web cover 106


പേപ്പട്ടികളെയും അക്രമകാരികളായ നായ്ക്കളെയും കൊല്ലാന്‍ അനുവദിക്കണമെന്ന് കേരളം സുപ്രീംകോടതിയില്‍. പക്ഷികളില്‍ നിന്നോ മൃഗങ്ങളില്‍ നിന്നോ സാംക്രമിക രോഗങ്ങളുണ്ടാകുമ്പോള്‍ അവയെ കൊല്ലാന്‍ നിലവിലെ നിയമങ്ങള്‍ അനുവദിക്കുന്നുണ്ട്. പേപ്പട്ടി ശല്യം ഇത്രയും രൂക്ഷമായ സാഹചര്യത്തില്‍ നിലവിലെ ചട്ടങ്ങളില്‍ ഇളവു വരുത്തി അനുമതി നല്‍കണമെന്നാണ് ആവശ്യം.

പോപ്പുലര്‍ ഫ്രണ്ടിനെതിരെ കര്‍ണാടക, ആസാം, യുപി, മഹാരാഷ്ട്ര, ഡല്‍ഹി, മധ്യപ്രദേശ് തുടങ്ങി എട്ടു സംസ്ഥാനങ്ങളില്‍ റെയ്ഡ്. അഞ്ചു സംസ്ഥാനങ്ങളില്‍നിന്ന് 247 പേരെ അറസ്റ്റ് ചെയ്തു. സംസ്ഥാനങ്ങളിലെ പൊലീസാണ് പരിശോധന നടത്തിയത്. ഡല്‍ഹിയില്‍ റെയ്ഡ് പ്രദേശങ്ങളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. സെപ്റ്റംബര്‍ 22ന് എന്‍ഐഎ റെയ്ഡില്‍ 106 പേരെ അറസ്റ്റു ചെയ്തിരുന്നു. ഇപ്പോള്‍ ഡല്‍ഹിയില്‍ 30 പേരെയാണ് കസ്റ്റഡിയിലെടുത്തത്. കര്‍ണാടകത്തില്‍ 80 പേരെ പൊലീസ് പിടികൂടി. ജില്ലാ പ്രസിഡന്റുമാരടക്കം 45 പേരെ അറസ്റ്റു ചെയ്തു.

ബോളിവുഡ് നടിയും സംവിധായികയും നിര്‍മാതാവുമായ ആശ പരേഖിന് ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ്. സെന്‍സര്‍ ബോര്‍ഡിന്റെ അധ്യക്ഷയായ ആദ്യ വനിതയാണ് ആശാഖ് പരേഖ്. ടെലിവിഷന്‍ പരമ്പരകളും ആശാ പരേഖ് സംവിധാനം ചെയ്തിട്ടുണ്ട്. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

*_KSFE_ GOLD LOAN*

*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*

നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*

ഗവര്‍ണര്‍ക്കെതിരേ പരസ്യ വിമര്‍ശനവുമായി കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍. ഗവര്‍ണര്‍ രൂപീകരിച്ച രണ്ടംഗ സെര്‍ച്ച് കമ്മിറ്റിയിലേക്ക് സെനറ്റിന്റെ അംഗത്തെ നിയോഗിക്കാന്‍ ചട്ടം അനുവദിക്കുന്നില്ലെന്നു വൈസ് ചാന്‍സലര്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ ഗതാഗത തടസംമുണ്ടാക്കുന്നുവെന്ന് ആരോപിച്ചുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ആരോപണം തെളിയിക്കാന്‍ ഹര്‍ജിക്കാരനു കഴിഞ്ഞില്ല. യാത്ര സമാധാനപരമായി കടന്നു പോകുകയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കണ്ണൂര്‍ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ മുഖ്യമന്ത്രിക്കെതിരേ സ്വജനപക്ഷപാതം ആരോപിച്ചുള്ള ഹര്‍ജിയില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഹാജരാകും. വിജിലന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനെ ഒഴിവാക്കിയാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല നല്‍കിയ ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കും.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

ജയസാധ്യതയുള്ള ആറു മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കാന്‍ കര്‍മ്മ പദ്ധതിയുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ. തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, മാവേലിക്കര, തൃശൂര്‍, പാലക്കാട് എന്നിവയാണ് ആറു മണ്ഡലങ്ങള്‍. ബൂത്ത് ഇന്‍ ചാര്‍ജുമാര്‍ മുതല്‍ മുതിര്‍ന്ന നേതാക്കള്‍വരെ വീടു കയറി പ്രചാരണം നടത്തണമെന്നാണ് നിര്‍ദേശം.

സംസ്ഥാന സെക്രട്ടേറിയറ്റ് സംവിധാനം പുനസ്ഥാപിക്കണമെന്ന് സിപിഐയിലെ കാനം വിരുദ്ധപക്ഷം. സംസ്ഥാന സെക്രട്ടറിയുടെ ഏകപക്ഷീയ നയങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന നിലപാട് 30 ന് ആരംഭിക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ ഉയര്‍ത്താനാണ് നീക്കം. എന്നാല്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പിലടക്കം ഉണ്ടായ വളര്‍ച്ച നേതൃത്വത്തിന്റെ സ്വീകാര്യതക്കു തെളിവാണെന്നാണ് കാനം അനുകൂലികളുടെ നിലപാട്.

ഉദ്യോഗസ്ഥര്‍ ഓഫീസിലിരുന്ന് റോഡ് പരിശോധനാ റിപ്പോര്‍ട്ട് നല്‍കുന്ന രീതി അവസാനിപ്പിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ഉദ്യാഗസ്ഥര്‍ ഫീല്‍ഡില്‍ പോയി പരിശോധന നടത്തണം. പുതിയ റോഡ് പണിതതിനുശേഷം കുടിവെള്ള പദ്ധതിക്കായി റോഡ് കുത്തിപ്പൊളിക്കുന്ന സംഭവങ്ങള്‍ അവസാനിപ്പിക്കണം. ഇതിനായി ജലവിഭവ വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി കൊല്ലത്ത് പറഞ്ഞു.

കണ്ണൂര്‍ അത്താഴക്കുന്നിലെ തോണി അപകടത്തില്‍ മരണം മൂന്നായി. തോണി മറിഞ്ഞ് കാണാതായ അത്താഴക്കുന്നിലെ കെ. സഹദിന്റെ മൃതദേഹവും കണ്ടെത്തി. കാണാതായ രണ്ട് പേരുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു.

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് പെരിന്തല്‍മണ്ണ ഏലംകുളം സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് കെട്ടിടത്തില്‍ കറുത്ത ബാനര്‍. ‘പൊറോട്ടയല്ല, കുഴിമന്തിയാണ് പെരിന്തല്‍മണ്ണയില്‍ ബെസ്റ്റെ’ന്ന് എഴുതിയ ബാനറാണ് ഉയര്‍ത്തിയത്. കെട്ടിടത്തില്‍ രാഹുലിന്റെ യാത്ര കാണാന്‍ നിരവധി സ്ത്രീകള്‍ കയറി നില്‍ക്കുന്ന ചിത്രം വി ടി ബല്‍റാം ഫേസ്ബുക്കില്‍ പങ്കുവച്ചത് ‘കറുത്ത ബാനറുമായി കമ്മികള്‍, തുടുത്ത മനസുമായി ജനങ്ങള്‍’ എന്ന കുറിപ്പോടെയാണ്.

പോപ്പുലര്‍ ഫ്രണ്ടിനെയല്ല, ആദ്യം ആര്‍എസ്എസിനെയാണ് നിരോധിക്കേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. കേരളത്തില്‍ എസ്ഡിപിഐ – സിപിഎം സഖ്യമുണ്ടെന്നത് എതിരാളികളുടെ വ്യാജ പ്രചാരണമാണ്. കേരളത്തില്‍ ഹര്‍ത്താലുകള്‍ നിരോധിക്കണം എന്ന അഭിപ്രായം സിപിഎമ്മിനില്ലെന്നും ഗോവിന്ദന്‍ കണ്ണൂരില്‍ പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസില്‍ ജാമ്യാപേക്ഷയുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഹൈക്കോടതിയില്‍. അന്വേഷണം പൂര്‍ത്തിയായെന്നും തെളിവുകളില്ലെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതികളുടെ ആവശ്യം. സെക്യൂരിറ്റി ജീവനക്കാരന് പ്രതികളോടുള്ള ശത്രുതയാണ് കേസില്‍ പെടുത്താന്‍ കാരണമെന്നും പൊലീസിന് ഗൂഡലക്ഷ്യങ്ങളുണ്ടെന്നും പ്രതികള്‍ ആരോപിച്ചു.

അട്ടപാടി മധു വധകേസില്‍ ജാമ്യം ആവശ്യപ്പെട്ട് 11 പ്രതികള്‍ കോടതിയില്‍. പാലക്കാട് മണ്ണാര്‍ക്കാട് വിചാരണ കോടതിയിലാണ് ഹര്‍ജി നല്‍കിയത്. സാക്ഷികളെ സ്വാധീനിക്കുന്നുവെന്ന് കാണിച്ചാണ് കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. കേസില്‍ ഇനി വിസ്തരിക്കാനുള്ളത് ഉദ്യോഗസ്ഥരെ മാത്രമാണെന്നു ചൂണ്ടിക്കാട്ടിയാണ് പ്രതികള്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

നവരാത്രി വൃതം ആരംഭിച്ചതോടെ സംസ്ഥാനത്തു പച്ചക്കറി വില കത്തുന്നു. കിലോയ്ക്ക് 30 രൂപ വിലയുണ്ടായിരുന്ന ഇനങ്ങള്‍ക്ക് ഇരട്ടിയിലേറെ വര്‍ധിച്ച് 70 രൂപയിലേറെയായി. 50 രൂപയുണ്ടായിരുന്ന കാരറ്റിന് നൂറു രൂപയാണ് വില. ബീന്‍സ്, പാവയ്ക്ക, പയര്‍ എന്നിവയ്ക്കെല്ലാം മുപ്പതു രൂപയാണു വര്‍ധിച്ചത്. തക്കാളിക്ക് 30 രൂപയില്‍നിന്ന് 50 രൂപയായി. നവരാത്രിക്കു പച്ചക്കറി ഡിമാന്‍ഡ് വര്‍ധിച്ചതും അയല്‍ സംസ്ഥാനങ്ങളിലെ വിളനാശംമൂലം വരവു കുറഞ്ഞതുമാണ് വിലക്കയറ്റത്തിനു കാരണം.

സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ മധ്യവയസ്‌കയോട് മോശമായി പെരുമാറിയ ജീവനക്കാരന്‍ അറസ്റ്റില്‍. കട്ടപ്പന താലൂക്ക് ആശുപത്രിയിലെ അറ്റന്‍ഡര്‍ കോതമംഗലം പുതുപ്പാടി പുണച്ചില്‍ വീട്ടില്‍ പൗലോസിനെയാണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്.

മകളേയും തന്നെയും ആക്രമിച്ച കെഎസ്ആര്‍ടിസി ജീവനക്കാരുടെ അറസ്റ്റ് വൈകുന്നതിനെതിരെ പ്രേമനന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുന്നു. കെഎസ്ആര്‍ടിസിയെ താന്‍ അപമാനിച്ചതാണ് പ്രശ്നത്തിന് കാരണമെന്ന പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ ആരോപണം പ്രേമനന്‍ തള്ളി. മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി നാളെ പരിഗണിക്കും

യുവാവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ ആളും സംഘാംഗങ്ങളും അടക്കം നാലു പേര്‍ അറസ്റ്റില്‍. കല്ലൂര്‍ക്കാട് കലൂര്‍ കുന്നേല്‍ വീട്ടില്‍ രവി (67), ബ്ലാക്ക് മാന്‍ എന്ന വിഷ്ണു, അമീന്‍, നെല്ലൂര്‍ സാന്‍ജോ എന്നിവരെയാണ് കല്ലൂര്‍ക്കാട് പൊലിസ് അറസ്റ്റ് ചെയ്തത്. കലൂരിലെ ജോഷി ആന്റണിയെ വകവരുത്താനാണ് രവി ഇരുപതിനായിരം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കിയത്.

മ്യാന്‍മറില്‍ കുടുങ്ങിയ മലയാളികളെ മോചിപ്പിക്കാന്‍ ലക്ഷങ്ങള്‍ മോചനദ്രവ്യമായി നല്‍കണമെന്ന് മാഫിയ സംഘം. വിവരങ്ങള്‍ പുറത്തു പോകാതിരിക്കാന്‍ തടവുകാരെ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നുണ്ട്. മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കുകയോ ക്യാമറയില്‍ സ്റ്റിക്കര്‍ പതിക്കുകയോ ചെയ്തതായാണ് വിവരം.

ഡ്യൂട്ടി പരിഷ്‌കരണമടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കെഎസ്ആര്‍ടിസി സിഎംഡി വിളിച്ച തൊഴിലാളി സംഘടനാ നേതാക്കളുമായുള്ള യോഗം ഇന്ന് തിരുവനന്തപുരത്ത്. വൈകുന്നേരം നാലരയോടെ ചീഫ് ഓഫീസിലെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കല്‍, അക്കൗണ്ട്സ് വിഭാഗം ജീവനക്കാരുടെ ഓഫീസ് സമയ മാറ്റം, ഓപ്പറേഷന്‍ വിഭാഗം ജീവനക്കാരുടെ കളക്ഷന്‍ ഇന്‍സെന്റീവ് പാറ്റേണ്‍ പരിഷ്‌കരണം അടക്കമുള്ള കാര്യങ്ങളാണ് പ്രധാന അജണ്ട.

അഭിമുഖത്തിനിടെ ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ നടന്‍ ശ്രീനാഥ് ഭാസിയെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കി. ശ്രീനാഥ് ഭാസിയുടെ നഖം, തലമുടി, രക്ത സാമ്പിള്‍ എന്നിവയുടെ സാമ്പിളുകള്‍ മരട് പൊലീസ് ശേഖരിച്ചു. നടനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.

മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുല്‍ റഹ്‌മാന്‍ കല്ലായിയെ അറസ്റ്റു ചെയ്തത് പ്രതികാര നടപടിയെന്ന് എം കെ മുനീര്‍. മോദി രീതിയിലുള്ള പ്രതികാര നടപടികളാണ് കേരളത്തിലും നടക്കുന്നത്. ലീഗ് നേതാക്കളെ വിജിലന്‍സ് കേസുകളില്‍ കുടുക്കുകയാണ്. അന്വേഷണത്തില്‍ ഭയമില്ല. എന്നാല്‍, അന്വേഷണങ്ങളില്‍ സുതാര്യത വേണമെന്നും എം കെ മുനീര്‍ പറഞ്ഞു. മട്ടന്നൂര്‍ ജുമാ മസ്ജിദ് നിര്‍മ്മാണത്തില്‍ അഴിമതി ആരോപിച്ചാണ് അബ്ദുല്‍ റഹ്‌മാന്‍ കല്ലായിയെ അറസ്റ്റുചെയ്തു വിട്ടയച്ചത്.

ഹര്‍ത്താലിന് കടയടപ്പിക്കാന്‍ വടിവാളെടുത്ത പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ രണ്ടു പേര്‍ തൃശൂര്‍ ജില്ലയിലെ പാവറട്ടിയില്‍ അറസ്റ്റില്‍. മുല്ലശേരി സ്വദേശികളായ ഷാമില്‍, ഷമീര്‍ എന്നിവരാണ് അറസ്റ്റിലായത്. ബസിന് കല്ലെറിഞ്ഞതിന് പാവറട്ടി, വടക്കാഞ്ചേരി പൊലീസ് രണ്ടു പേരെ വീതം പിടികൂടി. കല്ലമ്പലത്ത് ബസിന് കല്ലെറിഞ്ഞ കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായി.

ദേവസ്വം ബോര്‍ഡില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെടുത്ത കേസില്‍ അമ്മയും മകനും ഉള്‍പ്പെടെ മൂന്നുപേര്‍ കൂടി അറസ്റ്റില്‍. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. ചെട്ടികുളങ്ങര സ്വദേശി കെ.ജെ സിനി എന്ന സിനി എസ് പിള്ള (47), മകന്‍ അനന്തകൃഷ്ണന്‍ (23), കരുനാഗപ്പള്ളി കൊല്ലക വടക്കുംതല മൂന്നു സെന്റ് കോളനിയിലെ രുദ്രാക്ഷ് എന്ന കുക്കു (27) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

ഫുട്ബോള്‍ കളിക്കുന്നതിനിടെ വയനാട് സ്വദേശിയായ വിദ്യാര്‍ഥി കോയമ്പത്തൂരില്‍ കുഴഞ്ഞുവീണ് മരിച്ചു. വൈത്തിരി കോളിച്ചാല്‍ സ്വദേശി അബ്ദുള്ള – ആമിന ദമ്പതികളുടെ മകന്‍ റാഷിദ് (21) ആണ് മരിച്ചത്.

കന്യാസ്ത്രീ മഠത്തില്‍നിന്നു പുറത്താക്കിയിട്ടും മഠത്തില്‍ തുടരുന്ന മുന്‍ കന്യാസ്ത്രീ ലൂസി കളപ്പുര വയനാട്ടിലെ കാരയ്ക്കാമല എഫ്സിസി കോണ്‍വെന്റില്‍ സത്യഗ്രഹ സമരം തുടങ്ങി. മഠത്തില്‍ സ്വാതന്ത്ര്യം ഇല്ല, ഇഷ്ടപ്പെട്ട ഭക്ഷണം തരുന്നില്ല, ഫ്രിഡ്ജില്‍ സാധനങ്ങള്‍ വയ്ക്കാന്‍ അനുവദിക്കുന്നില്ല തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ലൂസിയുടെ സമരം.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട് സോണിയ ഗാന്ധിയെ കാണാന്‍ സമയം ചോദിച്ചു. ഇതിനിടെ മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് ഗലോട്ടുമായും സച്ചിന്‍ പൈലറ്റുമായും സംസാരിക്കും. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കില്ലെന്ന് വരണാധികാരി മധുസൂദന്‍ മിസ്ത്രി വ്യക്തമാക്കി.

രാജസ്ഥാനില്‍ സമാന്തര യോഗം നടത്തിയും ഹൈക്കമാന്‍ഡിനെ വിമര്‍ശിച്ചും പ്രതിസന്ധിക്കു നേതൃത്വം നല്‍കിയ മന്ത്രി ശാന്തി ധരിവാളിന് എഐസിസിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. ഗലോട്ടിനെതിരെ ഹൈക്കമാന്‍ഡ് നേതാക്കള്‍ ഗൂഢാലോചന നടത്തിയെന്ന് ധരിവാള്‍ ആരോപണം ഉന്നയിച്ചിരുന്നു. സമാന്തര യോഗം ചേര്‍ന്നത് ധരിവാളിന്റെ വീട്ടിലാണ്. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വിശ്വസ്തനാണ് മന്ത്രി ശാന്തി ധരിവാള്‍.

മദ്യപിച്ചെത്തിയ ആള്‍ എയര്‍ ഹോസ്റ്റസിനെ വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്തു. പ്രതിയെ എയര്‍ ഹോസ്റ്റസ് മുറിയില്‍ പൂട്ടിയിട്ട് പോലീസിനെ വിളിച്ചുവരുത്തി അറസ്റ്റു ചെയ്യിച്ചു. ഡല്‍ഹിയിലെ മെഹ്റോലി മേഖലയില്‍ ഖാന്‍പൂര്‍ സ്വദേശിയായ ഹര്‍ജീത് യാദവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രാഷ്ട്രീയ പാര്‍ട്ടി നേതാവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാണ് ഇയാള്‍.

ജോലി കഴിഞ്ഞ് വൈകി മദ്യപിച്ച് വീട്ടില്‍ തിരിച്ചെത്തിയ കാമുകിയായ ബാര്‍ ജീവനക്കാരിയെ കൊലപ്പെടുത്തിയ മുപ്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം ഉപേക്ഷിക്കാന്‍ ആംബുലന്‍സില്‍ കൊണ്ടുപോകുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭവാന്ദിയിലെ പ്രതി സദ്ദാം സയ്യിദാണ് പിടിയിലായത്. 24 കാരിയായ കവിതാ മദാര്‍ എന്ന മസ്‌കനുമായി പ്രണയത്തിലായിരുന്നു സയ്യിദ്.

ക്യൂബയില്‍ സ്വവര്‍ഗ വിവാഹവും ദത്തെടുക്കലും നിയമപരമാക്കുന്നുന്നു. ഹിതപരിശോധനയില്‍ 66.9 ശതമാനം പേര്‍ അനുകൂലിച്ചു. 39 ലക്ഷം പേരാണു പിന്തുണച്ചതെന്ന് കമ്മീഷന്‍ പ്രസിഡന്റ് അലീന ബല്‍സെയ്റോ ഗുട്ടറസ് പറഞ്ഞു.

ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ടി 20 നാളെ വൈകുന്നേരം ഏഴിനു കാര്യവട്ടം സ്റ്റേഡിയത്തില്‍. ടിക്കറ്റുകള്‍ ഭൂരിഭാഗവും വിറ്റഴിഞ്ഞു. ഇന്ത്യയുടെ മുന്‍ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി മല്‍സരം കാണാന്‍ എത്തുന്നുണ്ട്. ഗാംഗുലി സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ക്യാംപെയ്‌നുമായി സഹകരിക്കും. ഇതിനു മുഖ്യമന്ത്രി പിണറായി വിജയനുമായി ഗാംഗുലി സംസാരിക്കും.

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഇടിഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ഉയര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് കുത്തനെ കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപയാണ് കുറഞ്ഞത്. ഇന്നലെ 160 രൂപ ഉയര്‍ന്നിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 36640 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില കുറഞ്ഞു. 40 രൂപയാണ് ഇന്ന് ഇടിഞ്ഞത്. ഇന്നലെ 20 രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4580 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇടിഞ്ഞു. 25 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3785 രൂപയാണ്.

ഉത്സവസീസണ്‍ പ്രമാണിച്ച് ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട ഓഫറുകള്‍ അണിനിരത്തി പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. 31 വരെ നീണ്ടുനില്‍ക്കുന്ന ആനുകൂല്യത്തില്‍ 1600 ഓഫറുകളാണ് എസ്ബിഐ കാര്‍ഡ് ഉപയോഗിച്ച് പ്രയോജനപ്പെടുത്താന്‍ സാധിക്കുക. ടയര്‍ വണ്‍, ടയര്‍ ടു, ടയര്‍ ത്രീ നഗരങ്ങളിലെ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ കച്ചവടക്കാരുമായി ചേര്‍ന്നാണ് എസ്ബിഐ കാര്‍ഡ് ഓഫര്‍ പ്രഖ്യാപിച്ചത്. മെച്ചപ്പെട്ട ഓഫറുകളോടെ മികച്ച ഷോപ്പിങ് അനുഭവം ഉപഭോക്താക്കള്‍ക്ക് ലഭിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ഓഫര്‍ എന്ന് എസ്ബിഐ കാര്‍ഡ് അറിയിച്ചു. ഇലക്ട്രോണിക്‌സ്, മൊബൈല്‍, ഫാഷന്‍ തുടങ്ങി വിവിധ മേഖലകളില്‍ എസ്ബിഐ കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേയ്‌സ് ചെയ്യുന്നവര്‍ക്ക് നിരവധി ഓഫറുകളാണ് എസ്ബിഐ കാര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കുമാരി’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്. ‘രണം’ സംവിധായകന്‍ നിര്‍മ്മല്‍ സഹദേവന്റെ പുതിയ ചിത്രമാണ് ‘കുമാരി’. കേരളത്തിന്റെ നാടോടിക്കഥകളെ അടിസ്ഥാനമാക്കിയുള്ള ഒരു പുരാണ കഥയാണ് ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. കുമാരി എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ഐശ്വര്യ ലക്ഷ്മി അവതരിപ്പിക്കുന്നത്. സംവിധായകന്‍ നിര്‍മ്മലും സച്ചിന്‍ രാംദാസും ചേര്‍ന്നാണ് ‘കുമാരി’ കഥ എഴുതിയത്. നേരത്തെ സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു. ഒരു മിസ്റ്ററി ത്രില്ലറിനുള്ള സൂചന നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്റര്‍ നല്‍കിയിരുന്നു. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറില്‍ സുപ്രിയ മേനോന്‍ ചിത്രം നിര്‍മ്മിക്കുന്നു.

മണികണ്ഠന്‍ ആചാരി വേറിട്ട കഥാപാത്രമാകുന്ന പുതിയ ചിത്രം ‘രണ്ടാം മുഖം’റിലീസിനൊരുങ്ങി. മറീന മൈക്കിളും അഞ്ജലി നായരുമാണ് ചിത്രത്തിലെ മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത്. ചിത്രം ഉടനെ തിയേറ്ററിലെത്തും. ഏറെ സാമൂഹ്യപ്രസക്തിയുള്ള പ്രമേയമാണ് രണ്ടാംമുഖം ചര്‍ച്ച ചെയ്യുന്നത്. രണ്ട് വ്യക്തിത്വങ്ങളുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം. നാട്ടിന്‍പുറത്തിന്റെ നന്മയും വിശുദ്ധിയുമൊക്കെ ഒപ്പിയെടുക്കുന്ന ഈ സിനിമ ഒരു സമ്പൂര്‍ണ്ണ റിയലിസ്റ്റിക് മൂവി തന്നെയാണ്. കൃഷ്ണജിത്ത് എസ് വിജയനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കെ ശ്രീവര്‍മ്മയാണ് കഥയും തിരക്കഥയും ഒരുക്കിയത്. കൃഷ്ണജിത്ത് എസ് വിയജന്‍. ബിറ്റോ ഡേവിസ്, നന്ദന്‍ ഉണ്ണി, റിയാസ് എം ടി, വിനോദ് തോമസ്, കോട്ടയം സോമരാജ്, പരസ്പരം പ്രദീപ്, സൂഫി സുധീര്‍, കെ ടി രാജീവ്, അമൃത് രാജീവ്, ജിജ സുരേന്ദ്രന്‍, രേവതി ശാരി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ കാവസാക്കി അടുത്തിടെയാണ് 2023 ഇസെഡ് 900നെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. 8.93 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിലാണ് വാഹനം എത്തുന്നത്. ഇപ്പോഴിതാ കാവസാക്കി ഇന്ത്യ 2023 ഇസെഡ് 900 രാജ്യത്തെ തങ്ങളുടെ ഡീലര്‍ഷിപ്പുകളില്‍ എത്തിക്കാന്‍ തുടങ്ങിയതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മെറ്റാലിക് കാര്‍ബണ്‍ ഗ്രേയ്‌ക്കൊപ്പം മെറ്റാലിക് ഫാന്റം സില്‍വര്‍, മെറ്റാലിക് മാറ്റ് ഗ്രാഫീന്‍ സ്റ്റീല്‍ ഗ്രേ ഉള്ള എബോണി എന്നിങ്ങനെ രണ്ട് പുതിയ പെയിന്റ് ഓപ്ഷനുകളുടെ രൂപത്തില്‍ കോസ്‌മെറ്റിക് അപ്‌ഗ്രേഡുകളില്‍ നിന്ന് 2023 മോഡലിന് പ്രയോജനം ലഭിക്കും. ഈ രണ്ട് നിറങ്ങളും ഒരേ വിലയില്‍ ലഭ്യമാണ്. സ്റ്റൈലിംഗും ഫീച്ചറുകളും മെക്കാനിക്കല്‍ സവിശേഷതകളും മാറ്റമില്ലാതെ തുടരുന്നു.

ചലച്ചിത്ര വിദ്യാഭ്യാസത്തില്‍ ഫിലിം ടെക്നിക് ഫിലിം ആക്റ്റിങ്ങ് എന്നിവയേക്കാള്‍ പ്രാധാന്യമുള്ള അനുഭവങ്ങള്‍ വിരളമാണ്. ചലച്ചിത്ര നിര്‍മ്മാണത്തിന്റെ പ്രയോഗത്തെയും സിദ്ധാന്തത്തെയും സംബന്ധിച്ച പുഡോവ്കിന്റെ ഈ പുസ്തകത്തെക്കാള്‍ മൂല്യമുള്ളതൊന്നും പിന്നെ എഴുതപ്പെട്ടിട്ടില്ല. ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പാഠപുസ്തകം. ‘സിനിമ അഭിനയം സിനിമ സങ്കേതം’. രണ്ടാം പതിപ്പ്. പരിഭാഷ – എം.എം വര്‍ക്കി. ഒലീവ് പബ്ളിക്കേഷന്‍സ്. വില 404 രൂപ.

കൊവിഡ് വൈറസ് പടര്‍ത്തിയ ഭീതി ലോകത്ത് ഇപ്പോഴും നിലനില്‍ക്കുകയാണ്. കൊവിഡിനും ഒമിക്രോണിനും അതിന്റെ ഉപവകഭേദങ്ങളും വാക്സിന്‍ നിലവില്‍ വന്നിട്ടും ഭയാനകമായ അവസ്ഥയില്‍ അല്ലെങ്കിലും രോഗം പരത്തുന്നുണ്ട്. ഇപ്പോഴിതാ പുതിയ ഒരു വൈറസിന്റെ സാന്നിദ്ധ്യമാണ് ആശങ്ക പടര്‍ത്തുന്നത്. ഖോസ്ത 2 എന്ന വൈറസിന്റെ സാന്നിദ്ധ്യം റഷ്യയിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 2020 അവസാനം ഈ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നെങ്കിലും മനുഷ്യരെ ബാധിക്കില്ലെന്ന നിഗമനത്തിലായിരുന്നു ഗവേഷകര്‍. പിന്നീട് നടത്തിയ പഠനങ്ങളിലാണ് മനുഷ്യരെയും ഈ വൈറസ് ബാധിക്കുമെന്ന് കണ്ടെത്തിയത്. രണ്ടുതരത്തിലുള്ള വൈറസാണ് ഉള്ളത്. ഖോസ്ത 1 ഉം ഖോസ്ത 2 ഉം. ഇതില്‍ ഖോസ്ത 2 ആണ് മനുഷ്യരെ ബാധിക്കുന്നത്. വവ്വാലുകളിലാണ് വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. പിന്നീട് ഇത് പതിയെ മനുഷ്യരിലേക്ക് പടരുകയും പകര്‍ച്ച വ്യാധിയായി മാറുകയുമാണ് ചെയ്യുന്നത്. കൊവിഡ് വൈറസിന് സമാനമായി നാരുകള്‍ പോലുള്ള സ്പൈക്ക് പ്രോട്ടീന്‍ ഉപയോഗിച്ചാമ് ഖോസ്ത മനുഷ്യശരീരത്തിലെ കോശങ്ങളിലേക്ക് പ്രവേശിക്കുന്നത്. എന്നാല്‍ രോഗം തീവ്രമാകാന്‍ സാദ്ധ്യതയില്ലെന്നാണ് സൂചനകള്‍. കൊവിഡ് വാക്സിനുകള്‍ ഈ വൈറസിനെ പ്രതിരോധിക്കാന്‍ ഫലപ്രദമല്ലെന്നും ഗവേഷകര്‍ അറിയിച്ചിട്ടുണ്ട്. അതിനാല്‍ പുതിയ വാക്സിന്‍ വികസിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. അതേസമയം ഖോസ്ത 2വിന്റെ രോഗലക്ഷണങ്ങളെക്കുറിച്ച് വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. തീവ്രരോഗ വ്യാപനത്തിന് ഇടയാക്കില്ലെങ്കിലും ഈ വൈറസ് കോവീഡ് വൈറസ് ജീനുകളുമായ സംയോജിക്കുന്ന സാഹചര്യം ഉണ്ടായാല്‍ അത് വെല്ലുവിളിയാകാനും സാദ്ധ്യതയുണ്ട്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 81.42, പൗണ്ട് – 87.89, യൂറോ – 78.48, സ്വിസ് ഫ്രാങ്ക് – 82.27, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 52.83, ബഹറിന്‍ ദിനാര്‍ – 215.94, കുവൈത്ത് ദിനാര്‍ -262.03, ഒമാനി റിയാല്‍ – 211.74, സൗദി റിയാല്‍ – 21.65, യു.എ.ഇ ദിര്‍ഹം – 22.16, ഖത്തര്‍ റിയാല്‍ – 22.36, കനേഡിയന്‍ ഡോളര്‍ – 59.55.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *