ഇന്നു വിഷു. എല്ലാവര്‍ക്കും ഡെയ്ലി ന്യൂസിന്റെ വിഷു ആശംസകള്‍. വിഷു പ്രമാണിച്ച് ഇന്നു സായാഹ്ന വാര്‍ത്തകള്‍ക്ക് അവധി.

ഡല്‍ഹി മദ്യനയക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരേ സിബിഐയുടെ കുരുക്ക്. ചോദ്യം ചെയ്യാന്‍ നാളെ 11 നു ഹാജരാകാണമെന്ന് ആവശ്യപ്പെട്ട് സിബിഐ കേജരിവാളിനു നോട്ടീസ് നല്‍കി. വിജയ് നായരുടെ ഫോണ്‍ വഴി കെജ്രിവാള്‍ മദ്യവ്യവസായികളുമായി ചര്‍ച്ച നടത്തിയെന്നു നേരത്തെ സിബിഐക്കു മൊഴി ലഭിച്ചിരുന്നു. കെജ്രിവാളിന്റെ സ്റ്റാഫംഗങ്ങളെ നേരത്തെ സിബിഐ ചോദ്യം ചെയ്തിരുന്നു.

ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ ഇന്ത്യയുടെ സൈനിക അഭ്യാസം. അരുണാചല്‍ പ്രദേശിലെ അതിര്‍ത്തി പ്രദേശങ്ങളിലേക്ക് കൂടുതല്‍ സൈനിക ട്രൂപ്പുകളെ ഇന്ത്യ വിന്യസിപ്പിച്ചു. സൈന്യത്തെ തന്ത്രപ്രധാന മേഖലകളില്‍ മിന്നല്‍ വേഗത്തില്‍ എത്തിക്കുന്ന സ്ട്രാറ്റജിക് എയര്‍ ലിഫ്റ്റ് ഓപറേഷനാണ് ഇന്ത്യന്‍ സൈന്യം നടത്തിയത്. അരുണാചല്‍ അതിര്‍ത്തിയിലെ 11 പ്രദേശങ്ങള്‍ക്കു ചൈന പുതിയ പേരു നല്‍കി അവരുടെ പ്രദേശമാണെന്നു പ്രഖ്യാപിച്ചതിനു പിറകേയാണ് ഇന്ത്യയുടെ സൈനിക നടപടി.

കേരളത്തിലെ ജില്ലാ, സബോര്‍ഡിനേറ്റ് കോടതികളിലെ ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ ശമ്പളം വര്‍ധിപ്പിക്കാത്തതിന് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയിക്കെതിരേ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി. ജുഡീഷ്യല്‍ ഓഫീസേഴ്സ് അസോസിയേഷനാണു ഹര്‍ജി ഫയല്‍ ചെയ്തത്. ശമ്പളം വര്‍ധിപ്പിക്കണമെന്ന് സുപ്രീം കോടതി കഴിഞ്ഞ വര്‍ഷം ഉത്തരവിട്ടിരുന്നു.

*ഉത്സവാഘോഷങ്ങള്‍ ഇനി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ പുതിയ വലിയ ഷോറൂമില്‍ തന്നെ*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂരിലെ പുതിയ വലിയ ഷോറൂമില്‍ ഇപ്പോള്‍ ഡിസൈനര്‍ റണ്ണിംഗ് മെറ്റീരിയല്‍സിന്റെ വിപുലീകരിച്ച വമ്പന്‍ ശേഖരം. തൃശ്ശൂരില്‍ ആദ്യമായി ഡൈയ്യിംഗ് ഫാബ്രിക്സിനായി എക്‌സ്‌ക്ലൂസീവ് സെക്ഷന്‍. സില്‍ക്ക്, ഷിഫോണ്‍, കോട്ടണ്‍ മെറ്റീരിയലുകളില്‍ ഉള്ള റെഡിമെഡ് സല്‍വാറുകളുടെ വിപുലീകരിച്ച സെക്ഷന്‍. ബ്രൈഡല്‍ ലെഹംഗ, ഗൗണ്‍, എന്നിവയുടെ ഇന്നോളം കാണാത്ത വലിയ ശേഖരവും. സാരികള്‍ക്ക് മാത്രമായുള്ള അതിവിപുലമായ സാരി ഫ്ലോറില്‍ വെഡ്ഡിംഗ് സാരികള്‍ക്ക് മാത്രമായി തയ്യാറാക്കിയ ബ്രൈഡല്‍ ലൗഞ്ച്. ഡിസൈനര്‍, സില്‍ക്ക്, കോട്ടണ്‍, ജ്യൂട്ട്, ടസ്സര്‍ സാരികളുടെ വേറിട്ട ശേഖരം. പുരുഷന്മാര്‍ക്കുള്ള വിവാഹ തുണിത്തരങ്ങളുടെ പുതുക്കിയ വിപുലമായ കളക്ഷനോടൊപ്പം പ്രത്യേക ഗ്രൂം സ്റ്റുഡിയോയും ബ്രാന്‍ഡഡ് തുണിത്തരങ്ങളുടെ ഏറ്റവും വലിയ ശേഖരവും. കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ വസ്ത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും മായാ പ്രപഞ്ചം.

*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*

ലൈഫ് മിഷന്‍ കേസില്‍ ശിവശങ്കറിനെതിരായ അന്തിമറിപ്പോര്‍ട്ട് എന്‍ഫോഴ്സ്മെന്റ് കൊച്ചിയിലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു. ലൈഫ് മിഷന്‍ കോഴക്കേസിന്റെ മുഖ്യ ആസൂത്രകന്‍ ശിവശങ്കറെന്നാണ് ഇഡിയുടെ ആരോപണം. സ്വപ്ന സുരേഷ് പണം സൂക്ഷിച്ചത് ശിവശങ്കറിനു വേണ്ടിയാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

ബിജെപിയുടെ നീക്കങ്ങള്‍മൂലം കേരളത്തില്‍ കോണ്‍ഗ്രസ് സമ്മര്‍ദത്തില്‍. ഭാരവാഹിത്വത്തിനായി കലഹം തുടരുന്ന കോണ്‍ഗ്രസിന്റെ കെപിസിസി രാഷ്ട്രീയ കാര്യ സമിതി 20 നു ചേരും. ക്രൈസ്തവരെ പ്രീണിപ്പിച്ചുകൊണ്ടുള്ള ബിജെപിയുടെ മുന്നേറ്റശ്രമം, പിണറായി വിജയന്‍ സര്‍ക്കാരിനെതിരായ സമരങ്ങള്‍ തുടങ്ങിയവയെക്കുറിച്ചു ചര്‍ച്ച ചെയ്യും. കെപിസിസി, ഡിസിസി പുനസംഘടന അനിശ്ചിതമായി നീളുന്നതും ചര്‍ച്ചയാകും.

പീരുമേട്ടിലെ റിസോര്‍ട്ടില്‍ അനാശാസ്യ കേന്ദ്രം നടത്തിയ പൊലീസുകാരനു സസ്‌പെന്‍ഷന്‍. കാഞ്ഞാര്‍ പൊലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ സിപിഒ ടി അജിമോനെതിരെയാണ് നടപടി. തോട്ടാപ്പുര റോഡിലെ ക്ലൗഡ് വാലി റിസോര്‍ട്ടില്‍ നിന്നാണ് അനാശാസ്യ പ്രവര്‍ത്തനം നടത്തിയതിനു രണ്ടു മലയാളികളും മൂന്ന് ഇതര സംസ്ഥാനക്കാരുമായ അഞ്ച് സ്ത്രീകളും കോട്ടയം സ്വദേശിയായ ഒരു ഇടപാടുകാരനും പിടിയിലായിരുന്നു.

ട്രെയിനില്‍ തീയിട്ട കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ ഷൊര്‍ണൂരിലെത്തിച്ച് തെളിവെടുപ്പു നടത്തി. പെട്രോള്‍ വാങ്ങിയ പെട്രോള്‍ പമ്പിലെത്തിച്ചും തെളിവെടുത്തു. പെട്രോള്‍ പമ്പ് ജീവനക്കാരില്‍നിന്നു മൊഴിയെടുത്തു. പ്രതിയെ കാണാന്‍ വലിയ ജനക്കൂട്ടമാണ് ഇവിടെ എത്തിയത്.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

സ്വര്‍ണം തട്ടിപ്പു കേസില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട പ്രവാസി മുഹമ്മദ് ഷാഫി സഹോദരന്‍ നൗഫലിനെതിരെ ആരോപണം ഉന്നയിച്ചുള്ള പുതിയ വീഡിയോ പുറത്ത്. തന്റെ സ്വത്ത് തട്ടിയെടുക്കാന്‍ നൗഫല്‍ ശ്രമിക്കുന്നതായാണ് ഷാഫിയുടെ ആരോപണം. 325 കിലോ സ്വര്‍ണം തട്ടിയെടുത്തത് അടക്കം എല്ലാം ചെയ്തത് താനും സഹോദരനും കൂടിയാണെന്നും ഷാഫി ആവര്‍ത്തിച്ചു.

കേരളത്തില്‍ 25 നു പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്യുന്ന വന്ദേഭാരത് ട്രെയിനിനു മറ്റു ട്രെയിനുകളുടെ വേഗത മാത്രമേ ഉണ്ടാകൂവെന്നു വിദഗ്ധര്‍. കേരളത്തിലെ പാളങ്ങളിലൂടെ 80- 90 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിന്‍ ഓടിക്കാനേ കഴിയൂ. മറ്റു ട്രെയിനുകള്‍ വഴിമാറിക്കൊടുത്തും സ്റ്റോപ്പുകള്‍ കുറച്ചുമാണ് വന്ദേഭാരത് ട്രെയിന്‍ അതിവേഗം ലക്ഷ്യസ്ഥാനത്ത് എത്തുക. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍വരെ ഏഴോ എട്ടോ സ്റ്റോപ്പുകളേ ട്രെയിനിന് ഉണ്ടാകൂവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി എറണാകുളത്ത് കാപ്പ ചുമത്തി കൂടുതല്‍ പേരെ അറസ്റ്റു ചെയ്തു. ഇതുവരെ 74 പേരെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ഇതിന് പുറമെ 51 പേരെ നാടുകടത്തുകയും ചെയ്തിട്ടുണ്ട്.

വന്ദേഭാരത് ട്രെയിനിനേക്കാള്‍ എത്രയോ ആദായമാണ് കെ റെയിലെന്ന അവകാശവാദവുമായി ഫേസ്ബുക്കില്‍ ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 482 കിലോ മീറ്റര്‍ സഞ്ചരിക്കാന്‍ വന്ദേഭാരതില്‍ 2138 രൂപയും എട്ട് മണിക്കൂറും വേണമെന്നുമാണു സനോജ് പറയുന്നത്. കെ റെയിലിലാണെങ്കില്‍ മൂന്നു മണിക്കൂറും 1325 രൂപയും മാത്രമേ വേണ്ടിവരൂവെന്നു സനോജ് പറയുന്നു. കണ്ണൂര്‍ -തിരുവനന്തപുരം വിമാന യാത്ര്ക്ക് 2897 രൂപയാണു നിരക്ക്. ഒരു മണിക്കൂര്‍ സമയം മതിയെന്നും അദ്ദേഹം കുറിച്ചു. കെ റെയില്‍ എത്രയോ ലാഭമെന്നാണ് സനോജിന്റെ അവകാശവാദം.

ഭക്ഷണം പാഴാക്കരുതെന്ന് വടക്കാഞ്ചേരി നഗരസഭാ സെക്രട്ടറി കെ.കെ മനോജ് പുറത്തിറക്കിയ സര്‍ക്കുലര്‍ വിവാദമായി. നഗരസഭാ ജീവനക്കാര്‍ കൊണ്ടുവരുന്ന ഉച്ചഭക്ഷണം വേസ്റ്റ് ബിന്നില്‍ നിക്ഷേപിച്ചാല്‍ ജീവനക്കാരില്‍നിന്ന് 100 രൂപ പിഴ ഈടാക്കുമെന്നാണ് നഗരസഭാ സെക്രട്ടറിയുടെ ഉത്തരവ്. എല്ല്, മുള്ള്, വേപ്പില, മുരിങ്ങക്ക ചണ്ടി തുടങ്ങിയവ മാത്രമേ ബിന്നില്‍ ഉപേക്ഷിക്കാവൂവെന്നും ഉത്തരവില്‍ പറയുന്നു.

കണ്ണൂര്‍ ശ്രീനാരായണ മഠത്തിനു സമീപം ശ്രീ ഗുരുദേവ ടെക്സ്റ്റ്റ്റൈയില്‍സില്‍ തീ പിടുത്തം. തുണിത്തരങ്ങളും കടയില്‍ സൂക്ഷിച്ച പണവും കത്തിനശിച്ചു. പത്തു ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായി. ഓടക്കായി നാരായണന്റെ കടയാണു കത്തി നശിച്ചത്.

മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളേജിനു സമീപം ബൈക്കും ചരക്കു ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു. കോട്ടോപ്പാടം സ്വദേശി മുഹമ്മദ് ഫര്‍ഹാന്‍ (22) ആണ് മരിച്ചത്.

പമ്പ ത്രിവേണിക്കു സമീപം വൈദ്യുതി പോസ്റ്റിനു മുകളില്‍നിന്ന് ചാടി ശബരിമല തീര്‍ത്ഥാടകന്‍ ആത്മഹത്യ ചെയ്തു. കൊയമ്പത്തൂര്‍ സ്വദേശി മേഘനാഥനാണ് മരിച്ചത്. ഫയര്‍ഫോഴ്സ് എത്തി താഴെ ഇറക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ചാടുകയായിരുന്നു.

മദ്യപിച്ചു ലക്കുകെട്ട് വഴക്കിട്ടശേഷം ഭാര്യയെ വെട്ടിയ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കാസര്‍കോട് ബോവിക്കാനം മുതലപ്പാറ ജബരിക്കുളത്ത് തെങ്ങ് കയറ്റ തൊഴിലാളിയായ മണി (43) ആണ് മരിച്ചത്. ഭാര്യ സുഗന്ധിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇടുക്കി രാജകുമാരിയില്‍ കൊന്നപ്പൂ പറിക്കുന്നതിനിടെ മരത്തിന്റെ കൊമ്പ് ഒടിഞ്ഞു വീണ് ഒരാള്‍ മരിച്ചു. രാജകുമാരി സ്വദേശി കരിമ്പിന്‍ കാലയില്‍ എല്‍ദോസ് ഐപ്പ് ആണ് മരിച്ചത്.

കാഞ്ഞങ്ങാട്ട് കല്ലൂരാവിയില്‍ സ്‌കൂട്ടറില്‍ കൊണ്ടുപോവുകയായിരുന്ന 67 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. പുഞ്ചാവി സ്വദേശി ഹാരിസിനെ അറസ്റ്റു ചെയ്തു.

സീറ്റു കിട്ടാത്തതിനാല്‍ ബിജെപി വിട്ട മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവഡി കോണ്‍ഗ്രസിലേക്ക്. സിദ്ധരാമയ്യയും ഡി കെ ശിവകുമാറും ലക്ഷ്മണ്‍ സാവഡിയുമായി കൂടിക്കാഴ്ച നടത്തി. മുന്‍പ് മത്സരിച്ചിരുന്ന ബെലഗാവി അതാനി സീറ്റ് ഇദ്ദേഹത്തിനു നല്‍കാമെന്നാണു ധാരണ.

തമിഴ്നാട്ടില്‍ ഡിഎംകെ സര്‍ക്കാര്‍ 1.34 ലക്ഷം കോടി രൂപയുടെ അഴിമതി നടത്തിയെന്ന് ബിജെപി. മുഖ്യമന്ത്രി സ്റ്റാലിന്‍ അടക്കം എല്ലാ മന്ത്രിമാരും അഴിമതി നടത്തിയെന്ന് ആരോപിച്ചുള്ള പട്ടികതന്നെ ബിജെപി പുറത്തിറക്കി.

രാജസ്ഥാനിലെ കോണ്‍ഗ്രസ് പോര് പരിഹരിക്കാനാകാതെ നേതൃത്വം. മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിനെ കോണ്‍ഗ്രസ് നേതൃത്വം നിയോഗിച്ചു. സച്ചിന്‍ പൈലറ്റുമായി കമല്‍നാഥ് കൂടിക്കാഴ്ച നടത്തി.

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെയും ജനങ്ങളുടേയും വെളിച്ചം കെടുത്തി ഗവര്‍ണര്‍. 46 ലക്ഷം കുടുംബങ്ങള്‍ക്ക് 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുന്ന പദ്ധതി രേഖയില്‍ ഗവര്‍ണര്‍ ഒപ്പുവച്ചില്ല. സൗജന്യ വൈദ്യുതി ഒരു വര്‍ഷത്തേക്കുകൂടി നീട്ടാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു.

ഡല്‍ഹി തുഗ്ലക് ലൈനിലെ സര്‍ക്കാര്‍ വീട് ഒഴിയുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീട്ടിലെ സാധനങ്ങള്‍ നീക്കം ചെയ്തു തുടങ്ങി. 19 വര്‍ഷമായി താമസിക്കുന്ന വീടാണ് ഒഴിയുന്നത്. രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ചതിനു പിറകേ, പാര്‍ലമെന്റ് അംഗത്വത്തില്‍നിന്ന് അയോഗ്യനാക്കപ്പെട്ടതോടെ വസതി ഒഴിയാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

ജാതി, മതം, ഭാഷ, ലിംഗം തുടങ്ങിയ വേര്‍തിരിവുകള്‍ ചൂണ്ടിക്കാട്ടി രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുകയും വിദ്വേഷമുണ്ടാക്കുകയും ചെയ്യുന്നവരാണ് യഥാര്‍ത്ഥ രാജ്യദ്രോഹികളെന്ന് സോണിയാഗാന്ധി. ഡല്‍ഹിയില്‍ അംബേദ്കര്‍ ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു സോണിയ. മോദി സര്‍ക്കാര്‍ നിയമങ്ങളെ ദുരുപയോഗിച്ചു ജനങ്ങളെ ദ്രോഹിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.

സിബിഐയുടെ നോട്ടീസ് കണ്ട് പേടിക്കില്ലെന്നും കെജ്രിവാള്‍ നാളെ സിബിഐക്കു മുന്നില്‍ ഹാജരാകുമെന്നും ആം ആദ്മി പാര്‍ട്ടി. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള ബിജെപിയുടെ രാഷ്ട്രീയ ആക്രമണങ്ങളെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും ആം ആദ്മി പാര്‍ട്ടി നേതാവും രാജ്യസഭ എംപിയുമായ സജ്ഞയ് സിംഗ് പറഞ്ഞു.

ജമ്മു കാഷ്മീരില്‍ നടപ്പാലം തകര്‍ന്നുവീണ് അറുപതിലധികം പേര്‍ക്ക് പരിക്ക്. ഉധംപൂര്‍ ജില്ലയില്‍ ബെയിന്‍ ഗ്രാമത്തിലെ ബേനി സംഗത്തിലെ നടപ്പാലമാണ് ബൈശാഖി ആഘോഷങ്ങള്‍ക്കിടെ തകര്‍ന്നുവീണത്.

ഐപിഎല്ലില്‍ ഇന്നലെ നടന്ന ബാറ്റിംഗ് വെടിക്കെട്ടില്‍ വിജയം സണ്‍റൈസേഴ്സ് ഹൈദരാബാദിനൊപ്പം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 23 റണ്‍സിന് തകര്‍ത്താണ് ഹൈദരാബാദ് വിജയം കൈപ്പിടിയിലൊതുക്കിയത്. 55 പന്തില്‍ 100 റണ്‍സ് നേടിയ ഓപ്പണര്‍ ഹാരി ബ്രൂക്കിന്റെ മികവില്‍ സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 229 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊല്‍ക്കത്തയ്ക്ക് നിശ്ചിത ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുക്കാനേ സാധിച്ചുള്ളു. 41 പന്തില്‍ 71 റണ്‍സ് നേടിയ നിതീഷ് റാണയും 31 പന്തില്‍ 58 റണ്‍സ് നേടിയ റിങ്കു സിംഗും പൊരുതി നോക്കിയെങ്കിലും കൂറ്റന്‍ വിജയലക്ഷ്യം മറികടക്കാന്‍ കൊല്‍ക്കത്തക്കായില്ല.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ഇറക്കുമതി പങ്കാളിത്തത്തില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്ന് റഷ്യ. 16 രാജ്യങ്ങളെ പിന്തള്ളിയാണ് റഷ്യ ഈ സ്ഥാനത്തേക്ക് എത്തിയത്. പ്രധാനമായും ക്രൂഡ്, പെട്രോളിയം ഉത്പന്നങ്ങളുടെ ഇറക്കുമതിയാണ് ഇതിനു സഹായകമായത്. ഇന്ത്യയുടെ ഇറക്കുമതി വിപണിയില്‍ റഷ്യയുടെ പങ്ക് 1.6 ശതമാനത്തില്‍ നിന്ന് 6.5 ശതമാനമായി ഉയര്‍ന്നിരിക്കുന്നു. അതേസമയം ചെനയുടെ ഇന്ത്യയുമായുള്ള ഇറക്കുമതി പങ്കാളിത്തം 15.43 ശതമാനത്തില്‍ നിന്ന് 13.79 ശതമാനമായി ചുരുങ്ങിയെങ്കിലും ഒന്നാം സ്ഥാനം നിര്‍ത്തി. ചൈനയില്‍ നിന്നുള്ള ഇറക്കുമതി 4.16 ശതമാനം വളര്‍ന്ന് 98.51 ബില്യണ്‍ ഡോളറായി(8.04 ലക്ഷം കോടി രൂപ). റഷ്യയില്‍ നിന്നുള്ള ഇറക്കുമതി 2022 സാമ്പത്തിക വര്‍ഷത്തെ 9.87 ബില്യണ്‍ (80,632 കോടി രൂപ) നിന്നും 46.33 ബില്യണ്‍ ഡോളറായി(3.78 ലക്ഷം കോടി രൂപ), അഞ്ച് മടങ്ങിനടുത്താണ് വളര്‍ച്ച. മുന്‍ വര്‍ഷങ്ങളില്‍ സൂര്യകാന്തി എണ്ണയും കല്‍ക്കരിയുമാണ് റഷ്യയില്‍ നിന്നും ഇന്ത്യ കൂടുതലായി വാങ്ങിയിരുന്നത്. എന്നാല്‍ 2023 ല്‍ ഇത് പെട്രോളിയവും വളവും ആയി മാറി. റഷ്യ-യുക്രൈന്‍ സംഘര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് ഒരു ശതമാനത്തില്‍ താഴെയായിരുന്നു റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയ്ല്‍ ഇറക്കുമതി. മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ ആകെ ഇന്ധന ഇറക്കുമതിയുടെ 34 ശതമാനം റഷ്യയില്‍ നിന്നാണ്. റഷ്യയില്‍ നിന്നുള്ള ഇറക്കുമതി കൂടിയതോടെ സൗദിയില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ള എണ്ണ ഇറക്കുമതിയില്‍ കാര്യമായ ഇടിവുണ്ടായിട്ടുണ്ട്.

മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒരുമിക്കുന്ന മലൈക്കോട്ടൈ വാലിബന്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി. തീപ്പൊരി ലുക്കില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആരാധകര്‍ക്കിടയില്‍ തരംഗമായി. മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം തന്നെയാകും എന്ന പ്രതീക്ഷ നിലനിര്‍ത്തിയാണ് കഥാനായകന്റെ രൂപം വെളിപ്പെടുത്തുന്ന പോസ്റ്റര്‍ എത്തിയിരിക്കുന്നത്. മലൈക്കോട്ടൈ വാലിബന്‍ ചിത്രത്തിന്റെ ഷെഡ്യൂള്‍ നേരത്തെ രാജസ്ഥാനില്‍ പൂര്‍ത്തിയായിരുന്നു. ഹരീഷ് പേരടി, മണികണ്ഠന്‍ ആചാരി, ബംഗാളി നടി കഥാ നന്ദി, മനോജ് മോസെസ്, ഡാനിഷ് സേഠ്, സൊണാലി കുല്‍ക്കര്‍ണി. രാജീവ് പിള്ള എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. മറ്റ് താരങ്ങളുടെ പേരുവിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിട്ടില്ല. വിദേശ താരങ്ങളടക്കമുള്ളവര്‍ സിനിമയില്‍ അണിനിരക്കുന്നുണ്ട്. ഷിബു ബേബി ജോണിന്റെ ജോണ്‍ മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മോണാസ്ട്രി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. പി.എസ്. റഫീഖിന്റേതാണ് തിരക്കഥ.

‘കവി ഉദ്ദേശിച്ചത്’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പി.എം.തോമസ് കുട്ടി സംവിധാനം ചെയ്യുന്ന ‘ഉസ്‌കൂള്‍’ എന്ന ചിത്രത്തിലെ പുതിയ ഗാനങ്ങളെത്തി. ‘കണ്ണല്ല, കണ്ണല്ല.. കത്തുന്ന കല്ലാണ്’, ‘ഒരേ മുഖം ഇമകളിലതിശയം പാകി…’ എന്നീ ഗാനങ്ങളാണ് പ്രേക്ഷകര്‍ക്കരികിലെത്തിയത്. മനു മഞ്ജിത് വരികള്‍ കുറിച്ച് സാമുവല്‍ എബി ഈണം പകര്‍ന്ന ‘കണ്ണല്ല, കണ്ണല്ല.. കത്തുന്ന കല്ലാണ്’ എന്ന ഗാനം സിയ ഉല്‍ ഹഖ് ആലപിച്ചിരിക്കുന്നു. ഷഹബാസ് അമന്‍ ആണ് ‘ഒരേ മുഖം’ എന്ന ഗാനം ചിട്ടപ്പെടുത്തി ആലപിച്ചത്. വിനായക് ശശികുമാര്‍ വരികള്‍ കുറിച്ചു. ഉസ്‌കൂളിലെ പാട്ടുകള്‍ ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറും പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു. പ്ലസ് ടു സെന്റ് ഓഫ് ഡെയില്‍ നടക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കൗമാരപ്രണയത്തിന്റെ നര്‍മ മുഹൂര്‍ത്തങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രമാണ് ഉസ്‌കൂള്‍. അഭിജിത്, നിരഞ്ജന്‍, അഭിനന്ദ് ആക്കോട്, ഷിഖില്‍ ഗൗരി, അര്‍ച്ചന വിനോദ്, പ്രിയനന്ദ, ശ്രീകാന്ത് വെട്ടിയാര്‍, ലാലി പി.എം, ലിതിലാല്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.

പ്രമുഖ ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനി 2022ല്‍ ഇന്ത്യയില്‍ വിറ്റഴിച്ചത് 92 കാറുകള്‍. കമ്പനിയുടെ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക വില്‍പ്പന നേട്ടമാണിത്. 2021ലെ 69 കാറുകളെ അപേക്ഷിച്ച് 33 ശതമാനമാണ് വര്‍ദ്ധന. 2020ല്‍ 37, 2019ല്‍ 52 എന്നിങ്ങനെയായിരുന്നു ലംബോര്‍ഗിനി ഇന്ത്യയില്‍ രേഖപ്പെടുത്തിയ വില്‍പ്പനക്കണക്ക്. 2023ലും മികച്ച വളര്‍ച്ച കമ്പനി ഇന്ത്യയില്‍ പ്രതീക്ഷിക്കുന്നു. ഇതിന്റെ ഭാഗമായി ഉറൂസ് എസ് ഇന്ത്യന്‍ വിപണിയിലിറക്കി. ഇന്ത്യയില്‍ ലംബോര്‍ഗിനി മോഡലുകളില്‍ ഏറ്റവും സ്വീകാര്യതയുള്ള ഉറൂസിന്റെ രണ്ടാം പതിപ്പാണിത്. 4.18 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില. 666 ബി.എച്ച്.പി കരുത്തുള്ള, 4-ലിറ്റര്‍, ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് വി8 എന്‍ജിനാണുള്ളത്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 3.3 സെക്കന്‍ഡ് മതി. ഉറൂസ് എസ്.യു.വിയുടെ ഹൈബ്രിഡ് പതിപ്പ് 2024ല്‍ വിപണിയിലെത്തിക്കും. ഹുറാകാനിന്റെ ഹൈബ്രിഡ് പിന്‍ഗാമിയും അടുത്തവര്‍ഷമെത്തും. കമ്പനിയുടെ ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് പതിപ്പ് 2028ല്‍ പ്രതീക്ഷിക്കാം. ലംബോര്‍ഗിനി ഇന്ത്യയില്‍ വില്‍ക്കുന്ന മോഡലുകള്‍ക്കെല്ലാം വില 4 കോടി രൂപയ്ക്ക് മുകളിലാണ്. 2007ല്‍ ഇന്ത്യയിലെത്തിയ കമ്പനി ഇതിനകം 400ലധികം ഉപഭോക്താക്കളെ സ്വന്തമാക്കിക്കഴിഞ്ഞു. ലംബോര്‍ഗിനി ഉറൂസിനാണ് നിലവില്‍ ഇന്ത്യയില്‍ പ്രിയം കൂടുതല്‍. 2022ല്‍ വിറ്റഴിച്ച 92 മോഡലുകളില്‍ 60 ശതമാനവും ഉറൂസ് എസ്.യു.വിയായിരുന്നു.

സമകാലീന രാഷ്ട്രീയ പരിസരങ്ങളുടെ പരിച്ഛേദമാകുന്ന കഥകള്‍. സാധാരണക്കാരുടെ ജീവിതങ്ങളും രാഷ്ട്രീയനിലപാടുകളുംകൊണ്ടുള്ള ചിത്രസന്നിവേശങ്ങള്‍. പ്രവാസവും അതിജീവനവും കഥാത്മകതയുടെ പ്രത്യേകതകള്‍. കാലത്തെ അടയാളപ്പെടുത്തുന്ന അതിജീവനത്തിന്റെ ഭാഷ. പോര്‍ട്രെയിറ്റ്, ശിവകാമി, പഴങ്കഥ, ഒരേ ഒരു നക്ഷത്രം, ദ്വീപ്, പക്കര്‍മുക്ക്, പൂ പാവാട തുടങ്ങിയ കഥകളിലൂടെ, ചിത്രകലയുടെ സൂക്ഷ്മചാരുതയുള്ള പതിന്നാല് കഥകളുടെ സമാഹാരം. ‘പ്രമുഖരുടെ ആത്മഹത്യയ്ക്ക് ഒരു ആമുഖം’. പൊന്ന്യം ചന്ദ്രന്‍. ഗ്രീന്‍ ബുക്സ്. വില 142 രൂപ.

കേരളം പൊള്ളുകയാണ്. പല ജില്ലകളിലും അതി കഠിനമായ ചൂടാണ്. കഠിനമായ ചൂട് ശരീരത്തില്‍ നിര്‍ജലീകരണം ഉണ്ടാക്കുന്നു. ശരീരത്തില്‍ നിന്നു ജലം അമിതമായി വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നതാണ് കാരണം. കൂടാതെ നേരിട്ടുള്ള ബാഷ്പീകരണം വഴിയും ധാരാളം ജലം നഷ്ടപ്പെടുന്നുണ്ട്. നിര്‍ജലീകരണം മിക്കവാറും അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെങ്കിലും ഏറ്റവും ആദ്യം ബാധിക്കുന്നത് മൂത്രസഞ്ചാരത്തെയും വൃക്കകളെയുമാണ്. മൂത്രത്തിന്റെ അളവുകുറയുന്നത് മൂത്രത്തില്‍ അണുബാധ ഉണ്ടാകുന്നതിനുള്ള സാധ്യത പതിന്മടങ്ങ് വര്‍ധിപ്പിക്കുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കാന്‍ ഇതുകാരണമാകും. ധാരാളം വെള്ളം കുടിക്കുക മാത്രമേയുള്ളൂ പോംവഴി. ഒരു ദിവസം കുറഞ്ഞത് രണ്ടര – മൂന്നു ലിറ്റര്‍ വെള്ളം കുടിക്കണം. മദ്യം, കാപ്പി, ചായ, കോളകള്‍ തുടങ്ങിയവ പരമാവധി ഒഴിവാക്കണം. പകരം പഴങ്ങളും പഴച്ചാറുകളും ഉപയോഗിക്കാം. നിര്‍ജലീകരണവും ക്ഷീണവും ഒഴിവാക്കാന്‍ ദിവസവും രണ്ടു-മൂന്നു ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. തിളപ്പിച്ചാറിയ വെള്ളം, കഞ്ഞിവെള്ളം, നാരങ്ങാവെള്ളം തുടങ്ങിയവ ഉപ്പിട്ട് കുടിക്കാം. ചായ, കാപ്പി തുടങ്ങിയവ കുറയ്ക്കുക. കൃത്രിമ ശീതളപാനീയങ്ങള്‍, ബിയര്‍, മദ്യം എന്നിവ ഒഴിവാക്കണം. ഇവ താല്‍ക്കാലികമായി ദാഹശമനം വരുത്തുമെങ്കിലും തുടര്‍ന്ന് അമിത ദാഹമുണ്ടാക്കുകയും ആരോഗ്യപ്രശ്നങ്ങളിലേക്ക് വഴിവയ്ക്കുകയും ചെയ്യും. പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക. മാംസാഹാരം മിതമാക്കുക. അമിത ചൂടില്‍ തുറസ്സായ സ്ഥലത്തെ അധ്വാനം, കായിക പരിശീലനം തുടങ്ങിയവ ഒഴിവാക്കുക. രാവിലെ പതിനൊന്നു മുതല്‍ ഉച്ചക്ക് മൂന്നുമണി വരെയുള്ള വെയില്‍ കൊള്ളുന്നത് ഒഴിവാക്കണം. വെയിലത്തിറങ്ങുമ്പോള്‍ കുട ഉപയോഗിക്കുക. നൈലോണ്‍, പോളിയെസ്റ്റര്‍ വസ്ത്രങ്ങള്‍ ഒഴിവാക്കുക, അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങളാണ് നല്ലത്. പനിയോ വിട്ടുമാറാത്ത ക്ഷീണമോ ഉണ്ടായാല്‍ വൈദ്യസഹായം തേടുക. കുട്ടികളോ പ്രായമായവരോ വീട്ടിലുണ്ടെങ്കില്‍ അവര്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

*ശുഭദിനം*

*കവിത കണ്ണന്‍*

കൃഷ്ണന്റെ ഭാര്യമാരില്‍ ആദ്യഭാര്യ രുഗ്മിണിയോടായിരുന്നു കൃഷ്ണനും കൊട്ടാരവാസികള്‍ക്കും നാട്ടുകാര്‍ക്കും കൂടുതല്‍ ഇഷ്ടം. ലാളിത്യവും എളിമയും അവരുടെ മുഖമുദ്രയായിരുന്നു. കൃഷ്ണന്റെ മറ്റൊരു ഭാര്യയായ സത്യഭാമയായിരുന്നു സമ്പത്തില്‍ മുന്‍പന്തിയില്‍ . ഇതുകൊണ്ട് തന്നെ അവര്‍ കുറച്ചധികം അഹങ്കാരിയും ആയിരുന്നു. അവരുടെ ഈ അഹങ്കാരം ശമിപ്പിക്കാന്‍ നാരദന്‍ തീരുമാനിച്ചു. നാരദന്‍ സത്യഭാമയെ കാണാനായി വന്നു.നാരദന്‍ പറഞ്ഞു: കൃഷ്ണപത്‌നിമാരില്‍ ഏറ്റവും സുന്ദരി സത്യഭാമയാണ്. എന്നിട്ടും കൃഷ്ണന് ഇഷ്ടം രുഗ്മിണിയോടാണല്ലോ.. അതെന്താണ് അങ്ങിനെ? സത്യഭാമ നാരദന്‍ പറഞ്ഞതിനോട് അല്പം സങ്കടത്തോടെ യോജിച്ചു. ഇതിന് നാരദന്‍ ഒരു വഴി പറഞ്ഞുകൊടുത്തു. കൃഷ്ണന്റെ തൂക്കത്തില്‍ നാരദന് സ്വര്‍ണ്ണം നല്‍കുക. പിന്നെ കൃഷ്ണന്‍ സത്യഭാമയെയായിരിക്കും ഏറ്റവും അധികം ഇഷ്ടപ്പെടുക. സത്യഭാമ സമ്മതിച്ചു. നാരദന്‍ തുടര്‍ന്നു: ഇനി കൃഷ്ണന്റെ തൂക്കത്തിന് സ്വര്‍ണ്ണം ഇല്ലെങ്കില്‍ കൃഷ്ണനെ താന്‍ കൊണ്ടുപോകും. സത്യഭാമ ചിരിച്ചു. ഞാന്‍ ഒരു സമ്പന്നനായ രാജാവിന്റെ മകളാണ്. രാജകുമാരിയാണ്. കൃഷ്ണനെ ഇട്ടുമൂടാനുള്ള അത്രയധികം പൊന്ന് എനിക്ക് ഉണ്ട്. അങ്ങനെ വിവരം നാരദന്‍ കൃഷ്ണനെ ധരിപ്പിച്ചു. കൃഷ്ണനും സമ്മതം. ഒരു തുലാസില്‍ കൃഷ്ണന്‍ കയറിയിരുന്നു. കൊട്ടാരവാസികളെല്ലാം ഇത് കാണാനായി എത്തി. സത്യഭാമ ധാരാളം സ്വര്‍ണ്ണം കൊണ്ടുവന്നു അടുത്ത ത്രാസില്‍ വെച്ചു. എത്ര സ്വര്‍ണ്ണം വെച്ചിട്ടും കൃഷ്ണന്‍ ഇരുന്ന തട്ട് താണ് തന്നെയിരുന്നു. കൃഷ്ണനെ താന്‍ കൊണ്ടുപോവുകയാണെന്ന് സത്യഭാമയോട് നാരദന്‍ പറഞ്ഞു. ഭാമ കരഞ്ഞുകൊണ്ട് വിവരം രുഗ്മിണിയെ ധരിപ്പിച്ചു. രുഗ്മിണി കയ്യില്‍ ഒരു തുളസിയിലയുമായി സംഭവസ്ഥലത്ത് എത്തി. ഭഗവാനെ പ്രാര്‍ത്ഥിച്ച് ഭക്തിയോടും നിറഞ്ഞ സ്‌നേഹത്തോടും കൂടി ആ തുളസിയിലെ സ്വര്‍ണ്ണത്തിനു മുകളില്‍ വെച്ചു. തട്ട് തുല്യമായി നിന്നു. അപ്പോള്‍ കൃഷ്ണന്‍ ഭാമയോട് ആ സ്വര്‍ണ്ണം എല്ലാം എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടു. എല്ലാ സ്വര്‍ണ്ണവും മാറ്റി. തട്ടില്‍ തുളസിയില മാത്രമായി. തുളസിയില ഇരുന്ന തട്ട് താഴ്ന്നു. ഇത് കണ്ട് എല്ലാവരും രുഗ്മണിയെ നോക്കി കൈകൂപ്പി. എന്ത് നല്‍കുന്നു എന്നതിലല്ല , അത് എങ്ങിനെ നല്‍കുന്നു എന്നതിലാണ് കാര്യം. നല്‍കുന്നയാളുടെ മനസ്സിന്റെ നിറവാകണം നല്‍കുന്ന വസ്തുവിന്റെ മൂല്യത്തിനേക്കാള്‍ പ്രാധാന്യമര്‍ഹിക്കേണ്ടത്. ഒരു വിഷുകൂടി.. മനമറിഞ്ഞ് … മനം നിറഞ്ഞ് ….വിഷു ആചരിക്കാനും ആഘോഷിക്കാനും നമുക്ക് സാധിക്കട്ടെ – വിഷു ആശംസകള്‍ …

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *