yt cover 58

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്നു മുതല്‍. നാളെ ബജറ്റ്. അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റാണിത്. സാമ്പത്തിക സര്‍വേ ഇന്ന് അവതരിപ്പിക്കും. ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ നിരവധി വിഷയങ്ങളാണ് ഉന്നയിക്കപ്പെട്ടത്. ഗവര്‍ണര്‍- സര്‍ക്കാര്‍ പോര്, ബിബിസി വിവാദം, ചൈനീസ് കടന്നു കയറ്റം, അദാനി ഓഹരി ഇടപാട് തുടങ്ങിയവ പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടികള്‍ പങ്കെടുത്തില്ല. ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, ബിആര്‍എസ് ഉള്‍പ്പടെ 27 പാര്‍ട്ടികള്‍ പങ്കെടുത്തു.

പാകിസ്ഥാനില്‍ പെഷവാറിലെ മോസ്‌കിലുണ്ടായ ചാവേറാക്രമണത്തില്‍ 48 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ പൊലീസുകാരുമുണ്ട്. 150 പേര്‍ക്ക് പരിക്ക്. താലിബാനാണ് ചാവേറാക്രമണം നടത്തിയത്. തെഹരീകെ താലിബാന്‍ പാകിസ്ഥാന്‍ നേതാവായിരുന്ന ഉമര്‍ഖാലിദ് ഖുറസാനിയുടെ സഹോദരനാണ് ഉത്തരവാദിത്തം ഏറ്റെടുത്തത്. ഓഗസ്റ്റില്‍ അഫ്ഗാനില്‍ ഉമര്‍ഖാലിദ് ഖുറസാനിയെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമാണ് സ്ഫോടനമെന്നും സംഘടന അറിയിച്ചു.

സംസ്ഥാനത്ത് നാളെ മുതല്‍ ഹോട്ടലുകളില്‍നിന്നുള്ള പാഴ്സല്‍ ഭക്ഷണത്തിനു സ്റ്റിക്കറും ജീവനക്കാര്‍ക്കു ഹെല്‍ത്ത് കാര്‍ഡും നിര്‍ബന്ധം. പാചകക്കാര്‍ക്കും വിളമ്പുന്നവര്‍ക്കും ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് വേണം. പാഴ്സലുകളില്‍ ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും എത്ര സമയത്തിനുള്ളില്‍ കഴിക്കണമെന്ന വിവരവും വ്യക്തമാക്കിയ സ്റ്റിക്കര്‍ പതിച്ചിരിക്കണം.

*ശുഭദിനം*

കവിതാ കണ്ണന്റെ സ്‌ക്രിപ്റ്റില്‍ പ്രവീജ വിനീത് അവതരിപ്പിക്കുന്ന 500 ലധികം ശുഭദിന ചിന്തകള്‍ കേള്‍ക്കാന്‍:

https://www.youtube.com/watch?v=uICNX2IsMfQ&list=PLtul8xTi_mtfAwHpy0n6p_1oRUu0xBUNV

ശമ്പളം വേണ്ട, ഓണറേറിയം മതിയെന്ന് ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി സര്‍ക്കാര്‍ നിയമിച്ച മുന്‍ കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ്. ഈ ആവശ്യം ഉന്നയിച്ച് അദ്ദേഹം സര്‍ക്കാരിനു നല്‍കിയ കത്ത് ധനകാര്യവകുപ്പിന്റെ പരിഗണനയിലാണ്. നിരക്ക് കുറവുള്ള ക്ലാസുകളില്‍ വിമാനയാത്രാ ടിക്കറ്റ് അനുവദിച്ചാല്‍ മതിയെന്നും അറിയിച്ചിട്ടുണ്ടെന്നു കെ വി തോമസ് പറഞ്ഞു.

ഒഴിവുള്ള അഞ്ഞൂറോളം ബിഡിഎഡ് സീറ്റുകളിലേക്കു പ്രവേശനം നടത്താന്‍ പ്രത്യേക കൗണ്‍സിലിംഗ് അനുവദിക്കണമെന്ന സ്വാശ്രയ ഡെന്റല്‍ മെഡിക്കല്‍ കോളജുകളുടെ ആവശ്യത്തില്‍ ഇടപെടില്ലെന്നു സുപ്രീം കോടതി. പ്രവേശനത്തിനുള്ള അവസാന തീയ്യതി കഴിഞ്ഞതിനാല്‍ ഇടപെടില്ലെന്നാണ് സുപ്രീം കോടതി നിലപാടെടുത്തത്. നീറ്റ് സ്‌കോര്‍ ഉണ്ടായാലും കൗണ്‍സിലിംഗിന് കെഇഎഎംയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന കേരള സര്‍ക്കാര്‍ നയം ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാമെന്നു സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനു ശേഷം വാഗ്ദാനം പാലിച്ചില്ലെന്ന പേരില്‍ ഒരാളെ ബലാത്സംഗക്കുറ്റം ചുമത്തി ശിക്ഷിക്കാനാവില്ലെന്ന് സുപ്രീംകോടതി. ചില സാഹചര്യത്തില്‍ ഒരു വ്യക്തിക്ക് വാഗ്ദാനം പാലിക്കാനാകാതെ വരാം. ബലാത്സംഗക്കേസില്‍ വിചാരണ കോടതി പത്തു വര്‍ഷം ശിക്ഷിച്ച പുനലൂര്‍ സ്വദേശിയെ വെറുതെ വിട്ടുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം. വിവാഹിതയും മൂന്നു കുട്ടികളുടെ അമ്മയുമായിരുന്നു കേസിലെ പരാതിക്കാരി. പരസ്പര സമ്മതപ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനു ബലാത്സംഗ കേസെടുക്കാനാവില്ലെന്ന കേരളാ ഹൈക്കോടതി വിധിക്കെതിരേ നല്‍കിയ അപ്പീലാണ് സുപ്രീം കോടതി തള്ളിയത്.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

ജഡ്ജിമാര്‍ക്കു നല്‍കാനെന്ന പേരില്‍ ലക്ഷങ്ങള്‍ കോഴ വാങ്ങിയെന്ന് അരോപിതനായ അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരേ കേസെടുക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടി. സൈബി ജോസിനോടു വിശദീകരണം തേടാന്‍ ബാര്‍ കൗണ്‍സില്‍ തീരുമാനിച്ചു. അഭിഭാഷകരുടെ പരാതിയില്‍ കേന്ദ്ര നിയമ മന്ത്രാലയത്തില്‍നിന്നുള്ള കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയാരംഭിച്ചത്.

മുസ്ലിം ലീഗിന്റെ പ്രവര്‍ത്തനം മതേതരമാണെന്നും കേരളത്തിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ ഹിന്ദു, ക്രൈസ്തവ വിഭാഗത്തിലുള്ള നൂറിലധികം ജനപ്രതിനിധികള്‍ തങ്ങള്‍ക്കുണ്ടെന്നും മുസ്ലിം ലീഗ്. കൊടിയിലും പേരിലും മതചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജിക്കെതിരെ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് ഈ വിവരം. ഹര്‍ജിക്കാരനായ സയ്യദ് വാസിം റിസ്വിവിയുടെ യഥാര്‍ത്ഥ പേര് ജിതേന്ദ്ര നാരായണ്‍ ത്യാഗി എന്നാണെന്നും മതഭ്രാന്തനായ ഇയാള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിദ്വേഷം പരത്തുന്നയാളാണെന്നും ലീഗിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.

യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്താ ജെറോമിന്റെ കോപ്പിയടിച്ചും തെറ്റായ വിവരങ്ങള്‍ ചേര്‍ത്തുമുള്ള ഡോക്ടറേറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും കേരള സര്‍വ്വകലാശാല വിസിക്കും പരാതി. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയാണ് പരാതി നല്‍കിയത്. ഗവേഷണത്തില്‍ ചിന്തയുടെ ഗൈഡായി പ്രവര്‍ത്തിച്ച മുന്‍ പ്രോ വൈസ് ചാന്‍സലര്‍ ഡോ. അജയകുമാറിന്റെ ഗൈഡ്ഷിപ്പ് സസ്പെന്‍ഡ് ചെയ്യണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

ഷാര്‍ജയില്‍ നിന്ന് കോഴിക്കോടേക്കു പുറപ്പെട്ട് ഒരു മണിക്കൂറിനകം തിരിച്ചിറക്കിയ വിമാനത്തിലെ യാത്രക്കാരില്‍ പലരും നാട്ടിലെത്തിയത് 38 മണിക്കൂറിനു ശേഷം. വെള്ളിയാഴ്ച രാത്രി ഷാര്‍ജയില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എ.ഐ 998 വിമാനത്തിലെ യാത്രക്കാരാണ് പല വിമാനങ്ങളിലായി തിരുവനന്തപുരത്തും കോഴിക്കോടും എത്തിയത്. 174 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി കുണ്ടന്നൂരില്‍ വെടിക്കെട്ട് പുരയില്‍ സ്ഫോടനം. കുണ്ടന്നൂര്‍ സുന്ദരാക്ഷന്റെ പടക്കപ്പുര കത്തി നശിച്ചു. ചേലക്കര സ്വദേശി മണിക്കു പരിക്കേറ്റു. 10 കിലോമീറ്റര്‍ അകലേക്കുവരെ പ്രകമ്പനമുണ്ടായെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഓട്ടുപാറ അത്താണി മേഖലയിലും സ്ഫോടനത്തിന്റെ പ്രകമ്പനമുണ്ടായി. ലൈസന്‍സി ശ്രീനിവാസന്‍, ഉടമ സുന്ദരാക്ഷന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രമത്തിനു കീഴില്‍ 111. 33 കോടിയുടെ 37 പദ്ധതികള്‍ കേരളം സമര്‍പ്പിച്ചപ്പോള്‍ വയനാടിനു 14.6 കോടിയുടെ നാലു പദ്ധതികള്‍ മാത്രമാക്കിയതിനെതിരേ രാഹുല്‍ഗാന്ധി എംപി ചീഫ് സെക്രട്ടറിക്കു കത്തയച്ചു. വയനാടിന് അര്‍ഹമായ പരിഗണന നല്‍കണമെന്ന് ആവശ്യപ്പെട്ടാണു രാഹുല്‍ കത്തയച്ചത്.

മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തെ മഹാത്മാഗാന്ധി മരിച്ചെന്നു പഠിപ്പിക്കാനാണ് സംഘപരിവാറിന്റെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാഥുറാം ഗോഡ്സെ എന്ന മതഭ്രാന്തന്‍ ഗാന്ധിജിയെ വെടിവെച്ചുകൊന്നപ്പോള്‍ ഇന്ത്യയെന്ന ആശയത്തിനുതന്നെയാണ് മുറിവേല്‍ക്കപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തിലൂടെ അധികാരം നിലനിര്‍ത്താനാണ് മോദി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി. വര്‍ഗീയ ശക്തികളെ അധികാരത്തില്‍ നിന്നു കോണ്‍ഗ്രസ് പുറത്താക്കും. മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി കെപിസിസിയില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ ആന്റണി പറഞ്ഞു.

ഗാന്ധിജിയെ വധിച്ചത് ആര്‍എസ്എസ് എന്ന് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് ലീഗ് പ്രവര്‍ത്തകന്‍. മുഴക്കുന്ന് പോലീസിനെതിരെ കണ്ണൂര്‍ ഇരിട്ടി സ്വദേശി സിയാദാണ് ആക്ഷേപം ഉന്നയിച്ചത്. ഇന്ത്യയിലെ ആദ്യ തീവ്രവാദി ആക്രമണം ആര്‍എസ്എസിന്റെതെന്ന ഫേസ്ബുക്ക് പോസ്റ്റിനെതിരെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

കണ്ണൂര്‍ വിമാനത്താവളത്തില്‍ രണ്ടു യാത്രക്കാരില്‍നിന്നായി 1.299 കിലോ സ്വര്‍ണം പിടികൂടി. ഇരിക്കൂര്‍ സ്വദേശിനിയില്‍ നിന്നും 24 ലക്ഷം രൂപ വരുന്ന 500 ഗ്രാം സ്വര്‍ണാഭരണങ്ങളും കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് നസീദില്‍നിന്ന് 45 ലക്ഷം രൂപ വരുന്ന 799 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്.

താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിനെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ വ്ളോഗറും തിരുവനന്തപുരം സ്വദേശിയുമായ കൃഷ്ണകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വീണ്ടും ശൈശവ വിവാഹം. ഇടുക്കി ഇടമലകുടിയില്‍ പതിനഞ്ചുകാരിയെ 47 കാരന്‍ വിവാഹം ചെയ്തു. ഗോത്രാചാരപ്രകാരം ഒരു മാസം മുമ്പായിരുന്നു വിവാഹം. ആചാരപ്രകാരം വിവാഹം കഴിഞ്ഞെങ്കിലും ഒന്നിച്ചു താമസിച്ചിട്ടില്ലെന്നാണു റിപ്പോര്‍ട്ട്. ചൈല്‍ഡ്ലൈനും പോലീസൂം ഇടപെട്ട് കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

ഷേളയാര്‍ ഡാമില്‍ ഇറങ്ങിയ സ്ത്രീയും മകനും മുങ്ങി മരിച്ചു. ശിവയുടെ ഭാര്യ ശെല്‍വി (39) മകന്‍ സതീഷ് കുമാര്‍ (6) എന്നിവരാണ് മരിച്ചത്. ശെല്‍വി തുണി കഴുകുന്നതിനിടെ പുഴയില്‍ കുളിക്കാനിറങ്ങിയ മകന്‍ ഒഴുക്കില്‍പെട്ടു. രക്ഷിക്കാനുള്ള ശ്രമത്തിനിടെ ശെല്‍വിയും ഒഴുക്കില്‍പ്പെട്ടു.

കുവൈറ്റില്‍ റോഡപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി യുവതി നിര്യാതയായി. ലുലു എക്സ്ചേഞ്ച് സെന്റര്‍ കസ്റ്റമര്‍ കെയര്‍ മാനേജര്‍ അനു ഏബല്‍ (34) ആണ് മരിച്ചത്. കൊട്ടാരക്കര കിഴക്കേതെരുവ് തളിക്കാംവിള വീട്ടില്‍ കെ. അലക്സ് കുട്ടിയുടെയും ജോളിക്കുട്ടി അലക്സിന്റെയും മകളും ഏബല്‍ രാജന്റെ ഭാര്യയുമാണ്.

കാസര്‍കോട് മിയാപദവില്‍ നിര്‍മ്മാണം നടക്കുന്ന വീട്ടില്‍നിന്ന് 30 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. കേസില്‍ വീട്ടുടമ മുഹമ്മദ് മുസ്തഫ പിടിയിലായി.

മദ്യനിരോധനമുള്ള ലക്ഷദ്വീപിലെ കവരത്തിയില്‍ 200 കുപ്പി മദ്യവുമായി മൂന്നു പേര്‍ പിടിയിലായി. കവരത്തി സ്വദേശി മുഹമ്മദ് നസീര്‍, തിരുവനന്തപുരം സ്വദേശികളായ സൈജു, രതീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കാക്കനാട് സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച അഞ്ച് ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരെ അറസ്റ്റു ചെയ്തു. ഇടച്ചിറയിലെ ഫ്ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായ അജീഷിനാണ് മര്‍ദ്ദനമേറ്റത്. ഭക്ഷണ വിതരണത്തിനെത്തിയ ഓണ്‍ലൈന്‍ ജീവനക്കാരനെ തടഞ്ഞതിനാണ് മര്‍ദിച്ചത്. മഹാദേവന്‍, ശ്രീജിത്ത്, ഉണ്ണി, നിധിന്‍, കണ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്.

പ്രായപൂര്‍ത്തിയാകാത്ത മകളെ പലതവണ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ പിതാവിന് മൂന്നു ജീവപര്യന്തം തടവ് ശിക്ഷ. ആറു ലക്ഷത്തി അറുപതിനായിരം രൂപ പിഴയും ഒടുക്കണം. മുന്‍ മദ്രസ അധ്യാപകനായ പ്രതി 2021 മാര്‍ച്ചില്‍ അമ്മ വീട്ടില്‍ ഇല്ലാത്ത സമയത്താണ് ആദ്യമായി പീഡിപ്പിച്ചത്.

കൊല്ലം പന്മന കല്ലിട്ടക്കടവില്‍ ഹൗസ്ബോട്ടിന് തീപിടിച്ചു. മൂന്ന് വിനോദസഞ്ചാരികളെ രക്ഷപെടുത്തി. ഹൗസ് ബോട്ട് പൂര്‍ണ്ണമായും കത്തി നശിച്ചു.

തെലുങ്കാനയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ തടസമില്ലെന്ന് ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍. ബജറ്റ് അവതരിപ്പിക്കാന്‍ അനുമതി ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കെതിരേ തെലുങ്കാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ബജറ്റിനു തടസമില്ലെന്ന് ഗവര്‍ണര്‍ അറിയിച്ചത്. ഇതോടെ ഹര്‍ജി പിന്‍വലിച്ചു. നയപ്രഖ്യാപന പ്രസംഗത്തിന്റെ പകര്‍പ്പു ലഭിക്കാത്തതിനാലാണ് ബജറ്റിന് അനുമതി നല്‍കാതിരുന്നതെന്നാണു ഗവര്‍ണറുടെ വിശദീകരണം.

ലക്ഷദ്വീപ് ലോക്സഭാ മണ്ഡലത്തില്‍ അടുത്തമാസം 27 ന് പ്രഖ്യാപിച്ച ഉപതെരഞ്ഞെടുപ്പ് മരവിപ്പിച്ചു. മുന്‍ എംപി മുഹമ്മദ് ഫൈസലിനെതിരായ ശിക്ഷാനടപടി കേരള ഹൈക്കോടതി മരവിപ്പിച്ച സാഹചര്യത്തിലാണ് തീരുമാനം.

ഓഹരി വിപണിയില്‍ തട്ടിപ്പ് നടത്തിയെന്ന ഹിന്‍ഡന്‍ബെര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടും അദാനി ഗ്രൂപ്പിന്റെ വിശദീകരണവും എല്‍ഐസി പരിശോധിക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ രാജ്കുമാര്‍. അദാനിയുടെ വിവിധ കമ്പനികളില്‍ എല്‍ഐസി വന്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിനു പിറകേ, എല്‍ഐസിക്ക് വന്‍ നഷ്ടം സംഭവിച്ചിരുന്നു.

ലൗ ജിഹാദും മതപരിവര്‍ത്തനവും തടയണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ വിവിധയിടങ്ങളില്‍ ഹിന്ദുത്വ സംഘടനകളുടെ കൂറ്റന്‍ റാലി. ഹിന്ദു ജന്‍ ആക്രോശ് മോര്‍ച്ചയുടെ ബാനറില്‍ ഹിന്ദുത്വ സംഘടനകളുടെ കൂട്ടായ്മയായ സകാല്‍ ഹിന്ദു സമാജമാണ് റാലി നടത്തിയത്. ബിജെപി നേതാക്കളും ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗം നേതാക്കളും റാലിയില്‍ പങ്കെടുത്തു. പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായാണ് വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദള്‍, ഹിന്ദു ജനജാഗൃതി സമിതി, സനാതന്‍ സന്‍സ്ത തുടങ്ങിയ ഹിന്ദുത്വ സംഘടനകള്‍ ചേര്‍ന്നു റാലി നടത്തിയത്.

ഗൊരഖ്നാഥ് ക്ഷേത്ര ആക്രമണ കേസിലെ പ്രതിക്ക് ലക്നോവിലെ എന്‍ഐഎ കോടതി വധശിക്ഷ വിധിച്ചു. അഹമ്മദ് മുര്‍താസ അബ്ബാസിയെയാണ് ശിക്ഷിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ക്ഷേത്രത്തിലെ സുരക്ഷ ജീവനക്കാരനെ ആക്രമിച്ചെന്ന കേസ് രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ ശ്രമിച്ചെന്നാണ് എന്‍ഐഎ വാദിച്ചത്. കെമിക്കല്‍ എന്‍ജിനീയറായ

പ്രതിക്ക് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നും എന്‍ഐഎ ആരോപിച്ചിരുന്നു.

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ വിമാനം സാങ്കേതിക തകരാര്‍മൂലം അടിയന്തരമായി നിലത്തിറക്കി. വൈകീട്ട് അഞ്ചുമണിയോടെ ഡല്‍ഹിയിലേക്കു പോകുന്നതിനായി വിജയവാഡ ഗന്നാവരം വിമാനത്താവളത്തില്‍ നിന്നു പറന്നുയര്‍ന്ന ഉടനെയാണ് സാങ്കേതിക തകരാര്‍ കണ്ടെത്തിയത്.

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുരളി വിജയ് അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. ഇന്ത്യയ്ക്ക് വേണ്ടി വിവിധ ഫോര്‍മാറ്റുകളിലായി 87 മത്സരങ്ങള്‍ കളിച്ച മുരളി 4490 റണ്‍സ് നേടിയിട്ടുണ്ട്. ഐ.പി.എല്ലിലെ സ്ഥിരസാന്നിധ്യമായിരുന്ന മുരളി വിജയ് ചെന്നൈ സൂപ്പര്‍ കിങ്‌സ്, പഞ്ചാബ് കിങ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ് തുടങ്ങിയ ടീമുകള്‍ക്ക് വേണ്ടി കളിച്ചിരുന്നു.

ഹോക്കി ലോകകപ്പില്‍ ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാതെ പുറത്തായതിനു പിന്നാലെ പരിശീലകന്‍ ഗ്രഹാം റീഡ് രാജിവെച്ചു. 2021 ടോക്കിയോ ഒളിംപിക്സില്‍ വെങ്കല മെഡല്‍ നേടി ചരിത്രം കുറിച്ച ഇന്ത്യന്‍ ടീമിന് ഭുവനേശ്വറില്‍ നടന്ന ലോകകപ്പില്‍ ഒന്‍പതാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു.

പുരുഷ ടെന്നീസ് വ്യക്തിഗത റാങ്കിങ്ങിലെ ഒന്നാം സ്ഥാനം പിടിച്ചെടുത്ത് സെര്‍ബിയന്‍ ഇതിഹാസം നോവാക് ജോക്കോവിച്ച്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയതിന് പിന്നാലെയാണ് 35 കാരനായ ജോക്കോവിച്ച് നാലാം സ്ഥാനത്തുനിന്ന് ഒന്നാം റാങ്കിലേക്ക് ഉയര്‍ന്നത്.

ഡിസംബര്‍ പാദത്തില്‍ റിലയന്‍സ് പവറിന്റെ ഏകീകൃത അറ്റ നഷ്ടം 291.54 കോടി രൂപയായാതായി കമ്പനി അറിയിച്ചു. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 97.22 കോടി രൂപയായിരുന്നു. കമ്പനിയുടെ മൊത്തം ചെലവ് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 1900.05 കോടി രൂപയില്‍ നിന്ന് 2126.33 കോടി രൂപയായി ഉയര്‍ന്നു. കമ്പനിയുടെ മൊത്ത വരുമാനം കഴിഞ്ഞ പാദത്തിലെ 1858.93 കോടി രൂപയില്‍ നിന്ന് 1936.29 കോടി രൂപയായി. ഈ പാദത്തില്‍ കമ്പനി 178 കോടി രൂപയുടെ വായ്പാ തിരിച്ചടവ് നടത്തി. നിലവില്‍ റിലയന്‍സ് പവറിന് 11,219 കോടി രൂപയുടെ ആസ്തിയുണ്ട്. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പുതിയ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി അശോക് കുമാര്‍ പാലിനെ നിയമിച്ചു. ഷ്രിങ്ക് പാക്കേജിംഗ് പ്രൈവറ്റ് ലിമിറ്റഡ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്നിവയില്‍ പ്രവര്‍ത്തിച്ച അശോക് കുമാര്‍ പാല്‍ 5 വര്‍ഷത്തിലേറെയായി റിലയന്‍സ് പവറില്‍ പ്രവര്‍ത്തിച്ച് പോരുന്നു. ധനകാര്യ മേഖലയില്‍ 22 വര്‍ഷത്തെ അനുഭവപരിചയമുള്ള പാല്‍ റിലയന്‍സ് പവറില്‍ ചേരുന്നതിന് മുമ്പ് ദീപക് നൈട്രൈറ്റ് ലിമിറ്റഡില്‍ പ്രവര്‍ത്തിച്ചിരുന്നു

പിന്നണിഗായകനായി ഭീമന്‍ രഘു. ഭീമന്‍ രഘു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ‘ചാണ’ യിലൂടെയാണ് പിന്നണിഗാന രംഗത്തേക്ക് ചുവടു വെയ്ക്കുന്നത്. ഏറെ ഹൃദയഹാരിയായ ഒരു തമിഴ് ഗാനം ആലപിച്ചുകൊണ്ടാണ് ഭീമന്‍ രഘു വരുന്നത്. ചിത്രത്തില്‍ ഒട്ടേറെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ പങ്കുവെയ്ക്കുന്ന ഗാനം കൂടിയാണിത്. ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഭീമന്‍ രഘുവാണ്. ഉപജീവനത്തിനായി തെങ്കാശിയില്‍ നിന്ന് തന്റെ തൊഴില്‍ ഉപകരണമായ ചാണയുമായി കേരളത്തിലേക്ക് വരുന്ന ഒരു തമിഴ് യുവാവിന്റെ ജീവിതത്തിലുണ്ടാകുന്ന ആകസ്മിക സംഭവങ്ങളാണ് ചാണയുടെ ഇതിവൃത്തം. രണ്ട് തമിഴ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. പുതുമുഖനായിക മീനാക്ഷി ചന്ദ്രനാണ് ചിത്രത്തിലെ നായിക. രാമന്‍ വിശ്വനാഥ്, രഘുചന്ദ്രന്‍, സമ്മോഹ്, സൂരജ് സുഗതന്‍, കൃഷ്ണന്‍കുട്ടി നായര്‍, സനോജ് കണ്ണൂര്‍, വിഷ്ണു(ഭീമന്‍ പടക്കക്കട), മുരളീധരന്‍ നായര്‍, വിഷ്ണു, മണികണ്ഠന്‍, അജിത്ത്, മീനാക്ഷി ആദിത്യ, സൗമ്യ, സിനി സാനു തുടങ്ങിയ നാടകരംഗത്തെ പ്രശസ്തരും പുതുമുഖങ്ങളായ ശ്രീറാം, അലൈന എന്നീ ബാലതാരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

‘സൂപ്പര്‍ ശരണ്യ’ക്ക് ശേഷം അര്‍ജുന്‍ അശോകനും അനശ്വര രാജനും വീണ്ടും ഒന്നിക്കുന്ന ‘പ്രണയ വിലാസ’ത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടു. ഫെബ്രുവരി 17 മുതല്‍ ചിത്രം തിയറ്ററുകളില്‍ എത്തും. റിലീസ് വിവരം പങ്കുവച്ചു കൊണ്ടുള്ള പുതിയ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നിഖില്‍ മുരളിയാണ് ചിത്രത്തിന്റെ സംവിധാനം. ജ്യോതിഷ് എം, സുനു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ‘സൂപ്പര്‍ ശരണ്യ’യിലെ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ച മമിതയും ചിത്രത്തിലുണ്ട്. മിയ, ഹക്കിം ഷാ, മനോജ് കെ യു എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഷിനോസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഷാന്‍ റഹ്‌മാന്‍ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. സിബി ചവറ, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. അര്‍ജുന്‍ അശോകന്‍ നായകനാകുന്ന പുതിയ ചിത്രത്തിന്റെ കലാ സംവിധാനം രാജേഷ് പി വേലായുധന്‍ ആണ്. ഗാനരചന സുഹൈല്‍ കോയ, മനു മഞ്ജിത്ത്, വിനായക് ശശികുമാര്‍.

2023-24 സാമ്പത്തിക വര്‍ഷം തന്നെ മാരുതി സുസുക്കിയുടെ ഇലക്ട്രിക് കാര്‍ എത്തും. നേരത്തെ 2024-25 പകുതിയോടെ ഇവി പുറത്തിറക്കുമെന്നാണ് കമ്പനി അറിയിച്ചിരുന്നത്. രാജ്യത്തെ ഇവി വിപണിയുടെ വളര്‍ച്ചാ വേഗം കണക്കിലെടുത്താണ് മാരുതിയുടെ പുതിയ നീക്കം. കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയില്‍ ഇവിഎക്സ് എന്ന പേരില്‍ ഒരു ഇലക്ട്രിക് കാര്‍ മാരുതി അവതരിപ്പിച്ചിരുന്നു. ഇതുകൂടാതെ ആറ് പുതിയ മോഡലുകള്‍ കൂടി കമ്പനി പുറത്തിറക്കും. തുടര്‍ച്ചയായി 2030വരെ എല്ലാവര്‍ഷവും ഓരോ മോഡലുകളാണ് വില്‍പ്പനയ്‌ക്കെത്തിക്കുക. ഇവി വിഭാഗത്തില്‍ ഏറ്റവും വലിയ ബ്രാന്‍ഡുകളില്‍ ഒന്നായി മാരുതി മാറിയേക്കും. ടാറ്റയോടും മഹീന്ദ്രയോടും ആവും മാരുതിയുടെ പ്രധാന മത്സരം. 2030ഓടെ മാരുതി വില്‍ക്കുന്ന ആകെ വാഹനങ്ങളുടെ 15 ശതമാനവും ഇലക്ട്രിക് ആയിരിക്കുമെന്നാണ് വിലയിരുത്തല്‍. ഹൈബ്രിഡ് മോഡലുകളുടെ വിഹിതം 25 ശതമാനം ആയിരിക്കും. ഇപ്പോഴത്തെ 43 ശതമാനം വിപണി വിഹിതം 50 ശതമാനം ആയി ഉയര്‍ത്തും.

കോവിഡ്കാലത്തെ മലയാളികളുടെ ജീവിതാവസ്ഥകളെ അടയാളപ്പെടുത്തുന്ന നോവല്‍. ഭീതിദമായ കോവിഡുകാലത്തെ ആതുരാലയത്തിനുള്ളില്‍ നിന്നുള്ള അനുഭവങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ സാധാരണക്കാര്‍ക്ക് അത് നവ്യാനുഭവമാകുന്നുണ്ട്. കോവിഡ് ലോക്ഡൗണും കണ്ടെയ്ന്‍മെന്റ് സോണുകളും നമുക്ക് ചിരപരിചിതമാക്കിയപ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ കോഡ് വൈറ്റിനും കോഡ് ബ്ലൂവിനും ഇടയില്‍ കോവിഡ് കോവിഡേതര രോഗികള്‍ക്കിടയില്‍ ജീവനുകള്‍ക്കുവേണ്ടി അലഞ്ഞു. ജനമനസ്സുകളില്‍ ആതുരാലയങ്ങള്‍ ദേവാലയങ്ങളായി മാറിയ കാലം. മരണം തണുത്ത വിരല്‍കൊണ്ട് തൊടാന്‍ മുന്നിലുള്ളപ്പോഴും ധര്‍മ്മപരിപാലനവുമായി ജീവിതത്തെ കര്‍മ്മനിരതമാക്കിയ ഡോ. ചിന്മയിയുടെ കഥാകാഴ്ച മനോഹരമായ വായനാനുഭവം നല്‍കും. ദുഃഖച്ഛായ പടര്‍ന്ന ആതുരാലയ കോവിഡ് ദിനങ്ങളെ സാന്ദ്രമായി സ്നേഹമസൃണമായി പറയുന്ന നോവലാണ് ‘മൃതസാന്ദ്രമീ മൗനം’. ഡോ പി എസ് രമണി. ഗ്രീന്‍ ബുക്സ്. വില 266 രൂപ.

ഗതാഗത മലിനീകരണം ശ്വാസകോശത്തെ മാത്രമല്ല തലച്ചോറിനെയും ബാധിക്കാമെന്ന് പഠനം. ബൈക്കില്‍ പോകുന്നവരെ മാത്രമല്ല കാറിനുള്ളില്‍ യാത്ര ചെയ്യുന്നവരെയും ഈ മലിനീകരണം ബാധിക്കും പഠനം മുന്നോട്ടുവയ്ക്കുന്നത്. ലോകത്ത് തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു പഠനം നടക്കുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയും വിക്ടോറിയ യൂണിവേഴ്‌സിറ്റിയും സംയുക്തമായാണ് പഠനം നടത്തിയത്. സാധാരണ ഗതാഗത മലിനീകരണം പോലും മനുഷ്യമനസ്സിനെ ദോഷകരമായി ബാധിക്കുമെന്നും ഇതിന് ഏതാനും മണിക്കൂറുകള്‍ മാത്രം മതിയെന്നുമാണ് പഠനത്തില്‍ പറയുന്നത്. റിപ്പോര്‍ട്ടനുസരിച്ച്, ഡീസലിന്റെ പുകയില്‍ രണ്ട് മണിക്കൂര്‍ സമ്പര്‍ക്കം പുലര്‍ത്തുന്നത് തലച്ചോറിന്റെ പ്രവര്‍ത്തന ശേഷി കുറയ്ക്കുന്നു. അതായത്, തലച്ചോറിന്റെ വിവിധ ഭാഗങ്ങള്‍ തമ്മിലുള്ള ആശയവിനിമയം ദുര്‍ബലമാവുകയും ഇത് മനുഷ്യന്റെ ഓര്‍മ്മയിലും ചിന്തകളിലും നേരിട്ട് സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. അതായത് ഏറെ നേരം ഗതാഗതക്കുരുക്കില്‍ കുടുങ്ങിക്കിടക്കുന്നത് തലച്ചോറിനെ ബാധിക്കുമെന്ന് സാരം. മലിനീകരണം ഹൃദയത്തെയും ശ്വസനവ്യവസ്ഥയെയും തകരാറിലാക്കുമെന്ന് ഇതിനുമുമ്പും പല പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എന്നാല്‍ ഗതാഗത മലിനീകരണം മനുഷ്യന്റെ നാഡീവ്യൂഹത്തിലും സ്വാധീനം ചെലുത്തുമെന്ന കാര്യം ശ്രദ്ധയില്‍പ്പെടുന്നത് ഇതാദ്യമാണ്. ഈ പഠനത്തിന്റെ ഭാഗമായി തലച്ചോറിന്റെ ശേഷി അളന്ന്, 25 പേരെ ശുദ്ധവായുയിലും ഡീസല്‍ പുകയിലും പ്രത്യേകമായി ലബോറട്ടറിയില്‍ നിരീക്ഷിച്ചു. പിന്നീട് അവരുടെ തലച്ചോറിന്റെ പ്രവര്‍ത്തനം നിരീക്ഷിച്ചപ്പോള്‍ ഈര്‍പ്പത്തില്‍ വ്യക്തമായ കുറവുണ്ടായതായി കണ്ടെത്തി. മലിനീകരണം തലച്ചോറിലുണ്ടാക്കിയ ആഘാതം അധികനാള്‍ നീണ്ടുനിന്നില്ലെങ്കിലും തുടര്‍ച്ചയായി ഗതാഗത മലിനീകരണം ഉണ്ടായാല്‍ അത് തലച്ചോറിനെ ബാധിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്. മലിനീകരണത്തില്‍ നിന്ന് രക്ഷനേടാന്‍ ട്രാഫിക്കില്‍ കുടുങ്ങുമ്പോള്‍ വാഹനത്തിന്റെ ഗ്ലാസുകള്‍ അടച്ചിടുന്നതാണ് ഉത്തമം എന്നാല്‍ വാഹനത്തിലെ എയര്‍ ഫില്‍ട്ടര്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *