കോഴിക്കോട് ലൈറ്റ് മെട്രോയ്ക്ക് 2,773 കോടി രൂപ ചെലവുവരുമെന്ന് കൊച്ചി മെട്രോ എംഡി ലോക്നാഥ് ബഹ്റ. മെഡിക്കല്‍ കോളജ് മുതല്‍ മീഞ്ചന്ത വരെ പതിമ്മൂന്നേകാല് കിലോമീറ്ററാണ് ലൈറ്റ് മെട്രോയുടെ ദൂരം. പൂര്‍ണമായും തൂണുകളിലാണു നിര്‍മിക്കുക. 14 സ്റ്റേഷനുകളുണ്ടാകുമെന്നും ബഹ്റ അറിയിച്ചു.
സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ രാത്രി രണ്ടരയോടെ കല്ലേറ്. മൂന്നു ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് ആക്രമിച്ചത്. ജില്ലാ കമ്മിറ്റി ഓഫീസ് സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന് ആക്രമണത്തെ അപലപിച്ചു. പാര്‍ട്ടി ഓഫിസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ ആക്രമണം നടത്തി സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ശക്തമായ ബഹുജനാഭിപ്രായം ഉയരണം. പ്രകോപനങ്ങളില്‍ വശംവദരാകരുതെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിനുനേരെ ആസൂത്രിതമായ ആക്രമണമാണു നടത്തിയതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്. ബിജെപി സമാധാനം തകര്‍ക്കുകയാണ്. കഷ്ടകാലത്തിന് ബിജെപിക്ക് ഇവിടെ 35 കൗണ്‍സിലര്‍ ഉണ്ടായിപ്പോയി. അതാണിപ്പോ അനുഭവിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കൊല്ലത്ത് വസ്ത്രം അഴിപ്പിച്ചു പരിശോധിച്ച വിദ്യാര്‍ത്ഥിനികള്‍ക്കായി സെപ്റ്റംബര്‍ നാലിനു വീണ്ടും നീറ്റ് പരീക്ഷ. പരീക്ഷ നടത്തിപ്പിന്റെ ചുമതലയുള്ള നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. കൊല്ലം ആയൂര്‍ മാര്‍ത്തോമ്മ കോളജിലാണ് നീറ്റ് പരീക്ഷത്തെക്കിയ വിദ്യാര്‍ത്ഥികളുടെ അടിവസ്ത്രമഴിപ്പിച്ച സംഭവമുണ്ടായത്.
തലശേരി നഗരസഭ പൂട്ടിച്ച ഫര്‍ണിച്ചര്‍ സ്ഥാപനം തുറന്നു കൊടുത്തു. സിപിഎം പ്രാദേശിക നേതാക്കളുടെ സാന്നിധ്യത്തിലാണ് ഫര്‍ണീച്ചര്‍ കട തുറന്നു കൊടുത്തത്. തുറക്കാന്‍ എല്ലാ സഹായവും ഉണ്ടെന്ന വാഗ്ദാനവുമായി പ്രാദേശിക സിപിഎം നേതാക്കള്‍ കടയുടമയുടെ വീട്ടിലെത്തിയിരുന്നു. ജില്ലാ നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നേതാക്കളെത്തിയത്.
വില്ലേജ് ഓഫീസര്‍മാരുടെ ഒപ്പും സീലും വ്യാജമായി പതിപ്പിച്ച് തട്ടിപ്പു നടത്തിയ സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഢി. കൈവശവകാശ സര്‍ട്ടിഫിക്കറ്റുക്കളും ലൊക്കേഷന്‍ സ്കെച്ചും തയ്യാറാക്കി ഒപ്പും സീലും വ്യാജമായി പതിപ്പിച്ച് കെ.എസ്.എഫ്.ഇയുടെ വിവിധ ശാഖകളില്‍നിന്ന് വായ്പ എടുത്തെന്ന് വിവിധ വില്ലേജ് ഓഫീസര്‍മാര്‍ പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിരുന്നു.
പൊമ്പിളൈ ഒരുമൈയെ അധിക്ഷേപിച്ച് മുന്‍ മന്ത്രി എം.എം മണി നടത്തിയ പ്രസംഗം സുപ്രീംകോടതി ഭരണഘടന ബെഞ്ചില്‍. പൊമ്പിളൈ ഒരുമൈ സമര കാലത്ത് കാട്ടില്‍ കുടിയും മറ്റ് പരിപാടികളുമായിരുന്നു എന്ന മണിയുടെ വിവാദ പരാമര്‍ശത്തിനെതിരെയാണ് ഹര്‍ജി.