Oomen 1

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചു. 79 വയസായിരുന്നു. കാന്‍സര്‍ ബാധിച്ച് ബാംഗളൂരുവില്‍ ചികില്‍സയിലായിരുന്നു. ഇന്നു പുലര്‍ച്ചെ നാലരയോടെയാണു മരണം സ്ഥിരീകരിച്ചത്.

കേരളത്തിന്റെ ജനകീയനായ മുഖ്യമന്ത്രിയായിരുന്നു വിടവാങ്ങിയ ഉമ്മന്‍ ചാണ്ടി. 2004 മുതല്‍ 2006 വരേയും 2011 മുതല്‍ 2016 വരേയും മുഖ്യമന്ത്രിയായിരുന്നു. 1970 മുതല്‍ 53 വര്‍ഷം തുടര്‍ച്ചയായി പുതുപ്പള്ളി എംഎല്‍എ യാണ്. 1977 മുതല്‍ തൊഴില്‍ വകുപ്പു മന്ത്രി, 1982 മുതല്‍ ആഭ്യന്തര മന്ത്രി, 1991 മുതല്‍ ധനമന്ത്രി, 2006 മുതല്‍ 2011 വരെ പ്രതിപക്ഷ നേതാവ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. സാധാരണ കെഎസ് യു പ്രവര്‍ത്തകനായാണു പൊതുജീവിതം ആരംഭിച്ചത്.

ബെംഗളൂരുവില്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം ഇന്നു വൈകുന്നേരത്തോടെ കേരളത്തില്‍ എത്തിക്കും. ബെംഗളൂരുവില്‍ പ്രതിപക്ഷ നേതാക്കളുടെ യോഗത്തിന് എത്തിയ എഐസിസി നേതാക്കള്‍ അടക്കമുള്ളവര്‍ അന്ത്യാഞ്ജലിയുമായി രാവിലെത്തന്നെ ചിന്മയ മിഷന്‍ ആശുപത്രിയില്‍ എത്തും.

തമിഴ്നാട്ടിലെ സ്റ്റാലിന്‍ മന്ത്രിസഭയിലെ മന്ത്രി കെ. പൊന്മുടിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നലെ രാത്രി അറസ്റ്റു ചെയ്തു. 13 മണിക്കൂര്‍ നീണ്ടു നിന്ന റെയ്ഡിനുശേഷമാണ് 70 ലക്ഷം രൂപയും ഏതാനും വിദേശ കറന്‍സികളും സഹിതം അറസ്റ്റു ചെയ്തത്. 2006 ല്‍ ജയലളിതയുടെ മന്ത്രിസഭയില്‍ മന്ത്രിയായിരിക്കെ മകനും സുഹൃത്തുക്കള്‍ക്കും അനധികൃതമായി ക്വാറി ലൈസന്‍സ് നല്‍കി 28 കോടിയുടെ നഷ്ടം വരുത്തിയെന്ന കേസിലാണ് നടപടി. സിആര്‍പിഎഫ് സേനയുടെ സംരക്ഷണത്തോടെയാണ് മന്ത്രിയുടെ ചെന്നൈയിലെയും വിഴുപ്പുറത്തെയും വീടുകളിലും എന്‍ജിനിയറിംഗ് കോളേജിലും പരിശോധന നടത്തിയത്. മകനും ലോകസ്ഭാ എംപിയുമായ ഗൗതം ശിഖാമണിയുടെ വീടുകളിലും റെയ്ഡു നടന്നു.

ഡല്‍ഹിയില്‍ ഇന്നു നടക്കുന്ന എന്‍ഡിഎ യോഗത്തില്‍ 38 സഖ്യകക്ഷികള്‍ പങ്കെടുക്കും. പുതുതായി ചില പാര്‍ട്ടികള്‍കൂടി യോഗത്തിനെത്തുമെന്ന് ബിജെപി അധ്യക്ഷന്‍ ജെ.പി. നദ്ദ പറഞ്ഞു. കഴിഞ്ഞ നാലു വര്‍ഷത്തെ എന്‍ഡിഎയുടെ വളര്‍ച്ച നിര്‍ണായകമാണ്. അദ്ദേഹം പറഞ്ഞു. ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി എന്‍ഡിഎയില്‍ തിരിച്ചെത്തി.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരേ ഐക്യനിര കെട്ടിപ്പടുക്കാന്‍ ബംഗളൂരുവില്‍ നടക്കുന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ 26 പാര്‍ട്ടികളിലെ 49 നേതാക്കള്‍. ഇന്നലെ ആരംഭിച്ച യോഗം ഇന്നും തുടരും. പൊതുമിനിമം പരിപാടിയാണു മുഖ്യ ചര്‍ച്ച. പ്രതിപക്ഷ ഐക്യനിരയ്ക്ക് പേരു വേണോ, മുന്നണിക്ക് ചെയര്‍പേഴ്സണോ കണ്‍വീനറോ വേണോ എന്നും ചര്‍ച്ച ചെയ്യും. ഇന്നലെ ഉച്ചയോടെ അഞ്ചു മുഖ്യമന്ത്രിമാരടക്കം പ്രധാന നേതാക്കള്‍ എത്തി. എന്‍സിപി നേതാവ് ശരദ് പവാര്‍ ഇന്നെത്തും.

കെഎസ്ആര്‍ടിസിയില്‍ 1243 ജീവനക്കാര്‍ മുങ്ങി നടക്കുകയാണെന്നും നിശ്ചിത ദിവസത്തിനകം ജോലിക്കെത്തിയില്ലെങ്കില്‍ പിരിച്ചുവിടുമെന്നും സിഎംഡി ബിജു പ്രഭാകര്‍. ഡബിള്‍ ഡ്യൂട്ടി എന്നിങ്ങനെ പല പേരുകളിലായി നിയമവിരുദ്ധമായ ഡ്യൂട്ടി പാറ്റേണ്‍ ആണ് കെഎസ്ആര്‍ടിസിയിലുള്ളത്. ചില ജീവനക്കാര്‍ പെന്‍ഷന്‍ പ്രതീക്ഷിച്ചാണ് കെഎസ്ആര്‍ടിസിയില്‍ തുടരുന്നത്. ഫേസ്ബുക്കിലൂടെ അദ്ദേഹം കുറ്റപ്പെടുത്തി.

പ്ലസ്ടു കോഴ്സ് അനുവദിക്കാന്‍ കോഴ വാങ്ങിയെന്ന കേസില്‍ കെ. എം. ഷാജിക്ക് സുപ്രീം കോടതി നോട്ടീസ്. വിജിലന്‍സ് കേസ് റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് നോട്ടീസയച്ചത്. നോട്ടീസിന് ആറ് ആഴ്ചക്കുള്ളില്‍ മറുപടി നല്‍കണം. ഷാജി കൈക്കൂലി ചോദിച്ചതിനോ വാങ്ങിയതിനോ തെളിവുണ്ടോയെന്ന് വാദത്തിനിടെ കോടതി ചോദിച്ചു.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു സജ്ജമാക്കാനുള്ള കൂടിയാലോചനകള്‍ക്കായി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ എഐസിസി നേതൃത്വം ബാംഗ്ലൂരുവിലേക്കു വിളിപ്പിച്ചു. രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍ നാളെ എത്തണമെന്നാണ് നിര്‍ദേശം. മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും കേരള നേതാക്കളുമായി ചര്‍ച്ച നടത്തും.

യൂത്ത് കോണ്‍ഗ്രസ് ഡല്‍ഹി, രാജസ്ഥാന്‍, കര്‍ണാടക, തമിഴ്നാട് എന്നീ നാലു സംസ്ഥാനങ്ങളിലെ മാധ്യമ ഏകോപന സഹ ചുമതല തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണന് നല്‍കി. നേരത്തെ അര്‍ജുന് ദേശീയ ഭാരവാഹിത്വം നല്‍കിയതിനെതിരെ യൂത്ത് കോണ്‍ഗ്രസില്‍ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നാളെ പ്രഖ്യാപിക്കും. രാവിലെ 11 ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപനം നടത്തുക. ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് സിനിമകള്‍ വിലയിരുത്തിയത്. മമ്മൂട്ടിയുടെ നന്‍പകല്‍ നേരത്തു മയക്കം, കുഞ്ചാക്കോ ബോബന്റെ ന്നാ താന്‍ കേസ് കൊട് എന്നിവയ്ക്കു മികച്ച ചിത്രത്തിനുള്ള സാധ്യതയെന്നാണു സൂചന.

മുതലപ്പൊഴിയില്‍ ഇടതു വലതു മുന്നണികള്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കോണ്‍ഗ്രസ് എംപി അടൂര്‍ പ്രകാശ് ഇന്നു നടത്തുന്ന സത്യഗ്രഹം വെറും നാടകമാണ്. ബിജെപിക്ക് അവസരം ലഭിച്ചാല്‍ തീരദേശ ജനതയുടെ സമഗ്ര വികസനം ഉറപ്പാക്കുമെന്നും സുരേന്ദ്രന്‍.

തളിപ്പറമ്പില്‍ പനി ബാധിച്ച് ഒന്നര വയസുകാരി മരിച്ചു. കുണ്ടാംകുഴി റോഡിലെ സിറാജിന്റെ മകള്‍ ഹയ ആണ് മരിച്ചത്. പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം.

മീനാക്ഷിപുരത്ത് സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് 75 പവന്‍ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ അര്‍ജുന്‍ ആയങ്കിയെ പുനെയില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. കേസില്‍ സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ പതിനൊന്ന് പേരെ പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

കല്യാണപ്പിറ്റേന്ന് പുലര്‍ച്ചെ നവവധുവിനെ ഭര്‍ത്താവിന്റെ ബന്ധു വീട്ടില്‍നിന്നു പെണ്‍വീട്ടുകാരായ കോണ്‍ഗ്രസ് നേതാക്കള്‍ തട്ടിക്കൊണ്ടുപോയി. ഇടുക്കി അമലഗിരിയിലാണ് സംഭവം. കൊല്ലം പത്തനാപുരം ബ്ലോക്ക് പഞ്ചായത്തംഗം യദുകൃഷ്ണന്‍, പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ അനീഷ് ഖാന്‍ എന്നിവരുള്‍പ്പെടെ പതിനഞ്ചു പേര്‍ക്കെതിരെയാണ് പരാതി. കൊല്ലം പനംപറ്റ സ്വദേശിയായ യുവാവും മീനം സ്വദേശിനിയായ യുവതിയും ശനിയാഴ്ച പെണ്‍കുട്ടിയുടെ വീട്ടുകാരെ അറിയിക്കാതെയാണു വിവാഹം കഴിച്ചത്. മിശ്ര വിവാഹമായിരുന്നു.

തൊടുപുഴയില്‍നിന്നു ജെസിബി മോഷ്ടിച്ച് തമിഴ്നാട്ടിലേക്ക് കടത്തുകയായിരുന്ന അഞ്ചംഗ സംഘം പിടിയില്‍. ഇതേ ജെസിബിയില്‍ ജോലി ചെയ്തിരുന്ന ആലപ്പുഴ സ്വദേശിയായ മന്‍സൂര്‍, തൊടുപുഴ സ്വദേശി അമല്‍ എന്നിവരും പത്തനംതിട്ട സ്വദേശി ഷമീര്‍, തൊടുപുഴ സ്വദേശികളായ ശരത്, സനു മോന്‍ എന്നിവരുമാണ് പിടിയിലായത്. കോയമ്പത്തൂരിലെത്തിച്ച് പൊളിച്ചു വില്‍ക്കുന്നവര്‍ക്ക് വില്‍ക്കാന്‍ കൊണ്ടുപോയ ജെസിബി വാളയാറില്‍ നിന്നാണ് പിടിച്ചത്.

മലപ്പുറത്തെ ക്രിമിനല്‍ ജില്ലയാക്കി ചിത്രീകരിക്കാന്‍ ജില്ലാ പൊലീസ് മേധാവി സുജിത് ദാസ് ശ്രമിക്കുന്നെന്ന് എം എസ് എഫ് പ്രസിഡന്റ് പി കെ നവാസ്. ജില്ലയിലെ കേസുകള്‍ പെരുപ്പിച്ചു കാട്ടുകയും മലപ്പുറത്തെ കരിവാരിതേക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. എസ്പിക്കു സംഘ പരിവാര്‍ പശ്ചാത്തലമുണ്ടെന്നും പി കെ നവാസ് ആരോപിച്ചു.

വേട്ടയാടി പിടിച്ച കൂരമാനുമായി മൂന്നു പേര്‍ പിടിയില്‍. നിലമ്പൂര്‍ അകമ്പാടത്താണ് മമ്പാട് സ്വദേശികളായ സക്കീര്‍ ഹുസൈന്‍, മുനീര്‍, ചാലിയാര്‍ സ്വദേശി അജ്മല്‍ എന്നിവരെ വനംവകുപ്പ് പിടി കൂടിയത്. നാടന്‍ തോക്കും പിടിച്ചെടുത്തു.

കണ്ണൂര്‍ പാനൂര്‍ പുത്തൂരില്‍ സ്‌കൂട്ടറും ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് എട്ടു വയസുകാരന്‍ മരിച്ചു. കൊളവല്ലൂരിലെ ഹാദി ഹംദാന്‍ ആണ് മരിച്ചത്. സ്‌ക്കൂട്ടര്‍ ഓടിച്ച ഹാദിയുടെ പിതാവ് അന്‍വറിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോഴിക്കോട് മുക്കത്തിനടുത്ത് മാടാമ്പുറം വളവില്‍ ബസ് റോഡില്‍ തെന്നി നീങ്ങി. ബസ് റോഡിനു വട്ടംവച്ചു നിന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ ആറാമത്തെ അപകടമാണിത്.

അരിക്കൊമ്പന്‍ ആരോഗ്യവാനാണന്നും ഭക്ഷണവും വെള്ളവും കഴിക്കുന്നുണ്ടെന്നും തമിഴ്നാട് വനംവകുപ്പ്. രണ്ടു ദിവസം മുമ്പാണ് വനംവകുപ്പ് അരിക്കൊമ്പനെ കണ്ടെത്തിയത്. ദൃശ്യങ്ങളും പുറത്തു വിട്ടിട്ടുണ്ട്.

മലപ്പുറം മങ്കരയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായി. പീഡനത്തിന് ഇരയാക്കിയ സ്വന്തം സഹോദരനും 24 കാരനായ ബന്ധുവും പോലീസിന്റെ കസ്റ്റഡിയിലായി.

തിരുവല്ലയില്‍ 13 കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ മുഖ്യപ്രതി കുന്നന്താനം സ്വദേശി ജിബിന്‍ ജോണിനെ (26) പൊലീസ് അറസ്റ്റു ചെയ്തു. ഇയാളുടെ ഫോണില്‍നിന്ന് ഇരുപതിലധികം പെണ്‍കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പോലീസ് കണ്ടെടുത്തു. കേസില്‍ സ്വകാര്യ ബസ് ജീവനക്കാരനായ കുമളി സ്വദേശി വിഷ്ണു സുരേഷ് (26) നെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഡല്‍ഹി ഓര്‍ഡിനന്‍സിനെതിരെ ഡല്‍ഹി സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ വിശദവാദം കേള്‍ക്കാന്‍ കോടതി വ്യാഴാഴ്ചത്തേക്കു മാറ്റി. ഡല്‍ഹി സര്‍ക്കാരിന് അനുകൂലമായി നേരത്തെ വിധി പ്രസ്താവിച്ച സുപ്രീം കോടതി ഹര്‍ജി ഭരണഘടന ബെഞ്ചിനു വിട്ടേക്കും. ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഇന്നലെ കേസ് പരിഗണിച്ചത്. ഭരണഘടന ബെഞ്ചിന് ഹര്‍ജി വിട്ടാല്‍ വേഗത്തില്‍ തീര്‍പ്പുണ്ടാകില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

മഹാരാഷ്ട്രയില്‍ എന്‍സിപിയെ പിളര്‍ത്തി എന്‍ഡിഎ സര്‍ക്കാരില്‍ ചേര്‍ന്ന അജിത് പവാര്‍ അടക്കമുള്ള എന്‍സിപി നേതാക്കള്‍ ശരത് പവാറിനെ സന്ദര്‍ശിച്ചു. രണ്ടു ദിവസത്തിനിടെ രണ്ടാം തവണയാണ് സന്ദര്‍ശനം. അദ്ദേഹം തങ്ങളെ ക്ഷമയോടെ കേട്ടെന്നും മറുപടി തന്നില്ലെന്നും വിമത എന്‍സിപി നേതാവ് പ്രഫൂല്‍ പട്ടേല്‍ പറഞ്ഞു.

അടുത്ത ഘട്ടവും വിജയകരമായി പിന്നിട്ട് ചന്ദ്രയാന്‍ മൂന്ന് മുന്നേറുന്നു. ചന്ദ്രയാന്റെ ഭ്രമണപഥം ഉയര്‍ത്തല്‍ നാളെ ഉച്ചകഴിഞ്ഞു രണ്ടരയോടെ നടക്കും.

ഇന്നു നടക്കുന്ന എന്‍ഡിഎ യോഗത്തിന് ജെഡിഎസിനു ക്ഷണമില്ല. പ്രതിപക്ഷത്തെ പിണക്കി എന്‍ഡിഎയ്ക്കൊപ്പം കൂടാമെന്ന് കരുതിയ ജെഡിഎസ് ത്രിശങ്കുവിലാണ്. ബെംഗളുരുവില്‍ ചേരുന്ന പ്രതിപക്ഷ നേതൃയോഗത്തിന് വിശ്വസിക്കാവുന്ന ഒരു നേതാവെങ്കിലും ഉണ്ടോയെന്ന് ജെഡിഎസ് നേതാവ് കുമാരസ്വാമി വിമര്‍ശിച്ചു.

വിദേശകാര്യമന്ത്രി എസ്. ജയശങ്കറും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയാനും അടക്കം 11 പേര്‍ രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. ബിജെപിക്ക് ഒരു സീറ്റ് വര്‍ധിച്ചെങ്കിലും രാജ്യസഭയില്‍ ഭൂരിപക്ഷം ഇല്ല.

കര്‍ണാടകത്തിലെ ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതു സര്‍ക്കാര്‍ വിലക്കി.

ഭോപ്പാല്‍ -ഡല്‍ഹി വന്ദേഭാരത് എക്സ്പ്രസില്‍ അഗ്നിബാധ. റാണി കമലാപതി സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ വിട്ടതിന് തൊട്ട് പിന്നാലെയാണ് അഗ്നിബാധയുണ്ടായത്. ആളപായമില്ല.

ജര്‍മനിയിലെ ഹാംബര്‍ഗിലെയും ഡസല്‍ഡോര്‍ഫിലെയും വിമാനത്താവളങ്ങളില്‍ കടന്നുകയറിയ പരിസ്ഥിതി പ്രവര്‍ത്തകര്‍ കൈവെള്ളയില്‍ പശതേച്ച് റണ്‍വേയില്‍ ഒട്ടിച്ചുവച്ച സമരംമൂലം വിമാന സര്‍വീസുകള്‍ തടസപ്പെട്ടു. ‘ലാസ്റ്റ് ജനറേഷന്‍’ എന്ന സംഘടനയിലെ അംഗങ്ങളാണ് ഇങ്ങനെ സമരം നടത്തിയത്.

പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ കടല്‍ത്തീരത്ത് കണ്ടെത്തിയ രണ്ടര മീറ്റര്‍ വലുപ്പമുള്ള സിലിണ്ടറിനെച്ചൊല്ലി അഭ്യൂഹങ്ങള്‍. ഗ്രീന്‍ ഹെഡ് ബീച്ചില്‍ കണ്ടെത്തിയ സിലിണ്ടറിന് അരികിലേക്കു പോകുന്നതു വിലക്കിയിട്ടുണ്ട്. കാണാതായ മലേഷ്യല്‍ വിമാനമായ എംഎച്ച് 370ന്റെ അവശിഷ്ടമോ ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാന്‍ റോക്കറ്റില്‍നിന്ന് ഉപേക്ഷിക്കപ്പെട്ട ഭാഗമോ ആകാമെന്നാണ് അഭ്യൂഹം.

ട്വിറ്ററിന്റെ പരസ്യവരുമാനത്തിന്റെ പകുതിയോളം നഷ്ടമായെന്ന് ട്വിറ്റര്‍ ഉടമ ഇലോണ്‍ മസ്‌ക്. കടബാധ്യതയും വര്‍ധിച്ചു. പരസ്യ വരുമാനം പകുതിയായി കുറഞ്ഞതുമൂലം ട്വിറ്ററിലേക്ക് ഇപ്പോഴും പണം ഒഴുക്കേണ്ടി വരികയാണെന്നും മസ്‌ക് വെളിപെടുത്തി.

ഏഷ്യന്‍ റാങ്കിങ്ങില്‍ ആദ്യ എട്ട് സ്ഥാനങ്ങളില്‍ വരുന്ന ഇനങ്ങളില്‍ മാത്രം ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്താല്‍ മതിയെന്ന കേന്ദ്ര കായിക മന്ത്രാലയത്തിന്റെ നിലപാടിനെതിരെ ഇന്ത്യന്‍ ഫുട്ബോള്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച്. ഏഷ്യന്‍ റാങ്കിംഗില്‍ 18-ാം സ്ഥാനത്തുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുകയാണ് പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കുറിനുമാണ് സ്റ്റിമാച്ച് കത്തെഴുതിയത്. അണ്ടര്‍ 23 ലോകകപ്പ് ക്വാളിഫയറുകളിലടക്കം ഗംഭീര പ്രകടനം കാഴ്ചവെച്ച ടീം ഏഷ്യന്‍ ഗെയിംസിലെ പങ്കാളിത്തം അര്‍ഹിക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള പണമിടപാടുകള്‍ വര്‍ദ്ധിക്കുന്നതായി റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ. മേയില്‍ 1.4 ലക്ഷം കോടി രൂപ ക്രെഡിറ്റ് കാര്‍ഡ് വഴി ചെലവഴിച്ചതായി ആര്‍.ബി.ഐ കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍മാസത്തെ അപേക്ഷിച്ച് അഞ്ച് ശതമാനം വര്‍ദ്ധന. ഉപയോഗത്തിലുള്ള ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണം വര്‍ദ്ധിച്ച് 87.4 ദശലക്ഷം കടന്നു. ഇതും സര്‍വകാല റെക്കോഡാണ്. ജനുവരി മുതലുള്ള കാലയളവില്‍ 5 ദശലക്ഷത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍, മേയ് മാസങ്ങളില്‍ മാത്രം 2 ദശലക്ഷം പേര്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിലേക്കെത്തി. രാജ്യത്ത് ഈ കലണ്ടര്‍വര്‍ഷം ആദ്യമാസം 82.4 ദശലക്ഷം കാര്‍ഡുകള്‍ ആണ് ഉപയോഗത്തിലുണ്ടായിരുന്നത്. തുടര്‍ന്ന് ഫെബ്രുവരിയില്‍ 83.3 ദശലക്ഷം, മാര്‍ച്ചില്‍ 85.3 ദശലക്ഷം, ഏപ്രിലില്‍ 86.5 ദശലക്ഷം എന്നിങ്ങനെ കാര്‍ഡുകളുടെ എണ്ണം ഉയര്‍ന്നു. പ്രതിമാസ ക്രെഡിറ്റ് കാര്‍ഡ് ചെലവിടല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ മൊത്തം കണക്കനുസരിച്ച് 1.1-1.2 ലക്ഷം കോടി രൂപയായിരുന്നു. എന്നാല്‍ കഴിഞ്ഞ മേയില്‍ മൊത്തം ചെലവിടല്‍ റെക്കോഡ് ഉയരത്തിലേക്ക് എത്തിയതിനൊപ്പം ഒരു കാര്‍ഡിലെ ശരാശരി ചെലവും 16,144 രൂപ എന്ന പുതിയ റെക്കോഡ് ഉയരത്തില്‍ ഉയര്‍ത്തി. എച്ച്.ഡി.എഫ്.സി ബാങ്കിന് മേയിലെ കണക്കു പ്രകാരം 18.12 മില്യണ്‍ ക്രെഡിറ്റ് കാര്‍ഡുകളാണ് പ്രചാരത്തിലുള്ളത്. ക്രെഡിറ്റ് കാര്‍ഡ് വ്യവസായത്തിലെ മൊത്തം കുടിശികയുടെ 28.5 ശതമാനവും സംഭാവന ചെയ്യുന്നത് എച്ച്.ഡി.എഫ്.സി ബാങ്കാണ്. രണ്ടാം സ്ഥാനത്തുള്ള എസ്.ബി.ഐ കാര്‍ഡിന് 17.13 ദശലക്ഷം ഉപയോക്താക്കളാണ് ഉള്ളത്. 14.67 ദശലക്ഷം ക്രെഡിറ്റ് കാര്‍ഡുകളുമായി ഐ.സി.ഐ.സി.ഐ ബാങ്കാണ് മൂന്നാമത്. 12.46 ദശലക്ഷവുമായി ആക്‌സിസ് ബാങ്ക് നാലാം സ്ഥാനത്തുണ്ട്.

രജനികാന്തിന്റെ ‘ജയിലറി’ലെ രണ്ടാം ഗാനം പുറത്തുവിട്ടു. തമന്നയാണ് ‘ജയിലറി’ല്‍ നായികയായിഎത്തുന്നത്. ആരാധകരെ ആവേശത്തിരയിലെത്തിക്കുന്ന തരത്തിലുള്ള ‘ഹുക്കും’ എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുന്നത്. ഈ ഗാനം രജനികാന്ത് ചിത്രത്തിന്റെ വലിയ ആകര്‍ഷണമാകും എന്നത് തീര്‍ച്ച. രജനികാന്തിന്റെ സ്റ്റൈലന്‍ മാനറിസങ്ങളാണ് ഗാന രംഗത്ത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് ആലാപനം. നെല്‍സണ്‍ ഒരുക്കുന്ന ‘ജയിലര്‍’ എന്ന ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനികാന്ത് എത്തുക. ‘മുത്തുവേല്‍ പാണ്ഡ്യന്‍’ എന്നാണ് രജനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ തിരക്കഥയും നെല്‍സണ്‍ ദിലീപ്കുമാറിന്റേതാണ്. ചിത്രത്തില്‍ മോഹന്‍ലാല്‍, ശിവരാജ് കുമാര്‍ എന്നിവര്‍ അതിഥി വേഷത്തില്‍ എത്തുമ്പോള്‍ രമ്യാ കൃഷ്ണന്‍, കിഷോര്‍, ജാക്കി ഷ്രോഫ്, സുനില്‍, വസന്ത് രവി, മിര്‍ണ മേനോന്‍, ജി മാരിമുത്ത്, പ്രഭാകര്‍ ശരവണന്‍, മിഥുന്‍, നാഗേന്ദ്ര ബാബു, റിത്വുക്, അര്‍ഷാദ് തുടങ്ങിയ താരങ്ങള്‍ പ്രധാന വേഷത്തില്‍ ഉണ്ടാകും.

ശിവകാര്‍ത്തികേയന്‍ നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രം ‘മാവീരന്‍’ വന്‍ ഹിറ്റിലേക്ക്. മഡോണി അശ്വിനാണ് ചിത്രത്തിന്റെ സംവിധാനം. മഡോണി അശ്വിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. തമിഴ്നാട്ടില്‍ ‘മാവീരന്‍’ 10.20 കോടി കഴിഞ്ഞ ദിനം നേടിയപ്പോള്‍ ആകെ കളക്ഷന്‍ 26.70 കോടി രൂപയായി. ശിവകാര്‍ത്തികേയന്റെ ‘മാവീരന്‍’ 7.61, 9,34 കോടിയാണ് രണ്ട് ദിനങ്ങളിലായി നേടിയിരുന്നത്. വിധു അയ്യണ്ണയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മാവീരന്‍ പൊളിറ്റിക്കല്‍ ഫാന്റസി ആക്ഷന്‍ ചിത്രമായിട്ടാണ് എത്തിയിരിക്കുന്നത്. മൗത്ത് പബ്ലിസിറ്റിയാണ് ചിത്രത്തിന് തുണയാകുന്നത്. ആമസോണ്‍ പ്രൈം വീഡിയോയാണ് ശിവകാര്‍ത്തികേയന്‍ ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. സംവിധായകന്‍ എസ് ഷങ്കറിന്റെ മകള്‍ അദിതി നായികയാകുന്നുവെന്ന പ്രത്യേകതയുണ്ട്. ഭരത് ശങ്കറാണ് സംഗീത സംവിധായകന്‍.

സുസുക്കി ആക്സസ് 125ന്റെ 50 ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ച നാഴികക്കല്ലുമായി സുസുക്കി മോട്ടോഴ്സ്. ഏകദേശം 16 വര്‍ഷമാണ് ഈ സുപ്രധാന നേട്ടം കൈവരിക്കാന്‍ എടുത്തിരിക്കുന്നത്. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ഖേര്‍ക്കി ധൗല പ്ലാന്റില്‍ നിന്നാണ് 50 ലക്ഷം പൂര്‍ത്തിയാക്കിയ സുസുക്കി ആക്സസ് 125 യൂണിറ്റ് പുറത്തിറക്കിയത്. 2007ലാണ് സുസുക്കി ആക്സസ് 125 സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. 125 സിസി എഞ്ചിനുമായി വിപണിയിലെത്തിയ ആദ്യത്ത സ്‌കൂട്ടര്‍ കൂടിയായിരുന്നു സുസുക്കി ആക്സസ് 125. ഇന്ത്യയിലെ ഒബിഡി 2 എ എമിഷന്‍ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് ഈ വര്‍ഷവും സുസുക്കി ആക്‌സസ് 125ല്‍ പുതുക്കലുകള്‍ വരുത്തിയിട്ടുണ്ട്. ഓണ്‍-ബോര്‍ഡ് ഡയഗ്നോസ്റ്റിക്സ് സിസ്റ്റമാണ് സുസുക്കി ആക്സസ് 125ല്‍ പുതുതായി വന്നിരിക്കുന്ന പ്രധാന സവിശേഷത. 6,750 ആര്‍പിഎമ്മില്‍ 8.5 ബിഎച്ച്പി പവര്‍ ഔട്ട്പുട്ടും 5,500 ആര്‍പിഎമ്മില്‍ 10 എന്‍എം പീക്ക് ടോര്‍ക്കും നല്‍കുന്ന 124 സിസി, സിംഗിള്‍ പോട്ട്, എയര്‍ കൂള്‍ഡ് എഞ്ചിനാണ് ഇതിന്. നിലവില്‍ ബ്ലൂട്ടൂത്ത് കണക്റ്റിവിറ്റിയുള്ള ഡിജിറ്റല്‍ കണ്‍സോലുള്ള വേരിയന്റ് പോലും സുസുക്കി ആക്സസ് 125ല്‍ ലഭ്യമാണ്. വാഹനത്തിന് 89,500 രൂപ വരെ വിലയുണ്ട്.

മാതാപിതാക്കളുടെ മരണത്തിന് ശേഷം ജന്മവീട്ടിലേക്ക് തിരിച്ചെത്തുന്ന എറിക്ക ഫാല്‍ക്കിനെ കാത്തിരുന്നത് തന്റെ കുട്ടിക്കാലത്തെ കൂട്ടുകാരിയായ അലക്സിന്റെ ആത്മഹത്യയായിരുന്നു. എന്നാല്‍ കൂടുതല്‍ അന്വേഷണത്തില്‍ തെളിഞ്ഞു, അതൊരു കൊലപാതകമായിരുന്നുവെന്ന്. ഏത് ഭയങ്കര രഹസ്യവും പൂര്‍ണമായും ഒളിച്ചുവയ്ക്കാന്‍ ആവില്ലെന്നും മൗനം ആത്മാവിനെ ഹനിക്കുന്നതെങ്ങനെയെന്നും ഈ ക്രൈം മാസ്റ്റര്‍പീസ് കാണിച്ചുതരുന്നു. കമീല ലക്ബെറിയുടെ ഈ അന്താരാഷ്ട്ര ബെസ്റ്റ് സെല്ലറിന് മലയാള പരിഭാഷ എഴുതിയിരിക്കുന്നത് നോവലിസ്റ്റും ചെറുകഥാകൃത്തുമായ ശ്രീദേവി വടക്കേടത്ത് ആണ്. ‘മഞ്ഞു രാജകുമാരി’. സിക്സ് ഇയര്‍ പ്ലാന്‍ ബുക്സ്. വില 566 രൂപ.

എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നുണ്ടോ? എങ്കില്‍ ശരീരത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നുണ്ടാാകാം. രക്തത്തിലെ ചുവന്ന രക്താണുക്കളില്‍ കാണപ്പെടുന്ന പ്രോട്ടീന്‍ ആണ് ഹീമോഗ്ലോബിന്‍. ശരീരം മുഴുവന്‍ ഓക്സിജന്‍ എത്തിക്കുന്നത് ഈ പ്രോട്ടീനാണ്. ഹീമോഗ്ലോബിന്റെ അളവ് വളരെ താഴുന്നുപോകുമ്പോഴാണ് അനീമിയ എന്ന അവസ്ഥയിലെത്തുന്നത്. ഭക്ഷണം കൃത്യമാക്കിയാല്‍ ഹീമോഗ്ലോബിന്റെ അളവ് കൂട്ടി ഉന്മേഷം തിരിച്ചുപിടിക്കാനാകും. ഇറച്ചി, മത്സ്യം, പച്ചക്കറികള്‍, ഇലക്കറികള്‍, മുട്ട, പയറുവര്‍ഗ്ഗങ്ങള്‍, പഴങ്ങള്‍, ഡ്രൈ ഫ്രൂട്ട്സ്, തവിടോടുകൂടിയ ധാന്യങ്ങള്‍ എന്നിവ കഴിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കാം. ബീറ്റ്‌റൂട്ട് ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇരുമ്പും ഉയര്‍ന്ന അളവില്‍ ഫോളിക്ക് ആസിഡും പൊട്ടാസ്യവും ബീറ്റ്‌റൂട്ടിലുണ്ട്. ബീറ്റ്റൂട്ട് ജ്യൂസ് ആയി കുടിക്കുന്നതും നല്ലതാണ്. ധാരാളം നൈട്രേറ്റ് അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടാന്‍ സഹായിക്കും. ബീന്‍സ്, നിലക്കടല, മുളപ്പിച്ച പയര്‍ എന്നിവയും ഹീമോഗ്ലോബിന്‍ കൂട്ടാന്‍ നല്ലതാണ്. ഹീമോഗ്ലോബിന്‍ കൂട്ടാന്‍ സഹായിക്കുന്ന പഴങ്ങളിലൊന്നാണ് മാതളനാരങ്ങ. ഇരുമ്പ്, കാല്‍സ്യം, അന്നജം, നാരുകള്‍ എന്നിവയാല്‍ സമ്പന്നമാണ് ഇവ. വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം വര്‍ധിപ്പിച്ച് വിളര്‍ച്ച ഇല്ലാതാക്കാന്‍ സഹായിക്കും. ഓറഞ്ച്, നാരങ്ങ, തക്കാളി, മുന്തിരി തുടങ്ങിയവ വിറ്റാമിന്‍ സി കൊണ്ട് സമ്പുഷ്ടമായ പഴങ്ങളാണ്.

*ശുഭദിനം*

*കവിത കണ്ണന്‍*

അയാള്‍ വളരെ ദുഃഖത്തോടെ മൈതാനത്ത് ഇരിക്കുകയായിരുന്നു. മറ്റാരാള്‍ വന്ന് കാര്യം തിരക്കി. അയാള്‍ പറഞ്ഞു: ഞാന്‍ ഒരു ദരിദ്രന്‍ ആണ്. ഒരു ജോലിയും ലഭിക്കുന്നില്ല. ഒന്നും ഇതുവരെ നേടാനായില്ല. എന്നും ദാരിദ്ര്യത്തില്‍ ജീവിക്കാനാണ് എന്റെ വിധി അപ്പോള്‍ മറ്റേയാള്‍ ചോദിച്ചു: നിങ്ങള്‍ക്ക് രണ്ടു കയ്യും രണ്ടും കാലുമില്ലേ.. കണ്ണുകള്‍ ഇല്ലേ.. താങ്കളുടെ ശരീരത്തില്‍ എത്രയോ അത്ഭുതപ്പെടുത്തുന്ന അതിശയപ്പെടുത്തുന്ന നാഡികള്‍ ഉണ്ട്. അവയില്‍ കൂടി സഞ്ചരിക്കുന്ന എത്രയോ രാസപ്രവര്‍ത്തനങ്ങള്‍.. ഇതെല്ലാം ഉള്ള താങ്കള്‍ എങ്ങിനെയാണ് ദരിദ്രന്‍ ആകുന്നത്? ഇതിനേക്കാള്‍ വിലപിടിപ്പുള്ള എന്താണ് ലോകത്തുള്ളത്? രണ്ടാമന്‍ തുടര്‍ന്നു: ധാരാളം സമ്പത്തുള്ള ആളുകളെ കണ്ടിട്ടില്ലേ.. പക്ഷേ, പണം ഉണ്ടെങ്കിലും അവര്‍ക്ക് സമാധാനം ഉണ്ടായെന്ന് വരില്ല. ചിലപ്പോള്‍ മനസ്സിനോ ശരീരത്തിനോ അംഗവൈകല്യം ഉണ്ടായേക്കാം.. പണം മാത്രം വിലയിരുത്തി ഒരാളെ സമ്പന്നനെന്നോ ദരിദ്ര്യനെന്നോ മുദ്രകുത്താനാകില്ല. ഒരാളുടെ കാഴ്ചപ്പാടാണ് അയാളെ സമ്പന്നനും ദരിദ്ര്യനും ആക്കുന്നത്. ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ആ പ്രശ്‌നത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാതെ അതിനുളള പരിഹാരത്തില്‍ കൂടി ശ്രദ്ധകേന്ദ്രീകരിക്കണം. അപ്പോള്‍ ആ പ്രശ്‌നം ദുരീകരിക്കാനുളള വഴിയും തെളിയും.. മാറ്റം, നമ്മുടെ കാഴ്ചപ്പാടില്‍ നിന്നാകട്ടെ – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *