ഗര്‍ഭകാലത്ത് സ്ത്രീകളില്‍ ഉറക്കമില്ലായ്മ വ്യാപകമാണ്. ഇത് ഉറക്കത്തിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. വേദനാജനകമായ പ്രസവം, മാസം തികയാതെയുള്ള പ്രസവം, കുഞ്ഞിന് ഭാരക്കുറവ്, വിഷാദം, ഉത്കണ്ഠ എന്നിവയിലേക്ക് ഇത് നയിച്ചേക്കാം. ഗര്‍ഭിണികളിലെ ഉറക്കമില്ലായ്മ പരിഹരിക്കാനുള്ള മികച്ച ചികിത്സാരീതിയാണ് കോഗ്‌നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി അഥവാ സിബിടി-ഐ. എന്നാല്‍ സിബിടി-ഐ ഗര്‍ഭിണികളിലെ ഉറക്കമില്ലായ്മ പരിഹരിക്കുക മാത്രമല്ല സ്ത്രീകളില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള പ്രസവാനന്തര വിഷാദവും പരിഹരിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തി. ഗര്‍ഭകാലത്ത് ഉറക്കമില്ലായ്മയിലേക്ക് നയിക്കുന്ന ചിന്തകള്‍, പെരുമാറ്റങ്ങള്‍, ഉറക്കത്തിന്റെ രീതികള്‍ എന്നിവ മനസിലാക്കുന്നതിലൂടെയാണ് കോഗ്‌നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി പ്രവര്‍ത്തിക്കുന്നത്. ഇത് പ്രസവ ശേഷം അമ്മയ്ക്ക് ഉണ്ടാവാന്‍ സാധ്യതയുള്ള പോസ്റ്റ്പാര്‍ട്ടം ഡിപ്രസീവ് ലക്ഷണങ്ങളെ വലിയ രീതിയില്‍ തടയുമെന്ന് ബ്രിട്ടീഷ് കൊളംബിയ ഒക്കനാഗന്‍ സര്‍വകലാശാലയിലെയും കാല്‍ഗറിയിലെ വാന്‍കൂവര്‍ ക്യാമ്പസ് സര്‍വകലാശയിലേയും ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. പ്രസവശേഷം സ്ത്രീകളെയും പുരുഷന്മാരെയും ഒരേ പോലെ ബാധിക്കുന്ന ഒരു മാനസികാവസ്ഥയാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍. ഇത് വ്യക്തികളുടെ പെരുമാറ്റ രീതിയെയും ശാരീരിക ആരോഗ്യത്തെയും ബാധിക്കുന്നു. പതിവിലും കൂടുതല്‍ കരയുക, ദേഷ്യം പ്രകടിപ്പിക്കുക, കുഞ്ഞിനോട് അടുപ്പമുണ്ടാകാതിരിക്കുക, കുഞ്ഞിനെ പരിപാലിക്കാനുള്ള കഴിവില്‍ സംശയം തോന്നുക, കുഞ്ഞിനെയോ സ്വയം ഉപദ്രവിക്കാനെക്കുറിച്ചുള്ള ചിന്തകള്‍ എന്നിവയാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്റെ സാധാരണ ലക്ഷണങ്ങള്‍.