◾പിണറായിയും ശിവശങ്കറും കോണ്‍സല്‍ ജനറലും സ്വപ്നയും ക്ലിഫ് ഹൗസില്‍ യോഗം ചേര്‍ന്നുവെന്ന് സ്വപ്ന പറഞ്ഞതായി സഭയില്‍ ആരോപിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. മാത്യു കുഴല്‍നാടന്റെ ആരോപണത്തില്‍ ക്ഷോഭിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപണം പച്ചക്കള്ളമാണെന്നും താന്‍ ആരെയും കണ്ടിട്ടില്ലെന്നും വ്യക്തമാക്കി. തെറ്റാണെങ്കില്‍ എന്ത് കൊണ്ട് കോടതിയെ സമീപിക്കുന്നില്ലെന്നും ഇതൊന്നും താന്‍ എഴുതിയ തിരക്കഥയല്ലെന്നും ഇഡി കോടതിക്ക് കൊടുത്ത റിപ്പോര്‍ട്ടിനെ താന്‍ ഉദ്ധരിച്ചതാണെന്നും കുഴല്‍നാടന്‍ വിശദീകരിച്ചു. മാത്യു ഏജന്‍സിയുടെ വക്കീല്‍ ആകുകയാണെന്നും ഇദ്ദേഹത്തെ പോലുള്ള ആളുകളുടെ ഉപദേശം കേള്‍ക്കേണ്ട ആവശ്യം തനിക്കില്ലെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു.
◾ഇഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടാണ് കേരളത്തില്‍ കോണ്‍ഗ്രസിന് വേദവാക്യമെന്ന് മന്ത്രി എംബി രാജേഷ്. ലൈഫ് മിഷന്‍ കേസിലെ ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ടിലെ ഭാഗങ്ങള്‍ സഭയിലുന്നയിച്ച മാത്യു കുഴല്‍നാടനെതിരെയാണ് മന്ത്രിയുടെ പരിഹാസം. കോണ്‍ഗ്രസ് ദേശീയ നേതൃത്വവും പ്ലീനറി സമ്മേളന പ്രമേയവും ഇഡിക്ക് എതിരാണെന്നും പക്ഷേ സംസ്ഥാന കോണ്‍ഗ്രസ് ഇഡിയെ വലുതായി കാണുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി.
◾ലൈഫ് മിഷന്‍ കോഴ എന്നു കേള്‍ക്കുമ്പോള്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മറ്റംഗങ്ങള്‍ക്കും എന്തിനാണ് ഇങ്ങനെ പൊള്ളുന്നതെന്നും അത് യാഥാര്‍ഥ്യമല്ലേയെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇരുപതു കോടി രൂപ റെഡ് ക്രസന്റ് ദുബായില്‍നിന്ന് ഇങ്ങോട്ടുതന്നപ്പോള്‍ അതില്‍ കോഴ വാങ്ങിച്ചിട്ടുണ്ടെന്ന് മുന്‍മന്ത്രിസഭയിലെ രണ്ട് അംഗങ്ങളായ തോമസ് ഐസക്കും എ.കെ. ബാലനും പറഞ്ഞിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു. ലൈഫ് മിഷന്‍ കോഴക്കേസില്‍ സിബിഐ വരാതിരിക്കാനാണ് മനപ്പൂര്‍വ്വം വിജിലന്‍സിനെ കൊണ്ടുവന്ന് അന്വേഷിപ്പിക്കുന്നതെന്നും സതീശന്‍ ആരോപിച്ചു.
*മൂന്നാറില്‍ ഏലതോട്ടം വില്‍പനയ്ക്ക്*
മൂന്നാര്‍ പള്ളിവാസല്‍ വില്ലേജില്‍ ചിത്തിരപുരം കുഞ്ചിത്തണ്ണി റോഡില്‍ (പവര്‍ഹൗസ് റോഡ് ) ആഡിറ്റ് ഭാഗത്ത് പട്ടയമുള്ള ഏലകൃഷിയുള്ള ഏകദേശം 5 ഏക്കറോളം വരുന്ന ഭൂമി വില്‍പനയ്ക്ക്. വെള്ളവും, ഇലക്ടിസിറ്റിയും, വീടിനുള്ള പെര്‍മിറ്റും ഉണ്ട്. മൂന്നാര്‍ ആനച്ചാല്‍ ടൗണില്‍ നിന്നും മാതരംപിള്ളികുന്ന് റോഡില്‍ കൂടി ഏകദേശം ഒന്നര കിലോമീറ്റര്‍ യാത്ര ചെയ്താലും സ്ഥലത്ത് എത്താം. *വിശദവിവരങ്ങള്‍ക്ക് : 9497386201*
◾സാങ്കേതിക സര്‍വകലാശാലയില്‍ ഗവര്‍ണറുടെ ഇടപെടല്‍ പ്രതിഷേധാര്‍ഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വിദ്യാഭ്യാസ രംഗത്ത് ആര്‍എസ്എസിന്റെ കാവിവല്‍ക്കരണത്തിന്റെ ഭാഗമാണ് ഇതെന്നും ഗോവിന്ദന്‍ പറഞ്ഞു. ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ ആരുടേയും വാല്‍ സിപിഎമ്മിന്റെ തോളില്‍ ഇല്ലെന്നും ജനകീയ പ്രതിരോധ ജാഥ പ്രചാരണത്തിനിടെ തിരൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
◾ശമ്പളത്തിന് ടാര്‍ഗറ്റ് നിശ്ചയിച്ചാല്‍ വരുമാനമുള്ള റൂട്ടിലേ വണ്ടിയോടിക്കാന്‍ ആളുണ്ടാകൂവെന്ന് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍. കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിക്കും, തൊഴിലാഴി വിരുദ്ധ പരിഷ്‌കരണങ്ങള്‍ക്കുമെതിരെ ചീഫ് ഓഫീസീനു മുന്നിലെ സിഐടിയു പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വിഫ്റ്റ് ലാഭമോ നഷ്ടമോയെന്നും കണക്ക് പുറത്തുവിടണമെന്നും പറഞ്ഞ ആനത്തലവട്ടം ബ്യൂറോക്രാറ്റുകള്‍ പണ്ഡിതന്‍മാരെന്ന ധാരണ വേണ്ടെന്നും പറഞ്ഞു.
◾കെഎസ്ആര്‍ടിസി കണ്‍സഷന്‍ പരിമിതമാക്കിയതിനെ ന്യായീകരിച്ച് ഗതാഗതമന്ത്രി ആന്റണി രാജു. അര്‍ഹരായവര്‍ക്ക് മാത്രം ഇളവ് കിട്ടുമെന്നും സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും ഈവനിങ് ക്ലാസില്‍ പഠിക്കുന്നവരും കണ്‍സഷന്‍ ദുരുപയോഗം ചെയ്യുന്നത് തടയാനാണ് പ്രായപരിധി കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.
◾കണ്‍സെഷനില്‍ നിയന്ത്രണം കൊണ്ടുവരാനുള്ള കെഎസ്ആര്‍ടിസിയുടെ തീരുമാനം പിന്‍വലിക്കണമെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കണ്‍സഷന്‍ നിയന്ത്രണം വിദ്യാര്‍ത്ഥികളുടെ നട്ടെല്ലൊടിക്കുന്ന തീരുമാനമെന്നും പാവപ്പെട്ടവരോടുള്ള നീചമായ നടപടിയാണിതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
◾കഷായവും ഉഴിച്ചിലും ഇല്ലാത്ത ആയുര്‍വേദ ചികിത്സയുമായി ആയുഃകെയര്‍. ആയുര്‍വേദ മരുന്നുകളുടെ ബാഷ്പസത്തായ അര്‍ക്കം ഉപയോഗിച്ചുള്ള ചികിത്സാ സേവനം ഇപ്പോള്‍ കേരളത്തിലെ 250 ക്ലിനിക്കുകളില്‍. ജി.എം.പി, ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷനുകള്‍ ഉള്ള തൃശ്ശൂര്‍ ജില്ലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ തെറാപ്പീസ് എന്ന സ്ഥാപനത്തിലാണ് ഉന്നത ഗുണമേന്മയുള്ള അര്‍ക്കങ്ങള്‍ ആയുഃകെയര്‍ തയ്യാറാക്കുന്നത്. അര്‍ക്കത്തിന് പത്ഥ്യം ആവശ്യമില്ല. ഏറ്റവും മികച്ച ഫലം നല്‍കുന്ന ചികിത്സാ രീതിയെ കുറിച്ചറിയാനും നിങ്ങളുടെ ഏറ്റവും അടുത്തുള്ള ആയുഃകെയര്‍ ക്ലിനിക്കിനെ കുറിച്ചറിയാനും മറ്റു വിവരങ്ങള്‍ക്കും 7510537950 എന്ന നമ്പറില്‍ ബന്ധപ്പെടുക. WhatsApp : https://wa.me/+919745537950
◾പിണറായി സര്‍ക്കാര്‍ സെക്സും സ്റ്റണ്ടുമുള്ള സിനിമ പോലെയാണെന്ന് കെ മുരളീധരന്‍ എം.പി. കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ പകല്‍ സമയത്ത് ഗുസ്തിയും രാത്രിയില്‍ ദോസ്തിയുമാണെന്നും അദ്ദേഹം പരിഹസിച്ചു. സമരത്തിനോട് മുഖ്യമന്ത്രിക്ക് പുച്ഛമാണെന്നും ഭരണപക്ഷം വീരവാദം മുഴക്കാനായി നിയമസഭയെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
◾പ്രസവശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവത്തില്‍ ഹര്‍ഷിന കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയ്ക്ക് മുന്‍പില്‍ അനിശ്ചിത കാല സമരം ആരംഭിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നല്‍കിയ ഉറപ്പ് പാഴായെന്ന് ആരോപിച്ചാണ് സമരം. ആരോഗ്യ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് വേഗത്തില്‍ പുറത്തുവിടണമെന്നാണ് ആവശ്യം.
◾സമരത്തിലോ പ്രചരണങ്ങളിലോ ഒരു ധാര്‍മ്മികതയും പുലര്‍ത്താത്ത എസ്എഫ്ഐ അവരുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്ത തന്റെ വധം നടത്താന്‍ നില്‍ക്കുകയാണെന്നും അതിന് നിന്നു കൊടുക്കാന്‍ ഇല്ലെന്നും വ്യക്തമാക്കി വാര്‍ത്താക്കുറിപ്പിറക്കി കാസര്‍കോട് സര്‍ക്കാര്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ.രമ ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചു. എസ്എഫ്ഐ അക്രമത്തെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ചികിത്സ തേടാനാണ് അവധി എടുക്കുന്നതെന്നും ഡോ. രമ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾കൊല്ലം ചടയമംഗലത്ത് അപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. കെ എസ് ആര്‍ ടി സി ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ പുനലൂര്‍ സ്വദേശികളായ അഭിജിത്ത്(19), ശിഖ (20) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്കിന് പിന്നില്‍ കെഎസ്ആര്‍ടിസി ബസ് തട്ടിയാണ് അപകടമുണ്ടായത്.
◾ആനപ്രേമികളുടെ ഹരമായിരുന്ന ഒളരിക്കര കാളിദാസന്‍ ചരിഞ്ഞു. 37 വയസ്സുള്ള കാളിദാസന്‍ കടവല്ലൂരിലെ കെട്ടുതറയില്‍ കുഴഞ്ഞുവീഴുകയായിരുന്നു.
◾നെയ്യാറ്റിന്‍കര ബസ് സ്റ്റാന്റില്‍ പ്ലസ്ടു വിദ്യാര്‍ഥിനിക്ക് നേരെ അക്രമം നടത്തിയ പെണ്‍കുട്ടിയുടെ സുഹൃത്തായ ഷിനോജിനെയും സുഹൃത്തിനെയും നെയ്യാറ്റിന്‍കര പൊലിസ് അറസ്റ്റ് ചെയ്തു. അതേസമയം പെണ്‍കുട്ടി പരാതി നല്‍കാത്തതിനാല്‍ പൊലീസ് സ്വമേധയാ കേസടുക്കുകയായിരുന്നു.
◾എറണാകുളത്ത് മധ്യവയസ്‌കയും ഭര്‍തൃ മാതാവും വീടിനകത്ത് മരിച്ച നിലയില്‍. എറണാകുളം ജില്ലയിലെ വടക്കേക്കര തുരുത്തിപ്പുറം കുണ്ടോട്ടില്‍ അംബിക(59)യെയും ഭര്‍തൃമാതാവ് സരോജിനി(90)യെയും ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പ് മുറിയിലെ കട്ടിലില്‍ മരിച്ച നിലയിലായിരുന്നു സരോജിനി കിടന്നിരുന്നത്. അംബിക തൂങ്ങിമരിച്ച നിലയിലായിരുന്നു.
◾ത്രിപുരയില്‍ ബിജെപിക്ക് വന്‍ വിജയമുണ്ടാകുമെന്ന പ്രവചനങ്ങളെ തള്ളി സിപിഎം. ചില എക്സിറ്റ് പോളുകള്‍ ബിജെപിയെ സഹായിക്കാനാണെന്നും സംസ്ഥാനത്ത് ബിജെപി അധികാരത്തില്‍ നിന്ന് മാറേണ്ടി വരുമെന്നും സിപിഎം കേന്ദ്രങ്ങള്‍ പ്രതികരിച്ചു.
◾ബ്രെഡ് തൊണ്ടയില്‍ കുടുങ്ങി യുവ ബോഡി ബില്‍ഡര്‍ ശ്വാസംമുട്ടി മരിച്ചു. സേലം ജില്ലയിലെ പെരിയ കൊല്ലപ്പട്ടി സ്വദേശിയായ എം ഹരിഹരന്‍ (21) എന്ന യുവാവാണ് വ്യായാമത്തിന്റെ ഇടവേളയില്‍ ഭക്ഷണം കഴിയ്ക്കുന്നതിനിടെ ശ്വാസംമുട്ടി മരിച്ചത്.
◾പുരുഷ സുഹൃത്ത് സ്വകാര്യ ചിത്രങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെച്ചതിനെ തുടര്‍ന്ന് തെലങ്കാനയിലെ വാറങ്കലില്‍ 20 കാരിയായ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. നര്‍സാംപേട്ടിലെ ജയമുഖി എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥിനിയായ രക്ഷിതയാണ് ആത്മഹത്യ ചെയ്തത്.
◾ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ എംഎല്‍എ കൊലക്കേസിലെ സാക്ഷിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. സാക്ഷിയായ ഉമേഷ് പാലിനെ കൊലപ്പെടുത്തിയ 24 കാരനായ മുഹമ്മദ് അര്‍ബാസാണ് കൊല്ലപ്പെട്ടത്.
◾ഉത്തരകൊറിയയില്‍ ഭക്ഷ്യ ക്ഷാമമുണ്ടാകാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ക്ഷാമം മറികടക്കാന്‍ കാര്‍ഷിക ഉത്പാദന പരിഷ്‌കരണം നടപ്പാക്കാന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ശ്രമം. ഉത്തരകൊറിയയില്‍ ഭക്ഷ്യക്ഷാമം ഉടലെടുക്കുന്നതായി നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഇതിനിടയിലാണ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് കിം രംഗത്തെത്തിയത്.
◾ഇന്ത്യന്‍ പേസര്‍ ഷാര്‍ദൂല്‍ ഠാക്കൂര്‍ വിവാഹിതനായി. കൂട്ടുകാരി മിതാലി പാരുല്‍ക്കറാണ് വധു. മുംബൈയില്‍ മറാഠി ആചാര പ്രകാരമാണ് വിവാഹം നടന്നത്.
◾ഉപഭോക്താക്കള്‍ ഏറെ ആശ്രയിച്ചിരുന്ന നാല് റീചാര്‍ജ് പ്ലാനുകള്‍ നിര്‍ത്തലാക്കാനൊരുങ്ങി ബിഎസ്എന്‍എല്‍. പ്ലാനുകളുടെ നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിന് പകരം, കുറഞ്ഞ റീചാര്‍ജ് പ്ലാനുകള്‍ നിര്‍ത്തലാക്കുക എന്ന ഫോര്‍മുലയാണ് ബിഎസ്എന്‍എല്‍ സ്വീകരിച്ചിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വിവിധ സര്‍ക്കിളുകളിലെ കുറഞ്ഞ നിരക്കിലുള്ള റീചാര്‍ജ് പ്ലാനുകള്‍ എയര്‍ടെല്‍ അവസാനിപ്പിച്ചിരുന്നു. 71 രൂപ പ്ലാന്‍- ബിഎസ്എന്‍എല്ലിന്റെ ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാന്‍ കൂടിയാണ് 71 രൂപയുടേത്. ഈ പ്ലാനില്‍ ഉപഭോക്താക്കള്‍ക്ക് 30 ദിവസത്തേക്ക് 20 രൂപയുടെ ടോക്ക് ടൈമാണ് ലഭിച്ചിരുന്നത്. ഡാറ്റ, അണ്‍ലിമിറ്റഡ് കോളിംഗ് എന്നിവ ലഭ്യമല്ല. 104 രൂപ പ്ലാന്‍-ഉപഭോക്താക്കള്‍ 104 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുമ്പോള്‍ 300 മിനിറ്റ് കോളിംഗ്, 3 ജിബി ഡാറ്റ, 30 എസ്എംഎസ് എന്നിവ ലഭിക്കുന്നതാണ്. 18 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. 135 രൂപ പ്ലാന്‍-24 ദിവസം വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന ബിഎസ്എന്‍എല്ലിന്റെ മികച്ച പ്ലാനുകളില്‍ ഒന്നാണ് 135 രൂപയുടെ പ്ലാന്‍. ഈ പ്ലാനില്‍ 1,440 വോയിസ് മിനിറ്റുകളാണ് വാഗ്ദാനം ചെയ്യുന്നത്. 395 രൂപ പ്ലാന്‍-71 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനില്‍ നല്‍കിയിരിക്കുന്നത്. കൂടാതെ, 3,000 മിനിറ്റ് ഓണ്‍-നെറ്റ് കോളിംഗിനൊപ്പം, 1,800 മിനിറ്റ് ഓഫ്-നെറ്റ് കോളിംഗും ലഭ്യമാണ്.
◾ഗ്രൂപ്പ് കോളുകള്‍ ഷെഡ്യൂള്‍ ചെയ്ത് വെയ്ക്കാന്‍ സഹായിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വാട്‌സ്ആപ്പ്. നിലവില്‍ ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇത് വിജയകരമെന്ന് കണ്ടാല്‍ എല്ലാവര്‍ക്കും ലഭിക്കുന്ന വിധം സേവനം വിപുലപ്പെടുത്താനാണ് വാട്‌സ്ആപ്പ് പദ്ധതിയിടുന്നത്. പുതിയ കോണ്‍ടെക്സ്റ്റ് മെനുവില്‍ നിന്ന് ഷെഡ്യൂള്‍ കോള്‍ സേവനം പ്രയോജനപ്പെടുത്താന്‍ കഴിയുംവിധമാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുക. ഗ്രൂപ്പില്‍ കോള്‍ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ കോണ്‍ടെക്സ്റ്റ് മെനു തെളിഞ്ഞ് വരുന്ന രീതിയിലാണ് ക്രമീകരണം ഒരുക്കുക. ഗ്രൂപ്പ് യോഗങ്ങളില്‍ ഇത് വളരെയധികം പ്രയോജനപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍കൂട്ടി അറിയിച്ച് യോഗങ്ങള്‍ സംഘടിപ്പിക്കാന്‍ ഇതുവഴി സാധിക്കും. വോയ്‌സ് കോളിന് പുറമേ വീഡിയോ കോളിലും സേവനം പ്രയോജനപ്പെടുത്താന്‍ കഴിയുംവിധമാണ് സൗകര്യം ഏര്‍പ്പെടുത്തുക. ഗ്രൂപ്പ് കോള്‍ ആരംഭിക്കുമ്പോള്‍ തന്നെ ഷെഡ്യൂള്‍ കോളിലേക്ക് പങ്കെടുക്കേണ്ട ആളുകളുടെ പേര് ചേര്‍ക്കാന്‍ സാധിക്കും. ഗ്രൂപ്പ് കോള്‍ ആരംഭിക്കുമ്പോള്‍ തന്നെ എല്ലാം ഗ്രൂപ്പ് അംഗങ്ങളെയും യോഗത്തെ കുറിച്ച് അറിയിക്കാന്‍ ഈ ഫീച്ചര്‍ വഴി സാധിക്കുന്നത് കൊണ്ട്, ഫലപ്രദമായി യോഗം സംഘടിപ്പിക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾മലയാളത്തിലെ ഈ വര്‍ഷത്തെ ആദ്യ ബമ്പര്‍ ഹിറ്റായി തിയറ്ററുകളില്‍ ചിരിപടര്‍ത്തി മുന്നേറുകയാണ് ‘രോമാഞ്ചം’. നവാഗതനായ ജിത്തു മാധവന്റെ സിനിമയ്ക്ക് നാലാം വാരത്തിലും തിയറ്ററുകളില്‍ നിന്ന് മികച്ച റിപ്പോര്‍ട്ടുകള്‍ വരുന്നു. ഇപ്പോള്‍ 50 കോടി ക്ലബില്‍ ഇടംപിടിച്ചിരിക്കുകയാണ് സിനിമ എന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് കോടി രൂപയില്‍ താഴെയാണ് മുതല്‍മുടക്ക്. റിലീസ് ചെയ്ത് 23 ദിവസം കൊണ്ട് 50 കോടി ക്ലബിലേക്ക് എത്താന്‍ രോമാഞ്ചത്തിന് കഴിഞ്ഞു. ഇതുവരെ 30 കോടി രൂപയാണ് കേരളത്തില്‍ നിന്ന് സിനിമയ്ക്ക് ലഭിച്ചത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 3 കോടി രൂപ നേടിയപ്പോള്‍ വിദേശത്ത് നിന്ന് ഇതുവരെയുള്ള കലക്ഷന്‍ 17 കോടിയാണ്. ഈ ആഴ്ച മലയാളത്തില്‍ 9 പുതിയ സിനിമകള്‍ റിലീസ് ചെയ്തെങ്കിലും രോമാഞ്ചത്തിന്റെ ബോക്സ് ഓഫിസ് കലക്ഷനെ അത് ബാധിക്കില്ലെന്നാണ് തിയറ്ററില്‍ നിന്നുള്ള റിപ്പോര്‍ട്ട്. സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിത്തു മാധവന്‍ രചനയും സംവിധാനവും ചെയ്ത ചിത്രം ഹൊറര്‍ കോമഡി ത്രില്ലറാണ്. അഭിനേതാക്കളുടെ പ്രകടനവും സുഷിന്‍ ശ്യാമിന്റെ സംഗീതവും സിനിമയുടെ പ്രധാന ആകര്‍ഷണമായിരുന്നു. സിനിമ വലിയ വിജയമായതോടെ ചിത്രത്തിന്റെ റീമേക്ക് റൈറ്റ്സിനായി വന്‍ ബാനറുകളാണ് എത്തുന്നത്.
◾പത്തൊമ്പതാം നൂറ്റാണ്ടിനു ശേഷം സിജു വിത്സന്‍ നായകനാകുന്ന ‘പഞ്ചവത്സര പദ്ധതി’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. കിച്ചാപ്പൂസ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ കെ.ജി. അനില്‍കുമാര്‍ നിര്‍മിക്കുന്ന ചിത്രം പി.ജി. പ്രേംലാല്‍ സംവിധാനം ചെയ്യുന്നു. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജീവ് പാഴൂര്‍ ആണ് തിരക്കഥയും സംഭാഷണവും. ഛായാഗ്രഹണം ആല്‍ബി നിര്‍വഹിക്കുന്നു. സിനിമയുടെ ചിത്രീകരണം വയനാട്ടില്‍ പുരോഗമിക്കുന്നു. സംഗീതം-ഷാന്‍ റഹ്‌മാന്‍, ഗാനരചന റഫീഖ് അഹമ്മദ്, എഡിറ്റിങ് കിരണ്‍ ദാസ്. എന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ മജിസ്ട്രേറ്റിന്റെ വേഷത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ പി.പി. കുഞ്ഞികൃഷ്ണന്‍ ഒരു പ്രധാനവേഷം ചെയ്യുന്ന ഈ ചിത്രത്തില്‍ പുതുമുഖം കൃഷ്ണേന്ദു എ. മേനോന്‍ നായികയാവുന്നു. നിഷ സാരംഗ് , ഹരീഷ് പേങ്ങന്‍,സിബി തോമസ്, ജോളി ചിറയത്ത്, ലാലി മരക്കാര്‍ തുടങ്ങിയ വരും മറ്റു പ്രമുഖ താരങ്ങളും വേഷമിടുന്നു.
◾ഇലക്ട്രിക് എസ്യുവി ഇ സി3യുടെ വില പ്രഖ്യാപിച്ച് സിട്രോണ്‍. നാലു വകഭേദങ്ങളിലായി ലഭിക്കുന്ന വാഹനത്തിന്റെ വില 11.50 ലക്ഷം രൂപ മുതലാണ്. അടിസ്ഥാന വകഭേദം ലൈവിന് 11.50 ലക്ഷം രൂപയും ഫീല്‍ വകഭേദത്തിന് 12.13 ലക്ഷം രൂപയും ഫീല്‍ വൈബ് പാക്കിന് 12.28 ലക്ഷം രൂപയും ഫീല്‍ ഡ്യുവല്‍ ടോണ്‍ വൈബ് പാക്കിന് 12.43 ലക്ഷം രൂപയുമാണ് വില. തുടക്കത്തില്‍ രാജ്യത്തെ 25 നഗരങ്ങളില്‍ വില്‍പന ആരംഭിക്കുന്ന വാഹനത്തിന്റെ ബുക്കിങ് സിട്രോണ്‍ സ്വീകരിച്ചു തുടങ്ങിയിരുന്നു. ഇലക്ട്രിക് കാറായി വികസിപ്പിച്ച വാഹനമാണ് സി 3. എയര്‍ കൂള്‍ഡ് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. നിലവിലെ ഇലക്ട്രിക്കുകള്‍ക്ക് ഫാസ്റ്റ് ചാര്‍ജിങ് സംവിധാനം തുടര്‍ച്ചയായി ഉപയോഗിക്കാന്‍ സാധിക്കാത്തപ്പോള്‍ സി 3 എത്ര തവണ വേണമെങ്കിലും ഫാസ്റ്റ് ചാര്‍ജ് ചെയ്യാം. സാധാരണ 15 ആംപ് സോക്കറ്റില്‍ കുത്താനാകുന്ന സ്ലോ ചാര്‍ജറുമുണ്ട്. 4 നിറങ്ങള്‍, 9 ഡ്യുവല്‍ ടോണ്‍ അടക്കം 13 എക്സ്റ്റീരിയര്‍ കളര്‍ കോമ്പിനേഷന്‍. 3 കസ്റ്റമൈസേഷന്‍ പാക്കേജുകളിലായി 47 കസ്റ്റമൈസേഷന്‍ ഓപ്ഷനുകളുകള്‍. ഇലക്ട്രിക്കായതിനാല്‍ വാറന്റി കാര്യങ്ങള്‍ക്ക് പ്രാധാന്യമേറും. ബാറ്ററിക്ക് 1.40 ലക്ഷം അല്ലെങ്കില്‍ 7 കൊല്ലം, മോട്ടറിന് 1 ലക്ഷം അല്ലെങ്കില്‍ 5 വര്‍ഷം, വാഹനത്തിന് 3 വര്‍ഷം അല്ലെങ്കില്‍ 125 കിലോമീറ്റര്‍ എന്നിങ്ങനെ വാറന്റി.
◾നിറഞ്ഞുതുളുമ്പുന്ന സ്നേഹത്തിന്റെയും കുടുംബാന്തരീക്ഷത്തിന്റെയും ആയാസരഹിതമായ യാത്രാനുഭവങ്ങളാണ് ‘മോഹവഴികളിലൂടെ’ എന്ന രചന. ഈ യാത്രയില്‍ ആ കുടുംബത്തോടൊപ്പം വായനക്കാരുമുണ്ടെന്ന പ്രതീതി പകരുന്ന രീതിയിലാണ് ഡോ. മോഹന്‍ ഈ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നത്. ഭാന്‍ഗഢിലെ കൃഷ്ണ, പോളണ്ടില്‍നിന്നുള്ള സുന്ദരിക്കുട്ടി, നവോണയിലെ ചിത്രകാരന്‍, ചൈനീസ് അപ്പൂപ്പന്‍ തുടങ്ങിയ യാത്രാപഥങ്ങളില്‍ ഒരിക്കലും ശ്രദ്ധിക്കാനിടയില്ലാത്ത, അപ്രധാനമാണെന്ന് സഞ്ചാരികള്‍ക്കു തോന്നുന്ന വ്യക്തികളിലൂടെ ഗ്രന്ഥകാരനും കുടുംബത്തിനും ലഭിക്കുന്ന ഊഷ്മളസൗഹൃദം ആ പ്രദേശത്തെ കൂടുതല്‍ പ്രിയപ്പെട്ടതാക്കിത്തീര്‍ക്കുന്നു. ‘മോഹവഴികളിലൂടെ’. ഡോ. മോഹന്‍ പുലിക്കോട്ടില്‍. ഗ്രീന്‍ ബുക്സ്. വില 247 രൂപ.
◾ആരോഗ്യകരമായ എല്ലുകളും പല്ലുകളുമായി ബന്ധപ്പെട്ടാണ് നാം പലപ്പോഴും കാല്‍സ്യം എന്ന ധാതുവിനെ പറ്റി ചര്‍ച്ച ചെയ്യാറുള്ളത്. എന്നാല്‍ രക്തത്തിന്റെ കട്ടപിടിക്കല്‍, പേശികളുടെ സങ്കോചം, സാധാരണ തോതിലെ ഹൃദയമിടിപ്പ്, നാഡീവ്യൂഹ കോശങ്ങളുടെ പ്രവര്‍ത്തനം എന്നിവയുമായെല്ലാം കാല്‍സ്യത്തിന് ബന്ധമുണ്ട്. ശരീരത്തിലെ 99 ശതമാനം കാല്‍സ്യവും എല്ലുകളില്‍ ശേഖരിക്കപ്പെടുമ്പോള്‍ ശേഷിക്കുന്ന ഒരു ശതമാനം രക്തത്തിലും പേശികളിലും മറ്റ് കോശസംയുക്തങ്ങളിലുമായി കാണപ്പെടുന്നു. രണ്ട് തരത്തിലാണ് ശരീരം അതിന് ആവശ്യമുള്ള കാല്‍സ്യം കണ്ടെത്തുന്നത്. ഒന്ന് നാം കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നും മറ്റ് സപ്ലിമെന്റുകളില്‍ നിന്നും. രണ്ടാമത്തേത് എല്ലുകളില്‍ നിന്ന്. ഭക്ഷണത്തില്‍ ആവശ്യത്തിന് കാല്‍സ്യം ലഭിക്കാതെ വരുമ്പോള്‍ ശരീരം എല്ലുകളില്‍ ശേഖരിച്ച് വച്ചിരിക്കുന്ന കാല്‍സ്യം ഉപയോഗപ്പെടുത്തുന്നു. ഇത്തരത്തില്‍ പിന്‍വലിക്കപ്പെടുന്ന കാല്‍സ്യം പിന്നീട് ശരീരം ഭക്ഷണത്തില്‍ നിന്ന് എടുത്ത് പുനഃസ്ഥാപിക്കുന്നു. 19നും 50നും ഇടയിലുള്ള സ്ത്രീകള്‍ക്ക് പ്രതിദിനം 1000 മില്ലിഗ്രാമും 50ന് മുകളിലുള്ള സ്ത്രീകള്‍ക്ക് 1200 മില്ലിഗ്രാമും കാല്‍സ്യം ആവശ്യമാണെന്ന് വിദഗ്ധര്‍ പറയുന്നു. ഗര്‍ഭിണികള്‍ക്കും പാലൂട്ടുന്ന അമ്മമാര്‍ക്കും ഇത് 1000 മില്ലിഗ്രാം തന്നെയാണ്. 19 മുതല്‍ 70 വരെ പ്രായമുള്ള പുരുഷന്മാര്‍ക്ക് ദിവസം 1000 മില്ലിഗ്രാം കാല്‍സ്യവും അതിന് മുകളിലുള്ളവര്‍ക്ക് 1200 മില്ലിഗ്രാം കാല്‍സ്യവും ആവശ്യമാണ്. ആവശ്യത്തിന് കാല്‍സ്യം ലഭിക്കാതാകുമ്പോള്‍ ഇനി പറയുന്ന ലക്ഷണങ്ങള്‍ ശരീരം പ്രകടിപ്പിക്കാറുണ്ട്. പേശികളില്‍ കോച്ചിപിടുത്തം, ആശയക്കുഴപ്പം, ഓര്‍മക്കുറവ്, മതിഭ്രമം, എളുപ്പം പൊട്ടിപ്പോകാവുന്ന എല്ലുകള്‍, പെട്ടെന്ന് പൊട്ടിപ്പോകുന്ന ആരോഗ്യം കുറഞ്ഞ നഖങ്ങള്‍, കൈകാലുകളില്‍ മരവിപ്പ്, തരിപ്പ്, ചുഴലി രോഗം, താളം തെറ്റിയ ഹൃദയമിടിപ്പ്, വരണ്ടതും ചെതുമ്പലുകളുള്ളതുമായ ചര്‍മം, ഊര്‍ജ്ജമില്ലാത്ത ക്ഷീണിതമായ അവസ്ഥ, പാല്‍, ബദാം, എള്ള്, വെണ്ടയ്ക്ക, മത്തി എന്നിവയെല്ലാം കാല്‍സ്യം സമ്പന്നമായ ഭക്ഷണവിഭവങ്ങളാണ്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം കാല്‍സ്യം സപ്ലിമെന്റുകളും കഴിക്കാവുന്നതാണ്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.67, പൗണ്ട് – 99.56, യൂറോ – 87.70, സ്വിസ് ഫ്രാങ്ക് – 88.13, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.50, ബഹറിന്‍ ദിനാര്‍ – 219.30, കുവൈത്ത് ദിനാര്‍ -269.21, ഒമാനി റിയാല്‍ – 214.74, സൗദി റിയാല്‍ – 22.03, യു.എ.ഇ ദിര്‍ഹം – 22.51, ഖത്തര്‍ റിയാല്‍ – 22.71, കനേഡിയന്‍ ഡോളര്‍ – 60.80.