◾സര്‍ക്കാര്‍ ജീവനക്കാരുടെ ആശ്രിത നിയമനം നിയന്ത്രിക്കാനും നാലാം ശനിയാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി നല്‍കാനുമുള്ള സര്‍ക്കാര്‍ നിര്‍ദേശം സര്‍വീസ് സംഘടനകള്‍ തള്ളി. ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിലാണ് സംഘടനാ നേതാക്കള്‍ എതിര്‍പ്പ് അറിയിച്ചത്. നാലാം ശനി അവധി ദിനമാക്കാന്‍ പ്രവൃത്തി ദിനങ്ങളില്‍ 15 മിനിട്ട് അധികം ജോലി, വര്‍ഷത്തില്‍ അഞ്ചു ക്യാഷ്വല്‍ ലീവ് കുറക്കല്‍ എന്നീ ഉപാധികള്‍ അംഗീകരിക്കില്ലെന്നു സംഘടനകള്‍. മരിച്ചാല്‍ ഒരു വര്‍ഷത്തിനകം ജോലി കിട്ടാന്‍ അര്‍ഹതയുള്ളവര്‍ക്കു മാത്രമായി ആശ്രിത നിയമനം പരിമിതപ്പെടുത്തണമെന്ന നിര്‍ദേശവും തള്ളി. ഒഴിവു വരുന്ന തസ്തികകളില്‍ അഞ്ചു ശതമാനത്തില്‍ താഴെ മാത്രമെ ആശ്രിത നിയമനം നടത്താവുവെന്നാണു ഹൈക്കോടതി വിധി. ഒരു വര്‍ഷത്തിനകം നിയമനം സാധ്യമല്ലെങ്കില്‍ പത്തു ലക്ഷം രൂപ ആശ്രിത ധനം നല്‍കാമെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
◾ഇടുക്കി ജില്ലയിലെ ഭൂവിനിയോഗ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ 1960 ലെ ഭൂപതിവ് നിയമം ഭേദഗതി ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണു തീരുമാനമെടുത്തത്. വകമാറ്റിയുള്ള ഉപയോഗം ക്രമീകരിക്കുന്നതിന് ചട്ടങ്ങളുണ്ടാക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന നിയമ ഭേദഗതിയാണ് 23 ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ പാസാക്കുക.
◾സംസ്ഥാനത്തെ എട്ടാം ക്ലാസുകള്‍ യുപി വിഭാഗത്തിലാക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പിലീല്‍ അടുത്ത മാസം 22 ന് സുപ്രീം കോടതി വാദം കേള്‍ക്കും. കേന്ദ്രനിയമം ഉണ്ടായിട്ടും സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് കെഇആര്‍ പ്രകാരമാണെന് കാട്ടി യുപി സ്‌കൂളുകളാണ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചത്.
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾ബഫര്‍സോണ്‍ സംബന്ധിച്ച് ഇതുവരെ സര്‍ക്കാരിനു ലഭിച്ചത് 76,378 പരാതികള്‍. പരാതികളില്‍ ചിലത് ഇരട്ടിപ്പാണെന്നാണ് അധികൃതരുടെ വാദം.
◾കഴിഞ്ഞ വര്‍ഷം ആദ്യ പത്തു മാസത്തിനിടെ 1.83 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചെന്ന് കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭ്. ഇന്ത്യക്കാര്‍ പൗരത്വം ഉപേക്ഷിക്കുന്നത് എന്തുകൊണ്ടാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
◾ശശി തരൂരിനു പിറകേ, ഇനി നിയമസഭയിലേക്കു മല്‍സരിക്കുമെന്നു കോണ്‍ഗ്രസ് നേതാക്കള്‍ സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നതു ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന ശശി തരൂരിന്റെ പ്രഖ്യാപനത്തിനു പിറകേ, ടി.എന്‍. പ്രതാപന്‍ എംപിയും നിയമസഭയിലേക്കു താല്‍പര്യം പ്രകടിപ്പിച്ചിരിക്കേയാണ് സതീശന്റെ പ്രതികരണം. രാജ്മോഹന്‍ ഉണ്ണിത്താന്‍, അടൂര്‍ പ്രകാശ് അടക്കമുള്ള എംപിമാരും നിയമസഭാ തെരഞ്ഞെടുപ്പാണു ലക്ഷ്യമിട്ടിരിക്കുന്നത്.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
◾താരസംഘടനയായ അമ്മ നാലര കോടി രൂപ ജിഎസ്ടി വെട്ടിച്ചെന്ന പ്രചാരണം അസംബന്ധമാണെന്ന് അമ്മ സെക്രട്ടറി ഇടവേള ബാബു. അമ്മയ്ക്കു ജിഎസ്ടി രജിസ്ട്രേഷന്‍ ഉണ്ട്. 20 ലക്ഷം രൂപയില്‍ കുറവു വരുമാനമുള്ളതിനാല്‍ ജിഎസ്ടി ബാധകമല്ലെന്നാണു നിയമം. പത്തു വര്‍ഷത്തെ വരുമാന വിവരം ജിഎസ്ടി വകുപ്പ് ആരാഞ്ഞിരുന്നു. ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ കൈമാറിയിട്ടുണ്ട്. പ്രോഗ്രാം അവതരിപ്പിച്ചതിനു ടാക്സ് അടച്ചശേഷം മലയാള മനോരമ തന്ന സംഭാവനയ്ക്കു ടാക്സ് അടയ്ക്കണമെന്നാണു ജിഎസ്ടിയുടെ ആവശ്യം. ടാക്സ് അടച്ചതിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്. ഇനിയും നടപടി തുടരുകയാണെങ്കില്‍ കോടതിയെ സമീപിക്കേണ്ടിവരുമെന്ന് ഇടവേള ബാബു പറഞ്ഞു.
◾സംവിധായിക നയന സൂര്യന്റെ മരണത്തില്‍ നടപടി ആവശ്യവുമായി നയനയുടെ കുടുംബം മുഖ്യമന്ത്രിയെ കണ്ടു. അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. അന്വേഷണം ശരിയായ രീതിയില്‍ നീങ്ങിയില്ലെങ്കില്‍ കേസ് സിബിഐക്ക് വിടണമെന്നും കുടുംബം ആവശ്യപ്പെട്ടു.
◾സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗത ഗാന അവതരണം സംബന്ധിച്ച് അന്വേഷണം നടത്തി ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കി. സ്വാഗത ഗാനത്തിന്റെ ട്രയല്‍ കണ്ട ഡയറക്ടറെ തന്നെയാണ് അന്വേഷണത്തിനും നിയോഗിച്ചത്.
◾കലോത്സവ ഭക്ഷണത്തിന്റെ പേരില്‍ ചിലര്‍ വെറുതെ വിവാദമുണ്ടാക്കിയെന്നും മികച്ച കരിയര്‍ റെക്കോര്‍ഡുള്ള പഴയിടം മോഹനന്‍ നമ്പൂതിരിയെ ക്രൂശിക്കാന്‍ ശ്രമിച്ചെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവന്‍ കുട്ടി. വൈവിധ്യങ്ങളുടെ മേളയാണ് കലോത്സവം. ഇനിയും ഈ വിഷയത്തില്‍ കടിച്ചു തൂങ്ങുന്നവരുടെ അജണ്ട തിരിച്ചറിയാനുള്ള മതേതര മനസ് കേരളത്തിനുണ്ടെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
◾പട്ടിണി കിടക്കുന്നവന്‍ ക്രിക്കറ്റ് കാണാന്‍ വരേണ്ടെന്നു പറഞ്ഞ കായിക മന്ത്രി അബ്ദുറഹ്‌മാനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് കേരളത്തിന് അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിപിഎം സമ്പന്നര്‍ക്കൊപ്പമായെന്നും സതീശന്‍ അഭിപ്രായപ്പെട്ടു.
◾തമിഴ്നാട്ടില്‍ ഉള്‍പെടെ ഗവര്‍ണര്‍മാരുടെ ഇടപെടല്‍ ജനാധിപത്യത്തിന് എതിരാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. വിഷയത്തില്‍ രാവിലെ രൂക്ഷമായി പ്രതികരിച്ച കുഞ്ഞാലിക്കുട്ടി ഉച്ചയ്ക്കുശേഷവും വിമര്‍ശനം ആവര്‍ത്തിച്ചു.
◾യുഡിഎഫില്‍ മുസ്ലീം ലീഗിനു കോണ്‍ഗ്രസിനോടു ഭിന്നാഭിപ്രായമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഭിന്നത ചൂണ്ടിക്കാണിച്ചെന്നേയുള്ളൂവെന്നും അല്ലാതെ ലീഗിനേയോ യുഡിഎഫിലെ ഏതെങ്കിലും പാര്‍ട്ടിയേയോ എല്‍ഡിഎഫിലേക്കു ക്ഷണിക്കുന്നതല്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. ഗവര്‍ണറുടെ നിലപാടിനെ കോണ്‍ഗ്രസ് അനുകൂലിക്കുമ്പോള്‍ ആര്‍എസ്പിയും മുസ്ലീം ലീഗും എതിര്‍ക്കുകയാണെന്നും ഗോവിന്ദന്‍ പറഞ്ഞു.
◾കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ആറാം പതിപ്പിന് നാളെ കോഴിക്കോട് ബീച്ചില്‍ തുടക്കമാകും. വൈകിട്ട് ആറരയ്ക്കു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രിമാര്‍ക്കു പുറമേ, പോപ്പ് ഗായിക ഉഷ ഉതുപ്പ്, ഗീതാജ്ഞലി, കെ.ആര്‍.മീര, അദാ യോനാഥ്, സുധ മൂര്‍ത്തി എന്നിവര്‍ പങ്കെടുക്കും. കോഴിക്കോട് ബീച്ചില്‍ ആറ് വേദികളിലുള്ള ഫെസ്റ്റ് 15 നു സമാപിക്കും. 12 രാജ്യങ്ങളില്‍ നിന്നായി അഞ്ഞൂറോളം പ്രഭാഷകര്‍ പങ്കെടുക്കും.
◾പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരത്തില്‍ 12 മണിക്കൂര്‍കൊണ്ട് 4500 കിക്ക് എടുത്ത് ഗിന്നസ് ലോക റെക്കോഡ് നേടി മലപ്പുറം. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ രാവിലെ ഏഴിന് ആരംഭിച്ച ഡ്രീം ഗോള്‍ ഉദ്യമത്തില്‍ മലപ്പുറം ജില്ലയിലെ സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികളും പൊതുജനങ്ങളുമാണ് പങ്കെടുത്തത്.
◾ലഹരിക്കടത്തു കേസില്‍ കുടുങ്ങിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ നടപടി. പാന്‍മസാല കടത്തില്‍ പ്രതിയായ ഇജാസിനെ സിപിഎമ്മില്‍നിന്ന് പുറത്താക്കി. സിപിഎം ആലപ്പുഴ സീവ്യൂ വാര്‍ഡ് പടിഞ്ഞാറ് ബ്രാഞ്ച് കമ്മറ്റി അംഗമായിരുന്നു ഇജാസ്. വാഹനം വാടകയ്ക്ക് നല്‍കിയ സിപിഎം കൗണ്‍സിലര്‍ എ ഷാനവാസിനെ സിപിഎം സസ്പെന്‍ഡ് ചെയ്തു.
ഒന്നരക്കോടി രൂപയുടെ ലഹരിക്കടത്തിലാണ് സിപിഎമ്മുകാര്‍ പ്രതികളായത്.
◾തൃശൂര്‍ പൂരത്തിന്റെ വിശ്വവിഖ്യാതമായ ഇലഞ്ഞിത്തറമേളത്തിന്റെ പ്രമാണി സ്ഥാനം ഇനി കിഴക്കൂട്ട് അനിയന്‍ മാരാര്‍ക്ക്. 25 വര്‍ഷമായി പ്രമാണ സ്ഥാനം വഹിച്ച പെരുവനം കുട്ടന്‍ മാരാരെ നീക്കിയാണ് പാറമേക്കാവ് ദേവസ്വം അനിയന്‍ മാരാര്‍ക്ക് അവസരം നല്‍കിയത്. 78 വയസുള്ള അനിയന്‍ മാരാര്‍ക്ക് ഒരു വട്ടമെങ്കിലും പ്രമാണി സ്ഥാനം നല്‍കണമെന്ന അഭ്യര്‍ത്ഥന മാനിച്ചാണ് മാറ്റമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ് പറഞ്ഞു. 1961 മുതല്‍ അറുപതിലേറെ വര്‍ഷം കിഴക്കൂട്ട് അനിയന്‍ മാരാര്‍ തൃശൂര്‍ പൂരത്തിലെ വാദ്യകലാകാരനാണ്.
◾തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ ലൈസന്‍സ് ഇല്ലാതെ കതിന പൊട്ടിക്കുന്നതിനു പോലീസിന്റെ വിലക്ക്. വെടിമരുന്ന് ലൈസന്‍സ് ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ക്ഷേത്രഭാരവാഹികള്‍ക്ക് പൊലീസ് നോട്ടീസ് നല്‍കി. ശബരിമലയില്‍ കതിന പൊട്ടിയുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
◾തൃശൂരിലെ സേഫ് ആന്‍ഡ് സ്ട്രോംഗ് നിക്ഷേപത്തട്ടിപ്പിലെ മുഖ്യപ്രതി പ്രവീണ്‍ റാണയുടെ കൂട്ടാളി അറസ്റ്റില്‍. വെളുത്തൂര്‍ സ്വദേശി സതീശിനെയാണ് വിയ്യൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ പാലാഴിയിലെ വീട്ടില്‍ ഒളിപ്പിച്ചിരുന്ന നിക്ഷേപ രേഖകളും പിടിച്ചെടുത്തു.
◾കോഴിക്കോട് പേരാമ്പ്രയിലെ ബിജെപി യോഗത്തില്‍ പണപ്പിരിവിനെച്ചൊല്ലി കൈയ്യാങ്കളി. തന്റെ ഉടമസ്ഥതയിലുളള പെട്രോള്‍ പമ്പ് നിര്‍മാണത്തിനെതിരായ പ്രതിഷേധം അവസാനിപ്പിക്കാമെന്ന പേരില്‍ ഒരു ലക്ഷത്തി പതിനായിരം രൂപ ബിജെപി നേതാക്കള്‍ വാങ്ങിയെന്നും വീണ്ടും ആവശ്യപ്പെട്ട ലക്ഷം രൂപ നല്‍കാത്തതിനാലാണ് സമരമെന്നും ബിജെപി പ്രവര്‍ത്തകന്‍കൂടിയായ സംരംഭകന്‍ പ്രജീഷിന്റെ പരാതിയെച്ചൊല്ലിയായിരുന്നു കയ്യാങ്കളി. നേതാക്കള്‍ പണം വാങ്ങിയതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
◾മലപ്പുറം ജില്ലാ കുടുംബ കോടതിക്കു സമീപം ഭാര്യയുടെ ദേഹത്തു പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് പിടിയിലായി. മേലാറ്റൂര്‍ സ്വദേശി മന്‍സൂര്‍ അലിയാണ് അറസ്റ്റിലാണ്. ഇയാളുടെ ഭാര്യ റുബീനയാണ് ആക്രമണത്തിന് ഇരയായത്. ഇരുവരും 17 വര്‍ഷം മുമ്പാണ് വിവാഹിതരായത്.
◾പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഒന്നേമുക്കാല്‍ കിലോ ചരസ് പിടികൂടി. ഷാലിമാര്‍ – തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനില്‍ ഉടമസ്ഥനില്ലാത്ത ബാഗില്‍ നിന്നാണ് ഒന്നരക്കോടിയോളം വില വരുന്ന ചരസ് കണ്ടെത്തിയത്.
◾മണ്ണാര്‍ക്കാട് മധു കേസില്‍ പുനരന്വേഷണം നടത്തിയ ഡിവൈഎസ്പി പി ശശി കുമാറിനെ വിസ്തരിച്ചു. കേസില്‍ തുടരന്വേഷണം നടത്തി സപ്ലിമെന്ററി കുറ്റപത്രം തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ചത് ശശി കുമാറായിരുന്നു.
◾കണ്ണൂര്‍ മലപ്പട്ടത്ത് ഭക്ഷ്യവിഷബാധയേറ്റ് 25 പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സ തേടി. കഴിഞ്ഞ ദിവസം 20 പേര്‍ ചികിത്സ തേടിയിരുന്നു. ഞായറാഴ്ച മലപ്പട്ടം കുപ്പത്തു നടന്ന വിവാഹ വിരുന്നില്‍ ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യബാധ ഏറ്റത്.
◾ഇടുക്കിയില്‍ ബന്ധുവായ പെണ്‍കുട്ടിക്കു മദ്യം നല്‍കി മയക്കിയശേഷം പീഡിപ്പിച്ച വിമുക്തഭടന് അതിവേഗ കോടതി 66 വര്‍ഷം കഠിനതടവും 80,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കോതമംഗലം കുത്തുകുഴി സ്വദേശി 38 കാരനെയാണ് ഇടുക്കി പൈനാവ് അതിവേഗ കോടതി ശിക്ഷിച്ചത്.
◾തലശ്ശേരിയില്‍ എട്ടു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കോഴിക്കോട് കൊടുവള്ളി സ്വദേശി മൂഹമ്മദിനെയാണ് തലശ്ശേരി പൊലീസ് അറസ്റ്റു ചെയ്തത്.
◾വിചാരണ പൂര്‍ത്തിയാക്കിയ കേസില്‍ വിധി പ്രസ്താവിക്കുന്നതു രണ്ടു മാസം വൈകിയതില്‍ മാപ്പു പറഞ്ഞ് സുപ്രീം കോടതി ജഡ്ജി ബി ആര്‍ ഗവായ്. ചണ്ഡീഗഡില്‍ വീടുകള്‍ അപ്പാര്‍ട്ടുമെന്റുകളായി മാറ്റുന്നതിനെതിരേ നല്‍കിയ കേസിന്റെ വിധി പ്രസ്താവമാണു നീണ്ടുപോയത്. പാരിസ്ഥിതിക ആഘാതമുണ്ടാക്കുന്ന വിഷയങ്ങളില്‍ കേന്ദ്രവും സംസ്ഥാനങ്ങളും പ്രത്യേകം ശ്രദ്ധ പതിപ്പിക്കണം. അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും പ്രാധാന്യം വേണം. കോടതി അഭിപ്രായപ്പെട്ടു.
◾റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കല്‍ ദേബബ്രത പത്രയുടെ കാലാവധി ഒരു വര്‍ഷത്തേക്കുകൂടി നീട്ടി. മൂന്നു വര്‍ഷത്തെ കാലാവധി ജനുവരി 14 ന് അവസാനിക്കാനിരിക്കെയാണ് നടപടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള ക്യാബിനറ്റ് അപ്പോയിന്റ്‌മെന്റ് കമ്മിറ്റിയാണ് പത്രയെ വീണ്ടും നിയമിച്ചത്.
◾വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഈ മാസം 15 മുതല്‍ 17 വരെ സൗദി അറേബ്യ സന്ദര്‍ശിക്കും.
◾ഡല്‍ഹിയില്‍ എടിഎമ്മിലേക്കു പണവുമായി എത്തിയ വാഹനം ആക്രമിച്ച് വന്‍ കവര്‍ച്ച. വാഹനത്തിന്റെ സുരക്ഷ ജീവനക്കാരനെ വെടിവച്ചു കൊന്നശേഷം എട്ടു ലക്ഷം രൂപ കവര്‍ന്നു. സുരക്ഷ ജീവനക്കാരനായ ജയ് സിങ്ങാണ് കൊലപ്പെട്ടത്. വസീറാബാദ് ഫ്ലൈ ഓവറിനു സമീപമായിരുന്നു ആക്രമണം.
◾മോഷണകേസിലെ പ്രതിയുടെ കുത്തേറ്റ് ഡല്‍ഹിയില്‍ എഎസ്ഐ മരിച്ചു. മോഷണക്കേസിലെ പ്രതിയായ അനീഷിനെ പിടികൂടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് എ എസ് ഐക്ക് കുത്തേറ്റത്. മയാപുരിയില്‍ കുത്തേറ്റ എ എസ് ഐ ശംഭു ദയാല്‍ ചികിത്സയിലായിരുന്നു.
◾ശ്രീലങ്കക്കു പിറകേ പാകിസ്ഥാനിലും കടുത്ത സാമ്പത്തിക പ്രതിസന്ധി. കടുത്ത വിലക്കയറ്റവും വിദേശനാണ്യ ശേഖരത്തിലെ തകര്‍ച്ചയും വിദേശകടബാധ്യതയും പിറകേ എത്തിയ പ്രളയവും പാകിസ്ഥാന് തിരിച്ചടിയായി. സഹായത്തിനായി സൗദിയെയും ചൈനയെയും സമീപിച്ചിരിക്കുകയാണ് പാകിസ്ഥാന്‍.
◾ചരിത്രത്തിലെ ഏറ്റവും വലിയ വ്യക്തിഗത സാമ്പത്തിക നഷ്ടത്തില്‍ ലോക റിക്കാര്‍ഡിട്ട് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. 2021 നവംബര്‍ മുതല്‍ മസ്‌കിന് 18,000 കോടി ഡോളര്‍ നഷ്ടപ്പെട്ടെന്നാണു ഫോബ്‌സിന്റെ കണക്കുകള്‍. അതായത് ഏകദേശം 15 ലക്ഷം കോടി രൂപ. ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ്സ് ഇതു ലോക റിക്കാര്‍ഡായി പ്രഖ്യാപിച്ചു. ഇലോണ്‍ മസ്‌കിന്റെ ആസ്തി 2021 നവംബറിലെ 32,000 കോടി ഡോളറില്‍ നിന്ന് ഈ മാസം വരെ 13,700 കോടി ഡോളറായി കുറഞ്ഞു. ടെസ്ല ഓഹരികളുടെ വിലത്തകര്‍ച്ചയാണു കാരണം.
◾ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 63 റണ്‍സിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഉയര്‍ത്തിയ 374 റണ്‍സ് വിജയലക്ഷ്യത്തിനെതിരെ ബാറ്റേന്തിയ ശ്രീലങ്കക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സെടുക്കാനേ സാധിച്ചുള്ളു. ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറിനു മുന്നില്‍ പകച്ചു നില്‍ക്കാതെ പോരാടി പുറത്താകാതെ 108 റണ്‍സ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദശുന്‍ ഷനകയുടെ പോരാട്ടമാണ് ശ്രീലങ്കയുടെ തോല്‍വി ഭാരം കുറച്ചത്. നേരത്തെ 73 ാം സെഞ്ച്വറി നേടിയ വിരാട് കോലിയുടേയും അര്‍ദ്ധ സെഞ്ച്വറി നേടിയ ഓപ്പണര്‍മാരായ രോഹിത് ശര്‍മയുടേയും ശുഭാമാന്‍ഗില്ലിന്റേയും പ്രകടനമാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. കോലി 87 പന്തില്‍ നിന്ന് 113 റണ്‍സ് നേടിയപ്പോള്‍ രോഹിത് 67 പന്തില്‍ നിന്ന് 83 റണ്‍സും ഗില്‍ 60 പന്തില്‍ നിന്ന് 70 റണ്‍സും നേടി.
◾മാര്‍വല്‍ സ്റ്റുഡിയോയുടെ ‘ആന്റ് മാന്‍ ആന്റ് വാസ്പ്: ക്വാണ്ടമാനിയ’ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ ട്രെയിലര്‍ പുറത്തുവന്നു. മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സിന്റെ അഞ്ചാം ഘട്ടം ആരംഭിക്കുന്നത് ഈ ചിത്രത്തോടെയാണ് എന്നാണ് നേരത്തെ തന്നെ മാര്‍വല്‍ വ്യക്തമാക്കിയത്. മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സലിലെ ഏറ്റവും ശക്തനായ വില്ലന്‍ എന്ന് അവകാശപ്പെടുന്ന കാങ് ദി കോണ്‍ക്വററിനെ പരിചയപ്പെടുത്തുന്ന ആദ്യ എംസിയു ചിത്രം ആണ് ആന്റ് മാന്‍ ആന്റ് വാസ്പ്: ക്വാണ്ടമാനിയ എന്ന് ഉറപ്പിക്കുന്നതാണ് ചിത്രത്തിന്റെ ട്രെയിലര്‍. ജോനാഥന്‍ മേജേഴ്സാണ് ഈ റോള്‍ ചെയ്യുന്നത്. പോള്‍ റൂഡും, ഇവാഞ്ചലിന്‍ ലില്ലിയും ആന്റ്മാനും വാസ്പുമായി വീണ്ടും സ്‌ക്രീനില്‍ എത്തുന്ന ചിത്രത്തില്‍ മിഷേല്‍ ഫൈഫര്‍, മൈക്കല്‍ ഡഗ്ലസ്,കാത്രിന്‍ ന്യൂട്ടണ്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. അബദ്ധവശാല്‍ നടത്തുന്ന പരീക്ഷണത്തിലൂടെ ഇവര്‍ ക്വാണ്ടം റെലത്തില്‍ എത്തുന്നതും തുടര്‍ന്ന് സംഭവിക്കുന്ന കാര്യങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. പെയ്റ്റണ്‍ റീഡ് സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 17-ന് തിയേറ്ററുകളില്‍ എത്തും.
◾കേരളത്തില്‍ വന്‍ ആഘോഷമായി വിജയ് ചിത്രം വാരിസ്. നാനൂറിലധികം സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. റിലീസ് ആകുന്ന ആദ്യ ദിനം തന്നെ എല്ലാ ഷോകളും ഹൗസ്ഫുള്‍ ആണ്. ജനുവരി 11നാണ് ചിത്രം റിലീസ് ചെയ്യുന്നത്. കേരളത്തില്‍ നാല് മണിക്കാണ് ആദ്യ ഷോ ആരംഭിക്കുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള തമിഴ് നടനാണ് വിജയ്. ഒരു മാസ് ഫാമിലി എന്റര്‍ടെയ്നറായ ചിത്രം സംവിധാനം ചെയ്യുന്നത് പൈഡിപ്പള്ളിയാണ്. രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായിക. വളര്‍ത്തച്ഛന്‍ മരിച്ചതിനെ തുടര്‍ന്ന് കോടിക്കണക്കിന് ഡോളര്‍ ബിസിനസ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് രാജേന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിക്കുന്നത്. നടന്‍ ശരത് കുമാറാണ് അച്ഛന്റെ വേഷം ചെയ്യുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജും ശിരീഷും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
◾ടിവിഎസ് മെട്രോ പ്ല0സ് 110 മോട്ടോര്‍സൈക്കളിനെ ബംഗ്ലാദേശില്‍ അവതരിപ്പിച്ച് ടിവിഎസ് മോട്ടോഴ്സ്. പുതിയ ടിവിഎസ് മെട്രോ പ്ലസ് 110-ന് രൂപവും പ്രീമിയം 3ഡ്ി ലോഗോയും സ്റ്റൈലിഷ് ഡ്യുവല്‍-ടോണ്‍ മസ്‌കുലര്‍ ഫ്യുവല്‍ ടാങ്കും ഉള്ള ഉയര്‍ന്ന സ്റ്റൈലിഷ് ഘടകങ്ങളും ഉണ്ടെന്നും കമ്പനി പറയുന്നു. ഓള്‍-ഗിയര്‍ ഇലക്ട്രിക് സ്റ്റാര്‍ട്ട്, അലുമിനിയം ഗ്രാബ് റെയില്‍, ക്രോം മഫ്‌ളര്‍ ഗാര്‍ഡ്, സ്‌പോര്‍ട്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിങ്ങനെ ആകര്‍ഷകമായ ഫീച്ചറുകളുടെ ഒരു നിര ഈ മോട്ടോര്‍സൈക്കിളില്‍ ഉണ്ട്. ഇലക്ട്രിക് സ്റ്റാര്‍ട്ട് അലോയി വീല്‍ വേരിയന്റുകളില്‍ മോട്ടോര്‍സൈക്കിള്‍ ലഭ്യമാകും. കൂടാതെ രണ്ട് പുതിയ ഡ്യുവല്‍-ടോണ്‍ നിറങ്ങള്‍ ഉള്‍പ്പെടെ മൂന്ന് കളര്‍ സ്‌കീമുകളില്‍ വരും. ടിവിഎസ് മെട്രോ പ്ലസ്, അതിന്റെ ആദ്യ ലോഞ്ച് മുതല്‍ ബംഗ്ലാദേശില്‍ 1.2 ലക്ഷം യൂണിറ്റുകള്‍ വിറ്റിട്ടുണ്ട്. 86 കിമി എന്ന മികച്ച ഇന്‍-ക്ലാസ് മൈലേജ് നല്‍കുന്നു. പുതിയ ടിവിഎസ് മെട്രോ പ്ലസ് 110 എല്ലാ ടിവിഎസ് ഓട്ടോ ബംഗ്ലാദേശ് ഷോറൂമുകളിലും ലഭ്യമാകും.
◾തോറോ എഴുതിയ നടത്തം, ഒരു ശിശിരനടത്തം, വാച്ചുസെറ്റിലേക്കുള്ള നടത്തം എന്നീ വിശിഷ്ടങ്ങളായ പ്രബന്ധങ്ങളുടെ സമാഹാരം. ‘ഇന്നുതൊട്ട് ഞാന്‍ എഴുതാന്‍
പോകുന്ന എല്ലാറ്റിനുമുള്ള ആമുഖം’ എന്ന് ഗ്രന്ഥകാരന്‍ തന്നെ വിശേഷിപ്പിച്ചിട്ടുള്ള നടത്തം പിന്നീട് ഹെന്റി ഡേവിഡ് തോറോയുടെ ഏറ്റവും മികച്ച രചനയായ വാല്‍ഡന്റെ ആണിക്കല്ലായി മാറി. പില്‍ക്കാലത്ത് രൂപംകൊണ്ട പാരിസ്ഥിതികാവബോധചിന്തകളെ ഏറെ സ്വാധീനിച്ച രചനകളുടെ പരിഭാഷ. പ്രകൃതിയില്‍ നിന്നകന്ന് സമൂഹത്തിലേക്ക് കൂടുതല്‍ കൂടുതല്‍ ആഴ്ന്നിറങ്ങുന്നത് മനുഷ്യന്റെ ഭാവിക്ക് വിനാശകരമാണെന്ന് തോറോ മുന്നറിയിപ്പു നല്‍കുന്നു. സാമൂഹികജീവിതത്തിന്റെ കെട്ടുപാടുകളില്‍നിന്ന് അകന്നുനില്ക്കുമ്പോള്‍മാത്രം സാദ്ധ്യമാകുന്ന ആത്മീയതയാണ് തോറോയുടെ ദര്‍ശനത്തിന്റെ കാതല്‍. ‘നടത്തം’. പരിഭാഷ- പി.പി.കെ പൊതുവാള്‍. മാതൃഭൂമി ബുക്സ്. വില 153 രൂപ.
◾ഭക്ഷണം ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പലരുടേയും ധാരണ. എന്നാല്‍ ഇത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കില്ലെന്നു മാത്രമല്ല, പോഷകങ്ങള്‍ നഷ്ടപ്പെടുത്തി ശരീരഭാരം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. നമ്മുടെ മസ്തിഷ്‌കം പ്രധാനമായും പ്രവര്‍ത്തിക്കുന്നത് ഗ്ലൂക്കോസിലാണ്. ഭക്ഷണം ഒഴിവാക്കുമ്പോള്‍, അത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാന്‍ കാരണമാകുന്നു. ഇതുകാരണം നിങ്ങള്‍ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നു. മാനസികാവസ്ഥയെയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ബാധിക്കുന്നു. സമയത്തിന് ഭക്ഷണം കഴിക്കാതിരുന്നാല്‍ നിങ്ങളുടെ മാനസികാവസ്ഥ മോശമാകും. ഈ സമയം നിങ്ങള്‍ക്ക് വിറയലും ഉത്കണ്ഠയും അനുഭവപ്പെട്ടേക്കാം. ഒരുനേരം ഭക്ഷണം ഒഴിവാക്കുമ്പോള്‍ അടുത്ത ഭക്ഷണ സമയത്ത് നിങ്ങള്‍ അമിതമായി ആഹാരം കഴിക്കുന്നു. അതുകൊണ്ട് ഭക്ഷണം ഒഴിവാക്കുന്നത് ഒരു തരത്തിലും നിങ്ങളെ സഹായിക്കില്ല. ഭക്ഷണം കഴിക്കുന്നില്ലെങ്കില്‍ അത് ശരീരത്തിന്റെ മെറ്റബോളിസം മന്ദഗതിയിലാകുന്നു. മന്ദഗതിയിലുള്ള മെറ്റബോളിസം ശരീരഭാരം കുറയ്ക്കില്ല, മറിച്ച് ശരീരഭാരം വര്‍ദ്ധിപ്പിക്കും. ഭക്ഷണം എന്നത് ശരീരത്തിന് ലഭിക്കുന്ന ഊര്‍ജ്ജമാണ്. ഇത് പിന്നീട് തലകറക്കത്തിനും കാരണമാകും. ഭക്ഷണം ഒഴിവാക്കുകയാണെങ്കില്‍, നമ്മുടെ ശരീരം കോര്‍ട്ടിസോളിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും നിങ്ങളെ സമ്മര്‍ദ്ദത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് ശരീരഭാരം കുറയ്ക്കണമെങ്കില്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കുക. ശരിയായ ഭക്ഷണക്രമവും വ്യായാമവും ശീലിച്ചാല്‍ മാത്രമേ ആരോഗ്യകരമായ രീതിയില്‍ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കൂ. ദിവസവും 4-5 തവണ ഭക്ഷണം കഴിക്കുക. കാരണം ഇത് നിങ്ങളുടെ വയറു നിറയ്ക്കാന്‍ മാത്രമല്ല, ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ഭക്ഷണങ്ങള്‍ തമ്മിലുള്ള ഇടവേള 4 മണിക്കൂറില്‍ കൂടുന്നില്ലെന്ന് ഉറപ്പാക്കുക.
*ശുഭദിനം*
*കവിത കണ്ണന്‍*
അവര്‍ കടലിലൂടെ യാത്രചെയ്യുകയായിരുന്നു. ശക്തമായ തിരമാലകള്‍ക്കിടയിലൂടെ കടലില്‍ യാത്ര ചെയ്യുന്നതിനിടെ ഗുരു ശിഷ്യനോട് ചോദിച്ചു: ഈ തിരകള്‍ നിന്നെ എന്താണ് പഠിപ്പിക്കുന്നത്? ശിക്ഷ്യന്‍ പറഞ്ഞു: കാറ്റില്ലെങ്കില്‍ കടല്‍ ശാന്തമാണ്. ആഗ്രഹങ്ങളും ഭയവുമില്ലെങ്കില്‍ മനസ്സും. ഇത്രയും ശക്തമായ തിരകള്‍ക്കിടിയിലൂടെ ബോട്ട് യാത്ര നടത്താന്‍ നിനക്ക് ഇഷ്ടമാണോ? ഗുരു ചോദിച്ചു. അല്ല എന്ന് ശിഷ്യന്‍ മറുപടി പറഞ്ഞു. അപ്പോള്‍ ഗുരു പറഞ്ഞു: കടലിനെ ശാന്തമാക്കാന്‍ ആര്‍ക്കും കഴിയില്ല. മനസ്സ് ശാന്തമാക്കാന്‍ ആര്‍ക്കും അറിയുകയുമില്ല! ആത്മസംയമനത്തിന്റെ ബാലപാഠം പോലും പഠിക്കാതെ അപരനിയന്ത്രണത്തിന്റെ കുറുക്കുവഴികളും തേടി നടക്കുന്നതാണ് ചെറിയ പ്രതിസന്ധികളില്‍ പോലും ആളുകള്‍ വീണുപോകാന്‍ കാരണം. ചിന്തകളും ആഗ്രഹങ്ങളും ഭയവുമാണ് മനസ്സിന്റെ സമനില നിര്‍ണ്ണയത്തിലെ പ്രധാന ഘടകങ്ങള്‍. അനാരോഗ്യകരമായ ചിന്തകളും അനഭിലഷണീയമായ ആഗ്രങ്ങളും അകാരണമായ ഭയവും ആരുടെ മനസ്സിനേയും ദുര്‍ബലപ്പെടുത്തു. അഭിനിവേശങ്ങളേയും പ്രവര്‍ത്തന മണ്ഡലങ്ങളേയും തിരുത്തുക എന്നതാണ് പരിഹാരം. ചിന്തിച്ചുവലുതാക്കുന്നതിന്റെ അത്രയും വലുപ്പം ഒരു പ്രശ്‌നത്തിനുമില്ല. ചില വിഷയങ്ങള്‍ അവഗണിക്കേണ്ടിവരും, ചിലതിനു പരിഹാരമാകാന്‍ കാത്തിരിക്കേണ്ടിവരും. മറ്റുചിലതിനെ മറികടക്കേണ്ടിവരും. ഏന്തായാലും മനസ്സാണ് മരുന്ന്.. മനസ്സ് ചിലപ്പോള്‍ ശാന്തമാകണം… ചിലപ്പോള്‍ ബലപ്പെടണം.. മറ്റു ചിലപ്പോള്‍ ആര്‍ദ്രമാകണം.. ഓളമുണ്ടാകരുത് എന്ന് നിര്‍ബന്ധം പിടിക്കേണ്ട. ഉലയരുത് എന്ന തീരുമാനമാണ് വേണ്ടത്. നമുക്ക് ഉലയാതെ മുന്നോട്ട് പോകാം – ശുഭദിനം.