◾വീണ്ടും താമര വിരിഞ്ഞു. കോണ്‍ഗ്രസ് ഭരിച്ചിരുന്ന രണ്ടു സംസ്ഥാനങ്ങള്‍ അടക്കം മൂന്നു സംസ്ഥാനങ്ങളില്‍ ബിജെപി അധികാരത്തിലേക്ക്. തെലുങ്കാനയില്‍ കോണ്‍ഗ്രസ് ഭരണം. രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങള്‍ പിടിച്ചെടുത്ത ബിജെപി മധ്യപ്രദേശില്‍ ഭരണം നിലനിര്‍ത്തി. മിസോറാമില്‍ ഇന്നു വോട്ടെണ്ണല്‍.
*നാലു സംസ്ഥാനങ്ങളിലെ കക്ഷിനില:*
ഛത്തീസ്ഗഡ്: ആകെ 90. ബിജെപി 54, കോണ്‍ഗ്രസ് 35, ജിജിപി 1.
രാജസ്ഥാന്‍: ആകെ 199. ബിജെപി 115, കോണ്‍ഗ്രസ് 69, സ്വതന്ത്രര്‍ 8, ബിഎസ്പി 2, മറ്റുള്ളവര്‍ 3.
മധ്യപ്രദേശ്: ആകെ 230. ബിജെപി 163, കോണ്‍ഗ്രസ് 66, മറ്റുള്ളവര്‍ 1.
തെലുങ്കാന: ആകെ 119. കോണ്‍ഗ്രസ് 64, ബിആര്‍എസ് 39, ബിജെപി 8, എഐഎംഐഎം 7, സിപിഐ 1.
◾സംസ്ഥാന ശാസ്ത്രമേളയില്‍ 1442 പോയിന്റുമായി മലപ്പുറം ഓവറോള്‍ ചാമ്പ്യന്മാരായി. 350 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനത്തുണ്ട്. സ്‌കൂള്‍ വിഭാഗത്തില്‍ 142 പോയിന്റുകള്‍ നേടിയ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനാണ് ഒന്നാം സ്ഥാനം.
*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലുമായി തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സ്*
വിവാഹം ഇനി ഉത്സവമാകും. മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവല്‍. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾നെല്ലിന് രാജ്യത്ത് കൂടുതല്‍ സംഭരണവില നല്‍കുന്നത് കേരളമാണെന്നും നെല്‍ കര്‍ഷകരെ സംരക്ഷിക്കുന്ന നയമാണു സംസ്ഥാന സര്‍ക്കാരിനുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നെല്ലിനു കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവില 20 രൂപ 40 പൈസയാണ്. എന്നാല്‍ കേരളം നല്‍കുന്നത് 28 രൂപ 20 പൈസയാണ്. കേന്ദ്രത്തിന്റെ പണത്തിനായി കാത്തിരിക്കാതെത്തന്നെ കര്‍ഷകരുടെ അക്കൗണ്ടിലേക്കു നെല്ലിന്റെ വില നല്‍കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. പാലക്കാട്ടെ നവകേരള സദസില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
◾സര്‍വ്വകലാശാലകളെ സംഘപരിവാര്‍ കേന്ദ്രങ്ങളാക്കാനുള്ള ഗവര്‍ണറുടെ നീക്കത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച എസ്എഫ്ഐ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും.
◾മുഖ്യമന്ത്രിയുടെ നവകേരളസദസിന് തൃശൂര്‍ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് പ്രഖ്യാപിച്ച അവധി പിന്‍വലിച്ചു. സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് അവധി റദ്ദാക്കിയത്.
◾‘മിഷോങ്’ ചുഴലിക്കാറ്റുമൂലം തമിഴ്നാട്ടില്‍ അതീവ ജാഗ്രതാ മുന്നറിയിപ്പ്. 12 ട്രെയിന്‍ സര്‍വ്വീസുകള്‍ കൂടി റദ്ദാക്കി. ബുധനാഴ്ചത്തെ എറണാകുളം – ടാറ്റാ നഗര്‍ ട്രെയിനും റദ്ദാക്കിയിട്ടുണ്ട്. നാളെ എസ്എംവിടി ബെംഗളൂരുവില്‍ നിന്നു നാഗര്‍ കോവിലിലേക്ക് പോകുന്ന നാഗര്‍കോവില്‍ എക്സ്പ്രസ് റദ്ദാക്കിയിട്ടുണ്ട്.
*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*
ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്.
◾ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യാനും തെളിവു ശേഖരിക്കാനും കസ്റ്റഡിയില്‍ വാങ്ങുന്നതിനു പോലീസ് കൊട്ടാരക്കര കോടതിയില്‍ ഇന്ന് അപേക്ഷ നല്‍കും. പ്രതികളുടെ എല്ലാ സാമ്പത്തിക ഇടപാടുകളും പരിശോധിക്കും. കൂടുതല്‍ പ്രതികളില്ലെന്ന നിലപാടിലാണു പോലീസ്.
◾കേരളത്തിന്റെ സാംസ്‌കാരിക മുഖമാണ് എംഎ ബേബിയെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍. ഇ. കെ. നായനാര്‍ സര്‍ക്കാരിന്റെ മാനവീയം പരിപാടികളുടെ ഭാഗമായി രൂപപെടുത്തിയ തിരുവനന്തപുരത്തെ മാനവീയംവീഥിക്കു നേതൃത്വം നല്‍കിയ എംഎ ബേബിയെ ഡോ. കെ. ഓമനക്കുട്ടിക്കൊപ്പം ആദരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾പ്രമുഖ സാമ്പത്തിക വിദഗ്ധനും ദളിത് ചിന്തകനുമായ ഡോ. എം കുഞ്ഞാമന്‍ തിരുവനന്തപുരം ശ്രീകാര്യത്തെ വീട്ടില്‍ മരിച്ച നിലയില്‍. 74 വയസായിരുന്നു. താന്‍ ഈ ലോകത്തുനിന്നു പോകുന്നു എന്നെഴുതിയ കുറിപ്പ് പോലീസ് കണ്ടെടുത്തു. ജാതിവിവേചനത്തിനെതിരെ പോരാടിയ കുഞ്ഞാമന്‍ 27 വര്‍ഷം കേരള സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്ത്ര അധ്യാപകനായിരുന്നു
◾മലപ്പുറം താനൂരില്‍ വയോധികന്‍ കിണറ്റില്‍ മരിച്ച നിലയില്‍. നിറമരുതൂര്‍ സ്വദേശി സെയ്തലവിയെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മങ്ങാട് കുമാരന്‍പടിയില്‍ സ്വകാര്യ വ്യക്തിയുടെ കിണറിലായിരുന്നു മൃതദേഹം.
◾സിനിമാ പ്രവര്‍ത്തകരെന്ന വ്യാജേന വീടു വാടകയ്ക്കെടുത്ത് മയക്കുമരുന്നു വിറ്റിരുന്ന രണ്ടു പേര്‍ പിടിയില്‍. വടക്കന്‍ പറവൂര്‍ കരുമാല്ലൂര്‍ തട്ടാമ്പടി സ്വദേശി നിഥിന്‍ വേണുഗോപാല്‍, നീറിക്കോട് സ്വദേശി നിഥിന്‍ വിശ്വന്‍ എന്നിവരാണ് 19 ഗ്രാം എംഡിഎംഎ സഹിതം പിടിയിലായത്.
◾ട്രെയിനില്‍ യുവതിക്കു നേരെ ലൈംഗികാതിക്രമം കാട്ടിയ പള്ളി വികാരിയെ കാസര്‍കോട് റെയില്‍വേ പൊലീസ് അറസ്റ്റു ചെയ്തു. മംഗളൂരുവില്‍ താമസിക്കുന്ന കോയമ്പത്തൂരിലെ പള്ളി വികാരി ജേജിസ് (48) ആണ് പിടിയിലായത്. മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട എഗ്മോര്‍ എക്സ്പ്രസ് ട്രെയിനിലെ ജനറല്‍ കമ്പാര്‍ട്ട്മെന്റിലായിരുന്നു അതിക്രമം. മലപ്പുറം സ്വദേശിനിയായ 34 കാരിയുടെ പരാതിയിലാണ് അറസ്റ്റ്.
◾ഗുരുവായൂര്‍ തിരുവെങ്കിടാചലപതി ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ പേരക്കുട്ടികളെ രക്ഷിക്കുന്നതിനിടെ മുത്തച്ഛന്‍ മുങ്ങിമരിച്ചു. ഗുരുവായൂര്‍ തിരുവെങ്കിടം കപ്പാത്തിയില്‍ 70 വയസുള്ള രവീന്ദ്രനാഥനാണ് മരിച്ചത്.
◾എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ പരിശോധന നടത്തിയ തമിഴ്നാട് വിജിലന്‍സ് പല പ്രധാന കേസുകളുടെയും ഫയല്‍ മോഷ്ടിച്ചെന്നു സംസ്ഥാന പോലീസ് മേധാവിക്കു പരാതി. പല രേഖകളും ഫോണില്‍ പകര്‍ത്തി. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്നും പരാതിയില്‍ പറയുന്നു.
◾ജനം സമ്മാനിച്ചത് ഐതിഹാസിക ജയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി നയിക്കുന്ന സദ്ഭരണത്തിനും വികസനത്തിനും ഒപ്പമാണ് ഭാരതം എന്നാണു ജനവിധിയുടെ അര്‍ത്ഥം. ജനവിധിക്കു മുന്നില്‍ വണങ്ങുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു.
◾തെലുങ്കാനയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദവുമായി കോണ്‍ഗ്രസ് നേതാക്കളായ രേവന്ത് റെഡ്ഢിയുടെയും കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെയും നേതൃത്വത്തില്‍ എംഎല്‍എമാര്‍ ഗവര്‍ണറെ സന്ദര്‍ശിച്ചു. ഇന്നു രാവിലെ പത്തിനു ചേരുന്ന നിയമസഭാ കക്ഷി യോഗത്തില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കും. തെലങ്കാനയില്‍ കോണ്‍ഗ്രസിന്റെ വിജയശില്‍പിയായ രേവന്ത് റെഡ്ഡി റോഡ് ഷോയുമായാണ് വിജയം ആഘോഷിച്ചത്.
◾തെലങ്കാനയില്‍ കോണ്‍ഗ്രസിന്റെ സ്റ്റാര്‍ ക്യാംപെയ്നറായിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനു പരാജയം. താരമണ്ഡലമായ ഹൈദരാബാദ് ജൂബിലി ഹില്‍സില്‍ തെലങ്കാന രാഷ്ട്ര സമിതിയുടെ മാഗന്തി ഗോപിനാഥിനോടാണു തോറ്റത്. മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്ന നേതാവാണ് അസ്ഹറുദീന്‍.
◾തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതോടെ രാജസ്ഥാന്‍, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാര്‍ രാജിവച്ചു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലും തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവും രാജിവച്ചു.
◾ബിജെപി പിടിച്ചെടുത്ത രാജസ്ഥാനില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് വസുന്ധര രാജെ സിന്ധ്യ, ബാബ ബാലക് നാഥ്, ഗദേന്ദ്ര സിംഗ് ശെഖാവത്, ദിയ കുമാരി എന്നിവരുടെ പേരുകള്‍. മുഖ്യമന്ത്രിയായിരുന്ന കോണ്‍ഗ്രസിന്റെ അശോക് ഗലോട്ട് 24,000 വോട്ടിന്റെ ഭൂരിപക്ഷത്തോടെയും മുന്‍ മുഖ്യമന്ത്രിയായ ബിജെപിയുടെ വസുന്ധര രാജെ സിന്ധ്യ അമ്പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തോടെയും വിജയിച്ചു.
◾കോണ്‍ഗ്രസ് തകര്‍ന്നുപോയ രാജസ്ഥാനില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലാതെ മല്‍സരിച്ച സിപിഎം സ്ഥാനാര്‍ത്ഥികളും പരാജയപ്പെട്ടു. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയടക്കമുള്ളവരാണു തോറ്റത്.
◾മൂന്നു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം പരിശോധിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. തിരിച്ചടികള്‍ താല്‍ക്കാലികമാണ്. അവയെല്ലാം മറികടക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഇന്ത്യ മുന്നണിയിലെ പാര്‍ട്ടികളോടൊപ്പം തയ്യാറെടുക്കുമെന്നും ഖാര്‍ഗെ പറഞ്ഞു.
◾ബെംഗളൂരു ആസ്ഥാനമായുള്ള മൂന്നു സഹകരണ ബാങ്കുകളിലെ അഴിമതി അന്വേഷണം സിബിഐക്കു കൈമാറാന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അനുമതി നല്‍കി. ശ്രീ ഗുരു രാഘവേന്ദ്ര സഹകരണ ബാങ്ക്, സഹോദര സ്ഥാപനമായ ശ്രീ ഗുരു സാര്‍വഭൗമ സൗഹാര്‍ദ ക്രെഡിറ്റ് കോഓപ്പറേറ്റീവ് ലിമിറ്റഡ്, ശ്രീ വസിസ്ത ക്രെഡിറ്റ് സൗഹാര്‍ദ സഹകാരി ലിമിറ്റഡ് എന്നിവയിലെ തട്ടിപ്പുകളെക്കുറിച്ചാണ് അന്വേഷിക്കുന്നത്. ബിജെപി സര്‍ക്കാറിന്റെ കാലത്താണ് തട്ടിപ്പു നടന്നത്.
◾പൂച്ചെണ്ടുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അനുമുല രേവന്ത് റെഡ്ഡിയുടെ വീട്ടിലെത്തി സന്ദര്‍ശിച്ചതിന് തെലങ്കാന ഡിജിപി അന്‍ജാനി കുമാറിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സസ്പെന്‍ഡ് ചെയ്തു. തെരഞ്ഞെടുപ്പ് ചട്ടലംഘനം ആരോപിച്ചാണ് നടപടി.
◾തെലുങ്കാനയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ നേതൃത്വത്തില്‍ എംഎല്‍എമാരെ പഞ്ചനക്ഷത്രഹോട്ടലിലേക്ക് മാറ്റി.
◾ജനവിധി അംഗീകരിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ആശയപരമായ പോരാട്ടം തുടരും. തെലങ്കാനയിലെ വാഗ്ദാനങ്ങള്‍ പാലിക്കും. എല്ലാ പ്രവര്‍ത്തകരുടെയും പിന്തുണക്കു നന്ദിയെന്നും രാഹുല്‍ എക്സ് പ്ളാറ്റ്ഫോമില്‍ കുറിച്ചു.
◾ഗാസയിലേക്കു സൗദിയില്‍നിന്ന് ദുരിതാശ്വാസ സഹായങ്ങളുമായി മൂന്നാമത്തെ കപ്പല്‍. 1,246 ടണ്‍ ഭാരമുള്ള 300 വലിയ കണ്ടെയ്‌നറുകളുമായി കിങ് സല്‍മാന്‍ റിലീഫ് കേന്ദ്രത്തിന്റെ മൂന്നാമത്തെ ദുരിതാശ്വാസ കപ്പല്‍ ജിദ്ദയില്‍ നിന്ന് ഈജിപ്തിലെ സെയ്ദ് തുറമുഖത്തേക്കു പുറപ്പെട്ടു.
◾ഐ.എസ്.എല്ലിലെ ഗോവക്കെതിരായ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് ഒരു ഗോളിന്റെ തോല്‍വി. ആദ്യ പകുതിയുടെ അധിക സമയത്താണ് ഗോവയുടെ ഗോള്‍ പിറന്നത്. ഇതാടെ ഒന്നാംസ്ഥാനത്തായിരുന്ന കേരള ബ്ലാസ്റ്റേഴ്‌സിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഗോവ പോയന്റ് പട്ടികയില്‍ തലപ്പത്തെത്തി.
◾ഓസ്‌ട്രേലിയക്കെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ അഞ്ചാമത്തെ മത്സരത്തില്‍ അവിശ്വസനീയ വിജയം നേടി ടീം ഇന്ത്യ. ആവേശം അവസാനം വരെ നീണ്ടു നിന്ന മത്സരത്തില്‍ ആറ് റണ്ണിനാണ് ഇന്ത്യയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 55 ന് 4 എന്ന നിലയില്‍ നിന്ന് 53 റണ്‍സെടുത്ത ശ്രേയസ് അയ്യരുടെ പിന്‍ബലത്തില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുക്കാനേ സാധിച്ചുള്ളു. മികച്ച പ്രകടനം നടത്തിയ ഇന്ത്യന്‍ ബൗളര്‍മാരാണ് ഒരു ഘട്ടത്തില്‍ ഓസ്‌ട്രേലിയ ജയിക്കുമെന്നുറച്ച മത്സരത്തെ, ഇന്ത്യന്‍ വരുതിയിലേക്ക് തന്നെ തിരികെയെത്തിച്ചത്. 14 റണ്‍സ് വിട്ടു കൊടുത്ത് 1 വിക്കറ്റെടുക്കുകയും നിര്‍ണായക സമയത്ത് 31 റണ്‍സെടുക്കുകയും ചെയ്ത അക്സര്‍ പട്ടേലാണ് കളിയിലെ താരം. സ്പിന്നര്‍ രവി ബിഷ്ണോയിയാണ് സീരീസിന്റെ താരം.
◾രാജ്യത്ത് തേയില ഉല്‍പ്പാദനത്തില്‍ വീണ്ടും മികച്ച മുന്നേറ്റം. ഓരോ വര്‍ഷം കഴിയുന്തോറും തേയില ഉല്‍പ്പാദനത്തില്‍ ഗണ്യമായ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, മുന്‍ വര്‍ഷത്തേക്കാള്‍ ഇക്കുറി തേയില ഉല്‍പ്പാദനത്തില്‍ 12.06 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ചായ പ്രേമികളുടെ എണ്ണം കൂടുന്നതിനനുസരിച്ച്, തേയില ഉല്‍പ്പാദനത്തിലും മികച്ച പ്രകടനമാണ് രാജ്യം കാഴ്ച വെക്കുന്നത്. ഈ വര്‍ഷം ഇതുവരെ 182.84 ദശലക്ഷം കിലോഗ്രാം തേയിലയാണ് രാജ്യത്ത് ഉല്‍പ്പാദിപ്പിച്ചിട്ടുള്ളത്. ഡിസംബര്‍ മാസം കൂടി കഴിയുന്നതോടെ ഈ കണക്കുകള്‍ വീണ്ടും ഉയരുന്നതാണ്. തേയില ഉല്‍പ്പാദനത്തില്‍ ഇത്തവണയും ഒന്നാമത് എത്തിയിരിക്കുന്നത് ആസാമാണ്. രാജ്യത്തെ ഏറ്റവും അധികം തേയില ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനമായ ആസാം ഇത്തവണ 104.26 ദശലക്ഷം കിലോഗ്രാമാണ് ഉല്‍പ്പാദിപ്പിച്ചിട്ടുള്ളത്. രാജ്യത്തെ തേയില ഉല്‍പ്പാദനത്തിന്റെ പകുതിയിലധികം സംഭാവന ചെയ്യുന്നത് ആസാം തന്നെയാണ്. 2022-ല്‍ 90.72 ദശലക്ഷം കിലോയാണ് ആസാമില്‍ നിന്ന് ഉല്‍പ്പാദിപ്പിച്ചത്. ഇക്കുറി ഗ്രീന്‍ ടീ ഉല്‍പ്പാദനവും വലിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. 2022-ലെ 78.19 ദശലക്ഷത്തില്‍ നിന്നും ഇത്തവണ 95.24 ദശലക്ഷമാണ് ഗ്രീന്‍ ടീക്കായുളള തേയില ഉല്‍പ്പാദിപ്പിച്ചത്.
◾പരസ്യ കലാരംഗത്തെ പ്രഗല്‍ഭരായ നവരസ ഗ്രൂപ്പ് നവരസ ഫിലിംസിന്റെ ബാനറില്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം ‘രജനി’ ഡിസംബര്‍ 8ന് തിയേറ്ററുകളിലെത്തും. കാളിദാസ് ജയറാം നായക വേഷത്തില്‍ എത്തുന്ന ചിത്രം ശ്രീജിത്ത് കെ.എസ്., ബ്ലെസി ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു. വിനില്‍ സ്‌കറിയാ വര്‍ഗ്ഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലറാണ്. ടീസറില്‍ തന്നെ ‘രജനി ‘ഒരു ഗംഭീര ക്രൈം ത്രില്ലര്‍ മൂഡ് നല്‍കുന്നുണ്ട്. ഛായാഗ്രഹണം ആര്‍.ആര്‍ വിഷ്ണു . ‘വിക്രം’ എന്ന ഗംഭീര ഹിറ്റ് ചിത്രത്തിനുശേഷം കാളിദാസ് ജയറാമിന്റെ റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് ‘രജനി’. ഇന്ത്യന്‍ -2 വിലാണ് ഇപ്പോള്‍ കാളിദാസ് ജയറാം അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ സൈജു കുറുപ്പ്, നമിത പ്രമോദ്, ലക്ഷ്മി ഗോപാലസ്വാമി, റെബ മോണിക്ക ജോണ്‍, അശ്വിന്‍ കുമാര്‍, ശ്രീകാന്ത് മുരളി, വിന്‍സന്റ് വടക്കന്‍, രമേശ് ഖന്ന,പൂ രാമു, ഷോണ്‍ റോമി, കരുണാകരന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലായാണ് പൂര്‍ത്തീകരിച്ചത്.
◾ആമസോണ്‍ പ്രൈം സീരിസ് ‘ദി ബോയ്സ് സീസണ്‍ 4’ ന്റെ ആദ്യ ട്രെയിലര്‍ പുറത്തിറങ്ങി. ഹോംലാന്‍ഡറും സ്റ്റാര്‍ലൈറ്റും തമ്മിലുള്ള പോരാണ് ട്രെയിലറിലെ മുഖ്യ ഇനം. ഒപ്പം തന്നെ ജെഫ്രി ഡീന്‍ മോര്‍ഗന്റെ കഥാപാത്രത്തെ കാണിക്കുന്നുമുണ്ട്. ഗാര്‍ത്ത് എന്നിസിന്റെയും ഡാരിക്ക് റോബര്‍ട്ട്‌സണിന്റെയും കോമിക് പുസ്തകത്തെ അടിസ്ഥാനമാക്കി എറിക് ക്രിപ്‌കെ സൃഷ്ടിച്ച ഹിറ്റ് പരമ്പരയാണ് ദ ബോയ്സ്. 2022 ജൂണിലാണ് സീസണ്‍ 3 ഇറങ്ങിയത്. എന്നാല്‍ ഹോളിവുഡ് സമരം മൂലം നാലാം സീസണ്‍ വൈകുകയായിരുന്നു. എമ്മി നാമനിര്‍ദ്ദേശം നേടിയ സീരിസാണ് ദ ബോയ്സ്. 2024 ല്‍ സീരിസ് എത്തും എന്നാണ് പുതിയ ട്രെയിലറില്‍ പറയുന്നത്. എന്നാല്‍ എന്നാണ് എത്തുക എന്ന് വ്യക്തമല്ല. സിസിഎക്സ്പി 2023 ന്റെ ഭാഗമായാണ് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്. ആന്റണി സ്റ്റാറിന്റെ ഹോംലാന്‍ഡറിന് വലിയ പ്രധാന്യം നല്‍കുന്ന രീതിയിലാണ് ട്രെയിലര്‍. കാള്‍ അര്‍ബന്‍ അവതരിപ്പിക്കുന്ന ബില്ലി ബുച്ചര്‍ ജെഫ്രി ഡീന്‍ മോര്‍ഗനുമായി ഒരു രംഗത്ത് എത്തുന്നുണ്ട്. വലോറി കറി അവതരിപ്പിക്കുന്ന ഫയര്‍ക്രാക്കര്‍ ,സൂസന്‍ ഹെയ്വാര്‍ഡ് അവതരിപ്പിക്കുന്ന സിസ്റ്റര്‍ സേജ് തുടങ്ങിയ മറ്റ് പുതിയ കഥാപാത്രങ്ങള്‍ ഈ സീസണില്‍ എത്തുന്നു എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. കാമറൂണ്‍ ക്രോവെറ്റി അവതരിപ്പിക്കുന്ന ഹോംലാന്‍ഡറുടെ മകന്‍ റയാനും ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
◾ടിവിഎസ് മോട്ടോര്‍ കമ്പനി 2023 നവംബറിലെ വില്‍പ്പന കണക്കുകള്‍ പ്രഖ്യാപിച്ചു. 364,231 യൂണിറ്റുകളുടെ പ്രതിമാസ വില്‍പ്പന ടിവിഎസ് മോട്ടോര്‍ കമ്പനി 2023 നവംബറില്‍ രേഖപ്പെടുത്തി. ഇതനുസരിച്ച് 2022 നവംബറിലെ 277,123 യൂണിറ്റുകളില്‍ നിന്ന് 31 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. ആഭ്യന്തര ഇരുചക്രവാഹനങ്ങള്‍ 50 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 2022 നവംബറിലെ വില്‍പ്പന 191,730 യൂണിറ്റില്‍ നിന്ന് 2023 നവംബറില്‍ 287,017 യൂണിറ്റായി വര്‍ധിച്ചു. മോട്ടോര്‍സൈക്കിളുകള്‍ 19 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 2022 നവംബറിലെ 145,006 യൂണിറ്റുകളില്‍ നിന്ന് 2023 നവംബറില്‍ 6172 യൂണിറ്റുകളുടെ വില്‍പ്പന വര്‍ദ്ധിച്ചു. അതേസമയം സ്‌കൂട്ടറുകള്‍ 62 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി, 2022 നവംബറിലെ വില്‍പ്പന 83,679 യൂണിറ്റില്‍ നിന്ന് 2023 നവംബറില്‍ 135,749 യൂണിറ്റായി ഉയര്‍ന്നു. 2022 നവംബറിലെ 10,056 യൂണിറ്റുകളുടെ വില്‍പ്പനയില്‍ നിന്ന് 2023 നവംബറില്‍ കമ്പനി അതിന്റെ ഓള്‍-ഇലക്ട്രിക് ടിവിഎസ് ഐക്യൂബ്, ടിവിഎസ് ത സ്‌കൂട്ടറുകള്‍ 16,782 യൂണിറ്റുകള്‍ വിറ്റു. മൊത്തം കയറ്റുമതി 2022 നവംബറില്‍ രജിസ്റ്റര്‍ ചെയ്ത 84,134 യൂണിറ്റുകളില്‍ നിന്ന് 2023 നവംബറില്‍ 75,203 യൂണിറ്റ് വില്‍പ്പന രേഖപ്പെടുത്തി. ഇരുചക്രവാഹന കയറ്റുമതി 2023 നവംബറില്‍ 65,086 യൂണിറ്റ് വില്‍പ്പന രേഖപ്പെടുത്തി. ത്രീ വീലര്‍ സെഗ്മെന്റില്‍, 2022 നവംബറിലെ 13,481 യൂണിറ്റുകളില്‍ നിന്ന് 2023 നവംബറില്‍ 12,128 യൂണിറ്റുകളുടെ വില്‍പ്പനയാണ് കമ്പനി രേഖപ്പെടുത്തിയത്.
◾മധ്യകാല ഈജിപ്തിന്റെ ചരിത്രത്തിലെ ചില മുഹൂര്‍ത്തങ്ങളെ അടര്‍ത്തിയെടുത്ത് നോവലിലൂടെ അവതരിപ്പിക്കുകയാണ് അദ്ലി. യാസ്മിന്‍ ഗാലിബ്, ഷരീഫ്, സൈനബ് ബകരി, ആള്‍ട്ടന്‍ ജെര്‍മൈന്‍ എന്നീ കഥാപാത്രങ്ങളുടെ വീക്ഷണകോണുകളിലൂടെയാണ് സംഭവങ്ങള്‍ ഇതള്‍വിരിയുന്നത്. മധ്യകാല ഈജിപ്തിന്റെ ചരിത്രത്തില്‍ അധികമാരും കേള്‍ക്കാത്തൊരു പേരായ സൈനബുല്‍ ബകരി എന്ന ഈജിപ്ഷ്യന്‍ പെണ്‍കുട്ടിയുടെ കഥയാണിത്. ചരിത്രം ക്രൂരത കാട്ടിയ അവള്‍ക്ക് തന്റെ തൂലികയിലൂടെ മോക്ഷം നല്‍കാന്‍ ശ്രമിക്കുകയാണ് നോവലിസ്റ്റ്. രണ്ടു കാലങ്ങളും ഇഴചേര്‍ന്നു കിടക്കുന്ന നോണ്‍-ലീനിയാര്‍ ആഖ്യാനശൈലിയാണ് നോവലില്‍ സ്വീകരിച്ചിരിക്കുന്നത്. 2018ലെ അറബ് ബുക്കര്‍ ലോംഗ് ലിസ്റ്റിലും അറബി കൃതിയുടെ ഏറ്റവും മികച്ച ഇംഗ്ലീഷ് വിവര്‍ത്തനത്തിനുള്ള ബാനിപല്‍ മാഗസിന്റെ സൈഫ് ഗോബാശ് സമ്മാനവും 2022ലെ ഡബ്ലിന്‍ സാഹിത്യസമ്മാനത്തിനുള്ള ലോംഗ് ലിസ്റ്റിലും സ്ഥാനം നേടിയ കൃതി. ഈജിപ്ഷ്യന്‍ വനിത എഴുത്തുകാരില്‍ പ്രമുഖയാണ് റഷാ അദ്ലി. ‘മുടി മെടഞ്ഞിട്ട പെണ്‍കുട്ടി’. വിവര്‍ത്തനം – ഡോ. എം.ഷംനാദ്. ഗ്രീന്‍ ബുക്സ്. വില 476 രൂപ.
◾ശാരീരിക പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടക്കുന്നതില്‍ രക്തത്തിലെയും കോശങ്ങളിലെയും വിവിധ ലവണങ്ങള്‍ക്ക് നിര്‍ണായക പങ്കാണുള്ളത്. അവയിലെ അളവില്‍ വരുന്ന ഏതുതരം വ്യത്യാസങ്ങളും തലച്ചോറുള്‍പ്പെടെയുള്ള അവയവങ്ങളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും. ശരീരത്തിലെ ലവണങ്ങളില്‍ ഏറ്റവും പ്രധാനം സോഡിയമാണ്, വ്യതിയാനങ്ങള്‍ മൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍ കൂടുതലായും ഉണ്ടാകാറുള്ളതും ഇതുമൂലമാണ്. രക്തസമ്മര്‍ദം ശരിയായി ക്രമീകരിക്കുന്നതിലും തലച്ചോറിന്റെയും നാഡീഞരമ്പുകളുടെയും പേശികളുടെയും ശരിയായ പ്രവര്‍ത്തനത്തിനും സോഡിയത്തിന്റെ അളവ് ഒരു നിശ്ചിത നിലയില്‍ നിലനില്‍ക്കേണ്ടത് അത്യാവശ്യമാണ്. സോഡിയത്തിന്റെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചില്‍, പ്രത്യേകിച്ചും സോഡിയം കുറയുന്നത്, കോശങ്ങളില്‍ കൂടുതലായി ജലാംശം വര്‍ധിച്ച് വീര്‍ക്കുന്നതിനും അതുമൂലം അവയുടെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതിനും ഇടയാക്കുന്നു. തലച്ചോറിലെ കോശങ്ങള്‍ക്കാണ് ഏറ്റവും കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. ഓക്കാനം, ഛര്‍ദി, ക്ഷീണം, തളര്‍ച്ച, പേശിേവദന, പേശികള്‍ കോച്ചിപ്പിടിക്കുക, ബോധനിലയിലുള്ള വ്യത്യാസം, പരസ്പരബന്ധമില്ലാത്ത സംസാരം, അപസ്മാരം, ബോധക്ഷയം, പൂര്‍ണമായ അബോധാവസ്ഥ, ഓര്‍മക്കുറവും നടക്കുന്നതിനുള്ള ബുദ്ധിമുട്ടും ലക്ഷണങ്ങളായി കാണാറുണ്ട്. സാധാരണയായി വളരെ സാവധാനമാണ് സോഡിയത്തിന്റെ അളവ് കുറയാറുള്ളത്. എന്നാല്‍, അപൂര്‍വമായി, ഗുരുതരമായ രോഗബാധയോടൊപ്പം വളരെ വേഗത്തില്‍ സോഡിയം കുറയുന്നത് മറ്റു ലക്ഷണങ്ങളില്ലാതെ അപസ്മാരവും ബോധക്ഷയവും ഉണ്ടാകുന്നതിനും മരണത്തിനും ഇടയാക്കും. പ്രായമായവരിലാണ് സോഡിയം കുറയുന്നതിനുള്ള സാധ്യത കൂടുതല്‍.
*ശുഭദിനം*
*കവിത കണ്ണന്‍*
ആ ആനയ്ക്ക് വല്ലാത്ത് ധാര്‍ഷ്ട്യമായിരുന്നു. തന്റെ വഴിയില്‍ ആരും വരുന്നത് അവന് ഇഷ്ടമല്ല. കാട്ടിലെ രാജാവെന്നപോലെയാണ് അവന്‍ കഴിഞ്ഞിരുന്നത്. എല്ലാ ജീവികളേയും അത് ഉപദ്രവിക്കും. ആനയോടുള്ള പേടികാരണം ആരും പ്രതികരിച്ചില്ല. ഒരിക്കല്‍ വെള്ളം കുടിക്കുന്നതിനിടയില്‍ ആന ഒരു ഉറുമ്പിന്‍കൂട് കണ്ടു. തുമ്പിക്കൈയ്യില്‍ വെള്ളമെടുത്തൊഴിച്ച് ആ കൂടുമുഴുവന്‍ ആന നശിപ്പിച്ചു. ഇതു കണ്ട ഒരു ഉറമ്പ് പ്രതികരിച്ചെങ്കിലും ആന ആ ഉറുമ്പിനെയും ഭീഷണിപ്പെടുത്തി ഓടിപ്പിച്ചു. അന്നു രാത്രി ആന ഉറങ്ങാന്‍ കിടന്നപ്പോള്‍ ആ ഉറുമ്പ് ആനയുടെ തുമ്പിക്കൈയ്യുടെ ഉള്ളില്‍ കയറി കടിക്കാന്‍ തുടങ്ങി. വേദനകൊണ്ട് നിലവിളിച്ച ആനയെ സഹായിക്കാന്‍ ആരും തയ്യാറായില്ല. ഉറുമ്പ് പറഞ്ഞു: നീ പേടിപ്പിച്ച ഉറുമ്പാണ് ഞാന്‍. മറ്റുള്ളവരെ ഉപദ്രവിക്കുമ്പോള്‍ അവരുടെ അവസ്ഥ എന്താണെന്ന് നീ മനസ്സിലാക്കണം. നിവൃത്തികെട്ട് ക്ഷമ പറഞ്ഞ ആനയെ ഉറുമ്പ് പിന്നീട് കടിച്ചില്ല. അതിന് ശേഷം ഉപദ്രവിക്കുന്ന ശീലം ആനയും നിര്‍ത്തി. അഹം ബോധം ഒരിക്കലും അഹങ്കാരത്തിന് വഴിമാറരുത്. മറ്റാര്‍ക്കുമില്ലാത്ത കഴിവുകള്‍ എല്ലാവരിലുമുണ്ടാകും. മറ്റുള്ളവരെ കീഴടക്കിയാണ് കരുത്ത് തെളിയിക്കേണ്ടത് എന്ന അബദ്ധചിന്തയാണ് അധികാരകേന്ദ്രങ്ങളെ വികൃതമാക്കുന്നത്. കായബലത്തിന് കാലാവധിയും അധികാരകേന്ദ്രത്തിന് അതിര്‍വരമ്പുകളുമുണ്ട്. അതിനപ്പുറത്തേക്ക് ആരും സമര്‍ത്ഥരല്ല. ജീവിക്കാനുള്ള അവകാശം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും തനിച്ചുള്ള ജീവിതം അസാധ്യമാണെന്നുമുള്ള തിരിച്ചറിവില്‍ നിന്നാണ് സാമാന്യമര്യാദയുടെ ബാലപാഠങ്ങള്‍ നാം പഠിക്കുന്നത്. നമുക്ക് അഹങ്കാരം ഒഴിവാക്കാം… ഓരോരുത്തരേയും അവരവരായിരിക്കുന്ന അവസ്ഥയില്‍ ബഹുമാനിക്കാന്‍ ശീലിക്കാം – ശുഭദിനം.