yt cover 41

ഗതാഗത നിയമലംഘനത്തിന് എഐ ക്യാമറകള്‍ വഴി പിടിക്കപ്പെടുന്നവര്‍ക്കു തിങ്കളാഴ്ച മുതല്‍ നോട്ടീസ് നല്‍കും. തത്കാലം പിഴ ഈടാക്കില്ല. അടുത്ത മാസം 20 മുതലാണു പിഴ ഈടാക്കുക. ബോധവത്കരണം എന്ന നിലയിലാണ് നിയമലംഘകര്‍ക്കു ഒരു മാസം നോട്ടീസ് മാത്രം നല്‍കുന്നത്.

കേരളത്തിലെ 111 ജലാശയങ്ങളില്‍ കയ്യേറ്റമുണ്ടെന്നു കേന്ദ്ര സര്‍ക്കാരിന്റെ ജലസെന്‍സസ് റിപ്പോര്‍ട്ട്. കേരളത്തില്‍ 49,725 ജലാശയങ്ങളാണുള്ളത്. കുളങ്ങളും, തടാകങ്ങളും അടക്കമുള്ള കെട്ടിനിര്‍ത്തിയ ജലാശയങ്ങളുടെ എണ്ണത്തില്‍ കേരളം പന്ത്രണ്ടാം സ്ഥാനത്താണ്. പശ്ചിമ ബംഗാളാണ് ഒന്നാം സ്ഥാനത്ത്. രാജ്യത്ത് ആദ്യത്തെ ജലസെന്‍സസ് റിപ്പോര്‍ട്ടാണ് ജലശക്തി മന്ത്രാലയം പ്രസിദ്ധീകരിച്ചത്.

തിങ്കളാഴ്ച വരെ ഇടിമിന്നലോടുകൂടി മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടല്‍ ക്ഷോഭത്തിനും സാധ്യതയുണ്ട്.

സ്വകാര്യ ബസുകള്‍ക്ക് ദീര്‍ഘദൂര സര്‍വീസ് നടത്താമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീലുമായി കെഎസ്ആര്‍ടിസി സുപ്രീംകോടതിയില്‍. ഹൈക്കോടതി ഉത്തരവ് കോര്‍പ്പറേഷന് വലിയ നഷ്ടമുണ്ടാക്കുമെന്നാണ് കെഎസ്ആര്‍ടിസിയുടെ വാദം.

*ഉത്സവാഘോഷങ്ങള്‍ ഇനി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ പുതിയ വലിയ ഷോറൂമില്‍ തന്നെ*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂരിലെ പുതിയ വലിയ ഷോറൂമില്‍ ഇപ്പോള്‍ ഡിസൈനര്‍ റണ്ണിംഗ് മെറ്റീരിയല്‍സിന്റെ വിപുലീകരിച്ച വമ്പന്‍ ശേഖരം. തൃശ്ശൂരില്‍ ആദ്യമായി ഡൈയ്യിംഗ് ഫാബ്രിക്സിനായി എക്‌സ്‌ക്ലൂസീവ് സെക്ഷന്‍. സില്‍ക്ക്, ഷിഫോണ്‍, കോട്ടണ്‍ മെറ്റീരിയലുകളില്‍ ഉള്ള റെഡിമെഡ് സല്‍വാറുകളുടെ വിപുലീകരിച്ച സെക്ഷന്‍. ബ്രൈഡല്‍ ലെഹംഗ, ഗൗണ്‍, എന്നിവയുടെ ഇന്നോളം കാണാത്ത വലിയ ശേഖരവും. സാരികള്‍ക്ക് മാത്രമായുള്ള അതിവിപുലമായ സാരി ഫ്ലോറില്‍ വെഡ്ഡിംഗ് സാരികള്‍ക്ക് മാത്രമായി തയ്യാറാക്കിയ ബ്രൈഡല്‍ ലൗഞ്ച്. ഡിസൈനര്‍, സില്‍ക്ക്, കോട്ടണ്‍, ജ്യൂട്ട്, ടസ്സര്‍ സാരികളുടെ വേറിട്ട ശേഖരം. പുരുഷന്മാര്‍ക്കുള്ള വിവാഹ തുണിത്തരങ്ങളുടെ പുതുക്കിയ വിപുലമായ കളക്ഷനോടൊപ്പം പ്രത്യേക ഗ്രൂം സ്റ്റുഡിയോയും ബ്രാന്‍ഡഡ് തുണിത്തരങ്ങളുടെ ഏറ്റവും വലിയ ശേഖരവും. കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ വസ്ത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും മായാ പ്രപഞ്ചം.

*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*

കൊച്ചി വാട്ടര്‍ മെട്രോ ഉദ്ഘാടനത്തിനൊരുങ്ങി. അനുമതി ലഭിച്ചാല്‍ ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി വാട്ടര്‍മെട്രോ കമ്മീഷന്‍ ചെയ്യും. ഹൈക്കോടതി-ബോള്‍ഗാട്ടി-വൈപ്പിന്‍ റൂട്ടിലാകും ആദ്യ സര്‍വീസ്. ട്രയല്‍ റണ്ണുകള്‍ പുരോഗമിക്കുന്നു. ആധുനിക സൗകര്യങ്ങളുള്ള ഒന്‍പതു ബോട്ടുകളാണ് സജ്ജമാക്കിയിരിക്കുന്നത്. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ശീതീകരിച്ച ബോട്ടില്‍ 100 പേര്‍ക്ക് ഒരേ സമയം യാത്ര ചെയ്യാം.

നാളെ അക്ഷയ തൃതീയ. നാളേയും ഞായറാഴ്ചയുമായാണ് അക്ഷയ തൃതീയ ആഘോഷം. ഐശ്വര്യമുള്ള സ്വര്‍ണാഭരണ വ്യാപാരത്തിനായി സംസ്ഥാനത്തെ സ്വര്‍ണ വിപണി ഒരുങ്ങികഴിഞ്ഞു.

വന്ദേഭാരത് എക്സപ്രസിന്റെ ഉദ്ഘാടനംമൂലം 25 വരെ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം. തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് യാത്ര ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുന്ന ട്രെയിനുകളാണ് ക്രമീകരിച്ചത്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ മലബാര്‍ എക്സ്പ്രസും ചെന്നെ മെയിലും കൊച്ചുവേളിയില്‍ നിന്നാണു യാത്ര തുടങ്ങുക. ചെന്നെ മെയില്‍ 3.05 നും മലബാര്‍ എക്സ്പ്രസ് 6.45 നും പുറപ്പെടും. മടക്കയാത്രയും ഇവിടെവരെ. തിരുവനന്തപുരം സെന്‍ട്രലിലേക്ക് എത്തില്ല. 23 ന് എത്തുന്ന ശബരി എക്സ്പ്രസും 24 ന് മധുരയില്‍ നിന്നെത്തുന്ന അമൃത എക്സ്പ്രസും കൊച്ചുവേളിയില്‍ യാത്ര അവസാനിപ്പിക്കും. കൊല്ലം-തിരുവനന്തപുരം എക്സ്പ്രസ് 24, 25 തീയതികളില്‍ കഴക്കൂട്ടത്തുനിന്നാണ് യാത്ര ആരംഭിക്കുക. മടക്കയാത്രയും ഇവിടെവരെ മാത്രം. നാഗര്‍ കോവില്‍ കൊച്ചുവേളി എക്സ്പ്രസ് 24, 25 തീയതികളില്‍ നേമം വരെയെ ഉണ്ടാകു. മടക്കയാത്ര നെയ്യാറ്റിന്‍കരയില്‍ നിന്നാകും.

നടന്‍ മമ്മൂട്ടിയുടെ അമ്മ ഫാത്തിമ ഇസ്മായില്‍ കൊച്ചിയില്‍ അന്തരിച്ചു. 93 വയസ്സായിരുന്നു. വ്യാപാരിയും കര്‍ഷകനുമായിരുന്ന പരേതനായ പാണപ്പറമ്പില്‍ ഇസ്മെയിലിന്റെ പത്നിയാണ്. ആലപ്പുഴ ജില്ലയിലെ എരമല്ലൂരിനടുത്തുള്ള ചന്തിരൂരാണു സ്വദേശം. മമ്മൂട്ടി മൂത്ത മകനാണ്. ചലച്ചിത്ര-സീരിയല്‍ നടന്‍ ഇബ്രാഹിംകുട്ടി, ചലച്ചിത്ര നിര്‍മ്മാതാവ് സക്കറിയ, ആമിന, സൗദ, ഷഫീന എന്നിവരാണ് മറ്റു മക്കള്‍.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

താന്‍ ഹിന്ദു മത വിശ്വാസിയും പട്ടികജാതിക്കാരനുമാണെന്നു വാദിച്ചും അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും ദേവികുളം മുന്‍ എംഎല്‍എ എ രാജ സുപ്രീംകോടതിയില്‍. രാജ സമര്‍പ്പിച്ച അപ്പീലില്‍ വെള്ളിയാഴ്ച വിശദമായി വാദം കേള്‍ക്കും.

ആലപ്പുഴ രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസിലെ ഗൂഢാലോചന കേസില്‍ പ്രതികള്‍ക്കെതിരെ അന്വേഷണം വേഗത്തിലാക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസയച്ചു. സംസ്ഥാനത്തിനും കേസില്‍ കക്ഷിയായ രഞ്ജിത്ത് ശ്രീനിവാസന്റെ കുടുംബത്തിനുമാണ് കോടതി നോട്ടീസ് അയച്ചത്. കേസിലെ 16 മുതല്‍ 32 വരെയുള്ള പ്രതികളാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ പട്ടികജാതി ഫണ്ടു വെട്ടിപ്പ് സിപിഎം അന്വേഷിക്കുന്നു. ഡിവൈഎഫ്ഐ നേതാവ് പ്രതിന്‍ സാജ് കൃഷ്ണ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് അന്വേഷണം. സി ജയന്‍ ബാബുവും എസ് പുഷ്പലതയുമാണ് കമ്മീഷന്‍ അംഗങ്ങള്‍. തിരുവനന്തപുരം ജില്ലയിലെ നേമം, വിതുര, ശ്രീകാര്യം, പാളയം എന്നീ നാല് ഏരിയാ കമ്മിറ്റികളുടെ സെക്രട്ടറിമാരെ മാറ്റി.

കൊയിലാണ്ടിയില്‍ ഐസ്‌ക്രീം കഴിച്ചു 12 വയസുകാരന്‍ മരിച്ച സംഭവത്തില്‍ കുട്ടിയുടെ പിതൃ സഹോദരി താഹിറ കസ്റ്റഡിയിലായി. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകന്‍ അഹമ്മദ് ഹസന്‍ റിഫായിയാണ് കഴിഞ്ഞ ഞായറാഴ്ച മരിച്ചത്. എലിവിഷം കലര്‍ത്തിയ ഐസ് ക്രീം കഴിച്ചെന്നാണു റിപ്പോര്‍ട്ട്.

പെരുമ്പാവൂരിലെ ഫാക്ടറികളില്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസ് സന്ദര്‍ശനം നടത്തി. അതിഥി തൊഴിലാളികളുടെ തൊഴിലിടവും ജീവിത രീതിയും മനസ്സിലാക്കാനാണ് സന്ദര്‍ശനം. കേരളത്തിലെ അതിഥി തൊഴിലാളികളില്‍ വലിയൊരു ശതമാനം പശ്ചിമബംഗാളില്‍ നിന്നുള്ളവരാണ്.

തിരുവനന്തപുരം ബാലരാമപുരത്ത് വയോധികയെ മകന്റെ വീട്ടിലെ കുളിമുറിയില്‍ രക്തം വാര്‍ന്നു മരിച്ചനിലയില്‍ കണ്ടെത്തി. അമ്പൂരി കുട്ടമല നെടുപുലി തടത്തരികത്ത് വീട്ടില്‍ പരേതനായ വാസുദേവന്റെ ഭാര്യയായ ശ്യാമള(71) യെയാണ് മകന്‍ ബിനുവിന്റെ മംഗലത്തുകോണം കാട്ടുനടയിലുള്ള വി.എസ്. ഭവനില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

നെടുമങ്ങാട് മയക്കുമരുന്നും ആയുധങ്ങളുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു. തേക്കട – ചിറക്കരയിലെ വാടക വീട്ടില്‍ നിന്നാണ് ‘കമ്പി റാഷിദ്’ എന്നു വിളിക്കുന്ന മുഹമ്മദ് റാഷിദിനെ വീടു വളഞ്ഞ് പിടികൂടിയത്.

തിരുവനന്തപുരത്ത് പൂട്ടിയിട്ടിരുന്ന വീടിനകത്ത് സ്ത്രീയുടെ മൃതശരീരം പുഴുവരിച്ച നിലയില്‍. കേരള തമിഴ്നാട് അതിര്‍ത്തിക്കു സമീപം അരുമന പുലിയൂര്‍ ശാല സ്വദേശി സലീന(47)യാണ് മരിച്ചത്.

വൈക്കം തലയാഴത്ത് ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികള്‍ കുഴിച്ചിട്ട നവജാത ശിശുവിന്റെ മൃതദേഹം പോലീസ് പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും. ദുരൂഹത ഇല്ലെന്നാണ് പൊലീസിന്റെ നിഗമനം. യുവതി മാസം തികയാതെയാണു പ്രസവിച്ചത്. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ് പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം പുറത്തെടുക്കുന്നത്.

പൂഞ്ചിലെ ഭീകരാക്രമണത്തില്‍ അഞ്ചു സൈനികര്‍ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു. പ്രദേശത്തു കനത്ത ജാഗ്രത. അടുത്ത മാസം ജി 20 യുടെ ഭാഗമായുള്ള പരിപാടി ജമ്മു കാഷ്മീരില്‍ നടക്കാനിരിക്കെയുണ്ടായ സംഭവത്തെ വളരെ ഗൗരവത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ കാണുന്നത്. ആക്രമണം നടത്തിയ ഭീകരര്‍ക്കായി സൈന്യം തെരച്ചില്‍ തുടരുകയാണ്.

ഡല്‍ഹി സാകേത് കോടതിയില്‍ വെടിവയ്പ്. ഒരു സ്ത്രീക്കു പരിക്കേറ്റു. അഭിഭാഷകന്റെ വേഷത്തില്‍ എത്തിയ ആക്രമി നാലു റൗണ്ട് വെടിവച്ചു.

രാഹുല്‍ഗാന്ധി ഡല്‍ഹി തുഗ്ലക്ക് ലൈനിലെ സര്‍ക്കാര്‍ വസതി നാളെ ഒഴിയും. അപകീര്‍ത്തിക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനു പിറകേ, അയോഗ്യനായ സാഹചര്യത്തില്‍ നാളെക്കുള്ളില്‍ വസതിയൊഴിയണമെന്നാണ് രാഹുലിനോട് ലോക്സഭ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടത്. വസതിയില്‍നിന്നു സാധാനങ്ങള്‍ മാറ്റുന്നത് തുടരുകയാണ്.

കര്‍ണാടകയില്‍ പിണങ്ങി നില്‍ക്കുന്ന ബിജെപി നേതാക്കളെ അനുനയപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ വിളിച്ചു സംസാരിച്ചു. സീറ്റ് നിഷേധിച്ച മുന്‍ ഉപ മുഖ്യമന്ത്രി കെ എസ് ഈശ്വരപ്പയെയാണു മോദി ഫോണില്‍ വിളിച്ചത്. പ്രമുഖ ലിംഗായത്ത് നേതാക്കളുമായി കര്‍ണാടകയിലുള്ള അമിത് ഷായും നദ്ദയും സംസാരിക്കും.

ദുബായ്- ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തില്‍ പൈലറ്റ് കാമുകിയെ കോക്പിറ്റില്‍ കയറ്റിയെന്നു പരാതി. സുരക്ഷാ വീഴ്ച സംബന്ധിച്ച് ഡിജിസിഎ അന്വേഷണം ആരംഭിച്ചു. കാമുകിക്കു കോക്പറ്റിലേക്കു മദ്യവും ഭക്ഷണവും കൊണ്ടുവരാന്‍ ആവശ്യപ്പെട്ടെന്നും വിമാനത്തിലെ കാബിന്‍ ക്രൂവാണു പരാതി നല്‍കി.

റഷ്യന്‍ സൈനിക വിമാനം റഷ്യന്‍ നഗരമായ ബെല്‍ഗൊറോഡില്‍ ബോംബാക്രമണം നടത്തി. യൂക്രൈന്റെ അതിര്‍ത്തിക്കടുത്തുള്ള നഗരമാണിത്. മോസ്‌കോയിലെ റഷ്യന്‍ പ്രതിരോധ മന്ത്രാലയം ഇക്കാര്യം സമ്മതിച്ചു. സ്ഫോടനത്തെ തുടര്‍ന്ന് നഗരത്തില്‍ ഏതാണ്ട് 20 മീറ്റര്‍ വലിപ്പമുള്ള ഒരു വലിയ ഗര്‍ത്തം രൂപപ്പെട്ടു.

ട്വിറ്ററിന്റെ നീല ചെക്ക് മാര്‍ക്കുകള്‍ മായിച്ചു. ഇനി പണം നല്‍കിയവര്‍ക്കു മാത്രമാണു നീല ചിഹ്നം ലഭിക്കുക. ഫ്രാന്‍സിസ് മാര്‍പാപ്പ മുതല്‍ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സ് വരെയുള്ള പ്രമുഖര്‍ക്ക് ഇന്നലെ രാത്രിയോടെ നീല ചെക്ക് ചിഹ്നം നഷ്ടമായി.

ചന്ദ്രനിലേക്കും മറ്റു ഗ്രഹങ്ങളിലേക്കും ബഹിരാകാശ യാത്രികരെ കൊണ്ടുപോകാന്‍ സ്പേസ് എക്സ് നിര്‍മ്മിച്ച സ്റ്റാര്‍ഷിപ്പ് റോക്കറ്റ് വിക്ഷേപണ ശേഷം പൊട്ടിത്തെറിച്ചു. വിക്ഷേപിച്ചു നാലു മിനിറ്റു കഴിഞ്ഞ് രണ്ടാംഘട്ടത്തില്‍നിന്ന് വേര്‍പ്പെടുംമുമ്പാണ് പൊട്ടിത്തെറിച്ചത്.

വിലക്കയറ്റത്തില്‍ പൊറുതിമുട്ടി പാക്കിസ്ഥാന്‍ ജനത. ഒരു കിലോ അരിക്ക് 335 രൂപയും ആട്ടിറച്ചിക്ക് 1400 മുതല്‍ 1800 രൂപയുമാണ് വില. ഒരു മാസത്തെ റമദാന്‍ വ്രതത്തിനുശേഷമെത്തിയ ചെറിയ പെരുന്നാള്‍ വിലക്കയറ്റത്തെ തുടര്‍ന്ന് ആഘോഷിക്കാനാകാത്ത അവസ്ഥയിലാണ് ജനം.

ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്സ് സണ്‍റൈസേഴ്സ് ഹൈദരാബാദുമായി ഏറ്റുമുട്ടും. വൈകീട്ട് 7.30 നാണ് മത്സരം ആരംഭിക്കുക.

രാജ്യത്തെ ലൈഫ് ഇന്‍ഷ്വറന്‍സ് വിപണിയില്‍ സ്വകാര്യ കമ്പനികള്‍ മികച്ച നേട്ടം കുറിച്ചപ്പോള്‍ എല്‍.ഐ.സി രേഖപ്പെടുത്തിയത് നഷ്ടം. മാര്‍ച്ച് മാസം ലൈഫ് ഇന്‍ഷ്വറന്‍സ് വിപണിയിലെ മൊത്തം പുതിയ ബിസിനസ് പ്രീമിയത്തിലുണ്ടായത് 12.62 ശതമാനം ഇടിവ്. വിപണിയിലെ മൊത്തം പുതു ബിസിനസ് പ്രീമിയം വരുമാനം 2022 മാര്‍ച്ചിലെ 59,608.83 കോടി രൂപയില്‍ നിന്ന് 52,081 കോടി രൂപയായാണ് കുറഞ്ഞത്. സ്വകാര്യ കമ്പനികളുടെ സംയുക്ത പുതിയ ബിസിനസ് പ്രീമിയം മാര്‍ച്ചില്‍ 17,289.61 കോടി രൂപയില്‍ നിന്ന് 35.14 ശതമാനം ഉയര്‍ന്ന് 23,364 കോടി രൂപയായി. അതേസമയം, എല്‍.ഐ.സിയുടെ പ്രീമിയം 32.14 ശതമാനം താഴ്ന്ന് 28,716 കോടി രൂപയിലെത്തി. 2022 മാര്‍ച്ചില്‍ എല്‍.ഐ.സി നേടിയത് 42,319 കോടി രൂപയായിരുന്നു. 2022-23ല്‍ സ്വകാര്യ കമ്പനികള്‍ സംയുക്തമായി 20.04 ശതമാനം വളര്‍ച്ച നേടിയപ്പോള്‍ എല്‍.ഐ.സിയുടെ വളര്‍ച്ച 16.67 ശതമാനമാണ്. 1.15 ലക്ഷം കോടി രൂപയില്‍ നിന്ന് 1.38 ലക്ഷം കോടി രൂപയായാണ് സ്വകാര്യ കമ്പനികളുടെ പ്രീമീയം വരുമാനം ഉയര്‍ന്നത്. എല്‍.ഐ.സിയുടേത് 1.98 ലക്ഷം കോടി രൂപയില്‍ നിന്ന് 2.31 ലക്ഷം കോടി രൂപയായി. സ്വകാര്യ കമ്പനികളില്‍ ഏറ്റവും മികച്ച നേട്ടം എച്ച്.ഡി.എഫ്.സി ലൈഫ് ഇന്‍ഷ്വറന്‍സിനാണ്. മാര്‍ച്ചില്‍ 83 ശതമാനവും 2022-23ല്‍ 16 ശതമാനവും നേട്ടം കമ്പനി രേഖപ്പെടുത്തി. മാക്‌സ് ലൈഫ് മാര്‍ച്ചില്‍ 43 ശതമാനവും സാമ്പത്തിക വര്‍ഷത്തില്‍ 13 ശതമാനം വളര്‍ച്ച കൈവരിച്ചു. ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യല്‍ മാര്‍ച്ചില്‍ 31 ശതമാനവും 2022-23ല്‍ 13 ശതമാനവും വളര്‍ന്നു. 23 ശതമാനമാണ് എസ്.ബി.ഐ ലൈഫ് ഇന്‍ഷ്വറന്‍സിന്റെ മാര്‍ച്ചിലെ വളര്‍ച്ച; സാമ്പത്തിക വര്‍ഷത്തില്‍ 16 ശതമാനം.

ട്വിറ്റര്‍ ബ്ലൂ സബ്‌സ്‌ക്രിപ്ഷന്‍ ഇല്ലാത്ത പ്രൊഫൈലുകളില്‍ നിന്നും നീല നിറത്തിലുള്ള വെരിഫൈഡ് ബാഡ്ജ് നീക്കം ചെയ്യാനുള്ള നടപടി കമ്പനി ഇന്നലെ മുതല്‍ ആരംഭിച്ചു. ഇന്ത്യയില്‍ ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍, വിരാട് കോഹ്ലി, യോഗി ആദിത്യനാഥ്, രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖര്‍ക്ക് ഇതിനോടകം വെരിഫൈഡ് ബാഡ്ജ് നഷ്ടമായി. പ്രതിമാസ ഫീസ് നല്‍കാത്ത അക്കൗണ്ടുകളില്‍ നിന്നാണ് ട്വിറ്റര്‍ നീല ചെക്കുകള്‍ നീക്കം ചെയ്യുന്നത്. ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍, ആലിയ ഭട്ട്, രാഷ്ട്രീയ നേതാക്കളായ യോഗി ആദിത്യനാഥ്, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശര്‍മ തുടങ്ങിയ നിരവധി പ്രമുഖര്‍ക്കാണ് ഇന്ത്യയില്‍ ട്വിറ്റര്‍ അക്കൗണ്ടുകളില്‍ ബ്ലൂ ടിക്കുകള്‍ നഷ്ടപ്പെട്ടിരിക്കുന്നത്. ഓപ്ര വിന്‍ഫ്രെ, ജസ്റ്റിന്‍ ബീബര്‍, കാറ്റി പെറി, കിം കര്‍ദാഷിയാന്‍ തുടങ്ങിയ സെലിബ്രിറ്റികളുടെ ചെക്ക് മാര്‍ക്ക് നഷ്ടപ്പെട്ടു. ബില്‍ ഗേറ്റ്‌സ് മുതല്‍ പോപ്പ് ഫ്രാന്‍സിസ് വരെയുള്ള സമൂഹത്തിന്റെ എല്ലാ മേഖലകളുമായും ബന്ധപ്പെട്ട പൊതു വ്യക്തികള്‍ക്കും അവരുടെ ചെക്കുകള്‍ നഷ്ടപ്പെട്ടു.

മണിരത്നത്തിന്റെ ഇതിഹാസ ചിത്രം ‘പൊന്നിയിന്‍ സെല്‍വന്‍’ രണ്ടാം ഭാഗത്തിന്റെ പുതിയ ഗാനം പുറത്തുവിട്ടു. ‘പൊന്നിയിന്‍ സെല്‍വനി’ലെ കഥാപാത്രങ്ങളായ ‘ആദിത്യ കരികാലന്റെ’യും ‘നന്ദിനി’യുടെയും കുട്ടിക്കാലം ദൃശ്യവത്കരിക്കുന്ന ഒരു ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. ഇളങ്കോ കൃഷ്ണന്റെ വരികള്‍ ഹരിചരണാണ് ചിത്രത്തിനായി പാടിയിരിക്കുന്നത്. ശക്തിശ്രീ ഗോപാലന്‍ ചിത്രത്തിനായി ആലപിച്ച ഒരു ഗാനം നേരത്തെ പുറത്തുവിട്ടിരുന്നത് ഹിറ്റായിരുന്നു. ‘വീര രാജ വീര’ എന്ന ഒരു ഗാനം കെ എസ് ചിത്രയും ശങ്കര്‍ മഹാദേവനും ഹരിണിയും ആലപിച്ചതും സത്യപ്രകാശ്, ഡോ. നാരായണന്‍, ശ്രീകാന്ത് ഹരിഹരന്‍, നിവാസ്, അരവിന്ദ് ശ്രീനിവാസ്, ശെന്‍ബഗരാജ്, ടി എസ് അയ്യപ്പന്‍ എന്നിവര്‍ ആലപിച്ച ശിവോഹം എന്ന ഗാനവും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ‘പൊന്നിയിന്‍ സെല്‍വന്റെ’ രണ്ടാം ഭാഗം ഏപ്രില്‍ 28ന് റിലീസ് ചെയ്യും. ജയം രവി, ജയറാം, കാര്‍ത്തി, റഹ്‌മാന്‍, പ്രഭു, ശരത് കുമാര്‍, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ഐശ്വര്യാ റായ് ബച്ചന്‍, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങിയ ഒട്ടേറേ അഭിനേതാക്കളും ‘പൊന്നിയിന്‍ സെല്‍വനി’ലുണ്ട്. എ ആര്‍ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

ഇന്ദ്രജിത്ത് ചിത്രം ‘ഞാന്‍ കണ്ടതാ സാറേ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നവാഗതനായ വരുണ്‍ ജി പണിക്കറാണ് സംവിധാനം ചെയ്യുന്നത്. ആര്യയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നര്‍മ്മത്തില്‍ പറയുന്ന ഒരു ത്രില്ലര്‍ ചിത്രമാണിത്. ഇന്ദ്രജിത്തിനെ കൂടാതെ ബൈജു സന്തോഷ്, അനൂപ് മേനോന്‍, അലന്‍സിയര്‍, എന്നിവരും ‘ഞാന്‍ കണ്ടതാ സാറേ’ എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. സാബുമോന്‍, അര്‍ജുന്‍ നന്ദകുമാര്‍, ദീപു കരുണാകരന്‍, സുരേഷ് കൃഷ്ണ, ബിജു പപ്പന്‍, ബാലാജി ശര്‍മ്മ, മല്ലിക സുകുമാരന്‍, അഞ്ജന അപ്പുക്കുട്ടന്‍, എന്നിവരാണ് മറ്റു താരങ്ങള്‍.

അഞ്ചാം തലമുറ ലെക്‌സസ് ആര്‍എക്സ് ഇന്ത്യയില്‍ അവതരിപ്പിച്ചു. പുതിയ ലെക്‌സസ് ആര്‍എക്സ്ന് രണ്ട് പവര്‍ട്രെയിനുകള്‍ ഉണ്ട്. ലെക്‌സസ് ആര്‍എക്സ് രണ്ട് വേരിയന്റുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. ആര്‍എക്സ് 350എച്ച് ലക്ഷ്വറി ഹൈബ്രിഡ്, ആര്‍എക്സ് 500എച്ച് എഫ് സ്പോര്‍ട്+ എന്നിവയാണത്. ആര്‍എക്സ് 350എച്ച് 95.80 ലക്ഷം രൂപയും ആര്‍എക്സ് 500 എച്ച് 1.18 കോടി രൂപയുമാണ് വില. ഉപഭോക്താക്കള്‍ക്ക് മാര്‍ക്ക് ലെവിന്‍സണ്‍, പാനസോണിക് ഓഡിയോ സിസ്റ്റങ്ങള്‍ തിരഞ്ഞെടുക്കാം. ലെക്‌സസ് ആര്‍എക്സ് ന് ഡ്രൈവര്‍ സഹായത്തിനുള്ള ഒരു സ്റ്റാന്‍ഡേര്‍ഡായി ഏറ്റവും പുതിയ ലെക്സസ് സേഫ്റ്റി സിസ്റ്റം+ 3.0 ഉണ്ട്. ഡയറക്ട്-4-ഡ്രൈവ് ഫോഴ്‌സ് ടെക്‌നോളജി, എച്ച്ഇവി സിസ്റ്റം, ശക്തമായ ടര്‍ബോ ഹൈബ്രിഡ് പ്രകടനം തുടങ്ങിയ സവിശേഷതകളും എസ്യുവി വാഗ്ദാനം ചെയ്യുന്നു. കണക്റ്റഡ് ഫീച്ചറുകളും സേവനങ്ങളും ലഭിക്കുന്ന ഇന്ത്യയിലെയും ഏഷ്യയിലെയും ആദ്യത്തെ ലെക്സസ് മോഡല്‍ കൂടിയാണ് ആര്‍എക്സ്. ഇതില്‍ തന്നെ ആര്‍എക്സ് 350എച്ച് ലക്ഷ്വറി ഹൈബ്രിഡിന് എട്ട് കളര്‍ ഓപ്ഷനുകളുണ്ടെങ്കില്‍, ആര്‍എക്സ് 500എച്ച് എഫ് സ്പോര്‍ട്+ ന് ആറ് കളര്‍ ഓപ്ഷനുകളുണ്ട്. സോണിക് കോപ്പറിന്റെ രൂപത്തില്‍ ഒരു പുതിയ കളര്‍ ഓപ്ഷന്‍ ഉണ്ട്.

വീട് കൊടകരേല് ജോലി ജെബല്‍ അലീല് ഡെയിലി പോയി വരും’ എന്ന ക്ലാസിക് ടാഗ് ലൈനിലൂടെ തന്റെ എഴുത്തുജീവിതത്തെ അടയാളപ്പെടുത്തിയ, മലയാളിക്കള്‍ക്കിടയില്‍ കാമ്പുള്ള പൊട്ടിച്ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തിയ കൊടകരപുരാണത്തിന്റെ രചയിതാവ് വിശാലമനസ്‌കന്‍ എന്ന സജീവ് എടത്താടന്റെ പുതിയ പുസ്തകം. തന്റെ തനത് എഴുത്തുവഴിയില്‍ നിന്ന് ചെറുതായൊന്ന് തെറ്റിക്കൊണ്ട് ചിരിയുടെ ക്യാന്‍വാസില്‍ കണ്ണീരിന്റെ നിറം കൂടി വാരിപ്പൊത്തിയിരിക്കുന്ന 25 ഹൃദയസ്പൃക്കായ കുറിപ്പുകളുടെ സമാഹാരം. ‘ഹൃദയപുരാണം’. സജീവ് എടത്താടന്‍. ഗ്രീന്‍ ബുക്സ്. വില 188 രൂപ.

ചില ശീലങ്ങള്‍ പലതരം രോഗങ്ങള്‍ ക്ഷണിച്ചു വരുത്തി നമ്മുടെ ആരോഗ്യത്തെ ഇല്ലായ്മ ചെയ്യുന്നതാണ്. ഇത്തരം ശീലങ്ങള്‍ മാറ്റിയെടുക്കേണ്ടത് നല്ല ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഇതില്‍ ഒന്നാമത്തേതാണ് വെള്ളം കുടിക്കല്‍. ശരീരത്തിന്റെ ജലാംശം നിലനിര്‍ത്തേണ്ടത് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളെ നിയന്ത്രിക്കാന്‍ അത്യാവശ്യമാണ്. ഇത് നടക്കാതെ വരുന്നത് പലതരം രോഗങ്ങള്‍ക്ക് കാരണമാകും. നല്ല ആരോഗ്യം നിലനിര്‍ത്താന്‍ കുറഞ്ഞത് എട്ട് മുതല്‍ 10 ഗ്ലാസ് വരെ വെള്ളം പ്രതിദിനം കുടിക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. ചൂട് കാലത്ത് വിയര്‍പ്പിലൂടെ ധാരാളം വെള്ളം നഷ്ടപ്പെടുമെന്നതിനാല്‍ ഈ അളവ് വര്‍ധിപ്പിക്കണം. റെസ്യൂമെയിലും മറ്റും ഒരു നൈപുണ്യമായി പലരും മള്‍ട്ടിടാസ്‌കിങ്ങിനെ ചേര്‍ക്കാറുണ്ട് എന്നതൊക്കെ ശരി. എന്നാല്‍ ഇത് നമ്മുടെ മാനസിക സമ്മര്‍ദം വര്‍ധിപ്പിച്ച് ഉയര്‍ന്ന രക്തസമ്മര്‍ദം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകാം. രാത്രിയിലെ അത്താഴം നേരത്തെ കഴിക്കുന്നതാണ് ഉത്തമമെന്ന് ആരോഗ്യവിദഗ്ധര്‍ എല്ലാവരും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നു. വൈകിയുള്ള അത്താഴം കഴിപ്പ് നമ്മുടെ ദഹനത്തെയും ചയാപചയത്തെയുമെല്ലാം ബാധിക്കുകയും ദീര്‍ഘകാല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. അര്‍ധരാത്രിയില്‍ സ്നാക്സും മറ്റും കഴിക്കുന്നത് പ്രമേഹത്തിനും ഹൃദ്രോഗത്തിനുമെല്ലാം കാരണമാകാം. ഒരു ഏഴ്-എട്ട് മണിക്ക് മുന്‍പെങ്കിലും രാത്രി ഭക്ഷണം കഴിച്ചിരിക്കേണ്ടത് അത്യാവശ്യമാണ്. അധികമായാല്‍ അമൃത് മാത്രമല്ല വ്യായാമവും വിഷമാണ്. അമിതമായ വ്യായാമം നമ്മുടെ പേശികളെയും ശരീരത്തെയും ക്ഷീണിപ്പിച്ച് നമ്മെ രോഗബാധിതരാക്കും. ഇതിനാല്‍ ഓരോരുത്തരുടെയും ശരീരത്തിന് അനുസരിച്ചുള്ള വ്യായാമം പിന്തുടര്‍ന്നാല്‍ മതിയാകും. ആധുനിക സാങ്കേതികവിദ്യയും ഉപകരണങ്ങളുമെല്ലാം നമ്മുടെ ഉറക്കത്തിന്റെ താളം തെറ്റിച്ചിട്ടുണ്ട്. മൊബൈലും മറ്റും നോക്കിയിരുന്ന് രാത്രി വളരെ വൈകി ഉറങ്ങുന്നത് യുവാക്കള്‍ക്കിടയില്‍ പതിവാണ്. ഈ ദുശ്ശീലം പ്രതിരോധ സംവിധാനത്തെ തന്നെ ബാധിച്ച് പലവിധ രോഗങ്ങളെ ക്ഷണിച്ച് വരുത്തുന്നതാണ്. വിശപ്പില്ലാത്തപ്പോള്‍ ഭക്ഷണം കഴിക്കുന്നത് ദഹനസംവിധാനത്തെ മാത്രമല്ല കരളിന്റെ ആരോഗ്യത്തെയും ബാധിക്കും. ടിവിയും മറ്റും കാണുമ്പോള്‍ ചുമ്മാ ഒരു രസത്തിന് ഇരുന്ന് ഭക്ഷണം കഴിക്കുന്ന ശീലവും ഒഴിവാക്കേണ്ടതാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.15, പൗണ്ട് – 101.92, യൂറോ – 90.08, സ്വിസ് ഫ്രാങ്ക് – 91.90, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.94, ബഹറിന്‍ ദിനാര്‍ – 217.91, കുവൈത്ത് ദിനാര്‍ -268.14, ഒമാനി റിയാല്‍ – 213.36, സൗദി റിയാല്‍ – 21.90, യു.എ.ഇ ദിര്‍ഹം – 22.37, ഖത്തര്‍ റിയാല്‍ – 22.56, കനേഡിയന്‍ ഡോളര്‍ – 60.74.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *