*നൊസ്റ്റാള്‍ജിക് എവര്‍ഗ്രീന്‍ ഫിലിം അവാര്‍ഡില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം*
https://dailynewslive.in/you-too-can-participate-in-the-nostalgic-evergreen-film-awards/
◾മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷം ലോക്സഭയില്‍ അവിശ്വാസ പ്രമേയ നോട്ടീസ് നല്കി. കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയിയുടെ നേതൃത്വത്തിലാണ് നോട്ടീസ് നല്‍കിയത്. എല്ലാ എംപിമാരും പാര്‍ലമെന്റില്‍ ഉണ്ടാകണമെന്ന് കോണ്‍ഗ്രസ് വിപ്പ് നല്കി. ഇതിനിടെ മണിപ്പൂര്‍ വിഷയത്തില്‍ ഹ്രസ്വ ചര്‍ച്ചയ്ക്കു തയ്യാറാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസാരിക്കുമെന്നും ഭരണപക്ഷം അറിയിച്ചു.
◾വടക്കന്‍ ജില്ലകളില്‍ പ്ലസ് വണ്ണിനു 97 താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ ബാച്ചുകള്‍. 53 താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചിട്ടുണ്ട്. പാലക്കാടും വയനാട്ടും നാലു വീതവും കോഴിക്കോട് 11, കണ്ണൂര്‍ 10, കാസര്‍കോഡ് 15 എന്നിങ്ങനെയാണ് താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചത്.
◾കള്ളുഷാപ്പുകള്‍ക്ക് സ്റ്റാര്‍ പദവി നല്കുന്ന മദ്യനയത്തിനു സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്കി. ബാര്‍ ലൈസന്‍സ് ഫീസ് അഞ്ചു ലക്ഷം രൂപ വര്‍ധിപ്പിച്ച് 35 ലക്ഷം രൂപയാക്കി. സംസ്ഥാനത്തു മദ്യ ഉല്പാദനം വര്‍ധിപ്പിക്കുമെന്നും മദ്യനയത്തില്‍ പറയുന്നു.
*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ*
ജീവിതം സുന്ദരമാക്കാന്‍ KSFE ഡയമണ്ട് ചിട്ടികള്‍. ബമ്പര്‍ സമ്മാനം : 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍. കൂടാതെ ആയിരം പവന് സ്വര്‍ണ്ണവും.
*കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com , Ph: 0487 – 2332255 , Toll free Helpline: 18004253455*
◾ഓഗസ്റ്റ് മാസത്തെ ശമ്പളം, പെന്ഷന് ചെലവുകള്‍ക്കു പണം കണ്ടെത്താനാകാതെ സംസ്ഥാന സര്‍ക്കാര്‍ ആയിരം കോടി രൂപയുടെ കടപ്പത്രം പുറത്തിറക്കി. കേന്ദ്രം വായ്പാ പരിധി വെട്ടിക്കുറച്ചതിനാല്‍ ഇനി വായ്പയെടുക്കാവുന്ന തുക 2890 കോടി രൂപമാത്രമാണ്. ഓണക്കാലത്തെ അധിക ചെലവുകള്‍ക്ക് 8000 കോടി രൂപ വേണ്ടിവരും. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ചതോടെയാണ് ഖജനാവ് കാലിയായത്.
◾മൈക്ക് കേസില്‍ സുരക്ഷാ പരിശോധന അല്ലാതെ കേസെടുക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പൊലീസിനു നിര്‍ദേശം നല്കി. ഇതനുസരിച്ച് പോലീസ് കേസെടുക്കാതെ മൈക്ക് സെറ്റും ഉപകരണങ്ങളും തിരിച്ചു നല്കി. കെപിസിസിയുടെ ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സംസാരിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ടത് ആരോ കേബിളില്‍ മനപൂര്‍വം ചവിട്ടിപ്പിടിച്ചതുകൊണ്ടാണെന്നു പോലീസ് ആരോപിച്ചിരുന്നു. ഉപകരണങ്ങള്‍ ഇലക്ട്രിക്കല്‍ ഇന്സ്പെകട്റേറ്റില് പരിശോധന നടത്താനാണു കേസെടുത്തതെന്നാണു പോലീസിന്റെ വിശദീകരണം.
◾മൈക്കിനെപ്പോലും ഭയപ്പെടുന്ന ഭീരുവായ മുഖ്യമന്ത്രി കേരളത്തിന് അപമാനമാണെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എം.പി. മൈക്കിന്റെ തകരാര്‍ ആസൂത്രിതമെന്ന് ആരോപിച്ച് കേസെടുപ്പിച്ച മുഖ്യമന്ത്രി പാതാളത്തോളം തരംതാഴ്ന്നുപോയെന്നു സുധാകരന് പറഞ്ഞു.
◾ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനത്തില്‍ മൈക്ക് തകരാറിലായതിനു കേസെടുത്ത ഈ നാട് കേരളമാണോ ഉത്തരകൊറിയ ആണോയെന്ന് ജനങ്ങള്‍ വിലയിരുത്തട്ടെയെന്ന് കോണ്‍ഗ്രസ് നേതാവ് എംഎം ഹസന്. അദ്ഭുതപ്പെടുത്തുന്ന നടപടികളാണ് പോലീസിന്റേതെന്നും ഹസന്.
◾
◾മൈക്ക് കേടായതിനു കേസെടുത്ത മുഖ്യമന്ത്രിക്കു സമനില തെറ്റിയോയെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. കേസ് ഉടന്‍ പിന്‍വലിക്കണം. മൈക്കിനെതിരെ കേസെടുക്കുമോ എന്നാണ് അറിയേണ്ടത്. കേട്ടു കേള്‍വി ഇല്ലാത്ത കര്യങ്ങളാണ് പോലീസിനെക്കൊണ്ടു ചെയ്യിക്കുന്നതെന്നും സുരേന്ദ്രന്.
◾മൈക്ക് തകരാറിലായതിനു എടുത്ത കേസ് പിന്‍വലിക്കണമെന്ന് ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമകളുടെ സംഘടന. മൈക്ക് ഹൗളിംങ്ങ് വന്നതിന് മൈക്കു സെറ്റ് ഉപകരണങ്ങള്‍ക്കും മൈക്ക് ഉടമയ്ക്കും എതിരെ കേസെടുത്തതിലും ഉപകരണങ്ങള്‍ പിടിച്ചെടുത്തതിലും സംഘടന പ്രതിഷേധിച്ചു.
◾ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് നഴ്സിംഗ് കോഴ്സിനു സംവരണം അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ബി.എസ്.സി. നഴ്സിംഗ് കോഴ്സില്‍ ഒരു സീറ്റും ജനറല്‍ നഴ്സിംഗ് കോഴ്സില്‍ ഒരു സീറ്റുമാണ് സംവരണം ചെയ്തത്.
◾പോക്സോ കേസില്‍ കെ സുധാകരനെതിരായ വിവാദ പ്രസ്താവനയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ കലാപാഹ്വാനത്തിനു കേസെടുക്കാനാകില്ലെന്ന് ക്രൈംബ്രാഞ്ച്. പ്രാഥമികാന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്കി. കോണ്‍ഗ്രസ് പ്രവര്ത്തകന് നല്കിയ പരാതിയാണ് പോലീസ് തള്ളിയത്.
◾ചീഫ് വൈല്‍ഡ്ലൈഫ് വാര്ഡന് ഗംഗാസിംഗിനെ വനം മേധാവിയാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. വനം മേധാവി ബെന്നിച്ചന് തോമസ് ഈ മാസത്തോടെ വിരമിക്കുകയാണ്.
◾കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ലോക്കോ റണ്ണിംഗ് റൂമില്‍ ലോക്കോ പൈലറ്റ് മരിച്ച നിലയില്‍. കൊയിലാണ്ടി സ്വദേശി കെ കെ ഭാസ്കരന് (52) ആണ് മരിച്ചത്. ആലപ്പുഴ – കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് ഓടിക്കാനുള്ള ലോക്കോ പൈലറ്റായി ഇന്നലെ രാത്രി പതിനൊന്നരയോടെ കണ്ണൂരില്‍ എത്തി മുറിയില്‍ വിശ്രമിച്ചതായിരുന്നു.
◾രാത്രി പതിനൊന്നിന് പട്രോളിംഗ് നടത്തുന്നതിനിടെ നിര്‍ത്തിയിട്ട പൊലീസ് വാഹനം മദ്യ ലഹരിയില്‍ തട്ടിയെടുത്തുകൊണ്ടുപോയി പറപ്പിച്ച വിരുതനെ പോലീസും നാട്ടുകാരും ചേര്‍ന്നു പിടികൂടി. പാറശ്ശാല സ്റ്റേഷനിലെ വാഹനമാണ് പരശുവയ്ക്കല്‍ സ്വദേശി ഗോകുല്‍ കടത്തിക്കൊണ്ടുപോയത്. പൊലിസുകാര്‍ ബൈക്കില്‍ പിന്തുടരുന്നതു കണ്ട ഗോകുല്‍ ആലമ്പാറയിലെ മതിലില്‍ ഇടിച്ചാണു വാഹനം നിര്‍ത്തിയത്.
◾മുട്ടില്‍ മരംമുറിക്കേസില്‍ ഓരോ മരത്തിന്റെയും വില നിശ്ചയിക്കാന്‍ വനംവകുപ്പ് വൈകിയതിനാലാണ് റവന്യൂ വകുപ്പിന്റെ നടപടികള്‍ വൈകിയതെന്ന് വയനാട് ജില്ലാ കളക്ടര്‍. നടപടികളെല്ലാം പൂര്‍ത്തിയാക്കി മരങ്ങളുടെ വില സംബന്ധിച്ച റിപ്പോര്‍ട്ട് ഉടനേ കൈമാറുമെന്നും അറിയിച്ചു.
◾കൈക്കൂലി വാങ്ങിയ താലൂക്ക് സര്‍വെയറെ വിജിലന്‍സ് പിടികൂടി. താമരശേരി താലൂക്ക് സര്‍വേയര്‍ നസീറിനെ താലൂക്ക് ഓഫീസില്‍ തഹസില്‍ദാര്‍ക്കു യാത്രയയപ്പു നല്‍കുന്നതിനിടെയാണു പിടികൂടിയത്. തഹസില്‍ദാരെയാണ് വിജിലന്‍സ് ആദ്യം പിടികൂടിയത്. തഹസില്‍ദാരും സര്‍വേയറും ഒരേ നിറമുള്ള ഷര്‍ട്ട് ധരിച്ചതാണ് വിജിലന്‍സ് ഉദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കിയത്. സ്ഥലവും റോഡും സര്‍വേ നടത്താന്‍ പതിനായിരം രൂപ കൈക്കൂലി വാങ്ങിയശേഷം റോഡ് സര്‍വേക്കായി 20,000 രൂപ കൂടി ആവശ്യപ്പെട്ടെന്നാണു പരാതി.
◾മലപ്പുറം ചെമ്മങ്കടവ് താമരകുഴിയിലെ വീട്ടില്‍നിന്ന് ഇരുപതര കിലോ കഞ്ചാവ് പോലീസ് പിടിച്ചു. മൂന്നു പേര് അറസ്റ്റിലായി. കോഡൂര്‍ സ്വദേശി പാലോളി ഇബ്രാഹിം (49), കുണ്ടുവായ പള്ളിയാളി സ്വദേശി ശ്രീയേഷ് (36), താമരക്കുഴി സ്വദേശി ബ്രിജേഷ് ആന്റണി ഡിക്രൂസ് (41) എന്നിവരാണു പിടിയിലായത്.
◾കാസര്‍കോട് കരിന്തളത്ത് ശ്വാസതടസം അടക്കമുള്ള ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സ്കൂള്‍ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്കൂളിലെ 19 വിദ്യാര്‍ത്ഥികളാണ് ചികിത്സയിലുള്ളത്.
◾വേണ്ടി വന്നാല്‍ നിയന്ത്രണരേഖ മറിക്കടക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പാകിസ്ഥാന് മുന്നിറിയിപ്പു നല്കി. കാര്‍ഗില്‍ വിജയ് ദിവസത്തിന്റ ഭാഗമായി ധീര സൈനികരെ സ്മരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ധീര സൈനികരുടെ സ്മാരകത്തില്‍ പ്രതിരോധമന്ത്രി പുഷ്പചക്രം അര്‍പ്പിച്ചു.
◾വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഇന്ത്യ അരി കയറ്റുമതി നിരോധിച്ചതോടെ ലോക രാജ്യങ്ങളില്‍ അരിക്കായി നെട്ടോട്ടം. ലോകത്തെ ഏറ്റവും വലിയ അരി കയറ്റുമതി രാജ്യമാണ് ഇന്ത്യ. ആഗോള വിപണിയില്‍ 40 ശതമാനവും ഇന്ത്യന്‍ അരിയാണ്. ബസുമതി അരി കയറ്റുമതി നിരോധിച്ചിട്ടില്ല.
◾കേന്ദ്ര മന്ത്രിയെ വീഡിയോ കോളില്‍ നഗ്ന വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന പരാതിയില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു. കേന്ദ്ര ജല, ഭക്ഷ്യ സംസ്കരണ, വ്യവസായ വകുപ്പ് സഹമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേലിനെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചവരെയാണ് രാജസ്ഥാനില്‍നിന്ന് ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്തത്.
◾എയര്‍ഹോസ്റ്റസ് ഗീതിക ശര്‍മ്മ ആത്മഹത്യ ചെയ്ത കേസില്‍ ഹരിയാനയിലെ മുന്‍ മന്ത്രി ഗോപാല്‍ ഗോയല്‍ കാണ്ഡ ഉള്‍പ്പെടെ രണ്ടുപേരെ ഡല്‍ഹി ഹൈക്കോടതി കുറ്റമുക്തരാക്കി. ആത്മഹത്യാ പ്രേരണക്കുറ്റമായിരുന്നു ഇവര്‍ക്കെതിരെ ചുമത്തിയത്. എയര്‍ ഹോസ്റ്റസ് മറ്റു കാരണങ്ങളാല്‍ ആത്മഹത്യ ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.
◾ഗുസ്തി ഫെഡറേഷന് എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ ബിജെപി എംപി ബ്രിജ് ഭൂഷണ് ശരണ്‍ സിംഗും മകന് കരണ്‍ പ്രതാപും ഇല്ല. സമിതിയിലേക്ക് ഇവര്‍ക്കു മല്‍സരിക്കാനാവില്ല. ഓഗസ്റ്റ് 12 നാണു തെരഞ്ഞെടുപ്പ്.
◾ഒരു മാസത്തിലേറെയായി ഓഫീസിലേക്ക് എത്താത്ത വിദേശകാര്യ മന്ത്രിയെ ചൈന മന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കി. വിദേശകാര്യമന്ത്രി ക്വിന്‍ ഗ്യാംഗിനെയാണ് പ്രസിഡന്റ് നീക്കിയത്. ചൈനീസ് രാഷ്ട്രീയത്തിലെ പുതിയ താരമായി വളരുന്ന നേതാവായിരുന്നു പുറത്താക്കപ്പെട്ട ക്വിന്‍ ഗ്യാംഗ്.
◾ട്വിറ്ററിന്റെ ലോഗോ നീക്കം ചെയ്യുന്നത് പൊലീസ് തടഞ്ഞു. ട്വിറ്ററിന്റെ ആസ്ഥാന കെട്ടിടത്തിനു മുകളിലെ നീലക്കിളി ലോഗോ നീക്കം ചെയ്യാന്‍ ക്രെയിന്‍ ഉപയോഗിക്കാന്‍ അനുമതി തേടാത്തതാണു തടയാന്‍ കാരണം. കെട്ടിടമുടമയും വാടക കിട്ടാത്തതിനു പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
◾വീണ്ടും മെസ്സി മാജിക്. രണ്ട് ഗോളും ഒരു അസിസ്റ്റുമായി ഇന്റര്‍ മയാമിക്കായുള്ള രണ്ടാം മത്സരത്തിലും നിറഞ്ഞു നിന്ന് സൂപ്പര്‍ താരം ലയണല്‍ മെസ്സി. അറ്റ്ലാന്റ യുണൈറ്റഡിനെതിരായ മത്സരത്തിലാണ് മെസ്സി രണ്ട് ഗോളുകള്‍ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തത്. ആദ്യാവസാനം വരെ മെസ്സി നിറഞ്ഞു നിന്ന മത്സരത്തില്‍ മയാമി എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് അറ്റ്ലാന്റയെ തകര്‍ത്തുവിട്ടത്.
◾അന്താരാഷ്ട്ര നാണയ നിധി 2023-24 സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഏപ്രിലില്‍ കണക്കാക്കിയ 5.9 ശതമാനത്തില്‍ നിന്ന് 6.1 ശതമാനമായി ഉയര്‍ത്തി. ശക്തമായ ആഭ്യന്തര നിക്ഷേപമായിരിക്കും ഈ വളര്‍ച്ചയുടെ പ്രധാനകാരണമെന്നും ഐ.എം.എഫ് വള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്കില്‍ പറയുന്നു. 2024-25 സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ചാ പ്രവചനം 6.3% ആണ്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 6.5% വളര്‍ച്ചാണ് റിസര്‍വ് ബാങ്ക് കണക്കാക്കിയിരിക്കുന്നത്. ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക് അടുത്തിടെ ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം 6.4% ആയി നിലനിര്‍ത്തി. ആഗോള സമ്പദ്വ്യവസ്ഥ 2023 ല്‍ 3% വളരും. 2022 ല്‍ ലോക സമ്പദ്വ്യവസ്ഥ 3.5% വളര്‍ന്നു. ആഗോള തലത്തിലുള്ള പണപ്പെരുപ്പം 2018ലെ 8.7% ല്‍ നിന്ന് 2023-ല്‍ 6.8% ആയി കുറയുമെന്ന് ഐ.എം.എഫ് പ്രവചിക്കുന്നുണ്ട്. അതേസമയം പ്രധാന പണപ്പെരുപ്പം 2018ലെ 6.5% ല്‍ നിന്ന് 6% ആയി കുറയും. അതേസമയം എല്‍ നിനോ പ്രതീക്ഷിച്ചതിലും കൂടുതല്‍ തീവ്രമായ താപനില വര്‍ധന വരുത്തുകയും വരള്‍ച്ചയെ കൂടുതല്‍ വഷളാക്കുകയും ചരക്ക് വില വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്കി. പച്ചക്കറി വിലയിലുണ്ടായ മാറ്റം ജൂണ്‍ മാസത്തില്‍ ഇന്ത്യയുടെ റീറ്റെയ്ല്‍ പണപ്പെരുപ്പം മൂന്ന് മാസത്തെ ഉയര്‍ന്ന നിരക്കായ 4.81% ആയി ഉയര്‍ന്നു. വില സ്ഥിരത പുനഃസ്ഥാപിക്കുന്നതിലും സാമ്പത്തിക മേല്‍നോട്ടത്തിലും അപകടസാധ്യത കൈകാര്യം ചെയ്യുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഐ.എം.എഫ് കേന്ദ്ര ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
◾ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ചാറ്റ് ജിപിടി ആന്‍ഡ്രോയ്ഡ് ആപ്പ് എത്തി. ഇനി എല്ലാ സ്മാര്‍ട്ട് ഫോണുകളിലും ചാറ്റ് ജിപിടി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. മേയ് മാസം മുതല്‍ ഐ ഫോണിലും ഡെസ്ക്ടോപ്പിലും ഇത് ലഭ്യമായിരുന്നു. ചാറ്റ് ജിപിടി ആപ്പ് ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് പ്രീ ഓര്‍ഡര്‍ സൗകര്യം നേരത്തെ എത്തിയിരുന്നു. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അവരുടെ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ആപ്പ് താനേ ഇന്‍സ്റ്റോള്‍ ആകും. മറ്റുള്ളവര്‍ക്ക് ഗൂഗ്ള്‍ ആപ്പ് സ്റ്റോറില്‍ കയറി നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം. ആന്‍ഡ്രോയിഡ് ആപ്പ് പുറത്തിറക്കിയ വിവരം കമ്പനി തന്നെ ട്വിറ്ററിലുടെ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയുടെ പിന്‍ബലത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടി എഴുതി നല്കുന്ന ചാറ്റ്ബോട്ട് ആണ് ചാറ്റ് ജിപിടി. ഓപ്പണ്‍ എ.ഐ എന്ന സ്റ്റാര്‍ട്ടപ്പ് ആണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചത്. കഥ, കവിത, ലേഖനങ്ങള്‍, കത്തുകള്‍, കുറിപ്പുകള്‍, ലേഖനങ്ങള്‍, സമകാലിക സംഭവങ്ങള്‍, പാചകക്കുറിപ്പുകള്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ വിവരങ്ങള്‍ തിരയാനും എഴുതാനും ചാറ്റ് ജിപിടിയ്ക്ക് സാധിക്കും.
◾ദിലീപ് മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം അഭിനയിച്ച ‘വോയിസ് ഓഫ് സത്യനാഥന്’ ജൂലൈ 28 -ന് റിലീസ് ചെയ്യും. ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സിന്റെയും ഗ്രാന്‍ഡ് പ്രൊഡക്ഷന്സിന്റെയും ബാനറില്‍ എന്‍ എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജന് ചിറയില്‍ എന്നിവര്‍ സംയുക്തമായാണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ചിരിയും കളിയും കാര്യവുമായി എത്തുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളിക്ക് സുപരിചിതനായ റാഫിയാണ്. ചിത്രം റിലീസ് ചെയ്യുന്നത് ആന്‍ മെഗാ മീഡിയയാണ്. മഹാരാഷ്ട്ര, രാജസ്ഥാന് തുടങ്ങിയ നഗരങ്ങളില്‍ ഉള്‍പ്പെടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ സിനിമയില്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ ഒട്ടേറെ പ്രമുഖ താരങ്ങള്‍ വേഷമിട്ടിട്ടുണ്ട്. ദിലീപ്, ജോജു ജോര്‍ജ്, വീണ നന്ദകുമാര്‍, സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, അനുപം ഖേര്‍, മകരന്ദ് ദേശ്പാണ്ഡെ, ജഗപതി ബാബു, തുടങ്ങി നിരവധി താരങ്ങളാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്.
◾ചിത്രമൂല ക്രിയേഷന്‍സിന്റെ ബാനറില്‍ സുധീഷ് യതി, കുക്കു ജീവന്, കുക്കു സുജാത എന്നിവര്‍ നിര്‍മ്മിച്ച് മുരളിലക്ഷമണ്‍ സംവിധാനം ചെയ്ത ‘കൊലോസ്യന്‍സ് 3:25’ എന്ന ഹ്രസ്വചിത്രം സൈന മൂവീസിന്റെ ഒടിടി പ്ലാറ്റ്ഫോമിലും, യൂട്യൂബിലുമായി പുറത്തിറങ്ങി. ഗ്രീഷ്മറി ജിന്‍, ജിജേഷ് പികെ, രാഹുല്‍ അജയകുമാര്‍, മുരളി ലക്ഷമണ് എന്നിവര്‍ ചേര്‍ന്ന് രചന നിര്‍വഹിച്ച ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് വിഷ്ണു ശശികുമാര്‍ ആണ്. കൈനകരി തങ്കരാജ്, ശിവജി ഗുരുവായൂര്‍, സന്തോഷ് കീഴാറ്റൂര്‍, രാജേഷ് ഹെബ്ബാര്‍, അരുണ്‍ രാഘവന്, അതുല്‍ ആര് അശോക്, രെഞ്ജി കാങ്കോല്‍, ശ്രീജിത്ത് കണ്ണൂര്‍ എന്നിവരാണ് പ്രധാന താരങ്ങള്‍. എഡിറ്റിംഗ് സൂരജ് അയ്യപ്പന്, പാശ്ചാത്തല സംഗീതം രാഗേഷ് സ്വാമിനാഥന്, സംഘട്ടനം അഷറഫ് ഗുരുക്കള്‍, മെയ്ക്കപ്പ് രാജീവ് അങ്കമാലി, കോസ്റ്റ്യും കുക്കു ജീവന്, പിആര്‍ഒ എഎസ് ദിനേശ്,സംസ്ഥാന അവാര്‍ഡ് ജേതാവായ ലിജു പ്രഭാകര്‍ ആണ് ഇതിന്റെ ഡിഐ നിര്‍വഹിച്ചിരിക്കുന്നത്. അന്തരിച്ച നടന് കൈനകരി തങ്കരാജിന്റെ അവസാനം ചിത്രം കൂടിയാണ് കൊലോസ്യന്‍സ് 3:25.
◾വൈദ്യുതി കാറുകളുടെ നിര്‍മാണം വൈകാതെ ഇന്ത്യയില്‍ ആരംഭിക്കുമെന്ന് ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യു. ഇന്ത്യയിലെ വൈദ്യുതി വാഹന വിപണി വളരെ വേഗത്തില്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ബിഎംഡബ്ല്യുവിന്റെ പ്രഖ്യാപനം വരുന്നത്. 2023ല്‍ ആദ്യ ആറു മാസത്തില്‍ ബിഎംഡബ്ല്യുവിന്റെ ഇന്ത്യയിലെ വില്പനയില് ഒമ്പത് ശതമാനം വൈദ്യുതി കാറുകളായിരുന്നു. ഇന്ത്യയില്‍ ഇത് 2025 ആകുമ്പോഴേക്കും 25 ശതമാനമായി ഉയരുമെന്നാണ് ബിഎംഡബ്ല്യുവിന്റെ കണക്കുകൂട്ടല്‍. ഇന്ത്യയില്‍ 2023ന്റെ ആദ്യ ആറു മാസത്തിനുള്ളില്‍ നാലു മോഡലുകളിലായി 500 വൈദ്യുതി കാറുകളാണ് ബിഎംഡബ്ല്യു വിറ്റത്. ഐ7, ഐഎക്സ്, ഐ4, മിനി എസ്ഇ എന്നീ മോഡലുകളാണ് ബിഎംഡബ്ല്യു ഇന്ത്യയില്‍ വിറ്റത്. 2013 മുതല്‍ വൈദ്യുതി വാഹനങ്ങള്‍ നിര്‍മിച്ചു വില്‍ക്കുന്ന കമ്പനിയാണ് ബിഎംഡബ്ല്യു. നിലവില്‍ ബിഎംഡബ്ല്യുവിന്റെ അഞ്ചാം തലമുറ ബാറ്ററികളാണ് പുതിയ വാഹനങ്ങളിലുള്ളത്. ആറാം തലമുറ ബാറ്ററികള്‍ നിര്‍മിക്കാനുള്ള ഗവേഷണങ്ങള്‍ ഇതിനകം തന്നെ ബിഎംഡബ്ല്യു ആരംഭിച്ചിട്ടുണ്ട്. 2023 പൂര്‍ത്തിയാകുമ്പോഴേക്കും ആകെ വാഹന വില്പയുടെ 15 ശതമാനമായി വൈദ്യുത വാഹനങ്ങള്‍ മാറുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ഇന്ത്യയില്‍ തന്നെ നിര്‍മാണം ആരംഭിച്ചാല്‍ വില കുറക്കാനാവുമെന്നതും ബിഎംഡബ്ല്യുവിന് അനുകൂലഘടകമായി മാറും.
◾ഓരോ നാട്ടിലുമുള്ള ജനതയുടെ വിസ്മയിപ്പിക്കുന്ന ഭാവനകളാല്‍ സമൃദ്ധമാണ് ആ നാടുകളിലെ ഐതിഹ്യകഥകള്‍. സാമൂഹികവും പാരിസ്ഥിതികവുമായ പ്രത്യേകതകളെ ഉള്‍ക്കൊള്ളുന്ന ഈ കഥകള്‍ നാടുകളുടെ ചരിത്രമാണ് രേഖപ്പെടുത്തുന്നത്. ലക്ഷദ്വീപില്‍ പ്രാചാരമുള്ള ഐതിഹ്യങ്ങളുടെയും പുരാവൃത്തങ്ങളുടെയും സമാഹാരമായ ഈ പുസ്തകം ദ്വീപുകളിലെ ജനതയുടെ അടയാളപ്പെടുത്താത്ത ചരിത്രമാണ്. കവരത്തി, ആന്ത്രോത്ത്, കടമത്ത് തുടങ്ങി വിവിധ ദ്വീപുകളില്‍ ഉരുവംകൊണ്ട് അവിടെ വാമൊഴിയായി നിലനിന്നുവരുന്ന കഥകളുടെ അത്യപൂര്‍വ്വ പുസ്തകം. ‘ലക്ഷദ്വീപിലെ ഐതിഹ്യങ്ങളും പുരാവൃത്തങ്ങളും’. ഡോ. എം മുല്ലക്കോയ. ഡിസി ബുക്സ്. വില 237 രൂപ.
◾ലോകജനസംഖ്യയുടെ 17 ശതമാനവും പ്രമേഹബാധിതരാണെന്ന് കണക്കുകള്‍ പറയുന്നു. 80 ദശലക്ഷം പ്രമേഹ രോഗികളുമായി ഇന്ത്യ ലോകത്തിന്റെ പ്രമേഹ തലസ്ഥാനമായി അറിയപ്പെടുന്നു. ചില ആരോഗ്യകരമായ ശീലങ്ങള്‍ പ്രമേഹത്തെ പ്രതിരോധിക്കാന്‍ സഹായിക്കും. ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുന്നത് പ്രമേഹ നിയന്ത്രണത്തില്‍ അതിപ്രധാനമാണ്. ഏഴ് ശതമാനം ശരീരഭാരം കുറയ്ക്കുന്നത് പ്രമേഹ സാധ്യത 60 ശതമാനം വരെ കുറയ്ക്കാം. ഇടയ്ക്കിടെയുള്ള പ്രമേഹ പരിശോധന ഈ രോഗത്തെ നേരത്തെ തിരിച്ചറിയാനും ആവശ്യമായ മാറ്റങ്ങള്‍ ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും വരുത്താനും സഹായിക്കും.45 വയസ്സിന് മുകളിലുള്ളവര്‍ ഇടയ്ക്കിടെ പ്രമേഹപരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. പുകവലി ശ്വാസകോശത്തിനും ഹൃദയത്തിനും മാത്രമല്ല അപകടം ഉണ്ടാക്കുക. പ്രമേഹം ഉള്‍പ്പെടെ പലവിധ ആരോഗ്യസങ്കീര്‍ണതകളും ഇത് കാരണമാകും. ടൈപ്പ് 2 പ്രമേഹ സാധ്യത വലിയൊരളവില്‍ കുറയ്ക്കാന്‍ പുകവലി നിര്‍ത്തുന്നത് സഹായിക്കും. മധുരവും പ്രിസര്‍വേറ്റീവുകളും മറ്റ് അനാരോഗ്യകരമായ ചേരുവകളും അടങ്ങിയ പാനീയങ്ങള്‍ക്ക് പകരം ദാഹിക്കുമ്പോള്‍ വെള്ളം കുടിക്കാനായി തിരഞ്ഞെടുക്കാം. ഇത് ശരീരത്തിലെ ജലാംശം നിലനിര്‍ത്തുകയും അമിതമായ കാലറി ശരീരത്തിലെത്താതെ തടയുകയും ചെയ്യും. ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ നിത്യവും ഉപയോഗിക്കുന്നതും പ്രമേഹ സാധ്യത കുറയ്ക്കും. പഴങ്ങള്‍, പച്ചക്കറികള്‍, ഹോള്‍ ഗ്രെയ്നുകള്‍ എന്നിവയെല്ലാം ഫൈബര്‍ അടങ്ങിയവയാണ്. റിഫൈന്‍ ചെയ്ത കാര്‍ബോഹൈഡ്രേറ്റിന്റെയും പഞ്ചസാരയുടെയും തോത് കുറയ്ക്കാം. മധുരപാനീയങ്ങള്‍, ഡിസേര്‍ട്ടുകള്‍, സംസ്കരിച്ച സ്നാക്സുകള്‍, റിഫൈന്‍ ചെയ്ത ധാന്യങ്ങള്‍ എന്നിവയുടെ ഉപയോഗം കുറയ്ക്കേണ്ടതാണ്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.03, പൗണ്ട് – 105.81, യൂറോ – 90.80, സ്വിസ് ഫ്രാങ്ക് – 95.17, ഓസ്ട്രേലിയന്‍ ഡോളര്‍ – 55.49, ബഹറിന്‍ ദിനാര്‍ – 217.63, കുവൈത്ത് ദിനാര്‍ -267.30, ഒമാനി റിയാല്‍ – 213.05, സൗദി റിയാല്‍ – 21.87, യു.എ.ഇ ദിര്‍ഹം – 22.33, ഖത്തര്‍ റിയാല്‍ – 22.53, കനേഡിയന്‍ ഡോളര്‍ – 62.18.