yt cover 1

ഇലക്ഷന്‍ ബജറ്റ്. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടുള്ള ജനപ്രിയ വാഗ്ദാനങ്ങള്‍. ആദായനികുതി വരുമാന പരിധി അഞ്ചു ലക്ഷം രൂപയില്‍നിന്ന് ഏഴു ലക്ഷം രൂപയാക്കി ഉയര്‍ത്തി. അന്ത്യോദയ ഗുണഭോക്താക്കള്‍ക്കു പിഎം ഗരീബ് കല്യാണ്‍ യോജന ഒരു വര്‍ഷം കൂടി തുടരും. ഇതിനായി രണ്ടു ലക്ഷം കോടി രൂപ ചെലവിട്ട് 81 കോടി ജനങ്ങള്‍ക്ക് അഞ്ചു കിലോ വീതം ഭക്ഷ്യധാന്യം മാസംതോറും നല്‍കും.

ആദായ നികുതി സ്ലാബുകള്‍ അഞ്ചായി കുറച്ചു. പഴയ നികുതി ഘടനയില്‍ മൂന്നു ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്കു നികുതിയില്ല. നേരത്തെ ഇതു രണ്ടു ലക്ഷം രൂപയായിരുന്നു. മൂന്നു മുതല്‍ ആറു ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് അഞ്ചു ശതമാനമാണു നികുതി. ആറു മുതല്‍ ഒമ്പതു ലക്ഷം വരെ വരുമാനമുള്ളവര്‍ക്കു പത്തു ശതമാനം. ഒമ്പതു മുതല്‍ 12 വരെ ലക്ഷത്തിനു 15 ശതമാനവും 12 മുതല്‍ 15 വരെ ലക്ഷത്തിന് 20 ശതമാനവും 15 ലക്ഷത്തിനു മുകളില്‍ 30 ശതമാനവുമാണു ആദായനികുതി. പുതിയ സ്‌കീമിലേക്കു മാറുന്നവര്‍ക്കു റിബേറ്റുകള്‍ ബാധകമായിരിക്കില്ല.

റെയില്‍വേക്ക് 2.40 ലക്ഷം കോടി രൂപ വകയിരുത്തി. സംസ്ഥാനങ്ങള്‍ക്ക് ഒരു വര്‍ഷം കൂടി 50 വര്‍ഷത്തെ തിരിച്ചടവ് കാലാവധിയുള്ള പലിശ രഹിത വായ്പ. 10 ലക്ഷം കോടി രൂപയുടെ മൂലധന നിക്ഷേപം. നഗര വികസനത്തിന് പണം കണ്ടെത്താന്‍ മുന്‍സിപ്പല്‍ ബോണ്ട്. പുതിയ 157 നഴ്സിംഗ് കോളജുകള്‍. മെഡിക്കല്‍ രംഗത്ത് നൈപുണ്യ വികസന പദ്ധതി. പുതിയ 50 വിമാനത്താവളങ്ങള്‍. പിഎം ആവാസ് യോജനക്ക് 79,000 കോടി രൂപ. ആദിവാസി കളുടെസമഗ്ര വികസനത്തിന് 15,000 കോടി. 2516 കോടി രൂപ ചെലവിട്ട് 63,000 പ്രാഥമിക സംഘങ്ങള്‍ ഡിജിറ്റലൈസ് ചെയ്യും. പാന്‍കാര്‍ഡ് തിരിച്ചറിയല്‍ രേഖയാക്കും. മത്സ്യ രംഗത്തെ വികസനത്തിന് 6000 കോടി രൂപ. 47 ലക്ഷം യുവാക്കള്‍ക്ക് മൂന്നു വര്‍ഷം സ്റ്റൈപ്പന്‍ഡോടു കൂടി തൊഴില്‍ പരിശീലനം. തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ പ്രധാന്‍മന്ത്രി കൗശല്‍ വികാസ് യോജന.

*സ്വീറ്റ് ബോക്‌സ്*

അറിവും ആനനന്ദവും ആകാംക്ഷയും പകരുന്ന സ്വീറ്റ് ബോക്‌സ് വീഡിയോകള്‍ക്കായി :

https://www.youtube.com/watch?v=iSvZEdt0TJA&list=PLtul8xTi_mtfKAFHG5hjW6mz0fMydp4qA

വില കൂടുന്നവ: സ്വര്‍ണം, വെള്ളി, ഡയമണ്ട്, സിഗരറ്റ്, വസ്ത്രം.

വില കുറയുന്നവ: മൊബൈല്‍ ഫോണ്‍, ടിവി, ക്യാമറ ലെന്‍സ്, ലിഥിയം ബാറ്ററി, ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി, ഹീറ്റിംഗ് കോയില്‍.

സിഗരറ്റിന് 16 ശതമാനം തീരുവ കൂട്ടി. ഇന്ത്യ മില്ലറ്റ് ഹബ്ബാകും. റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസം. ഇറക്കുമതി തീരുവ പത്തു ശതമാനത്തില്‍നിന്ന് 25 ശതമാനാക്കി ഉയര്‍ത്തി. ഒരു കോടി കര്‍ഷകര്‍ക്ക് പ്രകൃതി കൃഷിയിലേക്കു മാറാനുള്ള സഹായങ്ങള്‍. അരിവാള്‍ രോഗം നിര്‍മാര്‍ജനം ചെയ്യും. നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന കര്‍ണാടകത്തിന് 5,300 കോടി രൂപയുടെ പ്രത്യേക സഹായം. ഏഴ് മുന്‍ഗണന വിഷയങ്ങളാണു ബജറ്റില്‍ ധനമന്ത്രി മുന്നോട്ടുവച്ചത്. അടിസ്ഥാന സൗകര്യ വികസനം, യുവശക്തി, കര്‍ഷക ക്ഷേമം, പിന്നാക്ക ക്ഷേമം, ഊര്‍ജ്ജ സംരക്ഷണം. നൂറു വര്‍ഷത്തേക്കുള്ള വികസനത്തിന്റെ ബ്ലൂ പ്രിന്റാണു ബജറ്റെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍. ജി 20 അധ്യക്ഷ സ്ഥാനം ഇന്ത്യക്കു വലിയ അവസരമാണെന്നും ഒരു മണിക്കൂര്‍ 25 മിനിറ്റു നീണ്ട ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. തിളക്കമുള്ള വളര്‍ച്ചയെന്ന് അവകാശപ്പെട്ടുകൊണ്ടാണ് ബജറ്റ് അവതരണം ആരംഭിച്ചത്.

റെയില്‍വേക്ക് 2.40 ലക്ഷം കോടി അനുവദിച്ചെങ്കിലും കേരളത്തിന്റെ കെ റെയില്‍ സംബന്ധിച്ച് പരാമര്‍ശമില്ല. റിക്കാര്‍ഡ് തുകയാണ് റെയില്‍വേയ്ക്കായി നീക്കിവച്ചത്. പുതിയ വന്ദേഭാരത് ട്രെയിനുകള്‍ ആരംഭിക്കാനും പുതിയ പാതകള്‍ സ്ഥാപിക്കാനും സുരക്ഷാ സംവിധാനം മെച്ചപ്പെടുത്താനുമാണ് ഇത്രയേറെ തുക അനുവദിച്ചത്.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹം സാധുവാകുന്നതിന് 30 ദിവസം നോട്ടീസ് കാലയളവ് വേണമെന്ന ചട്ടം മാറ്റണമെന്ന് ഹൈക്കോടതി. വധു വരന്മാര്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്ന സ്ഥലപരിധിയില്‍ 30 ദിവസം താമസിക്കുന്നവരാകണമെന്ന ചട്ടവും മാറ്റണം. സാമൂഹിക സ്ഥിതിയിലെ മാറ്റത്തിന് അനുസൃതമായ മാറ്റം വേണം. എറണാകുളം സ്വദേശികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാര്‍ അടക്കമുള്ളവരില്‍നിന്ന് വിശദീകരണം തേടിയശേഷമാണ് കോടതി നിരീക്ഷണം.

സില്‍വര്‍ ലൈന്‍ പദ്ധതി സംസ്ഥാന വികസനത്തിന് അനിവാര്യമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര അനുമതി കിട്ടുന്ന മുറയ്ക്ക് തുടര്‍ നടപടി സ്വീകരിക്കും 2013 ലെ ഭൂമിയേറ്റെടുക്കല്‍ നിയമമനുസരിച്ച് അര്‍ഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

ഗുണ്ടാബന്ധവും അനധികൃത സ്വത്തു സമ്പാദനവും കണ്ടെത്തിയ 21 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടെന്നും 14 പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തെന്നും മുഖ്യമന്ത്രി നിയമസഭയില്‍. 23 ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. മൂന്നു പേര്‍ക്കു കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി. മുഖ്യമന്ത്രി പറഞ്ഞു.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

സംസ്ഥാനത്ത് 30 ലക്ഷം പേര്‍ വന്യ ജീവി സംഘര്‍ഷത്തിന്റെ ഭീതിയിലാണെന്നു പ്രതിപക്ഷം നിയമസഭയില്‍. വന്യജിവി ആക്രമണത്തെക്കുറിച്ച് സഭ നിര്‍ത്തി വച്ച് ചര്‍ച്ചചെയ്യണമെന്ന അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. ആളെ കൊന്നാല്‍ മാത്രമേ കടുവയെ പിടിക്കുന്നുള്ളൂവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് യുണിറ്റിന് ഒമ്പതു പൈസ വര്‍ധന ഇന്നു മുതല്‍ നാലുമാസത്തേക്ക്. 40 യുണിറ്റ് വരെ മാത്രം ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ല. മെയ് 31 വരെയാണ് ഇന്ധന സര്‍ചാര്‍ജ് ഈടാക്കുക. കഴിഞ്ഞ വര്‍ഷം പുറത്തുനിന്നു വൈദ്യുതി വാങ്ങിയതില്‍ ബോര്‍ഡിനുണ്ടായ ബാധ്യതയായ 87.7 കോടി രൂപ പിരിച്ചെടുക്കാനാണ് നിരക്കു വര്‍ധന.

ഹോട്ടലുകളിലും ബേക്കറികളിലും പാഴ്സല്‍ ഭക്ഷണത്തിന് സമയവും തീയതിയും രേഖപ്പെടുത്തിയ സ്റ്റിക്കര്‍ ഇന്നു മുതല്‍ നിര്‍ബന്ധം. സ്റ്റിക്കര്‍ ഇല്ലാത്ത ഭക്ഷണ പാഴ്സലുകള്‍ നിരോധിച്ചു.

ബിഎസ്എന്‍എല്‍ എന്‍ജിനീയേഴ്സ് സഹകരണ സംഘം തട്ടിപ്പ് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. സഹകരണ വകുപ്പിന്റെ അന്വേഷണത്തില്‍ നിക്ഷേപക തട്ടിപ്പ് കണ്ടെത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കൃത്രിമ രജിസ്റ്റര്‍ സൃഷ്ടിച്ചായിരുന്നു തട്ടിപ്പ്. സംഘത്തിന്റെ പ്രസിഡന്റ്, സെക്രട്ടറി, ഭരണ സമിതി അംഗങ്ങള്‍ എന്നിവര്‍ക്കു തട്ടിപ്പില്‍ ബന്ധമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍ ഒരു മാസത്തിനകം 24 പെന്‍ഷന്‍ അക്കൗണ്ടുകള്‍ തിരുത്തി 68 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലെ മുഖ്യപ്രതി ലിന കസ്റ്റഡിയില്‍. ബോര്‍ഡിലെ കരാര്‍ ജീവനക്കാരിയായ ലിനയെ നേരത്തെ പിരിച്ചുവിട്ടിരുന്നു.

ആരോഗ്യ വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിലൂടെ 36 ലക്ഷം രൂപ പിഴ ഈടാക്കി. ഓപറേഷന്‍ ഷവര്‍മ്മയുടെ ഭാഗമായി 36,42,500 രൂപ പിഴ ഈടാക്കിയെന്ന് നിയമസഭയില്‍ അറിയിച്ചു. 2022 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ 8224 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. 2023 ജനുവരി ഒന്നു മുതല്‍ 6689 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയെന്നും നിയമസഭയെ അറിയിച്ചു.

സമരം ചെയ്യുന്നവരെ ശത്രുക്കളായി കാണുന്ന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എല്ലാ സമരങ്ങളും തനിക്കെതിരെയാണെന്ന ഏകാധിപതികളുടെ ചിന്തയാണ് പിണറായിക്ക്. സെക്രട്ടറിയേറ്റ് മാര്‍ച്ചു നടത്തിയതിനു റിമാന്‍ഡില്‍ കഴിയുന്ന യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെ പൂജപ്പുര ജയിലില്‍ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ചെങ്കല്‍ ക്വാറികളില്‍ അനിശ്ചിതകാല പണിമുടക്ക്. പതിച്ചു നല്‍കിയ ഭൂമിയില്‍ ക്വാറികള്‍ക്ക് ലൈസന്‍സ് അനുവദിക്കണമെന്നാണ് ക്വാറി ഉടമകളുടെ മുഖ്യമായ ആവശ്യം. ഭീമമായ പിഴ ചുമത്തുന്നത് നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടു.

ബോംബെ സിസ്റ്റേര്‍സ് എന്ന പേരില്‍ കര്‍ണാടക സംഗീത ലോകത്ത് പ്രശസ്തരായ സഹോദരിമാരില്‍ ഒരാളായ സി ലളിത ചെന്നൈയില്‍ അന്തരിച്ചു. 85 വയസായിരുന്നു. 1963 മുതല്‍ കര്‍ണാടക സംഗീത ലോകത്തെ പ്രശസ്തരാണ് ബോംബെ സിസ്റ്റേര്‍സ് എന്ന് അറിയപ്പെടുന്ന സി ലളിതയും സി സരോജവും. എന്‍ ചിദംബരം അയ്യരുടെയും മുക്താംബാളുടെയും മക്കളായി തൃശൂരിലാണ് ഈ സഹോദരിമാര്‍ ജനിച്ചത്.

ഇടമലകുടിയിലെ ശൈശവ വിവാഹത്തിനു 47 കാനായ വരനെതിരെ പോക്സോ കേസ്. മൂന്നാര്‍ പോലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇയാള്‍ ഒളിവിലാണ്. വിവാഹിതനും പ്രായ പൂര്‍ത്തിയായ രണ്ടു മക്കളുടെ പിതാവുമായയാളാണ് 15 കാരിയെ വിവാഹം കഴിച്ചത്.

പ്രണയപ്പക മൂലം മൂന്നാറില്‍ വിദ്യാര്‍ഥിനിയെ വെട്ടിപ്പരുക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍. പ്രതി ആല്‍വിനാണു പാലക്കാട്ടുനിന്ന് പിടിയിലായത്. ചൊവ്വാഴ്ച വൈകിട്ടാണ് അയല്‍വാസിയായ വിദ്യാര്‍ഥിനിയെ മുഖത്തു വെട്ടി പരിക്കേല്‍പിച്ചത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അനധികൃതമായി പ്രവേശിച്ച മൂന്നു പേര്‍ക്കെതിരെ കേസ്. കുമളി സ്വദേശികളും ലോറി ക്ലീനര്‍മാരുമായ രാജന്‍, രഞ്ജു, സതീശന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

കാസര്‍കോട് ബേഡഡുക്കയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ഗര്‍ഭിണിയാക്കിയ പ്ലസ് വണ്‍ വിദ്യാര്‍ഥിക്കെതിരേ പോക്സോ കേസ്. അതേ സ്‌കുളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിക്കെതിരെയാണ് കേസെടുത്തത്.

കണ്ണൂര്‍ ജില്ലയിലെ പേരാവൂരില്‍ യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ കേസില്‍ യുവാവ് പിടിയില്‍. കോളയാട് പെരുവ സ്വദേശിയും വയറിംഗ് തൊഴിലാളിയുമായ കെ. ഹരീഷിനെയാണ് (20) പേരാവൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ധോണിയില്‍ ഒറ്റയാന്‍ പിടി സെവനെ പിടികൂടിയെങ്കിലും അര ഡസന്‍ കാട്ടാനകള്‍കൂടി നാട്ടിലേക്കിറങ്ങി. രാത്രിയില്‍ കാട്ടാനക്കൂട്ടം ധോണിയില്‍ വിലസുകയാണ്. നാട്ടുകാരുടെ ഉറക്കം കെടുത്തി കാടിറങ്ങി വരുന്ന കാട്ടാനകളെ തുരത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വയനാട് പുല്‍പ്പള്ളിയില്‍ ജപ്തി നോട്ടീസ് ലഭിച്ചതിനെത്തുടര്‍ന്ന് വയോധികന്‍ ആത്മഹത്യ ചെയ്തു. ഭൂദാനം നടുക്കുടിയില്‍ കൃഷ്ണന്‍കുട്ടിയാണ് മരിച്ചത്. ലോട്ടറി വില്‍പ്പനക്കാരനായിരുന്നു.

തമിഴ്നാട് മുന്‍മുഖ്യമന്ത്രി എം. കരുണാനിധിയുടെ ഓര്‍മയ്ക്കായി കടലില്‍ സ്മാരകം നിര്‍മിക്കുന്നതിനെതിരേ മത്സ്യത്തൊഴിലാളികള്‍. ഉപജീവനം മുട്ടിക്കുമെന്നും പാരിസ്ഥിക പ്രശ്നങ്ങള്‍ക്കു കാരണമാകുമെന്നും ആരോപിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നടപടികള്‍ ജനം തടഞ്ഞു. മറീന കടല്‍ക്കരയില്‍നിന്നു 36 മീറ്റര്‍ കടലിലേക്കിറക്കിയാണു സ്മാരകം നിര്‍മിക്കുന്നത്. 137 അടി ഉയരമുള്ള മാര്‍ബിള്‍ പേനയാണു സ്മാരകം.

ഇടുപ്പെല്ല് ഒടിഞ്ഞെന്ന് തെറ്റിധരിപ്പിച്ച് ഡല്‍ഹിയിയിലെ സ്വകാര്യ ആശുപത്രിയില്‍ തന്നെ അനാവശ്യമായി ശസത്രക്രിയയ്ക്കു വിധേയയാക്കിയെന്ന് എഴുത്തുകാരി തസ്ലിമ നസ്റിന്‍. അനാവശ്യമായി ഇടുപ്പ് മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ആശുപത്രിയിലെ ഡോക്ടറുടെ പേരെടുത്ത് പറഞ്ഞാണ് തസ്ലിമയുടെ ആരോപണം.

കളിച്ചു കൊണ്ടിരുന്നപ്പോള്‍ സാരി അബദ്ധത്തില്‍ കഴുത്തില്‍ കുരുങ്ങി ഏഴുവയസുകാരി മരിച്ചു. മധ്യപ്രദേശിലെ അനുപ്പൂര്‍ ജില്ലയിലെ പക്കാരിയ ഗ്രാമത്തില്‍ അമ്മ വീടിനകത്ത് ജോലി ചെയ്തു കൊണ്ടിരിക്കവേയാണ് അപകടമുണ്ടായത്. വീടിനു പുറം ഭിത്തിയിലെ മുളയില്‍ കെട്ടിയ സാരിയില്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ കഴുത്തില്‍ കുരുങ്ങിയെന്നാണ് വീട്ടുകാരുടെ മൊഴി.

പാകിസ്ഥാനിലെ പെഷാവാര്‍ മോസ്‌കിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 100 കടന്നു. ഇരന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് താലിബാന്‍ ഏറ്റെടുത്തിരുന്നു.

പ്രാര്‍ഥനാ സമയത്ത് ഇന്ത്യയിലും ഇസ്രായേലിലും പോലും ആളുകള്‍ കൊല്ലപ്പെടില്ലെന്ന വിവാദ പ്രസ്താവനയുമായി പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഭീകരവാദത്തിനെതിരെ രാജ്യം ഒരുമിക്കണമെന്നും ദേശീയ അസംബ്ലിയില്‍ പെഷാവാര്‍ സ്ഫോടനവുമായി ബന്ധപ്പെട്ടു സംസാരിക്കവേ ഖ്വാജ ആസിഫ് പറഞ്ഞു.

റോഡില്‍ ഡാന്‍സ് കളിച്ചു വീഡിയോ ഇന്‍സറ്റഗ്രാമില്‍ പോസ്റ്റു ചെയ്ത ദമ്പതികള്‍ക്കു പത്തു വര്‍ഷം ജയില്‍ ശിക്ഷ വിധിച്ച് ഇറാന്‍. ടെഹ്റാനിലെ ആസാദി ടവറിലാണ് ആമിര്‍ മുഹമ്മദ് അഹ്‌മദിയും ജീവിത പങ്കാളി അസ്ത്യാസ് ഹഖീഖിയും നൃത്തം ചെയ്തത്. അഴിമതിയും ലൈംഗികതയും പ്രചരിപ്പിച്ചെന്ന കുറ്റം ചുമത്തിയാണു ശിക്ഷിച്ചത്.

ദുബൈയിലെ അല്‍ മിന്‍ഹാദ് ഏരിയക്കും പരിസര പ്രദേശങ്ങള്‍ക്കും ഹിന്ദ് സിറ്റി എന്നു പേരു മാറ്റി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് പേരു മാറ്റിക്കൊണ്ട് ഉത്തരവിട്ടത്.

വിമാനത്തിലേക്കു വീല്‍ ചെയറില്‍ കയറുന്നതിനിടെയുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് കിടപ്പിലായ 25 കാരി മരിച്ചു. ഗാബി അസോലിന്‍ ആണു അമേരിക്കയിലെ പ്രമുഖ എയര്‍ലൈനായ സൗത്ത് വെസ്റ്റിന്റെ വിമാനത്തിലേക്ക് കയറുന്നതിനിടെ വാക്ക് വേയില്‍ തട്ടിയാണ് നിലത്ത് വീണത്. വീഴ്ചയുടെ ആഘാതത്തില്‍ തലയ്ക്കും നടുവിനും ഗുരുതരമായി പരിക്കേറ്റിരുന്നു.

പൊതുമേഖലാ സ്ഥാപനങ്ങളായ ഗെയില്‍, ബിപിസിഎല്‍ എന്നിവയുടെ നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാംപാദ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. രണ്ടാം പാദത്തില്‍ നഷ്ടം രേഖപ്പെടുത്തിയ ബിപിസിഎല്‍ ലാഭത്തിലേക്ക് തിരിച്ചെത്തി. അതേ സമയം ഇരുകമ്പനികളുടെയും അറ്റാദായം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇടിയുകയാണ് ചെയ്തത്. നടപ്പ് സാമ്പത്തിക വര്‍ഷം ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ ഗെയിലിന്റെ അറ്റാദായം 245.73 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അറ്റാദായത്തില്‍ 92 ശതമാനം ഇടിവാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഗെയിലിന്റെ അറ്റാദായം 3287.99 കോടി രൂപയായിരുന്നു. 2022-23ലെ രണ്ടാംപാദവുമായി താരതമ്യം ചെയ്യുമ്പോള്‍ അറ്റാദായം ഇടിഞ്ഞത് 84 ശതമാനത്തോളം ആണ്. അതേ സമയം പ്രവര്‍ത്തന വരുമാനം 37.2 ശതമാനം ഉയര്‍ന്ന് 35,380 കോടിയായി. മൂന്നാം പാദത്തില്‍ ബിപിസിഎല്ലിന്റെ അറ്റാദായം 37 ശതമാനം ഇടിഞ്ഞ് 1747 കോടിയിലെത്തി. മുന്‍വര്‍ഷം ഇതേകാലയളവില്‍ 1747.01 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 338.49 കോടി രൂപ നഷ്ടത്തിലായിരുന്നു കമ്പനി. ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ വരുമാനം 13.48 ശതമാനം ഉയര്‍ന്ന് 1,33,347.51 കോടി രൂപയായി. ഡിസംബര്‍ വരെയുള്ള ഒമ്പത് മാസക്കാലയളവില്‍ 36.01 മില്യണ്‍ മെട്രിക് ടണ്‍ ഇന്ധനമാണ് ബിപിസിഎല്‍ വിറ്റത്.

സോണിയുടെ ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന വാക്മാന്‍ എന്‍ഡബ്ല്യു-സെഡെക്‌സ്707 ഇന്ത്യയിലെത്തി. 69,990 രൂപയാണ് വില. ഐഫോണ്‍ 13നേക്കാള്‍ വില വരുന്ന വാക്മാനാണിത്. ഹെഡ്‌ഫോണ്‍ സോണ്‍ വഴി മാത്രമായിരിക്കും ഇത് വില്‍ക്കുക എന്നാണ് കേള്‍ക്കുന്നത്. വക്രീകരണമില്ലാത്ത ശബ്ദവും മറ്റനവധി ഓഡിയോ ഫീച്ചറുകളും ഉള്‍ക്കൊള്ളിച്ച ഈ പ്രീമിയം ഉപകരണത്തിന് 25 മണിക്കൂര്‍ ബാറ്ററി ലൈഫ് കിട്ടുമെന്ന് കമ്പനി പറയുന്നു. ഈ വാക്ക്മാന്‍ ചിലര്‍ക്കെങ്കിലും കുട്ടിക്കാലത്തെ ഓര്‍മകള്‍ തിരികെ നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വാക്മാന്‍ എന്‍ഡബ്ല്യു-സെഡെക്‌സ്707 ഉപയോഗിച്ച് ആധുനിക സാങ്കേതിക വിദ്യകള്‍ക്കൊപ്പം ഒരു പരമ്പരാഗത വാക്മാന്റെ നിലവാരം നിലനിര്‍ത്താന്‍ സോണിക്ക് കഴിഞ്ഞു. 5 ഇഞ്ച് ഡിസ്‌പ്ലേ, ഹൈ-റെസ് ഓഡിയോ വയര്‍ലെസ് ഉള്ള ശബ്ദ പ്രോസസ്സിങ്, 25 മണിക്കൂര്‍ വരെ ബാറ്ററി ലൈഫ് എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. ക്ലാസിക് ബ്ലാക്ക് ആന്‍ഡ് ഗോള്‍ഡ് വേരിയന്റിലാണ് വാക്മാന്‍ പുറത്തിറക്കിയിരിക്കുന്നത്. വാക്മാന്‍ എന്‍ഡബ്ല്യു-സെഡെക്‌സ്707 ഉപകരണം 5 ഇഞ്ച് ഡിസ്പ്ലേയുള്ള പ്രീമിയം ഡിസൈനാണ് അവതരിപ്പിക്കുന്നത്. ഡിവൈസില്‍ ഒരു ഡിഎസ്ഡി റീമാസ്റ്ററിങ് എന്‍ജിനും ഉണ്ട്. ഈ എന്‍ജിന്‍ പിസിഎം ഓഡിയോ എടുക്കുന്നു. ഇത് ഡിഎസ്ഡി ഫോര്‍മാറ്റിലേക്ക് പുനഃസംവിധാനം ചെയ്യുന്നു.

നാച്ചുറല്‍ സ്റ്റാര്‍ നാനി നായകനാകുന്ന ‘ദസറ’ എന്ന ബിഗ് ബജറ്റ് സിനിമയുടെ ടീസര്‍ എത്തി. അമ്പരപ്പിക്കുന്ന മേക്കോവറിലാണ് നാനി ചിത്രത്തില്‍ എത്തുന്നത്. തെലങ്കാനയിലെ ഗോദാവരിക്കാനി അയല്‍പക്കത്ത് സ്ഥിതി ചെയ്യുന്ന വീര്‍ലപ്പള്ളി ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതമാണ് ടീസറില്‍ കാണിക്കുന്നത്. കീര്‍ത്തി സുരേഷ് ആണ് ചിത്രത്തില്‍ നായിക വേഷത്തില്‍ എത്തുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ മാര്‍ച്ച് 30 ന് ഒരേ സമയം റിലീസ് ചെയ്യും. ഷൈന്‍ ടോം ചാക്കോയും സായ് കുമാറും നെഗറ്റീവ് ഷേഡുള്ള വേഷങ്ങളില്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നു. ധീക്ഷിത് ഷെട്ടി, സമുദ്രക്കനി, സായ് കുമാര്‍, സറീന വഹാബ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

വിജയ് ആരാധകര്‍ ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോകേഷ് കനകരാജ് ചിത്രം ‘ദളപതി 67’ ല്‍ അണിനിരക്കുന്നത് വമ്പന്‍ താരങ്ങളാണ്. ചിത്രത്തിലെ അഭിനേതാക്കളെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു, ബോളിവുഡ് താരം സഞ്ജയ് ദത്തിന് പുറമെ തെന്നിന്ത്യയിലെ ഒരു വമ്പന്‍ താരനിര തന്നെ സിനിമയുടെ ഭാഗമാകും. തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധേയനായ മലയാളി താരം മാത്യു തോമസ് ദളപതി 67ല്‍ അഭിനയിക്കുന്നുണ്ട്. കൂടാതെ തമിഴകത്തിന്റെ ആക്ഷന്‍ കിങ് അര്‍ജുന്‍, സംവിധായകരായ ഗൗതം മേനോന്‍, മിഷ്‌കിന്‍, ഡാന്‍സ് മാസ്റ്റര്‍ സാന്‍ഡി, നടന്‍ മന്‍സൂര്‍ അലിഖാന്‍ നടി പ്രിയാ ആനന്ദ് എന്നിവരും ചിത്രത്തിന്റെ ഭാഗമാകും. ഫെബ്രുവരി മൂന്നിന് സിനിമയുടെ ഒരു പ്രൊമൊ വിഡിയോ പുറത്തുവിടുമെന്നും സൂചനകളുണ്ട്. കമലഹാസനെ നായകനാക്കി ഒരുക്കിയ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണിത്.

ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ടയും സുസുക്കിയും ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് വാഹന രംഗത്തേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുന്നു. 2024 മാര്‍ച്ചോടെ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കുമെന്ന് ഹോണ്ട ഔദ്യോഗികമായി പ്രഖ്യാപിച്ചു. അതേസമയം സുസുക്കി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ 2025 സാമ്പത്തിക വര്‍ഷത്തോടെ ഇന്ത്യയില്‍ അവതരിപ്പിക്കും. നിലവിലുള്ള ആക്ടിവ സ്‌കൂട്ടറിന്റെ ഇലക്ട്രിക് പതിപ്പ് ഹോണ്ട പുറത്തിറക്കും. അതില്‍ ഇലക്ട്രിക് പവര്‍ട്രെയിന്‍ അവതരിപ്പിക്കും. ആക്ടിവ ഇവിക്ക് ശേഷം ഹോണ്ടയുടെ രണ്ടാമത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറങ്ങും, ഇത് പൂര്‍ണ്ണമായും പുതിയ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ബ്രാന്‍ഡിന്റെ രണ്ടാമത്തെ ഇവി, സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി സെറ്റ്-അപ്പ് കൊണ്ട് ഘടിപ്പിച്ച് ഉയര്‍ന്ന പ്രകടനം വാഗ്ദാനം ചെയ്യും. 2025 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയ്ക്കായുള്ള ഇലക്ട്രിക് ഇരുചക്ര വാഹനം പുറത്തിറക്കുമെന്ന് സുസുക്കിയും ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇലക്ട്രിക് വാഹനം ചെറിയതും ഇടത്തരവുമായ മോട്ടോര്‍സൈക്കിളായിരിക്കും, അത് ദൈനംദിന ഗതാഗതത്തിനായി ഉപയോഗിക്കാം.

അര്‍മീനിയന്‍ വംശഹത്യയെയും നാസികളുടെ ജൂതമേധത്തെയും കുറിച്ചു മാത്രമല്ല, ഡല്‍ഹിയിലുണ്ടായ സിഖ് വംശഹത്യയെയും ഗുജറാത്തിലെ വംശഹത്യയെയും കുറിച്ചും ഓര്‍മ്മിപ്പിക്കുന്ന ഈ പുസ്തകം അന്ധമായ ഏകദേശീയതാവാദം ഭീഷണാകാരം പൂണ്ടുവരുന്ന ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ശ്രദ്ധാപൂര്‍വ്വമായ വായനയര്‍ഹിക്കുന്നു. വിവേചനത്തിന്റെയും വിഭജനത്തിന്റെയും ഭീകരത അനുഭവിപ്പിക്കുന്ന പുസ്തകം. ‘വംശഹത്യയുടെ ചരിത്രം’. ദിവാകരന്‍ കൊമ്പിലാത്ത്. മാതൃഭൂമി. വില 408 രൂപ.

കൊളസ്‌ട്രോളിന്റെ ഉത്പാദനം കുറയുന്നത് മുടികൊഴിച്ചിലിനു കാരണമാകുമെന്ന് പഠനം. കൊളസ്‌ട്രോളിലെ വ്യതിയാനം ഹെയര്‍ ഫോളിക്കിളുകള്‍ (മുടിയുടെ ജീവനുള്ള ചുവട്) സ്ഥിരമായി നഷ്ടപ്പെടാനും ത്വക്കില്‍ പാട് രൂപപ്പെടുത്താനും കാരണമാകുമെന്നും പഠനത്തില്‍ കണ്ടെത്തി. കേരള സര്‍വകലാശാല കാര്യവട്ടം കാമ്പസിലെ ജന്തുശാസ്ത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. പി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘമാണ് പഠനം നടത്തിയത്. മുടികൊഴിച്ചിലും കൊളസ്‌ട്രോളും തമ്മിലുള്ള ബന്ധത്തെപ്പറ്റിയായിരുന്നു പഠനം. ത്വക്കിന്റെ സാധാരണ പ്രവര്‍ത്തനങ്ങള്‍ക്കും മുടിവളര്‍ച്ചയുടെ രൂപവത്കരണത്തിലും കൊളസ്‌ട്രോളിന് പ്രധാന പങ്കുണ്ട്. കൊളസ്‌ട്രോളിന്റെ ഉത്പാദനം തടസ്സപ്പെടുന്നത് ത്വക്കിന്റെ സ്വാഭാവിക സമസ്ഥിതി തകരാറിലാക്കുകയും മുടിവളര്‍ച്ചയെ ബാധിക്കുകയും ചെയ്യും. എലികളിലാണ് ഇതുസംബന്ധിച്ച പരീക്ഷണം നടത്തിയത്. പഠനവിവരങ്ങള്‍ ജേണല്‍ ഓഫ് എന്‍ഡോക്രൈനോളജി ആന്‍ഡ് റീപ്രൊഡക്ഷന്‍ എന്ന അക്കാദമിക് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മരുന്നിലൂടെ എലികളുടെ ത്വക്കിലെ കൊളസ്‌ട്രോള്‍ തടസ്സപ്പെടുത്തിയപ്പോള്‍ അവയ്ക്ക് പുതിയ രോമം ഉണ്ടാകുന്നില്ലെന്നു കണ്ടെത്തി. മുടികൊഴിച്ചിലുള്ള മനുഷ്യരുടെ ജീനുകളെക്കുറിച്ചും ഗവേഷകര്‍ പഠിച്ചു. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ അമിത അളവില്‍ ഉപയോ?ഗിക്കുന്നത് മനുഷ്യരില്‍ മുടികൊഴിച്ചിലിനു കാരണമാകുമെന്നാണ് കണ്ടെത്തിയത്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 81.80, പൗണ്ട് – 100.76, യൂറോ – 88.99, സ്വിസ് ഫ്രാങ്ക് – 89.35, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 57.87, ബഹറിന്‍ ദിനാര്‍ – 217.04, കുവൈത്ത് ദിനാര്‍ -267.94, ഒമാനി റിയാല്‍ – 212.76, സൗദി റിയാല്‍ – 21.80, യു.എ.ഇ ദിര്‍ഹം – 22.27, ഖത്തര്‍ റിയാല്‍ – 22.47, കനേഡിയന്‍ ഡോളര്‍ – 61.47.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *