ആഹാരക്രമം, ജീവിതശൈലി, ജനിതകഘടന എന്നിങ്ങനെ പല ഘടകങ്ങള്‍ ചേര്‍ന്നതാണ് നമ്മുടെ ആരോഗ്യം. ശരീരത്തിലെ ഓരോ ഘടകങ്ങളും ഹോര്‍മോണുകളും ആരോഗ്യം നിലനിര്‍ത്തുന്നതിലും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ശരീരത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കാന്‍ പ്രധാനമാണ് പാന്‍ക്രിയാസ് ഉത്പാദിപ്പിക്കുന്ന ഇന്‍സുലിന്‍. ചില ആളുകള്‍ ഇന്‍സുലിന്‍ പ്രതിരോധം എന്ന അവസ്ഥ അനുഭവിക്കുന്നുണ്ട്. ഇത് പ്രമേഹം, കുറഞ്ഞ പ്രതിരോധശേഷി, കൊളസ്ട്രോള്‍ തുടങ്ങി പല ജീവിതശൈലിരോഗങ്ങള്‍ക്കും കാരണമാകും. സാധാരണ രക്തപരിശോധന നടത്തിയാണ് ഇന്‍സുലിന്‍ പ്രതിരോധം നിര്‍ണ്ണയിക്കുന്നത്. എന്നാല്‍, ഇത് കണ്ടെത്താന്‍ ശരീരം ചില സൂചനകള്‍ നല്‍കും, ഈ ലക്ഷണങ്ങള്‍ അറിയാം. ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെവരികയും എല്ലാം മറക്കുന്നതുപോലെ തോന്നുകയും ചെയ്താല്‍ ഇത് നിങ്ങളുടെ ശരീരം ഇന്‍സുലിനെ പ്രതിരോധിക്കുന്നതിന്റെ സൂചനയാകാം. അധികസമയം ഏകാഗ്രത പുലര്‍ത്താന്‍ കഴിയാതെവരുന്നത് ഇന്‍സുലിന്‍ പ്രതിരോധത്തിന്റെ രഹസ്യ സൂചനയാണ്. എപ്പോഴും വിശപ്പ് തോന്നുന്നതും ശരീരം ഇന്‍സുലിന്‍ പ്രതിരോധിക്കുന്നുണ്ടെന്നതിന്റെ സൂചനയാണ്. ഇടയ്ക്കിടെ വിശപ്പ് തോന്നുക, ഭക്ഷണം കഴിച്ചിട്ടും വിശപ്പ് അനുഭവപ്പെടുക തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്. ശരീരഭാരം കുറയ്ക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതും ചയാപചയ സംവിധാനത്തിന്റെ നിരത്ത് കുറയുന്നതും ഇന്‍സുലിന്‍ പ്രതിരോധവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ഒരുപക്ഷെ തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെപ്പോലും ബാധിച്ചേക്കാം. ഉറക്കം, എപ്പോഴും ക്ഷീണം, അലസത തുടങ്ങിയ ലക്ഷണങ്ങള്‍ക്ക് കാരണവും ഇന്‍സുലിന്‍ പ്രതിരോധമാകാം. എപ്പോഴും ഉറക്കംതൂങ്ങിയിരിക്കുന്നതും ഇന്‍സുലിന്‍ പ്രതിരോധത്തിന്റെ സൂചനയാണ്. ശരീരത്തിന്റെ ഊര്‍ജ്ജത്തില്‍ പെട്ടെന്നുണ്ടാകുന്ന കയറ്റിറക്കങ്ങളും ഇതിന്റെ സൂചനയാണ്.