yt cover 13

ബഫര്‍ സോണ്‍ പ്രശ്നത്തില്‍ പരാതികള്‍ നല്‍കാനുള്ള സമയപരിധി ഇന്ന് വൈകിട്ട് 5 മണിക്ക് അവസാനിക്കും. ഇതിനു ശേഷം പരാതികള്‍ ഇ മെയില്‍ വഴിയോ, നേരിട്ടോ സ്വീകരിക്കില്ലെന്ന് വനം വകുപ്പ് അറിയിച്ചു. നേരിട്ടുള്ള സ്ഥലപരിശോധന വരും ദിവസങ്ങളിലും തുടരും. ഇതുവരെ 54,607 പരാതികളാണ് വിവിധ പഞ്ചായത്തു ഹെല്‍പ് ഡെസ്‌കുകളില്‍ ലഭിച്ചത്. ഇതില്‍ 17,054 എണ്ണത്തില്‍ മാത്രമാണ് തീര്‍പ്പാക്കിയത്.

ബഫര്‍സോണ്‍ വിഷയത്തില്‍ പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി നല്‍കണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. പതിനഞ്ച് ദിവസം കൂടി നീട്ടി നല്‍കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനോട് അദ്ദേഹം ആവശ്യപ്പെട്ടത്. ഭൂരിഭാഗം പരാതികളിലും സ്ഥലപരിശോധന പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ സമയപരിധി നീട്ടിനല്‍കുന്നതില്‍ അപാകതയില്ലെന്നും ജോസ് കെ മാണി പറഞ്ഞു.

ആലപ്പുഴ നഗരത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. തിരുമല വാര്‍ഡില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മൃഗ സംരക്ഷണ വകുപ്പിന്റെ രണ്ട് റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനൊപ്പം നഗരസഭയുടെ ആരോഗ്യ വിഭാഗം തൊഴിലാളികളെയും സജ്ജമാക്കിക്കൊണ്ട് പക്ഷിപ്പനിയുടെ പ്രഭവകേന്ദ്രത്തില്‍ നിന്നു ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെ കൊല്ലാനുള്ള നടപടികള്‍ തുടങ്ങി.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്കാ സഭ. അതിരൂപതാ മുഖപത്രമായ കത്തോലിക്കാ സഭയുടെ പുതുവര്‍ഷപ്പതിപ്പിലെ മുഖലേഖനത്തിലാണ് സര്‍ക്കാരിനെ കടന്നാക്രമിച്ചുള്ള വിമര്‍ശനം. ദൈവത്തിന് മഹത്വമോ മനുഷ്യര്‍ക്ക് സമാധനമോ ഇല്ലാത്ത ഇടമായി കേരളം മാറുന്നുവെന്നും തുടര്‍ച്ചയായ വികല നയങ്ങള്‍ തെളിയിക്കുന്നത് സര്‍ക്കാരിന്റെ ജനക്ഷേമമുഖമല്ലെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു.

ഷാരോണ്‍ വധക്കേസില്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം കേരളത്തില്‍ തന്നെ വിചാരണ നടത്താന്‍ തീരുമാനമായി. കുറ്റപത്രം കേരള പൊലീസ് തയ്യാറാക്കി നെയ്യാറ്റിന്‍കര കോടതിയില്‍ നല്‍കും. ഗ്രീഷ്മയാണ് ഒന്നാം പ്രതി. ഗ്രീഷ്മയുടെ അമ്മ ബിന്ദു രണ്ടാം പ്രതിയും അമ്മാവന്‍ നിര്‍മ്മല്‍ കുമാര്‍ മൂന്നാം പ്രതിയുമാണ്.

കാസര്‍ക്കാട് തലക്ലായില്‍ ഭക്ഷ്യ വിഷബാധയേറ്റ് മരണം. കാസര്‍കോട്ടെ അല്‍ റൊമന്‍സിയ ഹോട്ടലില്‍ നിന്നും ഓണ്‍ലൈനില്‍ വരുത്തിച്ച കുഴിമന്തി കഴിച്ച അഞ്ജുശ്രീ പാര്‍വ്വതിയാണ് മരിച്ചത്.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

ഇടുക്കിയില്‍ ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. ജനുവരി ഒന്നാം തിയ്യതി നെടുങ്കണ്ടം ക്യാമല്‍ റസ്റ്റോ എന്ന ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച മൂന്ന് പേര്‍ക്കാണ് ശാരീരികാസ്വാസ്ഥ്യമുണ്ടായത്. ഏഴു വയസ്സുള്ള കുട്ടിക്കും ഗൃഹനാഥനും വയോധികക്കുമാണ് ഭക്ഷ്യ വിഷബാധയേറ്റത്.

എറണാകുളം ജില്ലയില്‍ പഴകിയ ഭക്ഷണം വിറ്റ 47 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി. മട്ടാഞ്ചേരിയിലെ ഹോട്ടലില്‍ നിന്ന് ബിരിയാണിയില്‍ പഴുതാരയെയാണ് ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയത്. ഗുരുതര വീഴ്ച കണ്ടെത്തിയ ഏഴ് ഹോട്ടലുകള്‍ കൂടി അടപ്പിച്ചു. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച 19 ഹോട്ടലുകള്‍ക്കെതിരേ പിഴയും ചുമത്തി. കളമശേരി അടക്കമുളള മേഖലകളില്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയാണ്.

ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് . കാസര്‍ഗോഡ് പെണ്‍കുട്ടി മരിച്ചതിന്റെ വിശദാംശങ്ങള്‍ തേടിയിട്ടുണ്ടെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യുഡിഎഫ് സര്‍ക്കാരിന്റെ കാലം മുതല്‍ക്കെ ദേശീയ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ ഒന്നാം സ്ഥാനത്തായിരുന്ന കേരളം 2022-ല്‍ ആറാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത് തന്നെ സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷയുടെ പരാജയം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും കെടുകാര്യസ്ഥതയും കാര്യക്ഷമതയില്ലായ്മയുമാണ് വീടിന് പുറത്തിറങ്ങി ഭക്ഷണം കഴിക്കാന്‍ സാധിക്കാത്തത്ര ഭീതീതമായ അവസ്ഥയിലേക്ക് നമ്മുടെ സംസ്ഥാനത്തെ എത്തിച്ചതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

കെ.സുരേന്ദ്രനെ ബി ജെ പി അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റുമെന്ന പ്രാചരണം അടിസ്ഥാന രഹിതമാണെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവ്ദേക്കര്‍. കെ സുരേന്ദ്രന്‍ ശക്തനായ പൊരുതുന്ന നേതാവാണെന്നും സുരേന്ദ്രന്‍ അടക്കം സംസ്ഥാനത്തെ ഒരു നേതാവിനെയും മാറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ബൂത്ത് മുതല്‍ മുഴുവന്‍ കമ്മിറ്റികളും ശക്തമാക്കുമെന്നും കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ തന്നെയാണ് ലോക്‌സഭ തെരഞ്ഞെടുപ്പിനെ നേരിടുകയെന്നും ജാവദേക്കര്‍ പറഞ്ഞു.

ബത്തേരിയിലിറങ്ങിയ കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള അനുമതി വൈകുന്നതില്‍ പ്രതിഷേധം. നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് ഇന്ന് ബത്തേരി വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസിലേക്ക് നഗരസഭയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തും.

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിലെ ടെലിവിഷന്‍ ജേര്‍ണലിസം കോഴ്സില്‍ ലക്ചറര്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദവും ടിവി മേഖലയില്‍ കുറഞ്ഞത് അഞ്ചു വര്‍ഷത്തെ എഡിറ്റോറിയല്‍ പ്രവൃത്തി പരിചയവും അധ്യാപന പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 45 വയസ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 20 വൈകിട്ട് 5 മണി.

സുല്‍ത്താന്‍പുരിയില്‍ കാറിടിച്ചു കൊല്ലപ്പെട്ട അഞ്ജലിയുടെ സുഹൃത്ത് നിധി മയക്കുമരുന്നു കേസിലെ പ്രതി. ദൃക്‌സാക്ഷിയായ നിധി മയക്കുമരുന്നു കേസില്‍ നേരത്തേ അറസ്റ്റിലായിട്ടുണ്ടെന്ന് ഡല്‍ഹി പോലീസ്. 2020 ഡിസംബര്‍ ആറിന് ആഗ്ര റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് കേസിനാസ്പദമായ സംഭവം.

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരായ മൂന്ന് പെണ്‍കുട്ടികളെ ഒരു വര്‍ഷമായി ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 70 വര്‍ഷം കഠിന തടവും 1,70,000 രൂപ പിഴയും. വെഞ്ഞാറമൂട് പുല്ലമ്പാറ സ്വദേശി കുട്ടന്‍ എന്ന് വിളിക്കുന്ന അപ്പുകുട്ടനെയാണ് നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി ശിക്ഷിച്ചത്. 5, 7, 8 വയസ്സായ കുട്ടികളെയാണ് പുറത്തു പറഞ്ഞാല്‍ അമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചത്.

ന്യൂയോര്‍ക്ക്-ദില്ലി എയര്‍ ഇന്ത്യ ഫ്ലൈറ്റില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ പ്രതിയായ ശങ്കര്‍ മിശ്ര(34)അറസ്റ്റില്‍. ഒളിവില്‍ കഴിഞ്ഞ ശങ്കര്‍ മിശ്രക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ബെംഗളുരുവില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് സ്ഥാപനമായ വെല്‍സ് ഫാര്‍ഗോയുടെ ഇന്ത്യന്‍ ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റായിരുന്നു ശങ്കര്‍ മിശ്ര. സംഭവത്തെ തുടര്‍ന്ന് മുംബൈ സ്വദേശിയായ ശങ്കര്‍ മിശ്രയെ കമ്പനി ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. രാജ്കോട്ടില്‍ വൈകീട്ട് ഏഴ് മണിക്കാണ് മത്സരം. ആദ്യ മത്സരത്തില്‍ ഇന്ത്യയും രണ്ടാമത്തെ മത്സരത്തില്‍ ശ്രീലങ്കയും ജയിച്ചതോടെ രാജ്കോട്ടിലെ മത്സരം ആവേശകരമാകും.

കാര്‍ അപകടത്തില്‍ പരിക്കേറ്റ് മുംബൈയിലെ കോകിലെ ബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്തിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പരിക്ക് മാറി പൂര്‍ണ കായികക്ഷമത വീണ്ടെടുത്ത് മത്സര ക്രിക്കറ്റില്‍ തിരിച്ചെത്താന്‍ റിഷഭ് പന്തിന് കുറഞ്ഞത് എട്ടോ എമ്പതോ മാസമെങ്കിലും വേണ്ടി വരുമെന്നാണ് ആശുപത്രിവൃത്തങ്ങളും ബിസിസിഐ മെഡിക്കല്‍ സംഘവും നല്‍കുന്ന സൂചന.

ഈ സാമ്പത്തികവര്‍ഷം രാജ്യം 7% വളര്‍ച്ച കൈവരിക്കുമെന്ന് എന്‍എസ്ഒ. കഴിഞ്ഞ സാമ്പത്തികവര്‍ഷം 8.7% ആയിരുന്നു വളര്‍ച്ച. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഉല്‍പാദന രംഗത്തെ വളര്‍ച്ച 9.9% ആയിരുന്നത് ഇത്തവണ 1.6 ശതമാനമായി കുറയുമെന്നാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസിന്റെ വിലയിരുത്തല്‍. അതേസമയം കൃഷിയിലെ വളര്‍ച്ച 3% ആയിരുന്നത് 3.5 ശതമാനമാകും. ക്വാറി പ്രവര്‍ത്തനം, ഖനനം എന്നിവയിലും കനത്ത ഇടിവുണ്ടാകും. 11.5% ആയിരുന്നത് 2.4% ആയി കുറയുമെന്നാണ് അനുമാനം. നിര്‍മാണമേഖല 11.5 ശതമാനത്തില്‍ നിന്ന് 9.1 ശതമാനമായി കുറയും. വാണിജ്യം, ഹോട്ടല്‍, ഗതാഗത മേഖലകളിലും വളര്‍ച്ച പ്രകടമാണ്. കഴിഞ്ഞ വര്‍ഷം 11.1% ആയിരുന്നത് 13.7% ആയി വര്‍ധിക്കും. ഫിനാന്‍ഷ്യല്‍, റിയല്‍ എസ്റ്റേറ്റ് മേഖലകള്‍ 4.2 ശതമാനത്തില്‍ നിന്ന് 6.4 ശതമാനമായി വളരും. 2022-23ലെ ഇന്ത്യയുടെ വളര്‍ച്ച നിരക്ക് സംബന്ധിച്ച അനുമാനം ലോക ബാങ്ക് ഡിസംബറില്‍ 6.9 ശതമാനമായി ഉയര്‍ത്തിയിരുന്നു. ഒക്ടോബറില്‍ 6.5 ശതമാനമായി വെട്ടിക്കുറച്ചതാണ് 6.9 ശതമാനമായി ഉയര്‍ത്തിയത്. റിസര്‍വ് ബാങ്ക് വളര്‍ച്ച അനുമാനം 7 ശതമാനത്തില്‍ നിന്ന് 6.8 ശതമാനമായി കുറച്ചിരുന്നു. രാജ്യാന്തര നാണ്യനിധിയുടെ അനുമാനവും 6.8 ശതമാനമാണ്. ജൂലൈയില്‍ ഇത് 7.4 ശതമാനമായിരുന്നു.

പുതുവര്‍ഷത്തില്‍ ഉപഭോക്താക്കള്‍ക്കായി ‘ചാറ്റ് ട്രാന്‍സ്ഫര്‍’ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. നിലവില്‍, ഗൂഗിള്‍ ഡ്രൈവിന്റെ സഹായത്തോടെ ചാറ്റ് ഹിസ്റ്ററി ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കും. എന്നാല്‍, പുതിയ ഫീച്ചര്‍ എത്തുന്നതോടെ ഗൂഗിള്‍ ഡ്രൈവിന്റെ സഹായമില്ലാതെ തന്നെ രണ്ട് ആന്‍ഡ്രോയ്ഡ് ഫോണുകള്‍ തമ്മില്‍ ചാറ്റ് ഹിസ്റ്ററി ട്രാന്‍സ്ഫര്‍ ചെയ്യാനാകും. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ ഫീച്ചര്‍ ഈ വര്‍ഷം തന്നെ പുറത്തിറക്കാനാണ് വാട്സ്ആപ്പ് പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായുള്ള നടപടികള്‍ വാട്സ്ആപ്പ് ആരംഭിച്ചിട്ടുണ്ട്. ഇത്തവണ ഒരു ആന്‍ഡ്രോയിഡ് ഫോണില്‍ നിന്ന് മറ്റൊരു ആന്‍ഡ്രോയിഡ് ഫോണിലേക്ക് ചാറ്റ് ഹിസ്റ്ററി ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള സംവിധാനമാണ് അവതരിപ്പിക്കുക. മുന്‍പ് ആന്‍ഡ്രോയ്ഡ് ഫോണില്‍ നിന്ന് ഐഒഎസിലേക്ക് ചാറ്റുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള ഫീച്ചര്‍ വാട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു. രണ്ട് ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കിടയില്‍ ചാറ്റ് ഹിസ്റ്ററി ട്രാന്‍സ്ഫര്‍ ചെയ്യാവുന്ന സംവിധാനത്തിന് ഉപഭോക്താക്കള്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കുമെന്നാണ് വാട്സ്ആപ്പിന്റെ വിലയിരുത്തല്‍. പുതിയ ഫോണുകള്‍ വാങ്ങുന്നവര്‍ക്കാണ് ഈ ഫീച്ചര്‍ ഏറ്റവുമധികം പ്രയോജനപ്പെടാന്‍ സാധ്യത.

നന്ദമുറി ബാലകൃഷ്ണയുടെ ആക്ഷന്‍ എന്റര്‍ടെയ്നര്‍ വീര സിംഹ റെഡ്ഡി ട്രെയിലര്‍ എത്തി. രചനയും സംവിധാനവും ഗോപിചന്ദ് മലിനേനിയാണ്. ഒരു ബാലയ്യ ചിത്രത്തില്‍ നിന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ പ്രതീക്ഷിക്കുന്ന എല്ലാ ഘടകങ്ങളും ചേര്‍ന്നതാവും ചിത്രമെന്ന് ട്രെയിലറില്‍ നിന്നും വ്യക്തംകുര്‍ണൂല്‍ ആയിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍. ബിഗ് ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ശ്രുതി ഹാസന്‍ നായികയാവുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് ഹണി റോസും ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വരലക്ഷ്മി ശരത്കുമാര്‍, ദുനിയ വിജയ്, പി. രവി ശങ്കര്‍, ചന്ദ്രികാ രവി, അജയ് ഘോഷ്, മുരളി ശര്‍മ തുടങ്ങിയവരും താരനിരയിലുണ്ട്. തെലുങ്കിലെ പ്രമുഖ നിര്‍മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനിയും രവി ശങ്കര്‍ യലമന്‍ചിലിയും ചേര്‍ന്നാണ് നിര്‍മാണം. ജനുവരി 12 ന് ചിത്രം തിയറ്ററുകളില്‍ എത്തും.

ബൈജു സന്തോഷ്, സംയുക്ത മേനോന്‍, ചെമ്പന്‍ വിനോദ്, ഷൈന്‍ ടോം ചാക്കോ, ഡെയിന്‍ ഡേവിസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബൂമറാംഗ് എന്ന ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 3 ന് ചിത്രം തിയറ്ററുകളില്‍ എത്തും. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ തിയറ്ററുകളില്‍ എത്തുമെന്ന് കരുതപ്പെട്ടിരുന്ന ചിത്രമാണ് ഇത്. ഗുഡ് കമ്പനി അവതരിപ്പിക്കുന്ന ബൂമറാംഗ് ഈസി ഫ്ലൈ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജി മേടയില്‍, തൗഫീഖ് ആര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. മനു സുധാകരന്‍ ആണ് സംവിധാനം. കൃഷ്ണദാസ് പങ്കിയാണ് ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത്. ടി കെ രാജീവ് കുമാര്‍ ചിത്രം ബര്‍മുഡയുടെയും തിരക്കഥ കൃഷ്ണദാസിന്റേത് ആയിരുന്നു. ചിത്രത്തില്‍ അഖില്‍ കവലയൂര്‍, ഹരികൃഷ്ണന്‍, മഞ്ജു സുഭാഷ്, സുബ്ബലക്ഷ്മി, നിയ, അപര്‍ണ, നിമിഷ, ബേബി പാര്‍ത്ഥവി തുടങ്ങിയവരും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

സെല്‍റ്റോസ്, സോനെറ്റ്, കാരന്‍സ്, ഇവി6 എന്നിവയുള്‍പ്പെടെ തിരഞ്ഞെടുത്ത മോഡലുകളുടെ വിലയില്‍ കിയ ഇന്ത്യ ഒരു ലക്ഷം രൂപ വരെ വര്‍ദ്ധിപ്പിച്ചു. ചരക്ക്, ഗതാഗത ചെലവ് എന്നിവ നികത്തുന്നതിനാണ് വില വര്‍ദ്ധന കൊണ്ടുവരുന്നതെന്ന് കമ്പനി അറിയിച്ചു. 2021 ല്‍ 1,81,583 യൂണിറ്റുകളാണ് വിറ്റതെങ്കില്‍ 2022 ല്‍ അത് 40.19 ശതമാനം വര്‍ദ്ധനവ് നേടി 2,54,556 യൂണിറ്റുകളായി. കിയ സോണെറ്റ് കോംപാക്ട് എസ്യുവിയുടെ വിലയില്‍ വേരിയന്റിനെ ആശ്രയിച്ച് കിയ 20,000 മുതല്‍ 40,000 രൂപ വരെ വര്‍ദ്ധിപ്പിച്ചു. സോനെറ്റ് 1.2 എല്‍ പെട്രോള്‍ മാനുവല്‍ പതിപ്പിന് 20,000 രൂപയും, സോനെറ്റ് 1.0 എല്‍ പെട്രോളിന് ഐഎംടിയും ഡിസിടിയും ഇപ്പോള്‍ 25,000 രൂപയുമാണ് വില വര്‍ധന. സെല്‍റ്റോസ് എസ്യുവിയുടെ വില 20,000 മുതല്‍ 50,000 രൂപ വരെ വര്‍ദ്ധിപ്പിച്ചു. കാരന്‍സ് 3-വരി എംപിവിയുടെ അടിസ്ഥാന പ്രീമിയം വേരിയന്റുകള്‍ക്ക് 1.5ലിറ്റര്‍ പെട്രോള്‍ വേരിയന്റുകള്‍ക്ക് 20,000 രൂപയുടെ വില വര്‍ദ്ധന ലഭിച്ചു. ഇവി6 ഇലക്ട്രിക് എസ്യുവി രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. വിലയില്‍ ഒരു ലക്ഷം രൂപയാണ് കമ്പനി വര്‍ധിപ്പിച്ചത്.

തമിഴ് മുസ്ലിം ജീവിതത്തിന്റെ തുറന്നെഴുത്തായ നോവല്‍, മുസ്ലിം കുടുംബത്തില്‍ സ്ത്രീ അനുഭവിക്കുന്ന നോവുകളും വേവുകളുമാണ് ഇതിന്റെ പ്രമേയം. കുടുംബങ്ങളിലും സമൂഹ അത്തിലും മുസ്ലിം സ്ത്രീ അനുഭവിക്കുന്ന അടിച്ച മര്‍ത്തലുകളെ തങ്ങളുടെ സഹജശക്തികൊണ്ട് പ്രതിരോധിക്കുന്ന രണ്ടു സ്ത്രീകളിലൂടെയാണ് നോവല്‍ വികസിക്കുന്നത്. സ്ത്രീവാദചിന്തകളല്ല. സംഘര്‍ഷഭരിതമായ സന്ദര്‍ഭങ്ങളില്‍ ജീവിതത്തെ ചേര്‍ത്തുപിടിക്കാന്‍ സ്ത്രീകള്‍ നടത്തുന്ന സ്വാഭാവിക പ്രതികരണങ്ങള്‍ സൃഷ്ടിക്കുന്ന അസാഭാവിക സംഭവവികാസങ്ങളാണ് നോവലിനെ ശ്രദ്ധേയമാക്കുന്നത്. ‘സ്വപ്ന സഞ്ചാരങ്ങള്‍’. സല്‍മ. വിവര്‍ത്തനം: പ്രകാശ് മേനോന്‍. ഡിസി ബുക്സ്. വില 332 രൂപ.

രാത്രി നല്ലപോലെ ഉറങ്ങിയതിന് ശേഷവും പകല്‍ ഉറക്കം വരുന്ന അവസ്ഥയെ അവഗണിക്കരുതെന്ന് പഠനം. എല്ലായ്പ്പോഴും ഉറക്കം വരുന്ന ഈ അവസ്ഥയെ ഹൈപ്പര്‍സോമ്‌നിയ എന്നാണ് വിളിക്കുന്നത്. ഈ അവസ്ഥയില്‍ രാത്രി ഉറങ്ങിയാലും പകല്‍ സമയത്ത് വീണ്ടും ഉറക്കം വരും. ഇത് നിങ്ങളുടെ ദൈനംദിന ജീവിതത്തെയും ജോലിയെയും വരെ ബാധിക്കാം. അമിതമായ മദ്യപാനം, സമ്മര്‍ദ്ദം, വിഷാദം എന്നിവ മൂലവും ഈ പ്രശ്‌നം ഉണ്ടാകാം. ഈ പ്രശ്നമുള്ള ആളുകള്‍ ചിലപ്പോള്‍ ഉറക്കം ഒഴിവാക്കാന്‍ ചായയും കാപ്പിയുമൊക്കെ കൂടുതലായി കഴിക്കും. ഇതും പിന്നീട് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. അമിത ഉറക്കം മറികടക്കാനുള്ള ചില വഴികള്‍ നോക്കാം. ശരീരത്തിന്റെ കൃത്യമായ പ്രവര്‍ത്തനത്തിന് കുറഞ്ഞത് ഏഴ് മണിക്കൂര്‍ ഉറക്കം ആവശ്യമാണ്. ഓരോ വ്യക്തിയും രാത്രിയില്‍ ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങണം. ഉറങ്ങുന്നതിന് മുമ്പ് ടിവിയും മൊബൈലും ലാപ്ടോപ്പുകളുമൊക്കെ മാറ്റി വെക്കണം. പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ പതിവായി കഴിക്കുക. ഇത് നിങ്ങളുടെ ശരീരത്തിലെ ഊര്‍ജനില മികച്ചതാക്കുന്നു. ഭക്ഷണത്തില്‍ പ്രോട്ടീന്‍, വിറ്റാമിനുകള്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവ ഉള്‍പ്പെടുത്തണം. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് വളരെ അനിവാര്യമാണ്. അതിനാല്‍ പകല്‍ സമയത്ത് ആവശ്യത്തിന് വെള്ളം കുടിക്കുക.നിര്‍ജ്ജലീകരണം ഉണ്ടായാല്‍ അത് ശരീരത്തിന് ക്ഷീണം അനുഭവപ്പെടാന്‍ ഇടയാക്കും. പതിവായി വ്യായാമം ചെയ്യുന്നതിലൂടെ നിങ്ങളുടെ രക്തയോട്ടം മെച്ചപ്പെടും. ശരീരം ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിനൊപ്പം, സമ്മര്‍ദ്ദം ഒഴിവാക്കാനും ഇത് സഹായിക്കും. രാവിലെ വ്യായാമം ചെയ്യുന്നത് രാത്രി നന്നായി ഉറങ്ങാന്‍ സഹായിക്കും. നിങ്ങളുടെ ഉറക്കത്തിന്റെ ഏറ്റവും വലിയ ശത്രു സമ്മര്‍ദ്ദമായിരിക്കാം. ഇതിനെ നേരിടാന്‍ മെഡിറ്റേഷന്‍ അഥവാ ധ്യാനം, യോഗ എന്നിവ ചെയ്യാവുന്നതാണ്. ഇതിലൂടെ ശരീരം ഫ്രഷ് ആയി നിലനില്‍ക്കുകയും മാനസിക പിരിമുറുക്കം ഒഴിവാകുകയും ചെയ്യും.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.27, പൗണ്ട് – 99.49, യൂറോ – 87.73, സ്വിസ് ഫ്രാങ്ക് – 88.67, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.61, ബഹറിന്‍ ദിനാര്‍ – 218.24, കുവൈത്ത് ദിനാര്‍ -268.75, ഒമാനി റിയാല്‍ – 214.06, സൗദി റിയാല്‍ – 21.89, യു.എ.ഇ ദിര്‍ഹം – 22.40, ഖത്തര്‍ റിയാല്‍ – 22.60, കനേഡിയന്‍ ഡോളര്‍ – 61.17.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *