◾മണിപ്പൂരില്‍ കലാപം ആളിക്കത്തിക്കൊണ്ടിരിക്കേ, ബിജെപി മുഖ്യമന്ത്രി ബിരേന്‍ സിംഗ് രാജിവച്ചേക്കും. ഗവര്‍ണറെ കാണുന്ന ബിരേന്‍ സിംഗ് രാജിവച്ചാല്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തും. എന്നാല്‍ രാജിയില്ലെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. ഇതേസമയം, സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ രാഹുല്‍ ഗാന്ധി ഇന്നു മെയ്തെയ് വിഭാഗങ്ങളുടെ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. റോഡുമാര്‍ഗമുള്ള യാത്ര പോലീസ് വിലക്കിയതിനാല്‍ ഹെലികോപ്റ്ററിലാണു യാത്ര.
◾ഏകീകൃത സിവില്‍ കോഡ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും. ബില്‍ തയാറാക്കാന്‍ പാര്‍ലമെന്ററി നിയമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഉടനേ ചേരും. ഉത്തരാഖണ്ഡ് സമിതിയുടെ റിപ്പോര്‍ട്ടും ആധാരമാക്കും. ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച് നിയമകമ്മീഷന്‍ പൊതുജനാഭിപ്രായം തേടിക്കൊണ്ടിരിക്കുകയാണ്. അഭിപ്രായം രേഖപ്പെടുത്താനുള്ള സമയം ജൂലൈ ആദ്യവാരത്തോടെ അവസാനിക്കും. ഇതിനിടെ നിയമമന്ത്രി അര്‍ജ്ജുന്‍ റാം മേഘ്വാളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തി.
◾കാട്ടാക്കട ക്രിസ്റ്റ്യന്‍ കോളജിലെ യുയുസി ആള്‍മാറാട്ട കേസില്‍ പ്രതികളായ മുന്‍ പ്രിന്‍സിപ്പല്‍ ജി.ജെ ഷൈജു, എസ് എഫ് ഐ നേതാവ് വിശാഖ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ ഹൈക്കോടതി തളളി. ഇരുവരും ജൂലൈ നാലിന് അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണം.
◾സംസ്ഥാനത്ത് റേഷന്‍ വിതരണം തടസപ്പെട്ടു. ഇ പോസ് മെഷീനുകള്‍ പണി മുടക്കിയതിനാലാണ് റേഷന്‍ വിതരണം മുടങ്ങിയത്.
◾പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ അഞ്ചു സീറ്റുകളില്‍ വിജയപ്രതീക്ഷയുണ്ടെന്ന് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കര്‍. സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പെടുത്തുമോയെന്നു പ്രധാനമന്ത്രിയാണു തീരുമാനമെടുക്കുകയെന്നും അദ്ദേഹം തിരുവനന്തപുരത്തു പറഞ്ഞു.
◾ഭരണപക്ഷത്തുള്ളവര്‍ എന്തു തെറ്റു ചെയ്താലും കേസും നിയമവും ബാധകമല്ലെന്ന ഇരട്ടനീതിയാണു കേരളത്തിലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ഒരു സംഘം പ്രതിപക്ഷത്തിനെതിരെ കേസെടുക്കാന്‍ ഗൂഢാലോചന നടത്തുന്നു. കൈതോലപ്പായ ആരോപണത്തെക്കുറിച്ച് കേസില്ല. കെ സുധാകരനെതിരായ പോക്സോ ആരോപണത്തില്‍ എം.വി ഗോവിന്ദനെതിരെ പരാതി നല്‍കിയിട്ടും നടപടിയില്ല. സതീശന്‍ പറഞ്ഞു.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾പായയില്‍ കോടികള്‍ കടത്തിയെന്ന ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷണം വേണമെന്ന തന്റെ പരാതിയില്‍ ഡിജിപി ഇതുവരെ മറുപടി തന്നില്ലെന്ന് ബെന്നി ബഹനാന്‍ എംപി. മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
◾മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നത് അടുക്കള സംഘമാണെന്നു കൈതോലപ്പായ ആരോപണം ഉന്നയിച്ച ദേശാഭിമാനി മുന്‍ മാധ്യമപ്രവര്‍ത്തകന്‍ ജി ശക്തിധരന്‍. മുഖ്യമന്ത്രിക്കെതിരെ അപ്രിയ സത്യം പറഞ്ഞതിനു തനിക്കു നേരെ സൈബര്‍ ആക്രമണം നടത്തുകയാണ്. പോലീസില്‍ പരാതി കൊടുത്തിട്ടും നടപടിയില്ല. കൈതോലപ്പായയില്‍ സൂക്ഷിച്ച വിത്ത് ഇന്ന് വന്‍മരമായി. പോരാട്ടം തുടരും. ശക്തിധരന്‍ പറഞ്ഞു.
◾
◾വൈദ്യുത ബില്‍ അടക്കാത്ത കാസര്‍കോട് കറന്തക്കാടുള്ള ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് ഓഫീസിലെ ഫ്യൂസ് കെഎസ്ഇബി ഊരി. വൈദ്യുതി ഇല്ലാത്തതിനാല്‍ ഓഫീസ് പ്രവര്‍ത്തനം തടസപ്പെട്ടു. 23,000 രൂപ ബില്‍ അടക്കാനുള്ള അവസാന തീയതി ഈ മാസം 26 ആയിരുന്നു.
◾ഇരിങ്ങാലക്കുട ഫയര്‍സ്റ്റേഷന്‍ ജീവനക്കാരി കുളത്തില്‍ മരിച്ച നിലയില്‍. എറിയാട് സ്വദേശി മണ്ണാഞ്ചേരി വീട്ടില്‍ അലിയുടെ മകള്‍ നിഫിത (29) യാണ് മരിച്ചത്. ഫയര്‍ സ്റ്റേഷന് സമീപമുള്ള ഡിസ്മാസ് റോഡരികിലെ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
◾എറണാകുളം ജില്ലാ ഫുട്ബോള്‍ അസോസിയഷന്‍ പ്രസിഡന്റായി പിവി ശ്രീനിജന്‍ എംഎല്‍എയെ എതിരില്ലാതെ തെരഞ്ഞെടുത്തു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ അദ്ധ്യക്ഷ പദവിയില്‍നിന്നു നീക്കം ചെയ്യാന്‍ സിപിഎം തീരുമാനിച്ചിരിക്കെയാണ് ഫുട്ബോള്‍ അസോസിയേഷന്‍ അദ്ധ്യക്ഷനായി ശ്രീനിജന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്.
◾പശ്ചിമഘട്ടത്തിലെ വന്യമൃഗ – മനുഷ്യ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെടല്‍ തേടി സുപ്രീം കോടതിയില്‍ ഹര്‍ജി. ഒരു മൃഗത്തെ ആവാസ വ്യവസ്ഥയില്‍ നിന്ന് ശാസ്ത്രീയ പഠനങ്ങള്‍ ഇല്ലാതെ മാറ്റരുതെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍ നീലകണ്ഠന്‍, വി.കെ ആനന്ദന്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്.
◾മണിപ്പൂര്‍ കലാപം നേരിടുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു വീഴ്ചയുണ്ടായെന്ന് ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവാ. മതന്യൂനപക്ഷത്തെ മാത്രം ആക്രമിക്കുന്ന പ്രശ്നമായി കാണുന്നില്ല. രണ്ടു വിഭാഗത്തില്‍ പെട്ടവരും കൊല്ലപ്പെടുന്നുണ്ട്. ഖേദകരമാണെന്ന് അദ്ദേഹം പറഞ്ഞു.
◾കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകയോടു ലൈംഗിക ചുവയുള്ള സന്ദേശമയച്ച പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തറിനെതിരെ കടവന്ത്ര പൊലീസ് കേസെടുത്തു. മദനിയുടെ ആരോഗ്യനില സംബന്ധിച്ചു വിവരങ്ങള്‍ ആരാഞ്ഞ മാധ്യമപ്രവര്‍ത്തകയ്ക്കാണ് അശ്ലീല സന്ദേശങ്ങള്‍ അയച്ചത്.
◾വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഒളിവിലായിരുന്ന പ്രതികള്‍ അറസ്റ്റില്‍. ഹരിപ്പാട് സ്വദേശി സുനിത, തോട്ടപ്പള്ളി സ്വദേശി ജസ്റ്റിന്‍ സേവ്യര്‍ എന്നിവരെ മഹാരാഷ്ട്രയില്‍നിന്നാണ് കൊല്ലം ശക്തിക്കുളങ്ങര പൊലീസ് പിടികൂടിയത്. മുന്നൂറിലേറെ പേരെ കബളിപ്പിച്ചിട്ടുണ്ടെന്നാണു പോലീസ് റിപ്പോര്‍ട്ട്.
◾മ്ലാവ് കാറിനെ കുറുകെ ചാടിയതോടെ കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു. മൂന്നാര്‍ – ഉദുമല്‍പേട്ട അന്തര്‍ സംസ്ഥാന പാതയില്‍ പെരിയോര എസ്റ്റേറ്റിന്റെ സമീപമാണ് കാര്‍ മറിഞ്ഞത്. തമിഴ്നാട്ടില്‍നിന്നു മൂന്നാറിലേക്ക് വരികയായിരുന്ന സേലം സ്വദേശികളുടെ കാറാണ് മറിഞ്ഞത്. ആര്‍ക്കും ഗുരുതര പരിക്കില്ല.
◾ആലപ്പുഴ പൂച്ചാക്കലില്‍ ഫാമില്‍നിന്നു പുറത്തു ചാടിയ പോത്തുകള്‍ നാടിനെ പരിഭ്രാന്തിയിലാക്കി. പെരുമ്പളം കിഴക്കേക്കായലില്‍ വട്ടവയലിനു സമീപമുള്ള പാലാക്കെട്ട് ഫാമില്‍നിന്നാണ് അഞ്ചു പോത്തുകള്‍ പുറത്തുചാടിയത്. പെരുമ്പളം ദ്വീപിലേക്ക് കായല്‍ നീന്തിക്കയറിയെത്തിയെ പോത്തുകളില്‍ നാലെണ്ണത്തിനെ പിടികൂടി.
◾പാലായിലെ ബാറില്‍ കഴിഞ്ഞ ദിവസമുണ്ടായ അടിപിടി കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. 22 വയസുകാരായ അനന്തകൃഷ്ണന്‍, അലക്സ്, പാസ്‌കല്‍ എന്നിവരാണു പിടിയിലായത്. ലഹരിക്കച്ചടം, അടിപിടി തുടങ്ങിയ കേസുകളില്‍ പ്രതികളാണെന്നു പോലീസ് പറഞ്ഞു.
◾പെരുമ്പാവൂര്‍ വേങ്ങൂര്‍ മേക്കപ്പാലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. കൊടവത്തൊട്ടി വീട്ടില്‍ രാഘവനാണു (66) പരിക്കേറ്റത്.
◾പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ വൃദ്ധന്‍ പിടിയില്‍. എറണാകുളം കളമശ്ശേരി സ്വദേശിയായ സുധാകരനെ(66)യാണ് അറസ്റ്റു ചെയ്തത്.
◾വിദേശ രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ അന്താരാഷ്ട്ര ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്തുന്ന ഏഴു ലക്ഷം രൂപ വരെയുള്ള പണമിടപാടുകള്‍ ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീമിനു കീഴില്‍ ഉള്‍പ്പെടില്ലെന്ന് ധനമന്ത്രാലയം. അതിനാല്‍ ഒരു സാമ്പത്തിക വര്‍ഷം ഏഴു ലക്ഷം രൂപ വരെയുള്ള പണമിടപാടുകള്‍ക്ക് സ്രോതസില്‍ നിന്നു ശേഖരിക്കുന്ന നികുതിയായ ടി.സി.എസ് ബാധകമാവില്ലെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.
◾തമിഴ്നാട്ടിലെ മന്ത്രി സെന്തില്‍ ബാലാജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവിയുടെ നടപടി നാലു മണിക്കൂറിനകം തിരുത്തിയത് കേന്ദ്രമന്ത്രി അമിത് ഷായുടെ ഇടപെടല്‍മൂലം. അറ്റോര്‍ണി ജനറലിന്റെ ഉപദേശമനുസരിച്ചേ മന്ത്രിയെ പുറത്താക്കാവൂവെന്നാണ് അമിത് ഷാ നിര്‍ദേശിച്ചത്. ഇതനുസരിച്ച് അറ്റോര്‍ണി ജനറലുമായി സംസാരിച്ച ഗവര്‍ണര്‍ വൈകുന്നേരം ഏഴിന് പുറത്തിറക്കിയ ഉത്തരവ് രാത്രി 11 മണിക്കു പിന്‍വലിക്കുകയായിരുന്നു.
◾പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യുന്ന ഡല്‍ഹി സര്‍വകലാശാല ശതാബ്ദി ആഘോഷ സമ്മേളനത്തിന്റെ തല്‍സമയ സംപ്രേക്ഷണം നിര്‍ബന്ധമായും കാണണമെന്ന് യൂണിവേഴ്സിറ്റിക്കു കീഴിലുള്ള വിവിധ കോളജുകള്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു. വൈസ് ചാന്‍സലറുടെ നിര്‍ദേശാനുസരണമാണ് ലൈവ് സ്ട്രീമിംഗില്‍ പങ്കെടുക്കണമെന്ന് നിര്‍ദേശിച്ചത്. മണിപ്പൂരില്‍നിന്നുള്ള വിദ്യാര്‍ത്ഥികളും അധ്യാപകരും മോദിക്കെതിരേ പ്രതിഷേധത്തിലാണ്.
◾ഏക സിവില്‍ കോഡ് ഓഗസ്റ്റ് അഞ്ചിനു നടപ്പാക്കുമെന്ന വിവാദ ട്വീറ്റുമായി ബിജെപി നേതാവ് കപില്‍ മിശ്ര. രാമക്ഷേത്ര നിര്‍മ്മാണത്തിനു തീരുമാനമെടുത്തത് ഓഗസ്റ്റ് അഞ്ചിനായിരുന്നു. ജമ്മു, കാഷ്മീര്‍ പുനസംഘടന തീരുമാനമെടുത്തതും ഓഗസ്റ്റ് അഞ്ചിനാണെന്നും കപില്‍ മിശ്ര പറഞ്ഞു.
◾അമേരിക്കയില്‍ സര്‍വകലാശാല പ്രവേശനത്തിന് പിന്നോക്ക വിഭാഗങ്ങളിലുള്ളവര്‍ക്ക് വംശീയ അടിസ്ഥാനത്തില്‍ നല്‍കിയിരുന്ന സംവരണം നിര്‍ത്തലാക്കി. യുഎസ് സുപ്രീം കോടതിയാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്.
◾എച്ച്.ഡി.എഫ്.സി ബാങ്ക് ലിമിറ്റഡും ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനും ലയിക്കുന്നതോടെ ആഗോളതലത്തില്‍ വിപണിമൂല്യത്തില്‍ നാലാം സ്ഥാനത്തെത്തുന്ന ബാങ്കായി എച്ച്.ഡി.എഫ്.സി ബാങ്ക് മാറുമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്. ഇതോടെ ഏകദേശം 14.10 ലക്ഷം കോടി രൂപയാകും ഇതിന്റെ വിപണിമൂല്യം. ജെ.പി മോര്‍ഗന്‍ ചേസ് ആന്‍ഡ് കമ്പനി, ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് ചൈന ലിമിറ്റഡ്, ബാങ്ക് ഓഫ് അമേരിക്ക കോര്‍പ്പറേഷന്‍ എന്നിവയാണ് ഇക്കാര്യത്തില്‍ ആദ്യമൂന്ന് സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്. ലയനം ജൂലൈ ഒന്നിന് യാഥാര്‍ഥ്യമാകും. എച്ച്.ഡി.എഫ്.സിയില്‍ സ്ഥിര നിക്ഷേപം നടത്തിയവരോട് അവരുടെ സ്ഥിര നിക്ഷേപ എക്കൗണ്ട് തുടരണോ അതോ പിന്‍വലിക്കണോ എന്ന് അന്വേഷിക്കും. എച്ച്.ഡി.എഫ്.സി 12 മുതല്‍ 120 മാസം വരെയുള്ള എഫ്.ഡികള്‍ക്ക് 6.56% മുതല്‍ 7.21% വരെ പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. എച്ച്.ഡി.എഫ്.സി ബാങ്ക് 7 ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള എഫ്.ഡിക്ക് 3% മുതല്‍ 7.25% വരെ പലിശ വാഗ്ദാനം ചെയ്യുന്നു. ഇവിടെ സ്ഥിര നിക്ഷേപ എക്കൗണ്ട് തുടരുന്നവര്‍ക്ക് ഈ രണ്ട് ഓപഷനുകളില്‍ ഏതു വേണമെങ്കിലും തെരഞ്ഞെടുക്കാം. ലയന ശേഷം, ഉപയോക്താക്കള്‍ക്ക് നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ ലഭിക്കും. ഓഹരിയിലും മാറ്റമുണ്ടാകും. നിബന്ധനകള്‍ പ്രകാരം എച്ച്.ഡി.എഫ്.സിയുടെ ഓരോ 25 ഓഹരികള്‍ക്കും ഓഹരി ഉടമകള്‍ക്ക് എച്ച്.ഡി.എഫ്.സി ബാങ്കിന്റെ 42 ഓഹരികള്‍ ലഭിക്കും. ലയനം പ്രാബല്യത്തില്‍ വരുന്നതോടെ പുതിയ എച്ച്.ഡി.എഫ്.സി ബാങ്കിന് ഏകദേശം 12 കോടി ഉപയോക്താക്കളുണ്ടാകും.
◾ഉപഭോക്താക്കള്‍ക്ക് വ്യത്യസ്ഥ തരത്തിലുള്ള ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതില്‍ മുന്‍പന്തിയിലുള്ള മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഇത്തവണ ഡാര്‍ക്ക് മോഡിന്റെ പരിഷ്‌കരിച്ച രൂപം അവതരിപ്പിക്കാനാണ് വാട്സ്ആപ്പ് പദ്ധതിയിടുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ‘ഡാര്‍ക്ക് ടോപ് ബാര്‍’ എന്ന പേരിലാണ് പുതിയ ഫീച്ചര്‍ എത്തുക. ആദ്യ ഘട്ടത്തില്‍ ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്ക് മാത്രം ലഭ്യമാകുന്ന തരത്തിലാണ് ഈ ഫീച്ചര്‍ വികസിപ്പിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് മികച്ച കാഴ്ചാനുഭവം നല്‍കുന്നതിന്റെ ഭാഗമായാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഗ്രേ സ്‌കെയില്‍, ബ്ലാക്ക് ടോണ്‍ എന്നിവ അടിസ്ഥാനമാക്കിയുള്ള ഡാര്‍ക്ക് തീം ആണ് വികസിപ്പിക്കുന്നത്. ഇതുവഴി ഏറെ ഭംഗിയുള്ള ഇന്റര്‍ഫെയ്സ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതാണ്. അമൊലെഡ് സ്‌ക്രീനുള്ള അത്യാധുനിക മൊബൈല്‍ ഫോണുകള്‍ക്കാണ് ഈ ഫീച്ചര്‍ കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കുക. മെറ്റീരിയല്‍ ഡിസൈന്‍ ത്രീ ശൈലിയിലേക്ക് ആപ്പിനെ കൂടുതല്‍ അടുപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഫീച്ചര്‍ രൂപകല്‍പ്പന ചെയ്യുന്നത്.
◾ശരത് അപ്പാനി, റിയാസ് ഖാന്‍, ഹരീഷ് പേരടി, ചാര്‍മിള, മുഹമ്മദ് ഷാരിഖ്, സനല്‍ അമല്‍, ഷഫീഖ് റഹ്‌മാന്‍, ജോയ് ജോണ്‍ ആന്റണി, രാജേഷ് ശര്‍മ, അരിസ്റ്റോ സുരേഷ്, ആരോള്‍ ഡി ശങ്കര്‍, ഗാവന്‍ റോയ് തുടങ്ങി മലയാളത്തിലെയും തമിഴ്ലേയും പ്രമുഖ താരങ്ങള്‍ ഒന്നിക്കുന്ന പോയിന്റ് റേഞ്ച് ഉടന്‍ തീയേറ്ററുകളിലേക്ക്. ചിത്രത്തിലെ ‘തച്ചക് മച്ചക്’ വീഡിയോ ഗാനം റിലീസായി. ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ഡയാന ഹമീദ് ചിത്രത്തില്‍ നായികയായി എത്തുന്നു. ഡിഎം പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ഷിജി മുഹമ്മതും ശരത് അപ്പാനിയും നിര്‍മിച്ചു സൈനു ചാവക്കാടന്‍ സംവിധാനം നിര്‍വഹിച്ച ആക്ഷന്‍ ക്യാമ്പസ് ചിത്രമാണ് ‘പോയിന്റ് റേഞ്ച് ‘. മിഥുന്‍ സുപ്രന്‍ എഴുതിയ കഥയ്ക്ക് ബോണി അസ്നാര്‍ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. സായ് ബാലന്‍, പ്രദീപ് ബാബു, ബിമല്‍ പങ്കജ് എന്നിവര്‍ സംഗീതം നിര്‍വഹിക്കുന്നു. ക്യാമ്പസ് രാഷ്രീയവും പകയും പ്രണയവും എല്ലാം പോയിന്റ് റേഞ്ച് ചര്‍ച്ച ചെയ്യുന്നു.
◾ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ആക്ഷന്‍ എന്റര്‍ടെയ്നര്‍ ‘ആര്‍ഡിഎക്സ്’ ടീസര്‍ എത്തി. അന്യഭാഷാ ചിത്രങ്ങളോട് കിടപിടിക്കുന്ന മാസ്സ് ആക്ഷന്‍ ഫാമിലി ഡ്രാമയായിരിക്കും ചിത്രം. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് നിര്‍മിക്കുന്ന സിനിമയുടെ ടീസര്‍ അത്യുഗ്രന്‍ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ്. ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെജിഎഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അന്‍ബ് അറിവാണ് ഈ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ബാബു ആന്റണി, ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാല പാര്‍വതി, ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കുടുംബപ്രേക്ഷകരെയും യൂത്തിനെയും ഒരുപോലെ എന്റര്‍ടെയിന്‍ ചെയ്യിക്കാന്‍ കഴിയുന്ന ഈ ബ്രഹ്‌മാണ്ഡ ചിത്രം ഓഗസ്റ്റ് 25ന് ഓണം റിലീസായി തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നത്.
◾കിയയുടെ ഇലക്ട്രിക് എസ്യുവി ഇവി 6 സ്വന്തമാക്കി തെന്നിന്ത്യന്‍ താര ദമ്പതിമാരായ നാഗര്‍ജുനയും അമലയും. കിയ ഹൈദരാബാദ് വിതരണക്കാരാണ് പ്രിയ താരങ്ങള്‍ പുതിയ വാഹനം സ്വന്തമാക്കിയ വിവരം ആരാധകരെ അറിയിക്കുന്നത്. കിയയുടെ ഇന്ത്യയിലെ ഏറ്റവും വില കൂടിയ കാറാണ് ഇലക്ട്രിക് എസ്യുവിയായ ഇവി 6. കഴിഞ്ഞ വര്‍ഷം ജൂണില്‍ വിപണിയിലെത്തിയ കിയ ഇന്ത്യയുടെ ആദ്യ വൈദ്യുത വാഹനമാണ് ഇവി 6. രണ്ടു മോഡലുകളിലായി ലഭിക്കുന്ന വാഹനത്തിന്റെ റിയര്‍വീല്‍ ഡ്രൈവ് മോഡലിന് 60.95 ലക്ഷം രൂപയും ഓള്‍വീല്‍ ഡ്രൈവ് മോഡലിന് 65.95 ലക്ഷം രൂപയുമാണ് വില. രാജ്യാന്തര വിപണിയില്‍ 58 കിലോവാട്ട്, 77.4 കിലോവാട്ട് എന്നീ രണ്ടു ബാറ്ററി പായ്ക്ക് ഇവി 6നുണ്ട്. ഇന്ത്യന്‍ വിപണിയില്‍ 77.4 കിലോവാട്ട് മോഡല്‍ മാത്രമേ കിയ പുറത്തിറക്കിയിട്ടുള്ളു. സിംഗിള്‍ മോട്ടര്‍ മുന്‍വീല്‍ ഡ്രൈവ് മോഡലിന് 229 എച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കുമുണ്ട്. ഡ്യുവല്‍ മോട്ടറുള്ള ഓള്‍ വീല്‍ ഡ്രൈവ് മോഡലിന് 325 എച്ച്പിയാണ് കരുത്ത്. ടോര്‍ക്ക് 605 എന്‍എമ്മും. ഒറ്റ ചാര്‍ജില്‍ 708 കിലോമീറ്റര്‍ വാഹനം സഞ്ചരിക്കും എന്നാണ് കിയ അറിയിക്കുന്നത്. 350 കിലോവാട്ട് ഡിസി ചാര്‍ജര്‍ ഘടിപ്പിച്ചാല്‍ 10 ല്‍ നിന്ന് 80 ശതമാനം ചാര്‍ജിലേക്ക് എത്താന്‍ വാഹനത്തിന് വെറും 18 മിനിറ്റ് മതി.
◾മനുഷ്യരാശി ഇന്നോളം നേടിയ അറിവനുസരിച്ച് ഇരുപതിനായിരം കോടിയോളം നക്ഷത്രസമൂഹങ്ങള്‍ പ്രപഞ്ചത്തിലുണ്ട്. സമീപഗ്രഹങ്ങളില്‍ നാം നടത്തിയ നിരീക്ഷണങ്ങളില്‍ ഇന്നേവരെ ജീവന്റെ തെളിവുകള്‍ കിട്ടിയിട്ടില്ല. എങ്കിലും അന്യഗ്രഹജീവികള്‍, പേടകങ്ങള്‍ ഇവ സംബന്ധിച്ചിട്ടുള്ള ഒട്ടേറെ പ്രചാരണങ്ങള്‍ സജീവമാണ്. സിനിമകളും പോപ്പുലര്‍ സാഹിത്യവുമൊക്കെ അതിനെ സ്വാധീനിക്കുന്നു. ഗൂഢസിദ്ധാന്തങ്ങളെ നിരാകരിക്കുന്ന ശാസ്ത്രലോകം ഏലിയന്‍സ് എന്ന സാധ്യതയെ പൂര്‍ണമായി തള്ളിക്കളയുന്നില്ല. സിദ്ധാന്തങ്ങള്‍ക്കും കഥകള്‍ക്കുമപ്പുറം അന്യഗ്രഹജീവികള്‍ യാഥാര്‍ഥ്യമാണോ?. ‘ഏലിയന്‍സ്: കഥകളും യാഥാര്‍ഥ്യവും’. അശ്വിന്‍ നായര്‍. മനോരമ ബുക്സ്. വില: 290 രൂപ.
◾ഏത് പ്രായക്കാര്‍ക്കും എപ്പോള്‍ വേണമെങ്കിലും കഴിക്കാന്‍ പറ്റുന്നഒരു ഭക്ഷണമാണ് ഓട്സ്. ഓട്‌സിന് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യുന്ന നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. രക്തസമ്മര്‍ദ്ദവും പഞ്ചസാരയുടെ അളവും കുറയ്ക്കാന്‍ സഹായിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകളായ അവെനന്‍ത്രമൈഡുകളും ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹന ആരോഗ്യത്തിനും ഗുണം ചെയ്യും. ഓട്‌സില്‍ ബീറ്റാ-ഗ്ലൂക്കന്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹന ആരോഗ്യത്തെ സഹായിക്കുന്നു. നാരുകള്‍ അടങ്ങിയ ഭക്ഷണം ക്രമമായ മലവിസര്‍ജ്ജനത്തെ പ്രോത്സാഹിപ്പിക്കുകയും മലബന്ധം ഒഴിവാക്കുകയും ചെയ്യുന്നു. ബീറ്റാ-ഗ്ലൂക്കന്‍ ഒരു ലയിക്കുന്ന നാരാണ്. ഇത് കുടലില്‍ എളുപ്പത്തില്‍ ലയിക്കുന്നു. ദഹനനാളത്തില്‍ നല്ല ബാക്ടീരിയകള്‍ വളരുന്നതിന് ഇത് കുടല്‍ അന്തരീക്ഷത്തെ പ്രോത്സാഹിപ്പിക്കുകയും ദഹന സംബന്ധമായ പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഓട്‌സില്‍ കാണപ്പെടുന്ന പ്രധാന ആന്റിഓക്‌സിഡന്റ് അവെനന്‍ത്രമൈഡുകള്‍ ആണ്. ആന്റി ഓക്‌സിഡന്റുകള്‍ ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുകയും പല ഹൃദയ രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ആന്റിഓക്‌സിഡന്റുകള്‍ നൈട്രിക് ഓക്സൈഡ് വാതകം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് രക്തക്കുഴലുകളുടെ വികാസത്തിന് സഹായിക്കുന്നു. ഇത് സുഗമമായ രക്തയോട്ടം പ്രോത്സാഹിപ്പിക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ഹൃദയത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ടൈപ്പ് 2 പ്രമേഹമുള്ളവര്‍ക്ക് ഓട്സ് നല്ലതാണ്. ഇത് ശരീരത്തിലെ വര്‍ദ്ധിച്ച രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. ഇതിലെ ലയിക്കുന്ന ഫൈബര്‍ ബീറ്റാ-ഗ്ലൂക്കന്‍ ആമാശയത്തില്‍ കട്ടിയുള്ള ജെല്‍ രൂപപ്പെടുത്തുകയും ഭക്ഷണശേഷം ഗ്ലൂക്കോസ് ആഗിരണം ചെയ്യുന്നത് വൈകിപ്പിക്കുകയും ചെയ്യുന്നു. ഓട്സ് ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കുകയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിലനിര്‍ത്തുകയും ചെയ്യുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.04, പൗണ്ട് – 103.69, യൂറോ – 89.04, സ്വിസ് ഫ്രാങ്ക് – 91.13, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.33, ബഹറിന്‍ ദിനാര്‍ – 217.61, കുവൈത്ത് ദിനാര്‍ -266.57, ഒമാനി റിയാല്‍ – 213.13, സൗദി റിയാല്‍ – 21.87, യു.എ.ഇ ദിര്‍ഹം – 22.34, ഖത്തര്‍ റിയാല്‍ – 22.53, കനേഡിയന്‍ ഡോളര്‍ – 61.88.