◾എന്റഫോഴ്സ്മെന്റ് ഡയറക്ടര്‍ എസ്.കെ. മിശ്രയുടെ കാലാവധി മൂന്നാം തവണയും നീട്ടിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടി സുപ്രീം കോടതി റദ്ദാക്കി. 15 ദിവസത്തിനകം പുതിയ ഡയറക്ടറെ നിയമിക്കണം. ഈ മാസാവസാനം വരെ മിശ്രയ്ക്കു തുടരാമെന്നും കോടതി.
◾പേമാരിയും മണ്ണിടിച്ചിലും മഴവെള്ളപ്പാച്ചിലും തുടരുന്ന ഹിമാചല്‍ പ്രദേശില്‍ കുടുങ്ങി നാല്പതോളം മലയാളി വിനോദയാത്രാ സംഘം. സംഘവുമായി ടെലിഫോണിലൂടെ ബന്ധപ്പെടാന്‍ കഴിയുന്നില്ല. മലപ്പുറത്തെ ഒരു കുടുംബവും കൊച്ചി, തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുമാണു മണാലിയില്‍ കുടുങ്ങിയിത്. ഗള്‍ഫില്‍നിന്നു വന്ന മലപ്പുറം സ്വദേശികളായ കുടുംബത്തില്‍ ആറുപേരുണ്ട്. ഹിമാചലിലെ ഷിംല, കുളു, സോലന്‍, ലഹോള്‍, കിന്നൗര്‍, മണ്ടി, ബിലാസ്പൂര്‍, സിര്‍മൗര്‍ എന്നീ എട്ടു ജില്ലകളില്‍ റെഡ് അലര്‍ട്ട്. കേന്ദ്ര ദ്രുതകര്‍മസേനയുടെ 12 പ്ലാറ്റൂണുകള്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നുണ്ട്. നാളെ രാവിലെവരെ ആരും പുറത്തിറങ്ങരുതെന്നാണ് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്.
◾പി.വി. അന്‍വര്‍ എംഎല്‍എ തട്ടിയെടുത്ത മിച്ചഭൂമി തിരിച്ചുപിടിക്കാന്‍ സാവകാശം തേടി സര്‍ക്കാര്‍ നല്കിയ അപേക്ഷ ഹൈക്കോടതി തള്ളി. തിരിച്ചുപിടിക്കാത്തതിനു കോടതിയലക്ഷ്യ ഹര്‍ജിയില്‍ അടിയന്തര നടപടി വേണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. മിച്ചഭൂമി തിരിച്ച്പിടിച്ച് ചൊവ്വാഴ്ച സത്യവാങ്മൂലം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. അഞ്ചു മാസത്തിനകം അധികഭൂമി തിരിച്ച് പിടിക്കാന്‍ കോടതി 2017ല്‍ ഉത്തരവിട്ടതാണ്.
◾തിരുവനന്തപുരം മുതലപ്പൊഴിയില്‍ മന്ത്രിമാര്‍ക്കെതിരെ പ്രതിഷേധിച്ചത് നാട്ടുകാരായ മത്സ്യത്തൊഴിലാളികളല്ല കോണ്‍ഗ്രസുകാരെന്ന് മന്ത്രി ആന്റണി രാജു. മന്ത്രിമാര്‍ പിന്വാങ്ങിയതിനാലാണു സംഘര്‍ഷം ഒഴിവായത്. വികാരി ജനറലിനെതിരെ മന്ത്രിമാര്‍ പരാതി കൊടുത്തിട്ടില്ലെന്നും പൊലീസ് സ്വന്തം നിലയ്ക്കാണ് കേസെടുത്തതെന്നും ആന്റണി രാജു പറഞ്ഞു.
◾മുതലപ്പൊഴിയിലെ പ്രശ്നം പരിഹരിക്കുമെന്ന് നിയമസഭയില്‍ ഉറപ്പ് നല്കിയ സര്‍ക്കാര്‍ അത് നടപ്പാക്കാതെ തീരദേശ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. വീണ്ടും ദുരന്തമുണ്ടായപ്പോള്‍ ‘ഷോ’ കാണിക്കാനെത്തിയ മന്ത്രിമാരെ തീരവാസികള്‍ തടഞ്ഞതിന്റെ പേരില്‍ ഫാ. യൂജിന്‍ പേരേരക്കെതിരെ കേസെടുത്തത് അധികാരത്തിന്റെ ധാര്‍ഷ്ട്യമാണ്. മന്ത്രിമാരാണ് പ്രകോപനമുണ്ടാക്കിയത്. കേസ് അടിയന്തരമായി പിന്‍വലിക്കണമെന്നും സതീശന്.
◾പശ്ചിമ ബംഗാളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനു മുന്നേറ്റം. ബിജെപിയും കോണ്‍ഗ്രസും പിറകിലാണ്. വൈകുന്നേരത്തോടെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകും.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾മണിപ്പൂരിലെ കലാപം സര്‍ക്കാര്‍ സ്പോണ്‍സേഡ് കലാപമാണെന്ന് ആരോപിച്ച സിപിഐ നേതാവ് ആനി രാജക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഇംഫാല്‍ പോലീസ് കേസെടുത്തു. മണിപ്പൂര്‍ മുഖ്യമന്ത്രിയുടെ രാജി നാടകത്തിനെതിരെ മെയ്തി വിഭാഗത്തില്‍ പെട്ട വനിതകള്‍ നടത്തിയ പ്രതിഷേധം നാടകമായിരുന്നെന്ന പരാമര്‍ശത്തിനെതിരെയും കേസുണ്ട്. കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷമാണ് ആരോപണം ഉന്നയിച്ചത്.
◾സംസ്ഥാനത്തെ പോലീസ് നായയിലും അഴിമതി. പഞ്ചാബില്‍നിന്നു നായ്ക്കുട്ടികളെ വാങ്ങിയതില്‍ ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഡോഗ് സ്ക്വാഡ് നോഡല്‍ ഓഫീസര്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് എഎസ് സുരേഷിനെ സസ്പെന്‍ഡു ചെയ്തു. ക്രമക്കേടുണ്ടെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നായകള്‍ക്കുള്ള ഭക്ഷണം വാങ്ങിയതിലും ക്രമക്കേടുണ്ടെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
◾ഏകവ്യക്തി നിയമം നടപ്പാക്കരുതെന്നു വാദിച്ച മുസ്ലീംലീഗിനെയും കേരള കോണ്‍ഗ്രസിനെയും ഇടതുമുന്നണിയില്‍ ചേര്‍ക്കണമെന്ന ബദല്‍ രേഖ അവതരിപ്പിച്ച എം.വി രാഘവനെ പുറത്താക്കിയ സിപിഎം ഇപ്പോഴെങ്കിലും തെറ്റു സമ്മതിക്കുമോയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. അന്ന് ഏക വ്യക്തിനിയമത്തിനായി നിലകൊണ്ട സിപിഎം രാഘവനെ പുറത്താക്കിയതുകൊണ്ടാണു സിഎംപി എന്ന രാഷ്ട്രീയ പ്രസ്ഥാനം ജന്മമെടുത്തതെന്നും സുധാകരന്.
◾കൊലവിളി നടത്തുന്ന പി.വി. അന്‍വര്‍ എംഎല്‍എയെ ക്രിമിനലായി പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണെന്ന് സിപിഐ നേതാവ് സി. ദിവാകരന്. മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കും എതിരെ അന്‍വര്‍ നടത്തുന്ന കൊലവിളികളില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം പ്രസ് ക്ലബ് നടത്തിയ പ്രതിഷേധ പരിപാടിയിലാണ് സി. ദിവാകരന്റെ പരാമര്‍ശം.
◾തിരുവനന്തപുരം മുതലപ്പൊഴിയില്‍ കാണാതായ മൂന്നു പേരില്‍ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. സുരേഷ് ഫെര്‍ണാണ്ടസ് (ബിജു- 58) ന്റെ മൃതദേഹമാണു പാറക്കെട്ടുകള്ക്കിടയില്നിന്നു കണ്ടെടുത്തത്.
◾വന്ദേ ഭാരത് ട്രെയിന്‍ ഇന്നും ഒരു മണിക്കൂര്‍ വൈകി. ഇന്നു രാവിലെ 5.20 നു പുറപെടേണ്ട ട്രെയിന്‍ തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ടത് 6.28 നായിരുന്നു.
◾കെ റെയിലില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ച് മെട്രോമാന് ഇ ശ്രീധരന്റെ റിപ്പോര്‍ട്ട്. നിലവിലെ ഡിപിആര്‍ മാറ്റണം. ആദ്യം സെമി സ്പീഡ് ട്രെയിന്‍ നടപ്പാക്കണം. ഹൈ സ്പീഡ് ട്രെയിന്‍ പിന്നീടു മതിയെന്നാണ് ഇ ശ്രീധരന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. നിലവിലെ പദ്ധതി പ്രായോഗികമല്ലെന്നും ശ്രീധരന് വ്യക്തമാക്കി.
◾കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയുവിലെ പീഡന കേസില്‍ വനിത കമ്മീഷന് റിപ്പോര്‍ട്ടു നല്‍കാതെ മെഡിക്കല്‍ കോളജ് ആശുപത്രി. പീഡനത്തിനിരയായ യുവതിയോടു പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തിയവരുടെ സസ്പെന്ഷന് പിന്‍വലിച്ചതിനാണ് കമ്മീഷന് റിപ്പോര്‍ട്ട് തേടിയത്. പരാതിക്കാരി സിറ്റിംഗിനു വന്ന് രണ്ടു തവണയും മടങ്ങിപ്പോയി. വീണ്ടും നോട്ടീസയയ്ക്കുമെന്ന് വനിത കമ്മീഷന് അധ്യക്ഷ പി സതീദേവി പറഞ്ഞു.
◾രാഷ്ട്രീയ പാര്‍ട്ടികള്‍ ഏക സിവില്‍ കോഡിനെ അന്ധമായി എതിര്‍ക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് ഫോറം ഫോര്‍ മുസ്ലീം വിമണ്‍സ് ജന്‍ഡര്‍ ജസ്റ്റിസ് നേതാവും എഴുത്തുകാരിയുമായ ഡോ. ഖദീജ മുംതാസ്. മുസ്ലീം വ്യക്തി നിയമത്തിലെ പരിഷ്കാരങ്ങളാണ് ഈ സമയം ചര്‍ച്ച ചെയ്യപ്പെടേണ്ടത്. അവര്‍ നിര്‍ദേശിച്ചു.
◾കെഎസ്ആര്‍ടിസി ബസിടിച്ച് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. മട്ടന്നൂര്‍ കുമ്മാനത്താണ് അപകടം ഉണ്ടായത്. പാലോട്ടുപള്ളി വിഎംഎം സ്കൂളിലെ വിദ്യാര്‍ത്ഥി മുഹമ്മദ് റിദാന്‍ ആണ് മരിച്ചത്.
◾എറണാകുളത്ത് ഗ്ലാസ് പാളികള്‍ ദേഹത്തേക്കു വീണ് അതിഥി തൊഴിലാളി മരിച്ചു. എടയാറില്‍ പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ ആസാം സ്വദേശി ധന് കുമാറാണ് മരിച്ചത്.
◾കാട്ടാക്കടയില്‍ കിള്ളി രാജശ്രീ ഓഡിറ്റോറിയത്തില്‍ വിവാഹ സല്‍ക്കാരത്തിനിടെ സംഘര്‍ഷം. സ്ത്രീകളോട് മോശമായി പെരുമാറിയ മൂന്നു യുവാക്കളെ നാട്ടുകാര്‍ ചോദ്യം ചെയ്തതോടെ ഓഡിറ്റോറിയത്തിന് സമീപത്തെ കടയിലേക്ക് കാറിടിച്ചു കയറ്റി ഭീകരാന്തരീക്ഷമുണ്ടാക്കി. മൂന്നു യുവാക്കള പൊലീസ് കസ്റ്റഡിയിലെടുത്തു.
◾കുറഞ്ഞ ടിക്കറ്റ് നിരക്കുള്ള വന്ദേ സാധാരണ് ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുന്നു. നോണ്‍ എസി സൗകര്യങ്ങളുള്ള വന്ദേ സാധാരണ് ട്രെയിനുകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
◾പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ 26 റഫാല്‍ യുദ്ധവിമാനങ്ങളും മൂന്ന് സ്കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനികളും വാങ്ങും. സര്‍ക്കാര്‍തന്നെയാണ് ഇക്കാര്യം വെളിപെടുത്തിയത്.
◾ഈ മാസം 18 നു പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹിയില്‍ വിളിച്ച എന്‍ഡിഎ യോഗത്തിലേക്ക് എഐഎഡിഎംകെയ്ക്കും ക്ഷണം. പളനിസ്വാമിയെയാണു ക്ഷണിച്ചത്. ബിജെപി തമിഴ്നാട് ഘടകവുമായി ഭിന്നത രൂക്ഷമായിരിക്കേ സഖ്യകാര്യത്തില്‍ തീരുമാനം പിന്നീടെന്നു പളനിസ്വാമി കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.
◾വര്‍ഗീയ വിദ്വേഷ പ്രചാരണം നടത്തിയതിനു സ്റ്റണ്ട് മാസ്റ്റര്‍ കനല് കണ്ണന് അറസ്റ്റില്‍. ക്രിസ്തുമത വിശ്വാസികള്‍ക്കെതിരേ നടത്തിയ പ്രചാരണത്തിനെതിരേ പോലീസിനു ലഭിച്ച പരാതിയിലാണ് അറസ്റ്റ്.
◾എവറസ്റ്റ് കൊടുമുടിക്കു സമീപം പറന്ന സ്വകാര്യ ഹെലികോപ്റ്റര്‍ കാണാതായി. അഞ്ചു മെക്സിക്കന്‍ പൗരന്മാരുള്പ്പെടെ ആറു പേരുമായി പറന്ന മനാംഗ് എയര്‍ ചോപ്പര്‍ ഹെലികോപ്ടറാണ് കാണാതായതെന്ന് നേപ്പാള്‍ വ്യോമയാന അധികൃതര്‍ അറിയിച്ചു.
◾ഉയര്‍ന്ന ഷിപ്പിംഗ് നിരക്കുകള്‍ മൂലം റഷ്യയില്‍ നിന്നും ഇന്ത്യ വാങ്ങുന്ന ക്രൂഡ് ഓയിലിന്റെ വില കൂടി. ബാരലിന് 60 യു.എസ് ഡോളറാണ് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് റഷ്യ ചുമത്തിയത്. ഇതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് റഷ്യ ഇന്ത്യന്‍ റിഫൈനറികള്‍ക്ക് നല്‍കുന്നുണ്ട്. എന്നാല്‍ ബാള്‍ട്ടിക് സീ, ബ്ലാക്ക്സീ തുറമുഖങ്ങളില്‍ നിന്ന് പടിഞ്ഞാറന്‍ തീരത്തേക്ക് എണ്ണ കയറ്റിയയക്കുന്നതിന് ബാരലിന് 11 മുതല്‍ 19 ഡോളര്‍ വരെ ഈടാക്കുകയാണ്. ഇത് സാധാരണ നിരക്കിന്റെ ഇരട്ടി വരുന്നു. റഷ്യ-യുക്രയ്ന് യുദ്ധത്തെ തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങളും ജപ്പാന് ഉള്‍പ്പെടെയുള്ള ചില ഏഷ്യന്‍ രാജ്യങ്ങളും റഷ്യന്‍ എണ്ണയക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ റഷ്യയുടെ പ്രീമിയം ബ്രാന്‍ഡായ യുറാല്‍സ് എണ്ണ ബാരലിന് 30 ഡോളര്‍ വിലക്കുറവില്‍ വില്‍പ്പന ആരംഭിച്ചു. തുടര്‍ന്ന് ഇന്ത്യ വന്‍ വിലക്കുറവില്‍ റഷ്യന്‍ എണ്ണ വാങ്ങാന്‍ തുടങ്ങി. എന്നാല്‍ ഇപ്പോള്‍ ഇപ്പോള്‍ കയറ്റുമതി ചാര്‍ജ് ഈടാക്കുന്നതിന്റെ ഭാഗമായി ഈ ഡിസ്കൗണ്ട് 30 ഡോളറില്‍ നിന്നും 4 ഡോളറായിരിക്കുകയാണ്. ഇതോടെ റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നത് ചെലവേറിയികരിക്കുകയാണ്. ഇന്ത്യന്‍ കമ്പനികള്‍ യുക്രെയ്ന് യുദ്ധത്തിനു മുമ്പ് 2 ശതമാനത്തില്‍ താഴെ മാത്രം എണ്ണയാണ് റഷ്യയില്‍ നിന്ന് വാങ്ങിയിരുന്നത്. എന്നാല്‍ ഇപ്പോഴിത് 44 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിലയുടെ കാര്യത്തില്‍ ഈ തിരിച്ചടിയുണ്ടായത്.
◾‘ലൈവ് ആക്റ്റിവിറ്റീസ്’ കഴിഞ്ഞ വര്‍ഷമാണ് ആപ്പിള്‍ അവതരിപ്പിച്ചത്. ലോക്ക് സ്ക്രീനിലോ നോച്ചിലെ ഡെനാമിക് ഐലന്‍ഡിലോ ഉപയോഗപ്രദമായ വിവരങ്ങള്‍ കാണിക്കുന്ന അപ്ഡേറ്റായിരുന്നു അത്. ഈ സംവിധാനം പ്രയോജനപ്പെടുത്താനൊരുങ്ങുകയാണ് ഇന്‍സ്റ്റഗ്രാം എന്നു റിപ്പോര്‍ട്ട്. ആപ് ലോക്ക് ആണെങ്കിലും ഇനി മീഡിയ, ഇമേജ് അപ്ലോഡ് പുരോഗതി അറിയാനാകും. ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി ഇടുന്നതില്‍ താല്പര്യമുള്ളവര് ആപ് തുറന്നു പുരോഗതി പരിശോധിക്കേണ്ടി വരില്ല. 9ടു5 മാക് ആണ് ഈ വിവരം റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ഐഒഎസ് 16.1 ലൈവ് ആക്റ്റിവിറ്റി ഫീച്ചറാണത്രെ ഇത്തരത്തില്‍ ഇന്‍സ്റ്റഗ്രാം പരിശോധിക്കുന്നത്. ഏന്തായാലും ഇന്‍സ്റ്റാഗ്രാം ഇതുവരെ ഔദ്യോഗികമായി ഈ സംവിധാനം പ്രഖ്യാപിച്ചിട്ടില്ല, കൂടാതെ ഈ സവിശേഷത നിലവില്‍ കുറച്ച് ഉപയോക്താക്കള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. താമസിയാതെ അപ്ഡേറ്റായി ഐഒഎസ് ഉപയോക്താക്കള്‍ക്ക് ലഭ്യമായേക്കും. ഇന്‍സ്റ്റഗ്രാം ഫീഡില്‍തന്നെ സ്റ്റോറി കാണാനുള്ള സംവിധാനവും ശബ്ദ സന്ദേശങ്ങള്‍ വേഗം വര്‍ധിപ്പിച്ചു കേള്‍ക്കാവുന്ന അപ്ഡേറ്റുകളും മെറ്റ സ്ഥാപനമായ ഇന്‍സ്റ്റഗ്രാം അടുത്തിടെ അവതരിപ്പിച്ചിരുന്നു. ത്രെഡ്സ് ആപ് അവതരിപ്പിച്ചതിനു പിന്നാലെ കൂടുതല്‍ അപ്ഡേറ്റുകള് ഇന്‍സ്റ്റഗ്രാമിലും പ്രതീക്ഷിക്കുകയാണ് ഉപയോക്താക്കള്‍.
◾അക്ഷയ് കുമാര്‍ നായകനാവുന്ന അടുത്ത ചിത്രം ഒഎംജി 2 ന്റെ ടീസര്‍ പുറത്തിറങ്ങി. ഡയറക്റ്റ് ഒടിടി റിലീസ് ആയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്ന ചിത്രം തിയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു. ഓഗസ്റ്റ് 11 ആണ് റിലീസ് തീയതി. ഉമേഷ് ശുക്ലയുടെ സംവിധാനത്തില്‍ 2012ല്‍ പുറത്തെത്തിയ ‘ഒഎംജി- ഓ മൈ ഗോഡി’ന്റെ രണ്ടാംഭാഗമാണ് പുതിയ ചിത്രം. അമിത് റായ് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷേപഹാസ്യ വിഭാഗത്തിലുള്ളതാണ്. 2021 സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിച്ച സിനിമയാണിത്. യാമി ഗൗതം നായികയാവുന്ന ചിത്രത്തില്‍ പങ്കജ് ത്രിപാഠിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആദ്യ ഭാഗത്തില്‍ നിന്ന് പ്രമേയത്തില്‍ കാര്യമായ വ്യത്യാസവുമായാണ് രണ്ടാം ഭാഗം എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യചിത്രത്തില്‍ മതമായിരുന്നു പ്രധാന വിഷയമെങ്കില്‍ സീക്വലില്‍ രാജ്യത്തെ വിദ്യാഭ്യാസ മേഖലയാണ് പ്രമേയ പരിസരം. പരേഷ് റാവല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആദ്യ ഭാഗത്തില്‍ ഭഗവാന് കൃഷ്ണനായാണ് അക്ഷയ് കുമാര്‍ പ്രത്യക്ഷപ്പെട്ടതെങ്കില്‍ രണ്ടാം ഭാഗത്തില്‍ ഭഗവാന് ശിവനാണ് അക്ഷയ് കുമാര്‍ കഥാപാത്രം.
◾ഷൈന്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ‘പമ്പരം’ എന്ന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. അഞ്ചു ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. സിനിമയുടെ ആകാംക്ഷയേറുന്ന ടൈറ്റില്‍ ലുക്ക് പുറത്തിറങ്ങി. ടൈം ലൂപ്പോ മിസ്റ്ററി ത്രില്ലറോ സൈക്കോ ത്രില്ലറോ ആണ് ‘പമ്പര’മെന്ന സൂചന നല്‍കുന്നതാണ് ടൈറ്റില്‍ ലുക്ക്. ഒരു വാനിന് സമീപം ആരെയോ രൂക്ഷമായി നോക്കിക്കൊണ്ട് ഷൈന്‍ ടോം നില്‍ക്കുന്നതാണ് ടൈറ്റില്‍ ലുക്കില്‍ ദൃശ്യവത്കരിച്ചിരിക്കുന്നത്. സിനിമയുടെ കഥ, തിരക്കഥ, സംവിധാനം സിധിന്‍ നിര്‍വ്വഹിക്കുന്നു. തോമസ് കോക്കാട്, ആന്റണി ബിനോയ് എന്നിവരാണ് നിര്‍മ്മാതാക്കള്‍. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലെ ശ്രദ്ധേയ ഒട്ടേറെ സിനിമകളുടെ എഡിറ്ററായ സതീഷ് സൂര്യ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന ആദ്യ മലയാള സിനിമയുമാണ് ‘പമ്പരം’. ഉത്തമവില്ലന്‍, പാപനാശം, തീരന്‍ അധികാരം ഒന്‍ട്ര്, വിശ്വരൂപം, രാക്ഷസന്, അതിരന്, തുനിവ് തുടങ്ങിയ സിനിമകളുടെ സംഗീതമൊരുക്കി ശ്രദ്ധേയനായ ജിബ്രാനാണ് സിനിമയുടെ സംഗീതസംവിധായകന്. സുധര്‍ശന്‍ ശ്രീനിവാസനാണ് ‘പമ്പര’ത്തിന്റെ ഛായാഗ്രാഹകന്‍.
◾വില പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 10,000 ബുക്കിങ് പിന്നിട്ട് റെക്കോഡിട്ട് ട്രയംഫ് സ്പീഡ് 400. ജൂലൈ അഞ്ചിന് രണ്ടു ബൈക്കുകള്‍ പ്രദര്‍ശിപ്പിച്ചെങ്കിലും അതില്‍ സ്പീഡ് 400 ന്റെ വില മാത്രമാണ് പ്രഖ്യാപിച്ചത്. ബുക്ക് ചെയ്യുന്ന ആദ്യ 10000 ഉപഭോക്താക്കള്‍ക്ക് 2.23 ലക്ഷം രൂപയും തുടര്‍ന്നുള്ള ഉപഭോക്താക്കള്‍ക്ക് 2.33 ലക്ഷം രൂപയുമാണ് വില. സ്ക്രാംബ്ലര്‍ 400 എക്സിന്റെ വില പിന്നീട് പ്രഖ്യാപിക്കും. മികച്ച ബുക്കിങ് ലഭിച്ചതിനെ തുടര്‍ന്ന് നിര്‍മാണം ഉയര്‍ത്തുമെന്നാണ് ബജാജ് അറിയിക്കുന്നത്. ട്രയംഫിന്റെ ഏറ്റവും കുറഞ്ഞ വിലയുള്ള ബൈക്ക് ബജാജുമായി സഹകരിച്ചാണ് നിര്‍മിക്കുന്നത്. ട്രയംഫ് ടിആര്‍ സീരിസില്‍ പെട്ട 398 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് വാഹനത്തില്‍. 8000 ആര്‍പിഎമ്മില്‍ 40 എച്ച്പി കരുത്തും 6500 ആര്‍പിഎമ്മില്‍ 37.5 എന്‍എം ടോര്‍ക്കും ഈ എന്ജിന് ഉല്പാദിപ്പിക്കും. ട്യൂബുലര്‍ സ്റ്റീലില്‍ നിര്‍മിച്ച സ്പൈന്‍-പെരിമീറ്റര്‍ ഹൈബ്രിഡ് ഫ്രെയിമാണ് വാഹനത്തിലുള്ളത്. 17 ഇഞ്ച് വീലുകളാണ് സ്പീഡ് 400 സീരിസില്‍. മെറ്റ്സെലര്‍ സോഫ്റ്റ് കോംപൗണ്ട് ടയറുകളാണ്.
◾എം. ശ്രീനാഥിന്റെ ‘സമരകോശം’ മരണമില്ലാത്ത സമരചരിത്രത്തിന്റെ തുടിപ്പുകളാണ് സമാഹരിച്ച് നിത്യതയ്ക്ക് കൈമാറുന്നത്. വാക്കുകളെപ്പോലെ സമരകര്മ്മങ്ങളും അനശ്വരത കൈവരിക്കുന്നു. സമരമണ്ഡ ലത്തില്‍ കേരളീയരുടെ സവിശേഷമായ സംഭാവനകള്‍ തിരിച്ചറിയാന്‍ ഈ ഗ്രന്ഥം നമ്മെ സഹായിക്കും. പുതിയതും ഭാവനാപൂര്‍ണ്ണവുമായ സമരസമ്പ്രദായങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതില്‍ മലയാളികള്‍ ക്കുള്ള പ്രത്യേക പ്രാവീണ്യവും ഈ ഗ്രന്ഥം നമുക്കു വെളിപ്പെടുത്തിത്തരുന്നു. ഇത് ഒന്നാമത്, സമരസംബന്ധിയായ പദാവലികളുടെയും ശീര്‍ഷകങ്ങളുടെയും ഒരു സമാഹാരമാണ്. രണ്ടാമതായി, ആ സമരപരിപാടി അതല്ലെങ്കില്‍ കലാപം, യുദ്ധം, ഏറ്റുമുട്ടല്‍ എന്ന്, എവിടെ, എന്തിനുവേണ്ടി നടന്നു എന്ന ഒരു സംക്ഷിപ്ത വിവരണവും നമുക്കു ലഭ്യമാക്കുന്നു. മൂന്നാമത്, ആ സമരം അല്ലെങ്കില്‍ ഏറ്റുമുട്ടല്‍ നടന്ന സാഹചര്യവും പശ്ചാത്തലവും പരിസമാപ്തിയും സാക്ഷ്യമാക്കി വസ്തുനിഷ്ഠമായി അവതരിപ്പിക്കാനാണ് ശ്രീനാഥന്‍ ശ്രമിച്ചിട്ടുള്ളത്. ‘സമരകോശം’. എം. ശ്രീനാഥന്‍. ഡിസി ബുക്സ്. വില 225 രൂപ.
◾മോശം ദന്താരോഗ്യം തലച്ചോറിന്റെ വ്യാപ്തി കുറച്ച് അല്‍സ്ഹൈമേഴ്സ് പോലുള്ള മേധാശക്തി ക്ഷയിക്കുന്ന രോഗങ്ങളിലേക്ക് നയിക്കാമെന്ന് പഠനം. മോണരോഗവും പല്ല് നഷ്ടവും ഓര്‍മശക്തിയുടെ കാര്യത്തില്‍ മുഖ്യപങ്ക് വഹിക്കുന്ന ഹിപ്പോക്യാംപസിന്റെ ചുരുക്കവുമായി ബന്ധപ്പെട്ടിരിക്കുന്നതായി പഠനത്തില്‍ കണ്ടെത്തി. ജപ്പാനിലെ ടൊഹോകു സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ശരാശരി 67 വയസ്സ് പ്രായമുള്ള 172 പേര് ഗവേഷണത്തില്‍ പങ്കെടുത്തു. പഠനത്തിന്റെ തുടക്കത്തില്‍ ഇവര്‍ക്കാര്‍ക്കും ഓര്മപ്രശ്നങ്ങള് ഒന്നും ഉണ്ടായിരുന്നില്ല. ഇവരുടെ പല്ലിന്റെ ആരോഗ്യവും ഓര്‍മശക്തിയും ഗവേഷകര്‍ പരിശോധിച്ചു. പഠനത്തിന്റെ തുടക്കത്തില്‍ ഹിപ്പോക്യാംപസിന്റെ വലുപ്പം നിര്‍ണയിക്കാനായി സ്കാനുകളും നടത്തി. നാലു വര്‍ഷത്തിന് ശേഷം ഈ പരിശോധനകള്‍ ആവര്‍ത്തിച്ചു. ഇതില്‍ നിന്ന് പല്ലുകളുടെ എണ്ണവും മോണരോഗങ്ങളും തലച്ചോറിന്റെ ഇടത് ഹിപ്പോക്യാംപസിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടെത്തി. മിതമായ തോതില്‍ മോണരോഗമുള്ളവരുടെ ഇടത് ഹിപ്പോക്യാംപസിന്റെ ചുരുക്കം കടുത്ത മോണരോഗമുള്ളവരുടെ ഹിപ്പോക്യാംപസിന്റെ ചുരുക്കത്തേക്കാള്‍ കുറവായിരുന്നതായും ഗവേഷകര്‍ നിരീക്ഷിച്ചു. കടുത്ത മോണരോഗമുള്ളവരില്‍ തലച്ചോറിന്റെ വാര്‍ധക്യം സാധാരണയിലും അപേക്ഷിച്ച് 1.3 വര്‍ഷം കൂടുതലായിരുന്നതായും ഗവേഷകര്‍ പറയുന്നു. രാത്രിയില്‍ ദന്ത ശുചിത്വം ഒഴിവാക്കുന്നത് ഹൃദ്രോഗസാധ്യ വര്‍ധിപ്പിക്കുന്നതായി സമീപകാലത്ത് നടന്ന മറ്റൊരു പഠനവും ചൂണ്ടിക്കാട്ടിയിരുന്നു. പല്ലുകള്‍ പോകാതെ സൂക്ഷിച്ചതു കൊണ്ടു മാത്രമായില്ല, അവ നന്നായി പരിപാലിച്ച് മോണരോഗമുണ്ടാകാതെ കാക്കണമെന്ന് ഗവേഷണത്തിന് നേതൃത്വം നല്കിയവര് പറഞ്ഞു. ന്യൂറോളജി ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.38, പൗണ്ട് – 106.04, യൂറോ – 90.68, സ്വിസ് ഫ്രാങ്ക് – 93.39, ഓസ്ട്രേലിയന്‍ ഡോളര്‍ – 54.97, ബഹറിന്‍ ദിനാര്‍ – 218.61, കുവൈത്ത് ദിനാര്‍ -268.31, ഒമാനി റിയാല്‍ – 214.10, സൗദി റിയാല്‍ – 21.96, യു.എ.ഇ ദിര്‍ഹം – 22.43, ഖത്തര്‍ റിയാല്‍ – 22.63, കനേഡിയന്‍ ഡോളര്‍ – 62.0.