◾പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു വൈകുന്നേരം കൊച്ചിയിലെത്തും. നാവികവിമാനത്താവളത്തില്‍ വൈകുന്നേരം അഞ്ചിന് ഇറങ്ങുന്ന പ്രധാനമന്ത്രി വെണ്ടുരുത്തി പാലം മുതല്‍ തേവര എസ് എച്ച് കോളജ് വരെ റോഡ് ഷോയില്‍ പങ്കെടുക്കും. തുടര്‍ന്നു കോളജില്‍ നടക്കുന്ന യുവം പരിപാടി ഉദ്ഘാടനം ചെയ്ത ശേഷം വിവിധ തൊഴില്‍ മേഖലകളിലെ യുവാക്കളുമായി മുഖാമുഖം. രാത്രി ഏഴിനാണ് കര്‍ദിനാള്‍മാര്‍ അടക്കം എട്ടു ക്രൈസ്തവ സഭകളുടെ മേലധ്യക്ഷരുമായുളള കൂടിക്കാഴ്ച. വന്ദേഭാരത് ട്രെയിന്‍, കൊച്ചി വാട്ടര്‍ മെട്രോ തുടങ്ങിയവയുടെ ഉദ്ഘാടനം നാളെ രാവിലെ തിരുവനന്തപുരത്തു നടക്കും. കൊച്ചിയിലും തിരുവനന്തപുരത്തും ശക്തമായ സുരക്ഷാ സന്നാഹം.
◾ഇന്നും നാളെയും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ്, എറണാകുളം – തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ് എന്നിവ നാളെ കൊച്ചുവേളിയില്‍ സര്‍വ്വീസ് അവസാനിപ്പിക്കും. മലബാര്‍ എക്സ്പ്രസ് ഇന്നും നാളെയും കൊച്ചുവേളി വരെ മാത്രം. തിരുവനന്തപുരത്തുനിന്നുള്ള മലബാര്‍ എക്സ്പ്രസ് ഇന്നും നാളെയും കൊച്ചുവേളിയില്‍നിന്നാണു പുറപ്പെടുക. ചെന്നൈ മെയില്‍ ഇന്നും നാളെയും കൊച്ചുവേളി വരെയേ സര്‍വ്വീസ് നടത്തൂ. പുറപ്പെടുന്നതും കൊച്ചുവേളിയില്‍ നിന്നാകും. അമൃത എക്സ്പ്രസും ശബരി എക്സ്പ്രസും ഇന്ന് കൊച്ചുവേളിയില്‍ സര്‍വ്വീസ് നിര്‍ത്തും. നാഗര്‍കോവില്‍ – കൊച്ചുവേളി എക്സ്പ്രസ് ഇന്നും നാളെയും നേമത്ത് സര്‍വ്വീസ് നിര്‍ത്തും. കൊല്ലം – തിരുവനന്തപുരം സ്പെഷ്യല്‍ എക്സ്പ്രസ് ഇന്നും നാളെയും കഴക്കൂട്ടത്ത് സര്‍വ്വീസ് അവസാനിപ്പിക്കും. പുറപ്പെടുന്നതും കഴക്കൂട്ടത്ത് നിന്നാകും. കൊച്ചുവേളി – നാഗര്‍കോവില്‍ സ്പെഷ്യല്‍ എക്സ്പ്രസ് ഇന്നും നാളെയും കൊച്ചുവേളിക്ക് പകരം രണ്ടരയ്ക്ക് നെയ്യാറ്റിന്‍കരയില്‍നിന്ന് പുറപ്പെടും. ബുധനാഴ്ച 4.55 ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെടേണ്ട സില്‍ചര്‍ അരോണയ് പ്രതിവാര എക്സ്പ്രസ് 6.25 നാകും പുറപ്പെടുക. നാളെ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ പവര്‍ ഹൗസ് റോഡിലെ രണ്ടാം ഗേറ്റ് വഴി മാത്രമായിരിക്കും യാത്രക്കാര്‍ക്കു പ്രവേശനം. ടിക്കറ്റ് കൗണ്ടറുകളും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.
◾ലാവ്ലിന്‍ കേസ് വീണ്ടും മാറ്റിവച്ചു. സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ചില്‍നിന്ന് ജസ്റ്റിസ് സി.ടി രവികുമാര്‍ പിന്മാറി. അഭിഭാഷകന്‍ സമയം തേടിയതിനാലാണ് കേസ് മാറ്റിയത്. ഹൈക്കോടതിയില്‍ വാദം കേട്ടിട്ടുള്ള താന്‍ പിന്മാറുകയാണെന്ന് ജസ്റ്റീസ് രവികുമാര്‍ അറിയിക്കുകയായിരുന്നു. അഞ്ചു മാസത്തെ ഇടവേളയ്ക്കുശേഷം എത്തിയ കേസാണ് 33 ാം തവണ മാറ്റിവച്ചത്.
◾പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കൊച്ചിയില്‍ 12 കോണ്‍ഗ്രസ് നേതാക്കളെ കരുതല്‍ തടങ്കലിലാക്കി. കെപിസിസി സെക്രട്ടറി തമ്പി സുബ്രഹ്‌മണ്യം, ഡിസിസി സെക്രട്ടറി എന്‍ ആര്‍ ശ്രീകുമാര്‍, ഷെബിന്‍ ജോര്‍ജ്, അഷ്‌കര്‍ ബാബു, ബഷീര്‍ എന്നിവര്‍ അടക്കമുള്ളവരെയാണ് പുലര്‍ച്ചെ വീടുകളില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് കരുതല്‍ തടങ്കലിലാക്കിയത്.
*ഉത്സവാഘോഷങ്ങള്‍ ഇനി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ പുതിയ വലിയ ഷോറൂമില്‍ തന്നെ*
പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂരിലെ പുതിയ വലിയ ഷോറൂമില്‍ ഇപ്പോള്‍ ഡിസൈനര്‍ റണ്ണിംഗ് മെറ്റീരിയല്‍സിന്റെ വിപുലീകരിച്ച വമ്പന്‍ ശേഖരം. തൃശ്ശൂരില്‍ ആദ്യമായി ഡൈയ്യിംഗ് ഫാബ്രിക്സിനായി എക്‌സ്‌ക്ലൂസീവ് സെക്ഷന്‍. സില്‍ക്ക്, ഷിഫോണ്‍, കോട്ടണ്‍ മെറ്റീരിയലുകളില്‍ ഉള്ള റെഡിമെഡ് സല്‍വാറുകളുടെ വിപുലീകരിച്ച സെക്ഷന്‍. ബ്രൈഡല്‍ ലെഹംഗ, ഗൗണ്‍, എന്നിവയുടെ ഇന്നോളം കാണാത്ത വലിയ ശേഖരവും. സാരികള്‍ക്ക് മാത്രമായുള്ള അതിവിപുലമായ സാരി ഫ്ലോറില്‍ വെഡ്ഡിംഗ് സാരികള്‍ക്ക് മാത്രമായി തയ്യാറാക്കിയ ബ്രൈഡല്‍ ലൗഞ്ച്. ഡിസൈനര്‍, സില്‍ക്ക്, കോട്ടണ്‍, ജ്യൂട്ട്, ടസ്സര്‍ സാരികളുടെ വേറിട്ട ശേഖരം. പുരുഷന്മാര്‍ക്കുള്ള വിവാഹ തുണിത്തരങ്ങളുടെ പുതുക്കിയ വിപുലമായ കളക്ഷനോടൊപ്പം പ്രത്യേക ഗ്രൂം സ്റ്റുഡിയോയും ബ്രാന്‍ഡഡ് തുണിത്തരങ്ങളുടെ ഏറ്റവും വലിയ ശേഖരവും. കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ വസ്ത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും മായാ പ്രപഞ്ചം.
*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*
◾പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന യുവം പരിപാടിയില്‍ ഓണ്‍ലൈനായി പങ്കെടുക്കാന്‍ ലക്ഷത്തിലേറെ പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സംഘാടകരായ വൈബ്രന്റ് യൂത്ത് ഫോര്‍ മോഡിഫൈയിങ് കേരള എന്ന സന്നദ്ധ സംഘടന. സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള വിദഗ്ധരടക്കം പരിപാടിയില്‍ പങ്കെടുക്കും. ബിജെപിയിലേക്ക് യുവാക്കളെ ആകര്‍ഷിക്കാനുള്ള പരിപാടിയില്‍ സ്റ്റീഫന്‍ ദേവസിയുടെ സംഗീത വിരുന്നും ഒരുക്കിയിട്ടുണ്ട്.
◾പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാനുള്ളവരുടെ പട്ടികയില്‍ പേരില്ലാത്തതിനാല്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കൊച്ചിയില്‍നിന്നു മടങ്ങി. പ്രധാനമന്ത്രിയ്ക്കു കൊച്ചിയില്‍ ഔദ്യോഗിക പരിപാടികള്‍ ഇല്ലാത്തതിനാലാണു മടങ്ങുന്നതെന്നും തിരുവനന്തപുരത്തു പ്രധാനമന്ത്രിയെ സ്വീകരിക്കുമെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോടു പറഞ്ഞു.
◾പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യുന്ന കൊച്ചി വാട്ടര്‍ മെട്രോ രാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോ സര്‍വീസാണ്. കൊച്ചിയേയും പത്തു ദ്വീപുകളേയും ആധുനിക സൗകര്യങ്ങളുള്ള മെട്രോ ബോട്ട് സര്‍വീസിലൂടെ ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്. 2016 ല്‍ നിര്‍മാണം ആരംഭിച്ചതാണ്. ആദ്യഘട്ടത്തില്‍ എട്ട് ബോട്ടുകളാണു സര്‍വീസ് നടത്തുക. ഹൈക്കോടതി ടെര്‍മിനല്‍ മുതല്‍ വൈപ്പിന്‍ വരെയാകും ആദ്യ സര്‍വീസ്. 20 രൂപയാണ് കുറഞ്ഞ നിരക്ക്, കൂടിയത് 40 രൂപ.
◾പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് ക്ഷണം ലഭിച്ചിട്ടില്ലെന്ന് ക്രൈസ്തവ സഭാധ്യക്ഷന്മാര്‍. ആരേയും ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഫോണിലൂടെ ചില നേതാക്കളാണു ക്ഷണിച്ചതെന്നാണ് സഭാധ്യക്ഷര്‍ പറയുന്നത്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ബിജെപി ഒരുക്കുന്ന പ്രഹസനമാണു കൂടിക്കാഴ്ചയെന്ന് കോണ്‍ഗ്രസ്.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾അധികാരത്തിനുവേണ്ടി മതത്തെ ചവിട്ടുപടിയാക്കുന്നവര്‍ക്ക് എന്തു മതേതരത്വമെന്ന ചോദ്യവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിയുടെ തുറന്ന കത്ത്. മതവും രാഷ്ട്രീയവും ബിജെപി കൂട്ടിക്കലര്‍ത്തുകയാണ്. കൊച്ചിയിലെ മൈത്രീ കൂടിക്കാഴ്ചയില്‍നിന്ന് മുസ്ലിംങ്ങളെ ഒഴിവാക്കിയത് എന്തുകൊണ്ടാണ്? ലൈഫ് മിഷന്‍, സ്വര്‍ണക്കടത്ത് കേസുകളില്‍ മുഖ്യപ്രതിയാകേണ്ട മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്രം സംരക്ഷിക്കുകയാണ്. ബിജെപി നേതാക്കള്‍ പ്രതികളായ കൊടകര കുഴല്‍പ്പണക്കേസ് ഒതുക്കിത്തീര്‍ത്തതിന്റെ പ്രതിഫലമാണത്. സുധാകരന്‍ വിമര്‍ശിച്ചു.
◾കോളിളക്കം സൃഷ്ടിച്ച മലങ്കര വര്‍ഗീസ് വധക്കേസില്‍ 17 പ്രതികളെയും കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി വെറുതെ വിട്ടു. കൊലപാതകം നടന്ന് 20 വര്‍ഷത്തിനു ശേഷമാണ് വിധി വന്നത്. ഓര്‍ത്തഡോക്സ് സഭ മാനേജിംഗ് കമ്മിറ്റിയംഗമായിരുന്ന മലങ്കര വര്‍ഗീസ് 2002 ഡിസംബര്‍ അഞ്ചിനാണ് കൊല്ലപ്പെട്ടത്. സഭാ തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു സിബിഐ കണ്ടെത്തിയത്.
◾അരിക്കൊമ്പനെ പിടികൂടണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി വീണ്ടും തള്ളി. സ്വകാര്യ വ്യക്തി നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. നേരത്തെ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയിരുന്നു.
◾അരിക്കൊമ്പനെ പിടികൂടി മാറ്റേണ്ട സ്ഥലവും കര്‍മപദ്ധതിയും തീരുമാനിക്കാന്‍ വിദഗ്ധ സമിതി യോഗം ചേര്‍ന്നു. സമിതിയുടെ തീരുമാനം റിപ്പോര്‍ട്ടാക്കി സര്‍ക്കാരിന് നാളെ സമര്‍പ്പിക്കും. മാറ്റേണ്ട സ്ഥലം സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേര്‍ന്നത്.
◾ക്യാമറ ഇടപാടില്‍ നടന്നത് വന്‍ കൊള്ളയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മന്ത്രിമാര്‍ക്കു പോലും കരാര്‍ കമ്പനികളെക്കുറിച്ച് അറിയില്ല. കരാര്‍ കിട്ടിയ കമ്പനി ഉപകരാര്‍ കൊടുത്തു. കണ്ണൂരിലെ ചില കറക്കു കമ്പനികളാണിവര്‍. കെല്‍ട്രോണിന്റെ മറവില്‍ സ്വകാര്യ കമ്പനികള്‍ക്ക് വഴിയൊരുക്കിയ അഴിമതിക്ക് പിന്നില്‍ സിപിഎമ്മാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
◾എ ഐ ക്യാമറകള്‍ സ്ഥാപിച്ച പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ഒരു ബന്ധവും ഇല്ലെന്നു സിപിഎം നേതാക്കള്‍ നിയന്ത്രിക്കുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി. സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കപ്പെടുന്ന ആരോപണങ്ങളിലെ പേരുകാരാരും കമ്പനിയുടെ ഡയറക്ടര്‍മാരല്ല. കെല്‍ട്രോണില്‍നിന്ന് ഉപകരാറെടുത്ത എസ്.ആര്‍.ഐ.റ്റി എന്ന കമ്പനിയുമായും ബന്ധമില്ലെന്നും ഊരാളുങ്കല്‍.
◾കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ കേടായ ലിഫ്റ്റിനു പകരം ആസ്തി വികസന ഫണ്ടില്‍നിന്ന് പുതിയത് നല്‍കാന്‍ തയ്യാറാണെന്ന് എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ. ലിഫ്റ്റ് പ്രവര്‍ത്തിക്കാത്തതിനാല്‍ രോഗികളെ ചുമട്ടുകാരുടെ സഹായത്തോടെ ചുമന്ന് ഇറക്കുകയും കയറ്റുകയും ചെയ്യേണ്ട ദുരവസ്ഥയിലാണ്. താന്‍ എഴുതിത്തന്നാലും ധനവകുപ്പിന്റെ പ്രത്യേക അനുമതിയുണ്ടെങ്കിലേ ലിഫ്റ്റിനുള്ള പണം പാസാകൂവെന്നും എംഎല്‍എ.
◾തൃശൂര്‍ പൂരം കൊടിയേറി. തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ 10.30 നും 11.30 നും മദ്ധ്യേയും പാറമേക്കാവില്‍ ഉച്ചയ്ക്കു പന്ത്രണ്ടോടെയുമായിരുന്നു കൊടിയേറ്റം. ഘടകക്ഷേത്രങ്ങളായ ലാലൂര്‍, അയ്യന്തോള്‍, ചെമ്പൂക്കാവ്, പനമുക്കുംപിള്ളി, പൂക്കാട്ടിക്കര, കാരമുക്ക്, കണിമംഗലം, ചൂരക്കാട്ടുക്കാവ്, നെയ്തലക്കാവ് എന്നിവിടങ്ങളിലും പൂരക്കൊടി ഉയര്‍ന്നു. ഞായറാഴ്ചയാണു തൃശൂര്‍ പൂരം.
◾അട്ടപ്പാടി തേക്കുപ്പനയില്‍ ആദിവാസി വയോധികനെ ആന ചവിട്ടി കൊന്നു. ബപ്പയ്യന്‍ എന്ന രങ്കന്‍ ആണ് കൊല്ലപ്പെട്ടത്.
◾തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ കുടുക്കാന്‍ ആദായ നികുതി പരിശോധന. റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ജി സ്‌ക്വയര്‍ റിലേഷന്‍സിന്റെ ചെന്നെ, കോയമ്പത്തൂര്‍ അടക്കം അമ്പതോളം സ്ഥലങ്ങളിലാണ് പരിശോധന. സ്റ്റാലിന്റെ കുടുബത്തിന് ബിനാമി നിക്ഷേപമുള്ള സ്ഥാപനമാണിതെന്ന് ബിജെപി തമിഴ്നാട് അധ്യക്ഷന്‍ കെ അണ്ണാമലൈ ആരോപിച്ചിരുന്നു. എം കെ സ്റ്റാലിന്റെ മരുമകന്‍ ശബരീശന്റെ ഓഡിറ്ററുടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്.
◾കോണ്‍ഗ്രസ് നേതാവും ജാര്‍ഖണ്ഡ് ആരോഗ്യമന്ത്രിയുമായ ബന്ന ഗുപ്തയുടെ സെക്സ് വീഡിയോ ചാറ്റ് പുറത്തായി. സ്ത്രീയുമായി നടത്തുന്ന വീഡിയോ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
◾മഹാരാഷ്ട്രയിലെ മഹാവികാസ് അഖാഡി സഖ്യം തുടരുമെന്ന് ശിവസേനാ ഉദ്ദവ് വിഭാഗം. ശരദ് പവാറും ഉദ്ദവുമാണ് സഖ്യത്തിലെ പ്രധാന നേതാക്കളെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. എന്നാല്‍, സഖ്യം തുടരണമോ എന്ന കാര്യത്തില്‍ ശരദ് പവാര്‍ ഉറപ്പ് പറയുന്നില്ല. സീറ്റ് വിഭജനമടക്കമുള്ള കാര്യങ്ങളില്‍ അനുനയമുണ്ടാവണമെന്നാണ് ശരദ് പവാര്‍ പറയുന്നത്.
◾മോദി പരാമര്‍ശത്തിനെതിരായ കേസില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന പാറ്റ്ന കോടതിയുടെ ഉത്തരവ് ബിഹാര്‍ ഹൈക്കോടതി സ്റ്റേ ചെയ്തു.
◾കന്നഡ താരം സമ്പത്ത് ജെ റാം അന്തരിച്ചു. 35 വയസായിരുന്നു. സമ്പത്തിനെ സ്വന്തം വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
◾തെലുങ്കു ചലച്ചിത്ര താരം ശരത് ബാബു ഗുരുതരാവസ്ഥയില്‍. വൃക്ക, ശ്വാസകോശം, കരള്‍ തുടങ്ങിയ ആന്തരികാവയവങ്ങളില്‍ അണുബാധമൂലം ഹൈദരാബാദിലെ എഐജി ആശുപത്രിയിലെ വെന്റിലേറ്ററിലാണ്. ഇരുന്നൂറിലേറെ സിനിമകള്‍ ഈ 71 കാരന്‍ അഭിനയിച്ചിട്ടുണ്ട്.
◾പാക്കിസ്ഥാനില്‍ പട്ടാള ഭരണത്തിനു സാധ്യതയെന്ന് മുന്‍ പ്രധാനമന്ത്രി ഷാഹിദ് ഖാന്‍ അബ്ബാസി. സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധിക്കിടയില്‍ പട്ടാളം ഭരണം പിടിച്ചാല്‍ അദ്ഭുതപ്പെടാനില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
◾ഐപിഎല്ലില്‍ ഇന്ന് രാത്രി 7.30 ന് നിലവിലെ അവസാന സ്ഥാനക്കാരായ സണ്‍റൈസേഴ്സ് ഹൈദരാബാദും ഡല്‍ഹി കാപ്പിറ്റല്‍സും തമ്മില്‍ ഏറ്റുമുട്ടും. പ്രാഥമിക റൗണ്ടിലെ പകുതിയോളം മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്സാണ് ഒന്നാം സ്ഥാനത്ത്.
◾അക്ഷയതൃതീയയ്ക്ക് സംസ്ഥാനത്തെ ജ്വല്ലറികളിലെത്തിയത് പത്ത് ലക്ഷത്തോളം ഉപഭോക്താക്കള്‍. ഏപ്രില്‍ 22, 23 തീയതികളിലായി നടന്ന അക്ഷയതൃതീയ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ‘സ്വര്‍ണോത്സവം’ ആയാണ് ആഘോഷിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അക്ഷയതൃതീയയ്ക്ക് ഗ്രാമിന് 4,720 രൂപയും പവന് 37,760 രൂപയുമായിരുന്നു വില. ഇക്കുറി വില ഗ്രാമിന് 5,575 രൂപയും പവന് 44,600 രൂപയുമായിരുന്നു. അതായത്, ഒരുവര്‍ഷത്തിനിടെ ഗ്രാമിന് കൂടിയത് 855 രൂപ; പവന് 6,840 രൂപയും. വന്‍ വിലക്കയറ്റം മൂലം ഇത്തവണ അക്ഷയതൃതീയയ്ക്ക് എക്‌സ്‌ചേഞ്ച് വില്‍പനയാണ് ഉയര്‍ന്നത്. പാതിയോളം കച്ചവടവും എക്‌സ്‌ചേഞ്ച് ആയിരുന്നു. ദേശീയതലത്തിലും ഇതേ ട്രെന്‍ഡ് ദൃശ്യമായി. വിറ്റഴിഞ്ഞ ഓരോ 100 ഗ്രാം സ്വര്‍ണത്തിലും 40-42 ഗ്രാം എക്‌സ്‌ചേഞ്ച് ആയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ അക്ഷയതൃതീയയ്ക്ക് സംസ്ഥാനത്തെ സ്വര്‍ണക്കടകളില്‍ 20-25 ശതമാനം വില്‍പന വളര്‍ച്ചയുണ്ടായെന്നാണ് പ്രാഥമിക അനുമാനം. ഏകദേശം മൂന്ന്-മൂന്നര ടണ്‍ വില്‍പന നടന്നു. 2022ലെ അക്ഷയതൃതീയയ്ക്ക് ഏകദേശം 2,250 കോടി രൂപയുടെ വില്‍പന നടന്നിരുന്നു. ഇക്കുറിയിത് 2,850 കോടി രൂപ കവിഞ്ഞുവെന്ന് കരുതപ്പെടുന്നു. 3,000 കോടി രൂപ കവിയുമെന്നാണ് വിതരണക്കാര്‍ പ്രതീക്ഷിച്ചിരുന്നത്. സ്വര്‍ണവില ഉയര്‍ന്നതിനാല്‍ മൂക്കുത്തി, കമ്മല്‍, മോതിരം തുടങ്ങിയ ചെറിയ ആഭരണങ്ങള്‍ക്കും സ്വര്‍ണ നാണയത്തിനുമായിരുന്നു ഇത്തവണ കൂടുതല്‍ ഡിമാന്‍ഡ്.
◾ഇനി മുതല്‍ ഡിസപ്പിയറിങ് സന്ദേശങ്ങള്‍ നിലനിര്‍ത്താം, ‘കീപ് ഇന്‍ ചാറ്റ്’ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. അപ്രത്യക്ഷമാകുന്ന ചില സന്ദേശങ്ങള്‍ പിന്നീട് ആവശ്യം വരും എന്നതിനാല്‍ അത് ചാറ്റില്‍ നിലനിര്‍ത്താനുള്ള അവസരം ഉപഭോക്താക്കള്‍ക്ക് ഉണ്ടാകും. അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍ നിങ്ങളുടെ സംഭാഷണങ്ങള്‍ മൂന്നമതൊരാള്‍ അറിയാതെ സംരക്ഷിക്കുമ്പോള്‍ തന്നെ ചിലപ്പോള്‍ മുന്‍പ് അയച്ച ചാറ്റിലെ വോയിസ് നോട്ടോ, പ്രധാന വിവരങ്ങളോ സൂക്ഷിച്ചു വെക്കാന്‍ നിങ്ങള്‍ ആഗ്രഹിച്ചാല്‍ അതിന് പരിഹാരമാണ് കീപ്പ് ഇന്‍ ചാറ്റ് എന്ന ഫീച്ചറെന്ന് വാട്‌സ്ആപ്പ് അറിയിച്ചു. ഒരു സന്ദേശം ലഭിക്കുമ്പോള്‍ അത് കീപ്പ് ഇന്‍ ചാറ്റ് ആക്കി മാറ്റാന്‍ സാധിക്കും. എന്നാല്‍ അയച്ചയാള്‍ക്ക് സന്ദേശം ലഭിച്ചയാള്‍ ഇത്തരത്തില്‍ സന്ദേശം സൂക്ഷിക്കുന്നുണ്ടെന്ന നോട്ടിഫിക്കേഷന്‍ പോകും. ഇത് വേണമെങ്കില്‍ സന്ദേശം അയച്ചയാള്‍ക്ക് തടയാനും സാധിക്കുമെന്നതാണ് ഈ ഫീച്ചറിന്റെ മറ്റൊരു പ്രത്യേകത. ഒരു ഡിസപ്പിയറിങ് സന്ദേശം സംരക്ഷിക്കാന്‍ അയച്ചയാള്‍ സന്ദേശം സ്വീകരിക്കുന്നയാള്‍ക്ക് അനുവാദം നല്‍കിയാല്‍. കെപ്റ്റ് മെസേജ് ഫോള്‍ഡറില്‍ ഒരാള്‍ക്ക് അവ കാണാനാകും. വാട്ട്‌സ്ആപ്പില്‍ സേവ് ചെയ്യുന്ന സന്ദേശങ്ങള്‍ ബുക്ക്മാര്‍ക്ക് ഐക്കണ്‍ ഉപയോഗിച്ച് രേഖപ്പെടുത്തും. അതേസമയം എന്തിനാണ് ഈ ഫീച്ചര്‍ എന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
◾സമ്മര്‍ ഇന്‍ ബത്‌ലഹേം സിനിമയിലെ ഗാനങ്ങള്‍ എല്ലാം ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയമാണ്. പ്രത്യേകിച്ച് ‘മാരിവില്ലിന്‍ ഗോപുരങ്ങള്‍..’എന്ന ഗാനം. ഇപ്പോഴിതാ ഇതേപേരില്‍ ഒരു സിനിമ ഒരുങ്ങുകയാണ്. ‘മാരിവില്ലിന്‍ ഗോപുരങ്ങളു’ടെ മോഷന്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പൃഥ്വിരാജ്, മോഹന്‍ലാല്‍, സുരേഷ് ഗോപി ഉള്‍പ്പടെയുള്ളവര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയയിലൂടെ ആണ് സിനിമയുടെ പ്രഖ്യാപനം നടത്തിയത്. ഇന്ദ്രജിത്ത് ആണ് നായകന്‍. ശ്രുതി രാമചന്ദ്രന്‍, സര്‍ജാനോ ഖാലിദ്, വിദ്യാ സാഗര്‍, വിന്‍സി അലോഷ്യസ് തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കോക്കേഴ്‌സ് മീഡിയ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഷെര്‍മീന്‍ സിയാദ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അരുണ്‍ ബോസ് ആണ് സംവിധാനം. തിരക്കഥാകൃത്ത്, സഹസംവിധായകന്‍ – പ്രമോദ് മോഹന്‍, ഛായാഗ്രഹണം – ശ്യാമപ്രകാശ് എം എസ്, സംഗീതം – വിദ്യാസാഗര്‍.
◾നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ നടന്നു. ‘സംഭവം നടന്ന രാത്രി’ എന്നാണ് ചിത്രത്തിന്റെ പേര്. തിരക്കഥാകൃത്തായ റാഫിയുടെ മകന്‍ മുബിന്‍ എം റാഫിയാണ് ചിത്രത്തിലെ നായക വേഷത്തില്‍ എത്തുന്നത്. ഞാന്‍ പ്രകാശന്‍, മകള്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ ദേവിക സഞ്ജയ് ആണ് നായികയായി എത്തുന്നത്. അര്‍ജുന്‍ അശോകനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നടന്‍ ലാല്‍, ബി ഉണ്ണികൃഷ്ണന്‍, ഹരിശ്രീ അശോകന്‍, ഉദയകൃഷ്ണ, പിഷാരടി. നമിത പ്രമോദ്, ബിബിന്‍ ജോര്‍ജ് ഐ. എം വിജയന്‍ തുടങ്ങി പ്രമുഖ താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. റാഫിയുടേതാണ് തിരക്കഥ. ജയസൂര്യ നായകനായ ഈശോയാണ് നാദിര്‍ഷയുടെ സംവിധാനത്തില്‍ ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.
◾ബലേനോയെ അടിസ്ഥാനപ്പെടുത്തി മാരുതി സുസുക്കി വിപണിയിലെത്തിക്കുന്ന ഫ്രോങ്സിന്റെ വില പ്രഖ്യാപിച്ചു. 1.2 ലിറ്റര്‍, 1 ലിറ്റര്‍ എന്‍ജിന്‍ വകഭേദങ്ങളിലായി ലഭിക്കുന്ന വാഹനത്തിന്റെ എക്സ്ഷോറൂം വില 7.46 ലക്ഷം മുതല്‍ 13.13 ലക്ഷം രൂപ വരെയാണ്. 1.2 ലിറ്ററിന്റെ അടിസ്ഥാന വകഭേദത്തിന്റെ വില 7.46 ലക്ഷം രൂപയും ഉയര്‍ന്ന മോഡലിന്റെ വില 9.72 ലക്ഷം രൂപയുണ്ട്. 1 ലിറ്റര്‍ ബൂസ്റ്റര്‍ ജെറ്റ് എന്‍ജിന്‍ മോഡലിന്റെ വില 9.72 ലക്ഷം രൂപ മുതല്‍ 13.13 ലക്ഷം രൂപ വരെ. ബലേനോയുമായി ഏകദേശം 85000 രൂപ വില വ്യത്യാസത്തിലാണ് അടിസ്ഥാന വകഭേദത്തിന്റെ വില ആരംഭിക്കുന്നത്. ബലനോയുടെ വില 6.61 ലക്ഷം മുതല്‍ 9.88 ലക്ഷം രൂപ വരെയാണ്. 1 ലിറ്റര്‍ എന്‍ജിന്‍ 100 എച്ച്പി കരുത്തും 147.6 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുമ്പോള്‍ 1.2 ലിറ്റര്‍ എന്‍ജിന്‍ 90 ബിഎച്ച്പി കരുത്തും 113 എന്‍എം ടോര്‍ക്കും നല്‍കും. ടര്‍ബോ പെട്രോള്‍ എന്‍ജിനൊപ്പം അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സും ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടമാറ്റിക്ക് ഗീയര്‍ബോക്സുമുണ്ട്. 1.2 ലിറ്റര്‍ എന്‍ജിനൊപ്പം 5 സ്പീഡ് മാനുവലും എഎംടി ഗീയര്‍ബോക്സും ലഭിക്കും. സിഗ്മ, ഡെല്‍റ്റ, ഡെല്‍റ്റ പ്ലസ്, സീറ്റ, ആല്‍ഫ എന്നിങ്ങനെ അഞ്ചു വകഭേദങ്ങളില്‍ ഫ്രോങ്സ് എത്തും.
◾ആനന്ദിന്റെ പഴയ കഥയായ ‘കാല’ത്തില്‍ നാളത്തെ വാര്‍ത്തകള്‍ ഇന്നു വായിക്കുന്ന ഒരു കഥാപാത്രമുണ്ട്. അതുപോലെ ഠഗ്ഗുകളെക്കുറിച്ചുള്ള കഥയിലും കാലത്തിന്റെ ഈ നിഗൂഢതയുണ്ട്. ഏറ്റവും പുതിയ ഈ ചെറുനോവലിലും ഉണ്ട് കാലത്തിന്റെ അതിരുകളെ തുരന്ന് ഭാവിയിലേക്കും ഭൂതത്തിലേക്കും നീളുന്ന രഹസ്യമയമായ ഒരു ലോകം. അതു തുറക്കാനുള്ള വാതിലാണ് ഈ കൃതി. ‘താക്കോല്‍’. ആനന്ദിന്റെ ഏറ്റവും പുതിയ നോവല്‍. മാതൃഭൂമി. വില 97 രൂപ.
◾അനാരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നത് പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം. വെസ്റ്റേണ്‍ ഭക്ഷണക്രമം പാലിക്കുന്നവരിലാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍ ഉണ്ടാവാനുള്ള സാധ്യത കൂടുതലായി കണ്ടെത്തിയത്. വെസ്റ്റേണ്‍, പ്രൂഡന്റ്, മെഡിറ്ററേറിയന്‍ തുടങ്ങിയ ഡയറ്റുകള്‍ പിന്തുടരുന്നവരില്‍ നടത്തിയ പഠനമാണ് ഈ കണ്ടെത്തലിലേക്കെത്തിയത്. 15,296 പുരുഷന്മാരില്‍ 17 വര്‍ഷമായി നടത്തിവന്ന പഠനത്തില്‍ ഇവരില്‍ 609 പേര്‍ക്ക് പ്രോസ്റ്റേറ്റ് കാന്‍സര്‍ ഉള്ളതായി കണ്ടെത്തി. ഇതില്‍തന്നെ വെസ്റ്റേണ്‍ ഡയറ്റ് പിന്തുടര്‍ന്നവരിലാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍ കൂടുതലായുള്ളതെന്ന് കണ്ടെത്തിയത്. ഉയര്‍ന്ന അളവില്‍ കൊഴുപ്പടങ്ങിയ പാലുത്പന്നങ്ങള്‍, സംസ്‌കരിച്ച മാംസം, ശുദ്ധീകരിച്ച ധാന്യങ്ങള്‍, മധുരപലഹാരങ്ങള്‍, കലോറി അധികമുള്ള പാനീയങ്ങള്‍ എന്നിവ സൗകര്യനുസരണം മാറിമാറി കഴിക്കുന്നതാണ് വെസ്റ്റേണ്‍ ഭക്ഷണക്രമം. അതേസമയം പ്രൂഡന്റ് ഡയറ്റും മെഡിറ്ററേറിയന്‍ ഡയറ്റും പ്രോസ്റ്റേറ്റ് കാന്‍സറിനെ ബാധിക്കുന്നില്ലെന്നാണ് പഠനത്തില്‍ തെളിഞ്ഞത്. അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ ഉപേക്ഷിക്കുന്നതാണ് തീവ്രമായ പ്രോസ്റ്റേറ്റ് കാന്‍സര്‍ തടയാനുള്ള ഏറ്റവും നല്ല മാര്‍ഗമെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയവര്‍ പറഞ്ഞത്. സ്‌പെയിനിലെ മാഡ്രിഡില്‍ നിന്നുള്ള ഗവേഷക സംഘമാണ് പഠനത്തിനു പിന്നില്‍. ബിജെയു ഇന്റര്‍നാഷണല്‍ എന്ന ഓണ്‍ലൈന്‍ ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 81.97, പൗണ്ട് – 101.95, യൂറോ – 90.11, സ്വിസ് ഫ്രാങ്ക് – 92.09, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.79, ബഹറിന്‍ ദിനാര്‍ – 217.42, കുവൈത്ത് ദിനാര്‍ -267.62, ഒമാനി റിയാല്‍ – 212.93, സൗദി റിയാല്‍ – 21.85, യു.എ.ഇ ദിര്‍ഹം – 22.32, ഖത്തര്‍ റിയാല്‍ – 22.52, കനേഡിയന്‍ ഡോളര്‍ – 60.52.