◾കേരളത്തിലെ ഭൂരിപക്ഷം എംപിമാരും വികസനം മുടക്കുന്നവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം മുന്നോട്ടുവയ്ക്കുന്ന വികസന പദ്ധതികള്‍ നേടിയെടുക്കാനല്ല, മുടക്കാന്‍ വേണ്ടിയാണ് അവര്‍ പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തുന്നത്. ജനരോഷ കൊടുങ്കാറ്റില്‍ കരിയിലപോലെ യുഡിഎഫ് പറന്നുപോകുമെന്നും പിണറായി പറഞ്ഞു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗിത്തനു നന്ദി രേഖപ്പെടുത്തി പ്രസംഗിക്കവേയാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തെ കടന്നാക്രമിച്ചത്.
◾സംസ്ഥാന ബജറ്റ് ഇന്ന്. കഴിഞ്ഞ വര്‍ഷത്തേതുപോലെ ഭൂനികുതിയും ഭൂമിയുടെ ന്യായവിലയും ഫീസുകളും വര്‍ധിപ്പിച്ച് വരുമാനമുണ്ടാക്കുന്ന ബജറ്റായിരിക്കും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിക്കുക. ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കണമെന്ന നിര്‍ദേശം ഉണ്ടായിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധിമൂലം ഒഴിവാക്കാനാണു സാധ്യത.
◾തകര്‍ച്ച നേരിടുന്ന അദാനി ഗ്രൂപ്പിനു ബാങ്കുകള്‍ നല്‍കിയ വായ്പകളെക്കുറിച്ച് റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ടു തേടി. ബാങ്കുകളോടാണ് വിവരം ആരാഞ്ഞിരിക്കുന്നത്. അദാനി ഗ്രൂപ്പിന്റെ വിവിധ കമ്പനികള്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 21,000 കോടി രൂപ വായ്പ നല്‍കിയിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്. വായ്പകളെകുറിച്ച് ആശങ്കയില്ലെന്ന് എസ്ബിഐ ചെയര്‍മാന്‍ ദിനേഷ് കുമാര്‍ ഖര പറഞ്ഞു.
*ശുഭരാത്രി*
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗീതാ ബക്ഷി അവതരിപ്പിക്കുന്ന ആയിരത്തിനടുത്തുള്ള ശുഭരാത്രി ചിന്തകള്‍ കേള്‍ക്കാന്‍: https://www.youtube.com/watch?v=wteVi1Q40F8&list=PLtul8xTi_mtfPpwDz8JDeNpy-SlhHD2pF
◾കേരളത്തിനു സില്‍വര്‍ ലൈനിന് പകരം മറ്റൊരു പദ്ധതി വരുമോ? കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്നു വൈകുന്നേരം നാലിനു മാധ്യമങ്ങളെ കാണും. സില്‍വര്‍ ലൈന്‍ നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും കേരളത്തിനായി വേറെ പദ്ധതി വരുമെന്നും മന്ത്രി നേരത്തെ സൂചിപ്പിച്ചിരുന്നു.
◾ഹൈക്കോടതികളില്‍ മൂന്നിലൊന്ന് ജഡ്ജിമാരുടെ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണെന്ന് കേന്ദ്രം പാര്‍ലമെന്റില്‍. ആകെയുള്ള 1108 ന്യായാധിപ തസ്തികകളില്‍ 333 എണ്ണം ഒഴിഞ്ഞു കിടക്കുകയാണ്. ജോണ്‍ബ്രിട്ടാസ് എംപിക്ക് നല്‍കിയ മറുപടിയില്‍ കേന്ദ്രം വ്യക്തമാക്കി. 138 ഹൈക്കോടതി ജഡ്ജിമാരുടെ നിയമന ശുപാര്‍ശകള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണ്.
◾വിമരിച്ച കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആനുകൂല്യം വൈകരുതെന്ന് ഹൈക്കോടതി. അവര്‍ മനുഷ്യരാണെന്ന് മറക്കരുത്. വിരമിച്ചവര്‍ക്ക് ആനുകൂല്യം നല്‍കാന്‍ രണ്ടുവര്‍ഷം സാവകാശം അനുവദിക്കാനാവില്ല. കുറച്ചെങ്കിലും ആനുകൂല്യം നല്‍കണമെന്നും കോടതി നിര്‍ദേശം.
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾ബലാത്സംഗക്കേസില്‍ വ്യവസായിയും സിനിമാ നിര്‍മാതാവുമായ മാര്‍ട്ടിന്‍ സെബാസ്റ്റ്യനെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് നടപടി. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് 15 വര്‍ഷമായി പീഡിപ്പിച്ചെന്നാണ് പരാതി.
◾
◾ജഡ്ജിമാര്‍ക്കു നല്‍കാനെന്ന പേരില്‍ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ സൈബി ജോസിനെതിരായ എഫ്ഐആര്‍ തിരുത്തണമെന്ന് അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കി. ‘ജഡ്ജിമാര്‍ക്ക് കൈക്കൂലി കൊടുക്കണമെന്നുള്ള ഉദ്ദേശത്തോടെ’ എന്ന വാചകം കൂട്ടി ചേര്‍ക്കണമെന്നാണ് മുവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയത്.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
◾കണ്ണൂര്‍ പഴയങ്ങാടി പാലത്തിനു മുകളില്‍ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരിയും സ്‌കൂട്ടര്‍ യാത്രക്കാരിയും മരിച്ചു. കാറിലുണ്ടായിരുന്ന പഴയങ്ങാടി സ്വദേശി ഫാത്തിമ (24), സ്‌കൂട്ടര്‍ ഓടിച്ച കുറ്റൂര്‍ സ്വദേശി വീണ എന്നിവരാണു മരിച്ചത്.
◾വാഹന പരിശോധനക്കിടെ ഗര്‍ഭിണിയെയും ഭര്‍ത്താവിനെയും പൊലീസ് ഉദ്യോഗസ്ഥന്‍ അപമാനിച്ചെന്നു പരാതി. തിരുവനന്തപുരം കിഴക്കേകോട്ടയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ട്രാഫിക് സൗത്ത് യൂണിറ്റിലെ എസ്‌ഐയ്ക്ക് എതിരെയാണ് നെടുമങ്ങാട് കരിക്കുഴി സ്വദേശി വിജിത്തും ഭാര്യയും പരാതി നല്‍കിയത്.
◾ഇടുക്കി ശാന്തന്‍പാറ പന്നിയാറില്‍ കാട്ടാന ആക്രമണത്തില്‍ തകര്‍ന്ന റേഷന്‍കടയ്ക്കുചുറ്റും വനം വകുപ്പ് സോളാര്‍ വേലി സ്ഥാപിച്ചു. ഈ റേഷന്‍ കടയിലെ അരി നശിപ്പിക്കുന്ന അരിക്കൊമ്പന്റെ ആക്രമണം തടയനാണു സോളാര്‍ വേലി.
◾കൊച്ചിയില്‍ ഹെല്‍മറ്റില്‍ ഒളിപ്പിച്ച് പട്ടിക്കുട്ടിയെ കടത്തിയ സംഭവത്തില്‍ അറസ്റ്റിലായ കര്‍ണാടക സ്വദേശികയ രണ്ട് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് കോടതി ജാമ്യം നല്‍കി. കേസുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലെന്ന് പെറ്റ് ഷോപ്പ് ഉടമ മുഹമ്മദ് ബാഷിത്ത് കോടതിയെ അറിയിച്ചു.
◾ബാറ്ററി ഡീലേഴ്സ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രഥമ സംസ്ഥാന സമ്മേളനം നാല്, അഞ്ച് തീയതികളില്‍ അങ്കമാലി അഡ്ലക്സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് രാജു അപ്സര പങ്കെടുക്കും.
◾കോട്ടയം കൊല്ലപ്പള്ളി വാളികുളത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു. ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി കോളേജ് വിദ്യാര്‍ത്ഥി അസ്ലം അയൂബ് ആണ് മരിച്ചത്. സുഹൃത്ത് യശ്വന്ത് മനോജിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾എറണാകുളം തോപ്പുംപടിയില്‍ ടോപ്പ് ഫോം ഹോട്ടലില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ടു പേര്‍ക്കു പരിക്ക്. അടുക്കളയിലുണ്ടായിരുന്ന അഫ്താബ്, സഖ്ലന്‍ എന്നീവക്കാര്‍ക്കാണ് പരിക്കേറ്റത്.
◾അടൂര്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ സാമൂഹ്യ വിരുദ്ധര്‍ ഓഫീസ് മുറി കുത്തിത്തുറന്ന് ലാപ്ടോപ്പ് മോഷ്ടിച്ചു. പ്രൊജക്ടര്‍ അടക്കമുള്ള ഉപകരണങ്ങള്‍ നശിപ്പിച്ചു. പോലീസ് കേസെടുത്തു.
◾കൊല്ലം പൂയപ്പള്ളിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ കല്ലുവാതുക്കല്‍ സ്വദേശി നിബുവിനെ പൂയപ്പള്ളി പൊലീസ് അറസ്റ്റു ചെയ്തു.
◾വിഴിഞ്ഞത്ത് വിദേശ വനിതയെ അപമാനിച്ചതിന് ടാക്സി ഡ്രൈവര്‍ ആന്റണിക്കും അഞ്ചംഗ സംഘത്തിനുമെതിരെ കേസ്. യുവതിയെ അപമാനിക്കുന്നതു ചോദ്യം ചെയ്ത റിസോര്‍ട്ട് ജീവനക്കാരനെ മര്‍ദ്ദിച്ചതിനും ഇവര്‍ക്കെതിരെ വിഴിഞ്ഞം പോലീസ് കേസെടുത്തു.
◾ഡല്‍ഹി മദ്യ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിലേക്കു കുരുക്കെറിഞ്ഞ് എന്‍ഫോഴ്സ്മെന്റ്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മദ്യവ്യവസായിയുമായി ഫോണിലൂടെ ചര്‍ച്ച നടത്തിയെന്നാണു ഇഡി കുറ്റപത്രത്തിലെ ആരോപണം. കേസിലെ പ്രതിയും മലയാളിയുമായ വിജയ് നായരുടെ ഫോണിലൂടെയാണ് വീഡിയോ കോള്‍ വഴി ചര്‍ച്ച നടത്തിയതെന്നും അഴിമതിയുടെ മുഖ്യ സൂത്രധാരന്‍ വിജയ് നായരാണെന്നും ഡല്‍ഹി കോടതിയില്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ ഇഡി വ്യക്തമാക്കുന്നു.
◾അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ കുത്തനെ ഇടിഞ്ഞു. അദാനി എന്റര്‍പ്രൈസസിന്റെ തുടര്‍ ഓഹരി വില്പന റദ്ദാക്കിയതോടെ തകര്‍ച്ച വന്‍തോതിലായി. വിപണി മൂലധന നഷ്ടം 10,000 കോടി ഡോളറായി. അദാനിക്ക് എട്ടേകാല്‍ ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് റിപ്പോര്‍ട്ട്.
◾അദാനി ഗ്രൂപ്പ് ഏറ്റെടുത്ത എന്‍ഡിടിവിയില്‍ കൂട്ട രാജി. രവീഷ് കുമാറിന് പിന്നാലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ ശ്രീനിവാസ് ജെയിന്‍, നിധി റാസ്ദാന്‍, എന്‍ഡിടിവി പ്രസിഡന്റായിരുന്ന സുപര്‍ണ സിംഗ് എന്നിവര്‍ രാജിവച്ചു.
◾അദാനി ഗ്രൂപ്പിനെ വഴിവിട്ടു സഹായിക്കാന്‍ എല്‍.ഐ.സി, എസ്.ബി.ഐ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ കോടികള്‍ കേന്ദ്ര സര്‍ക്കാര്‍ വഴിവിട്ട് ദുരുപയോഗിച്ചെന്ന് ആരോപിച്ച് രാജ്യവ്യാപക പ്രതിഷേധ സമരങ്ങളുമായി കോണ്‍ഗ്രസ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ കീഴില്‍ നിഷ്പക്ഷമായോ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ മേല്‍നോട്ടത്തിലോ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ജില്ലാതലങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി അറിയിച്ചു.
◾ജമ്മു കാഷ്മീര്‍ ഇരട്ട സ്ഫോടനക്കേസില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ ലഷ്‌കറെ ത്വയിബ ഭീകരന്‍ അറസ്റ്റില്‍. വൈഷ്ണോ ദേവി തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനത്തിലെ ബോംബ് സ്ഫോടനത്തിലടക്കം പങ്കുള്ള ആരീഫാണ് പിടിയിലായത്. ഇയാളില്‍നിന്നു പെര്‍ഫ്യൂം ബോംബും പിടിച്ചെടുത്തു.
◾പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ യാത്രകള്‍ക്കായി 2019 മുതല്‍ ചെലവഴിച്ചത് 22.76 കോടി രൂപയാണെന്നു കേന്ദ്ര സര്‍ക്കാര്‍. രാജ്യസഭയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരം. 21 തവണയാണ് വിദേശയാത്ര നടത്തിയത്.
◾മാധ്യമ പ്രവര്‍ത്തനം തുടരുമെന്ന് ജയില്‍ മോചിതനായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍. ഡല്‍ഹിയിലെത്തിയ സിദ്ദിഖിനു ആറ് ആഴ്ചയ്ക്കു ശേഷമേ നാട്ടിലേക്കു പോകാനാകൂ. ഡല്‍ഹിയില്‍ തങ്ങണമെന്നാണ് ജാമ്യ വ്യവസ്ഥ. വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യാന്‍ പോയ താന്‍ വാര്‍ത്താ സൃഷ്ടാവായി മാറി. വായന പോലും പലപ്പോഴും പൊലീസ് തടഞ്ഞു. പല പുസ്തകങ്ങളും പൊലീസ് തിരിച്ചുവാങ്ങി. മലയാളം വായിക്കാന്‍ അനുവദിച്ചിരുന്നില്ല. ഹാഥ്റാസ് ബലാത്സംഗ കൊല റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന പേരിലാണ് കാപ്പനെ യുപി പൊലീസ് അറസ്റ്റു ചെയ്തത്. രണ്ടു വര്‍ഷത്തിനും നാലു മാസത്തിനും ശേഷമാണ് കാപ്പന്റെ ജയില്‍ മോചനം.
◾എഡ്യൂക്കേഷന്‍ ടെക് കമ്പനിയായ ബൈജൂസില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍. എന്‍ജിനീയറിംഗ് വിഭാഗത്തില്‍നിന്ന് ആയിരത്തോളം പേരെ പിരിച്ചുവിട്ടെന്നാണു റിപ്പോര്‍ട്ട്.
◾ഒളിച്ചോടി വന്ന പതിനഞ്ചുകാരിയായ കാമുകിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം വിറ്റ യുവാവും സംഘവും ആഗ്രയില്‍ പിയിലായി. പെണ്‍കുട്ടിയുടെ പ്രതിശ്രുത വരന്‍ കൂടിയാണു യുവാവ്. പെണ്‍കുട്ടി കൂട്ടബലാത്സംഗം ചെയ്യപ്പെട്ട കേസുമായി ബന്ധപ്പെട്ട് മൂന്ന് സ്ത്രീകളടക്കം ഏഴു പേരെയാണ് അറസ്റ്റു ചെയ്തത്. പെണ്‍കുട്ടി ആഗ്രയിലെ ഒരു ഇറച്ചി പാക്കേജിംഗ് യൂണിറ്റിലാണ് ജോലി ചെയ്തിരുന്നത്.
◾പാകിസ്ഥാനിലെ പെഷവാറിലെ പള്ളിയില്‍ നൂറിലധികം പേരെ കൊലപ്പെടുത്തിയ ചാവേര്‍ ആക്രമണം നടത്തുമ്പോള്‍ പൊലീസ് യൂണിഫോമിലായിരുന്നെന്ന് റിപ്പോര്‍ട്ട്. ഹെല്‍മെറ്റും ധരിച്ചിരുന്നു. നാനൂറോളം പേരാണ് ആ സമയത്ത് പള്ളിയിലുണ്ടായിരുന്നത്. മരിച്ചവരില്‍ 27 പൊലീസുകാരും ഉള്‍പ്പെടുന്നു.
◾ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഡിഷ എഫ്.സിയെ സമനിലയില്‍ തളച്ച് ചെന്നൈ. ഇരുടീമുകളും രണ്ട് ഗോളുകള്‍ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്. പോയിന്റ് നിലയില്‍ ആറാം സ്ഥാനത്തുള്ള ഒഡീഷക്കും എട്ടാം സ്ഥാനത്തുള്ള ചെന്നൈയിനും ഇനിയുള്ള മത്സരങ്ങള്‍ വിജയിച്ചാല്‍ മാത്രമേ പ്ലേ ഓഫിലേക്ക് കയറാനാകൂ.
◾ധനലക്ഷ്മി ബാങ്ക് നടപ്പുവര്‍ഷത്തെ മൂന്നാംപാദത്തില്‍ 21.73 കോടി രൂപ ലാഭം രേഖപ്പെടുത്തി. 54.31 കോടി രൂപയാണ് പ്രവര്‍ത്തനലാഭം. നടപ്പുവര്‍ഷം ആദ്യ 9 മാസക്കാലത്തെ പ്രവര്‍ത്തനലാഭം 84.64 കോടി രൂപയാണ്. മൊത്ത വരുമാനം 6.66 ശതമാനം ഉയര്‍ന്ന് 834.25 കോടി രൂപയായി. 797.13 കോടി രൂപയാണ് പലിശവരുമാനം; വര്‍ദ്ധന 16.93 ശതമാനം. അറ്റ പലിശവരുമാനത്തോത് 2.94 ശതമാനത്തില്‍ നിന്ന് 3.65 ശതമാനത്തിലേക്കും മെച്ചപ്പെട്ടു. മൊത്തം ബിസിനസ് 12.88 ശതമാനം ഉയര്‍ന്ന് 22,183 കോടി രൂപയായി. മൊത്തം നിക്ഷേപം 6.93 ശതമാനവും കറന്റ്/സേവിംഗ്‌സ് അക്കൗണ്ട് നിക്ഷേപം 5.26 ശതമാനവും ഉയര്‍ന്നു. മൊത്തം വായ്പ 22.42 ശതമാനം മുന്നേറി 9,244 കോടി രൂപയായി. ചെറുകിട-സൂക്ഷ്മ വായ്പകളില്‍ 52.77 ശതമാനമാണ് വര്‍ദ്ധന. സ്വര്‍ണവായ്പകള്‍ 23.05 ശതമാനവും ഉയര്‍ന്നു. മൊത്തം നിഷ്‌ക്രിയ ആസ്തി 7.55 ശതമാനത്തില്‍ നിന്ന് 5.83 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്തി 3.83 ശതമാനത്തില്‍ നിന്ന് 1.82 ശതമാനത്തിലേക്കും കുറഞ്ഞത് ബാങ്കിന് വന്‍ നേട്ടമായി. 12.52 ശതമാനമാണ് മൂലധന പര്യാപ്തത.
◾നടന്‍ മോഹന്‍ലാലിന്റെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൊന്നായ സ്ഫടികത്തിന്റെ റി-റിലീസിനായി കാത്തിരിക്കുകയാണ് മലയാളികള്‍. ചിത്രം പുറത്തിറങ്ങി 27 വര്‍ഷങ്ങള്‍ക്കിപ്പുറവും മോഹന്‍ലാല്‍ അവതരിപ്പിച്ച ആടു തോമയും തിലകന്റെ ചാക്കോമാഷും മറ്റ് അഭിനേതാക്കളും എങ്ങനെയാകും പുതിയ സാങ്കേതികതയില്‍ ബിഗ് സ്‌ക്രീനില്‍ എത്തുകയെന്നറിയാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കി. സ്ഫടികത്തിലെ കഥാപാത്രങ്ങളെയും സംഭാഷണങ്ങളെയും പോലെ തന്നെ ഏറെ ശ്രദ്ധേയമാണ് ‘ഏഴിമലപ്പൂഞ്ചോല’ ഗാനം. ഒരുകാലത്ത് മലയാളികളുടെ ഹരമായി മാറിയ ഗാനത്തിന്റെ പുതിയ വെര്‍ഷന്‍ പുറത്തിറക്കിയിരിക്കുകയാണ് മോഹന്‍ലാല്‍. പുനര്‍ ഭാവന ചെയ്ത ‘ഏഴിമലപ്പൂഞ്ചോല’ ഗാനത്തിനായി കെ എസ് ചിത്രയും മോഹന്‍ലാലും വീണ്ടും ഒന്നിച്ച് പാടുന്നത് വീഡിയോയില്‍ കാണാം. എസ് പി വെങ്കടേഷിന്റെ സംഗീതത്തിന് വരികള്‍ എഴുതിയിരിക്കുന്നത് പി ഭാസ്‌കരന്‍ മാസ്റ്റര്‍ ആണ്. ചിത്രയും മോഹന്‍ലാലും ചേര്‍ന്ന് തന്നെയാണ് പഴയ ഗാനവും ആലപിച്ചിരിക്കുന്നത്. ഫെബ്രുവരി 9നാണ് സ്ഫടികം 4കെ വെര്‍ഷന്‍ തിയറ്ററുകളില്‍ എത്തുക.
◾പത്താം നിലയിലെ തീവണ്ടി, ബ്ലാക്ക് ഫോറസ്റ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്കുശേഷം ജോഷി മാത്യു സംവിധാനം ചെയ്യുന്ന നൊമ്പരക്കൂട് റിലീസിന്. സോമു മാത്യു ആണ് കേണല്‍ ഗീവര്‍ഗീസ് എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പത്താം നിലയിലെ തീവണ്ടി നിര്‍മ്മിച്ച സോമു മാത്യു സംവിധായകന്‍ ജോഷി മാത്യുവിന്റെ സഹോദരനാണ്. അങ്ങ് ദൂരെ ഒരു ദേശത്ത്, ബ്ളാക്ക് ഫോറസ്റ്റ് തുടങ്ങി നിരവധി സിനിമകളിലും ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സിനിമയിലെ കേന്ദ്ര കഥാപാത്രം ഒരു വെല്ലുവിളി തന്നെയായിരുന്നെന്ന് സോമു മാത്യു പറഞ്ഞു. കഥയും തിരക്കഥയും സംഭാഷണവും ജോഷി മാത്യുവാണ്. ചിത്രം അടുത്തു തന്നെ തിയേറ്ററുകളിലെത്തുമെന്ന് ജോഷി മാത്യു അറിയിച്ചു.
◾വാഹന പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന ഇന്നോവ ക്രിസ്റ്റയുടെ ഏറ്റവും പുതിയ മോഡലിന്റെ ബുക്കിംഗ് ആരംഭിച്ചു. മെച്ചപ്പെട്ട സുരക്ഷയും, കിടിലന്‍ ഡിസൈനുമായാണ് പുതിയ മോഡല്‍ എത്തിയിരിക്കുന്നത്. 50,000 രൂപയ്ക്ക് ഈ മോഡല്‍ ബുക്ക് ചെയ്യാന്‍ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മെച്ചപ്പെട്ട സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 7 എസ്ആര്‍എസ് എയര്‍ബാഗുകള്‍, ഫ്രണ്ട് ആന്‍ഡ് റിയര്‍ പാക്കിംഗ് സെന്‍സറുകള്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍- സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍, ആന്റി- ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, ബ്രേക്ക് അസിസ്റ്റന്റ്, 3- പോയിന്റ് സീറ്റ് ബെല്‍റ്റ്, ഹെഡ് റെസ്റ്റ് തുടങ്ങിയ ഫീച്ചറുകള്‍ ഇവയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
◾സാഹിത്യത്തില്‍ അനുവദനീയമായ സ്വാതന്ത്ര്യത്തിന്റെയും നിബന്ധനകളുറ്റെയും അടിസ്ഥാനത്തില്‍ സ്വയം സൃഷ്ടിച്ചെടുത്ത ഇച്ഛാശക്തിയുടെ പിന്തുണയോടെ രചിക്കപ്പെട്ട കൃതി. ‘വിരല്‍തുമ്പിനുമപ്പുറം – ആശയങ്ങളുടെ ജൂഗല്‍ബന്ദി’. വിമല രാജകൃഷ്ണന്‍. സൈന്ധവ ബുക്സ്. വില 256 രൂപ.
◾ചെമ്പരത്തിയ്ക്ക് ഔഷധ ഗുണങ്ങള്‍ ഏറെയാണ്. പ്രതിരോധശേഷി വര്‍ദ്ധിപ്പിച്ചുകൊണ്ട് രോഗസാധ്യതകളെ ഒരു പരിധിവരെ അകറ്റി നിര്‍ത്താന്‍ ഉത്തമമാണ് ചെമ്പരത്തി ചായ. ഈ ചായ സത്തകളില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളെല്ലാം ശരീരത്തിലെ എന്‍സൈമുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കും. ഷുഗറും പ്രഷറും ഹൃദ്രോഗവും ക്യാന്‍സറും കരള്‍ രോഗങ്ങളും അകറ്റാനോ ശക്തി കുറയ്ക്കാനോ ഇതിന് കഴിയും. ചെമ്പരത്തി പൂക്കള്‍ ഉണക്കിയ ശേഷ ഇവ വെളളത്തിലിട്ട് തിളപ്പിച്ചാല്‍ ലഭിക്കുന്ന ചായയായ ചെമ്പരത്തിചായ ഔഷധഗുണങ്ങളുടെ കലവറയാണ്. ആന്റി ഓക്‌സിഡന്റുകളുടെ കലവറയായ ചെമ്പരത്തിയിലയുടെ ഗുണം ശരീരത്തിന് ലഭിച്ചാല്‍ ഹൃദയത്തിനും കരളിനും അത് ഗുണകരമാണ്. ശരീരത്തിന് പ്രതിരോധശക്തി വര്‍ദ്ധിക്കും മാത്രമല്ല ശരീരത്തില്‍ ബാക്ടീരിയയുടെ അംശം കുറയും. വലിയ രക്തസമ്മര്‍ദ്ദത്തെ ആന്റി ഓക്‌സിഡന്റുകളുടെ സാന്നിദ്ധ്യം കുറയ്ക്കും. ക്യാന്‍സര്‍ പടരാനിടയാകുന്ന കോശങ്ങള്‍ക്കുളള വളര്‍ച്ചയും നില്‍ക്കും. പ്രധാനമായും വായ, ആമാശയം, രക്തം,മൂത്രനാളി എന്നിവിടങ്ങളിലെ ക്യാന്‍സര്‍ രോഗബാധയെ നന്നായി തടയാന്‍ ഒരുമാസത്തോളം ചെമ്പരത്തിചായ കുടിച്ചവരുടെ ശരീരത്തിന് കഴിയുന്നുണ്ടെന്ന് ഗവേഷണത്തിലും കണ്ടെത്തിയിട്ടുണ്ട്. സിട്രിക് ആസിഡ്, ടാര്‍ടാറിക് ആസിഡ്, മാലിക് ആസിഡ് എന്നിവ പ്രധാനമായും അടങ്ങിയിരിക്കുന്നതിനാല്‍ ചെമ്പരത്തി ചായയ്ക്ക് പ്രധാനമായും പുളിരുചിയാണ്. ചിലരിതില്‍ പഞ്ചസാര ചേര്‍ത്ത് ഉപയോഗിക്കുന്നുമുണ്ട്.
*ശുഭദിനം*
*കവിത കണ്ണന്‍*
അയാള്‍ക്ക് വീട് പണിയുക എന്നതാണ് ജോലി. തന്റെ മുതലാളിക്ക് വേണ്ടി അയാള്‍ അത് നന്നായി തന്നെ നിര്‍വ്വഹിച്ചു. അയാള്‍ക്ക് വയസ്സായി. ഇനി വിശ്രമിക്കാമെന്ന് അയാള്‍ തീരുമാനിച്ചു. ഇത്രയധികം വീടുകള്‍ പണിതെങ്കിലും സ്വന്തമായി ഒരു വീടുപോലുമില്ലെന്ന സത്യം അയാളെ സങ്കടപ്പെടുത്തി. ജോലിയില്‍ നിന്ന് വിരമിക്കുകയാണെന്ന് അയാള്‍ മുതലാളിയോട് പറഞ്ഞു. അവസാനമായി തനിക്ക് ഒരു വീടുകൂടി നിര്‍മ്മിച്ച് തരണമെന്ന് മുതലാളി പറഞ്ഞു. പറ്റില്ലെന്ന് അയാള്‍ പറഞ്ഞെങ്കിലും മുതലാളി നിര്‍ബന്ധത്തിന് വഴങ്ങി അയാള്‍ വീടുപണി ആരംഭിച്ചു. പണിയില്‍ അയാള്‍ തീരെ ശ്രദ്ധിച്ചതേയില്ല. വാതിലുകളും ജനലുകളുമെല്ലാം ഉപയോഗിച്ച് പഴകിയത് വച്ചു. അയാള്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും മോശം വീടായിരുന്നു അത്. അവസാനം വീടുപണി പൂര്‍ത്തിയാക്കി അയാള്‍ താക്കോല്‍ മുതലാളിയെ ഏല്‍പ്പിച്ചു. മുതലാളി ഏറെ സന്തോഷത്തോടെ ആ താക്കോല്‍ അയാളെ തിരികെ ഏല്‍പ്പിച്ചു. എന്നിട്ട് പറഞ്ഞു: ഇത് നിനക്കുളളതാണ്. നാളെ മുതല്‍ നീയും നിന്റെ കുടുംബവും ഇവിടെ താമസിക്കണം. എനിക്ക് വേണ്ടി ഇത്രകാലം അധ്വാനിച്ചതിന് എന്റെ സമ്മാനമാണ്. സന്തോഷം കൊണ്ട് മതിമറക്കേണ്ട അയാളുടെ തല താഴ്ന്നു… ജീവിതവും ഇങ്ങനെയാണ്. നമ്മുടെ ജീവിതം നമുക്ക് തരുന്ന ചില ചുമതലകളും ഉത്തരവാദിത്തങ്ങളുമുണ്ട്. അതിന്റെയെല്ലാം പ്രതിഫലം ഭാവിയില്‍ നമുക്ക് തന്നെ തിരിച്ചു കിട്ടുകയും ചെയ്യും. അതുകൊണ്ട് ഇന്നത്തെ നമ്മുടെ ചുമതലകളുടെ ഫലമെല്ലാം നാളെ നമുക്ക് തിരിച്ചുകിട്ടാനുള്ളതാണെന്ന ചിന്തയോടെ പ്രവര്‍ത്തിക്കാം. – ശുഭദിനം.