yt cover 42

ജഡ്ജിമാരെ നിയമിക്കാന്‍ ജനങ്ങളുടെ പിന്തുണയുള്ള സര്‍ക്കാരിനാണ് അധികാരം വേണ്ടതെന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജ്ജു. ജനാധിപത്യത്തില്‍ ഭൂരിപക്ഷം നേടിയ സര്‍ക്കാരിന്റെ അധികാരമാണത്. ഭരണഘടനയെ സുപ്രീം കോടതി ജഡ്ജിമാര്‍ കൈയടക്കിവച്ചിരിക്കുകയാണെന്ന് ഡല്‍ഹി ഹൈക്കോടതിയില്‍നിന്നു വിരമിച്ച ജഡ്ജി ആര്‍.എസ്. സോധിയുടെ അഭിമുഖം ട്വിറ്ററില്‍ പങ്കുവച്ചുകൊണ്ടാണ് കിരണ്‍ റിജ്ജു ഇങ്ങനെ പ്രതികരിച്ചത്. (ജുഡീഷ്യറിയിലും താമരക്കുളം … https://youtu.be/YhKCbGDuIGU )

സുപ്രീംകോടതി വിധി പ്രാദേശിക ഭാഷകളില്‍ കൂടി ലഭ്യമാക്കുമെന്ന ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ തീരുമാനത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യവാഹരങ്ങളിലെ വിധി എല്ലാവര്‍ക്കും മനസിലാക്കാന്‍ ഇതു സഹായിക്കും. രാജ്യത്തെ വിവിധ ഭാഷകളെ പ്രോത്സാഹിപ്പിക്കുന്നതാണു കേന്ദ്രസര്‍ക്കാരിന്റെ നയമെന്നും മോദി ട്വിറ്ററില്‍ വ്യക്തമാക്കി. കൊളീജിയത്തിന്റെ അധികാര വിഷയത്തില്‍ സുപ്രീംകോടതിയും സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രശംസ.

നിയമസഭാ സമ്മേളനം ഇന്നു മുതല്‍. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണു സമ്മേളനം ആരംഭിക്കുക. ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് മൂര്‍ധന്യത്തിലായിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിലായി അനുരഞ്ജനത്തിലാണ്. ഫെബ്രുവരി മൂന്നിനാണ് ബജറ്റ് അവതരണം.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രത്തിനെതിരായ വിമര്‍ശനം മയപ്പെടുത്തിയത് ഗവര്‍ണര്‍ – സര്‍ക്കാര്‍ ഒത്തുകളിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ നടത്തുന്നത് കൊടുക്കല്‍ വാങ്ങലുകളും ഒത്തുതീര്‍പ്പുമാണെന്നും സതീശന്‍ പറഞ്ഞു. സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകുമ്പോഴെല്ലാം സര്‍ക്കാര്‍ – ഗവര്‍ണര്‍ സംഘര്‍ഷമുണ്ടാക്കും. ജനശ്രദ്ധ തിരിക്കാനാണ് ഇവരുടെ ശ്രമമെന്നും സതീശന്‍.

നാലു വര്‍ഷമായി പാലക്കാട് ധോണി പ്രദേശത്തെ ഉറക്കം കെടുത്തിയ ഒറ്റയാന്‍ പിടി സെവന് (പാലക്കാട് ടസ്‌കര്‍ ഏഴാമന്‍) വനം മന്ത്രി എ കെ ശശീന്ദ്രന്‍ ധോണി എന്നു പേരിട്ടു. ആനയെ കുങ്കിയാനയാക്കി പരിശീലിപ്പിക്കാനാണു പരിപാടി.

കോട്ടയം കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതിവിവേചന ആരോപണ വിഷയത്തില്‍ ഫേസ്ബുക്കില്‍ വിമര്‍ശിച്ച സിവില്‍ പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. കോഴിക്കോട് ഫറോക്ക് സ്റ്റേഷനിലെ സിപിഒ യു.വി. ഉമേഷിനെ പത്തനംതിട്ടയിലേക്കാണ് മാറ്റിയത്.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

വരും ദിവസങ്ങളില്‍ സംസ്ഥാനത്തു മഴ എത്തിയേക്കും. മഡഗാസ്‌കറിനു സമീപമുണ്ടായ ചുഴലിക്കാറ്റും തുടര്‍ന്നുള്ള അന്തരീക്ഷസ്ഥിതിയുമാണ് മഴയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍നിന്ന് ഈര്‍പ്പമുള്ള കാറ്റ് കേരളത്തില്‍ പ്രവേശിക്കുന്നതും മഴയ്ക്ക് ഇടയാക്കും.

ലോട്ടറി ചൂതാട്ട സംഘത്തിന് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ തയാറാക്കി നല്‍കിയ എന്‍ജിനീയറിംഗ് ബിരുദധാരിയായ യുവാവ് തിരൂര്‍ പൊലീസിന്റെ പിടിയില്‍. പള്ളിക്കല്‍ ബസാര്‍ സ്വദേശിയായ ആലിശ്ശേരിപ്പുറായ് ഷഹലി(25) നെയാണ് പിടികൂടിയത്. മാസം തോറും പതിനായിരം രൂപയാണു പ്രതിഫലമായി വാങ്ങിയിരുന്നത്.

കാറില്‍ വന്ന് ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥയുടെ വീട്ടില്‍ വന്‍ കവര്‍ച്ച നടത്തിയ കേസില്‍ ‘ജപ്പാന്‍ ജയന്‍’ എന്നറിയപ്പെടുന്ന കുപ്രസിദ്ധ കള്ളനെ പൊലീസ് പിടികൂടി. തിരുവനന്തപുരം അരുവിക്കരയിലെ വീട്ടില്‍ നിന്നും എട്ടര ലക്ഷം രൂപയും 32 പവനുമാണ് മോഷ്ടിച്ചത്. മോഷ്ടാവ് കാറില്‍ കയറി പോകുന്നതു കണ്ട അയല്‍വാസി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടാനായത്.

റോഡരികില്‍ കുട്ടികള്‍ കളിച്ചുകൊണ്ടിരുന്ന ഫുട്ബോള്‍ വന്നിടിച്ച് ബൈക്ക് മറിഞ്ഞു റോഡിലേക്കുവീണ സ്ത്രീയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി വീട്ടമ്മ മരിച്ചു. മലപ്പുറം തൃക്കലങ്ങോട് തട്ടാന്‍ കുന്ന് സ്വദേശി ഫാത്തിമ സുഹ്‌റ (38) ആണ് മരിച്ചത്. വിവാഹ വിരുന്നില്‍ പങ്കെടുത്തശേഷം കാരക്കുന്നുള്ള ഭര്‍ത്താവിന്റെ വീട്ടിലേക്കു മടങ്ങുന്നതിനിടെ ഒതായി കിഴക്കേത്തല വെള്ളച്ചാലിലാണു സംഭവം.

ട്യൂഷനെത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് ബാബു കെ ഇട്ടീരക്കെതിരെ കേസ്. പുത്തന്‍ കുരിശ് പൊലീസാണു കേസെടുത്തത്. 2005 ല്‍ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ പ്രകാരം 2006 ലാണ് ഇദ്ദേഹത്തിന് ദേശീയ അവാര്‍ഡ് പ്രഖ്യാപിച്ചത്. സ്‌കൂള്‍ മാനേജ്മെന്റ് പരാതിപ്പെട്ടതോടെ അവാര്‍ഡ് നല്‍കിയല്ല. തുടര്‍ന്ന് 15 വര്‍ഷത്തിനു ശേഷം കോടതി ഉത്തരവനുസരിച്ച് 2021 ലാണ് അവാര്‍ഡ് വാങ്ങിയത്.

നിക്ഷേപ തട്ടിപ്പു കേസില്‍ ഓണ്‍ലൈന്‍ ലേല സ്ഥാപനമായ സേവ് ബോക്സ് ഉടമ തൃശൂര്‍ സ്വദേശി സ്വാതി റഹീം അറസ്റ്റിലായി. ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍നിന്ന് പണം കൈക്കലാക്കിയെന്ന പരാതിയിലാണ് അറസ്റ്റ്.

ടയര്‍ ബിസിനസിനായി രാജസ്ഥാനിലെ ബിവാഡിയില്‍ പോയ മലയാളികളെ തോക്കിന്‍ മുനയില്‍ ബന്ദികളാക്കി കവര്‍ച്ച. ഇടുക്കി സ്വദേശികളെയാണ് ബന്ദികളാക്കി നാലു ലക്ഷം രൂപയും മൊബൈല്‍ ഫോണം കവര്‍ന്നത്.

പോക്സോ കേസില്‍ മലപ്പുറത്ത് കേരള ബാങ്ക് ജീവനക്കാരനും പെണ്‍സുഹൃത്തും അറസ്റ്റിലായി. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ക്ലാര്‍ക്ക് അലി അക്ബര്‍ ഖാന്‍ (39) ആണ് പിടിയിലായത്. കാമുകിയുടെ മകളായ 11 വയസുകാരിയെ പീഡിപ്പിച്ചെന്നാണ് കേസ്.

നാവിക സേനാ മുന്‍ ഉപമേധാവി വൈസ് അഡമിറല്‍ പി.ജെ. ജേക്കബ് എന്ന രാജന്‍ ബംഗളൂരുവില്‍ അന്തരിച്ചു. 82 വയസായിരുന്നു.

കാസര്‍കോട് കുണ്ടംകുഴിയില്‍ അമ്മയേയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തി. നീര്‍ക്കയയില്‍ സ്വദേശി ചന്ദ്രന്റെ ഭാര്യ നാരായണി (46), മകള്‍ ശ്രീനന്ദ (12) എന്നിവരെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചന്ദ്രന്‍ ഊട്ടിയിലേക്കു വിനോദയാത്ര പോയപ്പോഴായിരുന്നു സംഭവം.

കാരാപ്പുഴ ഡാം റിസര്‍വോയറില്‍ കുട്ടത്തോണിമറിഞ്ഞ് ആദിവാസി ദമ്പതികളില്‍ വീട്ടമ്മയെ കാണാതായി. ചീപ്രം കോളനിയിലെ ബാലന്റെ ഭാര്യ മീനാക്ഷി (38) യെയാണ് കാണാതായത്.

പാറശാലയില്‍ മദ്യപാനത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ യുവാവിനെ വെട്ടിക്കൊന്നു. ഇഞ്ചിവിള സ്വദേശി രഞ്ജിത്താണ് (40) കൊല്ലപ്പെട്ടത്. സുഹൃത്ത് റിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഏഴ് ടിന്‍ ബ്രൗണ്‍ഷുഗറുമായി ആസാം സ്വദേശി മോട്ടിബൂര്‍ റഹമാനെ അറസ്റ്റു ചെയ്തു. പെരുമ്പാവൂരിലെ ബിവറേജസ് മദ്യശാല പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍ ഇയാള്‍ താമസിക്കുന്ന മുറിയില്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്.

പളനിയില്‍ പോകാന്‍ നേര്‍ച്ച കാശ് ചോദിച്ചെത്തി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കടന്നു പിടിക്കാന്‍ ശ്രമിച്ച വിരുതനെ പോലീസ് തെരയുന്നു. ഇയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് നടപടി.

സിഐടിയു ദേശീയ പ്രസിഡന്റായി കെ. ഹേമലതയേയും ജനറല്‍ സെക്രട്ടറിയായി തപന്‍ സെനിനെയും തെരഞ്ഞെടുത്തു. ബംഗളൂരുവില്‍ നടന്ന ദേശീയ സമ്മേളനത്തില്‍ 425 അംഗ ജനറല്‍ കൗണ്‍സിലിനേയും തെരഞ്ഞെടുത്തു. കേരളത്തില്‍നിന്ന് 178 പേര്‍ ഈ സമിതിയിലുണ്ട്. എളമരം കരീം, ജി. സുകുമാരന്‍, പി. നന്ദകുമാര്‍, കെ.എന്‍. ഉമേഷ് എന്നിവര്‍ സെക്രട്ടറിമാരും എ.കെ. പത്മനാഭന്‍, ആനത്തലവട്ടം ആനന്ദന്‍, ജെ. മേഴ്സിക്കുട്ടിയമ്മ തുടങ്ങിയവര്‍ വൈസ് പ്രസിഡന്റുമാരുമാണ്.

‘ഭാര്യ സീതയ്ക്കൊപ്പം മദ്യപിക്കുമായിരുന്ന രാമനെ എങ്ങനെ ഉത്തമനായി വാഴ്ത്തുമെന്ന് കന്നഡ എഴുത്തുകാരന്‍ കെ എസ് ഭഗവാന്‍. രാമന്‍ സീതയെ കാട്ടിലേക്കയച്ചു. തപസു ചെയ്യുകയായിരുന്ന ശംഭൂകനെന്ന ശൂദ്രനെ കൊന്നവനാണ് രാമന്‍. 11,000 വര്‍ഷമല്ല 11 വര്‍ഷം മാത്രമാണ് രാമന്‍ ഭരിച്ചത്. ഇതിനെല്ലാം തെളിവുകള്‍ രാമായണത്തിലെ ഉത്തരകാണ്ഡത്തിലുണ്ടെന്നും കെ എസ് ഭഗവാന്‍ പറഞ്ഞു.

അമേരിക്കയിലുണ്ടായ വെടിവയ്പില്‍ പത്തുപേര്‍ കൊല്ലപ്പെട്ടു. കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചലസിനടുത്തുള്ള മൊണ്ടേറെ പാര്‍ക്കില്‍ ചൈനീസ് ആഘോഷത്തിനിടയിലാണ് സംഭവം.

ചന്ദ്രനില്‍ രണ്ടാമതായി കാലുകുത്തിയ ഡോ. എഡ്വിന്‍ യൂജിന്‍ ആല്‍ഡ്രിന്‍ 93 -ാം വയസില്‍ വിവാഹിതനായി. 63 വയസുള്ള അങ്ക ഫൗറിനെയാണ് വിവാഹം കഴിച്ചത്. ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹ ചിത്രം അദ്ദേഹം തന്നെയാണ് ട്വിറ്ററില്‍ പങ്കുവച്ചത്. 1969 -ലെ അപ്പോളോ 11 ദൗത്യത്തിലൂടെയാണ് ആല്‍ഡ്രിന്‍ ചന്ദ്രനിലിറങ്ങിയത്. നീല്‍ ആംസ്‌ട്രോംഗ് ചന്ദ്രനില്‍ ആദ്യമായി കാലുകുത്തി പത്തൊമ്പത് മിനിറ്റിനു ശേഷമായിരുന്നു ആല്‍ഡ്രിന്‍ ചന്ദ്രനിലിറങ്ങിയത്. നേരത്തെ മൂന്ന് തവണ വിവാഹിതനായിരുന്നു ആല്‍ഡ്രിന്‍.

ഹോക്കി ലോകകപ്പില്‍ നിന്ന് ഇന്ത്യ പുറത്ത്. ക്രോസ് ഓവറില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ സഡന്‍ ഡെത്തിലാണ് ഇന്ത്യ പുറത്താവുന്നത്. നിശ്ചിത സമയത്ത് ഇരു ടീമുകളും മൂന്ന് ഗോളുകള്‍ വീതം നേടി. 3-1ന് ലീഡ് നേടിയ ശേഷമാണ് ഇന്ത്യ രണ്ട് ഗോളുകള്‍ വഴങ്ങിയത്. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ 4-5നായിരുന്നു ഇന്ത്യയുടെ തോല്‍വി.

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ഒന്നിനെതിരേ മൂന്ന് ഗോളിനാണ് എഫ്‌സി ഗോവ ബ്ലാസ്റ്റേഴ്‌സിനെ തോല്‍പിച്ചത്. തോറ്റെങ്കിലും 14 കളികളില്‍ നിന്ന് 25 പോയന്റോടെ ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്ത് തുടരുകയാണ്.

ഇന്ത്യക്കെതിരായ തോല്‍വിക്ക് പിന്നാലെ ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം നഷ്ടപ്പെട്ട് ന്യൂസിലന്‍ഡ്. ഒന്നാം സ്ഥാനത്ത് ഇപ്പോള്‍ ഇംഗ്ലണ്ടാണ്. രണ്ടാമതായ ന്യൂസിലാണ്ടിനു പിന്നാലെ ഇന്ത്യ മൂന്നാം സ്ഥാനത്തും ഓസ്ട്രേലിയ നാലാം സ്ഥാനത്തുമുണ്ട്.

നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദഫലങ്ങള്‍ പ്രസിദ്ധീകരിച്ചതോടെ 15 ശതമാനത്തിന്റെ ഇടിവുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. കണക്കുകള്‍ പ്രകാരം, മൂന്നാം പാദത്തില്‍ 15,792 കോടി രൂപയുടെ അറ്റാദായം മാത്രമാണ് കൈവരിച്ചത്. മുന്‍ വര്‍ഷം ഇതേ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 15 ശതമാനത്തിന്റെ ഇടിവ് ഇത്തവണ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 18,549 കോടി രൂപയായിരുന്നു അറ്റാദായം. അറ്റാദായം ഇടിഞ്ഞെങ്കിലും, വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇത്തവണ 2.2 ലക്ഷം കോടി രൂപയായാണ് വരുമാനം ഉയര്‍ന്നത്. മൂന്നാം പാദത്തില്‍ റീട്ടെയില്‍, ടെലികോം ബിസിനസുകള്‍ എന്നിവ കമ്പനി വ്യാപിപ്പിച്ചിരുന്നു. ഇത് പലിശ, മറ്റു ചെലവുകള്‍ എന്നിവ കുത്തനെ ഉയരാന്‍ കാരണമായി. പലിശച്ചെലവുകള്‍ 36.4 ശതമാനം വര്‍ദ്ധനവോടെ, 5,201 കോടി രൂപയായാണ് ഉയര്‍ന്നത്. കൂടാതെ, 3,03,503 കോടിയുടെ കടബാധ്യതയും റിലയന്‍സിന് ഉണ്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് നിറം മങ്ങിയെങ്കിലും, റിലയന്‍സ് റീട്ടെയില്‍ മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചിരിക്കുന്നത്. 2,400 കോടി രൂപയുടെ അറ്റാദായമാണ് റിലയന്‍സ് റീട്ടെയില്‍ നേടിയത്.

ആന്റണി വര്‍ഗീസിനെ നായകനാക്കി നവാഗതനായ വിനീത് വാസുദേവന്‍ സംവിധാനം നിര്‍വ്വഹിച്ച ‘പൂവന്‍’ എന്ന ചിത്രത്തിലെ വീഡിയോ സോംഗ് പുറത്തെത്തി. ‘ശ്ലീഹായേ’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുഹൈല്‍ കോയയാണ്. സംഗീതം മിഥുന്‍ മുകുന്ദന്‍. ടൈറ്റില്‍ പോലെ തന്നെ ഒരു പൂവന്‍ കോഴിയാണ് ചിത്രത്തിലെ ആഖ്യാനത്തിന്റെ മുഖ്യ ഘടകം. ആന്റണി അവതരിപ്പിക്കുന്ന നായകന് ശല്യക്കാരനായി മാറുന്ന പൂവനെ ഗാനരംഗത്തില്‍ കാണാം. സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിനു ശേഷം ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സും സ്റ്റക്ക് കൗവ്‌സ് പ്രൊഡക്ഷന്‍സും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രമാണിത്. സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലെ ക്യാമ്പസ് വില്ലനായെത്തിയ അജിത് മേനോനെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ വിനീത് വാസുദേവനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വരുണ്‍ ധാരയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. മണിയന്‍ പിള്ള രാജു, വരുണ്‍ ധാര, വിനീത് വിശ്വം, സജിന്‍ ചെറുകയില്‍, അനിഷ്മ, റിങ്കു, സംവിധായകനും നിര്‍മ്മാതാവുമായ ഗിരീഷ് എഡി എന്നിവരും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സന്താനത്തെ നായകനാക്കി പ്രശാന്ത് രാജ് സംവിധാനം ചെയ്ത ‘കിക്ക്’ എന്ന തമിഴ് ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തെത്തി. കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ പുറത്തെത്തിയ ട്രെയ്ലറിന് രണ്ടര മിനിറ്റ് ദൈര്‍ഘ്യമുണ്ട്. സന്താനം നായകനായെത്തുന്ന 15- ാമത്തെ ചിത്രമാണിത്. ടാനിയ ഹോപ്പ് നായികയാവുന്ന ചിത്രത്തില്‍ രാഗിണി ദ്വിവേദി, സെന്തില്‍, മന്‍സൂര്‍ അലി ഖാന്‍, തമ്പി രാമയ്യ, ബ്രഹ്‌മാനന്ദം, കോവൈ സരള, മനോബാല, വൈ ജി മഹേന്ദ്രന്‍, രാജേന്ദ്രന്‍, വൈയാപുരി തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീതം അര്‍ജുന്‍ ജന്യയാണ്.

മെഴ്സിഡീസ് ബെന്‍സിന്റെ ജിഎല്‍ഇ എസ്യുവിയുടെ പെര്‍ഫോമന്‍സ് പതിപ്പ് 53 എഎംജി സ്വന്തമാക്കി മുന്‍ വിശ്വസുന്ദരി സുസ്മിത സെന്‍. ഏകദേശം 1.64 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. പുതിയ വാഹനം വാങ്ങിയ വിവരം സുസ്മിത തന്നെയാണ് ആരാധകരെ അറിയിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ ‘ബ്യൂട്ടി ആന്‍ഡ് ദ ബീസ്റ്റ്’ എന്ന അടിക്കുറിപ്പില്‍ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. ബെന്‍സിന്റെ പെര്‍ഫോമന്‍സ് നിരയായ എഎംജിയിലെ ഏറ്റവും കരുത്തന്‍ എസ്യുവികളിലൊന്നാണ് ജിഎല്‍ഇ 53 എഎംജി. മൂന്നു ലീറ്റര്‍ ആറു സിലിണ്ടര്‍ ടര്‍ബൊ പെട്രോള്‍ എന്‍ജിനാണ് വാഹനത്തില്‍. 5500 മുതല്‍ 6100 ആര്‍പിഎമ്മില്‍ 435 എച്ച്പി കരുത്തും 1800 മുതല്‍ 5800 വരെ ആര്‍പിഎമ്മില്‍ 520 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും ഈ എന്‍ജിന്‍. വേഗം നൂറ് കടക്കാന്‍ വെറും 5.3 സെക്കന്‍ഡ് മാത്രം വേണ്ടിവരുന്ന വാഹനത്തിന്റെ ഉയര്‍ന്ന വേഗം 250 കിലോമീറ്ററാണ്.

ശക്തവും സമ്പന്നവുമായ ഓട്ടോമന്‍ സാമ്രാജ്യത്തിലെ ഇസ്താംബുളിന്റെ കഥയാണ് ദ ആര്‍ക്കിടെക്റ്റ്സ് അപ്രന്റീസ്. തന്റെ പ്രിയപ്പെട്ട വെള്ളാനയായ ചോട്ടയെ സംരക്ഷിക്കുവാന്‍ തുര്‍ക്കിയിലേക്ക് എത്തിപ്പെടുന്ന ജഹാനും രാജശില്പിയായ മിമര്‍ സിനാനും തമ്മില്‍ കണ്ടുമുട്ടുന്നതോടെയാണ് കഥാഗതി വികസിക്കുന്നത് ശില്പിയുടെ അപ്രന്റിസായി ജോലി നോക്കുന്ന ജഹാന്‍ തലമുറകളുടെ കടന്നുപോക്കിന് സാക്ഷിയാകുന്നു. വര്‍ണ്ണാഭമായ രാജഭരണകാലത്തിലെ സംഭവവികാസങ്ങളെ ഫാന്റസിയുമായി കുട്ടിക്കലര്‍ത്തി രാഷ്ട്രീയം, ധാര്‍മ്മികത തുടങ്ങിയ വിഷയങ്ങളില്‍ ഉറച്ച നിലപാടുകള്‍ സ്വീകരിക്കുകയാണ് എലീഫ് ഷഫാക്ക് ഇവിടെ. മാസ്മരികമായ തുര്‍ക്കിഷ് സംസ്‌കാരത്തിന്റെ അടയാളങ്ങള്‍ പേറുന്ന ഈ കൃതി തീക്ഷ്ണമായ ഒരു വായനാനുഭവം വാഗ്ദാനം ചെയ്യുന്നു. ജ്ഞാനത്തിന്റെയും നിഷ്‌കളങ്കതയുടെയും പ്രണയത്തിന്റെയും അനുകമ്പയുടെയും കൂടിച്ചേരലാണ് ഈ നോവല്‍. ‘ഒരു രാജശില്പിയുടെ അപ്രെന്റിസ്’. വിവര്‍ത്തനം – സോണിയ റഫീക്ക്. ഡിസി ബുക്സ്. വില 569 രൂപ.

ചെറുനാരങ്ങയുടെ ആരോഗ്യഗുണങ്ങള്‍ ചെറുതൊന്നുമല്ല. ദഹനക്കേടിനുള്ള ഏറ്റവും നല്ല പരിഹാരമാണ് ചെറുനാരങ്ങ. ഭക്ഷണത്തിന് മുകളില്‍ കുറച്ച് നാരങ്ങ നീര് പിഴിഞ്ഞൊഴിക്കുക. സലാഡുകളില്‍ ഇത് മുകളില്‍ ഒഴിക്കുക അല്ലെങ്കില്‍ ഒരു ഗ്ലാസ് സോഡയിലോ ചെറുചൂടുള്ള വെള്ളത്തിലോ ചേര്‍ക്കുക, ഇത് മലബന്ധം ഒഴിവാക്കാന്‍ സഹായിക്കും. പല്ലിനെ ആരോഗ്യത്തോടെ സൂക്ഷിക്കാന്‍ കഴിയുന്ന ധാരാളം ഗുണങ്ങള്‍ നാരങ്ങയിലുണ്ട്. ഇത് ബ്ലീച്ചിംഗ് ഏജന്റാണ്, ഇത് പല്ലിന്റെ മഞ്ഞനിറത്തെ തടയുകയും ചികിത്സിക്കുകയും ചെയ്യുന്നു. വായ്‌നാറ്റം, ബാക്ടീരിയ, മോണയിലെ രക്തസ്രാവം, പല്ലുവേദന എന്നിവയ്‌ക്കെതിരേ പ്രകൃതിദത്തമായി പോരാടാനും ഇത് നിങ്ങളെ സഹായിക്കുന്നു. ഇതിനായി, ടൂത്ത് പേസ്റ്റിലേക്ക് കുറച്ച് തുള്ളി നാരങ്ങ നീര് ചേര്‍ത്ത് പല്ല് തേയ്ക്കുക. മുടിക്ക് നാരങ്ങ നീര് ധാരാളം ഗുണങ്ങള്‍ നല്‍കുന്നു. ഈ നീര് ശിരോചര്‍മ്മത്തില്‍ പുരട്ടുന്നത് താരന്‍, മുടി കൊഴിച്ചില്‍, ശിരോചര്‍മ്മത്തിലെ മറ്റ് പ്രശ്നങ്ങള്‍ എന്നിവയ്ക്ക് സഹായകമാകും. ശരീരഭാരം കുറയ്ക്കാനുള്ള കഴിവാണ് നാരങ്ങയുടെ ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യ ഗുണം. എല്ലാ ദിവസവും രാവിലെ ഒരു ഗ്ലാസ് നാരങ്ങ വെള്ളം കുറച്ച് തേന്‍ ചേര്‍ത്ത് വെറും വയറ്റില്‍ കുടിക്കുന്നത് നിങ്ങളുടെ മെറ്റബോളിസത്തെ വേഗത്തിലാക്കും. എല്ലാ ദിവസവും ഇത് പരിശീലിക്കുന്നത് വ്യായാമം ചെയ്യുമ്പോള്‍ അധിക ഭാരം കുറയ്ക്കുവാന്‍ നിങ്ങളെ സഹായിക്കും. സ്വാഭാവികമായും വൃക്കയിലെ കല്ല് ഉണ്ടാകുന്നത് തടയാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം നാരങ്ങയുടെ പതിവ് ഉപഭോഗമാണ്. നാരങ്ങയില്‍ സിട്രേറ്റിന്റെ ഏറ്റവും ഉയര്‍ന്ന സാന്ദ്രതയുണ്ട്, ഇത് വൃക്കയിലെ കല്ലുകള്‍ ഉണ്ടാകുന്നത് തുടക്കത്തില്‍ തന്നെ തടയുന്നു. ശരീരത്തില്‍ വെള്ളം നിലനിര്‍ത്തുന്നതിനെ ഫലപ്രദമായി നേരിടാന്‍ സഹായിക്കുന്നു. നിങ്ങളുടെ ശരീരത്തില്‍ ആരോഗ്യകരമായ പിഎച്ച് അളവ് നിലനിര്‍ത്താന്‍ സഹായിക്കുന്ന നാരങ്ങകളുടെ ക്ഷാര സ്വഭാവമാണ് ഇതിന് കാരണം. നിങ്ങളുടെ കരളിനും വൃക്കകള്‍ക്കും സ്വാഭാവികമായി ദുഷിപ്പുകള്‍ അകറ്റുവാന്‍ സഹായിക്കുന്ന ഡിടോക്സിഫൈയിംഗ് ഏജന്റായി പ്രവര്‍ത്തിക്കുവാന്‍ നാരങ്ങകള്‍ക്ക് കഴിയും. രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താന്‍ നാരങ്ങയിലെ വിറ്റാമിന്‍ സി നിങ്ങളെ സഹായിക്കും.

*ശുഭദിനം*

*കവിത കണ്ണന്‍*

ആ വ്യാപാരി ദിവസവും രാവിലെ കുറെ നേരം പ്രാര്‍ത്ഥിക്കും. പിന്നീട് ഉച്ചവരെ കട തുറക്കും. ഉച്ചകഴിഞ്ഞ് സന്നദ്ധ പ്രവര്‍ത്തനത്തിനിറങ്ങും. ഒരിക്കല്‍ നാട്ടിലെ ധനികന്‍ എത്തി വ്യാപാരിയുടെ തലയില്‍ ഒരു തൊപ്പിവെച്ചുകൊടുത്തിട്ടുപറഞ്ഞു. ഇത് ഏറ്റവും വിഢ്ഢിയായ മനുഷ്യനുളള കിരീടമാണ്. താങ്കളല്ലാതെ മറ്റാരെങ്കിലും ഉച്ചവരെമാത്രം കട തുറന്നിരിക്കുമോ.. രാത്രിവരെ കടതുറന്നാല്‍ എത്രയധികം വരുമാനം ഉണ്ടാക്കാന്‍ സാധിക്കും. നിങ്ങളേക്കാള്‍ വിഢ്ഢിയായ ഒരാളെ എന്നെങ്കിലും കാണുകയാണെങ്കില്‍ അന്ന് ഈ തൊപ്പി അയാള്‍ക്ക് കൊടുക്കാം. വര്‍ഷങ്ങള്‍ കടന്നുപോയി. ധനികന്‍ രോഗബാധിതനായി. സന്ദര്‍ശനത്തിനെത്തിയ വ്യാപാരി ചോദിച്ചു. നിങ്ങള്‍ മരിച്ചുപോകുമ്പോള്‍ നിങ്ങളുടെ കൂടെപോരുന്ന എന്തെങ്കിലും നിങ്ങള്‍ സമ്പാദിച്ചിട്ടുണ്ടോ? ഭാര്യയോ മക്കളോ പോരുമോ? സാമ്പാദിച്ചുവെച്ച ധനം നിങ്ങള്‍ കുടെ കൊണ്ടുപോകാന്‍ പറ്റുമോ? വ്യാപാരി ഇല്ലെന്ന് മറുപടി നല്‍കി. ഇപ്പോള്‍ ഞാന്‍ എന്നേക്കാള്‍ വിഢ്ഢിയായ ഒരു മനുഷ്യനെ കണ്ടുമുട്ടിയിരിക്കുന്നു. നിങ്ങള്‍ സമ്പാദിച്ചതൊന്നും നിങ്ങളുടെ കൂടെ പോരില്ല. പക്ഷേ ഞാന്‍ ചെയ്ത പ്രവര്‍ത്തികളുടെ പേര് എന്റെ കൂടെയുണ്ടാകും. വിനിമയ ശേഷിയാണ് സമ്പാദനമികവിനേക്കാള്‍ പ്രസക്തം. രണ്ടു തരം നിക്ഷേപങ്ങളുണ്ട്. ഒന്ന് നിര്‍ജ്ജീവവും രണ്ട് ക്രിയാത്മകവും. ലാഭമാണ് നിര്‍ജ്ജീവ നിക്ഷേപത്തിന്റെ മുഖമുദ്ര. ഏറ്റവും അധികം ലാഭം കിട്ടുന്നിടത്താകും നിക്ഷേപം മുഴുവന്‍. പ്രയോജനമാണ് ക്രിയാത്മക നിക്ഷേപത്തിന്റെ താങ്ങുവില. ഓരോ മരണവും ജീവിച്ചിരിക്കുന്നവര്‍ക്കുള്ള സന്ദേശമാണ്. ചരമപ്രസംഗത്തില്‍ ആരും സമ്പാദ്യത്തെക്കുറിച്ച് സംസാരിക്കാറില്ല. സത്കര്‍മ്മങ്ങളെക്കുറിച്ചാണ് വാചാലമാകുക. എല്ലാവരും എല്ലാറ്റിന്റയെും കാവല്‍ക്കാര്‍ മാത്രമാണ്. മരണശേഷവും നിലനില്‍ക്കുന്ന ഒന്നും തന്നെ ജീവിച്ചിരിക്കുമ്പോള്‍ ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ പിന്നെന്തിനാണ് ജീവിതം.. സമ്പാദിക്കുന്നതോടൊപ്പം തന്നെ, അത് പങ്കുവെയ്ക്കാനും നമുക്ക് ശീലിക്കാം – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *