yt cover 18

ഡോളറിനു ബദലായി ഇന്ത്യന്‍ രൂപ ആഗോള കറന്‍സിയാകുന്നു. രൂപയില്‍ വ്യാപാരം നടത്താന്‍ 18 രാജ്യങ്ങള്‍ തയ്യാറായി. ജര്‍മ്മനി, കെനിയ, ശ്രീലങ്ക, സിംഗപ്പൂര്‍, യുകെ തുടങ്ങി 18 രാജ്യങ്ങള്‍ക്ക് രൂപയില്‍ ഇടപാട് നടത്താന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിട്ടുണ്ട്.

ട്രെയിന്‍ തീവയ്പു കേസിലെ പ്രതി ഷാറൂഖിന് സഹായി ഉണ്ടായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍. അപായച്ചങ്ങല വലിച്ചു ട്രെയിന്‍ നിര്‍ത്തിച്ചത് സഹായിയാണെന്നാണ് നിഗമനം. ട്രെയിന്‍ നിര്‍ത്തിയെങ്കിലും ഷാറൂഖ് അവിടെ ഇറങ്ങാതെ തൊട്ടടുത്ത കംപാര്‍ട്ടുമെന്റിലേക്കു മാറി. തീയില്‍നിന്നു രക്ഷപ്പെടാന്‍ യാത്രക്കാര്‍ ഓടിയതുമൂലമുണ്ടായ തിരക്കിനിടയിലാണ് കൈയിലെ ബാഗ് പുറത്തേക്കു വീണുപോയത്. ഈ ബാഗാണു പ്രതിയെ പിടികൂടാന്‍ സഹായകമായത്. കണ്ണൂരില്‍ ഇറങ്ങിയ ഷാറൂഖിന് അവിടെനിന്നു രക്ഷപ്പെടാനും സഹായം ലഭിച്ചെന്നാണ് പോലീസിന്റെ നിഗമനം. എന്നാല്‍ ഒറ്റയ്ക്കാണ് എല്ലാം ചെയ്തതെന്നാണ് ഷാറൂഖ് പറയുന്നത്.

ഈസ്റ്റര്‍ ദിനത്തില്‍ ബിജെപി സംഘടിപ്പിച്ച സ്നേഹയാത്ര വന്‍ വിജയമെന്നു ബിജെപി. ബിജെപിയിലേക്ക് ആകര്‍ഷിക്കുന്നതിനു തുടര്‍ച്ചയായി വിഷുദിവസം അയല്‍വീടുകളിലെ ക്രൈസ്തവരെ ബിജെപി നേതാക്കളും പ്രവര്‍ത്തകരും സ്വന്തം വീട്ടിലേക്കു ക്ഷണിക്കും.

കുടുംബശ്രീ പൂര്‍ണമായും ഡിജിറ്റിലാകുന്നു. സംസ്ഥാനത്തെ 2,53,000 അയല്‍ക്കൂട്ടങ്ങളുടെ വിവരങ്ങളും സാമ്പത്തിക ഇടപാടുകളും സെപ്റ്റംബറിനകം ലോക്കോസ് എന്ന മൊബൈല്‍ ആപില്‍ രേഖപ്പെടുത്തും. വായ്പ ഇടപാടിലെ ക്രമക്കേട് തടയാനാണ് ഡിജിറ്റലൈസ് ചെയ്യുന്നത്.

*പുളിമൂട്ടില്‍ സില്‍ക്സിന്റെ പുതിയ വലിയ ഷോറൂമിലേക്ക് ഏവര്‍ക്കും സ്വാഗതം*

പുതിയ ഷോറൂമിന്റെ സവിശേഷതകള്‍ : ഡിസൈനര്‍ റണ്ണിംഗ് മെറ്റീരിയല്‍സിന്റെ വിപുലീകരിച്ച വമ്പന്‍ ശേഖരം. തൃശ്ശൂരില്‍ ആദ്യമായി ഡൈയ്യിംഗ് ഫാബ്രിക്‌സിനായി എക്സ്‌ക്ലൂസീവ് സെക്ഷന്‍. സില്‍ക്ക്, ഷിഫോണ്‍, കോട്ടണ്‍ മെറ്റീരിയലുകളില്‍ ഉള്ള റെഡിമെഡ് സല്‍വാറുകളുടെ വിപുലീകരിച്ച സെക്ഷന്‍. ബ്രൈഡല്‍ ലെഹംഗ, ഗൗണ്‍, എന്നിവയുടെ ഇന്നോളം കാണാത്ത വലിയ ശേഖരവും, കസ്റ്റമേഴ്സിന് പ്രത്യേക സേവനങ്ങളും. സാരികള്‍ക്ക് മാത്രമായുള്ള അതിവിപുലമായ സാരി ഫ്‌ലോര്‍. വെഡ്ഡിംഗ് സാരികള്‍ക്ക് മാത്രമായി തയ്യാറാക്കിയ ബ്രൈഡല്‍ ലൗഞ്ച്. ഡിസൈനര്‍, സില്‍ക്ക്, കോട്ടണ്‍, ജ്യൂട്ട്, ടസ്സര്‍ സാരികളുടെ വേറിട്ട ശേഖരം. പുരുഷന്മാര്‍ക്കുള്ള വിവാഹ തുണിത്തരങ്ങളുടെ പുതുക്കിയ വിപുലമായ കളക്ഷനും പ്രത്യേക ഗ്രൂം സ്റ്റുഡിയോയും. ഇന്ത്യയിലെ ഏത് വലിയ നഗരത്തിലെയും മോഡേണ്‍ സ്റ്റോറുകള്‍ക്കൊപ്പം നില്‍ക്കുന്ന പുരുഷന്മാരുടെ ബ്രാന്‍ഡഡ് തുണിത്തരങ്ങളുടെ ഏറ്റവും വലിയ ശേഖരം. കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ വസ്ത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും മായാ പ്രപഞ്ചം.

*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*

രണ്ടു മാസത്തെ ക്ഷേമപെന്‍ഷന്‍ കുടിശ്ശിക വിതരണം ഇന്നു മുതല്‍. 60 ലക്ഷം പേര്‍ക്ക് 3,200 രൂപയാണു നല്‍കുന്നത്. നാലു മാസത്തെ പെന്‍ഷന്‍ കുടിശ്ശികയാണ് നല്‍കാനുള്ളത്. ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി 1871 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു.

മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് താലൂക്ക് ആസ്ഥാനങ്ങളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തുന്ന അദാലത്തിലേക്ക് അക്ഷയ കേന്ദ്രങ്ങള്‍ വഴി പരാതി നല്‍കാന്‍ വന്‍തുക ഫീസ്. പരാതിക്ക് 20 രൂപയാണു സര്‍വീസ് ചാര്‍ജ്. പരാതി സ്‌കാന്‍ ചെയ്യാന്‍ പേജിന് മൂന്നു രൂപയും പ്രിന്റിന് മൂന്നു രൂപയും നല്‍കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.

കെഎസ്ആര്‍ടിസി പെന്‍ഷന്‍ വ്യാഴാഴ്ചയ്ക്കകം വിതരണം ചെയ്യണമെന്ന് ഹൈക്കോടതി. ഇല്ലെങ്കില്‍ ചീഫ് സെക്രട്ടറിയും ഗതാഗത വകുപ്പു സെക്രട്ടറിയും നേരിട്ട് കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കണമെന്നും ഉത്തരവിട്ടു.

മണിമലയില്‍ രണ്ടു യുവാക്കള്‍ മരിച്ച വാഹനാപകടക്കേസില്‍ ജോസ് കെ മാണി എംപിയുടെ മകന്‍ കെഎം മാണി ജൂനിയറിനെ അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടു. അശ്രദ്ധമായി വാഹനം ഓടിച്ച് ജീവഹാനി വരുത്തിയെന്ന കേസിലാണ് നടപടി. ശനിയാഴ്ച രാത്രി കെഎം മാണി ജൂനിയര്‍ സഞ്ചരിച്ച ഇന്നോവയുടെ പിന്നില്‍ ബൈക്കിടിച്ച് സഹോദരങ്ങളായ മണിമല സ്വദേശികളായ മാത്യു ജോണ്‍, ജിന്‍സ് ജോണ്‍ എന്നിവര്‍ മരിച്ചിരുന്നു.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്കു കൊണ്ടുപോകണമെന്ന ഉത്തരവിനെതിരെ സര്‍ക്കാര്‍ പുനപരിശോധന ഹര്‍ജി നല്‍കില്ലെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍. കോടതി ഉത്തരവ് നടപ്പാക്കും. ആനയെ മറ്റൊരു കാട്ടിലേക്ക് വിടുന്നതിനോട് സര്‍ക്കാരിന് യോജിപ്പില്ലെന്നും മന്ത്രി പറഞ്ഞു.

വിഴിഞ്ഞം തുറമുഖത്തിന് വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് എന്നു പേരിട്ടു. തുറമുഖം ബ്രാന്‍ഡു ചെയ്യുന്നതിനു മുന്നോടിയായി ലോഗോയും ഉടനേ തയാറാക്കും.

തട്ടിക്കൊണ്ടുപോയ പ്രവാസി മുഹമ്മദ് ഷാഫിയെ രണ്ടു ദിവസമായിട്ടും കണ്ടെത്താനായില്ല. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലായി അഞ്ചു പൊലീസ് സംഘങ്ങള്‍ അന്വേഷണം നടത്തുന്നുണ്ട്. സ്വര്‍ണക്കടത്ത്, ഹവാല ബന്ധമുള്ള നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തു.

പിഎസ്സി വഴി നിയമനം ലഭിച്ചിട്ടും പിരിച്ചുവിടപെട്ട 67 ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ സമരത്തിലേക്ക്. ഒന്നര വര്‍ഷത്തിലേറെ ജോലി ചെയ്ത ജൂനിയര്‍ ഇംഗ്ലീഷ് അധ്യാപകരാണ് തസ്തിക പുനര്‍ നിര്‍ണയത്തിന്റെ പേരില്‍ പുറത്തായത്. ഒഴിവുകള്‍ വരുന്ന മുറക്ക് സീനിയോറിറ്റി അടിസ്ഥാനത്തില്‍ നിയമനം നല്‍കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്.

ഇടുക്കി ജലസംഭരണി തുറക്കുമ്പോള്‍ ഉണ്ടായ കുത്തൊഴുക്കില്‍ തകര്‍ന്ന തടിയമ്പാട് ചപ്പാത്തിനു പകരം പുതിയ പാലം നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 32 കോടി രൂപ അനുവദിച്ചു. കഴിഞ്ഞ ഓഗസ്റ്റില്‍ ഇടുക്കി അണക്കെട്ടില്‍നിന്നു കൂടുതല്‍ വെള്ളം തുറന്നു വിട്ടതോടെ പാലം തകര്‍ന്നിരുന്നു.

എംസി റോഡില്‍ കാലടിയില്‍ പുതിയ പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം മരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. പെരിയാറിനു കുറുകെ കാലടി ശ്രീശങ്കര പാലത്തിനു സമാന്തരമായാണ് പുതിയപാലം നിര്‍മ്മിക്കുന്നത്. 455 മീറ്റര്‍ നീളത്തിലും 14 മീറ്റര്‍ വീതിയിലുമാണ് പുതിയ പാലം. 18 ബീമുകള്‍ പുഴയിലും ഇരുകരകളിലുമായി നിര്‍മിക്കും. ഇരുവശങ്ങളിലും ഒന്നര മീറ്റര്‍ വീതിയില്‍ കാല്‍നടക്കാര്‍ക്കുള്ള നടപ്പാതയും ഉണ്ടാകും.

സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി ഡിജിപിക്ക് പരാതി നല്‍കി. കണ്ണൂര്‍ റൂറല്‍ ക്രൈംബ്രാഞ്ചില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ശശിധരന്‍ കെ.പി കക്കറ എന്ന ഉദ്യോഗസ്ഥനെതിരായാണു പരാതി.

കൊച്ചി മേയര്‍ അനില്‍കുമാറിനെതിരെ യുഡിഎഫ് അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം വേണ്ടത്ര പിന്തുണയില്ലാത്തതിനാല്‍ അവതരിപ്പിക്കാനായില്ല. 74 അംഗ കൗണ്‍സിലില്‍ 37 പേരുണ്ടെങ്കില്‍ മാത്രമേ അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കാനാകൂ. യുഡിഎഫിന്റെ 32 അംഗങ്ങളില്‍ 28 പേര്‍ മാത്രമേ എത്തിയുള്ളൂ. ബിജെപിയുടെ അഞ്ച് കൗണ്‍സിലര്‍മാരും ഭരണപക്ഷമായ എല്‍ഡിഎഫ് അഗങ്ങളും വിട്ടുനിന്നതോടെ പ്രമേയം അവതരിപ്പിക്കാന്‍പോലും കഴിഞ്ഞില്ല.

ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍ കോടതി രേഖകള്‍ സൂക്ഷിക്കുന്ന മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍. മണ്ണഞ്ചേരി ഇടവഴിക്കല്‍ എസ് ജയപ്രകാശാണ് (59) മരിച്ചത്.

ആലുവയ്ക്കടുത്ത് പുറയാറില്‍ അമ്മയും കുഞ്ഞും ട്രെയിന്‍ ഇടിച്ചു മരിച്ച നിലയില്‍. ആലുവ ചെങ്ങമനാട് സ്വദേശി ഷീജയും മകന്‍ ഒന്നര വയസുകാരന്‍ ആദവ് കൃഷ്ണയുമാണ് മരിച്ചത്. ഷീജയുടെ ഭര്‍ത്താവ് അരുണ്‍ കുമാര്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു.

പൊലീസ് കസ്റ്റഡിയില്‍നിന്ന് ചാടി ഓടിയ യുവാവ് ട്രാന്‍സ്ഫോര്‍മറില്‍ കയറി ആത്മഹത്യാ ശ്രമം നടത്തി. ഷോക്കേറ്റു വീണ ചാലക്കുടി സ്വദേശിയായ ഷാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാലക്കുടി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ബഹളമുണ്ടാക്കിയതിനാണ് ഷാജിയെ കസ്റ്റഡിയിലെടുത്തത്.

കൊല്ലം കൊട്ടിയത്ത് സ്വകാര്യ കശുവണ്ടി ഫാക്ടറിയില്‍ ആക്രമണം നടത്തിയ തഴുത്തല സ്വദേശി ഷിജാസിനെ കൊട്ടിയം പൊലീസ് അറസ്റ്റു ചെയ്തു. എട്ടംഗ സംഘമാണ് അയത്തില്‍ സ്വദേശി ഷാ സലീമിന്റെ ഉടമസ്ഥതയിലുള്ള തഴുത്തല കാവുവിള എസ്എന്‍ കാഷ്യു ഫാക്ടറിയില്‍ ആക്രമണം നടത്തിയത്.

തിരുവനന്തപുരം മംഗലപുരത്ത് സുഹൃത്തുക്കളെ ആക്രമിക്കാന്‍ ഗുണ്ടാസംഘത്തിന് ക്വട്ടേഷന്‍ നല്‍കിയ 15 വയസുകാരനെ അറസ്റ്റു ചെയ്തു. ക്വട്ടേഷന്‍ ഏറ്റെടുത്ത് പതിനഞ്ചുകാരന്റെ സുഹൃത്തുക്കളെ ആക്രമിച്ച ഷെഹിന്‍, അഷ്‌റഫ് എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തു.

സംസ്ഥാനത്തേക്കു കടത്താന്‍ ശ്രമിച്ച 372 ഗ്രാം എം ഡി എം എയുമായി രണ്ടു പേര്‍ കോഴിക്കോട് കുന്ദമംഗലത്ത് പിടിയിലായി. പെരുമണ്ണ സ്വദേശി കെപി സഹദ്, കൊടിയത്തൂര്‍ സ്വദേശി നസ്ലിം മുഹമ്മദ് എന്നിവരാണ് പിടിയിലായത്.

കല്‍പ്പറ്റ മാരിയമ്മന്‍ ക്ഷേത്ര ഉത്സവത്തിനിടെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്. ഉത്സവം കാണാനെത്തിയ വിദ്യാര്‍ത്ഥികള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.

രാജ്യത്ത് കൊവിഡ് പോസിറ്റിവിറ്റി നിരക്ക് ആറു ശതമാനത്തിനു മുകളിലെത്തി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 6.91 ശതമാനമായി ഉയര്‍ന്നു. ഒരു ദിവസത്തിനിടെ 5580 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് രാജ്യത്തെ പ്രധാന വിഷയമല്ലെന്ന് ശരദ് പവാര്‍. നാസിക്കില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിലക്കയറ്റവും തൊഴിലില്ലായ്മയും ആണ് പ്രതിപക്ഷം ചര്‍ച്ചയാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രിസ്ത്യന്‍ പള്ളി സന്ദര്‍ശിച്ചതു പ്രീണനമാണെന്നു വിമര്‍ശിച്ച് സുബ്രഹ്‌മണ്യന്‍ സ്വാമി. മോദി ഹിന്ദുത്വത്തെ മോശമാക്കി കാണിച്ചു. പള്ളി സന്ദര്‍ശിച്ചത് തന്ത്രപരമായ നീക്കമാണോയെന്നും അദ്ദേഹം ചോദിച്ചു.

വിദ്വേഷ പ്രസംഗം നടത്തിയതിനു കാജല്‍ ഹിന്ദുസ്ഥാനിയെ (കാജല്‍ ഷിംഗാല) ഗിര്‍ സോമനാഥ് പോലീസ് അറസ്റ്റ് ചെയ്തു. വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച രാമനവമി സമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയെന്നാണ് കേസ്.

ജാര്‍ഖണ്ഡിലെ ജംഷദ്പൂരില്‍ രാമനവമി ആഘോഷ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായി വീണ്ടും കല്ലേറും ആക്രമണങ്ങളും. ജംഷദ്പൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്റര്‍നെറ്റും താത്കാലികമായി നിരോധിച്ചിട്ടുണ്ട്.

ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പോകാന്‍ പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. വിമാന ജീവനക്കാരോടു വഴക്കിട്ട യാത്രക്കാരനെ പോലീസിനു കൈമാറാനാണ് വിമാനം തിരിച്ചിറക്കിയത്. വിമാനത്തില്‍ 230 യാത്രക്കാരുണ്ടായിരുന്നു.

ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരും ലഖ്നൗ സൂപ്പര്‍ ജയന്റ്സും ഏറ്റുമുട്ടും. വൈകീട്ട് 7.30 നാണ് മത്സരം ആരംഭിക്കുക.

കഴിഞ്ഞ സാമ്പത്തികവര്‍ഷം (2022-23) ഏപ്രില്‍-ഫെബ്രുവരിയില്‍ ഇന്ത്യയിലേക്കുള്ള സ്വര്‍ണം ഇറക്കുമതി 30 ശതമാനം കുറഞ്ഞ് 3,180 കോടി ഡോളറിലെത്തിയെന്ന് റിപ്പോര്‍ട്ട്. 2021-22ലെ സമാനകാലത്ത് ഇറക്കുമതി 4,520 കോടി ഡോളറിന്റേതായിരുന്നു. കഴിഞ്ഞ ആഗസ്റ്റ് മുതല്‍ സ്വര്‍ണം ഇറക്കുമതി തുടര്‍ച്ചയായി ഇടിയുകയാണ്. ഒരുവര്‍ഷം മുമ്പ് രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് 1,626 ഡോളറായിരുന്നു. ഉയര്‍ന്ന പണപ്പെരുപ്പം, തുടര്‍ച്ചയായുള്ള പലിശനിരക്ക് വര്‍ദ്ധന, അമേരിക്കയിലെയും യൂറോപ്പിലെയും ബാങ്കിംഗ് പ്രതിസന്ധി, ഡോളറിന്റെ മുന്നേറ്റം, ഓഹരികളുടെ തളര്‍ച്ച തുടങ്ങിയ പ്രതിസന്ധികളെ തുടര്‍ന്ന് സ്വര്‍ണത്തിലേക്ക് ആഗോളതലത്തില്‍ നിക്ഷേപം ഒഴുകിയപ്പോള്‍ പിന്നീട് വില കുതിച്ചുയര്‍ന്നു. കഴിഞ്ഞയാഴ്ച വില 2,021 ഡോളര്‍ വരെയുമെത്തി. ഇത് ആഭ്യന്തര വിപണിയില്‍ വില റെക്കോഡ് ഉയരത്തിലെത്താന്‍ ഇടയാക്കിയതോടെ ഡിമാന്‍ഡ് താഴുകയായിരുന്നു. കേരളത്തില്‍ പവന്‍വില 2022ന്റെ തുടക്കത്തില്‍ 36,000 രൂപയായിരുന്നത് കഴിഞ്ഞവാരം എക്കാലത്തെയും ഉയരമായ 45,000 രൂപയിലെത്തിയിരുന്നു. ലോകത്ത് ഏറ്റവുമധികം സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഉപഭോഗത്തില്‍ ചൈനയ്ക്ക് പിന്നിലായി രണ്ടാംസ്ഥാനത്തും ഇന്ത്യയുണ്ട്. ശരാശരി 800-900 ടണ്‍ സ്വര്‍ണമാണ് ഇന്ത്യ പ്രതിവര്‍ഷം ഇറക്കുമതി ചെയ്യുന്നത്. 2022-23ലെ ഇറക്കുമതി 650 ടണ്ണോളമായിരിക്കുമെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ (2022-23) മൊബൈല്‍ ഫോണ്‍ കയറ്റുമതിയില്‍ റെക്കോഡ് സൃഷ്ടിച്ച് ഇന്ത്യ. 85,000 കോടി രൂപയ്ക്ക് മുകളില്‍ മൂല്യമുള്ള മൊബൈല്‍ ഫോണുകള്‍ കഴിഞ്ഞ മാര്‍ച്ച് 31നകം കയറ്റുമതി ചെയ്തെന്ന് ഇന്ത്യന്‍ സെല്ലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് അസോസിയേഷന്‍ പങ്കുവെക്കുന്ന ഡാറ്റ വ്യക്തമാക്കുന്നു. ഉത്പാദനധിഷ്ഠിത ഇന്‍സെന്റിവ് സ്‌കീമുകള്‍ നടപ്പാക്കിയതിന്റെ ഫലമായി, മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് സ്മാര്‍ട്ട് ഫോണുകളുടെ കയറ്റുമതി ഇരട്ടിയായി വര്‍ധിച്ചു. കഴിഞ്ഞവര്‍ഷം 80മുതല്‍ 85 ശതമാനം ഐഫോണുകള്‍ നിര്‍മ്മിച്ച ചൈനയ്ക്കൊപ്പം മുന്നേറുകയാണ് ഇന്ത്യ. കണക്കുകള്‍ പ്രകാരം, ചൈനയില്‍ നിന്നും വിട്ട് സ്മാര്‍ട്ട്‌ഫോണ്‍ വിതരണ ശൃംഖലയായി ഇന്ത്യയും വിയറ്റ്‌നാമും മാറും. 2022 അവസാനത്തോടെ ഐഫോണുകളുടെ മൊത്തത്തിലുള്ള ഉത്പാദന ശേഷിയുടെ 10-15 ശതമാനം ഇന്ത്യയിലാണ്. കഴിഞ്ഞ ഡിസംബറില്‍ ഇന്ത്യയില്‍നിന്ന് ഒരുബില്യണ്‍ ഡോളറിന്റെ സ്മാര്‍ട്ട് ഫോണുകള്‍ കയറ്റുമതി ചെയ്യുന്ന ആദ്യത്തെ കമ്പനിയായി ആപ്പിള്‍. നിലവില്‍ ഐഫോണുകള്‍ 12, 13, 14, 14 പ്ലസ് എന്നിവ രാജ്യത്ത് നിര്‍മ്മിക്കുന്നുണ്ട്. ഐസിഇഎയുടെ കണക്കുകള്‍ പ്രകാരം യുഎഇ, യുഎസ്, നെതര്‍ലന്‍ഡ്സ്, യുകെ, ഇറ്റലി എന്നീ രാജ്യങ്ങളിലേക്കാണ് ഇപ്പോള്‍ പ്രധാനമായും ഇന്ത്യയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കയറ്റി അയക്കുന്നത്.

ഫഹദ് നായകനാകുന്ന ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ടു. ‘നിന്‍ കൂടെ ഞാന്‍ ഇല്ലയോ’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘പാച്ചുവും അത്ഭുത വിളക്കും’ എന്ന ചിത്രത്തിന്റെ രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത് അഖില്‍ തന്നെയാണ്. അഖില്‍ അച്ഛന്റെ സിനിമകളില്‍ മുന്‍പ് സഹകരിച്ചിട്ടുണ്ട്. ‘ഞാന്‍ പ്രകാശന്‍’, ‘ജോമോന്റെ സുവിശേഷങ്ങള്‍’ എന്നീ സിനിമകളുടെ അസോസിയേറ്റ് ആയിരുന്നു. ‘ദാറ്റ്സ് മൈ ബോയ്’ എന്ന ഡോക്യുമെന്ററിയും അഖില്‍ സത്യന്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് ആണ് ‘പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന്റെ നിര്‍മ്മാണം.

മമ്മൂട്ടി നായകനാവുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. നവാഗതനായ ഡീനൊ ഡെന്നിസ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ പേര് ‘ബസൂക്ക’ എന്നാണ്. ഗൗതം വസുദേവ് മേനോന്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പോസ്റ്ററിനൊപ്പമാണ് പ്രഖ്യാപനം വന്നിരിക്കുന്നത്. തോക്കിന്‍ മുനയില്‍ നില്‍ക്കുന്ന മമ്മൂട്ടിയുടെ നായക കഥാപാത്രത്തെ ചിത്രീകരിച്ചിരിക്കുന്നതാണ് ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍. പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകനാണ് ഡീനൊ ഡെന്നിസ്. തിയറ്റര്‍ ഓഫ് ഡ്രീംസിന്റെയും സരിഗമയുടെയും ബാനറുകളില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി എബ്രഹാം, വിക്രം മെഹ്റ, സിദ്ധാര്‍ഥ്, ആനന്ദ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഒരു മൈന്‍ഡ് ഗെയിം ത്രില്ലര്‍ ആണെന്നും മലയാളത്തില്‍ ഇതുവരെ ഉണ്ടാവാത്ത തരം ജോണറില്‍ ഉള്ളതാണെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. സിനിമയുടെ ചിത്രീകരണം ഏപ്രില്‍ 15 ന് ആരംഭിക്കുമെന്നാണ് വിവരം. ഈദിന് ശേഷമാവും മമ്മൂട്ടി ജോയിന്‍ ചെയ്യുക. കൊച്ചി, ബംഗളൂരു എന്നിവിടങ്ങളിലാവും സിനിമയുടെ ചിത്രീകരണം.

പുത്തന്‍ റേഞ്ച് റോവര്‍ സ്വന്തമാക്കി മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ യാത്ര ഇനി റേഞ്ച് റോവറില്‍. റേഞ്ച് റോവറിന്റെ ഉയര്‍ന്ന വകഭേദങ്ങളിലൊന്നായ ഓട്ടോബയോഗ്രഫി ലോങ് വീല്‍ബെയ്സാണ് പുതിയ വാഹനം. കൊച്ചിയിലെ ലാന്‍ഡ് റോവര്‍ വിതരണക്കാരായ മുത്തൂറ്റ് ജെഎല്‍ആറില്‍ നിന്നാണ് മോഹന്‍ലാല്‍ വാങ്ങിയത്. ലാന്‍ഡ് റോവര്‍ നിരയിലെ ഏറ്റവും വലിയ വാഹനങ്ങളിലൊന്നാണ് റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി എല്‍ബിഡബ്ല്യു. 4.4 ലീറ്റര്‍ ട്വിന്‍ ടര്‍ബോ ചാര്‍ജിഡ് പെട്രോള്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന വാഹനത്തിന് 530 പിഎസ് കരുത്തും 750 എന്‍എം ടോര്‍ക്കുമുണ്ട്. ഉയര്‍ന്ന വേഗം മണിക്കൂറില്‍ 255 കിലോമീറ്റര്‍. ഏകദേശം 3.39 കോടി രൂപയാണ് എസ്യുവിയുടെ എക്സ്ഷോറൂം വില. ഹബുക്കാ സില്‍വര്‍ നിറത്തിലുള്ള എസ്യുവിയുടെ റൂഫിന് കറുത്ത നിറമാണ്. മോഹന്‍ലാലിന്റെ താല്‍പര്യത്തിന് അനുസരിച്ച് നിരവധി കസ്റ്റമൈസേഷനും വാഹനത്തിന് നടത്തിയിട്ടുണ്ട്. ഇരുപത്തിനാലു തരത്തില്‍ ക്രമീകരിക്കാവുന്ന ചൂടും തണുപ്പും തരുന്ന ഹോട്ട് സ്റ്റോണ്‍ മസാജ് മുന്‍ സീറ്റുകള്‍, എക്സ്‌ക്ലൂസീവ് ക്ലാസ് കംഫര്‍ട് പ്ലസ് റിയര്‍ സീറ്റ് എന്നിവയുണ്ട് വാഹനത്തിന്. 13.1 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം ഉപയോഗിക്കുന്ന വാഹനത്തിന് മെറിഡിയന്‍ സിഗ്നേച്ചര്‍ സൗണ്ട് സിസ്റ്റവുമുണ്ട്.

ആത്മാവിന്റെ അസ്വസ്ഥമായ ഇടങ്ങള്‍ അന്വേഷിക്കുന്ന കവിതകള്‍. ജീവനില്ലാത്ത ജീവിതങ്ങളുടെയും തകര്‍ന്ന വികാരങ്ങളുടെയും മുറിവുകളാണിവ. ദുഃഖത്തിന്റെ സങ്കീര്‍ണ്ണമായ വലയില്‍നിന്ന് മോചനം നേടാന്‍ ശ്രമിക്കുന്ന മനുഷ്യര്‍ സഞ്ചരിക്കുന്ന വഴികളിലൂടെ, വായനക്കാരനും യാത്ര ചെയ്യുന്നു. ആന്തരികവും ബാഹ്യവുമായ യാഥാര്‍ത്ഥ്യങ്ങളുടെ തേടല്‍കൂടിയാണത്. പരിചിതമായ ശീലങ്ങളും വേദനകളും ആഴങ്ങളിലിരുന്ന് നമ്മോട് സംവദിക്കുന്നു. സമാപ്തി, കാശ്മീരം, വിധവകളുടെ തെരുവ്, തിരഞ്ഞെടുത്ത ദുഃഖങ്ങള്‍, ചരിഞ്ഞ ആകാശം, ത്വക്കിനുതാഴെ, പക്ഷിയുടെ കാഹളം എന്നീ കവിതകള്‍. ‘നിരുദ്ധ സങ്കടങ്ങള്‍’. നവീന്‍ കിഷോര്‍. ഡിസി ബുക്സ്. വില 117 രൂപ.

മൊബൈലില്‍ സമയം ചെലവഴിക്കുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങളിലേക്ക് വഴിവയ്ക്കുമെന്ന് ബ്രസീലില്‍ നിന്നുള്ള ഗവേഷകര്‍ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നു. മൊബൈല്‍ ഫോണുകളില്‍ ഏറെ നേരം ചെലവഴിക്കുന്ന കുട്ടികളുടെയും കൗമാരക്കാരുടെയും നട്ടെല്ലിന് പ്രശ്‌നമുണ്ടാകാമെന്നാണ് പഠനത്തില്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. സയന്റിഫിക് ജേണലായ ഹെല്‍ത്ത്‌കെയറിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒരു ദിവസം മൂന്ന് മണിക്കൂറില്‍ കൂടുതല്‍ മൊബൈലില്‍ സമയം ചെലവഴിക്കുന്ന കുട്ടികളിലാണ് പുറംവേദന പോലുള്ള പ്രശ്‌നങ്ങള്‍ കൂടുതലായി കണ്ടുവരുന്നതെന്ന് പഠനത്തില്‍ പറയുന്നു. തൊറാസിക് സ്‌പൈനിനുള്ള വേദനയെ കേന്ദ്രീകരിച്ചായിരുന്നു പഠനം. നെഞ്ചിന്റെ പുറകുവശത്തായി, ഷോള്‍ഡര്‍ ബ്ലേഡുകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന നട്ടെല്ലിന്റെ മധ്യഭാഗമാണ് തൊറാസിക് സ്‌പൈന്‍. പതിനാല് മുതല്‍ പതിനെട്ട് വയസ്സുവരെ പ്രായമുള്ള 1628 ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഡേറ്റയാണ് പഠനത്തിനായി ഇവര്‍ ശേഖരിച്ചത്. മിക്കവരിലും തൊറാസിക് സ്‌പൈന്‍ വേദന കൂടുതലായാണ് കണ്ടെത്തിയത്. കൊവിഡ് കാലത്ത് ഇലക്ട്രോണിക് ഉപകരണങ്ങളെ കൂടുതല്‍ ആശ്രയിച്ചതാണ് ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണമായതെന്നാണ് ഗവേഷകര്‍ പറയുന്നത്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 81.92, പൗണ്ട് – 101.80, യൂറോ – 89.41, സ്വിസ് ഫ്രാങ്ക് – 90.46, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.56, ബഹറിന്‍ ദിനാര്‍ – 217.04, കുവൈത്ത് ദിനാര്‍ -266.72, ഒമാനി റിയാല്‍ – 212.56, സൗദി റിയാല്‍ – 21.83, യു.എ.ഇ ദിര്‍ഹം – 22.31, ഖത്തര്‍ റിയാല്‍ – 22.50, കനേഡിയന്‍ ഡോളര്‍ – 60.71.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *