ഇലന്തൂർ നരബലിയിൽ പത്മ കൊലക്കേസിലെ കുറ്റപത്രം കൊച്ചി സിറ്റി പൊലീസ് സമർപ്പിച്ചു. ദൃക്സാക്ഷികളില്ലാത്ത കേസിൽ 166 സാക്ഷികളുടെ മൊഴികളാണ് 1600 പേജുകളുള്ള കുറ്റപത്രത്തിലുള്ളത്. മുഖ്യപ്രതി ഷാഫിയടക്കം മൂന്ന് പ്രതികളും മനുഷ്യമാംസം കഴിച്ചുവെന്ന് കുറ്റപത്രത്തിലുണ്ട്. നരബലി കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി 89 ആം ദിവസമാണ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
തമിഴ്നാട് സ്വദേശിനി പദ്മയെ ഇലന്തൂരിൽ കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ മുഹമ്മദ് ഷാഫിയാണ് ഒന്നാം പ്രതി. ഇലന്തൂരിലെ ഭഗവൽ സിംഗ്, ഭാര്യ ലൈല എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. കൊലപാതകം, ഗൂഡാലോചന തട്ടിക്കൊണ്ടുപോകൽ, മൃതദേഹത്തോട് അനാദരവ്, പീഡനം, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പ്രതികൾ മനുഷ്യമാംസം കഴിച്ചതിനും തെളിവുകൾ ഉണ്ട്. പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ആപൂർവങ്ങളിൽ അപൂർവമായ കേസെന്നും കുറ്റപത്രത്തിലുണ്ട്.