സൂപ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളായ ഓസ്ട്രിയന്‍ കമ്പനി കെടിഎം പുതിയ മോഡല്‍ അവതരിപ്പിച്ചു. ആര്‍സി 200 മോഡലിന്റെ പരിഷ്‌കരിച്ച 2024 വേര്‍ഷനാണ് അവതരിപ്പിച്ചത്. ഇന്ത്യയില്‍ ഉടന്‍ തന്നെ പുതിയ ബൈക്ക് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്ലാക്ക് ആന്റ് വൈറ്റ്, നീലയില്‍ ഓറഞ്ച് എന്നി രണ്ടു കളര്‍ പാറ്റേണുകളിലാണ് ബൈക്ക് ഇറക്കിയത്. ആര്‍സി 8 സിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ബ്ലാക്ക് ആന്റ് വൈറ്റ് സ്റ്റൈല്‍ അവതരിപ്പിച്ചത്. ബൈക്കിന്റെ ബാക്കി ഭാഗങ്ങള്‍ പഴയ മോഡലിന് സമാനമാണ്. 200 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഇത് 10,000 ആര്‍പിഎമ്മില്‍ 25 ബിഎച്ച്പി പവറും 8000 ആര്‍പിഎമ്മില്‍ പരമാവധി 19 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്നു. ഇതില്‍ ആറ് സ്പീഡ് ഗിയര്‍ബോക്സ് ആണ് ക്രമീകരിച്ചിരിക്കുന്നത്. മുന്‍വശത്തെ ഡബ്‌ളിയുപി യുഎസ്ഡി ഫോര്‍ക്കുകള്‍, ബ്രേക്കിംഗ് സിസ്റ്റം, ചക്രങ്ങള്‍, സീറ്റുകള്‍ എന്നിങ്ങനെയുള്ള ബാക്കി ഭാഗങ്ങള്‍ പഴയ മോഡലിന് സമാനമാണ്. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ പോലും മാറ്റം വരുത്തിയിട്ടില്ല. നിലവിലെ മോഡലിനേക്കാള്‍ നേരിയ വില കൂടുതലായിരിക്കും പുതിയ മോഡലിന് എന്നാണ് റിപ്പോര്‍ട്ടുകള്‍.