◾ഇന്നു ക്രിക്കറ്റ് മാമാങ്കം. തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ ഇന്ത്യ- ദക്ഷിണാഫ്രിക്ക ഒന്നാം ടി20 യില്‍ ആരാധകരെ കാത്തിരിക്കുന്നത് ബാറ്റിംഗ് വിരുന്ന്. മൂന്ന് വര്‍ഷത്തിനു ശേഷം എത്തുന്ന മത്സരം കാണാന്‍ ആയിരങ്ങളാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുക. അനുകൂല കാലാവസ്ഥയുള്ള പിച്ചില്‍ 180 ലേറെ റണ്‍സ് പിറക്കുമെന്നാണ് ക്യുറേറ്ററുടെ പ്രവചനം.
◾പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താല്‍ അക്രമക്കേസുകളില്‍ 221 പേര്‍ കൂടി അറസ്റ്റിലായി. കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തത്. പോപ്പുലര്‍ ഫ്രണ്ട് കണ്ണൂര്‍ സൗത്ത് ജില്ലാ പ്രസിഡണ്ട് നൗഫല്‍ സി പി അടക്കമുള്ള നേതാക്കള്‍ അറസ്റ്റില്‍. ഹര്‍ത്താല്‍ ദിവസം ആക്രമണത്തിന് ആഹ്വാനം നല്‍കിയെന്ന് ആരോപിച്ചാണ് അറസ്റ്റ്. ഇതേസമയം, പോപ്പുലര്‍ ഫ്രണ്ടിന്റെ വയനാട്, പാലക്കാട് ജില്ലാ ഓഫീസുകളിലും പ്രവര്‍ത്തകരുടെ വീടുകളിലും പോലീസ് പരിശോധന നടത്തി.
◾
*_KSFE_ GOLD LOAN*
*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*
നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*
◾രാജസ്ഥാന്‍ മഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മൂന്നു വിശ്വസ്തര്‍ക്ക് എഐസിസി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മന്ത്രി ശാന്തി ധരിവാള്‍, ചീഫ് വിപ്പ് മഹേഷ് ജോഷി, ധര്‍മ്മേന്ദ്ര റാത്തോഡ് എം എല്‍ എ എന്നിവര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. 10 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഹൈക്കമാന്‍ഡ് നിരീക്ഷകരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.
◾ഡല്‍ഹി മദ്യനയ കേസില്‍ തൃശൂര്‍ക്കാരനായ വ്യവസായി വിജയ് നായര്‍ അറസ്റ്റില്‍. കെജ്രിവാള്‍ സര്‍ക്കാരിന്റെ വിവാദ മദ്യ നയത്തിനു പിന്നില്‍ വിജയ് നായരാണെന്ന് ആരോപിച്ച് സിബിഐ ആണ് വിജയ് നായരെ അറസ്റ്റ് ചെയ്തത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുമായി അടുത്ത ബന്ധമുള്ള വ്യവസായിയാണ് വിജയ് നായര്‍.
◾പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ ഉണ്ടായ അക്രമങ്ങളില്‍ കെഎസ്ആര്‍ടിസിക്കുണ്ടായ അഞ്ചു കോടി ആറു ലക്ഷം രൂപയുടെ നഷ്ടം ഹര്‍ത്താലിന് ആഹ്വാനം ചെയ്തവരില്‍നിന്ന് ഈടാക്കണമെന്ന് കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍. 58 ബസുകള്‍ തകര്‍ത്തെന്നും പത്തു ജീവനക്കാര്‍ക്കു പരിക്കേറ്റെന്നും കെഎസ്ആര്‍ടിസി.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖➖➖➖➖
◾കണ്ണൂര്‍ സര്‍വകലാശാല ചരിത്ര കോണ്‍ഗ്രസിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുനേരെ ആക്രമണമുണ്ടായതിനു കേസെടുത്ത് അന്വേഷിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. അഭിഭാഷകനും ബിജെപി ഇന്റലക്ച്വല്‍ സെല്ലിന്റെ മുന്‍ കണ്‍വീനറുമായ ടി.ജി മോഹന്‍ദാസ് നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. വിഷയത്തില്‍ ഗവര്‍ണര്‍ക്ക് പരാതിയുണ്ടോയെന്ന് ആരാഞ്ഞ കോടതിയോട് അറിയില്ലെന്നായിരുന്നു ഹര്‍ജിക്കാരന്റെ മറുപടി.
◾കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിനു ഗവര്‍ണര്‍ രണ്ടംഗ സേര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത് ചട്ട വിരുദ്ധമായാണെന്ന് വിസി സര്‍വകലാശാല സിന്‍ഡിക്കറ്റ് യോഗത്തില്‍. സെര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍വകലാശാല പ്രതിനിധിയെ കണ്ടെത്താന്‍ സെനറ്റ് യോഗം വിളിച്ചുകൂട്ടാന്‍ വിസിയും സിന്‍ഡിക്കറ്റും തീരുമാനം എടുത്തില്ല.
◾കേരള യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മൂന്നാംതവണയും അന്ത്യശാസനം നല്‍കി. വൈസ് ചാന്‍സലറെ നിയമിക്കാനുള്ള സേര്‍ച്ച് കമ്മിറ്റിയിലേക്കു യൂണിവേഴ്സിറ്റിയുടെ പ്രതിനിധിയുടെ പേര് ഉടനേ തരണമെന്നാണ് ആവശ്യം. വിസിയുടെ അധികാരങ്ങളും കര്‍ത്തവ്യവും ഓര്‍മിപ്പിച്ചുകൊണ്ടാണ് അന്ത്യശാസനം നല്‍കിയിരിക്കുന്നത്.
◾
◾എല്ലാ ജില്ലാ, ജനറല്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും മാതൃകാ ആന്റി റാബീസ് ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നായകളില്‍നിന്നു കടിയേറ്റവര്‍ക്കുള്ള ചികിത്സാ സംവിധാനങ്ങള്‍ ഒറ്റ കുടക്കീഴില്‍ കൊണ്ടുവരികയാണ്.
◾എകെജി സെന്റര്‍ ആക്രമണക്കേസില്‍ പ്രതി ജിതിന്‍ പൊട്ടാസ്യം ക്ലോറൈഡ് അടങ്ങിയ രാസവസ്തുവാണ് പ്രയോഗിച്ചതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ജിതിന്റെ ജാമ്യാപേക്ഷയില്‍ കോടതി ഇന്നു വിധി പറയും.
◾ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ സിനിമയില്‍നിന്ന് മാറ്റി നിര്‍ത്തുമെന്ന് നിര്‍മാതാക്കളുടെ സംഘടന. ശ്രീനാഥിനെതിരായ കേസില്‍ ഒരു തരത്തിലും ഇടപെടില്ലെന്നും നിര്‍മാതാക്കള്‍ അറിയിച്ചു. പരാതിക്കാരിയായ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയെ വിളിച്ചുവരുത്തി വിശദീകരണം തേടിയശേഷമാണ് ശ്രീനാഥ് ഭാസിക്കെതിരേ നിലപാടെടുത്തത്.
◾കെഎസ്ആര്‍ടിസി കാട്ടാക്കട ഡിപ്പോയില്‍ വിദ്യാര്‍ത്ഥിനിയോടും പിതാവിനോടും അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ഒരു ജീവനക്കാരനെക്കൂടെ കെഎസ്ആര്‍ടിസി സസ്പെന്‍ഡ് ചെയ്തു. കാട്ടാക്കട യൂണിറ്റിലെ മെക്കാനിക് എസ് അജികുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്.
◾ബിവറേജസ് കോര്‍പറേഷന്റെ മദ്യശാലകള്‍ 30 നു വൈകുന്നേരം ഏഴു മുതല്‍ രണ്ടു ദിവസം അടച്ചിടും. അര്‍ധവാര്‍ഷിക കണക്കെടുപ്പിനാണ് മദ്യശാലകള്‍ അടച്ചിടുന്നത്. ഒക്ടോബര്‍ ഒന്ന് ശനിയാഴ്ചയും ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് ഞായറാഴ്ചയും മദ്യശാലകള്‍ക്ക് അവധിയാണ്.
◾കോഴിക്കോട് മെഡിക്കല്‍ കോളജിലെ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച പ്രതികള്‍ക്കൊപ്പമുള്ള നേതാക്കള്‍ ഭീഷണിപ്പെടുത്തിയെന്ന സുരക്ഷാ ജീവനക്കാരുടെ അഭിഭാഷകയുടെ പരാതിയില്‍ കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് അഭിഭാഷകയുടെ മൊഴി രേഖപ്പെടുത്തി. രണ്ടുതവണ കോടതി വരാന്തയില്‍ ഭീഷണിയുണ്ടായെന്ന് അഡ്വ. ബബില ഉമര്‍ഖാന്‍ മൊഴി നല്‍കി. സൈബര്‍ ആക്രമണവും നടക്കുന്നുണ്ടെന്നും മൊഴി നല്‍കിയിട്ടുണ്ട്.
◾എന്‍സിപി വനിതാ നേതാവ് ആലിസ് ജോസിയെ മര്‍ദ്ദിച്ചതിന് തോമസ് കെ തോമസ് എംഎല്‍എക്കെതിരെ കേസെടുത്തു. കോടതി ഉത്തരവ് പ്രകാരമാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത്. ആലപ്പുഴ ജില്ലാ പ്രസിഡന്റ് സന്തോഷ് കുമാര്‍, വൈസ് പ്രസിഡന്റ് ജോബിന് പെരുമാള്‍, സംസ്ഥാന നിര്‍വാഹക സമിതിഅംഗങ്ങളായ റഷീദ്, രഘുനാഥന്‍ നായര്‍ എന്നിവരും പ്രതികളാണ്.
◾കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ കുടിശികകള്‍ അടച്ചു തീര്‍ക്കാന്‍ ആറു കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. വൈദ്യുതി, വെള്ളം, കോര്‍പ്പറേഷനുള്ള പ്രോപ്പര്‍ട്ടി ടാക്‌സ് എന്നീ ഇനങ്ങളിലായയുള്ള കുടിശിക അടയ്ക്കാനാണ് തുക നല്‍കുന്നത്.
◾ആറളത്ത് ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. ആറളം ഫാം ഒന്‍പതാം ബ്ലോക്കിലെ വളയംചാല്‍ പൂക്കുണ്ട് കോളനിയിലെ വാസുവാണ് കൊല്ലപ്പെട്ടത്. രാത്രി ഒന്‍പതരയോടെയാണു സംഭവം.
◾സിനിമയുടെ പ്രമോഷനായി കോഴിക്കോട്ടെ സ്വകാര്യ മാളില്‍ എത്തിയ നടിമാര്‍ക്കു നേരെ ലൈംഗീക അതിക്രമം. അതിക്രമത്തിന് ഇരയായ നടിമാരില്‍ ഒരാള്‍ സമൂഹമാധ്യമത്തില്‍ ദുരനുഭവം പങ്കുവച്ചതോടെയാണ് വിഷയം പുറത്തറിഞ്ഞത്.
◾കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റും ജീവനക്കാരും കള്ളുഷാപ്പില്‍ കയറിയ സംഭവത്തില്‍ പ്രസിഡന്റിനെതിരെ നടപടിയെടുക്കാത്തതിനു സിപിഎം കാട്ടൂര്‍ ലോക്കല്‍ കമ്മിറ്റിയില്‍ പ്രതിഷേധം. രണ്ടു ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ പാര്‍ട്ടിയില്‍നിന്ന് രാജിവച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡന്റും ലോക്കല്‍ കമ്മിറ്റി അംഗവുമായ മനോജ് വലിയപറമ്പില്‍, പൊഞ്ഞനം ബ്രാഞ്ച് സെക്രട്ടറി എം.എന്‍ സുമിത്രന്‍ എന്നിവരാണ് രാജിവച്ചത്.
◾വയനാട് കാരക്കാമല കോണ്‍വെന്റില്‍ അതിക്രമിച്ചുകയറി മുന്‍ കന്യാസ്ത്രീ ലൂസി കളപ്പുരയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ നാട്ടുകാരായ രണ്ടു പേര്‍ അറസ്റ്റില്‍. ഷിജിന്‍, മനോജ് എന്നിവരെയാണ് ലൂസിയുടെ പരാതിയില്‍ അറസ്റ്റു ചെയ്തത്.
◾തൃശൂരില്‍ സ്വകാര്യ ബസ്സില്‍ പതിനേഴുകാരിക്കു നേരെ ലൈംഗീകാതിക്രമം നടത്തിയ കേസില്‍ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥനെ റിമാന്‍ഡ് ചെയ്തു. തൃശൂര്‍ പുല്ലൂര്‍ സ്വദേശി രതീഷിനെയാണ് തൃശൂര്‍ പോക്സോ കോടതി റിമാന്റ് ചെയ്തത്.
◾കോഴിക്കോട് നഗരത്തിലെ ഓട്ടോറിക്ഷാ പണിമുടക്കിനിടെ വ്യാപക ആക്രമണം. പണിമുടക്കാതെ സര്‍വീസ് നടത്തിയ 35 ഓട്ടോകള്‍ ആക്രമിക്കപ്പെട്ടു. തകര്‍ക്കപ്പെട്ട ഓട്ടോറിക്ഷകളുമായി ഡ്രൈവര്‍മാര്‍ നടക്കാവ് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പെര്‍മിറ്റില്ലാതെ സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ഓട്ടോറിക്ഷ തൊഴിലാളികള്‍ പണിമുടക്കിയത്.
◾കൊല്ലം കുളത്തുപ്പുഴയില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ 38 കാരനായ ബന്ധു അറസ്റ്റില്‍. കൊട്ടവട്ടം സ്വദേശി സന്തോഷിനെയാണ് കുളത്തുപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
◾കോഴിക്കോട് ബാലുശേരി കോക്കല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ മോഷണക്കുറ്റം ആരോപിച്ച് മര്‍ദ്ദിച്ച സംഭവത്തില്‍ സ്‌കൂള്‍ പിടിഎ അംഗം സജിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
◾കൊടുങ്ങല്ലൂരില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. അഴീക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഷാജി എന്ന ബസിലെ കണ്ടക്ടര്‍ മുള്ളന്‍ബസാര്‍ സ്വദേശി കൊട്ടേക്കാട്ട് വീട്ടില്‍ അച്ചു എന്ന അനീഷിനെയാണ്(35) കൊടുങ്ങല്ലൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്.
◾രാത്രി സ്ത്രീകള്‍ മാത്രമുള്ള വീട്ടിലെത്തി നഗ്നതാ പ്രദര്‍ശനവും അതിക്രമവും നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വട്ടപ്പാറ മണലി സ്വദേശിയായ ഏകലവ്യന്‍ (30) ആണ് പിടിയിലായത്.
◾കേരളത്തില്‍ രാഷ്ട്രീയ കൊലപാതങ്ങള്‍ നടത്തുന്നത് ആര്‍എസ്എസും പോപ്പുലര്‍ ഫ്രണ്ടുമാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ. കേരളം ഭീകരതയുടെ ഹോട്ട്സ്പോട്ട് ആണെന്ന ബിജെപി അധ്യക്ഷന്‍ ജെ.പി നദ്ദയുടെ ആരോപണം കേരളത്തിലെ സമാധാനം തകര്‍ക്കാനുള്ളതാണെന്ന് പൊളിറ്റ് ബ്യൂറോ വിമര്‍ശിച്ചു.
◾കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മല്‍സരിക്കുന്നതില്‍നിന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പിന്മാറിയിട്ടില്ലെന്ന് സീനിയര്‍ നേതാക്കള്‍. സോണിയാഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം തീരുമാനമാകുമെന്നാണു റിപ്പോര്‍ട്ട്.
◾ശിവസേനയുടെ ചിഹ്നം ആര്‍ക്കു നല്കണമെന്നു തെരഞ്ഞെടുപ്പു കമ്മീഷന് തീരുമാനിക്കാമെന്ന് സുപ്രീംകോടതി. യഥാര്‍ത്ഥ ശിവസേനയെന്ന് ചൂണ്ടിക്കാട്ടി ചിഹ്നത്തിന് ഏക്നാഥ് ഷിന്‍ഡെ വിഭാഗം അവകാശവാദം ഉന്നയിച്ചിരുന്നു. മഹാരാഷ്ട്രയിലെ അധികാര മാറ്റത്തെക്കുറിച്ചുള്ള കേസുകളില്‍ സുപ്രീംകോടതി ഭരണഘടന ബഞ്ച് വാദം തുടങ്ങി. തീരുമാനമാകുന്നതുവരെ തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ഉദ്ധവ് താക്കറെ വിഭാഗത്തിന്റെ അപേക്ഷ സുപ്രീംകോടതി തള്ളി.
◾തമിഴ്നാട്ടിലെ മധുരയില്‍ ഹോസ്റ്റലില്‍ കൂടെ താമസിക്കുന്ന പെണ്‍കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയ യുവതിയും അവ കൈമാറി പ്രചരിപ്പിച്ച ഡോക്ടറായ കാമുകനും അറസ്റ്റിലായി. രാമനാഥപുരം സ്വദേശികളായ കാളീശ്വരിയും സുഹൃത്തായ ഡോ. ആഷിക്കുമാണ് പിടിയിലായത്.
◾ഹൈദരാബാദിനടുത്ത് സഫിയാബാദില്‍ ദുര്‍ഗാ വിഗ്രഹം തകര്‍ത്തതിനു രണ്ടു യുവതികളെ അറസ്റ്റു ചെയ്തു. ബുര്‍ഖ ധരിച്ചെത്തിയ ഇരുവരും പന്തലിലെത്തി ആരാധനാവിഗ്രഹം തകര്‍ക്കുകയായിരുന്നു. ഓടിരക്ഷപ്പെട്ട യുവതികളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. മാനസിക പ്രശ്നങ്ങളുള്ള യുവതികളാണെന്ന് പൊലീസ്.
◾നിറത്തെച്ചൊല്ലി നിരന്തരം അധിക്ഷേപിച്ച ഭര്‍ത്താവിനെ യുവതി വെട്ടിക്കൊന്നു. ചത്തീസ്ഗഡിലെ ദുര്‍ഗിലാണ് സംഭവം. അനന്ത് സോന്വാനി എന്ന നാല്പതുകാരനാണ് കൊല്ലപ്പെട്ടത്. ഭാര്യ സംഗീത സോന്വാനിയെ പൊലീസ് അറസ്റ്റ് ചെയ്തു.
◾ഭീകരരെ സഹായിക്കുന്ന പാകിസ്ഥാനെ അമേരിക്ക സഹായിക്കുന്നതിനെതിരായ ഇന്ത്യയുടെ വിമര്‍ശനത്തെ തള്ളി അമേരിക്ക. ഇന്ത്യയുമായി മോശം ബന്ധമാണെന്നതിന്റെ പേരില്‍ പാക്കിസ്ഥാന് എഫ് 16 ഫൈറ്റര്‍ ജെറ്റുകള്‍ വില്‍ക്കുന്നതു തടയാനാവില്ലെന്ന് അമേരിക്ക പറഞ്ഞു. അമേരിക്കന്‍ നടപടിയെ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ വിമര്‍ശിച്ചിരുന്നു.
◾ജോര്‍ജിയ അതിര്‍ത്തി റഷ്യ അടച്ചു. റഷ്യയുടെ റിസര്‍വ് പട്ടാളത്തിലേക്ക് മൂന്നു ലക്ഷം പേരെകൂടി ചേര്‍ക്കാനുള്ള പദ്ധതി പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ പ്രഖ്യാപിച്ചിരിക്കേയാണ് അതിര്‍ത്തി അടച്ചത്. നിര്‍ബന്ധിച്ചു പട്ടാളത്തില്‍ ചേര്‍ക്കുമെന്നു ഭീതിയുള്ള നിരവധി ചെറുപ്പക്കാരാണ് റഷ്യയില്‍ നിന്ന് രാജ്യം വിട്ടു പോകാന്‍ ഒരുങ്ങിയിരിക്കുന്നത്. വിമാനയാത്രയിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
◾ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കു നീങ്ങുകയാണെന്ന് ലോക വ്യാപാര സംഘടനയുടെ മേധാവി ഗോസി ഒകോഞ്ചോ ഇവേല. മാന്ദ്യം മറികടക്കാനുള്ള പദ്ധതികള്‍ ഇപ്പോള്‍ തന്നെ ലോകരാജ്യങ്ങള്‍ ആവിഷ്‌ക്കരിക്കണം. ജനീവയില്‍ ലോകവ്യാപര സംഘടനയുടെ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഗോസി ഒകോഞ്ചോ ഇവേല. വിലക്കയറ്റം, പണപ്പെരുപ്പം എന്നിവയാണ് സാമ്പത്തിക മേഖലയെ തളര്‍ത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
◾അട്ടിമറിയിലൂടെ പുറത്താക്കിയെന്നും വീട്ടുതടങ്കലിലാണെന്നുമുള്ള അഭ്യൂഹങ്ങള്‍ക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍ പിംഗ് സര്‍ക്കാരിന്റെ ടെലിവിഷന്‍ ചാനലില്‍ പ്രത്യക്ഷപ്പെട്ടു. രണ്ട് ഉന്നത നേതാക്കള്‍ ഒപ്പമുണ്ടായിരുന്നു. അടുത്ത 16 നു പാര്‍ട്ടി കോണ്‍ഗ്രസ് നടക്കാനിരിക്കേ, തന്റെ ഭരണനേട്ടങ്ങള്‍ നിരത്തി ടിവി ചാനലിലൂടെ അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തു.
◾ന്യൂസീലന്‍ഡ് എ ടീമിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ എ ടീമിന് 106 റണ്‍സിന്റെ വമ്പന്‍ ജയം. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍, തിലക് വര്‍മ, ഷാര്‍ദൂല്‍ താക്കൂര്‍ എന്നിവരുടെ അര്‍ധസെഞ്ചറിക്കരുത്തില്‍ 284 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡിന് 38.3 ഓവറില്‍ 178 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ പരമ്പരയിലെ മൂന്ന് മത്സരങ്ങളും ഇന്ത്യ തൂത്തുവാരി.
◾ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2023 ഹോക്കി ലോകകപ്പിന്റെ മത്സരക്രമം പുറത്ത്. ജനുവരി 13 നാണ് ലോകകപ്പ് ആരംഭിക്കുക. ഇന്ത്യയുടെ ആദ്യമത്സരത്തില്‍ സ്‌പെയിനാണ് എതിരാളി.
◾ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക കരാര്‍ (സെപ) നിലവില്‍ വന്നു 3 മാസത്തിനകം എണ്ണ ഇതര ഉല്‍പന്നങ്ങളുടെ കയറ്റുമതി 14.5% വര്‍ധിച്ചു. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലത്ത് ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി 592 കോടി ഡോളറായി ഉയര്‍ന്നു. 2021ല്‍ ഇതേ കാലയളവില്‍ 517 കോടി ഡോളറായിരുന്നു. കരാര്‍ നിലവില്‍ വന്ന മേയിലെ കണക്ക് ഉള്‍പ്പെടുത്താതെയാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാര്‍ ആഗോള ഉഭയകക്ഷി വ്യാപാരത്തിലും സ്വാധീനം ചെലുത്തി. ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ഇന്ത്യയുടെ ആഗോള എണ്ണ ഇതര കയറ്റുമതി 3% വര്‍ധിച്ചിട്ടുണ്ട്. ഇതിനേക്കാള്‍ അഞ്ചിരട്ടിയാണ് യുഎഇയിലേക്കുള്ള കയറ്റുമതി. ജൂണ്‍-ഓഗസ്റ്റ് കാലയളവില്‍ യുഎഇയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി 556 കോടിയില്‍നിന്ന് 561 കോടി ഡോളറായി ഉയര്‍ന്നിട്ടുമുണ്ട്.
◾ആപ്പിള്‍ ഫോണിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോണ്‍ 14 ഇന്ത്യയില്‍ ഉല്‍പാദനം ആരംഭിച്ചു. ചെന്നൈയ്ക്കു സമീപം ശ്രീപെരുംപുത്തൂരിലെ ഫോക്‌സ്‌കോണ്‍ പ്ലാന്റില്‍ നിര്‍മിക്കുന്ന ഫോണുകള്‍ താമസിയാതെ ആഭ്യന്തര വിപണിയിലെത്തും. ഇവ വിദേശ വിപണിയിലും എത്തിക്കും. എന്നാല്‍, ആഭ്യന്തര ഉല്‍പാദനം ആരംഭിച്ചെങ്കിലും ഇന്ത്യയിലെ വിലയില്‍ വ്യത്യാസമുണ്ടാകില്ലെന്നാണു സൂചന. ഐഫോണ്‍ 11, 12, 13 എന്നിവ ഇതിനകം തന്നെ ഫോക്സ്‌കോണ്‍ പ്ലാന്റില്‍ നിര്‍മിക്കുന്നുണ്ട്. ഐഫോണ്‍ 12, എസ്ഇ, എസ്ഇ1 മോഡലുകള്‍ ബെംഗളൂരുവിലെ വിസ്ട്രോണിലാണ് നിര്‍മിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഐഫോണ്‍ 14 ഉല്‍പാദനത്തിന്റെ 5 ശതമാനം ഇന്ത്യയിലേക്ക് മാറ്റാനും 2025നുള്ളില്‍ 25 ശതമാനത്തില്‍ എത്തിക്കാനുമാണ് പദ്ധതി.
◾തെന്നിന്ത്യന്‍ സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘പൊന്നിയിന്‍ സെല്‍വന്‍’ സെപ്റ്റംബര്‍ 30ന് തിയറ്ററുകളില്‍ എത്താനിരിക്കേ കൗതുകമുണര്‍ത്തുന്ന വീഡിയോകളും പോസ്റ്ററുകളുമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടുന്നത്. ഇപ്പോഴിതാ മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രമോ വീഡിയോകളാണ് റിലീസ് ചെയ്തിരിക്കുന്നത്. വിക്രം, ജയംരവി, കാര്‍ത്തി എന്നിവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ ഒറ്റ ഫ്രെയിമില്‍ ആദ്യമായി എത്തിയ പ്രമോ ഇതിനോടകം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. റഹ്‌മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ഐശ്വര്യാ റായ് ബച്ചന്‍, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ഒടിടി അവകാശം ആമസോണ്‍ പ്രൈം നേരത്തെ സ്വന്തമാക്കിയിരുന്നു. 125 കോടിക്കാണ് സ്ട്രീമിങ്ങ് അവകാശം വിറ്റുപോയത്.
◾ചെറിയ ബജറ്റില്‍ ഒരുങ്ങി അമ്പരപ്പിക്കുന്ന വിജയം സ്വന്തമാക്കിയ ചിത്രമാണ് ‘കാര്‍ത്തികേയ 2’. നൂറ്റിയിരുപത് കോടിയലധികം കളക്റ്റ് ചെയ്തിട്ടുണ്ട് ‘കാര്‍ത്തികേയ 2’ ഇതുവരെ. തിയറ്ററില്‍ വിജയക്കൊടി പാറിച്ച ചിത്രം ഒടിടി റിലീസിന് തയ്യാറെടുക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത. വിജയദശമി ദിവസമായ ഒക്ടോബര്‍ അഞ്ച് മുതലാണ് ‘കാര്‍ത്തികേയ 2’ ഒടിടിയില്‍ സ്ട്രീം ചെയ്യുക. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളില്‍ സീ 5ലാണ് ചിത്രം ലഭ്യമാകുക. ചന്ദു മൊണ്ടെട്ടിയാണ് ചിത്രം സംവിധാനം ചെയ്തത്. നിഖില്‍ സിദ്ധാര്‍ഥ നായകനായ ചിത്രത്തില്‍ അനുപമ പരമേശ്വരന്‍ ആണ് നായികയായി അഭിനയിച്ചിരിക്കുന്നത്. ചന്ദു മൊണ്ടെട്ടി തന്നെ സംവിധാനം ചെയ്ത് 2014ല്‍ പ്രദര്‍ശനത്തിന് എത്തിയ ‘കാര്‍ത്തികേയ’യുടെ രണ്ടാം ഭാഗമാണ് ചിത്രം.
◾പ്രീമിയം മിഡ്-സൈസ് എസ്.യു.വി ശ്രേണിയില്‍ ഫോക്‌സ്വാഗന്‍ അവതരിപ്പിച്ച് വന്‍ വിജയമായ ടൈഗൂണ്‍ ഒന്നാംവാര്‍ഷികാഘോഷത്തില്‍. ഇതോടനുബന്ധിച്ച് പ്രത്യേക ആനിവേഴ്‌സറി എഡിഷനും ഫോക്‌സ്വാഗന്‍ പുറത്തിറക്കി. കുര്‍ക്കുമ യെല്ലോ, വൈല്‍ഡ് ചെറി റെഡ് എന്നിവയ്ക്കൊപ്പം പുത്തന്‍ നിറഭേദമായ റൈസിംഗ് ബ്ളൂവിലും സ്‌പെഷ്യല്‍ എഡിഷന്‍ ലഭിക്കും. 6-സ്പീഡ് മാനുവല്‍/ഓട്ടോമാറ്റിക് ഓപ്ഷനോട് കൂടിയ 1.0 ലിറ്റര്‍ ടി.എസ്.ഐ എന്‍ജിന്‍, 6 സ്പീഡ് മാനുവല്‍/ 7സ്പീഡ് ഡി.എസ്.ജിയോട് കൂടിയ 1.5 ലിറ്റര്‍ ടി.എസ്.ഐ ഇവോ എന്‍ജിന്‍ എന്നിവയാണുള്ളത്. 17.23 മുതല്‍ 19.20 കിലോമീറ്റര്‍ വരെ മൈലേജ് പുത്തന്‍ ടൈഗൂണ്‍ അവകാശപ്പെടുന്നു. അകത്തളത്തിലും പുറംമോടിയിലും ഉടനീളം ഒന്നാംവാര്‍ഷിക ബാഡ്ജിംഗ് കാണാം.
◾മധ്യപ്രദേശിലെ ആദിവാസികളായ ഗോണ്ടുകളുടെ ഇടയില്‍ ജീവിച്ച് ജീവിതം അവര്‍ക്കുവേണ്ടിയുള്ള പോരാട്ടമാക്കിമാറ്റിയ ദയാബായിയുടെ ആത്മകഥ. പാലായിലെ പൂവരണിയില്‍ ജനിച്ച മേഴ്സി മാത്യുവെന്ന മലയാല്‍പെണ്‍കുട്ടി കന്യാമഠത്തില്‍ നിന്ന് കാഴാളമണ്ണിലെത്തി ജൈവികമായ പച്ചപ്പിനായി നിലകൊണ്ട സംഭവബഹുലമായ കഥ. ‘പച്ചവീരന്‍’. 13-ാം പതിപ്പ്. ഡിസി ബുക്സ്. വില 171 രൂപ.
◾ടൈപ്പ് 2 പ്രമേഹം സ്ത്രീകളിലെ അകാല മരണ സാധ്യത 96 ശതമാനവും പുരുഷന്മാരിലെ അകാല മരണ സാധ്യത 74 ശതമാനവും വര്‍ധിപ്പിക്കുമെന്ന് പഠനം. ഇംഗ്ലണ്ടിലെ സാല്‍ഫോര്‍ഡ് റോയല്‍ ഹോസ്പിറ്റലിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച ഗവേഷണം നടത്തിയത്. സാധാരണക്കാരെ അപേക്ഷിച്ച് പ്രമേഹമുള്ളവര്‍ അകാലത്തില്‍ മരിക്കാനുള്ള സാധ്യത 84 ശതമാനം അധികമാണെന്നും ഗവേഷണ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. പ്രമേഹമുള്ള ഒരു സ്ത്രീ അതില്ലാത്ത ഒരു സ്ത്രീയെ അപേക്ഷിച്ച് അഞ്ച് വര്‍ഷം കുറച്ച് ജീവിക്കാനേ സാധ്യതയുള്ളൂ എന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയവര്‍ പറഞ്ഞു. വളരെ ചെറുപ്പത്തില്‍ തന്നെ പ്രമേഹബാധിതരാകുന്നവരുടെ ആയുര്‍ദൈര്‍ഘ്യം എട്ട് വര്‍ഷത്തോളം കുറയാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രമേഹം മരണസാധ്യത മാത്രമല്ല മറ്റ് പല ആരോഗ്യപ്രശ്നങ്ങളുടെയും സാധ്യത വര്‍ധിപ്പിക്കുമെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു. അതില്‍ മുഖ്യമായ ഒന്നാണ് ഹൃദ്രോഗം. നെഞ്ച് വേദനയ്ക്കും ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും രക്തധമനികള്‍ ചുരുങ്ങുന്നതിനുമുള്ള സാധ്യത പ്രമേഹം വര്‍ധിപ്പിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയരുന്നത് നാഡീവ്യൂഹത്തെ പരിപോഷിപ്പിക്കുന്ന രക്തധമനികളുടെ ഭിത്തികളെയും ശോഷിപ്പിക്കുന്നു. ഇത് നാഡികളുടെ നാശത്തിലേക്കും നയിക്കാം. കൈകാലുകള്‍ക്ക് മരവിപ്പ്, തരിപ്പ്, വേദന, പുകച്ചില്‍ എന്നിവ ഇത് മൂലം ഉണ്ടാകാം. പ്രമേഹമുള്ളവര്‍ക്ക് ദഹനപ്രശ്നങ്ങള്‍, വൃക്കനാശം, കണ്ണുകള്‍ക്കും ചര്‍മത്തിനും വായ്ക്കും പ്രശ്നങ്ങള്‍ തുടങ്ങിയവ ഉണ്ടാകാമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യകരമായ ജീവിതശൈലി വഴി പ്രമേഹസാധ്യത കുറയ്ക്കാനും ഇതുമായി ബന്ധപ്പെട്ട രോഗസങ്കീര്‍ണതകള്‍ ഇല്ലാതാക്കാനും സാധിക്കും. ഹാര്‍വഡ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിന്റെ പഠനങ്ങള്‍ അനുസരിച്ച് അമിതവണ്ണമാണ് ടൈപ്പ് 2 പ്രമേഹത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന്. അമിതഭാരം ടൈപ്പ് 2 പ്രമേഹത്തിന്റെ സാധ്യത ഏഴ് മടങ്ങ് വര്‍ധിപ്പിക്കുന്നതായി ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ശരീരത്തിന്റെ ഉയരത്തിനും പ്രായത്തിനും ലിംഗപദവിക്കും അനുസൃതമായി ഭാരം നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കണം. ശരീരഭാരം ഏഴ് മുതല്‍ 10 ശതമാനം വരെ കുറയ്ക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത പകുതിയായി കുറയ്ക്കും. നിത്യവുമുള്ള വ്യായാമവും ആരോഗ്യകരമായ ഭക്ഷണക്രമവും ഭാരം കുറയ്ക്കാന്‍ സഹായകമാണ്. ദിവസവും അരമണിക്കൂര്‍ വേഗത്തിലുള്ള നടത്തം പ്രമേഹം സാധ്യത 30 ശതമാനം കുറയ്ക്കുമെന്നും ഗവേഷണ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.