yt cover 15

ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശ നിരക്കായ റീപ്പോ നിരക്ക് 6.5 ശതമാനമായി. ഇത്തവണ കാല്‍ ശതമാനം വര്‍ധന. ആര്‍ബിയുടെ പണനയ സമിതി യോഗത്തിനുശേഷമാണ് ഗവര്‍ണര്‍ ശക്തികാന്ത ദാസ് നിരക്ക് വര്‍ധന പ്രഖ്യാപിച്ചത്. ഇതോടെ ബാങ്കുകള്‍ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ വീണ്ടും കൂട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ തെക്കന്‍ തുര്‍ക്കിയിലും വടക്കന്‍ സിറിയയിലുമായി മരണം 7800 കടന്നു. 20,000 പേര്‍ മരിച്ചിട്ടുണ്ടാകാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടല്‍. ഭൂചലനം 23 ദശലക്ഷം ആളുകളെ ബാധിക്കുമെന്ന് അഭിപ്രായപ്പെട്ട ലോകാരോഗ്യ സംഘടന, ദുരന്തമേഖലയിലേക്ക് സഹായം എത്തിക്കാന്‍ രാജ്യങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

രാഹുല്‍ ഗാന്ധിക്കെതിരേ നടപടി ആവശ്യപ്പെട്ട് ബിജെപി. വ്യവസായി ഗൗതം അദാനിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബന്ധമുണ്ടെന്ന് പാര്‍ലമെന്റില്‍ ആരോപണം ഉന്നയിച്ചതിനാണ് ബിജെപി എം.പി. നിഷികാന്ത് ദുബെ രാഹുല്‍ ഗാന്ധിക്കെതിരെ നടപടിയാവശ്യപ്പെട്ട് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്കു കത്തുനല്‍കിയത്. വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് ലോക്‌സഭയെ തെറ്റിദ്ധരിപ്പിക്കുക വഴി സഭാനിയമങ്ങള്‍ രാഹുല്‍ ലംഘിച്ചെന്നും ദുബെ കത്തില്‍ ചൂണ്ടികാട്ടി.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതി. തുടര്‍ ചികിത്സക്കായി ഉമ്മന്‍ചാണ്ടിയെ ബെംഗളൂരുവിലേക്ക് മാറ്റാന്‍ സാധ്യതയില്ലെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. നിംസ് ആശുപത്രിയിലെ ഒമ്പതംഗ പ്രത്യേക മെഡിക്കല്‍ സംഘത്തിന്റേയും സര്‍ക്കാര്‍ നിയോഗിച്ച ആറംഗ മെഡിക്കല്‍ സംഘത്തിന്റേയും നിരീക്ഷണത്തിലാണ് ഉമ്മന്‍ചാണ്ടിയെ പരിചരിക്കുന്നത്.

ലൈഫ് പദ്ധതിയില്‍ പുരോഗതിയില്ലെന്ന് പ്രതിപക്ഷം. ലൈഫ് എന്നാല്‍ കാത്തിരിപ്പ് എന്നാക്കി സര്‍ക്കാര്‍ ആവാക്കിന്റെ അര്‍ത്ഥം മാറ്റിയെന്ന് അടിയന്തരപ്രമേയത്തിന് അനുമതി തേടിയ പി കെ ബഷീര്‍ കുറ്റപ്പെടുത്തി. ആരോപണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.

ജഡ്ജിമാരുടെ പേരില്‍ കോഴ വാങ്ങിയെന്ന അഡ്വ. സൈബി ജോസിനെതിരായ കേസില്‍, പണം നല്‍കിയ സിനിമാ നിര്‍മ്മാതാവിനെ ചോദ്യം ചെയ്തു. കേസിലെ പ്രത്യേക അന്വേഷണ സംഘമാണ് നിര്‍മ്മാതാവിനെയും ഭാര്യയെയും ചോദ്യം ചെയ്തത്.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

പന്തീരാങ്കാവ് യുഎപിഎ കേസില്‍ എന്‍ഐഎക്ക് തിരിച്ചടി. കേസില്‍ ഒന്നാം പ്രതി അലൈന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം കൊച്ചിയിലെ എന്‍ഐഎ കോടതി തള്ളി. ജാമ്യം റദ്ദാക്കാന്‍ മതിയായ കാരണങ്ങളില്ലെന്ന് വ്യക്തമാക്കിയാണ് ഉത്തരവ്.

വിദേശ രാജ്യങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദ്യാര്‍ഥികളെ കേരളത്തിലേക്ക് കൊണ്ട് വരാന്‍ കേരളത്തെ വിദ്യാഭ്യാസ ഹബാക്കി മാറ്റാന്‍ ശ്രമിക്കുമെന്നും കേരളത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് ഒപ്പം പാര്‍ട്ട് ടൈം ജോലി ലഭിക്കുന്ന തരത്തില്‍ കരിക്കുലം പരിഷ്‌കരണം നടപ്പാക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. അതിനു മുന്നോടിയായി വിദേശ രാജ്യങ്ങളിലേക്ക് പഠനത്തിനും ജോലിക്കുമായി കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ ഒഴുക്ക് പഠിക്കാന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിനെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.

സാങ്കേതിക സര്‍വകലാശാല താല്‍കാലിക വൈസ് ചാന്‍സലര്‍ സിസ തോമസ് കാരണം സര്‍വകലാശാലയിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായിയെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍. വി സി ഏകപക്ഷീയമായി പെരുമാറുന്നുവെന്നും സിന്‍ഡിക്കേറ്റ് യോഗത്തിന്റേയും ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിന്റേയും തീരുമാനങ്ങളില്‍ ഒപ്പുവയ്ക്കുന്നില്ലെന്നും സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ കുറ്റപ്പെടുത്തി.

ഇന്ധന സെസിനെതിരെ അലയടിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം, കൊച്ചിയിലും പത്തനംതിട്ടയിലും സംഘര്‍ഷമുണ്ടായി. കൊച്ചിയില്‍ പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കുപ്പിയെറിഞ്ഞു. ബാരിക്കേഡ് മറിച്ചിടാനും ശ്രമം നടന്നു. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

യുവമോര്‍ച്ച നേതാവ് കെ ടി ജയകൃഷ്ണന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും രംഗത്ത്. കെടി ജയകൃഷ്ണന്‍ കൊലക്കേസില്‍ സി ബി ഐ അന്വേഷണം വേണമെന്ന് കഴിഞ്ഞ ദിവസം ബി ജെ പി ആവശ്യപ്പെട്ടിരുന്നു. കേസ് സി ബി ഐക്ക് വിടണമെന്ന ബി ജെ പി ജില്ലാ പ്രസിഡണ്ടിന്റെ ആവശ്യം ആത്മാര്‍ത്ഥതയില്ലാത്തതാണെന്നും ഡിസിസി പ്രസിഡണ്ട് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

തിരുവനന്തപുരത്ത് പരിശീലനത്തിനിടെ യന്ത്രത്തകരാറിനെ തുടര്‍ന്ന് വിമാനം ഇടിച്ചിറക്കി. രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയുടെ ചെറു പരിശീലന വിമാനമാണ് ഇടിച്ചിറക്കിയത്. ആര്‍ക്കും പരിക്കില്ല. ടേക്ക് ഓഫിനിടെ നിയന്ത്രണം വിടുകയായിരുന്നുവെന്നാണ് വിമാനത്താവള അധികൃതര്‍ അറിയിച്ചത്.

പരിസ്ഥിതി സൗഹൃദ നെയ്ത്തിലൂടെ ആയിരത്തിലധികം പേര്‍ക്ക് തൊഴിലും നെയ്ത്തറിവും നല്‍കി വന്ന പത്മശ്രീ ഗോപിനാഥന്‍ നായരുടെ വീടും പുരയിടവും തട്ടിയെടുത്തതായി ആരോപണം. 2007 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ച തിരുവനന്തപുരം മഞ്ചവിളാകത്ത് ഗോപിനാഥന്‍ നായരാണ് നിരവധി കേസുകളില്‍ പ്രതിയായ സുജിത്ത് കൃഷ്ണയ്ക്കെതിരെ നീതി തേടി എത്തിയിരിക്കുന്നത്. പരാതി നല്‍കിയാല്‍ കൊലപ്പെടുത്തുമെന്നാണ് ഭീഷണിയെന്നും ഇദ്ദേഹം പറയുന്നു.

ആരാധനാലയങ്ങള്‍ക്ക് സംഭാവനയായി ലഭിക്കുന്ന ഭൂമി കൈയ്യേറുന്നുവെന്നും ഇത് തടയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് മലയാളിയായ വാമന പ്രഭു സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. പല സംസ്ഥാനങ്ങളിലും ഭൂമാഫിയയാണ് ആരാധനാലയങ്ങളുടെ ഭൂമി കൈയ്യേറുന്നതെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്.

ഓണ്‍ലൈന്‍ വാതുവയ്പ്പ് ഗെയിമുകള്‍ നിയന്ത്രിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. ഇതിനായി കേന്ദ്രീകൃത നിയമം കൊണ്ടുവരാന്‍ ആലോചിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാര്‍ ചെലവില്‍ നിയമവിരുദ്ധമായി സമാന്തര അന്വേഷണ സംഘത്തെ ഉണ്ടാക്കിയതിനെതിരെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ കേസെടുക്കാനൊരുങ്ങി സിബിഐ. കേസെടുക്കാന്‍ സിബിഐ ദില്ലി ലഫ് ഗവര്‍ണറോട് അനുമതി തേടി. 2015ല്‍ അധികാരത്തിലെത്തിയതിന് പിന്നാലെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വിജിലന്‍സ് മേധാവിയായിരിക്കെയാണ് ദില്ലി എഎപി സര്‍ക്കാര്‍ രഹസ്യ ഫീഡ്ബാക്ക് യൂണിറ്റ് സ്ഥാപിച്ചത്.

ഡല്‍ഹി മദ്യ കുംഭകോണത്തില്‍ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കെ. കവിതയുടെ മുന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ സി.ബി.ഐ. അറസ്റ്റ് ചെയ്തു. ഹൈദരാബാദ് സ്വദേശിയായ ബുച്ചിബാബു ഗൊരണ്ട്ല ആണ് അറസ്റ്റിലായത്. ഡല്‍ഹിയില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ കവിതയും പ്രതിയാണ്.

ബിഗ് ബോസ് താരം രാഖി സാവന്ത് മുംബൈയിലെ പൊലീസ് സ്റ്റേഷന് മുന്നില്‍ ബോധംകെട്ടു വീണു. ഭര്‍ത്താവ് തന്റെ പണം മോഷ്ടിച്ചെന്ന് ആരോപിച്ച് രാഖി നല്‍കിയ പരാതിയില്‍ കഴിഞ്ഞ ദിവസം മുംബൈ പൊലീസ് ഇവരുടെ ഭര്‍ത്താവ് ആദില്‍ ദുറാനിയെ അറസ്റ്റ് ചെയ്തിരുന്നു. മുംബൈയിലെ ഒഷിവാര പോലീസ് സ്റ്റേഷന് മുന്നില്‍ സംഭവം വിശദീകരിക്കവെയാണ് രാഖി പൊലീസ് സ്റ്റേഷന് മുന്നില്‍ ബോധംകെട്ടു വീണത്.

കോയിന്‍ വെന്‍ഡിംഗ് മെഷിന്‍ പദ്ധതിയുമായി റിസര്‍വ് ബാങ്ക്. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് ഇക്കാര്യം അറിയിച്ചത്. നാണയങ്ങളുടെ വിതരണം പ്രോത്സാഹിപ്പിക്കുന്നതിനും നാണയങ്ങളുടെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് 12 നഗരങ്ങളില്‍ ക്യുആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള കോയിന്‍ വെന്‍ഡിംഗ് മെഷീന്‍ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുന്നത്.

ഇനി നമുക്ക് പശുവിനെ കെട്ടിപിടിച്ച് പ്രണയദിനം ആഘോഷിക്കാം. ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കാന്‍ ആഹ്വാനംചെയ്ത് കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ്. ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും പ്രാദേശിക സമ്പദ്വ്യവസ്ഥയുടെയും നട്ടെല്ലാണ് പശുവെന്നും മൃഗങ്ങളോടുള്ള അനുകമ്പ വളര്‍ത്തുകയാണു ലക്ഷ്യമെന്നും ബോര്‍ഡ് അറിയിച്ചു.

മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം സെലിബ്രിറ്റി ക്രിക്കറ്റ് ലീഗെത്തുന്നു. ഈ മാസം 19 നാണ് ഉദ്ഘാടന മല്‍സരം. കുഞ്ചാക്കോ ബോബനാണ് കേരള സ്ട്രൈക്കേഴ്സിന്റെ നായകന്‍.

ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയായ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്ക് നാളെ നാഗ്പൂരില്‍ തുടക്കം. നാല് ടെസ്റ്റുകളുള്ള പരമ്പര നാളെ രാവിലെ 9.30ന് ആരംഭിക്കും.

ഇന്ത്യയില്‍ നിന്നും വിദേശത്തെത്തിയവര്‍ക്ക് ഇനി മുതല്‍ യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഉപയോഗിച്ച് വിദേശ വ്യാപാരികള്‍ക്ക് പണം നല്‍കാം. ഇതോടെ ഉപയോക്താക്കള്‍ക്ക് അന്താരാഷ്ട്ര ഡെബിറ്റ് കാര്‍ഡുകള്‍ പോലെ ഇന്ത്യയിലെ ബാങ്കില്‍ നിന്ന് വിദേശ കറന്‍സിയില്‍ നേരിട്ട് പണമടയ്ക്കാന്‍ കഴിയും. ഇനി യുഎഇ, സിംഗപ്പൂര്‍, മൗറീഷ്യസ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളില്‍ ഇത്തരം ഫോണ്‍പേ ഇടപാടുകള്‍ നടത്താം. ഈ സേവനം ആരംഭിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ സാമ്പത്തിക സാങ്കേതിക ആപ്പാണ് ഫോണ്‍പേയെന്ന് കമ്പനി അറിയിച്ചു. നിലവില്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഒരു വിദേശ കറന്‍സിയോ, ക്രെഡിറ്റ് കാര്‍ഡോ അല്ലെങ്കില്‍ ഫോറെക്സ് കാര്‍ഡോ ഉപയോഗിച്ച് മാത്രമേ അന്താരാഷ്ട്ര വ്യാപാര സ്ഥാപനങ്ങളില്‍ പണമടയ്ക്കാന്‍ സാധിക്കൂ. ഫോണ്‍പേ ഉണ്ടെങ്കില്‍ ഇനി ഇതൊന്നും വേണ്ടിവരില്ല. കൂടുതല്‍ രാജ്യങ്ങളിലേക്ക് ഉപഭോക്താക്കള്‍ക്ക് അവരുടെ യുപിഐ ലിങ്ക് ചെയ്ത് ബാങ്ക് അക്കൗണ്ട് അന്താരാഷ്ട്ര യാത്രയ്ക്ക് മുമ്പായി ഫോണ്‍പേ ആപ്പ് വഴി സജീവമാക്കാം. ഇതിനായി യുപിഐ പിന്‍ നല്‍കേണ്ടതുണ്ട്. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ഇന്റര്‍നാഷണല്‍ പേയ്മെന്റ് ലിമിറ്റഡുമായി സഹകരിച്ച് കൂടുതല്‍ രാജ്യങ്ങളിലേക്ക് യുപിഐ ഇന്റര്‍നാഷണല്‍ അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നുണ്ട്.

ദിവസങ്ങള്‍ക്ക് മുന്‍പ് അവതരിപ്പിച്ച സാംസങ് എസ്23 ന് വിപണിയില്‍ വന്‍ നേട്ടമെന്ന് റിപ്പോര്‍ട്ട്. ബുക്കിങ് തുടങ്ങി ആദ്യ 24 മണിക്കൂറില്‍ തന്നെ 1400 കോടി രൂപയ്ക്കുള്ള 1.4 ലക്ഷം ഹാന്‍ഡ്സെറ്റുകളാണ് മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. ഇത് റെക്കോര്‍ഡ് നേട്ടമാണ്. പ്രീ-ബുക്കിങ്ങിന്റെ ആദ്യ ദിവസം തന്നെ 1,400 കോടി രൂപ ലഭിച്ചു. ഗ്യാലക്‌സി എസ് 22 നെ അപേക്ഷിച്ച് ഗ്യാലക്‌സി എസ് 23 ന്റെ പ്രീ-ബുക്കിങ് ഏകദേശം ഇരട്ടിയാണ്. ആദ്യ 24 മണിക്കൂറിനുള്ളില്‍ ഏകദേശം 1.4 ലക്ഷം ഹാന്‍ഡ്സെറ്റുകള്‍ പ്രീ-ബുക്ക് ചെയ്തു, ഇത് മുന്‍ പതിപ്പായ ഗ്യാലക്‌സി എസ് 22 നേക്കാള്‍ ഏകദേശം രണ്ട് മടങ്ങാണ്. ശരാശരി ഒരു ലക്ഷം രൂപ വിലയുള്ള ഹാന്‍ഡ്സെറ്റുകളാണ് അതിവേഗത്തില്‍ ബുക്കിങ് നടക്കുന്നത്. ഫെബ്രുവരി 23 വരെ ഗ്യാലക്‌സി എസ് 23 ഹാന്‍ഡ്സെറ്റുകളുടെ പ്രീ-ബുക്കിങ് തുടരും. ഗ്യാലക്‌സി എസ് 23 സീരീസിന്റെ ഇന്ത്യയിലെ ലോഞ്ച് വില 75,000 മുതല്‍ 1.55 ലക്ഷം രൂപ വരെയാണ്. 12 മെഗാപിക്സല്‍ മുതല്‍ 200 മെഗാപിക്സല്‍ വരെയുള്ള സെന്‍സറുകളുള്ള അഞ്ച് ക്യാമറകളുമായാണ് എസ്23 ഫോണ്‍ എത്തുന്നത്.

ഏറെ നാളത്തെ ചിയാന്‍ വിക്രം ആരാധകരുടെ കാത്തിരിപ്പിന് വിരാമമാകുന്നു. ‘ധ്രുവനച്ചത്തിരം’ തീയേറ്ററുകളിലേക്ക്. ഗൗതം മേനോന്‍ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട വര്‍ക്കുകള്‍ പൂര്‍ത്തിയായെന്നും ഉടന്‍ പ്രേക്ഷകരിലേക്ക് എത്തുമെന്നുമാണ് ടീം പറയുന്നത്. മാര്‍ച്ച് മാസം റിലീസിനെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം വിക്രമിന്റേതായി റിലീസിനെത്തുന്ന ആദ്യ സിനിമയാണ് ധ്രുവനച്ചത്തിരം. ചിത്രത്തിന്റെ വിതരണം ഉദയനിധി സ്റ്റാലിനാണ്. 2016ലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ചില സാങ്കേതിക തടസങ്ങളാല്‍ ചിത്രീകരണം നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. ഏഴ് രാജ്യങ്ങളിലായാണ് സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായത്. ഒരു ഗാങ്സ്റ്റര്‍ ചിത്രമായാണ് ധ്രുവനച്ചത്തിരം എത്തുക. സ്പൈ ത്രില്ലറായ ചിത്രത്തില്‍ രഹസ്യ അന്വേഷണ ഏജന്റായ ജോണ്‍ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. വിക്രമിന് പുറമെ ഐശ്വര്യ രാജേഷ്, ഋതു വര്‍മ, സിമ്രാന്‍, ആര്‍ പാര്‍ത്ഥിപന്‍, വിനായകന്‍, രാധിക ശരത്ത് കുമാര്‍, ദിവ്യദര്‍ശിനി, മുന്ന, സതീഷ് കൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും വലിയ ഹിറ്റായി മാറിയ ചിത്രമാണ് ‘കാന്താര’. കന്നഡ ചിത്രമായ കാന്താര 400 കോടിക്കടുത്ത് ആഗോള കളക്ഷന്‍ നേടിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ആദ്യം എത്തിയത് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഋഷഭ് ഷെട്ടി ഇപ്പോള്‍. കാന്താരയുടെ 100 ദിവസം ആഘോഷിക്കുന്ന വേദിയിലാണ് താരം സംസാരിച്ചത്. ഒന്നാം ഭാഗം അടുത്ത വര്‍ഷം വരും. കാന്താരയുടെ ഷൂട്ടിംഗ് നടത്തുമ്പോഴാണ് പെട്ടെന്ന് പ്രീക്വല്‍ ആശയം മനസില്‍ തെളിഞ്ഞത്, നിലവില്‍, ഇതിന്റെ എഴുത്ത് പുരോഗമിക്കുകയാണ്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികം വൈകാതെ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ എന്നാണ് ഋഷഭ് ഷെട്ടി പറയുന്നത്. മലയാളം ഉള്‍പ്പെടെ രാജ്യത്തെ എല്ലാ ഭാഷകളിലും കാന്താരയുടെ മൊഴിമാറ്റ പതിപ്പ് എത്തിയിരുന്നു. ഋഷഭ് ഷെട്ടി നായകനായി സംവിധാനവും ചെയ്ത ചിത്രമാണ് കാന്താര. പഞ്ചുരുളി എന്ന ദൈവക്കോലത്തെ ആസ്പദമാക്കിയാണ് സിനിമ എത്തിയത്.

രാജ്യത്ത് റീട്ടെയില്‍ വാഹനങ്ങളുടെ വില്‍പ്പന കുത്തനെ ഉയര്‍ന്നതായി റിപ്പോര്‍ട്ട്. 2023 ജനുവരിയില്‍ കാറുകള്‍, ഇരുചക്രവാഹനങ്ങള്‍, ട്രാക്ടറുകള്‍ എന്നിവയുടെ വില്‍പ്പനയിലാണ് റെക്കോര്‍ഡ് വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ജനുവരിയില്‍ ഇന്ത്യയിലെ റീട്ടെയില്‍ വാഹന വില്‍പ്പന 14 ശതമാനമായാണ് വര്‍ദ്ധിച്ചത്. ഇതോടെ, ജനുവരിയില്‍ മാത്രം 18.27 ലക്ഷം വാഹനങ്ങള്‍ വിറ്റഴിക്കാന്‍ സാധിച്ചിട്ടുണ്ട്. 2022 ജനുവരിയില്‍ 16.08 ലക്ഷം വാഹനങ്ങളാണ് വിറ്റഴിച്ചത്. മൂന്നുചക്ര വാഹനങ്ങളുടെ റീട്ടെയില്‍ വില്‍പ്പന 59 ശതമാനം വര്‍ദ്ധിച്ച് 65,796 യൂണിറ്റും, ഇരുചക്ര വാഹനങ്ങളുടെ റീട്ടെയില്‍ വില്‍പ്പന 10 ശതമാനം വര്‍ദ്ധിച്ച് 12.65 ലക്ഷം യൂണിറ്റുമായിട്ടുണ്ട്. അതേസമയം, ട്രാക്ടര്‍ വില്‍പ്പന 8 ശതമാനം ഉയര്‍ന്ന് 73,156 എണ്ണമായി. ജനുവരി മാസത്തില്‍ കാറുകളുടെ രജിസ്ട്രേഷന്‍ 22 ശതമാനമാണ് വര്‍ദ്ധിച്ചത്. ഇതോടെ, കാറുകളുടെ രജിസ്ട്രേഷന്‍ 3.40 ലക്ഷമായി. വാണിജ്യ വാഹന രജിസ്ട്രേഷന്‍ 16 ശതമാനം വര്‍ദ്ധനവോടെ 82,428 യൂണിറ്റിലെത്തി.

സത്യജിത് റായ്, മൃണാള്‍ സെന്‍, ഫെര്‍ണാണ്ടേണ്ടാ സൊളാനസ്, ജീന്‍ ലുക് ഗൊദാര്‍ദ്, ചിന്ത രവീന്ദ്രന്‍, പി.എ. ബക്കര്‍, പവിത്രന്‍, കെ.പി. കുമാരന്‍, കെ.ജി. ജോര്‍ജ്, കെ.ആര്‍. മോഹന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, എം.ടി. വാസുദേവന്‍ നായര്‍, ബെഹ്‌റാം ബെയ്‌സായ്, അപുത്രയം, ദേവി, സദ്ഗതി, ഗണശത്രു, കല്‍ക്കത്ത71, ഭുവന്‍ഷോം, ഇന്റര്‍വ്യൂ, തീച്ചൂളകളുടെ മുഹൂര്‍ത്തം. ‘സിനിമയില്‍ നമ്മുടെ കാലം’. ഒ കെ ജോണി. മാതൃഭൂമി ബുക്സ്. വില 266 രൂപ.

വിറ്റാമിന്‍ ഡി കഴിക്കുന്നത് ആത്മഹത്യാ പ്രവണത കുറയ്ക്കുന്നുവെന്ന് പുതിയ പഠനം. വിഷാദരോഗമുള്ളവരില്‍ വിറ്റാമിന്‍ ഡിയുടെ അളവ് കുറവാണെന്ന് പല ശാസ്ത്രീയ പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. തലച്ചോറിന്റെ പല പ്രവര്‍ത്തനങ്ങള്‍ക്കും വിറ്റാമിന്‍ ഡി പ്രധാനമാണ്. അമേരിക്കയില്‍ വിമുക്ത സൈനികര്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. ഇതിനായി ലക്ഷക്കണക്കിന് ആളുകളിലാണ് പഠനം നടത്തിയത്. 2010നും 2018നും ഇടയില്‍ ഒരിക്കലെങ്കിലും ആത്മഹത്യാശ്രമമോ അത്തരം പ്രവണതയോ കണ്ടുവന്നിരുന്നവരിലായിരുന്നു പഠനം. ഇത്തരം ആളുകളില്‍ ആത്മഹത്യാ പ്രവണത 44ശതമാനത്തോളം കുറഞ്ഞതായാണ് കണ്ടെത്തല്‍. ആരോഗ്യത്തിന് ഒരു പ്രധാന വില്ലനായി മാറിയിരിക്കുകയാണ് വിറ്റാമിന്‍ ഡിയുടെ കുറവ്. അസ്ഥികള്‍ മുതല്‍ രോഗപ്രതിരോധശേഷി വരെയുള്ള ആരോഗ്യാവസ്ഥകളില്‍ വിറ്റാമിന്‍ ഡി ഒരു പ്രധാന പങ്കുവഹിക്കുന്നു. ശരീര വേദന, മുടികൊഴിച്ചില്‍, ഹൃദയാഘാതം തുടങ്ങി പല അസുഖങ്ങള്‍ക്കും, ഇപ്പോള്‍ കണ്ടെത്തുന്ന പ്രധാന കാരണം വിറ്റാമിന്‍ ഡിയുടെ കുറവാണ്.ശരീരത്തിനു സ്വന്തമായി ഉത്പാദിപ്പിക്കാന്‍ കഴിയുന്ന ഏക വിറ്റാമിനാണ് ഡി. ശരീരത്തിന് ആവശ്യമുളള വിറ്റാമിന്‍ ഡിയുടെ 80 ശതമാനവും സൂര്യപ്രകാശത്തില്‍ നിന്നാണ് ലഭിക്കുന്നത്. 20 ശതമാനം ഭക്ഷണത്തില്‍ നിന്നും. ഭക്ഷണത്തില്‍ നിന്ന് ഭൂരിഭാഗവും മാംസാഹാരത്തില്‍ നിന്നാണ് ലഭിക്കുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *