ഏരിയ സെക്രട്ടറിമാര്‍ക്കും നോട്ടീസ് നല്‍കിയത്. ഈ മാസം 10 ന് മുമ്പ് വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പി കെ ബിജുവും ടി പി രാമകൃഷ്ണനും അംഗങ്ങളായ കമ്മീഷന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് നടപടി.
◾മാട്ടുപ്പെട്ടി ജലാശയത്തില്‍ ബോട്ടിന്റെ അടിത്തട്ടിലെ പലക തകര്‍ന്ന് വെള്ളം കയറി. മുപ്പതിലധികം വിനോദസഞ്ചാരികള്‍ ബോട്ടിലുണ്ടായിരുന്നു. ഹൈഡല്‍ ടൂറിസത്തിന്റെ ഭാഗമായി സര്‍വീസ് നടത്തുന്ന സ്വകാര്യ ബോട്ടാണ് അപകടത്തില്‍പെട്ടത്. യാത്രക്കാരെ അപകടമില്ലാതെ കരയ്ക്കെത്തിച്ചു.
◾കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ സൈനികനെയും സഹോദരനെയും മര്‍ദിച്ചെന്ന കേസിലെ പ്രതികളായ പൊലീസുകാരുടെ സസ്പെന്ഷന് പിന്‍വലിച്ചു. സിഐ കെ വിനോദ്, എസ്ഐ എ പി അനീഷ്, എഎസ്ഐ പ്രകാശ് ചന്ദ്രന്, സിപിഒ മണികണ്ഠന് പിള്ള എന്നിവരെയാണ് സര്‍വീസില്‍ തിരിച്ചെടുത്തത്. സഹോദരങ്ങളായ യുവാക്കളെ മര്‍ദിച്ചതിന് ഏഴു മാസം മുന്‍പാണ് ഇവരെ സസ്പെന്‍ഡ് ചെയ്തത്.
◾തന്റെ നഗ്ന ശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രങ്ങള്‍ വരപ്പിച്ചതിനു രഹന ഫാത്തിമയ്ക്കെതിരെ പോലീസ് ചുമത്തിയ പോക്സോ കേസ് ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് കേസ് റദ്ദാക്കിയത്.
◾തെക്കു – കിഴക്കന്‍ അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇതു ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കും. ഇത് തീവ്ര ന്യൂനമര്‍ദ്ദമായി മാറാനാണു സാധ്യത. രണ്ടു ദിവസത്തിനകം മഴ പെയ്യുമെന്നാണു മുന്നറിയിപ്പ്.
◾വിദ്യാലയങ്ങള്‍ക്കു ശനിയാഴ്ച പ്രവൃത്തിദിനമാക്കുന്നത് തലയില്‍ ആള്‍പ്പാര്‍പ്പില്ലാത്ത ബുദ്ധിജീവികളുടെ ആശയമാണെന്ന് എല്‍ജെഡി നേതാവ് സലിം മടവൂര്‍ രംഗത്ത്. ശനി, ഞായര്‍ ദിവസങ്ങളില്‍ കുട്ടികള്‍ കളിച്ചു വളരട്ടെ. കളിച്ചു വളരേണ്ട പ്രായത്തില്‍ പിടിച്ചു കൂട്ടിലിട്ട് അനങ്ങാന്‍ വിടാതെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് വിപരീത ഫലങ്ങളേ ഉണ്ടാക്കൂവെന്ന് അദ്ദേഹം പറഞ്ഞു.
◾അടിയന്തരാവസ്ഥക്കാലത്ത് മതിലകം പൊലീസ് സ്റ്റേഷന് ആക്രമണത്തിന്റെ കമാന്‍ഡറായിരുന്ന നക്സലൈറ്റ് നേതാവ് എം.കെ നാരായണന് പിക്കപ്പ് വാനിടിച്ച് മരിച്ചു. 74 വയസായിരുന്നു. കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം ക്ഷേത്രത്തിനു മുന്നില്‍ ലോട്ടറി കച്ചവടം നടത്തിയിരുന്ന നാരായണന്റെ ദേഹത്തേക്ക് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന പിക്ക് അപ്പ് നിരങ്ങിയിറങ്ങി ഇടിക്കുകയായിരുന്നു.
◾മാഹി പന്തക്കല്‍ പോലീസ് സ്റ്റേഷനിലെ എഎസ്ഐ തലശ്ശേരി പുന്നോല്‍ ഈയ്യത്തുങ്കാടിലെ ചന്ദ്ര വിഹാറില്‍ എ.വി.മനോജ് കുമാര്‍ (52) കുഴഞ്ഞു വീണു മരിച്ചു.
◾കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളജിലെ രണ്ടാം വര്‍ഷ ഫുഡ് ടെക്ക്നോളജി വിദ്യാര്‍ഥിനി തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനി ശ്രദ്ധ(20) ആത്മഹത്യ ചെയ്തതിനു കോളജ് അധികൃതര്‍ക്കെതിരേ ആരോപണവുമായി കുടുംബം. ലാബില്‍ ഫോണ്‍ ഉപയോഗിച്ചതിന് അധ്യാപകര്‍ വഴക്കു പറഞ്ഞിരുന്നെന്നാണ് ആരോപണം.
◾പോക്സോ കേസ് പ്രതി തീകൊളുത്തി ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൂത്തുപറമ്പ് കൈതേരിയിലെ ധര്‍മ്മരാജനെയാണ് വീട്ടുമുറ്റത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്.
◾കണ്ണൂരില്‍ പോലീസ് കമ്മീഷണര്‍ ഓഫീസിനു സമീപം ലോറി ഡ്രൈവറെ കുത്തിക്കൊന്നു. കണിച്ചാര്‍ സ്വദേശി ജിന്റോയാണ് മരിച്ചത്. മോഷണത്തിനായി ലോറിയില്‍ കയറിയയാളെ ചെറുക്കുന്നതിനിടെ കുത്തേറ്റതാണെന്നാണു സംശയിക്കുന്നത്.
◾ആലപ്പുഴ ശവക്കോട്ടപ്പാലത്തിനു സമീപം സ്കൂട്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് വീട്ടമ്മ മരിച്ചു. വഴിച്ചേരി ജംഗ്ഷന് സമീപം പാണാവള്ളി പുരയിടം വീട്ടില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ നജീബിന്റെ ഭാര്യ സഫിയത്ത് (41) ആണു മരിച്ചത്. സ്കൂട്ടര്‍ ഓടിച്ചിരുന്ന മകള്‍ അന്‍സനയെ (20) പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾ഒഡിഷയില്‍ വീണ്ടും ട്രെയിന്‍ പാളം തെറ്റി. ബാര്‍ഗഡിലാണ് അപകടം. ബാലസോറില്‍ ട്രെയിന്‍ അപകടമുണ്ടായി മൂന്നാം ദിവസമാണ് അപകടം. അഞ്ച് ബോഗികള്‍ മറിഞ്ഞു. ആര്‍ക്കും പരിക്കില്ല.
◾മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്ത് നടത്തുന്ന ഡിജിറ്റല്‍ മാധ്യമസ്ഥാപനം മോജോ സ്റ്റോറിയുടെ യൂട്യൂബ് ചാനലിനെതിരെ സൈബര്‍ ആക്രമണം. മോജോ സ്റ്റോറിയുടെ മുഴുവന്‍ വീഡിയോയും ഡിലീറ്റ് ചെയ്തെന്നാണ് ബര്‍ഖ ദത്ത് ട്വിറ്ററിലൂടെ അറിയിച്ചത്.
◾യുക്രെയിന്റെ ആക്രമണ ശ്രമം തകര്‍ത്തെന്നും 250 യുക്രെയിന് സൈനികരെ വകവരുത്തിയെന്നും റഷ്യ. ഡോണെടെസ്ക് മേഖലയില്‍ ആക്രമണത്തിനു ശ്രമിക്കവേയാണ് യുക്രെയിന് സേനയെ വധിച്ചതെന്നാണ് റഷ്യയുടെ അവകാശവാദം.
◾മേയ് മാസത്തില്‍ ഇന്ത്യന്‍ ഇക്വിറ്റികളില്‍ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്.പി.ഐ) 43,838 കോടി രൂപ നിക്ഷേപിച്ചു. ഒന്പതുമാസത്തിനിടെയുള്ള ഉയര്‍ന്ന പ്രതിമാസ വാങ്ങലാണിത്. കഴിഞ്ഞ രണ്ട് ട്രേഡിംഗ് സെഷനുകളിലായി ഇന്ത്യന്‍ ഇക്വിറ്റി മാര്‍ക്കറ്റ് ആകര്‍ഷിച്ചത് 6,490 കോടി രൂപയുടെ വിദേശ നിക്ഷേപമാണ്. ഏപ്രിലില്‍ 11,630 കോടി രൂപയും മാര്‍ച്ചില്‍ 7,936 കോടി രൂപയും ഇക്വിറ്റി നിക്ഷേപം എഫ്.പി.ഐകള്‍ നടത്തിയിരുന്നു. 2022 ഓഗസ്റ്റില്‍ നിക്ഷേപിച്ച 51,204 കോടി രൂപയാണ് മെയ് മാസത്തിന് മുന്‍പുള്ള ഉയര്‍ന്ന വിദേശ നിക്ഷേപം. ഈ വര്‍ഷം ആദ്യ രണ്ട് മാസങ്ങളില്‍ എഫ്പിഐകള് 34,000 കോടി രൂപ പിന്‍വലിക്കുകയും ചെയ്തു. യുഎസ് ആസ്ഥാനമായുള്ള ജിക്യുജി പാര്‍ടണേഴ്സ് അദാനി ഗ്രൂപ്പ് കമ്പനികളില്‍ നടത്തിയ ബള്‍ക്ക് നിക്ഷേപമാണ് മാര്‍ച്ച് നിക്ഷേപത്തെ പോസിറ്റീവാക്കിയത്. അല്ലാത്തപക്ഷം അറ്റ വില്പ രേഖപ്പെടുത്തുമായിരുന്നു. വളര്‍ന്നുവരുന്ന വിപണികളില്‍ കൂടുതല്‍ നിക്ഷേപം ആകര്‍ഷിച്ചതും ഇന്ത്യയാണ്. ധനകാര്യം, ഓട്ടോമൊബൈല്‍സ്, ടെലികോം, നിര്‍മ്മാണം എന്നീ മേഖലകളാണ് എഫ്.പി.ഐകള്‍ പ്രധാനമായും ലക്ഷ്യം വച്ചത്. ഇക്വിറ്റികള്‍ക്ക് പുറമെ ഡെബ്റ്റ് മാര്‍ക്കറ്റ് മെയ് മാസത്തില്‍ 3276 കോടി രൂപയുടെ വിദേശ നിക്ഷേപം ആകര്‍ഷിച്ചു. വിദേശ നിക്ഷേപകര്‍, 2023 ല്‍ ഇതുവരെ 35748 കോടി രൂപയുടെ അറ്റ ഇക്വിറ്റി നിക്ഷേപവും 7471 കോടി രൂപയുടെ അറ്റ ഡെബ്റ്റ് മാര്‍ക്കറ്റ് നിക്ഷേപവുമാണ് നടത്തിയത്.
◾ഗൂഗിളിന്റെ ജിമെയില്‍ മൊബൈല്‍ ആപ്പില്‍ നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള കിടിലന്‍ ഫീച്ചറുകള്‍ വരുന്നു. ജിമെയിലിലെ തിരയലുകള്‍ കൂടുതല്‍ കൃത്യതയുള്ളതാക്കി മാറ്റാനും ഇന്‍ബോക്സ് വളരെ എളുപ്പത്തില്‍ ഉപയോഗിക്കുന്നതിനും മെഷീന് ലേണിങ് അധിഷ്ടിതമായ ചില സവിശേഷതകളാണ് കൊണ്ടുവരുന്നത്. ജിമെയിലിന്റെ മൊബൈല്‍ പതിപ്പ് ഉപയോഗിക്കുന്നവര്‍ അവരുടെ ആപ്പില്‍ പഴയ സന്ദേശങ്ങളോ അറ്റാച്ച്മെന്റുകളോ തിരയുമ്പോള്‍ വൈകാതെ തന്നെ ‘ടോപ് റിസല്‍ട്ട്സ്’ എന്ന പുതിയ സെക്ഷന്‍ കാണാന്‍ തുടങ്ങുമെന്ന് ആല്‍ഫബെറ്റ് ഒരു ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു. മെഷീന് ലേര്‍ണിങ് മോഡലുകള്‍ ഉപയോഗിച്ചായിരിക്കും ടോപ് റിസല്‍ട്ട്സ് തയ്യാറാക്കുക. യൂസര്‍മാര്‍ക്ക് എന്താണ് വേണ്ടത് എന്നത് കണ്ടെത്തുന്നതിനായി തിരയുന്ന പദം ഉപയോഗിച്ച് അതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ ഇമെയിലുകളും മറ്റ് ‘പ്രസക്തമായ ഘടകങ്ങള്‍’ ഉപയോഗിച്ച് പഴയ ഇമെയിലുകളും സേര്‍ച്ച് റിസല്‍ട്ടില്‍ കാണിക്കുമെന്ന് കമ്പനി പറയുന്നു. ഇമെയിലുകളും അതില്‍ അറ്റാച്ച് ചെയ്തിരിക്കുന്ന ഫയലുകളും ഇത്തരത്തില്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ പുതിയ എ.ഐ അധിഷ്ഠിത സേവനം സഹായിക്കും. ഏറെക്കാലമായി ആളുകള്‍ ആവശ്യപ്പെട്ടുന്ന ഫീച്ചര്‍ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ എല്ലാ ജിമെയില്‍ മൊബൈല്‍ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കും.
◾ചിരഞ്ജീവി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഭോലാ ശങ്കര്‍’. മെഹര്‍ രമേഷാണ് ചിത്രത്തിന്റെ സംവിധാനം. ‘ഷാഡോ’ എന്ന ചിത്രത്തിന് ശേഷം മെഹര്‍ രമേഷിന്റെ സംവിധാനത്തിലുള്ളതാണ് ‘ഭോലാ ശങ്കര്‍’. ചിരഞ്ജീവി നായകനാകുന്ന പുതിയ ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ഗംഭീരമായ ഒരു മാസ് എന്റര്ടെയ്ന് ചിത്രമായിരിക്കും എന്ന സൂചനയാണ് ഗാനം നല്‍കുന്നത്. അജിത്ത് നായകനായ ഹിറ്റ് ചിത്രം ‘വേതാള’ത്തിന്റെ റീമേക്കാണ് ചിരഞ്ജീവിയുടെ ‘ഭോലാ ശങ്കര്‍’. ഡൂഡ്ലി ആണ് ചിരഞ്ജീവി ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. കീര്‍ത്തി സുരേഷ് ചിത്രത്തില്‍ ചിരഞ്ജീവിയുടെ സഹോദരിയുടെ വേഷത്തില്‍ എത്തുമ്പോള്‍ നായികയാകുന്നത് തമന്നയാണ്. രമബ്രഹ്മം സുങ്കരയാണ് ചിത്രം നിര്‍മിക്കുന്നത്. ‘ഭോലാ ശങ്കറെ’ന്ന ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത് മാര്‍ത്താണ്ഡ് കെ വെങ്കടേഷ് ആണ്. ‘വേതാളം’ എന്ന ചിത്രത്തില്‍ അജിത്ത് അഭിനയിച്ച കഥാപാത്രമായിട്ടാണ് ‘ഭോലാ ശങ്കറി’ല്‍ ചിരഞ്ജീവി എത്തുക.
◾കലാഭവന്‍ ഷാജോണ്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘സിഐഡി രാമചന്ദ്രന് റിട്ട. എസ് ഐ’. സനൂപ് സത്യനാണ് ചിത്രത്തിന്റെ സംവിധാനം. തിരക്കഥ സനൂപ് സത്യനും അനീഷ് വി ശിവദാസും എഴുതുന്നു. ‘സിഐഡി രാമചന്ദ്രന് റിട്ട. എസ്ഐ’യുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. മുപ്പത്തിയഞ്ചു വര്‍ഷത്തോളം പൊലീസ് ഡിപ്പാര്‍ട്ട്മെന്റെലെ ക്രൈം വിഭാഗത്തില്‍ ജോലി ചെയ്ത് ഔദ്യോഗിക രംഗത്തു നിന്നും വിരമിച്ച ‘റിട്ട. എസ്ഐ രാമചന്ദ്രന്’ സ്വന്തം നിലയില്‍ ഒരു അന്വേഷണ ഏജന്‍സി ആരംഭിച്ച്, പൊലീസ് ഡിപ്പാര്‍ട്ട്മെന്റിനെ സഹായിക്കുന്ന ചിത്രമാണിത്. കലാഭവന്‍ ഷാജോണ്‍ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ‘രാമചന്ദ്രനെ’ അവതരിപ്പിക്കുന്നു. അനുമോള്‍, സുധീര്‍ കരമന, പ്രേം കുമാര്‍ ഉണ്ണി രാജാ, അസീസ് നെടുമങ്ങാട്, ആനന്ദ് മഹാദേവന്, ഗീതി സംഗീത, ബാദ്ഷാ അരുണ്‍ പുനലൂര്‍, കല്യാണ്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
◾ടാറ്റ മോട്ടോഴ്സ് പുതുക്കിയ നെക്സോണ്‍ ഇവി മാക്സ് XZ+ LUX ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 18.79 ലക്ഷം രൂപയാണ് അതിന്റെ പ്രാരംഭ വില. ഈ വേരിയന്റ് ടാറ്റ നെക്സോണ്‍ ഇവിയുടെ ടോപ്പ് എന്‍ഡ് വേരിയന്റാണ്. ഏറ്റവും പുതിയ വേരിയന്റ് 10.25 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവുമായി വരുന്നു. ഇത് ജനുവരിയില്‍ 2023 ഓട്ടോ എക്സ്പോയില്‍ അരങ്ങേറ്റം കുറിച്ചു. 10.25 ഇഞ്ച് വലിപ്പമുള്ള വലിയ ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം പോലെയുള്ള അപ്ഗ്രേഡുകള്‍ക്കൊപ്പം 3.3 കിലോവാട്ട് ചാര്‍ജറും 7.2 കിലോവാട്ട് ചാര്‍ജറും ഉള്‍പ്പെടെ രണ്ട് ചാര്‍ജിംഗ് ഓപ്ഷനുകളോടെയാണ് പുതിയ വേരിയന്റ് പുറത്തിറക്കിയിരിക്കുന്നത്. യഥാക്രമം 18.79 ലക്ഷം രൂപയ്ക്കും 19.29 ലക്ഷം രൂപയ്ക്കും. (എല്ലാ വിലകളും എക്സ്-ഷോറൂം). ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റി ഫീച്ചറുകള്‍, ഇന്റഗ്രേറ്റഡ് വോയ്സ് അസിസ്റ്റന്റ്, റിവേഴ്സ് പാര്‍ക്കിംഗ് ക്യാമറ എന്നിങ്ങനെ ഒന്നിലധികം ഫീച്ചര്‍ അപ്ഗ്രേഡുകള്‍ പുതിയ ടാറ്റ നെക്സോണ്‍ ഇവി മാക്സിന് ലഭിക്കുന്നു. 40.5വിലോവാട്ട്അവര് ബാറ്ററിയാണ് നെക്സോണ്‍ ഇവി മാക്സിന് ഉള്ളത്. ഇതിന് 453കിമീ റേഞ്ച് നല്കുന്നു. 143 കുതിരശക്തിയും 250 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന സിംഗിള്‍ ഇലക്ട്രിക് മോട്ടോറില്‍ നിന്ന് മുന്‍ ചക്രങ്ങള്‍ക്ക് പവര്‍ ലഭിക്കുന്നു.
◾മലയാളനാടകവേദിയിലെ രാഷ്ട്രീയത്തെ ബഹുതലസ്പര്‍ശിയായി കൈകാര്യം ചെയ്യുന്ന മൗലികപഠനങ്ങളുടെ സമാഹാരം. നാടകവേദിയുടെ പ്രാരംഭകാലം മുതല്‍ വര്‍ത്തമാനകാലംവരെ പഠനവിധേയമാക്കുന്ന ലേഖനങ്ങളില്‍ നാടകചരിത്രങ്ങള്‍ പലവിധത്തില്‍ വര്‍ഗ്ഗീകരിച്ച രചനകള്‍ പുതിയവെളിച്ചത്തില്‍ വിലയിരുത്തപ്പെടുന്നു. നാടകചരിത്രത്തിലെ വിസ്മരിക്കപ്പെട്ട രചയിതാക്കള്‍ വീണ്ടെടുക്കപ്പെടുന്നു. കലാസമിതിപ്രസ്ഥാനത്തിന്റെ രാഷ്ട്രീയം വ്യക്തമാക്കുന്ന പവനനുമായുള്ള അഭിമുഖസംഭാഷണം. എം. മുകുന്ദന്റെ മയ്യഴി നോവലുകളിലെ ദേശസ്വത്വം, സര്‍ക്കസും കേരളീയനവോത്ഥാനവും തമ്മിലുള്ള ബന്ധം, മലയാളനാടകവേദിയിലെ ഉത്തരാധുനികപ്രവണതകള്‍ എന്നിവ പഠനവിധേയമാകുന്നു. ‘അരങ്ങിലെ രാഷ്ട്രീയം – പ്രതിനിധാനത്തിന്റെ പ്രശ്നങ്ങള്‍’. ഡോ മഹേഷ് മംഗലാട്ട്. കറന്റ് ബുക്സ് തൃശൂര്‍. വില 225 രൂപ.
◾ഗ്ലൂക്കോസും ഫ്രക്ടോസും ചേര്‍ന്നതാണ് തേനും പഞ്ചസാരയും. തേനില്‍ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. എന്നാല്‍ പഞ്ചസാരയില്‍ ഇത്തരം ആരോഗ്യഗുണങ്ങള്‍ ഒന്നുമില്ല. ഇതുമാത്രമല്ല തേന്‍ പഞ്ചസാരയേക്കാള്‍ നല്ലതാണെന്ന് പറയാന്‍ കാരണം. ആരോഗ്യത്തിന് ഗുണകരമായ നിരവധി അവശ്യ പോഷകങ്ങളും ആന്റിഓക്സിഡന്റുകളും അടങ്ങിയ പ്രകൃതിദത്ത വിഭവമാണ് തേന്‍. എന്നാല്‍ പഞ്ചസാരയില്‍ അധിക പോഷകങ്ങളൊന്നുമില്ല. തേനില്‍ വിറ്റാമിനുകള്‍, ധാതുക്കള്‍, അമിനോ ആസിഡുകള്‍, എന്‍സൈമുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും വീക്കം കുറയ്ക്കാനുമൊക്കെ സഹായിക്കും. മുറിവുകള്‍ ഉണങ്ങാനും നല്ലതാണ്. തേനിന്റെ ഗ്ലൈസെമിക് സൂചിക പഞ്ചസാരയേക്കാള്‍ കുറവാണ്. അതായത,് തേന്‍ ഉപയോഗിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കില്ല. ഗ്ലൈസെമിക് ഇന്‍ഡെക്സ് കുറഞ്ഞിരിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ നില പെട്ടെന്ന് വര്‍ദ്ധിക്കുന്നത് ഒഴിവാക്കും. തേനാണ് പഞ്ചസാരയേക്കാള്‍ പെട്ടെന്ന് ദഹിക്കുന്നത്. കാര്‍ബോഹൈഡ്രേറ്റുകളെ വിഘടിപ്പിക്കാന്‍ സഹായിക്കുന്ന എന്‍സൈമുകള്‍ അടങ്ങിയതിനാലാണിത്. പഞ്ചസാരയേക്കാള്‍ കലോറി കുറവാണ് തേനിന്. ഒരു ടീസ്പൂണ്‍ പഞ്ചസാരയില്‍ 16 കലോറി അടങ്ങിയിട്ടുണ്ട്, തേനില്‍ ഇത് 22 കലോറി ആണ്. തേന്‍ പഞ്ചസാരയേക്കാള്‍ മധുരമുള്ളതായതിനാല്‍ കുറച്ച് മാത്രമേ ഉപയോഗിക്കു. പ്രകൃതിദത്ത പഞ്ചസാരയുടെ സാന്നിധ്യം കാരണം തേന്‍ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. തേനില്‍ അടങ്ങിയിട്ടുള്ള പഞ്ചസാരയെ ശരീരം പെട്ടെന്ന് ആഗിരണം ചെയ്യുകയും വേഗത്തില്‍ ഊര്‍ജ്ജമായി മാറ്റുകയും ചെയ്യും. തേനില്‍ സ്വാഭാവിക ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. ഇത് മുഖക്കുരു നീക്കം ചെയ്യാനവും വീക്കം കുറയ്ക്കാനും സഹായിക്കും. പഞ്ചസാര അമിതമായി കഴിക്കുന്നത് അകാല വാര്ദ്ധക്യത്തിന് കാരണമാകുന്ന ഗ്ലൈക്കേഷന്‍ എന്ന പ്രക്രിയയിലേക്ക് നയിക്കും. പഞ്ചസാരയുടെ തന്മാത്രകള് കൊളാജനുമായി ചേരുമ്പോള്‍ ഗ്ലൈക്കേഷന്‍ സംഭവിക്കും. ചുളിവുകളടക്കം പല ചര്‍മ്മ പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.56, പൗണ്ട് – 102.51, യൂറോ – 88.31, സ്വിസ് ഫ്രാങ്ക് – 90.70, ഓസ്ട്രേലിയന്‍ ഡോളര്‍ – 54.49, ബഹറിന്‍ ദിനാര്‍ – 219.08, കുവൈത്ത് ദിനാര്‍ -268.26, ഒമാനി റിയാല്‍ – 214.54, സൗദി റിയാല്‍ – 22.02, യു.എ.ഇ ദിര്‍ഹം – 22.48, ഖത്തര്‍ റിയാല്‍ – 22.68, കനേഡിയന്‍ ഡോളര്‍ – 61.49.