◾സര്‍ക്കാര്‍ ജീവനക്കാരുടെ പെന്ഷന് ഘടന പരിഷ്കരിക്കുന്നു. ധനസെക്രട്ടറിയുടെ അധ്യക്ഷതയില്‍ നാലംഗ സമിതിയെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചു. പങ്കാളിത്ത പെന്‍ഷനെ കൂടുതല്‍ ആകര്ഷകമാക്കാനാണു നീക്കം.
◾ട്രെയിന്‍ തീവയ്പു കേസില്‍ പ്രതിയായ ഷാറൂഖ് സെയ്ഫിക്കെതിരേ കൊലക്കുറ്റം ചുമത്തി കേസ്. ഇയാളെ 14 ദിവസത്തേക്കു റിമാന്‍ഡു ചെയ്തു. ആശുപത്രിയില്‍ നിന്ന് ഇന്നു ഡിസ്ചാര്‍ജ് ചെയ്ത് ജയിലിലേക്കു മാറ്റും. ഇയാള്‍ക്കു കാര്യമായ പൊള്ളലേറ്റിട്ടില്ലെങ്കിലും കരളിന്റെ പ്രവര്‍ത്തനം തകരാറിലാണെന്നാണു വൈദ്യ പരിശോധനാഫലം. രണ്ട് കൈകളിലായി ഒരു ശതമാനത്തില്‍ താഴെ മാത്രമാണു പൊള്ളല്‍. ശരീരം നിറയെ ഉരഞ്ഞ പാടുകളുണ്ട്. മുഖത്തിന്റെ ഇടത് ഭാഗത്ത് ഉരുഞ്ഞുണ്ടായ പരിക്കും കണ്ണില്‍ വീക്കവുമുണ്ട്. എന്നാല്‍ കാഴ്ചയ്ക്ക് തകരാറില്ലെന്നാണു മെഡിക്കല്‍ റിപ്പോര്‍ട്ട്.
◾
◾ബ്രഹ്മപുരത്തെ വിവാദ കമ്പനിയായ സോണ്ട ഇന്‍ഫ്രാടെക്കിനായി മുന്‍ ചീഫ് സെക്രട്ടറി ടോം ജോസുമായി കൂടിക്കാഴ്ച നടത്തിയെന്ന് കൊച്ചിയിലെ ഇടനിലക്കാരന് അജിത്കുമാര്‍. സോണ്ട പ്രതിനിധികളുടെ ആവശ്യപ്രകാരമാണ് ഉള്‍നാടന്‍ ജലഗതാഗത കോര്പ്പറേഷന് എംഡിയായിരുന്ന ടോം ജോസിനെ കണ്ടത്. ടോം ജോസ് സംസ്ഥാന ചീഫ് സെക്രട്ടറിയായിരിക്കേ, മുഖ്യമന്ത്രിക്കൊപ്പം വിദേശ സന്ദര്‍ശനത്തില്‍ സോണ്ടയുടെ പ്രതിനിധികളെ കണ്ടെന്നും പിറകേ കരാറില്‍ ഒപ്പുവച്ചെന്നും ഇടനിലക്കാരന് വെളിപ്പെടുത്തി.
*പുളിമൂട്ടില്‍ സില്‍ക്സിന്റെ പുതിയ വലിയ ഷോറൂമിലേക്ക് ഏവര്‍ക്കും സ്വാഗതം*
പുതിയ ഷോറൂമിന്റെ സവിശേഷതകള്‍ : ഡിസൈനര്‍ റണ്ണിംഗ് മെറ്റീരിയല്‍സിന്റെ വിപുലീകരിച്ച വമ്പന്‍ ശേഖരം. തൃശ്ശൂരില്‍ ആദ്യമായി ഡൈയ്യിംഗ് ഫാബ്രിക്സിനായി എക്സ്ക്ലൂസീവ് സെക്ഷന്‍. സില്‍ക്ക്, ഷിഫോണ്‍, കോട്ടണ്‍ മെറ്റീരിയലുകളില്‍ ഉള്ള റെഡിമെഡ് സല്‍വാറുകളുടെ വിപുലീകരിച്ച സെക്ഷന്‍. ബ്രൈഡല്‍ ലെഹംഗ, ഗൗണ്‍, എന്നിവയുടെ ഇന്നോളം കാണാത്ത വലിയ ശേഖരവും, കസ്റ്റമേഴ്സിന് പ്രത്യേക സേവനങ്ങളും. സാരികള്‍ക്ക് മാത്രമായുള്ള അതിവിപുലമായ സാരി ഫ്ലോര്‍. വെഡ്ഡിംഗ് സാരികള്‍ക്ക് മാത്രമായി തയ്യാറാക്കിയ ബ്രൈഡല്‍ ലൗഞ്ച്. ഡിസൈനര്‍, സില്‍ക്ക്, കോട്ടണ്‍, ജ്യൂട്ട്, ടസ്സര്‍ സാരികളുടെ വേറിട്ട ശേഖരം. പുരുഷന്മാര്ക്കുള്ള വിവാഹ തുണിത്തരങ്ങളുടെ പുതുക്കിയ വിപുലമായ കളക്ഷനും പ്രത്യേക ഗ്രൂം സ്റ്റുഡിയോയും. ഇന്ത്യയിലെ ഏത് വലിയ നഗരത്തിലെയും മോഡേണ്‍ സ്റ്റോറുകള്‍ക്കൊപ്പം നില്ക്കുന്ന പുരുഷന്മാരുടെ ബ്രാന്‍ഡഡ് തുണിത്തരങ്ങളുടെ ഏറ്റവും വലിയ ശേഖരം. കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ വസ്ത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും മായാ പ്രപഞ്ചം.
*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*
◾കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദിവസേനെ അനില്‍ ആന്റണിയെ ചീത്തവിളിച്ചിരുന്നെന്നും അതിന്റെ ദേഷ്യംകൊണ്ടു കൂടിയാകാം ബിജെപിയിലേക്കു പോയതെന്നും സഹോദരന് അജിത് ആന്റണി. ബിജെപിയിലേക്കു പോകുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. തെറ്റു തിരുത്തി കോണ്‍ഗ്രസിലേക്കു തിരിച്ചു വരുമെന്നാണ് പ്രതീക്ഷ. ബിജെപിയിലേക്കു പോയത് കുടുംബത്തിനു വലിയ ആഘാതമായി. ബിജെപി മോദി എന്ന വ്യക്തിയെ മാത്രം ആധാരമാക്കി മുന്നോട്ടുപോകുന്ന പാര്‍ട്ടിയാണെന്നും അജിത് പറഞ്ഞു.
◾ലൈഫ് മിഷനില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ നാലു ഭവന സമുച്ചയങ്ങളുടെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. കണ്ണൂര്‍ ജില്ലയിലെ കടമ്പൂര്, കൊല്ലം ജില്ലയിലെ പുനലൂര്‍, കോട്ടയം ജില്ലയിലെ വിജയപുരം, ഇടുക്കി ജില്ലയിലെ കരിമണ്ണൂര്‍ എന്നിവടങ്ങളിലാണ് ഭവന സമുച്ചയങ്ങള്‍. 174 കുടുംബങ്ങള്‍ക്കാണ് നാളെ മുതല്‍ വീട് സ്വന്തമാകുന്നത്.
◾ട്രെയിന്‍ തീവയ്പിനിടെ മരിച്ചവരുടെ വീട് മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിച്ചു. കുടുംബങ്ങള്‍ക്കുള്ള ധനസഹായം അദ്ദേഹം കൈമാറി. കേസ് അന്വേഷിക്കുന്ന സംഘം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് അന്വേഷണ പുരോഗതി അറിയിച്ചു. എഡിജിപി എം ആര് അജിത് കുമാര്‍, ഐ.ജി നീരജ് കുമാര്‍ ഗുപ്ത എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്.
◾സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ മുഖ്യസൂത്രധാരന്‍ കെ ടി റമീസ് റിമാന്‍ഡില്‍. ചോദ്യംചെയ്യലിനു വിളിച്ചുവരുത്തിയ ശേഷം എന്‍ഫോഴ്സ്മെന്റ് റമീസിനെ ബുധനാഴ്ചയാണ് അറസ്റ്റ് ചെയ്തത്.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരായ സ്വപ്ന സുരേഷിന്റെ ആരോപണത്തില്‍ വിജേഷ് പിള്ളയെ പ്രത്യേക സംഘം ചോദ്യം ചെയ്തു. സ്വപ്ന ഗൂഢാലോചന നടത്തിയെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് ചോദ്യം ചെയ്തത്. സ്വപ്ന സുരേഷിനെ ബാംഗ്ലൂരിലെത്തി ചോദ്യം ചെയ്യും.
◾തിരുവനന്തപുരം പുല്ലുവിള സ്വദേശിയായ സൈനികന് ലഡാക്കില്‍ മരിച്ച നിലയില്‍. ചെമ്പകരാമന്‍തുറ പീരുപ്പിള്ള വിളാകത്ത് ശിലുവയ്യന്റെയും ബെല്ലര്‍മിയുടെയും മകന് സാംസണ് ശിലുവയ്യനെ (28) ആണ് ബുധനാഴ്ച്ച പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.
◾പീലാത്തോസിനെപ്പോലെ ചില കോടതികള്‍ അന്യായ വിധികള്‍ പുറപ്പെടുവിക്കുന്നുവെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ദുഃഖവെള്ളി സന്ദേശത്തിലാണ് ഇങ്ങനെ പ്രതികരിച്ചത്. മാധ്യമ പ്രീതിയ്ക്കോ ജനപ്രീതിയ്ക്കോ ജുഡീഷ്യല്‍ ആക്ടീവിസമെന്ന നിലയിലോ ആകാം ഇത്തരം വിധികള്‍. പീലാത്തോസിന് വിധി എഴുതി നല്‍കിയത് സീസറോ ജനക്കൂട്ടമോ ആകാമെന്നതുപോലെയാണ് ഇന്നത്തെ പല ന്യായവിധികളുമെന്നും ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
◾തൃശൂര്‍ പൂരത്തിന് കര്‍ശന സുരക്ഷ ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍ കൃഷ്ണതേജ. വെടിക്കെട്ട് പെസോയുടെ മാര്‍ഗനിര്‍ദ്ദേശം പാലിച്ചാണു നടത്തുക. ഒരുക്കങ്ങള്‍ വിലയിരുത്താനുള്ള യോഗം അടുത്തയാഴ്ച നടക്കും. ഈ മാസം 30 നു ഞായറാഴ്ചയാണു തൃശൂര്‍ പൂരം.
◾ചിന്നക്കനാല്‍ മേഖലയില്‍ ഭീഷണിയായ കാട്ടാന അരിക്കൊമ്പനെ പറമ്പിക്കുളത്തേക്കു മാറ്റാനുള്ള നീക്കത്തിനെതിരെ ചൊവ്വാഴ്ച മുതലമട പഞ്ചായത്തില്‍ ഹര്‍ത്താല്‍. പറമ്പിക്കുളത്തേക്കു മാറ്റാനുള്ള നീക്കത്തിനെതിരേ കോടതിയെ സമീപിക്കുമെന്നു മുതലമട പഞ്ചായത്ത്. ഒരു കാരണവശാലും അരികൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടു വരാന്‍ അനുവദിക്കില്ല. പഞ്ചായത്ത് വിളിച്ചുകൂട്ടിയ സര്‍വകക്ഷി യോഗത്തിലാണു തീരുമാനം.
◾ബിജെപിയിലേക്ക് ഇടതുപക്ഷത്തുനിന്നും നേതാക്കള്‍ എത്തുമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എ എന്‍ രാധാകൃഷ്ണന്. എ കെ ആന്റണിയുടെ മകന് ബിജെപിയിലേക്ക് വന്നത് വലിയ മുതല്‍ക്കൂട്ടാണെന്നും രാധാകൃഷ്ണന് പറഞ്ഞു.
◾സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ അഞ്ചു മലയാളികള്‍ക്ക് പരിക്കേറ്റു. ഉംറക്കു പുറപ്പെട്ട മലയാളികള്‍ സഞ്ചരിച്ച കാറിനു പിന്നില്‍ ലോറിയിടിക്കുകയായിരുന്നു. മലപ്പുറം തിരൂര്‍ സ്വദേശി ഇസ്മായില്‍, മുഹമ്മദലി കട്ടിലശ്ശേരി, അഷ്റഫ് കരുളായി, തിരുവനന്തപുരം സ്വദേശികളായ അലി, അബ്ദുറഹ്മാന് എന്നിവര്‍ക്കാണു പരിക്കേറ്റത്.
◾തലശേരിയില്‍ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ബസിടിച്ച് വഴിയാത്രക്കാരന് മരിച്ചു. തിരുവാങ്ങാട് സ്വദേശി എം.ജി. ജയരാജാണ് മരിച്ചത്. ബസ് ഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തു.
◾കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു. മഹാരാഷ്ട്രയില്‍ ഇന്നലെ എണ്ണൂറിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ 606 പേര്‍ക്കു രോഗംബാധിച്ചു. സിക്കിമില്‍ മാസ്ക് നിര്‍ബന്ധമാക്കി. കൊവിഡ് ആശങ്ക ചര്‍ച്ചചെയ്യാന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയുടെ നേതൃത്വത്തില്‍ ആരോഗ്യ മന്ത്രിമാരുടെ യോഗം ഇന്നു ചേരും. തിങ്കളാഴ്ച കൊവിഡ് മോക്ഡ്രില്‍ നടത്തും.
◾ഈ മാസം 14 ന് ബൈശാഖി ദിനത്തില്‍ സര്ബത് ഖല്‍സ സമ്മേളനം വിളിച്ചുകൂട്ടണമെന്ന് ഖാലിസ്ഥാന്‍ തീവ്രവാദി നേതാവ് അമൃത്പാല്‍ സിംഗ്. സിഖ് സംഘടനയായ അകാല്‍ തഖ്ത് മേധാവികളോടാണ് വീഡിയോ സന്ദേശത്തിലൂടെ ഇക്കാര്യം ആവശ്യപ്പെട്ടത്. അമൃത്സറിലെ അകാല്‍ തഖ്തില്‍ നിന്ന് ബത്തിന്‍ഡയിലെ ദംദാമ സാഹിബിലേക്ക് ഘോഷയാത്ര നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പഞ്ചാബില്‍ കനത്ത ജാഗ്രതാനിര്‍ദേശം.
◾തെലങ്കാനയിലെ നാഗര്‍കുര്‍ണൂലില്‍ തീര്‍ഥാടനയാത്രയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് രണ്ടു തീര്‍ഥാടകര്‍ മരിച്ചു. ഗുഹാക്ഷേത്രമായ സാലേശ്വരം ലിംഗമയ്യ ക്ഷേത്രത്തിലേക്കുള്ള തീര്‍ഥാടനത്തിനിടെ കിണറിലേക്ക് ആളുകള്‍ വീഴുകയായിരുന്നു.
◾ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി ബിജെപിയില്‍ ചേര്‍ന്നു. ഏതാനും ആഴ്ചകള്‍ക്കു മുമ്പാണ് അദ്ദേഹം കോണ്‍ഗ്രസില്‍നിന്ന് രാജിവച്ചത്.
◾വിദ്യാഭ്യാസമില്ലാത്ത പ്രധാനമന്ത്രി രാജ്യത്തിന് അപകടകരമാണെന്ന് ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ കത്ത്. മദ്യനയക്കേസില്‍ ജയിലില്‍ കഴിയുന്ന അദ്ദേഹം രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടാണ് കത്ത് പുറത്തുവിട്ടിരിക്കുന്നത്.
◾ലബനനിലും ഗാസയിലും ഇസ്രയേലിന്റെ വ്യോമാക്രമണം. ലബനനില്‍നിന്ന് ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം ഉണ്ടായതിനു പിറകേയാണ് ഇസ്രയേല്‍ സൈന്യം വ്യോമാക്രമണം നടത്തിയത്.
◾ഐപിഎല്ലില്‍ ഇന്ന് ലഖ്നൗ സൂപ്പര്‍ ജയന്റ്സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. വൈകീട്ട് 7.30 നാണ് മത്സരം ആരംഭിക്കുക.
◾ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡിന്റെ സഹായമില്ലാതെയും യു.പി.ഐ ഇടപാടുകള്‍ നടത്താനുള്ള പുതിയ സംവിധാനം അവതരിപ്പിച്ച് ആര്.ബി.ഐ. കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്തുന്ന ഇടപാടുകളില്‍ നിന്നും വിഭിന്നമായി ബാങ്കുകള്‍ അനുവദിക്കുന്ന പ്രത്യേക വായ്പതുക ഉപയോഗിച്ചും (ക്രെഡിറ്റ് ലൈന്‍) ഇനി യു.പി.ഐ സേവനം ആസ്വദിക്കാം. നിലവില്‍ ഡിപ്പോസിറ്റ് അക്കൗണ്ട് ഉപയോഗിച്ചാണ് യു.പി.ഐ സേവനങ്ങള്‍ ലഭ്യമാകുന്നത്. ഇതിനൊപ്പം സേവനത്തിനായി പ്രീ-പെയ്ഡ് വാലറ്റുകളുമുണ്ട്. ഇതിന് പുറമേ ബാങ്കുകള്‍ നല്കുന്ന വായ്പയും ഇനി യു.പി.ഐ സേവനങ്ങള്‍ക്കായി ഉപയോഗിക്കാം. ഉപഭോക്താക്കള്‍ക്ക് കടമായി നല്കുന്ന നിശ്ചിത തുകയെയാണ് ക്രെഡിറ്റ് ലൈന്‍ എന്ന് പറയുന്നത്. ഇതില്‍ നിന്നും ഇഷ്ടമുള്ള തുക അവര്‍ക്ക് പിന്‍വലിക്കാം. ഇതിന് യു.പി.ഐയെയും ഉപയോഗിക്കാം. പിന്‍വലിക്കുന്ന തുകക്ക് മാത്രം പലിശ നല്കിയാല് മതിയാകും. നിലവില്‍ ഡെബിറ്റ് അക്കൗണ്ടുകളുമായും റുപേ ക്രെഡിറ്റ് കാര്‍ഡുമായിട്ടാണ് യു.പി.ഐ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നത്. ആര്.ബി.ഐയുടെ പുതിയ പ്രഖ്യാപനം അനുസരിച്ച് ക്രെഡിറ്റ് അക്കൗണ്ടുകളും യു.പി.ഐയുമായി ബന്ധിപ്പിക്കാം. ഇതില്‍ വായ്പ അക്കൗണ്ടുകളും ഉള്‍പ്പെടും.
◾ആഗോള ടെക് ഭീമനായ ആപ്പിളിന്റെ ആദ്യ സ്റ്റോര്‍ ഈ മാസം മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ആപ്പിള്‍ ബികെസി എന്നറിയപ്പെടുന്ന സ്റ്റോര്‍ മുംബൈ നഗരത്തിലാണ് പ്രവര്‍ത്തനമാരംഭിക്കുക. മുംബൈയുടെ തനതായ കാലിപീലി ടാക്സികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ആപ്പിള്‍ ബികെസി സ്റ്റോര്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. അതേസമയം, രണ്ടാമത്തെ സ്റ്റോര്‍ ഉടന്‍ തന്നെ ഡല്‍ഹിയില്‍ ആരംഭിക്കുമെന്ന് ആപ്പിള്‍ സൂചന നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ സ്വന്തമായൊരു സ്റ്റോര്‍ തുറക്കാനുള്ള ചര്‍ച്ചകള്‍ വളരെ മുന്‍പു തന്നെ ആപ്പിള്‍ സംഘടിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് മുംബൈയില്‍ ഇടം കണ്ടെത്തിയത്. പുതിയ ആപ്പിള്‍ സ്റ്റോറില്‍ കമ്പനിയുടെ പലതരത്തിലുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും ലഭിക്കുന്നതാണ്. തനതായ ശൈലിയില്‍ ‘ഹലോ മുംബൈ’ എന്ന ആശംസ നല്‍കിയാണ് സ്റ്റോറിലേക്ക് കമ്പനി ആളുകളെ സ്വാഗതം ചെയ്യുക. അതേസമയം, പുതിയ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിനോട് അനുബന്ധിച്ച് ആപ്പിള്‍ ഉപഭോക്താക്കള്‍ക്ക് ആപ്പിള്‍ ബികെസിയുടെ വാള്‍പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
◾ജയസൂര്യ നായകനാകുന്ന ചിത്രമാണ് ‘എന്താടാ സജി’ എട്ടിന് പ്രദര്‍ശനത്തിനെത്തും. ഗോഡ്ഫി സേവ്യര്‍ ബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗോഡ്ഫി സേവ്യര്‍ ബാബു തന്നെയാണ് തിരക്കഥയും എഴുതിയിരിക്കുന്നത്. ‘എന്താടാ സജി’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. വില്യം ഫ്രാന്‍സിസ് സംഗീത സംവിധാനത്തിലുള്ള ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ജയസൂര്യക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയുണ്ട്. രതീഷ് രാജാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. ‘എന്താടാ സജി’യെന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം ജീത്തു ദാമോദര്‍ ആണ്. നിവേദ തോമസ് ചിത്രത്തില്‍ ജയസൂര്യയുടെ നായികയായി എത്തുന്നു.
മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫന്‍ ആണ് കുഞ്ചാക്കോ ബോബനും ജയസൂര്യയും നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ‘എന്താടാ സജി’ എന്ന ചിത്രം നിര്‍മ്മിക്കുന്നത്.
◾അജയ് ദേവ്ഗണ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമായ ‘ഭോലാ’യിലെ ‘ആരാരോ ആരരോ’ എന്ന ഗാനം പുറത്തുവിട്ടു. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ഹിറ്റ് ചിത്രം ‘കൈതി’യാണ് ഹിന്ദിയിലേക്ക് എത്തിയത്. ‘യു മേം ഓര് ഹം’, ‘ശിവായ്’, ‘റണ്‍വേ 34’ എന്നിവയാണ് അജയ് ദേവ്ഗണ് സംവിധാനം നിര്‍വ്വഹിച്ച മറ്റു ചിത്രങ്ങള്‍. അസീം ബജാജാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അമലാ പോളിന്റെ ബോളിവുഡ് അരങ്ങേറ്റത്തില്‍ തബുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ‘ഭോലാ’യ്ക്ക് രാജ്യത്തെ തിയറ്ററുകളില്‍ മികച്ച തരത്തിലുള്ള പ്രതികരണമാണ് ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട് . 3 ഡിയിലാണ് ചിത്രം ഒരുങ്ങിയിരിക്കുന്നന്നത്.
◾കിയ ഇന്ത്യയുടെ ഏറ്റവും പുതിയ ഇവി6-ന്റെ ബുക്കിംഗ് ഏപ്രില്‍ 15 ന് ആരംഭിക്കുക്കുമെന്ന് കമ്പനി അറിയിച്ചു. 2023 കിയ ഇവി6-ന്റെ ജിടി ലൈനിന് 60.95 ലക്ഷം മുതലും ജിടി ലൈന്‍ എഡബ്ല്യൂഡിയ്ക്ക് 65.95 ലക്ഷം മുതലുമാണ് വില ആരംഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ആണ് കിയ ഇവി6 ഇന്ത്യയില്‍ അവതരിപ്പിച്ചത്. കഴിഞ്ഞ ഏഴ് മാസത്തിനുള്ളില്‍ 432 കാറുകള്‍ വിതരണം ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ 12 നഗരങ്ങളിലെ 15 ഔട്ട്ലെറ്റുകളില് നിന്ന് ഈ വര്‍ഷം 44 നഗരങ്ങളില്‍ 60 ഔട്ട്ലെറ്റുകളായി ഡീലര്‍ ശൃംഖല വികസിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. 150 കിലോവാട്ട് ഹൈ സ്പീഡ് ചാര്‍ജര്‍ ശൃംഖല 60 ഔട്ട്ലെറ്റുകളിലേക്കും വ്യാപിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. ഇവി6 77.4 കിലോവാട്ട്അവര്‍ ലിഥിയം-അയണ്‍ ബാറ്ററി പാക്കില്‍ നിന്ന് 708 കിലോമീറ്റര്‍ വരെ വാഗ്ദാനം ചെയ്യുന്നു. 2023 കിയ ഇവി6 റണ്‍വേ റെഡ്, യാച്ച് ബ്ലൂ, മൂണ്‍സ്കേപ്പ്, അറോറ ബ്ലാക്ക് പേള്‍, സ്നോ വൈറ്റ് പേള്‍ എന്നിങ്ങനെ അഞ്ച് നിറങ്ങളില്‍ ലഭ്യമാകും.
◾ജാതിവ്യവസ്ഥിതികളും സ്ത്രീ-പുരുഷ അസമത്വവും നിലനിന്നിരുന്ന ഒരു കാലഘട്ടത്തില്‍ ഒരാദിവാസിപ്പെണ്‍കുട്ടിക്ക് നേരിടേണ്ടിവന്ന പ്രതിസന്ധികളെ അതിജീവിച്ച്, ഇന്ത്യയുടെ രാഷ്ട്രപതിയായ ദ്രൗപദി മുര്‍മുവിന്റെ ജീവിതകഥ. നൂറ്റാണ്ടുകളായി സമൂഹത്തിന്റെ ഓരം പറ്റിക്കഴിഞ്ഞിരുന്ന, ആദിവാസി ഗോത്ര ജനവിഭാഗത്തിലൊരാള്‍ ഇന്ത്യയുടെ പ്രഥമപദത്തിലെത്തുന്നതിലൂടെ തെളിയുന്നത് ഭാരതത്തിന്റെ ജനാധിപത്യശക്തിയാണ്. സഹനത്തിന്റെ കഥയല്ല മറിച്ച്, സമരങ്ങളുടെയും ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും കഥയാണ് ദ്രൗപദി മുര്‍മുവിന്റെ ജീവിതം. ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ക്കു മുമ്പില്‍ പകച്ചുനില്‍ക്കുന്ന ഇന്നത്തെ യുവതയ്ക്ക് പ്രചോദനാത്മകമായ ജീവചരിത്രമാണിത്. ‘ദ്രൗപദി മുര്‍മു കനല്‍വഴി താണ്ടി പ്രഥമപദത്തിലേക്ക്’. പ്രേമജ ഹരീന്ദ്രന്‍. ഗ്രീന്‍ ബുക്സ്. വില 119 രൂപ.
◾ചൂടിനെ നേരിടാനും ശരീരത്തെ ചില്ലാക്കാനും ഉപയോഗിക്കാവുന്നതും വളരെ എളുപ്പം ലഭ്യമായതുമായ ഒന്നാണ് തൈര്. എന്നാല്‍ തൈര് നേരിട്ട് അകത്താക്കുന്നത് രക്തത്തെ മലിനമാക്കുമെന്നും ചര്മപ്രശ്നങ്ങളുണ്ടാക്കുമെന്നും അലിഗഢ് ആയുര്‍വേദിക് മെഡിക്കല്‍ കോളജിലെ ഡോ. സരോജ് ഗൗതം ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു. പകരം തേനോ, നെയ്യോ, പഞ്ചസാരയോ, നെല്ലിക്കയോ, ചെറുപയറോ ഒക്കെ ചേര്‍ത്ത് തൈര് കഴിക്കാമെന്ന് ഡോ. സരോജ് നിര്‍ദ്ദേശിക്കുന്നു. പഞ്ചസാരയോ ഉപ്പോ ചേര്‍ത്ത് ആഴ്ചയില്‍ ഏതാനും തവണ തൈര് കഴിക്കാവുന്നതാണ്. എന്നാല്‍ ദിവസവും ഉപ്പ് ചേര്‍ത്ത് തൈര് കഴിക്കുന്നത് ശരീരത്തെ തണുപ്പിക്കുന്നതിന് പകരം ചൂടാക്കുമെന്നും ചര്‍മ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. അകാലനരയ്ക്കും മുഖക്കുരുവിനും മുടികൊഴിച്ചിലിനും ഉപ്പ് ചേര്‍ത്ത് തൈര് കഴിക്കുന്നത് കാരണമാകാമെന്നും ഡോക്ടര്‍ മുന്നറിയിപ്പ് നല്കുന്നു. ആയുര്‍വേദ ഗ്രന്ഥങ്ങള്‍ പ്രകാരം രാത്രിയില്‍ തൈര് കര്‍ശനമായും ഒഴിവാക്കേണ്ട ഒന്നാണ്. അതേ സമയം പഞ്ചസാര ചേര്‍ത്ത് ലസ്സിയാക്കി തൈര് കുടിക്കുന്നത് ചൂട് കാലത്ത് ഫലപ്രദമാണെന്ന് ആയുര്‍വേദം പറയുന്നു. ലസ്സി ശരീരത്തിന് ഉന്മേഷവും ഊര്‍ജവും പ്രദാനം ചെയ്യുന്നു. ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും ലസ്സി സഹായിക്കും. എന്നാല്‍ മധുരം അധികമാകുന്നത് മറ്റു പല പ്രശ്നങ്ങളും ഉണ്ടാക്കുമെന്നതിനാല്‍ ലസ്സിയും നിയന്ത്രിതമായ തോതില്‍ കുടിക്കണമെന്ന് ഡോ. സരോജ് അഭിപ്രായപ്പെടുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 81.82, പൗണ്ട് – 101.77, യൂറോ – 89.30, സ്വിസ് ഫ്രാങ്ക് – 90.48, ഓസ്ട്രേലിയന്‍ ഡോളര്‍ – 54.65, ബഹറിന്‍ ദിനാര്‍ – 217.06, കുവൈത്ത് ദിനാര്‍ -266.69, ഒമാനി റിയാല്‍ – 212.58, സൗദി റിയാല്‍ – 21.81, യു.എ.ഇ ദിര്‍ഹം – 22.28, ഖത്തര്‍ റിയാല്‍ – 22.47, കനേഡിയന്‍ ഡോളര്‍ – 60.66.