◾ഇടുക്കി ചിന്നക്കനാല്‍ മേഖലയിലെ കാട്ടാന അരിക്കൊമ്പനെ ദൗത്യസംഘം സിമന്റുപാലത്തിനരികില്‍ വെച്ച് മയക്കുവെടിവച്ചു. സമീപത്തുണ്ടായിരുന്ന ചക്കക്കൊമ്പനെ മാറ്റിയ ശേഷമാണ് ഫൊറന്‍സിക് സര്‍ജന്‍ ഡോ. അരുണ്‍ സഖറിയ വെടിവെച്ചത്. പല ഭാഗത്ത് നിന്നായി ആനയെ വളഞ്ഞ ദൗത്യസംഘം ശ്രമകരമായാണ് മയക്കുവെടിവച്ചത്. ആനയെ പെരിയാര്‍ ടൈഗര്‍ റിസര്‍വിലേക്കെ് മാറ്റാനാണ് നീക്കം. ജിപിഎസ് കോളറും ആനയെ കൊണ്ടുപോകാനുള്ള വാഹനവും സ്ഥലത്തുണ്ട്.
◾പുല്‍വാമയില്‍ സൈനികരെ കൊലയ്ക്കു കൊടുത്ത മോദി സര്‍ക്കാരിന്റെ വീഴ്ച അധികാരം നഷ്ടമാക്കുമെന്ന് കാഷ്മീരിലെ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. പുല്‍വാമ ഭീകരാക്രമണത്തില്‍ അന്വേഷണം വേണം. ആരോപണം ഉന്നയിച്ചതിനു പ്രതികാരമായാണ് സിബിഐ അന്വേഷണവും സുരക്ഷ വെട്ടിക്കുറയ്ക്കലും. മോദി അഴിമതിക്കൊപ്പമാണ്. ഗോവയിലെ അഴിമതി തുറന്ന് പറഞ്ഞതിനാണ് മോദി തന്നെ മേഘാലയിലേക്കു മാറ്റിയത്. റിലയന്‍സ് പദ്ധതിക്കായി റാം മാധവ് സമ്മര്‍ദ്ദം ചെലുത്തിയ വിവരം സിബിഐക്കു മൊഴി നല്‍കിയെന്നു അദ്ദേഹം പറഞ്ഞു.
◾സംസ്ഥാനത്തെ റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. ഈ മാസത്തെ റേഷന്‍ വിതരണത്തിനുള്ള സമയം അഞ്ചാം തീയതി വരെ നീട്ടി. ഷിഫ്റ്റ് സമ്പ്രദായത്തിലാണ് റേഷന്‍കടകള്‍ ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുക. മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് എന്നീ ജില്ലകളിലെ കടകള്‍ ഉച്ചയ്ക്ക് ഒരു മണിവരെ പ്രവര്‍ത്തിക്കും. മറ്റു ജില്ലകളിലെ കടകള്‍ ഉച്ചയ്ക്കു ശേഷമാകും പ്രവര്‍ത്തിക്കുക.
◾സുഡാനില്‍നിന്ന് രക്ഷപ്പെടുത്തി ബംഗളുരുവില്‍ എത്തിച്ച വാക്സിന്‍ എടുക്കാത്ത 25 മലയാളികള്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ ക്വാറന്റീന്‍ ഏര്‍പ്പെടുത്തി. കര്‍ണാടക സര്‍ക്കാരിന്റെ അംഗീകൃത ക്വാറന്റീന്‍ സെന്ററുകളിലേക്ക് ഇവരെ മാറ്റി. അഞ്ച് ദിവസം ഇവിടെ ക്വാറന്റീനില്‍ കഴിയും.
*ഉത്സവാഘോഷങ്ങള്‍ ഇനി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ പുതിയ വലിയ ഷോറൂമില്‍ തന്നെ*
പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂരിലെ പുതിയ വലിയ ഷോറൂമില്‍ ഇപ്പോള്‍ ഡിസൈനര്‍ റണ്ണിംഗ് മെറ്റീരിയല്‍സിന്റെ വിപുലീകരിച്ച വമ്പന്‍ ശേഖരം. തൃശ്ശൂരില്‍ ആദ്യമായി ഡൈയ്യിംഗ് ഫാബ്രിക്സിനായി എക്‌സ്‌ക്ലൂസീവ് സെക്ഷന്‍. സില്‍ക്ക്, ഷിഫോണ്‍, കോട്ടണ്‍ മെറ്റീരിയലുകളില്‍ ഉള്ള റെഡിമെഡ് സല്‍വാറുകളുടെ വിപുലീകരിച്ച സെക്ഷന്‍. ബ്രൈഡല്‍ ലെഹംഗ, ഗൗണ്‍, എന്നിവയുടെ ഇന്നോളം കാണാത്ത വലിയ ശേഖരവും. സാരികള്‍ക്ക് മാത്രമായുള്ള അതിവിപുലമായ സാരി ഫ്ലോറില്‍ വെഡ്ഡിംഗ് സാരികള്‍ക്ക് മാത്രമായി തയ്യാറാക്കിയ ബ്രൈഡല്‍ ലൗഞ്ച്. ഡിസൈനര്‍, സില്‍ക്ക്, കോട്ടണ്‍, ജ്യൂട്ട്, ടസ്സര്‍ സാരികളുടെ വേറിട്ട ശേഖരം. പുരുഷന്മാര്‍ക്കുള്ള വിവാഹ തുണിത്തരങ്ങളുടെ പുതുക്കിയ വിപുലമായ കളക്ഷനോടൊപ്പം പ്രത്യേക ഗ്രൂം സ്റ്റുഡിയോയും ബ്രാന്‍ഡഡ് തുണിത്തരങ്ങളുടെ ഏറ്റവും വലിയ ശേഖരവും. കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ വസ്ത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും മായാ പ്രപഞ്ചം.
*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*
◾മലയാളി വ്യവസായി ബൈജു രവീന്ദ്രന്റെ പ്രമുഖ എഡ്യൂ ടെക് പ്ലാറ്റ്ഫോമായ ബൈജൂസ് കമ്പനിയില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ്. ബൈജൂസിന്റെ ബെംഗളൂരു ഓഫീസിലാണു പരിശോധന നടത്തിയത്. വിദേശ ധന വിനിമയ നിയമം അനുസരിച്ചായിരുന്നു പരിശോധന.
◾സോളാര്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റിട്ടയേഡ് ഡിവൈഎസ്പി ഹരിപ്പാട് സ്വദേശി കെ ഹരികൃഷ്ണന്‍ ട്രെയിനിടിച്ചു മരിച്ചു. കായംകുളം രാമപുരത്തെ റെയില്‍വെ ലെവല്‍ ക്രോസില്‍ പുലര്‍ച്ചെയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ കാറില്‍നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടത്തി. അനധികൃത സ്വത്തുസമ്പാദനത്തിനു വിജിലന്‍സ് കേസുകളിലെ പ്രതിയാണ്.
◾മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദര്‍ശനത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വൈകുന്നു. നാലു ദിവസത്തെ സന്ദര്‍ശനത്തിന് മേയ് ഏഴിന് അബുദാബിയിലേക്കു പോകാനിരിക്കുകയാണ്. യുഎഇ സര്‍ക്കാരിന്റെ നിക്ഷേപക സംഗമ പരിപാടിയിലേക്കാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പോകാന്‍ തയാറായിരിക്കുന്നത്.
◾എഐ ക്യാമറ ഇടപാടിലെ തട്ടിക്കൂട്ട് കമ്പനികളും മുഖ്യമന്ത്രിയും തമ്മില്‍ ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഈ ബന്ധം വൈകാതെ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. ബിനാമികളും വന്‍കിടക്കാരുമാണ് ഭരണം നിയന്ത്രിക്കുന്നതെന്നും ചെന്നിത്തല.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ലിഫ്റ്റ് കേടായതുമൂലം മൃതദേഹം ചുമന്ന് താഴെയിറക്കിയ സംഭവത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയാതെ ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. ആവര്‍ത്തിച്ച് ചോദിച്ചിട്ടും മറുപടി നല്‍കിയില്ല. നേരത്തെ പറഞ്ഞതാണെന്നായിരുന്നു പ്രതികരണം.
◾എഴുപത്തയ്യായിരം രൂപ വായ്പയെടുത്ത മല്‍സ്യത്തൊഴിലാളി രണ്ടര ലക്ഷം രൂപയോളം തിരിച്ചടച്ചിട്ടും ആറര ലക്ഷം രൂപകൂടി അടയ്ക്കണമന്നു നോട്ടീസ് നല്‍കിയ സംസ്ഥാന ഹൗസിംഗ് ഫെഡറേഷന്റെ നടപടി പുനപരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. അര്‍ബുദ രോഗിയായ ഭാര്യയെ ചികില്‍സിക്കാനും ജീവിക്കാനും കഴിയാത്ത അവസ്ഥയില്‍ ചേര്‍ത്തല ആര്‍ത്തുങ്കല്‍ തയ്യില്‍ ക്ലമന്റ് നല്‍കിയ പരാതിയിലാണ് നടപടി.
◾വ്യാജ അഭിഭാഷക സെസി സേവ്യറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. സെസിയെ എട്ടു ദിവസത്തേക്ക് ആലപ്പുഴ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു. പ്രതിയെ ഒളിവില്‍ കഴിഞ്ഞിരുന്ന ഇന്‍ഡോറില്‍ എത്തിച്ച് അന്വേഷണ സംഘം തെളിവെടുക്കും. 21 മാസമാണ് സെസി സേവ്യര്‍ ഇന്‍ഡോറിലും ഡല്‍ഹിയിലുമായി ഒളിവില്‍ കഴിഞ്ഞത്.
◾മണ്ണാര്‍ക്കാട് കുഴല്‍ കിണര്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ചെയിന്‍ ബ്ലോക്ക് പൊട്ടിവീണ് യുവാവ് മരിച്ചു. ഒരാള്‍ക്ക് പരുക്കേറ്റു. ചിറക്കല്‍പ്പടി കുഴിയില്‍പ്പീടിക അമാനുല്ലയുടെയും നബീസുവിന്റെയും മകന്‍ മൊയ്തീന്‍ (24) ആണ് മരിച്ചത്.
◾മലപ്പുറം തിരൂരില്‍ ആയുര്‍വേദ ചികിത്സക്കെത്തി ജീവനക്കാരിയോടു ലൈംഗിക അതിക്രമം നടത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. താനൂര്‍ പുതിയ കടപ്പുറം സ്വദേശി കടവണ്ടിപുരക്കല്‍ ഫര്‍ഹാബ്(35) ഒത്താശ ചെയ്ത ജീവനക്കാരന്‍ കൊപ്പം സ്വദേശി കുന്നക്കാട്ടില്‍ കുമാരന്‍(54) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
◾വടകര മുനിസിപ്പാലിറ്റിയിലെ അറക്കിലാട് യുവാവ് നിര്‍മാണത്തിലുള്ള വീട്ടില്‍ തീ കൊളുത്തി മരിച്ചു. പാണ്ട്യാട്ട് മീത്തല്‍ ശ്രീജേഷാണ് (44) മരിച്ചത്.
◾യുവാവിനെ മുറിവേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് ബന്ധുക്കളുടെ പരാതി. ടാപ്പിംഗ് തൊഴിലാളി വാമനപുരം മേലാറ്റുമൂഴി മുളമന വീട്ടില്‍ അനീഷ്(32) നെ മാര്‍ച്ച് അഞ്ചിന് രാത്രി പത്തരയ്ക്കാണ് വയറ്റില്‍ ഗുരുതരമായി മുറിവേറ്റ നിലയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തിയത്. ഉടന്‍ അനീഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അനീഷ് സ്വയം ടാപ്പിംഗ് കത്തി ഉപയോഗിച്ച് കുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചെന്നു മരണമൊഴിയുണ്ടെന്നാണ് പോലീസ് പറയുന്നത്.
◾വിവാഹ വാഗ്ദാനം നല്‍കി നൂറനാട് സ്വദേശിനിയെ പീഡിപ്പിച്ചെന്ന കേസില്‍ നൂറനാട് പാലമേല്‍ പത്താം വാര്‍ഡില്‍ മണലാടി കിഴക്കതില്‍ വീട്ടില്‍ അന്‍ഷാദ് (29) അറസ്റ്റിലായി.
◾കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനു പ്രചാരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു ബംഗളൂരുവില്‍. രണ്ടു ദിവസം മൂന്നിടത്തെ സമ്മേളനങ്ങളില്‍ പ്രസംഗിക്കും. റോഡ് ഷോയുമുണ്ട്. 224 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് മേയ് പത്തിനാണ്.
◾പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റേഡിയോ സംവാദ പരിപാടിയായ മന്‍ കി ബാത്തിന്റെ നൂറാം എപ്പിസോഡ് നാളെ സംപ്രേക്ഷണം ചെയ്യും. മോദി അധികാരമേറ്റതിനു പിറകേ, 2014 ഒക്ടോബര്‍ മൂന്നിനാണ് ആദ്യത്തെ മന്‍ കി ബാത്ത് പ്രഭാഷണം നടത്തിയത്.
◾ഐപിഎല്ലില്‍ ഇന്ന് രണ്ട് കളികള്‍. ഉച്ചതിരിഞ്ഞ് 3.30 ന് ആരംഭിക്കുന്ന ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഗുജറാത്ത് ടൈറ്റന്‍സുമായി ഏറ്റുമുട്ടും. വൈകീട്ട് 7.30 ന് ആരംഭിക്കുന്ന മത്സരത്തില്‍ ഡല്‍ഹി കാപ്പിറ്റല്‍സിന് സണ്‍റൈസേഴ്സ് ഹൈദരാബാദാണ് എതിരാളികള്‍.
◾പ്രമുഖ നിക്ഷേപ സേവനസ്ഥാപനമായ ജിയോജിത് കഴിഞ്ഞ വര്‍ഷത്തെ (2022-23) അവസാനപാദമായ ജനുവരി-മാര്‍ച്ചില്‍ 30 കോടി രൂപ ലാഭം രേഖപ്പെടുത്തി. എന്നാല്‍, ഇത് മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 36 കോടി രൂപയേക്കാള്‍ 17 ശതമാനം കുറവാണ്. സംയോജിത വരുമാനം 123 കോടി രൂപയില്‍ നിന്ന് അഞ്ച് ശതമാനം താഴ്ന്ന് 117 കോടി രൂപയായെന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കമ്പനി വ്യക്തമാക്കി. നികുതി, പലിശ തുടങ്ങിയ ബാദ്ധ്യതകള്‍ക്ക് ശേഷമുള്ള ആദായം 55 കോടി രൂപയില്‍ നിന്ന് 41 കോടി രൂപയായും കുറഞ്ഞു; ഇടിവ് 25 ശതമാനം. ജിയോജിത്തിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൊത്തലാഭം 101 കോടി രൂപയാണ്. 2021-22ലെ 154 കോടി രൂപയെ അപേക്ഷിച്ച് 34 ശതമാനം കുറവാണിത്. വരുമാനം 501 കോടി രൂപയില്‍ നിന്ന് 11 ശതമാനം കുറഞ്ഞ് 448 കോടി രൂപയായി. എബിറ്റ്ഡ 236 കോടി രൂപയില്‍ നിന്ന് 160 കോടി രൂപയായും കുറഞ്ഞു; ഇടിവ് 32 ശതമാനം. 2022-23ല്‍ കമ്പനിയുടെ മൊത്തം ബ്രോക്കറേജ് വരുമാനം 47 ശതമാനമാണ്. മ്യൂച്വല്‍ഫണ്ടുകള്‍, ഇന്‍ഷുറന്‍സ് എന്നിവയുടെ വിതരണത്തില്‍ നിന്നുള്ളത് മൊത്തം വരുമാനത്തിന്റെ 22 ശതമാനവും. 2022-23 വര്‍ഷത്തേക്കായി ഓഹരി ഉടമകള്‍ക്ക് ഒരു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 1.50 രൂപ വീതം ലാഭവിഹിതം കമ്പനി പ്രഖ്യാപിച്ചു. 2023 മാര്‍ച്ച് 31 പ്രകാരം ജിയോജിത് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 64,500 കോടി രൂപയാണ്.
◾മുന്‍നിര സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡ് ഇന്‍ഫിനിക്സിന്റെ പുതിയ ഹാന്‍ഡ്സെറ്റ് സ്മാര്‍ട് 7 എച്ച്ഡി ഇന്ത്യയില്‍ അവതരിപ്പിച്ചു. 6.6 ഇഞ്ച് ഫുള്‍-എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേ, 60 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും എഐ പിന്തുണയുള്ള ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണവുമാണ് പ്രധാന ഫീച്ചറുകള്‍. ഇന്‍ഫിനിക്‌സ് സ്മാര്‍ട് 7 എച്ച്ഡിയുടെ 2 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ ഇന്ത്യയിലെ വില 5,999 രൂപയാണ്. ഇത് ഇങ്ക് ബ്ലാക്ക്, ജേഡ് വൈറ്റ്, സില്‍ക്ക് ബ്ലാക്ക് കളര്‍ ഓപ്ഷനുകളിലാണ് വരുന്നത്. ഇന്‍ഫിനിക്‌സ് സ്മാര്‍ട് 7 എച്ച്ഡി മെയ് 4 മുതല്‍ ഫ്ലിപ്കാര്‍ട്ട് വഴി വാങ്ങാം. ഇന്‍ഫിനിക്‌സ് സ്മാര്‍ട് 7 എച്ച്ഡിയില്‍ എഐ പിന്തുണയുള്ള ഡ്യുവല്‍ ക്യാമറ സജ്ജീകരണമുണ്ട്. ഇതില്‍ 8 മെഗാപിക്സല്‍ പ്രധാന സെന്‍സറും ഡ്യുവല്‍ എല്‍ഇഡി ഫ്ലാഷും ഉള്‍പ്പെടുന്നു. മുന്‍വശത്ത് എല്‍ഇഡി ഫ്ലാഷിനൊപ്പം സെല്‍ഫികള്‍ക്കും വിഡിയോ ചാറ്റുകള്‍ക്കുമായി 5 മെഗാപിക്സല്‍ ക്യാമറയും ഉണ്ട്. ഇന്‍ഫിനിക്സ് സ്മാര്‍ട് 7 എച്ച്ഡിയില്‍ 5,000 എംഎഎച്ച് ആണ് ബാറ്ററി. ഒറ്റ ചാര്‍ജില്‍ 39 മണിക്കൂര്‍ വരെ കോളിങ് സമയവും 50 മണിക്കൂര്‍ വരെ മ്യൂസിക് പ്ലേബാക്ക് സമയവും 30 ദിവസം വരെ സ്റ്റാന്‍ഡ്‌ബൈ സമയവും ബാറ്ററി വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. അള്‍ട്രാ പവര്‍ സേവിങ് മോഡ് ബാറ്ററി 5 ശതമാനമായി കുറയുമ്പോള്‍ പോലും 2 മണിക്കൂര്‍ വരെ കോളിങ് സമയം നല്‍കുമെന്ന് പറയപ്പെടുന്നു.
◾വിജയ് ആന്റണി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ‘പിച്ചൈക്കാരന്‍ 2’ ന്റെ ട്രെയ്ലര്‍ പുറത്തെത്തി. 2016ല്‍ പുറത്തെത്തിയ പിച്ചൈക്കാരന്റെ സീക്വല്‍ ആണിത്. വിജയ് ആന്റണിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്ന പിച്ചൈക്കാരന്റെ രചനയും സംവിധാനവും ഗുരുമൂര്‍ത്തി ആയിരുന്നു. തമിഴിന് പുറമെ ‘ബിച്ചഗഡു’ എന്ന പേരിലെത്തിയ തെലുങ്ക് മൊഴിമാറ്റ പതിപ്പും വലിയ ഹിറ്റ് ആയിരുന്നു. തെലുങ്ക്, ഹിന്ദി മൊഴിമാറ്റ പതിപ്പുകള്‍ക്കു പുറമെ ചിത്രം ഒഡിയ, മറാത്തി, കന്നഡ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയുമുണ്ടായി. പിച്ചൈക്കാരന്‍ 2 ന്റെ രണ്ട് മിനിറ്റോളം ദൈര്‍ഘ്യമുള്ള ട്രെയ്ലര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. വിജയ് ആന്റണി ആദ്യമായി ഒരു സിനിമയുടെ രചയിതാവാകുന്ന ചിത്രം കൂടിയാണ് ഇത്. വിജയ് ആന്റണി ഫിലിം കോര്‍പ്പറേഷന്റെ ബാനറില്‍ നായകന്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രം തമിഴിലും തെലുങ്കിലുമായി ഒരേ സമയം പൂര്‍ത്തിയാക്കും. ‘ബിച്ചഗഡു 2’ എന്നായിരിക്കും തെലുങ്കിലെ പേര്. ഇതിന്റെയും ട്രെയ്ലര്‍ ഒരേസമയം പുറത്തെത്തിയിട്ടുണ്ട്. സംഗീതവും വിജയ് ആന്റണി തന്നെ നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം തേനി ഈശ്വര്‍ ആണ്. കാവ്യ ഥാപ്പര്‍, ഡാറ്റോ രാധാ രവി, വൈ ജി മഹേന്ദ്രന്‍, മന്‍സൂര്‍ അലി ഖാന്‍, ഹരീഷ് പേരടി, ജോണ്‍ വിജയ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
◾നവാഗതനായ സി.സി സംവിധാനം ചെയ്യുന്ന ‘കൊറോണ ജവാന്‍’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ഗാനം ആസ്വാദകരെ നേടുന്നു. ‘കണ്ണു കുഴഞ്ഞേ നിന്നു മറിഞ്ഞേ’ എന്നു തുടങ്ങുന്ന പാട്ടിന് സുഹൈല്‍ കോയയാണ് വരികള്‍ കുറിച്ചത്. സാം തോമസ്, അഖില ഗ്രേസ് ജേക്കബ്, എല്‍സ ബിനോയ് എന്നിവര്‍ ചേര്‍ന്നു പാട്ടിനു വേണ്ടി റാപ് വരികളെഴുതി. മത്തായി സുനില്‍, ലുക്മാന്‍, ജോണി ആന്റണി എന്നിവര്‍ ചേര്‍ന്നാണു ഗാനം ആലപിച്ചത്. റിജോ ജോസഫ് ഈണമൊരുക്കി. പാട്ട് ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ലുക്മാന്‍, ശ്രീനാഥ് ഭാസി എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘കൊറോണ ജവാന്‍’. ജെയിംസ് & ജെറോം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജെയിംസും ജെറോമും ചേര്‍ന്ന് ചിത്രം നിര്‍മിക്കുന്നു. മുഴുനീള കോമഡി എന്റര്‍ടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് സുജയ് മോഹന്‍രാജ് ആണ്. ജോണി ആന്റണി, ശരത് സഭ, ഇര്‍ഷാദ് അലി, ബിറ്റോ, ശ്രുതി ജയന്‍, സീമ ജി. നായര്‍, ഉണ്ണി നായര്‍, സിനോജ് അങ്കമാലി, ധര്‍മജന്‍ ബോള്‍ഗാട്ടി, വിജിലേഷ്, അനീഷ് ഗോപല്‍, സുനില്‍ സുഗത, ശിവജി ഗുരുവായൂര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
◾2030 ആകുമ്പോഴേക്കും 6 വൈദ്യുത വാഹനങ്ങള്‍ പുറത്തിറക്കാന്‍ മാരുതി. ആദ്യത്തെ വൈദ്യുതി കാര്‍ 2024 സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ നിരത്തിലിറങ്ങും. ഇവിഎക്സിന്റെ പ്രൊഡക്ഷന്‍ മോഡലായിരിക്കുമത്. 2030 ഓടെ ഇന്ത്യന്‍ വാഹന വിപണിയില്‍ നാലിലൊന്നും ഹൈബ്രിഡ് വാഹനങ്ങളും 15 ശതമാനം വൈദ്യുത വാഹനങ്ങളും കയ്യടക്കുമെന്നാണ് സുസുക്കി കണക്കുകൂട്ടുന്നത്. അതിനുള്ളില്‍ ആറ് വൈദ്യുത വാഹനങ്ങള്‍ പുറത്തിറക്കി വിപണി പിടിക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ബാറ്ററി വാഹനങ്ങള്‍ക്കൊപ്പം കാര്‍ബണ്‍ ന്യൂട്രല്‍ ഐസിഇ വാഹനങ്ങളും പുറത്തിറക്കും. സിഎന്‍ജി, ബയോഗ്യാസ്, എഥനോള്‍ മിശ്രിതം എന്നിവയായിരിക്കും ഈ വാഹനത്തിന്റെ ഇന്ധനങ്ങള്‍. 2050 ആകുമ്പോഴേക്കും യൂറോപ്പിലും ജപ്പാനിലും കാര്‍ബണ്‍ ന്യൂട്രാലിറ്റി നേടാന്‍ വേണ്ട പദ്ധതികളും സുസുക്കി ആവിഷ്‌കരിക്കുന്നുണ്ട്. എസ്യുവികള്‍ക്ക് ശേഷം ഉപഭോക്താക്കളുടേയും വാഹന വിപണിയുടേയും പോക്ക് മനസിലാക്കിക്കൊണ്ട് വൈദ്യുത വാഹനങ്ങളിലേക്കാണ് മാരുതി സുസുക്കി തിരിയുന്നതെന്ന വ്യക്തമായ സൂചനയാണ് കമ്പനി നല്‍കുന്നത്. 2030 വരെയുള്ള ജാപ്പനീസ് കമ്പനിയുടെ പ്രധാന ലക്ഷ്യങ്ങള്‍ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്.
◾ദളിത് സാഹിത്യരചനയിലൂടെ നിലവിലുള്ള സാഹിത്യസിദ്ധാന്തങ്ങളെ പൊളിച്ചെഴുതിയ മറാഠി എഴുത്തുകാരന്‍. ശരണ്‍കുമാര്‍ ലിംബാളെയുടെ നോവല്‍. വരേണ്യനായക സങ്കല്പത്തില്‍നിന്ന് നായകനെ മോചിപ്പിച്ച്, കീഴാളനായകരെ ജനങ്ങളുടെ ഇടയില്‍നിന്നു കണ്ടെത്തി ജനമനസ്സുകളില്‍ നോവലിസ്റ്റ് പ്രതിഷ്ഠിക്കുന്നു. അക്കര്‍മാശിയുടെ എഴുത്തുകാരനില്‍നിന്ന് മറ്റൊരു ശ്രദ്ധേയമായ കൃതി. ‘ബഹിഷ്‌കൃതര്‍’. മാതൃഭൂമി. വില 187 രൂപ.
◾മധുര പാനീയങ്ങള്‍ ദിവസവും കഴിക്കുന്ന ടൈപ്പ് 2 പ്രമേഹ ബാധിതര്‍ അകാലത്തില്‍ ഹൃദ്രോഗം മൂലം മരിക്കാനുള്ള സാധ്യത അധികമാണെന്ന് ഹാര്‍വാഡ് സര്‍വകലാശാലയില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. മധുരമിടാത്ത ചായ, കാപ്പി, വെള്ളം എന്നിവ സോഡയ്ക്കും മധുരപാനീയങ്ങള്‍ക്കും പകരം പ്രമേഹ രോഗികള്‍ ഉപയോഗിക്കണമെന്നും ഗവേഷണ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. 12,000 ലധികം പേരെ പങ്കെടുപ്പിച്ച് 18.5 വര്‍ഷം കൊണ്ടാണ് ഗവേഷണം നടത്തിയത്. മറ്റൊരു പഠനത്തിലെ ഡേറ്റ താരതമ്യത്തിനായും ഉപയോഗിച്ചു. ഗവേഷണത്തില്‍ പങ്കെടുത്തവരുടെ ഭക്ഷണക്രമത്തെ പറ്റിയുള്ള ഡേറ്റ ഓരോ രണ്ട് മുതല്‍ നാല് വര്‍ഷം കൂടുമ്പോഴാണ് ശേഖരിച്ചത്. സോഡ, നാരങ്ങ വെള്ളം, പഴങ്ങളുടെ ജ്യൂസ്, കാപ്പി, ചായ, കൊഴുപ്പ് കുറഞ്ഞ പാല്‍, കൊഴുപ്പ് കൂടിയ പാല്‍, വെള്ളം എന്നിവ എത്ര തവണ ഇവര്‍ ഉപയോഗിച്ചതായുള്ള വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇതില്‍ നിന്ന് പഞ്ചസാര കലര്‍ന്ന പാനീയങ്ങള്‍ കുടിച്ചവര്‍ക്ക് പ്രമേഹം മാത്രമല്ല ഹൃദ്രോഗവും വരാനുള്ള സാധ്യത അധികമാണെന്ന് കണ്ടെത്തി. മാത്രമല്ല ഇവര്‍ അമിതവണ്ണം മൂലം അകാലത്തില്‍ മരണപ്പെടാനുള്ള സാധ്യതയും അധികമാണ്. അതേ സമയം, മധുരമില്ലാത്ത ചായ, കാപ്പി, സാധാരണ വെള്ളം എന്നിവ ഉപയോഗിച്ചവര്‍ക്ക് ഏതെങ്കിലും കാരണം മൂലമുള്ള അകാല മരണ സാധ്യത 18 ശതമാനവും ഹൃദ്രോഗം മൂലമുള്ള അകാല മരണ സാധ്യത 24 ശതമാനവും കുറവാണെന്നും ഗവേഷകര്‍ പറയുന്നു. മധുരപാനീയത്തിന് പകരം ഒരു നേരം കൃത്രിമ മധുരം ചേര്‍ത്ത പാനീയം കഴിച്ചവരുടെ ഹൃദ്രോഗം മൂലമുള്ള മരണസാധ്യത 15 ശതമാനം കുറഞ്ഞതായും ഗവേഷകര്‍ നിരീക്ഷിച്ചു. ബ്രിട്ടീഷ് മെഡിക്കല്‍ ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 81.75, പൗണ്ട് – 102.75, യൂറോ – 90.97, സ്വിസ് ഫ്രാങ്ക് – 91.35, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.07, ബഹറിന്‍ ദിനാര്‍ – 216.86, കുവൈത്ത് ദിനാര്‍ -266.77, ഒമാനി റിയാല്‍ – 212.37, സൗദി റിയാല്‍ – 21.79, യു.എ.ഇ ദിര്‍ഹം – 22.26, ഖത്തര്‍ റിയാല്‍ – 22.45, കനേഡിയന്‍ ഡോളര്‍ – 59.86.