WEB COVER 2

◾എഐസിസി പ്രസിഡന്റാകാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ചു. ഒരാള്‍ക്ക് ഒരു പദവി എന്ന പാര്‍ട്ടി നയം പാലിച്ചുകൊണ്ടാണ് രാജിവച്ചത്. പകരം പി.ചിദംബരം, ദിഗ്വിജയ് സിങ്, മുകുള്‍ വാസ്നിക് എന്നിവരില്‍ ഒരാളെ രാജ്യസഭാ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തേക്കും. ഖാര്‍ഗെയുടെ നാമനിര്‍ദേശ പത്രികയില്‍ എ.കെ. ആന്റണി ഒപ്പുവച്ചിരുന്നു.

◾എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ആരെ പിന്തുണക്കുമെന്നു കേരളത്തിലെ നേതാക്കള്‍ക്കിടയില്‍ ആശയക്കുഴപ്പം. ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഇല്ലെന്നും ഇഷ്ടമുള്ളവര്‍ക്ക് വോട്ട് ചെയ്യാമെന്നും കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. പിന്തുണ ഖാര്‍ഗെക്കാണെന്ന് രമേശ് ചെന്നിത്തല. വലിയൊരു വിഭാഗം യുവാക്കള്‍ ശശി തരൂരിനൊപ്പമാണ്.

◾വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. പത്തൊമ്പത് കിലോ വാണിജ്യ സിലിണ്ടറിന് 33.50 രൂപയാണ് കുറച്ചത്. ഇതോടെ വാണിജ്യ സിലിണ്ടര്‍ വില 1896.50 ല്‍ നിന്ന് 1863 ആയി. ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.

നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.
ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
ksfe.com/offers/ksfe-bhadratha-smart-chits-2022

◾മുഖ്യമന്ത്രി പിണറായി വിജയനെതിരേ ആരോപണമുള്ള സ്വര്‍ണക്കടത്ത് കേസ് ബംഗളൂരുവിലേക്കു മാറ്റണമെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വാദത്തിനെതിരേ കേരളം സുപ്രീംകോടതിയില്‍. കേരളത്തില്‍ വിചാരണ നടപടികള്‍ അട്ടിമറിക്കപ്പെടുമെന്ന ഇഡിയുടെ ആശങ്ക സാങ്കല്‍പികമാണെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. തങ്ങളുടെ വാദം കേള്‍ക്കാതെ വിചാരണ മാറ്റാന്‍ ഉത്തരവിടരുതെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു.

◾കെഎസ്ആര്‍ടിസിയില്‍ ആഴ്ചയില്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി പരിഷ്‌ക്കരണം പ്രാബല്യത്തിലായി. തുടക്കത്തില്‍ പാറശാല ഡിപ്പോയിലാണ് സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കിയത്. ഷെഡ്യൂളുകളുടെ എണ്ണം ഇരട്ടിയാക്കിയാണ് ഡ്യൂട്ടി പരിഷ്‌കരണം നടപ്പാക്കുന്നത്. എട്ടു മണിക്കൂറില്‍ കൂടുതലുള്ള ജോലിക്ക് അടിസ്ഥാന ശമ്പളത്തിനും ഡിഎയ്ക്കും ആനുപാതികമായ അധിക വേതനം നല്‍കും. അപാകതകളുണ്ടെങ്കില്‍ മാറ്റങ്ങള്‍ വരുത്തി ഒരു മാസത്തിനകം മുഴുവന്‍ ഡിപ്പോകളിലും നടപ്പിലാക്കും.

◾പൊലീസ് ആസ്ഥാനത്ത് ഇന്ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനു ശേഷമുള്ള സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ലഹരിക്കെതിരായ പ്രചാരണ പരിപാടികള്‍, ഓരോ ജില്ലയിലെയും ക്രമസമാധാന നില തുടങ്ങിയവയാണു ചര്‍ച്ച. ക്രമസമാധാന ചുമതലയുള്ള എസ്പിമാരാണു യോഗത്തിനുള്ളത്.

ജോയ്ആലുക്കാസ് വിശേഷങ്ങള്‍
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖➖➖➖➖

◾മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും അടങ്ങിയ സംഘം യൂറോപ്യന്‍ സന്ദര്‍ശനത്തിന് ഇന്നു രാത്രി പുറപ്പെടും. പര്യടനത്തിന്റെ വീഡിയോ, ഫോട്ടോ ചിത്രീകരണത്തിനു ഏഴു ലക്ഷം രൂപ മുടക്കി ഏര്‍പ്പാടാക്കിയിട്ടുണ്ട്. നാളെ മുതല്‍ നാലു വരെ ഫിന്‍ലന്‍ഡിലും അഞ്ചു മുതല്‍ ഏഴു വരെ നോര്‍വേയിലും ഒമ്പതു മുതല്‍ 12 വരെ യു.കെ യിലും മുഖ്യമന്ത്രി സന്ദര്‍ശിക്കും.

◾ചങ്ങനാശേരിയില്‍ ദൃശ്യം മോഡല്‍ കൊലപാതകം. ചങ്ങനാശേരിയിലെ ഒരു വീടിന്റെ തറ തുരന്ന് യുവാവിന്റെ മൃതദേഹം പുറത്തെടുത്തു. എസി റോഡില്‍ രണ്ടാം പാലത്തിനു സമീപമുള്ള വീടിന്റെ തറ തുരന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം ലഭിച്ചത്. ആലപ്പുഴ സ്വദേശി ബിജെപി പ്രവര്‍ത്തകനായ ബിന്ദുകുമാറിനെ (43) കാണാതായതുമായി ബന്ധപ്പെട്ട കേസന്വേഷണത്തിലാണ് വീടിന്റെ തറയില്‍ നിന്ന് മൃതദേഹം ലഭിച്ചത്. മുത്തുകുമാറിനെ പോലീസ് തെരയുന്നു. മുത്തുകുമാര്‍ വാടകയ്ക്കു താമസിക്കുന്ന വീട്ടില്‍നിന്നാണ് മൃതദേഹം കണ്ടെടുത്തത്.

◾തിരുവനന്തപുരം കിളിമാനൂരില്‍ ദമ്പതിമാരെ ചുറ്റികകൊണ്ടു തലയ്ക്കടിച്ച് അയല്‍വാസിയായ മുന്‍ സൈനികന്‍ പെട്രോള്‍ ഒഴിച്ചു കത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റ പള്ളിക്കല്‍ സ്വദേശി പ്രഭാകര കുറുപ്പ് (60) മരിച്ചു. പ്രഭാകരകുറുപ്പിന്റെ ഭാര്യ വിമലകുമാരിക്കും (55) ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. മുന്‍ സൈനികനായ പനപ്പാംകുന്ന് സ്വദേശി ശശിധരന്‍ നായര്‍ക്കും പൊള്ളലേറ്റു. ശശിധരന്‍ നായര്‍ നല്‍കിയ കേസില്‍ പ്രഭാകരക്കുറുപ്പിനെ വെറുതെ വിട്ടതും സാമ്പത്തിക തര്‍ക്കവുമാണ് ആക്രമണ കാരണമെന്നു നാട്ടുകാര്‍. ഹോളോ ബ്രിക്സ് നിര്‍മാണ യൂണിറ്റ് നടത്തുകയാണ് പ്രഭാകര കുറുപ്പ്.

◾പാര്‍ട്ടിയെ അമ്മയെ പോലെ കരുതണമെന്ന് സിപിഐ അഖിലേന്ത്യ സെക്രട്ടറി ഡി.രാജ. പാര്‍ട്ടിയാണ് ആയുധം. അടിസ്ഥാനപരമായി പാര്‍ട്ടിയെ സ്നേഹിക്കാന്‍ കഴിയണം. അവനവന്റേതെന്ന് കരുതണം. ജനങ്ങള്‍ക്കിടയില്‍ ജീവിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തയ്യാറാകണം. തിരുവനന്തപുരത്ത് സിപിഐ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

◾ലഹരിവിരുദ്ധ ബോധവത്കരണത്തിന് നാളെ സ്‌കൂളുകള്‍ തുറക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തോടു പ്രതിഷേധിച്ച് ക്രൈസ്തവ സംഘടനകള്‍. മുഖ്യമന്ത്രി വിളിച്ച ഓണ്‍ലൈന്‍ യോഗത്തിലാണ് ക്രൈസ്തവ നേതാക്കള്‍ എതിര്‍പ്പ് അറിയിച്ചത്. പ്രായോഗിക ബുദ്ധിമുട്ടുകള്‍ മനസിലാക്കുന്നുവെന്നു പറഞ്ഞ മുഖ്യമന്ത്രി പരിപാടി മാറ്റാനാവില്ലെന്നു വ്യക്തമാക്കി.

◾ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് നാളെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി നടത്തുന്നതിനെതിരേ മാര്‍ത്തോമ സഭയും രംഗത്ത്. വിശ്വാസികള്‍ ഞായറാഴ്ച വിശുദ്ധ ദിനമായാണ് ആചരിക്കുന്നതെന്നും ലഹരി വിരുദ്ധ പരിപാടി മാറ്റിവയ്ക്കണമെന്നും സഭ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നേരത്തെ കെസിബിസിയും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.

◾സിപിഎം കാട്ടാക്കട ഏരിയാ സെക്രട്ടറി കെ. ഗിരിയുടെ വീടിനുനേരെ ആക്രമണം. പുലര്‍ച്ചെ മൂന്നരയോടെയാണ് മേലോട്ടുമൂഴിയിലെ വീടിനുനേരെ കല്ലേറുണ്ടായത്. ആക്രമണത്തില്‍ ജനല്‍ ചില്ല് തകര്‍ന്നു.

◾ആലുവ കമ്പനിപ്പടിയില്‍ യൂ ടേണ്‍ എടുക്കാന്‍ കാത്തുനിന്ന വാഹനങ്ങളിലേക്ക് കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയറി യാത്രക്കാര്‍ക്ക് പരിക്കേറ്റു. ചരക്ക് ലോറിക്കു പിന്നില്‍ നിര്‍ത്തിയിരുന്ന മാരുതി ഒമിനി കാര്‍ പൂര്‍ണമായും തകര്‍ന്നു. രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. ഒമിനി വാനില്‍ ഉണ്ടായിരുന്ന ബാബു എന്നയാള്‍ക്കു പരിക്കേറ്റു. കെഎസ്ആര്‍ടിസി ബസില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ക്കും പരിക്കുണ്ട്.

◾തൃശൂര്‍ പാലപ്പിള്ളിയില്‍ പേവിഷബാധ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച പശു ചത്തു. എച്ചിപ്പാറ ചക്കുങ്ങല്‍ അബ്ദുള്ളയുടെ പശുവാണ് ചത്തത്. ഇന്നലെ മുതലാണ് പശു പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചത്. നേരത്തെ ഒരു പട്ടിയും പശുവും പേബാധിച്ച് ചത്തിരുന്നു.

◾രാജസ്ഥാനിലെ സിരോഹിയില്‍ നടന്ന ബിജെപി റാലിയില്‍ രാത്രി പത്തു മണിക്കു ശേഷം എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കാതെ മടങ്ങി. കാത്തിരുന്ന ജനക്കൂട്ടത്തോടു മാപ്പ് ചോദിച്ചുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങിയത്. രാത്രി പത്തിനുശേഷം ഉച്ചഭാഷിണി ഉപയോഗിക്കരുതെന്ന നിയമം പാലിക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം പ്രസംഗിക്കാതെ വേദിയില്‍നിന്ന് കൈവീശി അഭിവാദ്യം ചെയ്തും മാപ്പു ചോദിച്ചും മടങ്ങിയത്.

◾ലൈംഗിക അധിക്ഷേപ കേസുകളില്‍ പ്രതിയും അതിജവീതയും തമ്മില്‍ ഒത്തുതീര്‍പ്പായാല്‍ ഹൈക്കോടതിക്ക് കേസ് റദ്ദാക്കാനാകുമോയെന്നു പരിശോധിക്കാന്‍ സുപ്രിം കോടതി അമിക്കസ് ക്യൂറിയായി മുന്‍ കേരള ഹൈക്കോടതി ജഡ്ജി ആര്‍ ബസന്തിനെ നിയമിച്ചു. സ്‌കൂളില്‍ പതിനഞ്ചുകാരിയെ അധ്യാപകന്‍ ലൈംഗീകമായി അധിക്ഷേപിച്ചെന്ന പരാതിയില്‍ രാജസ്ഥാന്‍ ഹൈക്കോടതിയിലുള്ള കേസ് ഒത്തുതീര്‍ത്തതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പരിശോധനയ്ക്കു നിര്‍ദേശം നല്‍കിയത്.

◾രാജ്യത്തെ ഫൈവ് ജി സ്പെക്ട്രം സേവനം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസിന്റെ ഉദ്ഘാടന ചടങ്ങിലാണ് ഫൈവ് ജി ഉദ്ഘാടനം ചെയ്തത്. അടുത്ത വര്‍ഷം ഡിസംബറോടെ എല്ലാ താലൂക്കിലും ഫൈവ് ജി എത്തിക്കുമെന്ന് മുകേഷ് അംബാനി പറഞ്ഞു.

◾വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുമുള്ള ഇളവുകള്‍ എയര്‍ ഇന്ത്യ വെട്ടിക്കുറച്ചു. ടാറ്റ ഗ്രൂപ്പിനു കീഴിലുള്ള എയര്‍ ഇന്ത്യ ഇളവുകള്‍ 50 ശതമാനത്തില്‍നിന്ന് 25 ശതമാനമായാണ് വെട്ടിക്കുറച്ചത്. അടിസ്ഥാന നിരക്കുകളിലെ പുതുക്കിയ ഇളവ് സെപ്റ്റംബര്‍ 29 മുതല്‍ പ്രാബല്യത്തില്‍ വന്നു.

◾പാകിസ്ഥാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചു. നിയമവിരുദ്ധ ഉള്ളടക്കമുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയതിനാലാണ് മരവിപ്പിച്ചതെന്ന് ട്വിറ്റര്‍.

◾സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായ രണ്ട് ദിവസത്തെ വര്‍ദ്ധനയ്ക്ക് ശേഷമാണ് ഇന്ന് ഇടിവുണ്ടായിരിക്കുന്നത്. രണ്ട് ദിവസംകൊണ്ട് 680 രൂപയുടെ വര്‍ദ്ധനവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,200 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 15 രൂപ കുറഞ്ഞു. ഇന്നലെ 25 രൂപ ഉയര്‍ന്നിരുന്നു. വിപണി വില 4650 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ കുറഞ്ഞു. ഇന്നലെ 20 രൂപ ഉയര്‍ന്നിരുന്നു. നിലവില്‍ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3845 രൂപയാണ്.

◾അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കടക്കെണിയില്‍ അകപ്പെട്ട കമ്പനിയെന്ന ചീത്തപ്പേര് നേടുകയും ലോകരാജ്യങ്ങളെയാകെ കടുത്ത സാമ്പത്തികമാന്ദ്യത്തിലേക്ക് തള്ളുകയും ചെയ്ത അമേരിക്കന്‍ ധനകാര്യ, റിയല്‍എസ്റ്റേറ്റ് സ്ഥാപനമായ ലേമാന്‍ ബ്രദേഴ്‌സ് ഒടുവില്‍ ബാദ്ധ്യതകള്‍ പൂര്‍ണമായി തീര്‍ത്തു. അമേരിക്കയിലെ നാലാമത്തെ വലിയ നിക്ഷേപക ബാങ്കായിരുന്ന ലേമാന്‍ ബ്രദേഴ്‌സ് നീണ്ട 14 വര്‍ഷവും 13 ദിവസവുംകൊണ്ടാണ് ബാദ്ധ്യതകള്‍ വീട്ടിയത്. ലേമാന്‍ ബ്രദേഴ്‌സ് 11,500 കോടി ഡോളറിന്റെ (ഏകദേശം 9.4 ലക്ഷം കോടി രൂപ) ബാദ്ധ്യതകളാണ് വീട്ടിയത്. കമ്പനിയുടെ ഉപഭോക്താക്കളായിരുന്ന 1.11 ലക്ഷം പേര്‍ക്കായി 10,600 (8.65 ലക്ഷം കോടി രൂപ) കോടി ഡോളര്‍ നല്‍കി. കമ്പനിക്ക് വായ്പനല്‍കിയ സ്ഥാപനങ്ങള്‍ക്ക് 940 കോടി ഡോളറും (77,000 കോടി രൂപ) തിരിച്ചുനല്‍കി. യു.എസ് ബാങ്ക്‌റപ്റ്റ്‌സി ജഡ്ജി ഷെല്ലി ചാപ്മാന്റെ നേതൃത്വത്തിലാണ് ലിക്വിഡേഷന്‍ (ബാദ്ധ്യത വീട്ടല്‍) നടപടികള്‍ പൂര്‍ത്തിയാക്കിയത്.

◾അനിര്‍ബന്‍ ബോസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ബോളിവുഡ് ചിത്രം ‘അയെ സിന്ദഗി’യുടെ ഒഫിഷ്യല്‍ ട്രെയ്ലര്‍ പുറത്തെത്തി. ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കുന്ന സിനിമയെന്ന് അണിയറക്കാര്‍ പറഞ്ഞിരിക്കുന്ന ചിത്രം ഒരു 26 കാരന്റെ കഥയാണ് പറയുന്നത്. ലിവര്‍ സിറോസിസ് ബാധിച്ച ചെറുപ്പക്കാരനും ആശുപത്രിയിലെ ഗ്രീഫ് കൌണ്‍സിലര്‍ക്കുമിടയില്‍ ഉടലെടുക്കുന്ന ഊഷ്മളമായ ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. വിനയ് ചൗള എന്ന രോഗിയായ ചെറുപ്പക്കാരനെ സത്യജീത് ദുബേയാണ് അവതരിപ്പിക്കുന്നത്. രേവതിയാണ് ആശുപത്രിയിലെ കൗണ്‍സിലറായി എത്തുന്നത്. രേവതി എന്നുതന്നെയാണ് ഈ കഥാപാത്രത്തിന്റെ പേര്. രേവതിയുടെ ഇടപെടലുകള്‍ വിനയ്യുടെ മനസില്‍ വീണ്ടും പ്രതീക്ഷകള്‍ പാകുകയാണ്. ഒക്റ്റോബര്‍ 14 ന് തിയറ്ററുകളില്‍ എത്തും.

◾മണിരത്നത്തിന്റെ ബ്രഹ്‌മാണ്ഡ ചിത്രം ‘പൊന്നിയിന്‍ സെല്‍വന്‍’ കഴിഞ്ഞ ദിവസമാണ് പ്രദര്‍ശനത്തിന് എത്തിയത്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ഇതിഹാസ നോവലിനെ അധികരിച്ചാണ് മണിരത്നം ചിത്രം ഒരുക്കിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആദ്യ ദിനം മികച്ച കളക്ഷന്‍ ചിത്രത്തിന് നേടാനായി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍. ‘പൊന്നിയിന്‍ സെല്‍വന്‍’ ആദ്യ ദിനം ഏകദേശം 39 കോടിയോളം കളക്ഷന്‍ നേടിയെന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. 2022ല്‍ ഏറ്റവും കളക്ഷന്‍ നേടിയ രണ്ടാമത്തെ തമിഴ് ചിത്രമായിരിക്കുകയാണ് ‘പൊന്നിയിന്‍ സെല്‍വ’ന്‍. 2022ല്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട ‘വിക്ര’ത്തിനെയും വലിമൈയെയും പിന്നിലാക്കിയാണ് പൊന്നിയിന്‍ സെല്‍വന്റെ മുന്നേറ്റം. തമിഴ്നാട്ടില്‍ 23- 24 കോടി രൂപയ്ക്കടുത്ത് നേടിയ ‘പൊന്നിയിന്‍ സെല്‍വ’ന് മുന്നില്‍ വിജയ്യുടെ ‘ബീസ്റ്റ്’ മാത്രമാണ് തമിഴ്നാട്ടില്‍ നിന്നുള്ളത്. വടക്കേ ഇന്ത്യയില്‍ നിന്ന് 2.75 കോടി രൂപയാണ് ‘പൊന്നിയിന്‍ സെല്‍വന്‍’ നേടിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് 3.25 കോടി രൂപയാണ് ചിത്രം കളക്റ്റ് ചെയ്തപ്പോള്‍ കര്‍ണാടകയില്‍ നിന്ന് നാല് കോടി നേടി. ആന്ധ്രാപ്രദേശ്/ തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്ന് 5.50 കോടിയും സ്വന്തമാക്കി.

◾ജാവ, ജാവ 42 എന്നീ 2 മോട്ടോര്‍സൈക്കിളുകളുമായി ക്ലാസിക് ലെജന്‍ഡ്‌സ് 2018-ല്‍ ആണ് ജാവ നെയിംപ്ലേറ്റ് വീണ്ടും അവതരിപ്പിച്ചത്. കമ്പനി ‘ഫാക്ടറി കസ്റ്റം’ ബോബര്‍ മോട്ടോര്‍സൈക്കിളായ ജാവ പെരാക്ക് 2019-ല്‍ പുറത്തിറക്കിയിരുന്നു. ഇതിന് വാങ്ങുന്നവരില്‍ നിന്ന് നല്ല പ്രതികരണം ലഭിച്ചു. ഇപ്പോള്‍, കമ്പനി പുതിയ ജാവ 42 ബോബര്‍ പുറത്തിറക്കി. അത് പ്രധാനമായും ഫാക്ടറി കസ്റ്റം ട്രീറ്റ്‌മെന്റോടുകൂടിയ ജാവ 42 ആണ്. മിസ്റ്റിക് കോപ്പര്‍, മൂണ്‍സ്റ്റോണ്‍ വൈറ്റ്, ജാസ്പര്‍ റെഡ് (ഡ്യുവല്‍ ടോണ്‍) എന്നിങ്ങനെ ആകര്‍ഷകമായ മൂന്ന് നിറങ്ങളില്‍ പുതിയ ജാവ 42 ബോബര്‍ ലഭ്യമാകും. മിസ്റ്റിക് കോപ്പറിന് 2,06,500 രൂപയും മൂണ്‍സ്റ്റോണ്‍ വൈറ്റിന് 2,07,500 രൂപയും ജാസ്പര്‍ റെഡിന് 2,09,187 രൂപയുമാണ് ദില്ലി എക്സ് ഷോറൂം വില.

◾ഹിന്ദി സിനിമയിലെ അനശ്വരഗാനങ്ങളുടെ പിറവിയെക്കുറിച്ചുള്ള പുസ്തകം. പ്രണയത്തിന്റെയും വിരഹത്തിന്റെയും ആഘോഷങ്ങളുടെയും ഭൂമികയില്‍ ഇന്നും ഒഴുകുന്ന വരികള്‍ക്കും സംഗീതത്തിനും പിന്നിലെ മഹദ് വ്യക്തികളുടെ കയ്ക്കും മധുരവും നിറഞ്ഞ ജീവിതം. മലയാളത്തിന്റെ പ്രിയപ്പെട്ട പാട്ടെഴുത്തുകാരന്‍ രവി മേനോന്റെ സംഗീതം തുളുമ്പുന്ന ഏറ്റവും പുതിയ പുസ്തകം. ‘പിന്‍നിലാവിന്റെ പിച്ചകപ്പൂക്കള്‍’. ഒലീവ് പബ്ളിക്കേഷന്‍സ്. വില 171 രൂപ.

◾ദിവസവും രണ്ടില്‍ കൂടുതല്‍ തവണ മലവിസര്‍ജ്ജനം ചെയ്യുന്നവര്‍ക്ക് ഹൃദയാഘാതം, ടൈപ്പ് 2 പ്രമേഹം, വൃക്കരോഗം എന്നിവ ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണെന്നാണ് പെക്കിംഗ് സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. 30-നും 79-നും ഇടയില്‍ പ്രായമുള്ള 500,000 പേരെ പത്ത് വര്‍ഷത്തോളം നിരീക്ഷിച്ചായിരുന്നു പഠനം നടത്തിയത്. നാം കഴിക്കുന്ന ഭക്ഷണത്തിന്റെ അളവനുസരിച്ചാണ് മലവിസര്‍ജ്ജനസമയം ശരീരം തന്നെ നിജപ്പെടുത്തുന്നത്. സാധാരണ ഒരാള്‍ ദിവസം മലവിസര്‍ജനത്തിനായി ഒന്നോ രണ്ടോ തവണ ടോയ്‌ലറ്റില്‍ പാേകേണ്ട ആവശ്യമേ ഉള്ളൂ. എന്നാല്‍ മൂത്രമൊഴിക്കാന്‍ കൂടുതല്‍ തവണ പോകേണ്ടി വരും. ഭക്ഷണം ശരിയായി ദഹിച്ച് അതില്‍ നിന്ന് ശരീരത്തിന് ആവശ്യമായവ വലിച്ചെടുത്തശേഷം ശേഷിക്കുന്ന മാലിന്യമാണ് മലമായി പുറത്തുപോകുന്നത്. ഭക്ഷണം ശരിയായി ദഹിക്കാതിരിക്കുമ്പോള്‍ മലത്തിന്റെ അളവ് കുറയുന്നതിനൊപ്പം ശരീരത്തില്‍ നിന്ന് പുറത്തുപോകാന്‍ കൂടുതല്‍ സമയം എടുക്കുകയും ചെയ്യും. ഭക്ഷണം നന്നായി ദഹിക്കാതിരിക്കുന്നത് കുടല്‍ ക്യാന്‍സറിന്റെ ലക്ഷണമാവാം. ഇടവിട്ട് ടോയ്‌ലറ്റില്‍ പോകുന്നത് മലാശയ കാന്‍സറിന്റെ ലക്ഷണവുമാവാം. ഇതിനൊപ്പം വയറ്റില്‍ വേദന, കടുത്ത ക്ഷീണം, ഭാരം കുറയുക തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ഡോക്ടറുടെ സേവനം തേടേണ്ടതാണ്. ദഹന വ്യവസ്ഥയ്ക്ക് പുറത്തുസംഭവിക്കുന്ന ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ കൊണ്ടും ഇത്തരം അസ്വസ്ഥതകള്‍ ശരീരത്തിനുണ്ടാവാം എന്നും ഗവേഷകര്‍ പറയുന്നുണ്ട്. ഇത്തരത്തിലുളളവര്‍ക്ക് ഹൃദയാഘാതം വരാന്നുള്ള സാദ്ധ്യതയും കൂടുതലാണത്രേ. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രം ടോയ്‌ലറ്റില്‍ പോകുന്നത് ഗുരതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്ന മുന്നറിയിപ്പും ഗവേഷകര്‍ നല്‍കുന്നുണ്ട്. പഴകിയ മലം കെട്ടിനില്‍ക്കുന്നതാണ് പ്രശ്നമാകുന്നത്.

ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 81.64, പൗണ്ട് – 91.03, യൂറോ – 80.02, സ്വിസ് ഫ്രാങ്ക് – 82.57, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 52.24, ബഹറിന്‍ ദിനാര്‍ – 216.40, കുവൈത്ത് ദിനാര്‍ -263.41, ഒമാനി റിയാല്‍ – 212.07, സൗദി റിയാല്‍ – 21.73, യു.എ.ഇ ദിര്‍ഹം – 22.23, ഖത്തര്‍ റിയാല്‍ – 22.42, കനേഡിയന്‍ ഡോളര്‍ – 59.02.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *