◾സംസ്ഥാനത്തു വൈദ്യുതി നിരക്കു നാലു മാസത്തേക്കു വര്‍ദ്ധിപ്പിച്ചു. ഫെബ്രുവരി മുതല്‍ മേയ് 31 വരെ യൂണിറ്റിന് ഒമ്പതു പൈസ അധികമായി ഈടാക്കാനാണ് തീരുമാനം. വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിന്റെ ചെലവു വര്‍ധിക്കുന്നതിനനുസരിച്ച് ഇന്ധന സര്‍ചാര്‍ജ് ചുമത്തി ഉപഭോക്താക്കളില്‍നിന്ന് തുക ഈടാക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ പുറത്തുനിന്നു വൈദ്യുതി വാങ്ങിയതിനു വൈദ്യുതി ബോര്‍ഡ് അധികമായി ചെലവാക്കിയ 87 കോടി രൂപ പിരിച്ചെടുക്കാനാണ് നിരക്ക് വര്‍ധിപ്പിക്കുന്നത്.
◾തൊഴിലില്ലാത്ത സ്ത്രീകള്‍ക്കു സംരംഭങ്ങള്‍ തുടങ്ങാനുള്ള സബ്‌സിഡി പദ്ധതിയില്‍ തിരുവനന്തപുരം നഗരസഭയിലെ ഉദ്യോഗസ്ഥന്‍ വ്യാജരേഖ ചമച്ച് അഞ്ചര കോടി രൂപ തട്ടിയെടുത്തു. സിഎജി റിപ്പോര്‍ട്ടിലാണ് ഈ വിവരം. സ്ത്രീകളുടെ സംഘങ്ങളുടെ ബാങ്കു വായ്പകള്‍ക്കു മൂന്നു ലക്ഷം രൂപ വീതം സബ്സിഡി നല്‍കുന്ന പദ്ധതിയിലാണു തട്ടിപ്പ്. 2020-22 വര്‍ഷങ്ങളലാണ് തട്ടിപ്പു നടന്നത്. സബ്സിഡി അനുവദിച്ച 215 ഗ്രൂപ്പുകളില്‍ 205 സംഘങ്ങളും വ്യാജമാണ്. പത്തു സംഘങ്ങള്‍ മാത്രമാണ് യഥാര്‍ത്ഥത്തില്‍ വായ്പ എടുത്തത്.
◾മധ്യപ്രദേശിലെ മൊറേനയില്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ചു തകര്‍ന്ന് ഒരു പൈലറ്റ് മരിച്ചു. റഷ്യന്‍ നിര്‍മിത സുഖോയ് 30, ഫ്രഞ്ച് നിര്‍മിത മിറാഷ് വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. മിറാഷ് പറത്തിയിരുന്ന വിംഗ് കമാന്‍ഡര്‍ ഹനുമന്ത്ര് റാവുവാണു മരിച്ചത്. സുഖേയ് പറത്തിയിരുന്ന രണ്ടു പേര്‍ രക്ഷപ്പെട്ടു. അപകടത്തില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ നൂറു കിലോമീറ്ററോളം അകലെ രാജസ്ഥാനിലെ ഭരത്പൂരിലും പതിച്ചു. ഭരത്പൂരില്‍ മറ്റൊരു വിമാന അപകടമുണ്ടായെന്നാണ് ആദ്യം കരുതിയത്.
*ഭാഗവത കഥകള്‍*
ഭാരതീയ തത്വചിന്തകളുടെ കാതലില്‍ കടഞ്ഞ കഥാശില്പങ്ങളുടെ കരുത്ത് മനസിലെ ആശങ്കളെ തുടച്ചു മായ്ക്കുന്ന അനുഭവം നേരിട്ടറിയൂ. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗീതാ ബക്ഷിയുടെ വരികള്‍ക്ക് പ്രവീജ വിനീത് ശബ്ദം നല്‍കുന്നു:
https://www.youtube.com/watch?v=bPMtRvLiJlI&list=PLtul8xTi_mtczOiXB7bKDG0xSxuHDiu1R
◾ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ ചോദ്യംചെയ്യലിനു ചൊവ്വാഴ്ച ഹാജരാകാന്‍ എം ശിവശങ്കറിന് എന്‍ഫോഴ്സ്മെന്റ് നോട്ടീസ്. കൊച്ചിയിലെത്താനാണ് നിര്‍ദേശം. വിരമിക്കുന്ന ദിവസമായതിനാല്‍ മറ്റൊരു ദിവസത്തേക്കു മാറ്റണമെന്നു ശിവശങ്കര്‍ ആവശ്യപ്പെട്ടു. ലൈഫ് മിഷന്‍ കരാറിനു നാലര കോടി രൂപയുടെ കോഴ നല്‍കിയെന്ന യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലിലും സ്വപ്ന സുരേഷിന്റെ ലോക്കറില്‍നിന്നു ലഭിച്ച ഒരു കോടി രൂപ സംബന്ധിച്ച വിവരങ്ങളിലുമാണ് എന്റഫോഴ്സ്മെന്റ് വിവരങ്ങള്‍ തേടുന്നത്.
◾മന്ത്രിസ്ഥാനമോ ഏതെങ്കിലും പദവിയോ കിട്ടാനല്ല ഇടതുമുന്നണിയിലെ ചില വിഷയങ്ങളെ വിമര്‍ശിച്ചതെന്ന് കെ.ബി. ഗണേഷ്‌കുമാര്‍. മുന്നണിയില്‍ കൂടിയാലോചനകളില്ലെന്നും കഴിഞ്ഞ ബജറ്റിലെ നിര്‍ദേശങ്ങളില്‍ പലതും നടപ്പാക്കിയിട്ടില്ലെന്നും ഗണേഷ്‌കുമാര്‍ വിമര്‍ശിച്ചിരുന്നു. ജനങ്ങളെ വഞ്ചിച്ചുകൊണ്ടു മുന്നോട്ടുപോകില്ലെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.
◾സുപ്രീം കോടതിയിലെ ബഫര്‍ സോണ്‍ കേസില്‍ കെപിസിസി കക്ഷി ചേരും. കെപിസിസി ഉപസമിതി യോഗമാണ് തീരുമാനമെടുത്തത്. 2019 ല്‍ സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ ഉത്തരവ് പിന്‍വലിക്കണമെന്നാണ് ആവശ്യം.
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾തന്റെയോ സിനിമയുടെയോ പേരില്‍ പണപ്പിരിവ് പാടില്ലെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. സംഘാടക സമിതിയെ വിളിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രതിഷേധം അറിയിച്ചു. സ്വയംവരം സിനിമയുടെ അമ്പതാം വാര്‍ഷിക ആഘോഷത്തിനു പഞ്ചായത്തുകളില്‍നിന്ന് അയ്യായിരം രൂപ പണപ്പിരിവു നടത്താനുള്ള ഉത്തരവ് വിവാദമായതോടെയാണ് അടൂര്‍ പണപ്പിരിവ് അരുതെന്ന് ആവശ്യപ്പെട്ടത്.
◾പ്രവാസി വ്യവസായിയുടെ പ്രൊജക്ടിനു പെര്‍മിറ്റ് നല്‍കാന്‍ 20,000 രൂപയും സ്‌കോച്ച് വിസ്‌കിയും കൈക്കൂലി വാങ്ങിയ പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനിയര്‍ അറസ്റ്റിലായി. കോട്ടയം മാഞ്ഞൂര്‍ പഞ്ചായത്തിലെ ഇ.ടി. അജിത്കുമാറാണു പിടിയിലായത്.
◾ഹോട്ടലുകള്‍ക്കു ത്രീസ്റ്റാര്‍ പദവി ലഭിക്കാന്‍ കൈക്കൂലി വാങ്ങിയ കേസില്‍ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥനെയും ഹോട്ടലുടമകളെയും സിബിഐ കോടതി ശിക്ഷിച്ചു. കൊച്ചിയിലെ മുന്‍ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ എസ് സാബുവിനെ മൂന്നു വര്‍ഷം തടവിനും മൂന്നു ലക്ഷം രൂപ പിഴയടയ്ക്കാനുമാണു ശിക്ഷിച്ചത്. കോഴ നല്‍കിയ ഹോട്ടലുടമകളായ എന്‍ കെ നിഗേഷ് കുമാര്‍, ജെയിംസ് ജോസഫ് എന്നിവര്‍ക്ക് ഓരോ വര്‍ഷം തടവും 55,000 രൂപ വീതം പിഴയുമാണു ശിക്ഷ.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
◾ആലപ്പുഴയിലെ ലഹരിക്കടത്തില്‍ രണ്ടു പേര്‍ക്കെതിരെ കൂടി സിപിഎം നടപടി. വലിയമരം പടിഞ്ഞാറെ ബ്രാഞ്ച് അംഗങ്ങളായ വിജയകൃഷ്ണനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി, സിനാഫിനെ ഒരു വര്‍ഷത്തേക്കു സസ്പെന്‍ഡു ചെയ്തു. കഴിഞ്ഞ ഓഗസ്റ്റില്‍ 45 ലക്ഷം രൂപയുടെ ലഹരി വസ്തുക്കള്‍ കടത്തിയ കേസിലെ പ്രതികളാണിവര്‍.
◾ഓട്ടോറിക്ഷയില്‍ പതിച്ച തുപ്പല്‍ അഞ്ചു വയസുള്ള കുട്ടിയുടെ വസ്ത്രം അഴിപ്പിച്ചു തുടപ്പിച്ച ഓട്ടോ ഡ്രൈവര്‍ക്കെതിരേ കേസ്. കോഴിക്കോട് വടകര കുഞ്ഞിപ്പള്ളിയിലെ ഓട്ടോ ഡ്രൈവര്‍ വിചിത്രനോട് സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് നിര്‍ദ്ദേശം. കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് കുട്ടിയുടെ ഉമ്മ പോലീസിനോടു പറഞ്ഞു. വസ്ത്രം അഴിപ്പിച്ചു തുടപ്പിക്കുന്ന ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ബാലവകാശ കമ്മീഷന്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി.
◾ഇന്ത്യ മതസ്വാതന്ത്ര്യമുള്ള നാടാണെന്ന് സമസ്ത എപി വിഭാഗം സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍. കോഴിക്കോട്ട് എസ് എസ് എഫ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ പോലെ ഇസ്ലാമിക പ്രവര്‍ത്തന സ്വാതന്ത്ര്യമുള്ള രാജ്യങ്ങളില്ല. ഗള്‍ഫില്‍ പോലും ഈ സ്വാതന്ത്ര്യം ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
◾ഇന്ത്യയില്‍ ജനിച്ചവരെല്ലാം ഹിന്ദുക്കളെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി രാജ്ഭവന്‍. സര്‍ സയ്യിദ് അഹമ്മദ് ഖാന്‍ ആര്യസമാജത്തില്‍ പ്രസംഗിച്ച വരികളാണ് ഗവര്‍ണര്‍ ഉദ്ധരിച്ചത്. കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഹിന്ദു കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യവേയാണ് ഗവര്‍ണറുടെ ഹിന്ദു പ്രസംഗം.
◾ജഡ്ജിമാര്‍ക്കു നല്‍കാനെന്ന പേരില്‍ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്ത് കൂടുതല്‍ അന്വേഷണം നടത്തണമെന്ന ശുപാര്‍ശയുമായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഡിജിപിക്കു പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി. അഭിഭാഷകര്‍ അടക്കം 14 പേരുടെ മൊഴികളും രേഖകളും അടക്കമാണ് റിപ്പോര്‍ട്ട്.
◾കുരങ്ങന്‍ തട്ടിയെടുത്ത കാറിന്റെ താക്കോല്‍ വീണ്ടെടുക്കാന്‍ ശ്രമിക്കുന്നതിനിടെ താമരശേരി ചുരം വ്യൂ പോയിന്റില്‍ നിന്ന് അമ്പതടി താഴ്ചയിലേക്ക് വീണ യുവാവിനെ ഫയര്‍ഫോഴ്‌സും ചുരംസംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷപ്പെടുത്തി. മലപ്പുറം ഒതുക്കുങ്ങല്‍ പൊന്‍മള സ്വദേശി അയമു (38) ആണ് ലക്കിടി വ്യൂപോയിന്റില്‍നിന്ന് താഴേക്കു വീണത്. കുടുംബത്തോടൊപ്പം കാഴ്ചകള്‍ കാണുന്നതിനിടെ കാറിന്റെ താക്കോല്‍ തട്ടിയെടുത്ത കുരങ്ങനു പിറകേ പോയപ്പോള്‍ ബാലന്‍സ് നഷ്ടപ്പെട്ട് വീഴുകയായിരുന്നു.
◾ദേശീയപാത നിര്‍മ്മാണത്തിന്റെ മറവില്‍ ദേവികുളം ഗ്യാപ്പ് റോഡില്‍ മൂന്നേകാല്‍ കോടി രൂപ വില വരുന്ന ആറേകാല്‍ ടണ്‍ പാറ ഖനനം നടത്തിയ കരാര്‍ കമ്പനി ആറര കോടി രൂപ പിഴ അടക്കാന്‍ ഉത്തരവ്. ഉടുമ്പന്‍ചോല തഹസില്‍ദാരാണ് ഉത്തരവിറക്കിയത്.
◾ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ ബസിലും കാറിലുമായി പിന്തുടര്‍ന്നെത്തിയ സംഘം തട്ടിക്കൊണ്ടുപോയി നാലു ലക്ഷം രൂപ കവര്‍ന്നെന്നു പരാതി. കോഴിക്കോട് കൊടുവള്ളി സ്വദേശിയായ അബൂബക്കറാണ് പരാതിക്കാരന്‍. തട്ടിക്കൊണ്ടുപോയ കാര്‍ പിന്നീട് കല്‍പറ്റയില്‍ ബസിലും ക്രെയിനിലുമിടിച്ച് അപകടമുണ്ടാക്കി.
◾മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ് സിനിമയുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ തന്നെയും താര സംഘടനയായ അമ്മയെയും അപകീര്‍ത്തിപ്പെടുത്തുന്നതിനെതിരേ ഇടവേള ബാബു കൊച്ചി സൈബര്‍ സെല്ലില്‍ പരാതി നല്‍കി. താന്‍ നടത്തിയ പരാമര്‍ശത്തിന്റെ ഒരു ഭാഗം മാത്രം ഉപയോഗിച്ചാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിക്കുന്നതെന്നാണു പരാതി.
◾മലപ്പുറത്തു കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതി പിടിയില്‍. ആദിവാസി ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ കരുളായി സ്വദേശി ജൈസലാണ് വൈദ്യപരിശോധനക്കിടെ നിലമ്പൂര്‍ ജില്ലാശുപത്രിയില്‍നിന്ന് ഓടി രക്ഷപ്പെട്ടത്.
◾നെടുമങ്ങാട് എല്‍ഐസി അസിസ്റ്റന്റ് മാനേജര്‍ കാറില്‍ മോശമായി സ്പര്‍ശിച്ചെന്ന് സഹപ്രവര്‍ത്തകയുടെ പരാതി. സാജു ജോസ് (58) ന് എതിരെയാണ് പരാതി. എല്‍ഐസിയുടെ പരാതി പരിഹാര സെല്ലില്‍ പരാതി നല്‍കിയെങ്കിലും നടപടിയെടുത്തില്ല. മുഖ്യമന്ത്രിയുടെ പരാതി സെല്ലിലും പരാതി നല്‍കി. പൊലീസ് കേസെടുത്തു. സാജു ജോസ് ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
◾ദാമ്പത്യം അവസാനിപ്പിച്ച് ഭാര്യ മറ്റൊരാള്‍ക്കൊപ്പം പോകുമെന്ന് അറിയിച്ചതോടെയാണ് ഭാര്യയെ കൊന്നതെന്ന് എറണാകുളം കാലടിയില്‍ തമിഴ്നാട് സ്വദേശിനി രത്നവല്ലിയെ കൊലപ്പെടത്തിയ ഭര്‍ത്താവ് മഹേഷ്‌കുമാര്‍. കൊലപാതകത്തിനുശേഷം ഭാര്യയെ കാണാനില്ലെന്നു പൊലീസില്‍ പരാതി നല്‍കിയുിരുന്നു. സംശയം തോന്നി ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തായത്. കാലടിയില്‍ പരിചയപ്പെട്ട സേലം സ്വദേശി മുത്തുവിനൊപ്പം പോകുമെന്നു രത്നവല്ലി പറഞ്ഞതാണ് കൊലപാതകത്തിനു കാരണം.
◾കോണ്‍ക്രീറ്റ് സ്ലാബുകളില്‍ വിള്ളലുണ്ടായ റാന്നി പുതമണ്‍ പാലം പൊളിച്ചു പണിയും. പാലത്തില്‍ പൊതുമരാമത്ത് റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് വിഭാഗം ചീഫ് എന്‍ജീനിയര്‍ പരിശോധന നടത്തി. പുതിയ പാലത്തിനായി വേഗത്തില്‍ സ്ഥല പരിശോധന നടത്തി.
◾കോഴിക്കോട് പേരാമ്പ്ര കല്ലോട് കാട്ടുപന്നിയുടെ ആക്രമണത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഒന്‍പത് പേരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
◾തൊടുപുഴ മുട്ടം പൊലീസ് സ്റ്റേഷനടുത്ത ലോഡ്ജില്‍ വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍. തിരുവനന്തപുരം മാര്‍ത്താണ്ഡം സ്വദേശി യേശുദാസിനെ കൊലപ്പെടുത്തിയെന്ന കേസില്‍ അയല്‍വാസി ഉല്ലാസിനെയാണ് അറസ്റ്റ് ചെയ്തത്.
◾നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ത്രിപുരയില്‍ നാടകീയ വിശേഷങ്ങള്‍. അറുപതംഗ നിയമസഭയിലേക്കു ബിജെപി 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 12 സീറ്റുകള്‍ ഒഴിച്ചിട്ടിരിക്കുകയാണ്. തിപ്രമോത പാര്‍ട്ടിയിലെ നേതാക്കളെ ബിജെപി ‘ഓപറേഷന്‍ താമര’യിലൂടെ വിലയ്ക്കെടുക്കുകയാണെന്ന് തിപ്രമോത നേതാവ് പ്രത്യുദ് ദേബ് ബര്‍മന്‍ ആരോപിച്ചു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ ബിജെപിയിലും കോണ്‍ഗ്രസിലും കലഹം. സീറ്റു കിട്ടാത്തവര്‍ അണികളുമായി എത്തി ബിജെപി, കോണ്‍ഗ്രസ് ഓഫീസുകള്‍ അടിച്ചു തകര്‍ത്തു. സിപിഎമ്മുമായി സഖ്യത്തിലുള്ള കോണ്‍ഗ്രസിന്റെ 13 സീറ്റിനു പകരം 17 സീറ്റിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് ഉള്‍പെടുന്നു.
◾ഗോതമ്പിന്റെ മൊത്തവില പത്തു ശതമാനം കുറഞ്ഞു. മധ്യപ്രദേശ്, ഹരിയാന, പഞ്ചാബ്, യുപി, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ മൊത്ത ഗോതമ്പ് വില ക്വിന്റലിന് 2,950 രൂപയില്‍നിന്ന് 2655 രൂപയായി.
◾രാഷ്ട്രപതി ഭവനിലെ ഉദ്യാനത്തിന്റെ പേരു മാറ്റി. മുഗള്‍ ഗാര്‍ഡന്‍ ഇനി അമൃത് ഉദ്യാന്‍. സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികാഘോഷമായ ആസാദ് കാ അമൃത് മഹോല്‍സവത്തോടനുബന്ധിച്ചാണ് അമൃത് ഉദ്യാന്‍ എന്നു പേരിട്ടത് എന്നാണ് വിശദീകരണം. സാമൃാജ്യത്വ, അധിനിവേശ കാലഘട്ടത്തിലെ പേരുകളും സംസ്‌കാരവും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പേരുമാറ്റം.
◾രാജസ്ഥാനില്‍ ഗുജ്ജര്‍ വിഭാഗക്കാരെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലെ മാലാസേരി മേഖലയില്‍ ഭഗവാന്‍ ദേവ് നാരായണിന്റെ ജന്മവാര്‍ഷിക ആഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി. കോണ്‍ഗ്രസില്‍ ഗുജ്ജര്‍ വിഭാഗം നേതാവായ സച്ചിന്‍ പൈലറ്റും ഗെലോട്ടും തമ്മില്‍ ഗ്രൂപ്പുയുദ്ധം നടക്കുന്നതിനിടെയാണ് ഗുജ്ജറുകളെ വശത്താക്കാനുള്ള നീക്കം.
◾സനാതന ധര്‍മ്മമാണ് ഇന്ത്യയുടെ ദേശീയ മതമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുമ്പ് എപ്പോഴെങ്കിലും ആരാധനാലയങ്ങള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അയോധ്യയിലെ രാമക്ഷേത്ര മാതൃകയില്‍ അവ പുനഃസ്ഥാപിക്കാന്‍ പ്രചാരണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
◾അമേരിക്കയില്‍ പൊലീസ് മര്‍ദ്ദനത്തില്‍ വീണ്ടും കറുത്ത വര്‍ഗക്കാരന്‍ കൊല്ലപ്പെട്ടു. അമേരിക്കയില്‍ പ്രതിഷേധം ശക്തമായി. ആഫ്രിക്കന്‍ അമേരിക്കന്‍ വംശജന്‍ ടയര്‍ നിക്കോളസിനെ പൊലീസ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. അശ്രദ്ധമായി വാഹനമോടിച്ചെന്ന് ആരോപിച്ച് കഴിഞ്ഞ ഏഴാം തീയതിയാണ് 29 കാരനായ ടയര്‍ നിക്കോളാസിനെ പൊലീസ് പിടികൂടി നിലത്തിട്ടു മര്‍ദ്ദിച്ചത്. അമേരിക്കയുടെ പ്രതിഛായ മോശമാക്കിയെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു.
◾ഐഎസ്എല്ലില്‍ എടികെ മോഹന്‍ ബഗാന്‍ എതിരില്ലാത്ത രണ്ട് ഗോളിന് ഒഡീഷയെ തോല്‍പ്പിച്ചു. ഇതോടെ എടികെ മോഹന്‍ ബഗാന്‍ പോയിന്റ് നിലയില്‍ ആദ്യ മൂന്നിലെത്തി.
◾ഇന്ത്യാ – ന്യൂസിലാണ്ട് രണ്ടാം ടി20 ഇന്ന് ലഖ്നൗവില്‍. ആദ്യ മത്സരത്തില്‍ ഇന്ത്യയെ 21 റണ്‍സിന് തോല്‍പിച്ച ന്യൂസിലാണ്ട് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1- 0 ന് മുന്നിലാണ്. വൈകിട്ട് 7 മണിക്കാണ് മത്സരം ആരംഭിക്കുന്നത്.
◾ബെലാറസ് താരം ആര്യന സബലെങ്ക ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് ചാമ്പ്യന്‍. ഫൈനലില്‍ കസാഖ്‌സ്താന്‍ താരവും നിലവിലെ വിംബിള്‍ഡണ്‍ ജേതാവുമായ എലെന റിബാക്കിനയെ തകര്‍ത്താണ് സബലെങ്ക കിരീടത്തില്‍ മുത്തമിട്ടത്. സബലെങ്കയുടെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്.
◾ആദിത്യ ബിര്‍ള സണ്‍ ലൈഫ് എഎംസി ഡിസംബര്‍ പാദത്തിലെ നികുതിക്ക് ശേഷമുള്ള ലാഭം 11 ശതമാനം ഇടിവോടെ 166.3 കോടി രൂപ രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 186.2 കോടി രൂപയായിരുന്നു. അവലോകന പാദത്തില്‍ കമ്പനിയുടെ മൊത്ത വരുമാനം മുന്‍ വര്‍ഷം രേഖപ്പെടുത്തിയ 353 കോടി രൂപയില്‍ നിന്ന് 363.17 കോടി രൂപയായി ഉയര്‍ന്നു.അവലോകന പാദത്തില്‍ മൊത്തം ചെലവുകള്‍ 7 ശതമാനം വര്‍ധിച്ച് 140.5 കോടി രൂപയായി. മൂന്നാം പാദത്തില്‍ നികുതിക്ക് മുമ്പുള്ള ലാഭം 222.7 കോടി രൂപയായി. പ്രതിമാസ എസ്‌ഐപി സംഭാവന 2022 സെപ്റ്റംബറിലെ 931 കോടി രൂപയില്‍ നിന്ന് 2022 ഡിസംബറില്‍ 942 കോടി രൂപയായി. ബിഎസ്ഇയില്‍ കമ്പനിയുടെ ഓഹരി ഇന്നലെ 2.47 ശതമാനം ഇടിഞ്ഞ് 430.90 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ആദിത്യ ബിര്‍ള ക്യാപിറ്റലിന്റെയും സണ്‍ ലൈഫ് (ഇന്ത്യ) എഎംസി ഇന്‍വെസ്റ്റ്മെന്റ്‌സിന്റേയും സംയുക്ത സംരംഭമാണ് ആദിത്യ ബിര്‍ള സണ്‍ ലൈഫ് എഎംസി. ഓരോ പാദത്തിലും ശരാശരി 2.82 ലക്ഷം കോടി രൂപയുടെ കൈകാര്യ ആസ്തിയുള്ള ഈ കമ്പനി ഇന്ത്യയിലെ നാലാമത്തെ വലിയ അസറ്റ് മാനേജ്‌മെന്റ് കമ്പനിയാണ്.
◾എം.എസ്. ധോണിയുടെ ധോണി എന്റര്‍ടെയ്‌ന്മെന്റ്‌സ് നിര്‍മിക്കുന്ന ആദ്യ സിനിമ പ്രഖ്യാപിച്ചു. ആദ്യ പ്രോജക്ട് തമിഴിലാണ്. ‘ലെറ്റ്‌സ് ഗെറ്റ് മാരീഡ്’ എന്നാണ് സിനിമയുടെ പേര്. ഹരീഷ് കല്യാണ്‍, ഇവാന (അലീന ഷാജി) എന്നിവര്‍ ഒന്നിക്കുന്ന ചിത്രം രമേഷ് തമില്‍മണി സംവിധാനം ചെയ്യും. യോഗി ബാബു, നദിയ മൊയ്തു എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ധോണിയുടെ ഭാര്യ സാക്ഷി സിങ് റാവത്താണ് പ്രൊഡക്ഷന്‍ കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍. സിനിമയുടെ പൂജ ചടങ്ങില്‍ സാക്ഷിയായിരുന്നു പ്രധാന ആകര്‍ഷണം. സിനിമയുടെ ചിത്രീകരണം ചെന്നൈയില്‍ ആരംഭിച്ചു. അതേസമയം ധോണി നായകനാകുന്ന ഗ്രാഫിക് നോവല്‍ ഒരുങ്ങുകയാണ്. ‘അഥര്‍വ’ എന്ന നോവലിന്റെ മോഷന്‍ പോസ്റ്റര്‍ ധോണി സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. ഗ്രാഫിക് നോവലില്‍ സൂപ്പര്‍ഹീറോയും പോരാളിയുമായാണ് ധോണി എത്തുന്നത്. രമേശ് തമിഴ് മണിയാണ് നോവലിന്റെ രചന. ശിവ ചന്ദ്രികയുടേതാണ് തിരക്കഥ.
◾തമിഴിലും തെലുങ്കിലും ഹിറ്റ് സൃഷ്ടിച്ച് ഫഹദ് ഫാസില്‍ ഇനി കന്നഡയിലേക്ക്. കന്നഡ സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ഫഹദ് ഇപ്പോള്‍. സൂരി സംവിധാനം ചെയ്യുന്ന ‘ബഗീര’ എന്ന ചിത്രത്തിലൂടെയാണ് ഫഹദിന്റെ കന്നഡ അരങ്ങേറ്റം എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ശ്രീമുരളിയെ നായകനാക്കി സൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബഗീര. കെജിഎഫ്’ സംവിധായകന്‍ പ്രശാന്ത് നീല്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാലെ ഫിലിംസ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ബഗീരയില്‍ ഒരു സിബിഐ ഉദ്യോഗസ്ഥനെയാണ് ഫഹദ് അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു പൊലീസ് ഉദ്യോഗസ്ഥനായാവും ശ്രീമുരളി ചിത്രത്തില്‍ വേഷമിടുക. പാന്‍ ഇന്ത്യന്‍ പ്രേക്ഷകരെ ലക്ഷ്യമിട്ടുള്ള ആക്ഷന്‍ ചിത്രമായാണ് ബഗീര ഒരുക്കുക. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് 2020 ഡിസംബറില്‍ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. സമൂഹം ഒരു വനമായി രൂപാന്തരപ്പെടുമ്പോള്‍ ഒരേയൊരു വേട്ടമൃഗം മാത്രം നീതിക്കായി ഗര്‍ജിക്കും എന്നായിരുന്നു പോസ്റ്ററിലെ ക്യാപ്ഷന്‍. ഫസ്റ്റ് ലുക്ക് വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
◾റേഞ്ച് റോവര്‍ ലോങ് വീല്‍ ബെയ്സ് സ്വന്തമാക്കി ബോളീവുഡ് താരം ആദിത്യ റോയ് കപൂര്‍. എക്സ്ഷോറൂം വില ഏകദേശം 3 കോടി രൂപ വരുന്ന റേഞ്ച് റോവര്‍ എസ്ഇ ലോങ് വീല്‍ബെയ്സാണ് താരത്തിന്റെ ഏറ്റവും പുതിയ വാഹനം. അടുത്തിടെയാണ് റേഞ്ച് റോവര്‍ 2023 മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. അത്യാഡംബര സൗകര്യങ്ങളുമായാണ് പുതിയ എസ്യുവി എത്തിയിരിക്കുന്നത്. 4.4 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തില്‍. 523 ബിഎച്ച്പി കരുത്തും 750 എന്‍എം ടോര്‍ക്കുമുണ്ട് വാഹനത്തിന്. ഉയര്‍ന്ന വേഗം 250 കിലോമീറ്റര്‍.
◾കിഴക്കന്‍ യൂറോപ്പിലെ അതിമനോഹരമായ രാജ്യങ്ങളിലൊന്നായ ഉക്രെയ്ന്‍ , ദ്വീപ് രാജ്യമായ തായ് വാന്‍ എന്നിവിടങ്ങളിലൂടെ നടത്തിയ യാത്രാനുഭവങ്ങളുടെ പുസ്തകം. മുമ്പ് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഉക്രെയ്നിലെ ലോകത്തെ ഞെട്ടിച്ച ആണവ സ്ഫോടനം നടന്ന ചെര്‍ണോബില്‍ കീവ്, ലിവീവ്, ഒഡേസ എന്നിവിടങ്ങളിലെ നഗരക്കാഴ്ചകള്‍, പാറ്റ് നഗരാവശിഷ്ടങ്ങള്‍. കാസിലുകള്‍ തുടങ്ങി ഒട്ടനവധി വിവരണങ്ങളിലൂടെ ഉക്രെയ്ന്റെ ചരിത്രം, സമകാലിക സാഹചര്യങ്ങള്‍ അവതരിപ്പിക്കുന്നതിനോടൊപ്പംതന്നെ ദ്വീപ് രാഷ്ട്രമായ തായ് വാന്റെ അഭൗമസുന്ദരമായ കാഴ്ചകളും പുസ്തകത്തിന് മിഴിവേറുന്നു. വ്യാവസായിക വിപ്ലവത്തിലൂടെ തായ് വാന്‍ മിറക്കിള്‍ എന്ന് കേള്‍വികേട്ട പ്രധാന കാഴ്ചകളായ ചിയാങ് കാഷെക്ക് മെമ്മോറിയല്‍ ഹാള്‍, ലുങ്ഷാന്‍ ക്ഷേത്രം, തായ്പേയ് 101, എലിയു ജിയോളജിക്കല്‍ പാര്‍ക്ക്, പങ്ഷിയിലെ വര്‍ണ ബലൂണുകള്‍ തുടങ്ങി ഒട്ടനവധി വിസ്മയങ്ങള്‍ ഈ പുസ്തകത്തിലൂടെ അനാവരണം ചെയ്യുന്നു. ‘ഉക്രെയ്നും തായ്വാനും’. ബൈജു എന്‍ നായര്‍. ഡിസി ബുക്സ്. വില 216 രൂപ.
◾ശരീരത്തിലെ പ്രധാനപ്പെട്ട ഗ്രന്ഥികളില്‍ ഒന്നാണ് തൈറോയ്ഡ്. കഴുത്തിനു മുന്‍വശത്ത് ചിത്രശലഭത്തിന്റെ ആകൃതിയില്‍ കാണുന്ന ഈ ഗ്രന്ഥിയില്‍ നിന്ന് ഉല്‍പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകള്‍ പലവിധ ശീരീരികപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. പല തരത്തിലുള്ള പ്രശ്നങ്ങള്‍ തൈറോയ്ഡുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. ഇതിലൊന്നാണ് തൈറോയ്ഡ് ഗ്രന്ഥി ആവശ്യത്തിന് സജീവമാകാതെ ഇരിക്കുന്ന ഹൈപോതൈറോയ്ഡിസം. ഈ അവസ്ഥയില്‍ ആവശ്യത്തിന് തൈറോയ്ഡ് ഹോര്‍മോണ്‍ ഗ്രന്ഥിക്ക് ഉല്‍പാദിപ്പിക്കാന്‍ കഴിയാതെ വരും. തൈറോയ്ഡ് ശരിയായി പ്രവര്‍ത്തിക്കാതിരിക്കുന്നത് ചയാപചയ സംവിധാനത്തിന്റെ വേഗം കുറയ്ക്കും. ഇത് ശരീരഭാരം വര്‍ധിക്കുന്നതിനു കാരണമാകും. വര്‍ധിച്ച ഈ ശരീരഭാരം കുറയ്ക്കുക എന്നതും രോഗികളെ സംബന്ധിച്ചിടത്തോളം വന്‍ വെല്ലുവിളിയാണ്. വരണ്ട ചര്‍മം, ചൊറിച്ചില്‍ എന്നിവയും ഹൈപോതൈറോയ്ഡിസത്തിന്റെ ലക്ഷണമാണ്. ശരീര താപനിലയെ നിയന്ത്രിക്കുന്നതില്‍ തൈറോയ്ഡ് ഗ്രന്ഥി മുഖ്യ പങ്കുവഹിക്കുന്നു. ഈ ഗ്രന്ഥി ശരിയായി പ്രവര്‍ത്തിക്കാതിരിക്കുന്നത് രോഗിയുടെ ശരീരോഷ്മാവിനെ ബാധിക്കും. കൈയും കാലുമൊക്കെ എപ്പോഴും തണുത്തിരിക്കുന്നത് ഹൈപോതൈറോയ്ഡിസത്തിന്റെ മുന്നറിയിപ്പു നല്‍കുന്നു. മുടി കൊഴിച്ചില്‍, മുടിയുടെ കനം കുറയല്‍, കണ്‍പീലികള്‍ കൊഴിയല്‍ എന്നിവയെല്ലാം ഹൈപോതൈറോയ്ഡിസവുമായി ബന്ധപ്പെട്ട ലക്ഷണങ്ങളാണ്. മറ്റു പല രോഗങ്ങളുടെയും കൂടി ലക്ഷണമായതിനാല്‍ മലബന്ധം പലപ്പോഴും തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രശ്നമായി രോഗികള്‍ തിരിച്ചറിയാറില്ല. ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം ഡോക്ടറെ കണ്ട് ആവശ്യമായ പരിശോധനകള്‍ നടത്തേണ്ടതാണ്.
*ശുഭദിനം*
*കവിത കണ്ണന്‍*
സ്വത്തിന് വേണ്ടി മക്കള്‍ തമ്മിലുള്ള തര്‍ക്കം അതിരുകടന്നപ്പോള്‍ പിതാവ് അവരോട് പറഞ്ഞു: വഴക്കു നിര്‍ത്തി എന്റെ കൂടെ വന്നാല്‍ ഒരു അമൂല്യനിധി കാണിച്ചുതരാം. മണിക്കൂറുകള്‍ നീണ്ട യാത്രയ്ക്ക് ശേഷം അവര്‍ ഒരു ഉള്‍ഗ്രാമത്തിലെത്തി. അവിടെയുള്ളൊരു ബംഗ്ലാവിലേക്ക് പോയി. അത് അടച്ചിട്ടിരിക്കുകയായിരുന്നു. തുറന്നപ്പോള്‍ നിറയെ പ്രാവുകള്‍ മാത്രം. അയാള്‍ കരയാന്‍ തുടങ്ങി. ഇത് കണ്ട മക്കള്‍ കാര്യമന്വേഷിച്ചു. ഞാനും എന്റെ സഹോദരനും തമ്മില്‍ വഴക്കിട്ടത് ഈ വീടിനു വേണ്ടിയായിരുന്നു. അവസാനം അതില്‍ ഞാന്‍ ജയിച്ചു. അവന്‍ എവിടേക്കോ പോയി. നിങ്ങള്‍ ജനിച്ചത് ഇവിടെയായിരുന്നു. പിന്നീട് എനിക്ക് ഈ വീട് ഉപേക്ഷിച്ച് നഗരത്തിലേക്ക് താമസം മാറേണ്ടിവന്നു. ഇതിവിടെ ഉപേക്ഷിക്കേണ്ടിയും വന്നു. അന്ന് ഞാന്‍ ഇത് എന്റെ അനുജന് വേണ്ടി വേണ്ടെന്ന് വെച്ചിരുന്നെങ്കില്‍ ഇന്ന് എന്നോടൊപ്പം അവനുണ്ടായേനെ.. മക്കള്‍ തലകുനിച്ചു. ഒന്നും ആര്‍ക്കും എക്കാലവും സ്വന്തമല്ല. പ്രായപൂര്‍ത്തിയായതിന് ശേഷവും പ്രായാധിക്യം ആകുന്നതിന് മുമ്പുളള കുറച്ച് വര്‍ഷങ്ങളും നമുക്ക് ഇതെല്ലാം ഉപയോഗിക്കാം എന്നിട്ട് മടങ്ങാം. വീതം വെച്ചും വെട്ടിപ്പിടിച്ചും സ്വന്തമാക്കാനുള്ള ആഗ്രഹം യാത്ര ചെയ്യുന്ന ബസ്സിലെ സീറ്റ് തന്റേത് മാത്രമാണെന്ന് പറയുന്നത് പോലെയാണ്. താന്‍ കയറുന്നതിന് മുമ്പും ഇറങ്ങി പോയതിന് ശേഷവും അവിടെ മറ്റൊരാളുണ്ടാകുമെന്ന ചിന്ത തുടങ്ങുന്നിടത്ത് പിടിവാശികള്‍ അവസാനിക്കുന്നു. എന്ത് വിലകൊടുത്തും സംരക്ഷിക്കേണ്ടത് സമ്പത്തല്ല, സൗഹൃദങ്ങളും സമ്പര്‍ക്കവുമാണെന്ന് തിരിച്ചറിയുന്നിടത്താണ് വെട്ടിപ്പിടിച്ചതെല്ലാം പ്രേതാലയങ്ങളായി മാറിപ്പോകുന്നത്… ഒരു കാര്യം നേടുമ്പോള്‍ അതിന്റെ പേരില്‍ ഒരു നഷ്ടം സംഭവിക്കുന്നുണ്ട്. നേട്ടത്തിന്റെ വലുപ്പം കണക്കാക്കുമ്പോള്‍ ഇതുകൂടി നമുക്ക് കണക്കിലെടുക്കാന്‍ സാധിക്കണം. ഒന്നും എക്കാലവും സ്വന്തമല്ലെന്നുള്ള തിരിച്ചറിവാണ് മറ്റെന്തിനേക്കാളും വലുത് – ശുഭദിനം.