yt cover 49

പിണറായി വിജയന്‍ സര്‍ക്കാരിനെ പ്രശംസിച്ചുകൊണ്ട് ഗവര്‍ണറുടെ റിപ്പബ്ളിക് ദിന പ്രസംഗം. തിരുവനന്തപുരത്ത് പതാക ഉയര്‍ത്തിയശേഷമായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസംഗം. ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് റിപ്പബ്ളിക് ദിനാശംസകള്‍ എന്നു മലയാളത്തില്‍ പറഞ്ഞുകൊണ്ടായിരുന്നു തുടക്കം. സാമൂഹിക സുരക്ഷയില്‍ കേരളം മികച്ച മാതൃകയായി. നവകേരളം പദ്ധതികള്‍ അടിസ്ഥാനസൗകര്യ മേഖലയെ മെച്ചപ്പെടുത്തി. വ്യവസായ വളര്‍ച്ചയില്‍ രാജ്യത്തിന്റെ പുരോഗതിയില്‍നിന്ന് കേരളം പ്രചോദനമുള്‍ക്കൊണ്ടു. ലൈഫ് പദ്ധതിയേയും ഗവര്‍ണര്‍ പുകഴ്ത്തി.

സൈനിക ശക്തി വിളംബരം ചെയ്ത പരേഡോടെ രാജ്യത്തിന്റെ 74 ാം റിപ്പബ്ളിക് ദിനാഘോഷം. ഡല്‍ഹിയിലെ കര്‍ത്തവ്യപഥ് എന്ന പഴയ രാജ്പഥില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ദേശീയ പതാക ഉയര്‍ത്തി. ദേശീയ യുദ്ധ സ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം സമര്‍പ്പിച്ചു. റിപ്പബ്ളിക് ദിന പരേഡില്‍ ഈജിപ്റ്റ് പ്രസിഡന്റ് അബ്ദുള്‍ ഫത്താ അല്‍ സിസിയാണ് മുഖ്യാതിഥി. ഈജിപ്തില്‍നിന്ന് എത്തിയ സേനയും പരേഡില്‍ പങ്കെടുത്തു. മനോഹരമായ 23 ഫ്ളോട്ടുകളും ദൃശ്യവിരുന്നേകി.

റിപ്പബ്ലിക് ദിന പരേഡ് നടത്തണമെന്ന തെലുങ്കാന ഹൈക്കോടതി ഉത്തരവു പാലിക്കാതെ തെലുങ്കാന സര്‍ക്കാര്‍. പരേഡ് ഗ്രൗണ്ടില്‍ റിപ്പബ്ലിക് ദിന പരേഡ് നടത്തിയില്ല. രാജ്ഭവനില്‍ ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍ ദേശീയ പതാക ഉയര്‍ത്തി. റിപ്പബ്ലിക് ദിന സന്ദേശം വായിച്ചു. മുഖ്യമന്ത്രി പങ്കെടുത്തില്ല. കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് റിപ്പബ്ളിക് ദിന പരേഡും ഗാര്‍ഡ് ഓഫ് ഓണറും നിര്‍ബന്ധമായും വേണമെന്നു കോടതി ഉത്തരവിട്ടിരുന്നു.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

കെ റെയില്‍ അടക്കമുള്ള കേരള സര്‍ക്കാരിന്റെ പദ്ധതികള്‍ നടപ്പാക്കാന്‍ ഡല്‍ഹിയിലെ അര നൂറ്റാണ്ടുകാലത്തെ ബന്ധങ്ങള്‍ പ്രയോജനപ്പെടുത്തുമെന്ന് കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി ചുമതലയേറ്റ കെ.വി തോമസ്. കേരള ഹൗസില്‍ റിപ്പബ്ളിക് ദിനാഘോഷ ചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചതുമൂലം സംസ്ഥാനത്തെ അടിസ്ഥാന സൗകര്യമേഖലകളില്‍ വികസന പദ്ധതികള്‍ നടപ്പാക്കാനാകുന്നില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടന്ന റിപ്പബ്ളിക് ദിനാഘോഷത്തില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു ധനമന്ത്രി. രാജ്യത്തെ ജനാധിപത്യവും ഫെഡറല്‍ സംവിധാനവും അട്ടിമറിക്കാന്‍ നിരന്തരം ശ്രമം നടക്കുന്നുണ്ട്. മന്ത്രി പറഞ്ഞു.

ഭരണഘടന അട്ടിമറിക്കാന്‍ പല തലത്തിലും ശ്രമങ്ങള്‍ നടക്കുന്നുവെന്നും ഭരണഘടനയുടെ കാവലാളായി മാറണമെന്നും മന്ത്രി സജി ചെറിയാന്‍. ഭരണഘടനയെ ‘കുന്തം കുടച്ചക്രം’ പ്രയോഗത്തിലൂടെ അധിക്ഷേപിച്ചതിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവച്ചശേഷം മന്ത്രിയായി തിരിച്ചെത്തിയ സജി ചെറിയാന്‍ ആലപ്പുഴയില്‍ ദേശീയപതാക ഉയര്‍ത്തിയശേഷമാണ് ഇങ്ങനെ പ്രസംഗിച്ചത്.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈവിധ്യപൂര്‍ണമായ സാംസ്‌കാരികതകളെ കോര്‍ത്തിണക്കി ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാക്കുന്നത് ഭരണഘടനയാണ്. അദ്ദേഹം ഓര്‍മിപ്പിച്ചു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഗാന്ധിയനാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗവര്‍ണറുടെ എല്ലാ പ്രവര്‍ത്തികളും ഗാന്ധിയന്‍ ആദര്‍ശങ്ങളിലൂന്നിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് ഗവര്‍ണര്‍ പങ്കെടുത്ത ദേശീയ ബാലതരംഗത്തിന്റെ വേദിയിലാണ് ഇങ്ങനെ പറഞ്ഞത്.

മാവേലിക്കര സബ് ജയിലില്‍നിന്നു തടവുപുള്ളി രക്ഷപ്പെട്ടു. പുളിക്കീഴ് പിടികൂടിയ അടിപിടി കേസിലെ പ്രതി വിഷ്ണുവാണ് കുളിക്കാന്‍ പോയതിനിടെ മതില്‍ ചാടി രക്ഷപ്പെട്ടത്.

പാലക്കാട് ധോണിയില്‍നിന്നു പിടികൂടിയ പിടി സെവന്‍ ആനയുടെ ശരീരത്തില്‍ ചെറിയയിനം 15 വെടിയുണ്ടകളുണ്ടെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍. ആനയെ തുരത്താന്‍ ആരെല്ലാമോ എയര്‍ഗണ്‍ ഉപയോഗിച്ചു വെടിവച്ചിട്ടുണ്ട്. ആന അടക്കമുള്ള വന്യജീവികളെ പ്രകോപിപ്പിച്ചാല്‍ പ്രതികാരത്തോടെ പ്രതികരിക്കുമെന്നും മന്ത്രി.

സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കഥ/നോവല്‍ വിഭാഗത്തില്‍ ഇ എന്‍ ഷീജയുടെ ‘അമ്മമണമുള്ള കനിവുകള്‍’, കവിതാ വിഭാഗത്തില്‍ മനോജ് മണിയൂരിന്റെ ചിമ്മിനിവെട്ടവും പുരസ്‌കാരം നേടി. വൈജ്ഞാനികം- ഡോ. വി രാമന്‍കുട്ടി (എപ്പിഡെമിയോളജി – രോഗവ്യാപനത്തിന്റെ ശാസ്ത്രം), ശാസ്ത്രം – ഡോ. മുഹമ്മദ് ജാഫര്‍ പാലോട്, ജനു (കൊറോണക്കാലത്ത് ഒരു വവ്വാല്‍), ജീവചരിത്രം/ആത്മകഥ – സുധീര്‍ പൂച്ചാലി (മാര്‍ക്കോണി), വിവര്‍ത്തനം/പുനരാഖ്യാനം – ഡോ. അനില്‍കുമാര്‍ വടവാതൂര്‍ (ഓസിലെ മഹാമാന്ത്രികന്‍), ചിത്രീകരണം- പി.വൈ. സുധീര്‍ (ഖസാക്കിലെ തുമ്പികള്‍), നാടകം- ഡോ. നെത്തല്ലൂര്‍ ഹരികൃഷ്ണന്‍ (കായലമ്മ) എന്നിവരാണ് പുരസ്‌കാരങ്ങള്‍ നേടിയത്.

വിദ്യാര്‍ഥി പരിഷത്ത് കാലം മുതല്‍ തന്റെ കഴിവ് തിരിച്ചറിഞ്ഞത് ആര്‍എസ്എസാണെന്ന് പത്മശ്രീ നേടിയ ചരിത്രകാരനായ ഡോ. സി.ഐ. ഐസക്. മലബാര്‍ കലാപകാരികളെ സ്വാതന്ത്ര്യ സമര സേനാനി പട്ടികയില്‍നിന്ന് ഒഴിവാക്കിയത് ചരിത്ര വസ്തുതകള്‍ കണക്കിലെടുത്താണെന്നും അതിന്റെ പേരിലല്ല പുരസ്‌കാരം കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു.

ഇന്‍ഡിഗോ വിമാന കമ്പനി നിര്‍ത്തിവച്ചിരുന്ന ജിദ്ദ – കോഴിക്കോട്, ദമ്മാം – കോഴിക്കോട് സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നു. അടുത്ത മാര്‍ച്ച് 26 മുതല്‍ ഇരു വിമാനത്താവളങ്ങളില്‍നിന്നും നേരിട്ടുള്ള ഈ സര്‍വീസുകള്‍ ആരംഭിക്കും.

വന്യമൃഗശല്യം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കു സഹായം തേടി ആരു വിളിച്ചാലും വനം ഉദ്യോഗസ്ഥര്‍ ഫോണ്‍ എടുക്കണമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. വനവകുപ്പിലെ ഉദ്യോഗസ്ഥര്‍ എംഎല്‍എമാര്‍ വിളിച്ചാല്‍പോലും ഫോണെടുക്കില്ലെന്നു വ്യാപക പരാതിയുണ്ടെന്നും മന്ത്രി പറഞ്ഞു. .

ഇടുക്കി നെടുംകണ്ടത്ത് മകളെ പീഡിപ്പിച്ചതിനു പൊലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കുന്നതിനിടെ കസ്റ്റഡിയില്‍നിന്നു രക്ഷപെട്ട പോക്സോ കേസ് പ്രതിയെ പിടികൂടി. വെളുപ്പിന് രണ്ടു മണിയോടെ ഇയാളുടെ വീടിനു സമീപത്തുനിന്നാണ് നെടുങ്കണ്ടം പൊലീസ് പിടികൂടിയത്. നേരത്തെ രണ്ടു തവണ പൊലിസിന്റെ മുന്‍പില്‍ പെട്ടെങ്കിലും അതിവേഗം ഇയാള്‍ ഓടി രക്ഷപ്പെട്ടു. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മകളെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

മലപ്പുറത്ത് പോക്സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. കോഡൂര്‍ ചെമ്മന്‍കടവ് സ്വദേശി മുഹമ്മദ് ബഷീറിനെ(55)യാണ് മലപ്പുറം പിടികൂടിയത്. 2019 മുതല്‍ അയല്‍വാസിയെ ഇയാള്‍ പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കാട്ടാനയെ കണ്ട് പേടിച്ചോടി വീണു പരിക്കേറ്റ ഏഴു മാസം ഗര്‍ഭിണിയായ ആദിവാസി യുവതി മരിച്ചു. ഇടമലക്കുടി ഷെഡുകുടിയില്‍ അസ്‌മോഹന്റെ ഭാര്യ അംബികയാണ് മരിച്ചത്. രക്തസ്ത്രവമുണ്ടായി ബോധമില്ലാതെ കിടക്കുന്ന നിലയില്‍ കണ്ടെത്തിയ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 13 കാട്ടാനകള്‍ ഈ പ്രദേശത്തുണ്ടായിരുന്നു.

കോഴിക്കോട് കായക്കൊടിയില്‍ വീട്ടില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വണ്ണാന്റെപറമ്പത്ത് ബാബുവാണു (50) കൊല്ലപ്പെട്ടത്. അയല്‍വാസിയായ രാജീവനെയും തൊട്ടടുത്ത പറമ്പില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി.

കൊച്ചിയില്‍നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ അടൂര്‍ പിഡബ്ലുഡി റസ്റ്റ് ഹൗസിലെത്തിച്ച് മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്നു പേരെ ഇന്‍ഫോ പാര്‍ക്ക് പൊലീസ് അറ്സ്റ്റ് ചെയ്തു. അടൂര്‍ സ്വദേശി വിഷ്ണു സുഹൃത്തുക്കളായ പ്രജീഷ്, അന്‍വര്‍ ഷാ എന്നിവരാണ് പിടിയിലായത്. ചെങ്ങന്നൂര്‍ സ്വദേശിയായ ലെവിന്‍ വര്‍ഗീസിനെയാണ് മൂന്നംഗം സംഘം തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത്.

സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ ഒന്നിച്ചു മുന്നേറാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വര്‍ഷത്തിലെ റിപ്പബ്ലിക് ദിനം ഏറെ വിശേഷപ്പെട്ടതാണെന്നും നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ബിബിസി ഡോക്യുമെന്ററി കൂടുതല്‍ സര്‍വകലാശാലകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍. ഡല്‍ഹി സര്‍വകലാശാല, അംബേദ്കര്‍ സര്‍വകലാശാല, കൊല്‍ക്കത്തയിലെ പ്രസിഡന്‍സി സര്‍വകലാശാല എന്നിവിടങ്ങളിലും പ്രദര്‍ശിപ്പിക്കുമെന്ന് എസ്എഫ്ഐ, എന്‍എസ്യുഐ തുടങ്ങിയ സംഘടനകള്‍ അറിയിച്ചു.

ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിക്കുന്ന ബിബിസി ഡോക്യുമെന്ററിയുടെ പ്രദര്‍ശനം തടയുന്നതിന്റെ ഭാഗമായി ജാമിയ മിലിയ യൂണിവേഴ്സിറ്റിയില്‍നിന്നു പോലീസ് ഇന്നലെ കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥികളെ വിട്ടയച്ചില്ല. എസ്എഫ്ഐ , എന്‍എസ് യുഐ സംഘടനകളിലെ പത്തിലധികം വിദ്യാര്‍ത്ഥികളെ ഫത്തേപൂര്‍ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിലിട്ടിരിക്കുകയാണ്.

ഇന്ത്യ ഉള്‍പെടെ ലോകമെങ്ങും ആവിഷ്‌കാര, മാധ്യമ സ്വാതന്ത്ര്യം പോലുള്ള ജനാധിപത്യ തത്ത്വങ്ങള്‍ക്കു പ്രസക്തിയുണ്ടെന്ന് അമേരിക്ക. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചുകൊണ്ട് ബിബിസി സംപ്രേക്ഷണം ചെയ്ത ഡോക്യുമെന്ററി വിവാദമായിരിക്കേയാണ് അമേരിക്കന്‍ സ്റ്റേറ്റ് ഡിപാര്‍ട്ടുമെന്റ് നിലപാടു വ്യക്തമാക്കിയത്.

ഓസ്ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കെതിരേ ആക്രമണം. ഓസ്ട്രേലിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പ്രതിഷേധം അറിയിച്ചു. ഖാലിസ്ഥാന്‍ വാദികളാണ് ക്ഷേത്രങ്ങളില്‍ പെയിന്റുകൊണ്ടു ചുമരെഴുതുകയും അലങ്കോലമാക്കുകയും ചെയ്തത്.

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ടിനെ തോല്‍പിച്ച് ജര്‍മനി ഹോക്കി ലോകകപ്പിന്റെ സെമി ഫൈനലില്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ ഇംഗ്ലണ്ടിനെ 4-2 ന് അട്ടിമറിച്ചാണ് ജര്‍മനി അവസാന നാലിലെത്തിയത്. രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷം അവസാന നിമിഷം രണ്ട് ഗോള്‍ തിരിച്ചടിച്ച് സമനില നേടിയാണ് ജര്‍മനി മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീട്ടിയത്. സെമിയില്‍ കരുത്തരായ ഓസ്‌ട്രേലിയയാണ് ജര്‍മനിയുടെ എതിരാളി. മറ്റൊരു സെമിയില്‍ ബെല്‍ജിയം നെതര്‍ലന്‍ഡ്‌സിനെ നേരിടും.

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഇന്ന് പവന് 320 രൂപ കൂടി 42,480 രൂപയിലെത്തി. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 5,310 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ജനുവരി 24ന് സ്വര്‍ണവില സര്‍വകാല റെക്കോഡില്‍ എത്തിയിരുന്നു. 42,160 രൂപയായിരുന്നു പവന്‍ വില. ഈ വില 25നും തുടര്‍ന്നു. ജനുവരിയിലെ ഏറ്റവും കൂടിയ വിലയാണ് ഇന്നത്തേത്. ഏറ്റവും കുറഞ്ഞ വിലയായ 40,360 ജനുവരി രണ്ടിന് രേഖപ്പെടുത്തിയിരുന്നു. പണപ്പെരുപ്പം, സാമ്പത്തിക അസ്ഥിരത, പലിശ നിരക്ക് വര്‍ധനവ് തുടങ്ങിയ കാരണങ്ങളാലാണ് സ്വര്‍ണ വില വര്‍ധിക്കുന്നത്. 2020 ആഗസ്റ്റിലെ സര്‍വകാല റെക്കോഡായ 42,000 രൂപ മറികടന്നാണ് സ്വര്‍ണവില 42,160ല്‍ എത്തിയത്. അന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 5,250 രൂപയായിരുന്നു വില. 50 വര്‍ഷത്തെ സ്വര്‍ണ വില പരിശോധിക്കുമ്പോള്‍ ലോകത്ത് മറ്റൊരു വസ്തുവിനും ലഭിക്കാത്ത വിലക്കയറ്റമാണിത്.

സ്മാര്‍ട്ട്ഫോണ്‍ പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്‍ഫിനിക്സ്. ഇന്‍ഫിനിക്സ് നോട്ട് 12ഐ ഹാന്‍ഡ്സെറ്റുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ജനുവരി 30 മുതല്‍ ഫ്ലിപ്കാര്‍ട്ട് മുഖാന്തരമാണ് വില്‍പ്പന ആരംഭിക്കുക. 6.7 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാര്‍ട്ട്ഫോണുകള്‍ക്ക് നല്‍കിയിട്ടുള്ളത്. 1,084 x 2,400 പിക്സല്‍ റെസല്യൂഷന്‍ ലഭ്യമാണ്. മീഡിയടെക് ഹീലിയോ ജി85 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയ്ഡ് 12 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. 50 മെഗാപിക്സല്‍ പ്രൈമറി സെന്‍സര്‍, 2 മെഗാപിക്സല്‍ ഡെപ്ത് സെന്‍സര്‍ എന്നിവയാണ് നല്‍കിയിരിക്കുന്നത്. 8 മെഗാപിക്സലാണ് സെല്‍ഫി ക്യാമറ. 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണല്‍ സ്റ്റോറേജിലാണ് പുറത്തിറക്കിയിരിക്കുന്നത്. കൂടാതെ, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്റ്റോറേജ് 512 ജിബി വരെ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. ഇന്‍ഫിനിക്സ് നോട്ട് 12ഐ സ്മാര്‍ട്ട്ഫോണുകളുടെ ഇന്ത്യന്‍ വിപണി വില 9,999 രൂപയാണ്. ആക്സിസ് ബാങ്ക് മുഖാന്തരം ഇടപാട് നടത്തുന്നവര്‍ക്ക് അഞ്ച് ശതമാനം വരെ ക്യാഷ് ബാക്ക് ഓഫറും ലഭിക്കുന്നതാണ്.

ബാംഗ്ലൂര്‍ ഡെയ്സിന്റെ ഹിന്ദി റീമേക്ക് തിയറ്ററുകളിലേക്ക് എത്താനുള്ള ഒരുക്കങ്ങളിലാണ്. ബാംഗ്ലൂര്‍ ഡെയ്സിന്റെ റീമേക്കും അതേസമയം 2014 ല്‍ പുറത്തെത്തിയ ഒരു ഹിന്ദി ചിത്രത്തിന്റെ രണ്ടാംഭാഗവും കൂടിയായ ‘യാരിയാന്‍ 2’ ന്റെ പുതിയ റിലീസ് ഒക്ടോബര്‍ 20 ആണ്. യാരിയാന്‍ ഒരുക്കിയത് ദിവ്യ ഖോസ്ല കുമാര്‍ ആയിരുന്നെങ്കില്‍ രണ്ടാം ഭാഗത്തിന്റെ സംവിധാനം രാധിക റാവുവും വിനയ് സപ്രുവും ചേര്‍ന്നാണ്. എന്നാല്‍ ദിവ്യ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പേള്‍ വി പുരി, മീസാന്‍ ജാഫ്രി, യഷ് ദാസ്ഗുപ്ത, വരിന ഹുസൈന്‍ എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് അനശ്വര രാജനും പ്രിയ വാര്യരും യാരിയാന്‍ 2 എന്ന പേരിലെത്തുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 2014 ല്‍ പുറത്തെത്തിയ യാരിയാന്‍ സുഹൃത്തുക്കളായ ഒരു കൂട്ടം കോളെജ് വിദ്യാര്‍ഥികളുടെ കഥ പറഞ്ഞ ചിത്രമാണെങ്കില്‍ രണ്ടാം ഭാഗം ഒരു കൂട്ടം കസിന്‍സ് സുഹൃത്തുക്കളുടെ കഥയാണ്. പേള്‍ വി പുരി, അനശ്വര രാജന്‍, യഷ് ദാസ്ഗുപ്ത എന്നിവരുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാവും ഇത്.

ജാന്‍-എ-മന്‍’ എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘മഞ്ഞുമ്മല്‍ ബോയ്സ്’ എന്നാണ് ചിത്രത്തിന്റെ പേര്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. പറവ, കുമ്പളങ്ങി നൈറ്റ്സ്, ഭീഷ്മ പര്‍വ്വം എന്നീ സിനിമകള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ബാലു വര്‍ഗീസ്, ഗണപതി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ലാല്‍ ജൂനിയര്‍, ദീപക് പറമ്പില്‍, അഭിറാം രാധാകൃഷ്ണന്‍, അരുണ്‍ കുര്യന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഷുട്ടിംഗ് കൊച്ചിയില്‍ ഇന്ന് ആരംഭിക്കും. പറവ ഫിലിംസിന്റെ ബാനറില്‍ ആണ് ചിത്രം ഒരുങ്ങുന്നത്. ഛായാഗ്രഹണം ഷൈജു ഖാലിദ് ആണ്. അജയന്‍ ചാലിശ്ശേരിയാണ് കലാസംവിധാനം.

ജര്‍മ്മന്‍ ആഡംബര വാഹന ഭീമനായ ഔഡിയുടെ നാലാമത്തെ കണ്‍സെപ്റ്റ് ഇലക്ട്രിക് വാഹനമായ ആക്റ്റീവ്സ്ഫിയറിനെ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് കമ്പനി. ഈ മോഡലിന്റെ ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ് ഇപ്പോള്‍ ഔഡി. നേരത്തെ ഓഡി പ്രദര്‍ശിപ്പിച്ച മറ്റ് മൂന്ന് കണ്‍സെപ്റ്റ് ഇവികള്‍ – അര്‍ബന്‍സ്ഫിയര്‍, ഗ്രാന്‍ഡ്‌സ്ഫിയര്‍, സ്‌കൈസ്ഫിയര്‍ മോഡലുകള്‍ക്കൊപ്പം ആക്റ്റീവ്സ്ഫിയറും ചേരും. ഏറ്റവും പുതിയ കണ്‍സെപ്റ്റ് ഇവി, ഒരു ഇലക്ട്രിക് ക്രോസ്ഓവര്‍ കൂപ്പെ, ഓഫ്-റോഡ് കഴിവുകളും വാഗ്ദാനം ചെയ്യും. 2021 ഓഗസ്റ്റില്‍ ഓഡി അനാച്ഛാദനം ചെയ്യാന്‍ തുടങ്ങിയ കണ്‍സെപ്റ്റ് വാഹനങ്ങളുടെ കുടുംബത്തിലെ നാലാമത്തെ മോഡലാണ് ആക്റ്റീവ്സ്ഫിയര്‍ കണ്‍സെപ്റ്റ്. കണ്‍സെപ്റ്റ് ഇലക്ട്രിക് വാഹനം പിപിഇ പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിക്കാന്‍ സാധ്യതയുണ്ട്, അതിനൊപ്പം 800 വോള്‍ട്ട് ഇലക്ട്രിക്കല്‍ സംവിധാനവും ഉണ്ടായിരിക്കും.

നാല്‍പ്പതുവര്‍ഷത്തിലേറെ ഇന്ത്യയ്ക്കകത്തും പുറത്തും പത്രപ്രവര്‍ത്തകനായിരുന്ന ലേഖകന്‍, താന്‍ നടന്നുവന്ന വഴികളിലേക്ക് തിരിഞ്ഞുനോക്കി അവിശ്വസനീയമെന്നു വിശേഷിപ്പിക്കാവുന്ന സംഭവങ്ങള്‍ രേഖപ്പെടുത്തുന്നു. അങ്ങനെ ചെയ്യുമ്പോള്‍ ലേഖകന്‍ സൂക്ഷിക്കുന്ന സത്യസന്ധതയും പുലര്‍ത്തുന്ന നിര്‍ഭയത്വവും അസാധാരണമാണ്. വിഷയവൈവിദ്ധ്യത്താല്‍ സമ്പന്നമായ ഈ സമാഹാരത്തില്‍ രാഷ്ട്രീയം, നയതന്ത്രം, മാദ്ധ്യമപ്രവര്‍ത്തനം, സാഹിത്യം, സിനിമ എന്നിവയ്ക്കാണ് ഊന്നല്‍. അറിവും അനുഭവവും ആലോചനയും ഒത്തുചേരുന്ന ഈ കുറിപ്പുകള്‍ സമകാലിക രാഷ്ട്രീയചരിത്രത്തിന്റെ വിവരണമെന്നപോലെ വ്യാഖ്യാനവുമായി പരിണമിക്കുന്നുണ്ട്. ‘എ.കെ.ജിയും ഷെയ്ക്‌സ്പിയറും’. പി.പി. ബാലചന്ദ്രന്‍. മാതൃഭൂമി. വില 382 രൂപ.

ശരീരം നോക്കുന്നത് പോലെ തന്നെ പല്ലിന്റെയും മോണയുടെയും ആരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ദിവസത്തില്‍ രണ്ടുതവണ പല്ലു തേയ്ക്കേണ്ടത് അത്യാവശ്യമാണ്. എല്ലായ്‌പ്പോഴും പല്ലുകള്‍ വൃത്തിയായി സൂക്ഷിക്കുക. മാത്രമല്ല, അന്നജം ധാരാളം അടങ്ങിയ പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ കൂടി ഉള്‍പ്പെടുത്തണം. ചോക്ലേറ്റ് കഴിക്കുന്നത് പരമാവധി ഒഴിവാക്കുക. ചോക്ലേറ്റുകള്‍ കഴിക്കുന്നതിലൂടെ പല്ലിന് പ്‌ളേക്ക് രൂപപ്പെടാനും കേടുവരാനും സാധ്യതയേറെയാണ്. ചോക്ലേറ്റുകള്‍ കുട്ടികളായാലും മുതിര്‍ന്നവരായാലും നിയന്ത്രിത അളവില്‍ മാത്രം കഴിക്കുക. കാപ്പി കുടിക്കുന്നത് പല്ലിന് കൂടുതല്‍ ദോഷം ചെയ്യും. അമിതമായ അളവില്‍ മധുരം ചേര്‍ത്ത കാപ്പി കുടിക്കുന്നവരുടെ പല്ലുകള്‍ പെട്ടെന്ന് ദ്രവിക്കാന്‍ സാധ്യതയുണ്ട്. കാപ്പി കുടിച്ചശേഷം ശരിയായി വായ് കഴുകുവാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍, പല്ലിനു കറ പിടിക്കുവാനും പോട് വരുവാനുമുള്ള സാധ്യത ഏറെയാണ്. ദിവസവും രണ്ട് നേരമെങ്കിലും ഉപ്പുവെള്ളത്തില്‍ വായ കഴുകുക. ഇത് ചെയ്യുന്നത് പല്ലിന്റെയും മോണയുടെയും ആരോഗ്യത്തിന് ഏറെ നല്ലതാണ്. അല്ലെങ്കില്‍ കുരുമുളക്, ഇഞ്ചി, മഞ്ഞള്‍, തുളസി ഇല എന്നിവ ചേര്‍ത്ത് തിളപ്പിച്ച് വെള്ളം ഉപയോഗിച്ച് വായ കഴുകുന്നതും വായിലെ അണുക്കള്‍ നശിക്കാന്‍ സഹായിക്കും. ദിവസവും മൂന്നോ നാലോ തവണ ഇത് ഉപയോഗിക്കാവുന്നതാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 81.40, പൗണ്ട് – 100.92, യൂറോ – 88.85, സ്വിസ് ഫ്രാങ്ക് – 88.72, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 57.93, ബഹറിന്‍ ദിനാര്‍ – 215.89, കുവൈത്ത് ദിനാര്‍ -266.80, ഒമാനി റിയാല്‍ – 211.67, സൗദി റിയാല്‍ – 21.68, യു.എ.ഇ ദിര്‍ഹം – 22.16, ഖത്തര്‍ റിയാല്‍ – 22.35, കനേഡിയന്‍ ഡോളര്‍ – 60.77.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *