◾പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോക്കറ്റടിക്കാരന്‍ എന്നു വിശേഷിപ്പിച്ചതിനു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ നടപടിയെടുക്കാന്‍ തെരഞ്ഞെുപ്പ് കമ്മീഷന് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദ്ദേശം. എട്ടാഴ്ചക്കുള്ളില്‍ നടപടിയെടുക്കണം. രാഹുല്‍ വിശദീകരണം നല്‍കാത്തതിനാലാണ് കോടതി ഇങ്ങനെ നിര്‍ദ്ദേശം നല്‍കിയത്.
◾മുഖ്യമന്ത്രിയുടെ നവകേരള ബസിനു കാട്ടാക്കടയില്‍ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസും മഞ്ഞ വസ്ത്രം ധരിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകരും ചേര്‍ന്നു മര്‍ദിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ കാറിന്റെ ഡോര്‍കൊണ്ട് പ്രവര്‍ത്തകരെ ഇടിച്ചുവീഴ്ത്താന്‍ ശ്രമിച്ചു. കടകളില്‍ ഒളിച്ചിരുന്ന ഇരുപത്തഞ്ചോളം പേരടങ്ങുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണു വാഹനത്തിന് മുന്നിലേക്കു ചാടിയത്.
◾
ഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്‌പെഷ്യല്‍ ക്രിസ്മസ് കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾സര്‍ക്കാരിന്റെ ഉരുക്കുമുഷ്ടിയുടെ ഇരയാണ് മറിയക്കുട്ടിയെപ്പോലുള്ളവരെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച്. വിധവാ പെന്‍ഷന്‍ കിട്ടാത്തതു ചോദ്യം ചെയ്ത് അടിമാലി സ്വദേശിനി മറിയക്കുട്ടി നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി ഇവരെപ്പോലുളളവര്‍ എങ്ങനെ ജീവിക്കുമെന്നും ചോദിച്ചു.
◾ആറ്റിങ്ങല്‍ പൊലീസ് സ്റ്റേഷനുള്ളില്‍ കയറി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവം പോലീസ് നോക്കിക്കോളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അലസമായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നവകേരള സദസിനോട് കോണ്‍ഗ്രസിന് പകയാണെന്നു മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
◾അയോഗ്യനെന്നു സുപ്രീം കോടതി വിധിച്ചശേഷവും കണ്ണൂര്‍ സര്‍വകലാശാല മുന്‍ വിസി ഗോപിനാഥ് രവീന്ദ്രന്‍ നിയമനത്തില്‍ ഇടപെട്ടെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി. വിധി വന്ന ദിവസം അധ്യാപക നിയമന അഭിമുഖ പാനലില്‍ നോമിനിയായി പ്രൊഫസറെ നിയോഗിച്ചത് ചട്ടവിരുദ്ധമാണെന്നു ഗവര്‍ണര്‍ക്കു പരാതി നല്കി.
◾ഡ്രോണ്‍ ബുക്ക് ചെയ്യാന്‍ ഫോണിലൂടെ വിവരങ്ങള്‍ തിരക്കിയ എന്‍എസ്യു നേതാവിനെ പൊലീസ് ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തി അറസ്റ്റു ചെയ്തു. പൊലീസിന്റെ നടപടിക്കെതിരേ എന്‍എസ്യു ദേശീയ സെക്രട്ടറി എറിക് സ്റ്റീഫന്‍ ഹൈക്കോടതിയെ സമീപിച്ചു.
*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ : KSFE ഡയമണ്ട് ചിട്ടികള്‍ 2.0*
ചിട്ടിയില്‍ ചേരുന്ന 30 പേരില്‍ ഒരാള്‍ക്ക് സമ്മാനം ഉറപ്പ്. ഒരു കോടി രൂപയുടെ വജ്രാഭരണങ്ങള്‍ ഉള്‍പ്പെടെ 4 കോടി രൂപയുടെ സമ്മാനങ്ങള്‍. ശാഖാതലത്തിലും മേഖലാതലത്തിലും സംസ്ഥാന തലത്തിലും ഡയമണ്ട് ആഭരണങ്ങള്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ ഉറപ്പ്. ഈ പദ്ധതി 2024 ജനുവരി 31 വരെ മാത്രം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 ,
ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455,
◾മരാമത്തു മന്ത്രി മുഹമ്മദ് റിയാസിനു മാനേജ്മെന്റ് ക്വാട്ടയില്‍ മന്ത്രിയായതിന്റെ കുഴപ്പമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. റിയാസ് മൂക്കാതെ പഴുത്തയാളാണ്. കേടായ റോഡിലെ കുഴി എണ്ണട്ടെ. തന്റെ പാര്‍ട്ടിയിലെ സ്വാധീനമളക്കാന്‍ റിയാസ് വരേണ്ട. നവ കേരള സദസിനോട് പ്രതിപക്ഷത്തിനല്ല, കേരളത്തിലെ ജനങ്ങള്‍ക്കാണ് അലര്‍ജിയെന്നും സതീശന്‍ പറഞ്ഞു.
◾മുഖ്യമന്ത്രിയുടെ നവകേരള സദസിനു കോഴിക്കോട് ജില്ലയില്‍ ലഭിച്ച നാല്‍പ്പത്താറായിരം പരാതികളില്‍ തീര്‍പ്പാക്കിയത് 733 എണ്ണം മാത്രം. കണ്ണൂരിലും കാസര്‍കോടും 20 ശതമാനം പരാതികള്‍ പോലും തീര്‍പ്പാക്കിയിട്ടില്ല.
◾നവകേരള സദസിനെതിരായ പ്രതിഷേധങ്ങളെച്ചൊല്ലിയുള്ള സംഘര്‍ഷത്തിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ്, ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ വീടുകള്‍ക്കുനേരെ ആക്രമണം. ആറ്റിങ്ങലില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടു കയറി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചു. ആറ്റിങ്ങല്‍ നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്റെ വീട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. വെഞ്ഞാറമൂട്, ആറ്റിങ്ങല്‍ ഭാഗങ്ങളിലാണ് വീടാക്രമണങ്ങള്‍ നടന്നത്. മൂന്നു വീടുകളാണ് അടിച്ചു തകര്‍ത്തത്.
◾പത്തനംതിട്ട ഏഴംകുളത്ത് എബിവിപി പ്രവര്‍ത്തന്റെ വീട് അടിച്ചു തകര്‍ത്തു. പന്തളം എന്‍എസ്എസ് കോളേജില്‍ നടന്ന എസ്എഫ്ഐ – എബിവിപി സംഘര്‍ഷത്തില്‍ ഉള്‍പെട്ട ശ്രീനാഥിന്റെ വീടാണ് തകര്‍ത്തത്. എസ്എഫ്ഐ – ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് അതിക്രമം നടത്തിയതെന്ന് എബിവിപി നേതാക്കള്‍ ആരോപിച്ചു.
◾പന്തളത്ത് ആര്‍എസ്എസ് കാര്യാലയത്തിനുനേരെ ആക്രമണം. രാത്രി ബൈക്കിലെത്തിയ സംഘം ജനല്‍ ചില്ലുകള്‍ തകര്‍ത്തു. പന്തളം എന്‍എസ്എസ് കോളജിലെ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണു തകര്‍ത്തതെന്നാണ് ആരോപണം.
◾യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തലിന്റെ ഫ്ള്ക്സ് ബോര്‍ഡുകള്‍ പത്തനംതിട്ട അടൂരില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു. പട്ടികയും വടികളുമായി എത്തിയാണ് ഫ്ളക്സ് നശിപ്പിച്ചത്.
◾സംസ്ഥാനത്ത് ഇന്നലെ 265 പേര്‍ക്കു കൂടി കൊവിഡ്. ഒരാള്‍കൂടി മരിച്ചു. മൊത്തം 2606 കോവിഡ് രോഗികളുണ്ട്. രാജ്യത്താകെ ഇന്നലെ 328 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. രാജ്യത്തു മൊത്തം 2997 കോവിഡ് രോഗികളുണ്ട്.
◾നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ മുന്‍ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പി.ജി മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ കീഴടങ്ങിയാല്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കാമെന്നും കോടതി പറഞ്ഞു.
◾തൃശൂര്‍ പൂരം അട്ടിമറിക്കാനാണ് പൂരം എക്സിബിഷന്‍ ഗ്രൗണ്ടിന്റെ തറവാടക കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഭീമമായി വര്‍ധിപ്പിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തൃശൂര്‍ ജില്ലക്കാരനായ ദേവസ്വം മന്ത്രിയും മുഖ്യമന്ത്രിയും ഇടപെടാത്തത് എന്തുകൊണ്ടാണെന്നും ചെന്നിത്തല ചോദിച്ചു. ടി.എന്‍.പ്രതാപന്‍ എം.പിയുടെ നേതൃത്വത്തില്‍ നടത്തിയ രാപകല്‍ സമരത്തിന്റെ സമാപനത്തില്‍ പ്രസംഗിക്കുകയായിരുന്നു ചെന്നിത്തല.
◾സബ്സിഡി സാധനങ്ങള്‍ ഇല്ലാത്തതിനാല്‍ തൃശൂരില്‍ സപ്ലൈകോയുടെ ക്രിസ്മസ് ചന്തയുടെ ഉദ്ഘാടനം മുടങ്ങി. ഉദ്ഘാടനത്തിന് എത്തിയ മേയറും എംഎല്‍എയും നാട്ടുകാര്‍ പ്രതിഷേധിച്ചതോടെ ഉദ്ഘാടനം നിര്‍വഹിക്കാതെ മടങ്ങിപ്പോയി.
◾തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ത്ഥിനി ഡോ. ഷഹന ആത്മഹത്യ ചെയ്ത കേസില്‍ റിമാന്‍ഡിലുള്ള പ്രതി ഡോക്ടര്‍ റുവൈസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സസ്പെന്‍ഷന്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ ആരോഗ്യവകുപ്പുമായി കൂടിയാലോചിച്ച് അച്ചടക്ക സമിതിക്ക് തീരുമാനമെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
◾കായംകുളത്ത് ഭിന്നശേഷിക്കാരനായ യൂത്ത് കോണ്‍ഗ്രസ് നേതാവ് അജിമോന്‍ കണ്ടല്ലൂരിനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. എഐസിസി അംഗം ജോണ്‍സണ്‍ എബ്രഹാം നല്‍കിയ പരാതിയിലാണ് കേസെടുത്തത്.
◾കൊടുങ്ങല്ലൂരിലെ സിപിഎം നേതാവായിരുന്ന കെ യു ബിജുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ 13 ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ തൃശൂര്‍ നാലാം അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടു. സാക്ഷി മൊഴികള്‍ ദുര്‍ബലമാണെന്നും തെളിവുകള്‍ അപര്യാപ്തമെന്നും കോടതി നിരീക്ഷിച്ചു.
◾തൃശൂര്‍ വലപ്പാട് ക്രിമിനല്‍ കേസ് പ്രതി കയ്പമംഗലം സ്വദേശി ഹരിദാസന്‍ നായര്‍ (52) വെട്ടേറ്റു മരിച്ചു. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിനു കാരണം. സുഹൃത്തുക്കളായ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
◾കൊല്ലം കുണ്ടറ കേരളപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. കൊപ്പാറ പ്രിന്റിംഗ് പ്രസ് ഉടമ രാജീവ്, ഭാര്യ ആശ, മകന്‍ മാധവ് എന്നിവരാണ് മരിച്ചത്.
◾പത്തനാപുരം നടുകുന്നില്‍ ഭാര്യയെയും മകളേയും വെട്ടിപ്പരിക്കേല്‍പ്പിച്ച് യുവാവ് തീ കൊളുത്തി മരിച്ചു. രൂപേഷ് (40) ആണ് മരിച്ചത്. ഭാര്യ അഞ്ജു (27)വിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും മകള്‍ ആരുഷ്മ (10) യെ എസ് എ ടി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
◾ചീട്ടുകളിയുടെ പണത്തെച്ചൊല്ലി തര്‍ക്കിച്ച് കൊല്ലം കണ്ണനല്ലൂരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ സുഹൃത്തായ പശ്ചിമ ബംഗാള്‍ സ്വദേശി അല്‍ത്താഫ് മിയയെ കഴുത്തറുത്തു കൊന്ന് ചെളിയില്‍ താഴ്ത്തിയ കേസില്‍ പ്രതികളെ ഇന്ന് അറസ്റ്റു ചെയ്യും. അന്‍വര്‍ മുഹമ്മദ്, ബികാസ് സെന്‍ എന്നിവരാണ് പിടിയിലായത്.
◾സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ നടന്‍ മന്‍സൂര്‍ അലി ഖാന്‍ നടി തൃഷ, ചിരഞ്ജീവി, ഖുഷ്ബു എന്നിവര്‍ക്കെതിരെ നല്‍കിയ മാനനഷ്ട കേസ് മന്‍സൂര്‍ അലി ഖാന് ലക്ഷം രൂപ പിഴശിക്ഷ ചുമത്തിക്കൊണ്ട് മദ്രാസ് ഹൈക്കോടതി തള്ളി . ഒരു കോടി രൂപ നഷ്ടപരിഹാരം ആശ്യപ്പെട്ടാണ് മന്‍സൂര്‍ കോടതിയെ സമീപിച്ചത്. പ്രശസ്തിക്കു വേണ്ടിയാണ് മന്‍സൂര്‍ കോടതിയെ സമീപിച്ചതെന്ന് കോടതി വിമര്‍ശിച്ചു. പിഴയായ ലക്ഷം രൂപ അടയാര്‍ ക്യാന്‍സര്‍ സെന്ററിന് കൈമാറാനും കോടതി നിര്‍ദ്ദേശിച്ചു.
◾എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന ഖര്‍ഗെയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന മമത ബാനര്‍ജി അടക്കമുള്ള ചില നേതാക്കളുടെ നിര്‍ദേശത്തോടു നീരസം പ്രകടിപ്പിച്ച ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ അനുനയിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി ഫോണില്‍ വിളിച്ചു സംസാരിച്ചു. ഖാര്‍ഗെയുടെ പേര് നിര്‍ദേശിച്ചത് അപ്രതീക്ഷിതമായിരുന്നെന്നും രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രി ആരാകണമെന്നു പിന്നീടു ചര്‍ച്ചകളിലൂടെ തീരുമാനിക്കാമെന്നു നിതീഷ് കുമാര്‍ പ്രതികരിച്ചു.
◾വിരമിക്കല്‍ പ്രഖ്യാപിച്ച ഗുസ്തി താരം സാക്ഷി മാലിക്കിന് പിന്തുണയുമായി പ്രതിപക്ഷ നേതാക്കള്‍. വാരാണസിയില്‍ നരേന്ദ്ര മോദിക്കെതിരെ സാക്ഷി മാലിക്കിനെ മത്സരിപ്പിക്കണമെന്ന് മമത ബാനര്‍ജി ഇന്ത്യ സഖ്യ നേതാക്കളോട് ആവശ്യപ്പെട്ടു. വനിതാ ഗുസ്തി താരങ്ങളുടെ കണ്ണീരില്‍ സര്‍ക്കാര്‍ മൗനം വെടിയണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജെവാല ആവശ്യപ്പെട്ടു.
◾ചെക്ക് റിപ്പബ്ലിക്ക് തലസ്ഥാനമായ പ്രാഗിലെ ചാള്‍സ് സര്‍വകലാശാലയിലുണ്ടായ വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി. സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ അക്രമി, അച്ഛനെ വീട്ടില്‍ വെടിവച്ചു കൊന്നശേഷമാണ്, കാമ്പസില്‍ വെടിവയ്പു നടത്തിയത്. അക്രമി പന്നീട് ജീവനൊടുക്കി.
◾ഹോളിവുഡ് താരം വിന്‍ ഡീസലിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്. നടന്റെ മുന്‍ സഹായിയാണ് പരാതിക്കാരി. 2010 ല്‍ ഫാസ്റ്റ് ഫൈവ് ചിത്രീകരിച്ചപ്പോള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നും ജോലിയില്‍നിന്ന് പിരിച്ചുവിട്ടെന്നും വിന്‍ ഡീസലിന്റെ മുന്‍ സഹായി ആസ്റ്റ ജോനാസണ്‍ പരാതിയില്‍ പറയുന്നു.
◾ഈ വര്‍ഷം ആഗോള വളര്‍ച്ചയുടെ 16 ശതമാനം സംഭാവന ചെയ്യുന്ന രാജ്യം ഇന്ത്യയാകാമെന്ന് രാജ്യാന്തര നാണ്യനിധി. ഡിജിറ്റല്‍വല്‍ക്കരണം, അടിസ്ഥാന സൗകര്യ വികസനം എന്നി മേഖലകളില്‍ രാജ്യം നടപ്പാക്കിയ പരിഷ്‌കരണ നടപടികളാണ് ഇതിന് കരുത്തുപകരുക എന്നും ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡിനു ശേഷം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ശക്തമായി തന്നെ തിരിച്ചുകയറി എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. വിലക്കയറ്റം നിയന്ത്രിക്കാന്‍ സാധിച്ചതിനൊപ്പം തൊഴില്‍മേഖലയിലും വളര്‍ച്ചയുണ്ടായി. ആഗോള സാമ്പത്തിക വെല്ലുവിളി ഇന്ത്യയെ ബാധിച്ചില്ല എന്നതും ഗുണകരമാണ്. 2023ലെ ജി 20 ഉച്ചകോടിക്ക് വേദിയായതും ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ പ്രാധാന്യം ഊട്ടിയുറപ്പിച്ചു. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായകമാണെന്നും ഐഎംഎഫ് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ തൊഴില്‍ രംഗത്ത് പരിഷ്‌കരണം നടപ്പാക്കേണ്ടതിന്റെ ആവശ്യകതയും ഐഎംഎഫ് ചൂണ്ടിക്കാണിച്ചു. ഇതുവരെ പ്രയോജനപ്പെടുത്താത്ത തൊഴില്‍ സാധ്യതകള്‍കാര്യക്ഷമമായി ഉപയോഗിക്കാന്‍ സാധിക്കണം. ഇന്ത്യയില്‍ സമൃദ്ധമായ തൊഴില്‍ വിഭവങ്ങളുണ്ട്. പക്ഷേ അവ മുഴുവനായി പ്രയോജനപ്പെടുത്താന്‍ സാധിച്ചിട്ടില്ല. വിദ്യാഭ്യാസം, നൈപുണ്യ വികസനം, തൊഴില്‍ ശക്തിയിലെ സ്ത്രീ പങ്കാളിത്തം എന്നിവയില്‍ കേന്ദ്രീകൃതമായ ശ്രമങ്ങളിലൂടെ ഇന്ത്യയുടെ ജനസംഖ്യാപരമായ നേട്ടങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
◾ഇന്ത്യന്‍ വിപണിയിലടക്കം ചുരുങ്ങിയ കാലയളവിനുള്ളില്‍ തരംഗമായി മാറിയ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളാണ് പോകോ. എപ്പോഴും ബഡ്ജറ്റ് വിലയില്‍ ഒതുങ്ങുന്ന സ്മാര്‍ട്ട്ഫോണുകളാണ് പോകോ പുറത്തിറക്കാനുള്ളത്. ഇപ്പോഴിതാ മറ്റൊരു ബഡ്ജറ്റ് ഫ്രണ്ട്‌ലി സ്മാര്‍ട്ട്ഫോണാണ് കമ്പനി വിപണിയില്‍ എത്തിച്ചിരിക്കുന്നത്. പോകോ സി65 ഔദ്യോഗികമായി ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. ഈ സ്മാര്‍ട്ട്ഫോണ്‍ ഓഫര്‍ വിലയില്‍ ഉപഭോക്താക്കള്‍ക്ക് വാങ്ങാന്‍ സാധിക്കും. പോകോ സി65 സ്മാര്‍ട്ട്ഫോണുകള്‍ ഫ്ലിപ്കാര്‍ട്ട് മുഖാന്തരമാണ് വാങ്ങാന്‍ കഴിയുക. 7,499 രൂപ മുതലാണ് ഈ സ്മാര്‍ട്ട്ഫോണിന്റെ വില ആരംഭിക്കുന്നത്. 4 ജിബി, 6 ജിബി, 8 ജിബി എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് വേരിയന്റുകളില്‍ വാങ്ങാനാകും. 4 ജിബി റാം പ്ലസ് 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് ഉള്ള മോഡലിന് 8,499 രൂപയാണെങ്കിലും ലോഞ്ച് ഓഫറിന്റെ ഭാഗമായി 7,499 സ്വന്തമാക്കാം. 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് ഉള്ള മോഡല്‍ ഇപ്പോള്‍ 8,499 രൂപയ്ക്കാണ് വാങ്ങാന്‍ കഴിയുക. ഇവയുടെ യഥാര്‍ത്ഥ വില 9,499 രൂപയാണ്. 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണല്‍ സ്റ്റോറേജ് ഉള്ള മോഡലിന്റെ ഓഫര്‍ വില 9,999 രൂപയും, യഥാര്‍ത്ഥ വില 10,999 രൂപയുമാണ്. പരിമിത കാലത്തേക്ക് മാത്രമാണ് ഈ ഓഫര്‍ ലഭിക്കുകയുള്ളൂ.
◾ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ ശ്രദ്ധേയയായ മലയാളി മോഡല്‍ ശ്രീലക്ഷ്മി സതീഷ് ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ നിര്‍മിക്കുന്ന പുതിയ ചിത്രത്തില്‍ നായികയാകുന്നു. ‘സാരി’ എന്നാണ് ചിത്രത്തിന്റെ പേര്. അഘോഷ് വൈഷ്ണവം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അന്താരാഷ്ട്ര സാരി ദിനത്തോടനുബന്ധിച്ചാണ് സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടു. ‘റ്റൂ മച്ച് ലവ് കാന്‍ ബി റൂ ഡേഞ്ചറസ്’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. അഞ്ച് ഭാഷകളിലാവും ചിത്രം റിലീസ് ചെയ്യുക. അതേസമയം സിനിമയ്ക്കു വേണ്ടി ശ്രീലക്ഷ്മി പേര് മാറ്റിയതായി രാംഗോപാല്‍ വര്‍മ വെളിപ്പെടുത്തി. ഇനിമുതല്‍ ആരാധ്യ ദേവി എന്നാകും ശ്രീലക്ഷ്മി അറിയപ്പെടുക. ഇന്‍സ്റ്റഗ്രാമിലും ശ്രീലക്ഷ്മി തന്റെ പേര് മാറ്റിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ കണ്ട പെണ്‍കുട്ടി ആരാണെന്ന് അന്വേഷിച്ചു കൊണ്ടുള്ള സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയുടെ പോസ്റ്റ് വൈറലായിരുന്നു. സാരിയുമായി ബന്ധപ്പെട്ടൊരു സിനിമ ചെയ്യുന്നതിനു വേണ്ടിയാണ് രാംഗോപാല്‍ വര്‍മ ശ്രീലക്ഷ്മിയെ തേടിയെത്തിയത്. ചിത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ത്രില്ലര്‍ ചിത്രമായിരിക്കും ഇതെന്നാണ് ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ നല്‍കുന്ന സൂചന.
◾കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ ബാഹുബലി താരം പ്രഭാസിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ‘സലാര്‍’. ഇന്ന് തിയറ്ററുകളിലേക്ക് എത്തിയ പ്രഭാസിനൊപ്പം പ്രാധാന്യമുള്ള ഒരു കഥാപാത്രമായി പൃഥ്വിരാജ് സുകുമാരന്‍ എത്തുന്നു എന്നത് മലയാളികളായ സിനിമാപ്രേമികള്‍ക്ക് ആവേശം പകരുന്ന കാര്യമാണ്. ചിത്രത്തിലെ ഒരു ഗാനം കൂടി പുറത്തിറക്കി. തെലുങ്കിന് പുറമെ കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലും ഗാനം എത്തിയിട്ടുണ്ട്. പ്രതികാരമോ എന്നാരംഭിക്കുന്ന മലയാളം ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് രവി ബസ്രൂര്‍ ആണ്. സംഗീതം രാജീവ് ഗോവിന്ദന്‍. കുട്ടികളുടെ മൂന്ന് സംഘങ്ങളാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശ്രുതി ഹാസന്‍, ജഗപതി ബാബു, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്ഡി, രാമചന്ദ്ര രാജു എന്നിവരും കഥാപാത്രങ്ങളായി എത്തുന്നുണ്ട്. വന്‍ താരനിര തന്നെയാണ് ചിത്രത്തിലുള്ളത്. രവി ബസ്രൂര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. സലാര്‍ കേരളത്തിലെ തിയേറ്ററുകളില്‍ എത്തിക്കുന്നത് പൃഥ്വിരാജ് പ്രോഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ്.
◾അടുത്ത വര്‍ഷം വിപണിയില്‍ എത്തുമെന്ന് കരുതുന്ന ഥാറിന്റെ അഞ്ച് ഡോര്‍ വാഹനത്തിന് 7 പേരുകള്‍ ട്രെയ്ഡ് മാര്‍ക്ക് ചെയ്ത് മഹീന്ദ്ര. അര്‍മദ, കള്‍ട്, റെക്സ്, റോക്സ്, സാവന്നാ, ഗ്രാഡിയസ്, സെന്‍ട്രൂണിയന്‍ എന്നീ പേരുകളാണ് മഹീന്ദ്ര റജിസ്റ്റര്‍ ചെയ്തത്. ഇതില്‍ അര്‍മദ എന്ന പേരിനാണ് കൂടുതല്‍ സാധ്യത എന്നാണ് റിപ്പോര്‍ട്ടുകള്‍. തൊണ്ണൂറുകളില്‍ മഹീന്ദ്ര പുറത്തിറക്കിയ വാഹനമാണ് അര്‍മദ. നിലവിലെ പിന്‍ഗാമിയായി ബൊലീറോ എത്തിയതോടെ 2001 ലാണ് അര്‍മദയെ വിപണിയില്‍ നിന്ന് പിന്‍വലിച്ചത്. അഞ്ച് ഡോര്‍ പതിപ്പിന് അര്‍മദ എന്ന പേരു നല്‍കിയാല്‍ മഹീന്ദ്രയുടെ ഐതിഹാസിക മോഡലുകളിലൊന്നിന്റെ തിരിച്ചുവരവാകും അത്. നേരത്തെ ഥാര്‍ 5 ഡോറിന്റെ പരീക്ഷണയോട്ട വിഡിയോയും ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഥാറിന്റെ രൂപഭംഗി നിലനിര്‍ത്തി നീളം കൂട്ടിയെത്തുന്ന വാഹനം മഹീന്ദ്ര ആരാധകര്‍ ഏരെ ആകംക്ഷയോടെയാണ് കാത്തിരിക്കുന്നത്. നീളം കൂടിയതൊഴിച്ചാല്‍ വാഹനത്തിന്റെ മുന്‍ഭാഗത്തിന് കാര്യമായ മാറ്റങ്ങള്‍ വരില്ല എന്നാണ് പ്രതീക്ഷിക്കുന്നത്.
◾ഇത് മിത്തുകളും ആചാരങ്ങളും കീഴ്വഴക്കങ്ങളും നയിച്ചുകൊണ്ടുപോകുന്ന മനുഷ്യവംശത്തിന്റെ ജീവചരിത്രം. സമൂഹത്തിന്റെ കഴുകന്‍കണ്ണുകളെ ഭയന്ന് ആഗ്രഹങ്ങളും കാമനകളും മനസ്സിനുള്ളില്‍ താഴിട്ടുപൂട്ടി കുടുംബ-സാമൂഹികാധികാരങ്ങള്‍ക്കു മുന്നില്‍ അംഗീകാരത്തിനായി പഞ്ചപുച്ഛമടക്കി നില്‍ക്കുന്ന കപടമുഖങ്ങള്‍ക്ക് തലയുടെ പിന്നാമ്പുറത്തു കിട്ടുന്ന അടിയാണ് ഈ നോവല്‍. യുവഎഴുത്തുകാരില്‍ ശ്രദ്ധേയനായ ജിതേഷ് ആസാദിന്റെ ആദ്യ നോവല്‍. ‘നിഴല്‍ഭൂപടം’. മാതൃഭൂമി ബുക്സ്. വില 237 രൂപ.
◾അര്‍ബുദമുഴകളിലെ ആരോഗ്യകരമായ കോശങ്ങള്‍ അര്‍ബുദകോശങ്ങളുടെ വളര്‍ച്ച മന്ദഗതിയിലാക്കുന്നത് കീമോതെറാപ്പി ചികിത്സയുടെ ഫലപ്രാപ്തി കുറയ്ക്കുമെന്ന് പഠനം. യുസിഎല്‍, യേല്‍ സര്‍വകലാശാലകളില്‍ നടന്ന രണ്ട് പഠനങ്ങളാണ് ഈ നിഗമനങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നത്. കുടലിലെ അര്‍ബുദവുമായി ബന്ധപ്പെട്ട കോശങ്ങളിലാണ് ഗവേഷണം നടത്തിയത്. ഈ അര്‍ബുദ കോശങ്ങള്‍ രണ്ട് തരത്തില്‍ നിലനില്‍ക്കാമെന്ന് ഗവേഷകര്‍ പറയുന്നു. ഒന്ന് വേഗം വളരുന്നതും മറ്റൊന്ന് പതിയെ വളരുന്നതും. കീമോതെറാപ്പികള്‍ വേഗം വളരുന്ന കോശങ്ങളെ ലക്ഷ്യമിടുന്നതിനാല്‍ പതിയെ വളരുന്ന അര്‍ബുദകോശങ്ങള്‍ ഈ ചികിത്സയെ പ്രതിരോധിക്കാനാണ് സാധ്യതയെന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു. കുടലിലെ ഫൈബ്രോബ്ലാസ്റ്റുകള്‍ എന്ന ആരോഗ്യകരമായ കോശങ്ങളാണ് അര്‍ബുദകോശങ്ങളുടെ വളര്‍ച്ചയെ മന്ദഗതിയിലാക്കുന്നത്. ഇത് അര്‍ബുദകോശങ്ങളെ കീമോതെറാപ്പിയില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിക്കും. അര്‍ബുദകോശങ്ങള്‍ നശിക്കാതിരിക്കാന്‍ ഇതിടയാക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. കീമോതെറാപ്പി ആരംഭിക്കും മുന്‍പ് ഈ അര്‍ബുദകോശങ്ങളെ വേഗം വളരുന്ന സ്ഥിതിയിലെത്തിക്കാനുള്ള വഴികള്‍ കണ്ടെത്തേണ്ടതാണെന്ന് ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നു. വളര്‍ച്ചയെ മന്ദീഭവിപ്പിക്കുന്ന ചുറ്റുമുള്ള ആരോഗ്യകരമായ കോശങ്ങളും അര്‍ബുദകോശങ്ങളും തമ്മിലുള്ള സന്ദേശങ്ങളുടെ കൈമാറ്റത്തെ തടയുന്നത് അര്‍ബുദകോശങ്ങള്‍ വേഗം വളരുന്ന അവസ്ഥ സംജാതമാക്കാന്‍ സഹായിക്കുമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.21, പൗണ്ട് – 105.66, യൂറോ – 91.55, സ്വിസ് ഫ്രാങ്ക് – 97.16, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.44, ബഹറിന്‍ ദിനാര്‍ – 220.76, കുവൈത്ത് ദിനാര്‍ -270.83, ഒമാനി റിയാല്‍ – 216.17, സൗദി റിയാല്‍ – 22.18, യു.എ.ഇ ദിര്‍ഹം – 22.66, ഖത്തര്‍ റിയാല്‍ – 22.86, കനേഡിയന്‍ ഡോളര്‍ – 62.66.